കോഴിക്കോട്: ’പൂമതി നീയിനി ചിരിക്കേണ്ട,
പുതുനാരിയെ കളിയാക്കേണ്ട,
പുഞ്ചിരിയൊളി വിവൾ തൂവട്ടെ...’

To advertise here,

വർഷങ്ങൾക്കുമുൻപ് മക്കളുടെ നിർബന്ധത്തിന് വഴങ്ങി ഉമ്മറത്തിരുന്ന് കോഴിക്കോട് അബൂബക്കർ പാടിയ പാട്ടാണിത്. കാലം കടന്നുപോയി. അതേ വീടിന്റെ അതേ ഉമ്മറത്ത്, അച്ഛന്റെ ഓർമ്മകളിലേക്കിറങ്ങി മകൾ ഫെമിന ആ പാട്ട് വീണ്ടുംപാടി. ശബ്ദം മകളുടേതായിരുന്നെങ്കിലും വരികളിലൂടെ നിറഞ്ഞുനിന്നത് ഉപ്പയുടെ ഓർമ്മയായിരുന്നു.

പാട്ടും സംഗീതവും ജീവിതത്തിന്റെ ഭാഗമായിരുന്നിട്ടും അതിനെ ഉപജീവനമാക്കാൻ അബൂബക്കർ ഒരിക്കലും ശ്രമിച്ചില്ല. ഒരുകാലത്ത് പാട്ടും ഈണവുമെല്ലാം മാറ്റിവെച്ച് പലതരം വ്യാപാരങ്ങളിലേക്കു അവൂക്ക പോയിരുന്നുവത്രേ. പക്ഷേ, സംഗീതം വിട്ടുനിൽക്കാൻ അദ്ദേഹത്തിനായില്ല. ഒടുവിൽ തന്റെ ഉള്ളിലുള്ള ഈണങ്ങൾക്കൊപ്പം തന്നെയായിരുന്നു ജീവിതയാത്ര.

കോഴിക്കോട് അബൂബക്കർ എന്ന ’അവൂക്ക’യുടെ സംഗീതജീവിതവും സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും കലാലോകത്തെ അനുഭവങ്ങളും ഓർത്തെടുക്കുന്ന പുസ്തകമാണ് മാപ്പിളപ്പാട്ട് ഗായകൻ ഹമീദ് കോളിയടുക്കം തയ്യാറാക്കിയ ’ഈണങ്ങളുടെ സുൽത്താൻ’. അരനൂറ്റാണ്ടിന്റെ പരിചയത്തിന്റെ കരുത്തിൽ, അവൂക്കയുടെ ഇഷ്ടപ്രകാരം ഹമീദ് ഒരുക്കിയ പുസ്തകത്തിൽ അദ്ദേഹത്തിന്റെ സംഗീതത്തിന് ശബ്ദമായവരുടെ ഓർമ്മകളും പ്രിയപ്പെട്ട പാട്ടുകളും പുരസ്കാരങ്ങളും സൗഹൃദങ്ങളുമെല്ലാം ഇടംപിടിച്ചിട്ടുണ്ട്.

തനിക്കായി ഒരാൾ പുസ്തകം തയ്യാറാക്കുന്നുവെന്നറിഞ്ഞപ്പോൾ അബൂബക്കറിന് ഏറെ സന്തോഷമായിരുന്നു. എന്നാൽ, പുസ്തകം പ്രകാശനംചെയ്യുന്നതിനുംമുൻപേ പക്ഷാഘാതം അദ്ദേഹത്തെ കിടപ്പിലാക്കി. പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ കെ.എസ്. ചിത്രയെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും പങ്കെടുപ്പിക്കണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. ചടങ്ങിന്റെ തീയതിക്കായി കാത്തിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ വീഴ്ച.

ചക്രക്കസേരയിലെങ്കിലും ഇരിക്കാനായാൽ പ്രകാശനച്ചടങ്ങ് നടത്താമെന്ന പ്രതീക്ഷ കുടുംബത്തിനുണ്ടായിരുന്നു. പക്ഷേ, ആ ദിവസത്തിനായി അബൂബക്കർ കാത്തുനിന്നില്ല. പുസ്തകം അച്ചടിക്കാനയച്ച സമയത്താണ് അദ്ദേഹം വീണത്. രണ്ടുമാസത്തോളം കിടപ്പിലായ ശേഷമായിരുന്നു മരണം. അച്ഛന് സന്തോഷമാകട്ടെയെന്ന ആഗ്രഹത്തിൽ പുസ്തകം കിടക്കയ്ക്കരികിൽ വെച്ചിരുന്നുവെന്ന് ഫെമിന പറയുന്നു.