ജയ്മാരുതി പ്രൊഡക്ഷന്‍സില്‍ നിന്ന് ഒരു ഗംഭീര ആക്ഷന്‍ ത്രില്ലര്‍. മലയാളത്തില്‍ അതുവരെ കണ്ടിട്ടില്ലാത്ത സംഘട്ടനങ്ങള്‍ നിറഞ്ഞ അത്യന്തം സ്തോഭജനകമായ ഒരു ചിത്രം. നിര്‍മ്മാതാവ് ടി.ഇ. വാസുദേവന് അതൊരു ശാഠ്യമായിരുന്നു. സംവിധായകന്‍ എ.ബി. രാജുമായി ഈ താത്പര്യം പങ്കുവെച്ചപ്പോള്‍ത്തന്നെ സ്റ്റണ്ട് ത്യാഗരാജനെ ഏല്‍പ്പിക്കാന്‍ തീരുമാനമായി. നാല് സിനിമകളുടെ ആക്ഷന്‍ സീനുകള്‍ ഒന്നിച്ചൊരുക്കുന്നതിന്റെ തിരക്കിനിടയില്‍നിന്നും അല്‍പ്പസമയം അപഹരിച്ചാണ് രാത്രി പതിനൊന്നു മണിയോടെ ടി.ഇ. വാസുദേവനെ കാണാന്‍ ത്യാഗരാജന്‍ വിക്രം സ്റ്റുഡിയോയിലെത്തുന്നത്. എസ്.എല്‍. പുരം സദാനന്ദന്‍ എഴുതിയ തിരക്കഥയുടെ ഏകദേശരൂപം ടി.ഇ. വാസുദേവനും എ.ബി. രാജും വിവരിച്ചുകൊടുത്തു. ഫൈറ്റ് സീനുകളെക്കുറിച്ച് ആ രാത്രിതന്നെ അവര്‍ കൃത്യമായൊരു ധാരണയിലെത്തി. പ്രേംനസീറാണ് നായകന്‍. വില്ലന്‍ ജി.കെ. പിള്ളയും. സിനിമയുടെ പേരും ആക്ഷന്‍ ത്രില്ലറിന് അനുയോജ്യമായ അത്യസാധാരണമായ ഒന്നായിരുന്നു. ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്. ക്ലൈമാക്സ് ഫൈറ്റ് പുഷ്പകവിമാനത്തില്‍വെച്ചാകാമെന്ന നിര്‍ദ്ദേശം ത്യാഗരാജന്റേതായിരുന്നു. ഏറെ പണച്ചെലവു വരുന്ന കാര്യമാണെങ്കിലും അതിനോട് നിര്‍മ്മാതാവും സംവിധായകനും യോജിച്ചു. കോഴിക്കോട്ടും പരിസരങ്ങളിലുമായി ഔട്ട്ഡോര്‍ രംഗങ്ങള്‍ ഭൂരിഭാഗവും ചിത്രീകരിക്കാമെന്നു ധാരണയായി. അതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു. കള്ളക്കടത്തുമായി ബന്ധപ്പെട്ടതായിരുന്നു ഡെയ്ഞ്ചര്‍ ബിസ്‌കറ്റിന്റെ പ്രമേയം. അതിന് ബേപ്പൂരില്‍നിന്ന് ഉരു ചിത്രത്തിന് അനിവാര്യമായിരുന്നു. കള്ളക്കടത്തുസാധനങ്ങള്‍ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമെല്ലാം ഉരുവിലാണ്.
ഹാജി പി.വി. മുഹമ്മദ് ബറാമി സണ്‍സ് എന്ന കോഴിക്കോട്ടെ പേരുകേട്ട വ്യാപാരസ്ഥാപനത്തിന്റെ വലിയ തോതിലുള്ള സഹകരണം ഡെയ്ഞ്ചര്‍ ബിസ്‌കറ്റിന്റെ ചിത്രീകരണത്തിനു പിന്നിലുണ്ടായിരുന്നു. ഷൂട്ടിങ്ങിനു വേണ്ട ബോട്ടുകള്‍ നല്‍കിയത് ബേപ്പൂര്‍ ബോട്ട് ബില്‍ഡിങ് യാര്‍ഡായിരുന്നു. ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റിനു വേണ്ടി ത്യാഗരാജന്‍ കംപോസ് ചെയ്ത ഫൈറ്റുകളില്‍ ഒരെണ്ണം ഉരുവില്‍ വെച്ചാണ് ചിത്രീകരിച്ചത്. ഗുജറാത്ത് നിര്‍മ്മിതമായ 'കൊട്ടിയം' എന്നു പേരുള്ള പ്രത്യേക ഉരു. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ പ്രേംനസീറിന്റെ കഥാപാത്രം കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. സംഘട്ടനരംഗങ്ങളില്‍ ഒരിക്കലും അമിതമായ റിസ്‌ക് എടുക്കാന്‍ നസീറിനെ ത്യാഗരാജന്‍ അനുവദിച്ചിരുന്നില്ല. ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ അദ്ദേഹം പലപ്പോഴും താത്പര്യം പ്രകടിപ്പിച്ചെങ്കിലും ത്യാഗരാജന്‍ അതെല്ലാം വിലക്കി. നസീര്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നത് ഒന്നുരണ്ടു തവണ പരീക്ഷിച്ചെങ്കിലും അദ്ദേഹം പരാജയപ്പെടുന്നതു കാണാന്‍ ത്യാഗരാജന്‍ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ അപകടകരമായ രംഗങ്ങളിലെല്ലാം അദ്ദേഹം തന്നെ നസീറിന്റെ ഡ്യൂപ്പായി.
Also Read
ഉരുവിന്റെ മുകളില്‍ ഉയരത്തില്‍ കെട്ടിയ കയറില്‍ പിടിച്ചുതൂങ്ങി തനിക്കു വേണ്ടി ത്യാഗരാജന്‍ സ്റ്റണ്ട് ചെയ്യുന്നതു കണ്ടപ്പോള്‍ നസീര്‍ ചോദിച്ചു: 'ത്യാഗരാജന്‍, ഞാന്‍ ആ കയറിലൊന്ന് തൂങ്ങിനോക്കട്ടെ?'
'വേണ്ട സാര്‍' എന്ന് പലവട്ടം പറഞ്ഞുനോക്കിയെങ്കിലും കുട്ടിയെപ്പോലെ നസീര്‍ നിര്‍ബ്ബന്ധംപിടിച്ചു: 'പ്ലീസ്.., ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ.'
സംഘട്ടനം ത്യാഗരാജന്റെ മുന്‍ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഒടുവില്‍ നസീറിന്റെ ശാഠ്യത്തിനു മുന്നില്‍ ത്യാഗരാജനു വഴങ്ങേണ്ടിവന്നു. ആ സീനിന്റെ അപകടത്തെക്കുറിച്ച് ത്യാഗരാജന് നന്നായി അറിയാം. ഉയരത്തില്‍ വെച്ച് അറിയാതെ കൈവിട്ടാല്‍ താഴെ ഉരുവിന്റെ എഞ്ചിന്റെ മുകളിലാണ് ചെന്നുവീഴുക. പിന്നെ ജീവനോടെ കിട്ടിയെന്നുപോലും വരില്ല. നസീറിന്റെ സുരക്ഷിതത്വത്തിനായി കാലിലും കൈയിലും ലോക്കിട്ട് ത്യാഗരാജന്‍ അദ്ദേഹത്തെ ഉരുവിന്റെ മുകളിലേക്ക് കയറ്റി. ഒത്ത മുകളിലെത്തിയപ്പോള്‍ താഴേക്ക് നോക്കി നസീര്‍ പറഞ്ഞു: 'അയ്യോ, ത്യാഗരാജന്‍ കൈ വിറയ്ക്കുന്നു; എന്നെ പെട്ടെന്ന് താഴെയെത്തിക്കൂ...'
പെട്ടെന്ന് മുകളിലേക്ക് കയറി നസീറിനെ താഴെയിറക്കാന്‍ പ്രയാസമായിരുന്നു. തനിക്കൊപ്പം വന്ന ഫൈറ്റര്‍മാരില്‍ ഏഴുപേരെ ഒരാളൊരാളുടെ മുകളിലായി കയറ്റിനിര്‍ത്തി ആ 'പിരമിഡി'നു മുകളില്‍ ത്യാഗരാജന്‍ കയറിനിന്നു. ഇടതു കൈകൊണ്ട് കയറില്‍ പിടിച്ച് വലതു കൈകൊണ്ട് പ്രേംനസീറിനെ തൂക്കിയെടുത്തു. പേടിച്ചു വിറയ്ക്കുന്ന നസീറിനോട് ഒരു കുഴപ്പവും വരില്ലെന്നു പറഞ്ഞു. പതിയെ കയറിലൂടെ നസീറിനെയും താങ്ങിപ്പിടിച്ച് താഴേക്കിറങ്ങി. പിടിവിട്ടുപോയാല്‍ നസീര്‍ എഞ്ചിനു മുകളിലേക്ക് വീഴും. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു പോറല്‍പോലും ഏല്‍ക്കാതെ സൂക്ഷ്മതയോടെ ത്യാഗരാജന്‍ താഴേക്ക് ഇറങ്ങി. അപ്പോഴേക്കും ത്യാഗരാജന്റെ കൈവെള്ളയിലെ തോലെല്ലാം പൊട്ടിയിരുന്നു. പ്രൊഡക്ഷനിലുള്ളവര്‍ മരുന്നുമായി ഓടിയെത്തി അത് മുറിവുകളില്‍ പുരട്ടി. വേദന കടിച്ചമര്‍ത്തിയ ത്യാഗരാജന്റെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് നസീര്‍ പറഞ്ഞു: 'ത്യാഗരാജന്‍ കയറിവന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ അതിന്റെ മുകളില്‍നിന്ന് വീണ് ചത്തുപോകുമായിരുന്നു.'
കൈവെള്ളയിലെ തോല്‍ മുഴുവനും ഉരഞ്ഞുപൊട്ടിയിട്ടും ഷൂട്ടിങ്ങില്‍നിന്ന് ഒരു ദിവസംപോലും മാറിനില്‍ക്കാന്‍ ത്യാഗരാജന്‍ കൂട്ടാക്കിയില്ല. രണ്ടുമൂന്നു ദിവസം വിശ്രമിച്ചശേഷം ഷൂട്ടിങ്ങില്‍ പങ്കെടുത്താല്‍ മതിയെന്ന് സംവിധായകന്‍ എ.ബി. രാജും പ്രേംനസീറുമെല്ലാം പലവട്ടം പറഞ്ഞുനോക്കി.
'ഇതൊക്കെ ഞങ്ങളുടെ ജോലിയില്‍ പറഞ്ഞതാണ്' എന്ന അദ്ദേഹത്തിന്റെ മറുപടി സെറ്റിലുള്ളവരെ ആശ്ചര്യപ്പെടുത്തി.
ഡെയ്ഞ്ചര്‍ ബിസ്‌കറ്റിലെ ക്ലൈമാക്സ് ഫൈറ്റും ഏറെ അപകടം നിറഞ്ഞതായിരുന്നു. പുഷ്പകവിമാനത്തില്‍വെച്ചുള്ള സ്റ്റണ്ട്രംഗം മലയാള സിനിമയില്‍ അത്തരത്തിലാദ്യമായിരുന്നു. വെല്ലൂരിനടുത്തുള്ള ഒരു പഴയ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു അത് ചിത്രീകരിച്ചത്. പ്രേംനസീറിനു വേണ്ടി ത്യാഗരാജനും ജി.കെ. പിള്ളയ്ക്കു വേണ്ടി ഫൈറ്റര്‍ രാജനും പൊരുതുന്ന തീക്ഷ്ണരംഗം. സി. നമശിവായം അതിമനോഹരമായി ആ ഫൈറ്റ് ക്യാമറയില്‍ പകര്‍ത്തി. തന്നെ തള്ളിയിട്ട് വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വില്ലനു പിന്നാലെ നായകന്‍ ഓടിയടുക്കുന്നതും തുടര്‍ന്ന് വിമാനത്തില്‍ പിടിച്ചുകയറി അയാളെ നേരിടുന്നതും മലയാള വെള്ളിത്തിര അന്നാദ്യമായി കാണുകയായിരുന്നു. കീഴ്പ്പെടുത്തി കൊണ്ടുവരുന്നതിനിടയില്‍ വില്ലന്‍ വീണ്ടും രക്ഷപ്പെടാന്‍ ശ്രമിക്കുകയും സംഘട്ടനം തുടരുകയുമാണ്. ചളിനിറഞ്ഞ പ്രദേശത്തുവെച്ചാണ് പിന്നീടുള്ള ഏറ്റുമുട്ടല്‍. അരുണാചലം സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ഈ ഭാഗം ചിത്രീകരിച്ചത്. സംഘട്ടനത്തിന്റെ തൊണ്ണൂറു ശതമാനവും ഡ്യൂപ്പായി ത്യാഗരാജനും ഫൈറ്റര്‍ രാജനുമാണുണ്ടായിരുന്നത്. ക്ലോസപ്പ് ഷോട്ടുകളില്‍ മാത്രം ഇടയ്ക്ക് നസീറും ജി.കെ. പിള്ളയും പ്രത്യക്ഷപ്പെട്ടു.
കൂടുതല്‍ പ്രീമിയം ലേഖനങ്ങള്‍ തത്സമയം വായിക്കാനുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ ക്ലിക്ക് ചെയ്യുക.
ചിത്രീകരണം കഴിഞ്ഞു മടങ്ങുമ്പോള്‍ നസീര്‍ പറഞ്ഞു: 'എനിക്കു വേണ്ടി ജീവന്‍ പണയപ്പെടുത്തുന്നത് ത്യാഗരാജനും പൈസ വാങ്ങുന്നത് ഞാനും. ഇനി എനിക്കു വേണ്ടി ഡ്യൂപ്പിടേണ്ടിവരുമ്പോഴെല്ലാം ഞാന്‍ വാങ്ങുന്ന പ്രതിഫലത്തില്‍നിന്ന് ഒരു തുക നിങ്ങള്‍ക്ക് തരുന്നതാണ്.'
നസീര്‍ നല്ല മനസ്സുകൊണ്ട് അങ്ങനെ പറഞ്ഞെങ്കിലും ഒരിക്കലും ആ പണം വാങ്ങാന്‍ ത്യാഗരാജന്‍ ഒരുക്കമായിരുന്നില്ല. ബാലകൃഷ്ണന്‍ മുതലിയാരുടെ മകന്‍ തന്റെ വ്യക്തിത്വം ആരുടെ മുന്നിലും അടിയറവെച്ചില്ല.
ഡെയ്ഞ്ചര്‍ ബിസ്‌കറ്റിന്റെ തുടക്കംമുതല്‍ ഒടുക്കംവരെ ഇടംവലമായി രാമകൃഷ്ണനും പാപ്പിയും ത്യാഗരാജനൊപ്പമുണ്ടായിരുന്നു. തൃശ്ശൂര്‍ക്കാരനായ പാപ്പിയെ ത്യാഗരാജന്‍ കാണുന്നതും പരിചയപ്പെടുന്നതും വടപളനിയിലെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് യൂണിയന്‍ ഓഫീസില്‍വെച്ചാണ്. സംഘട്ടനരംഗങ്ങളില്‍ നായകന്റെ അടിവാങ്ങുന്ന ഗുണ്ട മാത്രമായിരുന്നില്ല, പാപ്പി; നല്ലൊരു നടനുംകൂടിയായിരുന്നു. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ പാപ്പി മുഖം കാണിച്ചിരുന്നു. മലയാളം അത്ര വശമില്ലാത്ത ത്യാഗരാജന് മലയാളത്തിലെ നടന്മാരും സംവിധായകരും നിര്‍മ്മാതാക്കളുമായി ഇടപഴകാന്‍ മലയാളിയായ പാപ്പി ഒരു സഹായിയായി. ക്രമേണ ത്യാഗരാജന്റെ വിശ്വസ്തന്മാരില്‍ ഒരാളായി പാപ്പി ഉയര്‍ന്നു. ഡെയ്ഞ്ചര്‍ ബിസ്‌കറ്റോടെ ടൈറ്റില്‍ കാര്‍ഡില്‍ സ്റ്റണ്ട് ത്യാഗരാജന്‍ എന്നതിനൊപ്പം സഹായി പാപ്പി എന്നുകൂടി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
(തുടരും)
Content Highlights: stunt master thyagarajan
Published: 19 Mar 2025, 02:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented