കൃഷ്ണനുണ്ണി എന്നാണ് പേര്. എന്നെക്കാൾ രണ്ടു വയസ്സിന് ഇളപ്പം. കാലത്ത് സ്‌കൂളിലേക്കുള്ള നടത്തത്തിനിടയിലാണ് എന്നും കൂടെ ചേരുക; ഗോപാലൻ നായരുടെ ചായപ്പീടിക കഴിഞ്ഞ് മലയാളം പ്ലാന്റേഷൻസിന്റെ തേയിലത്തോട്ടത്തിനിടക്കുള്ള മൺപാത രണ്ടായി പിരിയുന്നിടത്തു വെച്ച്. ചുണ്ടയിൽ അങ്ങാടിയും കടന്ന് സ്‌കൂളിന്റെ കോമ്പൗണ്ടിൽ എത്തിയ ശേഷമേ അവസാനിക്കൂ ഒരുമിച്ചുള്ള ഞങ്ങളുടെ നടത്തവും വർത്തമാനവും. പിന്നെ, അവൻ അവന്റെ ക്ലാസ്സിലേക്ക്, ഞാൻ എന്റേയും.
കാഴ്ച്ചയിലും പെരുമാറ്റത്തിലും സാധു. ശാന്തശീലൻ. നല്ല വായിച്ചറിവുണ്ട്. മിക്കപ്പോഴും ഫുട്‌ബോൾ ആയിരിക്കും ഞങ്ങളുടെ സംസാരവിഷയം. എന്നെപ്പോലെ കളിക്കമ്പക്കാരനാണ് അവനും. അച്ഛൻ നല്ല ഫുട്‌ബോളറായിരുന്നു. ഒരപകടത്തിൽ മരിച്ചുപോയി. പാൽ സൊസൈറ്റി ജീവനക്കാരിയായ അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പമാണ് ജീവിതം. സ്‌കൂളിലേക്കുള്ള നടത്തത്തിനിടെ സംസാരത്തിൽ ഇടവേള കടന്നുവന്നാൽ അവന്റെ ചുമലിൽ കയ്യിട്ട് വെറുതെ തമാശക്ക് അക്കാലത്തെ ഒരു ഹിറ്റ് ഗാനം മൂളും ഞാൻ:
'എന്റെ മകൻ കൃഷ്ണനുണ്ണി കൃഷ്ണാട്ടത്തിന് പോകേണം, കൃഷ്ണാട്ടത്തിന് പോയാൽ പോരാ കണ്ണനായിത്തീരേണം...'
പ്രത്യേകിച്ച് എന്തെങ്കിലും അർത്ഥം മനസ്സിൽ കണ്ടിട്ടല്ല; ചുമ്മാ ഒരു രസത്തിന്. അവനിഷ്ടമായിരുന്നു ആ കുസൃതി; ആ പാട്ടും. 'അമ്മ എപ്പഴും പാടുന്ന പാട്ടാണ്. കുട്ടിക്കാലം മുതൽ കേട്ട് ശീലിച്ച പാട്ട്. ചിലപ്പോൾ കരഞ്ഞുകൊണ്ടാണ് പാടുക. ആദ്യമൊക്കെ കേൾക്കുമ്പോൾ ദേഷ്യം വന്നിരുന്നു. ഇപ്പോൾ ശീലമായി.'-ചിരിച്ചുകൊണ്ട് അവൻ പറയും.
പത്താം ക്ലാസ് കഷ്ടിച്ച് കടന്നുകൂടി സ്‌കൂൾ വിട്ട ശേഷം തമ്മിൽ കണ്ടത് പതിറ്റാണ്ടുകൾക്ക് ശേഷമാണ്; പൂർവ്വവിദ്യാർഥികളുടെ ഒരു പുനഃസമാഗമ ചടങ്ങിൽ പങ്കെടുക്കാൻ ചുരം കയറി വയനാട്ടിൽ ചെന്നപ്പോൾ. പഠിച്ച ക്ലാസിലെ ബെഞ്ചിൽ പഴയ സഹപാഠികളുമായി സൊറ പറഞ്ഞിരിക്കെ മുന്നിൽ വന്നു നിന്ന് എന്നെ അറിയില്ലേ എന്ന് ചോദിച്ച ആളെ ആദ്യം പിടികിട്ടിയില്ല. കപ്പടാ മീശക്കാരൻ. ആറടിയോളം പൊക്കം. മൊത്തത്തിലൊരു പരുക്കൻ പോലീസ് ലുക്ക്.
ക്ഷമാപണപൂർവം അറിവില്ലായ്മ തുറന്നുപറഞ്ഞപ്പോൾ ചെറുചിരിയോടെ പഴയ പാട്ടിന്റെ പല്ലവി മൂളിക്കേൾപ്പിച്ചു അവൻ: 'എന്റെ മകൻ കൃഷ്ണനുണ്ണി കൃഷ്ണാട്ടത്തിന് പോകേണം...'
പൊടുന്നനെ ഓർമത്തിരശ്ശീലയിൽ പഴയ കൃഷ്ണനുണ്ണിയുടെ രൂപം തെളിയുന്നു. അന്നത്തെ നൂലൻ കുട്ടിയിൽ നിന്ന് ഇന്നത്തെ ആജാനുബാഹുവിനെ വേർതിരിച്ചെടുക്കുക അസാധ്യം. പട്ടാളത്തിലായിരുന്നത്രേ കൃഷ്ണനുണ്ണി. സ്വമേധയാ വിരമിച്ച ശേഷം ഒരു എസ്റ്റേറ്റിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. 'അമ്മ പോയിട്ട് കാലം കുറെയായി. അവസാനകാലത്ത് അസാരം ഓർമ്മത്തെറ്റുണ്ടായിരുന്നു. എന്നാലും എന്നെക്കണ്ടാൽ എന്റെ മകൻ കൃഷ്ണനുണ്ണി എന്ന പാട്ട് പാടും. അതുകൊണ്ടാവണം മരിക്കും വരെ എന്റെ പേര് അമ്മ മറന്നില്ല. ചേച്ചിയുടെ പേര് മറന്നിട്ടും.'-കൃഷ്ണനുണ്ണി പറഞ്ഞു. 'നിങ്ങടെ രണ്ടു പേരുടേയും ഓർമ്മയാണ് എനിക്ക് ആ പാട്ട്. കൂടെക്കൂടെ ഞാൻ പാടിക്കേട്ട് ഇപ്പൊ എന്റെ മക്കൾക്കും അറിയാം പാട്ടിലെ കൃഷ്ണനുണ്ണിയെ....'
അന്ന് കണ്ടതാണ് അവസാനമായി കൃഷ്ണനുണ്ണിയെ. പക്ഷേ, 'ഉദയ'ത്തിലെ ഭാസ്‌കരൻ മാഷിന്റെ പാട്ട് കേൾക്കുമ്പോൾ അവനെ ഓർക്കും; ഒപ്പം ഞങ്ങളിരുവരുടേയും അമ്മമാരേയും. എന്റെ അമ്മയ്ക്കും ഇഷ്ടമായിരുന്നു ആ പാട്ട്. വൈകീട്ട് അടുക്കളയിൽ കയറുമ്പോൾ പലപ്പോഴും മൂളിപ്പാട്ടായി ചുണ്ടിലുണ്ടാകും കൃഷ്ണനുണ്ണി. അന്ന് വരികളുടെ അർഥമൊന്നും അറിയില്ല. മകനെ സാക്ഷാൽ ഉണ്ണിക്കണ്ണനായി കാണാൻ മോഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന വാത്സല്യനിധിയായ ഒരമ്മയുടെ മനസ്സാണ് ആ പാട്ടിൽ ഉള്ളതെന്ന് മനസ്സിലായത് പിന്നീടാണ്; വർഷങ്ങൾ കഴിഞ്ഞ്. അതോടെ പ്രിയഗാനങ്ങളിലൊന്നായി മാറി അത്.
എന്തെന്ത് മോഹങ്ങളാണ് ആ വരികളിൽ ഭാസ്‌കരൻ മാഷ് ഒതുക്കിവെച്ചിരിക്കുന്നത്. ഒരർത്ഥത്തിൽ കവിയുടെ കൂടി സ്വപ്നങ്ങളല്ലേ അവ?
'പൊന്നിൻകിരീടം ചാർത്തി
അതിൽ വർണ്ണമയിൽപ്പീലി ചൂടി
അഞ്ജന ശ്രീധര വേഷമണിഞ്ഞൊരു
മഞ്ഞത്തുകിലും ചാർത്തേണം
'ഗോരോചനക്കുറിയോടും
മണിമാറിലെ മാലകളോടും
ലീലഗോപാല ഭാവങ്ങളോരോന്നും
ചേലിലുണ്ണിയിന്നാടേണം..'
ഇതിലപ്പുറം മോഹിക്കാൻ പറ്റുമോ ഒരമ്മക്ക്?
ഭാസ്‌കരൻ മാസ്റ്ററുടെ കൃഷ്ണഗീതികളോരോന്നും വ്യത്യസ്തം. ഭക്തി, പ്രണയം, വിരഹം, വാത്സല്യം, തത്വചിന്ത തുടങ്ങി മനുഷ്യ ജീവിതത്തിലെ സമസ്ത വികാരങ്ങളും പ്രതിഫലിക്കുന്നു അവയിൽ. ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്ന് 'പൂജക്കെടുക്കാത്ത പൂക്ക'ളിൽ രാഘവൻ മാസ്റ്റർ സ്വരപ്പെടുത്തിയതാണ്. ബാലമുരളീകൃഷ്ണയുടെ ഭക്തി-പ്രണയ ഭാവങ്ങൾ ഇടകലർന്ന ആലാപനം കൊണ്ടുകൂടി ഓർക്കപ്പെടുന്ന പാട്ട്: 'കണ്ണന്റെ കവിളിൽ നിൻ സിന്ദൂര തിലകത്തിൻ വർണ്ണരേണുക്കൾ ഞങ്ങൾ കണ്ടല്ലോ രാധേ, ഹരിയുടെ മാറിൽ നിൻ ചികുരഭാരത്തിലുള്ള ചുരുൾമുടിയിഴയൊന്ന് കണ്ടല്ലോ....'സിനിമയിൽ ഉണ്ണിമേരിയെ ശൃംഗാരപൂർവം നോക്കി പാടുന്നത് പ്രേംനവാസ് ആണെങ്കിലും യഥാർത്ഥത്തിൽ രാധയുടെ തോഴിമാരുടെ ആത്മഗീതമാണ് ഭാസ്‌കരൻ മാഷിന്റെ രചന. (എന്തിന് സംഭ്രമം, എന്തിന് ലജ്ജാഭാരം എന്തായാലും നിന്റെ സഖികളല്ലേ ഞങ്ങൾ സഖികളല്ലേ?).
രാധാകൃഷ്ണ പ്രണയത്തിന്റെ മറ്റൊരു ഭാവം അതീവഹൃദ്യമായി മാഷ് വരച്ചിടുന്നു അഷ്ടപദിയിലെ 'വിണ്ണിന്റെ വിരിമാറിൽ' എന്ന പാട്ടിൽ. സംഗീതം: വിദ്യാധരൻ ഗായകൻ: യേശുദാസ്.
'വിണ്ണിന്റെ വിരിമാറിൽ മഴവില്ലിൻ മണിമാല
കണ്ണന്റെ മാറിങ്കൽ ഞാൻ ചാർത്തിയ വനമാല
ഏതിനാണ് ഭംഗിയെന്റെ പ്രിയതോഴീ എന്ന്
രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്..'
കൂടുതൽ പ്രിയപ്പെട്ടത് ചരണത്തിലെ വരികളാണ്: 'വാനത്തിൻ പൂങ്കവിളിൽ മൂവന്തിച്ചോപ്പു നിറം, വനമാലി തൻ കവിളിൽ എൻ തിലകത്തിൻ സിന്ദൂരം, ഏതിനാണഴകെന്റെ പ്രിയതോഴീ, എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്..' പ്രകൃതിയും പ്രണയവും ഇഴചേർന്നുനിൽക്കുന്നു ഈ വരികളിൽ. 'രാസലീലക്ക് വൈകിയതെന്തു നീ രാജീവലോചനേ' എന്നാണ് 'ആഭിജാത്യ'ത്തിലെ കാമുകന്റെ ചോദ്യം. ഭാസ്‌കരൻ മാഷും എ ടി ഉമ്മറും ചേർന്നൊരുക്കിയ ഈ ഗാനത്തിലെ ഏറ്റവും പ്രിയപ്പെട്ട വരി ഇതാണ്: 'പ്രത്യുഷ ചന്ദ്രിക നിൻ ചുണ്ടിലുള്ളപ്പോൾ മറ്റൊരു വെണ്ണിലാവെന്തിനായി ?'
സിനിമയ്ക്ക് വേണ്ടി പി ഭാസ്‌കരൻ ആദ്യമെഴുതിയ കൃഷ്ണഗീതിയിൽ (അമ്മ-1952) തന്നെയുണ്ട് രാധാകൃഷ്ണ പ്രണയത്തിന്റെ സുഗന്ധം: 'വനമാലീ വരവായീ സഖീ, നീലകുഞ്ജങ്ങളിൽ സ്വരസുധ തൂകും കുയിൽ പോലെ.' ലക്ഷണമൊത്ത ഒരു കൃഷ്ണഭക്തിഗാനം മാഷ് ആദ്യമായി രചിച്ചത് 'നീലക്കുയിലി'നു (1954) വേണ്ടിയാവണം: ബിലഹരി രാഗത്തിൽ രാഘവൻ മാസ്റ്റർ ചിട്ടപ്പെടുത്തി ശാന്ത പി നായർ പാടിയ 'ഉണരുണരൂ ഉണ്ണിക്കണ്ണാ..' സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർക്കും ഏറെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായിരുന്നു അത്.
മലയാളത്തിൽ കേട്ട എക്കാലത്തേയും മികച്ച ഭക്തിഗാനങ്ങളിൽ ഒന്നായി നിലനിൽക്കുന്നു പകൽക്കിനാവിലെ (1966) കേശാദിപാദം തൊഴുന്നേൻ. ഉണ്ണിക്കണ്ണനെ അടിമുടി വർണ്ണിക്കുന്ന ഗാനമാണിത്: 'മകരകുണ്ഡലമിട്ട മലർക്കാത് തൊഴുന്നേൻ, കുടിലകുന്തളം പാറും കുളുർ നെറ്റി തൊഴുന്നേൻ, കരുണ തൻ കടലായ കടമിഴി തൊഴുന്നേൻ, അരുണകിരണ മണി മുഖപത്മം തൊഴുന്നേൻ....' ഇതേ ചിത്രത്തിലെ മറ്റൊരു ഗാനത്തിലുമുണ്ട് കൃഷ്ണസാന്നിധ്യം : 'ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം കരുമാടിക്കുട്ടന്റെ വേഷം കെട്ടി..' കഥപറയും മട്ടിലാണ് ഗാനത്തിന്റെ രചന. ഇരു ഗാനങ്ങളും ചിദംബരനാഥിന്റെ സംഗീതത്തിൽ ആലപിച്ചത് എസ് ജാനകി.
മറ്റൊരു മനോഹരമായ കഥാഗാനമാണ് 'ആഭിജാത്യ'ത്തിലെ 'മഴമുകിലൊളി വർണ്ണൻ ഗോപാലകൃഷ്ണൻ കുടമുല്ല കൊണ്ടൊരു കൊരലാരം കെട്ടി...' (സംഗീതം: എടി ഉമ്മർ ഗായിക: എസ് ജാനകി). ഒഴുകിടുമാറ്റിന്റെ കല്പടവിൽ ചാരി ഒരു കൊച്ചു സ്വപ്നത്തെ തഴുകിയിരുന്ന ആ ഉണ്ണിക്കണ്ണനെ കാളിന്ദി കാലിൽ പിടിച്ചുവലിച്ചതും ഓടിയണഞ്ഞ കാളിയനെ കൃഷ്ണൻ ഓലപ്പാമ്പാക്കി മാറ്റിയതുമൊക്കെ കഥപറയും മട്ടിൽ ലളിതമായി പറഞ്ഞുതരുന്നു ഭാസ്‌കരകവി. പല്ലവിയിലെ 'കൊരലാരം' ആദ്യമൊന്നും പിടിതന്നിരുന്നില്ല. പിന്നീടറിഞ്ഞു, കഥകളിയിലെ സ്ത്രീവേഷക്കാർ മാറിലണിയുന്ന ആഭരണമാണ് അതെന്ന്.
തീർന്നില്ല. സിനിമക്ക് വേണ്ടി ഭാസ്‌കര രചനയിൽ പിറന്ന മറക്കാനാവാത്ത കൃഷ്ണ ഗീതികൾ വേറെയുമുണ്ട്: മായല്ലേ മറയല്ലേ രാധേ (കൃഷ്ണകുചേല), ഗോക്കളെ മേച്ചും (അമ്മയെ കാണാൻ), കൈതൊഴാം കണ്ണാ (ശ്യാമളച്ചേച്ചി), വാകച്ചാർത്ത് കഴിഞ്ഞൊരു ദേവന്റെ (ഇരുട്ടിന്റെ ആത്മാവ്), നവകാഭിഷേകം കഴിഞ്ഞു (ഗുരുവായൂർ കേശവൻ), ചെറുപീലികൾ ഇളകുന്ന (കുരുക്ഷേത്രം), കുമുദിനികൾ കളഭം പൂശി (വീണ്ടും പ്രഭാതം), അടിതൊട്ടു മുടിയോളം (സമസ്യ), കണ്ണാ കരിമുകിൽ വർണ്ണാ (സ്വിമ്മിംഗ് പൂൾ), എല്ലാം നീയേ ശൗരേ, യമുനാ തീരത്തിൽ പ്രമദമലർവനത്തിൽ, കരുണാസാഗരാ (ശ്രീമദ് ഭഗവദ്ഗീത), മുരളീധരാ മുകുന്ദാ (അപരാധി), പാഹി മാധവ പാഹി കേശവാ (പൂജക്കെടുക്കാത്ത പൂക്കൾ).....
എങ്കിലും ആ പഴയ കൃഷ്ണനുണ്ണിയുടെ രൂപം തന്നെ ഇന്നും, ഈ പ്രായത്തിലും, ഉള്ളിലെ മായക്കണ്ണന്. താമരക്കാലടി തങ്കച്ചിലങ്കകൾ താളത്തിൽ ആടിക്കൊണ്ടേയിരിക്കുന്നു ആ പാട്ടിനൊപ്പം ഓർമ്മകളിൽ. ഭാസ്‌കരൻ മാഷിന് നന്ദി.
Content Highlights: Explores the emotional connection of P. Bhaskaran's classic Malayalam Krishna songs with personal childhood memories., Highlights iconic Malayalam film songs dedicated to Lord Krishna, composed by legendary music directors., Analyzes the themes of maternal affection, devotion, and romance embedded in Bhaskaran Master's lyricism.
Published: 26 Sept 2026, 09:39 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented