രൊറ്റ ഡയലോഗുകൊണ്ട് ഒരു മണിക്കൂർ ട്രെയിൻ വൈകിപ്പിച്ച ഒരേയൊരു നടനേയുണ്ടാകൂ: പ്രേം ചോപ്ര.

To advertise here,

ഡയലോഗിതാണ്: 'പ്രേം നാം ഹേ മേരാ. പ്രേം ചോപ്ര.' രാജ് കപൂർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ബോബി'യിൽനിന്ന് ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്ന സംഭാഷണശകലം.

'കാലാ സോന' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ഹിമാചലിലെ ഡൽഹൗസി സ്റ്റേഷനിൽനിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ മടങ്ങുകയാണ് ചോപ്ര. വണ്ടി പുറപ്പെടാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കേ ടിക്കറ്റ് എക്സാമിനറുടെ വക ഒരു അപേക്ഷ: ഒന്ന് വാതിൽക്കൽ വന്നു നിൽക്കണം. ധാരാളം പേർ അങ്ങയെ കാണാനും അഭിവാദ്യം ചെയ്യാനുമായി പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കുന്നു...'

അത്ഭുതം തോന്നിയെന്ന് ചോപ്ര. പത്തു വർഷത്തോളമായി സിനിമയിലുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം നടാടെ. 'വാതിൽക്കൽ ചന്നപ്പോൾ വലിയൊരു ആൾക്കൂട്ടമുണ്ട് കാഴ്ച്ചക്കാരായി. അവർക്കെല്ലാം ഒരേയൊരു ആവശ്യം: ആയിടെ പുറത്തിറങ്ങിയ 'ബോബി' സിനിമയിലെ പഞ്ച് ഡയലോഗ് കേൾക്കണം.' ആറു വാക്കുകൾ മാത്രമുള്ള ആ സംഭാഷണശകലം പ്രിയപ്പെട്ട ആരാധകർക്ക് വേണ്ടി സ്വതഃസിദ്ധമായ ഈണത്തിൽ, താളത്തിൽ അവതരിപ്പിക്കുന്നു ചോപ്ര: 'പ്രേം നാം ഹേ മേരാ. പ്രേം ചോപ്ര.' ജനം അതുകേട്ട് നിർത്താതെ കൈയടിക്കുന്നു. വൺസ് മോർ വിളിക്കുന്നു.

തീർന്നില്ല. ഡൽഹിയിലെത്തുംവരെ ഈ 'നാടകം' ആവർത്തിക്കേണ്ടി വന്നു ചോപ്രക്ക്. ട്രെയിനിലെ താരസാന്നിധ്യം മറ്റു സ്റ്റേഷനുകളിലും ഉത്സാഹത്തോടെ വിളിച്ചറിയിച്ചിരുന്നു ടിക്കറ്റ് എക്സാമിനർ. എല്ലായിടത്തും ഡയലോഗ് കേൾക്കാൻ അക്ഷമരായി കാത്തുനിന്നു ജനം. ഫലം: വണ്ടി ഡൽഹിയിലെത്തിയത് ഒരു മണിക്കൂർ വൈകി. പിറ്റേന്നത്തെ പത്രങ്ങളിൽ അതൊരു വാർത്തയായി എന്നത് മറ്റൊരു കൗതുകം.

ഓർക്കാൻ രസമുണ്ട്. റോഡരികിലുള്ള ഒരു റസ്റ്റോറന്റിൽ വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ ഡിംപിൾ കപാഡിയയുടെ കഥാപാത്രത്തിന്റെ കൈപിടിച്ചുകൊണ്ട് സ്വന്തം പേരു പറഞ്ഞു പരിചയപ്പെടുത്തുന്നതിനപ്പുറം 'ബോബി'യിൽ തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് സംവിധായകനിൽ നിന്നറിഞ്ഞ നിമിഷം ആകെ തകർന്നുപോയതാണ് പ്രേം ചോപ്ര. ഷൂട്ടിങ്ങിനായി പൂനെയിൽ ചെന്നപ്പോൾ അടുത്ത ബന്ധു കൂടിയായ നടൻ പ്രേംനാഥുമായി ആ നിരാശ പങ്കുവെക്കുകയും ചെയ്തു. എന്നാൽ എത്ര ചെറിയ ഡയലോഗായാലും അത് അവതരിപ്പിക്കുന്ന ശൈലിയാണ് പ്രധാനം എന്നായിരുന്നു പ്രേംനാഥിന്റെ പ്രതികരണം.

മനസ്സില്ലാമനസ്സോടെ ആ ദൗത്യം ഏറ്റെടുക്കാൻ പ്രേം ചോപ്ര തയ്യാറാകുന്നു. പിന്നെയുള്ളത് ചരിത്രം. 'അനിഷ്ടത്തോടെ കണ്ട ആ സംഭാഷണ ശകലം ഒരൊറ്റ രാത്രി കൊണ്ട് എന്റെ ബ്രാൻഡ് ഇമേജായി മാറുമെന്ന് സങ്കല്പിച്ചിട്ടുപോലുമില്ല. ആ ആറ് വാക്കുകളാണ് സിനിമയിൽ എന്റെ വിസിറ്റിങ് കാർഡ്', പ്രേം ചോപ്ര. 2014-ൽ പുറത്തുവന്ന ചോപ്രയുടെ ജീവിതകഥയുടെ ശീർഷകവും അതുതന്നെ: 'പ്രേം നാം ഹേ മേരാ. പ്രേം ചോപ്ര.'

നായകനായാണ് പ്രേം ചോപ്രയുടെ സിനിമാജീവിതത്തിന്റെ തുടക്കം. ആദ്യ ചിത്രം പഞ്ചാബിയിലെ 'ചൗധരി കർണയിൽ സിങ്' (1960). തുടർന്ന് ഡോ വിദ്യ, ഹം ഹിന്ദുസ്ഥാനി തുടങ്ങിയ ഹിന്ദി ചിത്രങ്ങളിൽ അപ്രധാന വേഷങ്ങൾ. തുടക്കകാലത്തെ സൽസ്വഭാവി കഥാപാത്രങ്ങളൊന്നും അർഹിച്ച ശ്രദ്ധ നേടാതെ പോയതോടെ വിധിനിയോഗമെന്നോണം പ്രതിനായക വേഷങ്ങളിലേക്ക് മാറുന്നു ചോപ്ര, ആദ്യത്തെ ശ്രദ്ധേയ വില്ലൻ വേഷം മനോജ് കുമാറിന്റെ 'വോ കോൻ ഥി'യിൽ. പിന്നീടങ്ങോട്ട് അത്തരം വേഷങ്ങളുടെ ഘോഷയാത്രയായിരുന്നു. ഹരേ രാമ ഹരേ കൃഷ്ണയിലെ ദ്രോണ, കടീ പതംഗിലെ കൈലാഷ്, ഉപ് കാറിലെ പുരൺ കുമാർ, പൂരബ് ഔർ പശ്ചിമിലെ ഓങ്കാര, ഇമാൻ ധാരമിലെ രൺജീത്, ദോ രാസ്‌തേയിലെ ബിർജു പ്രസാദ്, ക്രാന്തിയിലെ ശംഭു സിങ്, ത്രിശൂലിലെ ബൽവന്ത് റായ്, ദോസ്താനയിലെ ദാഗ, തീസ്രി മൻസിലിലെ രമേശ്, കാലാപത്ഥറിലെ ധൻരാജ്, മർദിലെ ഡോ ഹാരി... അക്കാലത്ത് തന്നെ ഇടിച്ചു പഞ്ചറാക്കാൻ മോഹിക്കാത്ത നായകന്മാർ ആരുമുണ്ടായിരുന്നില്ല ബോളിവുഡിൽ എന്ന് തമാശയായി പറയാറുണ്ട് ചോപ്ര: ദേവാനന്ദ്, രാജേന്ദ്ര കുമാർ, മനോജ് കുമാർ, സുനിൽ ദത്ത്, രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ, ധർമേന്ദ്ര, ശശി കപൂർ, ഋഷി കപൂർ, ഷമ്മി കപൂർ, ജിതേന്ദ്ര, രാജ് കുമാർ... 'ഹേമമാലിനിയെ പോലുള്ള നായികമാർക്ക് സംസാരിക്കാൻ തന്നെ പേടിയായിരുന്നു എന്നോട്.'

ALSO READ | ഒരൊറ്റ പാട്ടിന് ആറ് ഈണങ്ങൾ; മുല്ലനേഴിക്ക് മുന്നിൽ ദേവരാജൻ മാസ്റ്റർ ഉയർത്തിയ വെല്ലുവിളി

ഇടക്ക്, വളരെ അപൂർവമായി മുഹമ്മദ് റഫിയുടേയും കിഷോർ കുമാറിന്റെയുമൊക്കെ സുന്ദര ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കാനും ഭാഗ്യമുണ്ടായി പ്രേം ചോപ്രക്ക്. മലയാളത്തിലെ നമ്മുടെ 'തുലാഭാര'ത്തിന്റെ ഹിന്ദി പതിപ്പായ 'സമാജ് കോ ബദൽ ഡാലോ' എന്ന ചിത്രത്തിൽ മലയാളത്തിലെ മധുവിന്റെ വേഷമായിരുന്നു ചോപ്രക്ക്. 'തുലാഭാര'ത്തിലെ 'തൊട്ടു തൊട്ടില്ല' എന്ന പാട്ടിന്റെ ഹിന്ദി വേർഷൻ പാടിയത് മുഹമ്മദ് റഫി. 'തും അപ്‌നി സഹേലി കോ' എന്ന ആ ഗാനരംഗത്ത് ചോപ്രക്കൊപ്പം പ്രത്യക്ഷപ്പെട്ടത് തെന്നിന്ത്യൻ നായികമാരായ ശാരദയും കാഞ്ചനയുമാണെന്ന പ്രത്യേകത കൂടിയുണ്ട്. പരീക്ഷത് സാഹ്നിയായിരുന്നു പ്രേംനസീറിന്റെ റോളിൽ. 'നഫ്രത്' എന്ന ചിത്രത്തിലും കണ്ടു ചോപ്രയുടെ ഗാനാഭിനയം. കിഷോർ പാടിയ രാഹ് മേ കലിയ' എന്ന ഗാനരംഗത്ത് ചോപ്രക്കൊപ്പം അഭിനയിച്ചത് യോഗീതാ ബാലി.

വില്ലൻ റോളുകളിൽനിന്ന് നന്മയുള്ള വേഷങ്ങളിലേക്കും കോമഡി റോളുകളിലേക്കുമുള്ള കൂറുമാറ്റം 1990 കളിലായിരുന്നു. ബൺടി ഔർ ബബ്ലി, റോക്കറ്റ് സിങ്, ഏജന്റ് വിനോദ്... അങ്ങനെ അപൂർവം വ്യത്യസ്ത വേഷങ്ങൾ. അഭിനയിച്ച പോസിറ്റിവ് കഥാപാത്രങ്ങളിൽ പ്രേം ചോപ്രയുടെ ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നത് സ്വാതന്ത്ര്യ സമരനായകനായ ഭഗത് സിങ്ങിന്റെ കഥ പറഞ്ഞ ശഹീദിലെ (1965) സുഖ്‌ദേവിന്റെ വേഷമാണ്. ഇതേ ചിത്രത്തിലെ പ്രശസ്തമായ 'രംഗ് ദേ ബസന്തി' എന്ന ഗാനരംഗത്തുമുണ്ട് മനോജ് കുമാറിനൊപ്പം ചോപ്രയുടെ സാന്നിധ്യം. അത്തരം കഥാപാത്രങ്ങൾ അപൂർവമായേ തന്നെ തേടിവന്നുള്ളൂ എന്നത് ചോപ്രയുടെ സ്വകാര്യ ദുഃഖം.

വെള്ളിത്തിരയിൽ അച്ഛനെ നായകൻ നിർദ്ദയം മർദ്ദിക്കുന്നതു കണ്ട് തിയേറ്ററിലിരുന്ന് അലറിക്കരഞ്ഞ കഥ പ്രേം ചോപ്രയുടെ മകൾ രകിത നന്ദ വിവരിച്ചുകേട്ടത് അടുത്തിടെയാണ്. 'ഞങ്ങൾ മൂന്ന് മക്കൾക്കും സഹിക്കാനാവില്ലായിരുന്നു ആ കാഴ്ച്ച'. രകിതയുടെ വാക്കുകൾ. 'അതിലും വേദനാജനകമായിരുന്നു സിനിമയിലെ അച്ഛന്റെ മരണം. ഇനി അച്ഛനെ കാണാനാവില്ലല്ലോ എന്നോർത്തു വിഷമിച്ച് എത്രയോ തവണ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് തിരിച്ചുപോയിരിക്കുന്നു. വീട്ടിലെത്തിയാൽ കാണുക കസേരയിലിരുന്ന് വായിക്കുന്ന അച്ഛനെയാണ്. ഏറ്റവും ആഹ്ലാദമുള്ള കാഴ്ച്ചയായിരുന്നു അത്'.

പിൽക്കാലത്ത് ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് പിതാവിനെ അനുഗമിച്ചു തുടങ്ങിയതോടെയാണ് എല്ലാം വെറും അഭിനയമാണെന്നും ഒന്നും സത്യമല്ലെന്നും മക്കളായ രകിതയും പുനീതയും പ്രേരണയും മനസ്സിലാക്കിയത്. പ്രേം ചോപ്രയുടെ ജീവചരിത്ര രചയിതാവ് കൂടിയാണ് പബ്ലിസിറ്റി ഡിസൈനറായ രാഹുൽ നന്ദയുടെ ഭാര്യ രകിത.

ALSO READ | ചീവീടുകൾ തോറ്റു, പ്രതാപ് സിങ്ങിനോടും ജോൺസണോടും; വിമൂകശോക സ്മൃതികൾക്ക് 50 വയസ്സ്

നവതി പിന്നിട്ട പ്രേം ചോപ്രയോട് ജീവിതം എന്തു പഠിപ്പിച്ചു എന്ന് ചോദിച്ചുനോക്കൂ. 'ബൺടി ഔർ ബബ്ലി'യിലെ ആ രസികൻ ഡയലോഗ് ആയിരിക്കും മറുപടി: 'ഊപർവാലേ സഛേ ബാദ്ഷാ ദി കുറിയർ സർവീസ് ലഗീ ഹേ, ജബ് ജിസ്‌കോ കുച്ഛ് ചാഹിയേ ഹോത്താ ഹേ നാ.. ഭേജ് ദേത്താ ഹേ... (ദൈവത്തിന് സ്വന്തം കുറിയർ സർവീസുണ്ട്. ആവശ്യമുള്ളവ ആർക്കും യഥാസമയം എത്തിച്ചുകൊടുക്കും അദ്ദേഹം)'. അങ്ങനെ അയച്ചു കിട്ടിയതാണ് സിനിമാജീവിതം എന്ന് പ്രേം ചോപ്ര.