
ഒരൊറ്റ പാട്ടിന് ആറ് വ്യത്യസ്ത ഈണങ്ങൾ. ആറും ഒന്നിനൊന്ന് മികച്ചത്. അക്കൂട്ടത്തിൽനിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുകയായിരുന്നു മുന്നിലെ വെല്ലുവിളി.
വെല്ലുവിളി എന്ന് പറയാൻ കാരണമുണ്ട്. ദേവരാജൻ മാസ്റ്ററാണ് സംഗീതസംവിധായകൻ. ഇഷ്ടപ്പെട്ട ഈണം തിരഞ്ഞെടുക്കാൻ നിർദേശിച്ചതും അദ്ദേഹം തന്നെ. പക്ഷേ ഒരു പ്രശ്‌നമുണ്ട്: ഈണങ്ങളോരോന്നും മനോഹരം. ഒന്നും ഒഴിവാക്കാൻ മനസ്സു വരുന്നില്ല. 'രണ്ടുമൂന്നാവർത്തി കേൾക്കേണ്ടി വന്നു ഏറ്റവും മികച്ചത് ഏതെന്ന് നിശ്ചയിക്കാൻ', കവിയും ഗാനരചയിതാവുമായ മുല്ലനേഴിയുടെ ഓർമ.
ഒന്നല്ല, രണ്ടു പാട്ടാണ് ഒടുവിൽ മുല്ലനേഴി തിരഞ്ഞെടുത്തത്. രണ്ടിന്റേയും ഏറ്റവും മികച്ച ഘടകങ്ങൾ സൂക്ഷ്മമായി വിളക്കിച്ചേർത്ത് മാസ്റ്റർ മൂന്നാമതൊരു ഈണം ചിട്ടപ്പെടുത്തുന്നു. ദേവരാജനാദത്തിൽ ആദ്യം കേട്ടപ്പോഴേ മുല്ലനേഴിയുടെ കണ്ണുകൾ ഈറനണിയിച്ച ഈണം:
'സൗരയൂഥപഥത്തിലെന്നോ
സംഗമപ്പൂ വിരിഞ്ഞു
മേഘദൂതിലെ മോഹം പൂവിലെ
പൊൻപരാഗമായ് നിറഞ്ഞു...'
മുൻപും ദേവരാജൻ മാസ്റ്ററുമായി ഒന്നിച്ചിട്ടുണ്ട് മുല്ലനേഴി. എന്നാൽ ഇത്തവണത്തെ സംഗമം അവിസ്മരണീയമായിരുന്നു. സംഗീതത്തെ ഹൃദയത്തോട് ചേർത്തുവെക്കുന്ന ഹരിഹരനാണ് പടത്തിന്റെ സംവിധായകൻ. കാവ്യഭംഗിയാർന്ന ഗാനങ്ങളാണ് 'വെള്ള'ത്തിൽ വേണ്ടതെന്ന് ഹരിഹരൻ നേരത്തെ തീരുമാനിച്ചിരുന്നു; ദേവരാജൻ മാസ്റ്റർ തന്നെ വേണം പാട്ടുകളൊരുക്കാൻ എന്നും.
ചിട്ടപ്പെടുത്തിയ ഈണങ്ങൾ ആരേയും റെക്കോർഡിങ്ങിന് മുൻപ് പാടിക്കേൾപ്പിക്കുന്ന പതിവില്ല ദേവരാജന്. ആ പതിവ് ലംഘിച്ചുകൊണ്ടാണ് കവിയെ അദ്ദേഹം കാംദാർ നഗറിലെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതും മുകൾ നിലയിലെ മുറിയുടെ ഏകാന്തതയിൽ ഇരുന്നുകൊണ്ട്, സ്വരപ്പെടുത്തിയ ഗാനത്തിന്റെ ഈണങ്ങൾ കാസറ്റിട്ട് കേൾപ്പിച്ചതും.
'ഫൈനൽ വേർഷൻ കേട്ടപ്പോൾ എനിക്ക് ചെറിയൊരു സന്ദേഹം തോന്നി', മുല്ലനേഴിയുടെ ഓർമ. 'പല്ലവിയിലെ രണ്ടാമത്തെ വരിയിൽ മേഘദൂതിലെ എന്ന വാക്ക് കഴിഞ്ഞു മൗനത്തിന്റെ ഒരു ചെറിയ ഇടവേള കൊടുത്തിരിക്കുകയാണ് മാഷ്. ഒരു അർദ്ധവിരാമം പോലെ. അതുകഴിഞ്ഞു മോഹം പൂവിലെ എന്ന ഭാഗം. മേഘദൂതിലെ മോഹം എന്നത് ഒറ്റ ഫ്രേയ്‌സ് ആയി വന്നിരുന്നെങ്കിൽ നന്നായേനെ എന്ന് എനിക്കൊരു തോന്നൽ. എന്നാൽ മാസ്റ്ററോട് നേരിട്ട് പറയാൻ സങ്കോചം'.
സ്റ്റുഡിയോയിലേക്കുള്ള കാർ യാത്രക്കിടെ മടിച്ചുമടിച്ച് കാര്യം മാസ്റ്ററുടെ ശ്രദ്ധയിൽ പെടുത്തുമ്പോൾ ഉള്ളിൽ ആശങ്കയുണ്ടായിരുന്നു. മാഷിന് ഇഷ്ടപ്പെടാതെ വന്നാലോ? സാഹിത്യത്തെ കുറിച്ചു വ്യക്തമായ ബോധവും കാഴ്ചപ്പാടും ഉള്ള ആളാണല്ലോ. എന്നാൽ കവിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ നിർദേശം ഹൃദയപൂർവം സ്വീകരിക്കുകയാണ് മാസ്റ്റർ ചെയ്തത്. 'നേരത്തെ പറഞ്ഞത് നന്നായി. റെക്കോർഡ് ചെയ്തിരുന്നെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.'
കവി നിർദേശിച്ച പോലെ 'മേഘദൂതിലെ മോഹ'ത്തിന് പിന്നാലെയാണ് പല്ലവിയിലെ അർദ്ധവിരാമം. തുടർന്ന് പൂവിലെ എന്ന വാക്ക്. യേശുദാസിന്റെ ഗന്ധർവശബ്ദത്തിൽ ആ ഭാഗം കേട്ടപ്പോൾ കോരിത്തരിച്ചുപോയെന്ന് മുല്ലനേഴി.
'വെള്ള'ത്തിൽ വേറെയുമുണ്ടായിരുന്നു മനോഹരഗാനങ്ങൾ. 'സ്വർഗസങ്കല്പത്തിൻ തേരൊലി കേട്ടെന്റെ സർഗ്ഗലോകത്തിന് ചിറകു വന്നു' എന്ന ഗാനത്തോട് സവിശേഷമായ ആത്മബന്ധമുണ്ടായിരുന്നു മുല്ലനേഴിക്ക്. എഴുതിക്കിട്ടിയ കവിത മാസ്റ്റർ വായിച്ചതുതന്നെ ഇപ്പോൾ കേൾക്കുന്ന ഈണത്തിലാണെന്ന് കവി. സംഗീതത്താൽ ആ വരികൾക്ക് ഒന്ന് അടിവരയിടുക മാത്രമേ ചെയ്തുള്ളൂ മാസ്റ്റർ. വാദ്യമേളങ്ങളുടെ ആർഭാടമില്ല. തികച്ചും ലളിതമായ സ്പർശം. സുശീലയുടെ ഭാവമധുരിമയാർന്ന ആലാപനം കൂടി ചേർന്നപ്പോൾ ഉദാത്തമായ കാവ്യഗീതികളിൽ ഒന്നായി മാറി അത്. യേശുദാസ് പാടിയ കോടനാടൻ മലയില് ആണ് 'വെള്ള'ത്തിലെ മറ്റൊരു സുന്ദരഗാനം.
ദേവരാജനുമൊന്നിച്ച് മുല്ലനേഴി സൃഷ്ടിച്ച വ്യത്യസ്ത ഗാനങ്ങളിൽ സംസ്‌കൃതഭാഷയിൽ എഴുതപ്പെട്ട സുലളിത പദവിന്യാസം (ചോര ചുവന്ന ചോര), സുശീലയുടെ അധികമാരും കേൾക്കാതെ പോയ ആയിരം മുഖമുള്ള സൂര്യൻ (അമൃതഗീതം) എന്നിവയുമുണ്ട്. ഈ കൂട്ടുകെട്ടിൽ കൂടുതൽ ഗാനങ്ങൾ പിറന്നില്ല എന്നത് സംഗീത പ്രേമികളുടെ ഭാഗ്യദോഷം.
പാട്ടെഴുതിയ സിനിമകൾ എണ്ണത്തിൽ കുറവെങ്കിലും അവയിലെല്ലാം ഉണ്ടായിരുന്നു മുല്ലനേഴിയുടെ സവിശേഷ മുദ്ര പതിഞ്ഞ രചനകൾ. 'എത്രയെത്ര രാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞ നാളുകൾ മങ്ങിമാഞ്ഞുപോകുമോ' എന്ന് വേവലാതിപ്പെട്ട കവി വിടവാങ്ങിയത് 2011 ഒക്ടോബർ 22-ന്.
Content Highlights: Music director G. Devarajan composed six different tunes for a single song in the movie 'Vellam'. Lyricist Mullanezhi selected the best elements from two tunes, which Devarajan Master blended into the final version of 'Sourayutha Pathathil'. Mullanezhi suggested a minor correction regarding a pause in the lyrics, which Devarajan Master accepted and incorporated before recording with K.J. Yesudas. The movie directed by Hariharan also featured other iconic tracks like 'Swarga Sankalpathin' sung by P. Susheela and 'Kodanadan Malayil'. Highlights the unique creative collaboration and mutual respect between lyricist Mullanezhi and composer Devarajan Master.
Published: 12 Sept 2026, 09:49 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented