ജനസാഗരത്തിന് മുന്നിൽ പാടിയാണ് ശീലം. യഥാർഥ സാഗരത്തിന് മുന്നിൽ പാടുന്നത് അന്നാദ്യം.
നിലാവെട്ടത്തിൽ ഇരമ്പിയാർക്കുന്ന അറബിക്കടലിലേക്ക് നോക്കി ചുണ്ടിലൊരു ചെറുപുഞ്ചിരിയോടെ പങ്കജ് ഉധാസ് പാടിയ പാട്ടിന്റെ പല്ലവി ഇതാ ഈ നിമിഷവും കാതിലുണ്ട് : 'ചിട്ടി ആയീ ഹേ, ആയീ ഹേ ചിട്ടി ആയീ ഹേ..' കോഴിക്കോട് കടപ്പുറത്തെ പഞ്ചാരമണലാണ് വേദി. അകമ്പടിക്ക് തിരമാലകളുടെ രൗദ്ര താളം. കേൾവിക്കാരായി ഞങ്ങൾ നാലഞ്ചുപേർ.

To advertise here,

അർദ്ധരാത്രിയോടടുപ്പിച്ച് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമദ്ധ്യേ കാർ നിർത്തി കടപ്പുറത്തിറങ്ങിയതായിരുന്നു ഉധാസും അദ്ദേഹത്തിന്റെ പക്കമേളക്കാരും. പത്രത്തിന് വേണ്ടി ഒരു അഭിമുഖം തരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹോട്ടലിൽ നിന്ന് ഒപ്പം കൂടിയ ഞാനെന്ന ട്രെയിനീ പത്രപ്രവർത്തകനും പിന്നെ സുഹൃത്തായ സംഘാടകനുമുണ്ട് ഒപ്പം.

മൂന്നര പതിറ്റാണ്ടിലേറെ മുൻപ് കോഴിക്കോട്ട് ആദ്യമായി ഗസൽ നിശ അവതരിപ്പിക്കാൻ എത്തുമ്പോൾ പ്രശസ്തിയുടെ പടവുകൾ കയറിത്തുടങ്ങിയിട്ടേയുള്ളൂ പങ്കജ് ഉധാസ്. യുട്യൂബും സോഷ്യൽ മീഡിയയുമൊക്കെ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാത്ത കാലം. ആഹട്, ആഫ്രീൻ തുടങ്ങിയ ആദ്യകാല ആൽബങ്ങളിലൂടെയും ചിട്ടീ ആയീ ഹേ എന്ന സിനിമാഗാനത്തിലൂടെയും ആയിരുന്നു കേരളത്തിൽ ഉധാസിന് ഖ്യാതി. ഒരഭിമുഖത്തിനായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അന്നത്തെ തുടക്കക്കാരനായ പത്രലേഖകനോട് ചിരകാല സൗഹൃദത്തിന്റെ ഊഷ്മളതയോടെ ഉധാസ് പറഞ്ഞു: 'വരൂ, പരിപാടി കഴിഞ്ഞ് നമുക്ക് ഹോട്ടൽ മുറിയിൽ കാണാം. രാത്രി ഒൻപതരയോടെ ഞാനെത്തും...''

ചെന്നു. പറഞ്ഞ സമയത്തിനും അര മണിക്കൂർ മുൻപ്. പത്തു മണിയായിട്ടും പങ്കജ് ഉധാസിന്റെ പൊടിപോലുമില്ല. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഏറെ വൈകി ഗസലിന്റെ രാജകുമാരൻ ഹൈസൺ ഹോട്ടലിന് മുന്നിൽ കാറിൽ വന്നിറങ്ങുന്നു. സ്വയം പരിചയപ്പെടുത്തിയപ്പോൾ ക്ഷമാപണപൂർവം അദ്ദേഹം പറഞ്ഞു: 'വൈകിപ്പോയി. സാരമില്ല. എന്റെ ട്രെയിൻ പുറപ്പെടാൻ ഇനിയുമുണ്ട് രണ്ടു മണിക്കൂർ. സ്റ്റേഷനിലേക്കുള്ള യാത്രയിൽ എന്റെയൊപ്പം ചേരൂ. നമുക്ക് കാറിലിരുന്ന് സംസാരിക്കാം. ''

സംഗീതജ്ഞരെ അകലെ നിന്ന് ആരാധനയോടെ മാത്രം കണ്ടിരുന്ന ട്രെയിനീ റിപ്പോർട്ടർക്ക് മറക്കാനാവാത്ത അനുഭവമായി ആ കാർ യാത്ര. പാട്ടും കവിതയും ലഹരിയുമൊക്കെ ഇടകലർന്ന അപൂർവ സുന്ദര നിമിഷങ്ങൾ. ഇടയ്ക്ക് കാർ കടപ്പുറത്ത് ചെന്ന് നിൽക്കുന്നു. കടലിന്റെ വന്യവും വശ്യവുമായ ഭാവങ്ങൾ ആസ്വദിച്ച്, തൂവെള്ള ഷെർവാണിയണിഞ്ഞ്, തീരത്ത് ഒരു ഗന്ധർവനെ പോലെ പങ്കജ് ഉധാസ്. കിഷോർ കുമാറിന്റെ 'സാഗർ കിനാരെ'' എന്ന ഹിറ്റ് ഗാനത്തിന്റെ പല്ലവി വെറുതെ മൂളുന്നു അദ്ദേഹം. തുടർന്ന് ഒരു ഗീത് മാല പോലെ കടലിനെ കുറിച്ചുള്ള പ്രിയപ്പെട്ട കാവ്യഗീതികൾ. പിന്നെ ഇഷ്ടഗായികയായ ബേഗം അക്തറിന്റെ 'ഏ മൊഹബ്ബത് തേരെ അൻജാം പെ രോനാ ആയാ.' ഏറ്റവുമൊടുവിൽ ഞങ്ങളുടെ ആഗ്രഹപ്രകാരം ചിട്ടീ ആയീ ഹേ; മഹേഷ് ഭട്ട് സംവിധാനം ചെയ്ത നാം (1986) എന്ന ചിത്രത്തിൽ ആനന്ദ് ബക്ഷി എഴുതി ലക്ഷ്മീകാന്ത്-പ്യാരേലാൽ സ്വരപ്പെടുത്തിയ കാവ്യഗീതം.

ജന്മനാട്ടിൽ നിന്ന് ഒരുപാട് ഓർമ്മകളുമായി വന്നെത്തുന്ന, മണ്ണിന്റെ മണമുള്ള സന്ദേശത്തെ കുറിച്ചാണ് ബക്ഷിയുടെ വരികൾ. എല്ലാ അർത്ഥത്തിലും പ്രവാസിയുടെ ആത്മഗീതം. മകൻ കുമാർ ഗൗരവിനെ നായകനാക്കി പഴയകാല നടൻ രാജേന്ദ്രകുമാർ നിർമ്മിച്ച പടമാണ് 'നാം''. ഉപജീവനാർത്ഥം ദുബായിൽ ചേക്കേറുന്ന വിക്കിയെ (സഞ്ജയ് ദത്ത് അവതരിപ്പിച്ച കഥാപാത്രം) പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്ന അത്യന്തം ഗൃഹാതുരമായ ഒരു ഗാനം വേണം സിനിമയിൽ. അതൊരു ലൈവ് പരിപാടിയാണെങ്കിൽ നന്നായിരിക്കും എന്ന് സംവിധായകൻ ഭട്ട്. ഗസൽ വേദികളിലെ യുവതാരമായി ജ്വലിച്ചുനിന്ന പങ്കജ് ഉധാസിനെക്കൊണ്ട് ആ ഗാനം പാടിക്കണം എന്ന നിർദ്ദേശം തിരക്കഥാകൃത്തായ സലിം ഖാന്റേതായിരുന്നു. രംഗത്ത് അഭിനയിക്കുന്നതും സുന്ദരനായ ഉധാസ് ആവട്ടെ എന്ന തീരുമാനം പിറകെ വന്നു.

പൊതുവെ ക്യാമറയെ അഭിമുഖീകരിക്കാൻ മടിയാണ് പങ്കജ് ഉധാസിന്. തെല്ലൊരു അന്തർമുഖത്വവുമുണ്ട്. എങ്കിലും മഹേഷ് ഭട്ടിനെപ്പോലൊരു സംവിധായകൻ ആവശ്യപ്പെടുമ്പോൾ നിരാകരിക്കുന്നതെങ്ങനെ? പതിവ് ബോളിവുഡ് ഹിറ്റുകളുടെ രൂപഭാവങ്ങളുള്ള പാട്ടായിരുന്നെങ്കിൽ ഒഴിഞ്ഞുമാറിയേനെ. ഇതങ്ങനെയല്ല. കാവ്യഗുണമുള്ള വരികളാണ്. ഈണത്തിനനുസരിച്ച് എഴുതിയിട്ടുപോലും അർത്ഥഭംഗമില്ലാത്ത രചന. 'എന്നെ ഏറ്റവും വിസ്മയിപ്പിച്ചത് ആനന്ദ് ബക്ഷി സാഹിബിന്റെ പ്രതിഭയാണ്.''-- ഉധാസിന്റെ ഓർമ്മ. ഉറുദുവിൽ നല്ല ഗ്രാഹ്യമുള്ള കവിയാണ് ബക്ഷി. വാക്കുകളും ഇമേജറികളുമെല്ലാം വിളിപ്പുറത്താണ് അദ്ദേഹത്തിന്.

'ചിട്ടീ ആയീ ഹേ അദ്ദേഹം സ്റ്റുഡിയോയിൽ ഇരുന്ന് എഴുതിത്തുടങ്ങുമ്പോൾ ഞാനുമുണ്ട് ഒപ്പം.,''-- ഉധാസിന്റെവാക്കുകൾ. സംവിധായകനുമായി ചർച്ച ചെയ്താണ് പാട്ടെഴുത്ത്. 'ഇടക്കെപ്പോഴോ മഹേഷ് ജി ഒരു നിർദേശം പറഞ്ഞു: ദീപാവലിയെ കുറിച്ച് ഗൃഹാതുരമായ ഒരു പരാമർശം കൂടി വേണം പാട്ടിൽ. വിദേശത്ത് ജീവിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്ന ആഘോഷമാണല്ലോ ദീപാവലി. മഹേഷ്ജി ഇത് പറയുന്ന സമയത്ത് കടലാസിൽ നിന്ന് തലയുയർത്താതെ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ് ബക്ഷി സാഹിബ്. ഞാൻ നോക്കുമ്പോൾ ദീപാവലിയെ കുറിച്ചുള്ള വരികൾ ആ തൂലികയിൽ നിന്ന് വാർന്നുവീഴുന്നു: തേരെ ബിൻ ജബ് ആയീ ദീവാളി, ദീപ് നഹി ദീപ് ജലേ ഹേ ഖാലി...നീയില്ലാത്ത ദീപാവലിയ്‌ക്കെന്ത് ദീപപ്രഭ? ഹൃദയത്തിൽ എരിയുന്നത് ശൂന്യത മാത്രം. സംവിധായകൻ പറഞ്ഞുനിർത്തിയപ്പോഴേക്കും വരികൾ എഴുതിത്തീർത്തിരുന്നു ആനന്ദ് ബക്ഷി. ശരിക്കും നമിച്ചുപോയി ആ പ്രതിഭയ്ക്ക് മുന്നിൽ....'' ചിട്ടീ ആയീ ഹേ തലമുറകൾക്കിപ്പുറവും ജീവിക്കുന്നതിന് പിന്നിൽ ആനന്ദ് ബക്ഷിയുടെ പ്രതിഭാവിലാസവുമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു ഉദാസ്.

പാട്ടിന്റെ റെക്കോർഡിംഗ് വ്യത്യസ്തമായ മറ്റൊരനുഭവം. വരികൾ ഗൃഹാതുരം; ഈണം ഭാവദീപ്തം; ആലാപനം അതീവഹൃദ്യവും. എന്നിട്ടും തൃപ്തി വരുന്നില്ല സംഗീതസംവിധായകർക്ക്. രണ്ടാമത്തെ ടേക്ക് കഴിഞ്ഞപ്പോൾ വോയ്സ് ബൂത്തിലേക്ക് കടന്നുചെന്ന് ഗായകനോട് കാര്യം തുറന്നു പറഞ്ഞു ലക്ഷ്മീകാന്തും പ്യാരേലാലും: 'അസാധ്യമായി പാടുന്നു താങ്കൾ; പാട്ടിന്റെ ആത്മാവിൽ അലിഞ്ഞുതന്നെ. എങ്കിലും ഞങ്ങൾ പ്രതീക്ഷിച്ച എന്തോ ഒന്ന് ആ പാട്ടിലില്ല. അതെന്തെന്ന് പറഞ്ഞുതരാനൊട്ട് വയ്യ താനും.''

അത്ഭുതത്തോടെ ആ വാക്കുകൾ കേട്ടുനിന്നു മെഹബൂബ് സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ പങ്കജ് ഉദാസ്. ആയിരക്കണക്കിന് വേദികളെ പ്രണയമധുരമായ ആലാപനം കൊണ്ട് കോരിത്തരിപ്പിച്ച ഗസലിന്റെ രാജകുമാരന് സിനിമയുടെ വഴികൾ വിചിത്രമായി തോന്നിയിരിക്കണം അപ്പോൾ. ഇതിൽക്കൂടുതൽ എങ്ങനെ ഈ പാട്ട് മെച്ചപ്പെടുത്താൻ?

മറുപടി ലക്ഷ്മീകാന്തിന്റെ പക്കൽ തന്നെയുണ്ടായിരുന്നു. 'ലൈവ് കൺസേർട്ടായി സിനിമയിൽ ചിത്രീകരിക്കേണ്ട പാട്ടാണ്. സ്റ്റേജിൽ പാടുന്നതിന്റെ സ്വാഭാവികതയാണ് ഇവിടെ വേണ്ടത്. വലിയ സദസ്സുകൾക്കു മുന്നിലല്ലാതെ സ്റ്റുഡിയോയുടെ ഏകാന്തതയിൽ പാടി ശീലിക്കാത്തതുകൊണ്ടാവാം ആ സ്വാഭാവികത താങ്കളുടെ ആലാപനത്തിൽ വരുന്നില്ല.'' പോംവഴിയും ലക്ഷ്മീകാന്ത് തന്നെ നിർദ്ദേശിച്ചു: 'നമ്മൾ ഈ സ്റ്റുഡിയോ ഒരു മെഹ്ഫിൽ വേദിയാക്കുന്നു. സദസ്സിൽ ഞങ്ങൾ കുറച്ചുപേരെ ഉണ്ടാകൂ എന്ന് മാത്രം. സ്റ്റേജിൽ പാടുന്നതായി സങ്കൽപ്പിച്ച് പാടിക്കൊള്ളുക.''

അരമണിക്കൂറിനുള്ളിൽ സ്റ്റുഡിയോയിലെ റെക്കോർഡിംഗ് ഹാൾ മെഹ്ഫിൽ വേദിയായി രൂപം മാറുന്നു. 'അഞ്ചാറ് മേശകൾ കൂട്ടിയിട്ട് അതിനു മുകളിൽ വലിയൊരു ജമുക്കാളം വിരിച്ചിട്ടു അവർ. അതിനും മേലെ മൈക്ക്. മൈക്കിന് മുന്നിൽ ചമ്രം പടിഞ്ഞ് ഞാനും.'' -പങ്കജ് ഉധാസിന്റെ ഓർമ്മ. 'സത്യം പറയാമല്ലോ; ഞാൻ ഞാനായി മാറിയത് അപ്പോഴാണ്. നിവർന്നുനിന്ന് മൈക്കിലേക്ക് പാടുമ്പോൾ തോന്നിയ കൃത്രിമത്വം അതോടെ അതിന്റെ പാട്ടിനു പോയി. ആ ഇരിപ്പിൽ ഒരൊറ്റ ശ്വാസത്തിൽ പാടിയ പാട്ട് ആദ്യ ടേക്കിൽ തന്നെ ഓക്കേ ആകുകയും ചെയ്തു. മൂന്നു ചരണങ്ങളുള്ള ദീർഘമായ ഗാനം മൾട്ടി പീസ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ലൈവ് ആയി പാടിത്തീർന്നപ്പോൾ ആദ്യം ഹാളിൽ കടന്നുവന്ന് അഭിനന്ദിച്ചത് ലക്ഷ്മീകാന്ത്ജി. ഡബിൾ ഓക്കേ എന്ന് അദ്ദേഹം ആംഗ്യം കാണിച്ചപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്...''

ആനന്ദ് ബക്ഷിയും ലക്ഷ്മീകാന്തും പങ്കജ് ഉധാസുമൊക്കെ ഇന്ന് ഓർമ്മ. എങ്ങോ പറന്നകന്ന ആ പക്ഷികൾ തിരികെ വന്നെങ്കിൽ എന്ന് വെറുതെ മോഹിക്കാറുണ്ട്, 'ദേശ് പരായാ ചോഡ് കേ ആജാ പഞ്ചി പിൻജരാ തോഡ് കേ ആജാ' എന്ന് ഉധാസ് പാടിക്കേൾക്കുമ്പോൾ.