നാടകമൺട്രത്തിലേക്ക് വീണ്ടും കടന്നുചെല്ലുമ്പോള്‍ ഉള്ളില്‍ നല്ല ഭയമുണ്ടായിരുന്നു. പറയാതെ പോയതിന് വഴക്കു പറയുന്ന പുലികേശിയെയാണ് ത്യാഗരാജന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അദ്ദേഹം ദേഷ്യപ്പെട്ടില്ല. 'എന്തിനാണ് തിരിച്ചുവന്നത്?' ഇതു മാത്രം ചോദിച്ചു. അര്‍ധപട്ടിണിയിലും മുഴുപ്പട്ടിണിയിലും കഴിഞ്ഞ നാടകമണ്‍ട്രത്തിലെ ജീവിതത്തെ കുറിച്ച് ത്യാഗരാജന്‍ വിശദീകരിച്ചു.
'ഇനി ഞാന്‍ ഇവിടം വിട്ടുപോകില്ല, മരണംവരെ കൂടെയുണ്ടാകും' എന്നു പറഞ്ഞപ്പോള്‍ പുലികേശി ഒരു സഹോദരന്റെ സ്നേഹത്തോടെ ത്യാഗരാജനെ ചേര്‍ത്തുനിര്‍ത്തി.
'ശരി, ത്യാഗരാജന്‍ നിന്നോളു.'
നാടകഗ്രൂപ്പിലേക്കാണ് പുലികേശി ത്യാഗരാജനെ എടുത്തത്. മിക്ക ദിവസങ്ങളിലും നാടക റിഹേഴ്സലുണ്ടാകും. അതുവരെ പരിചിതമല്ലാത്ത നാടകങ്ങളിലായിരുന്നു അഭിനയിക്കേണ്ടിവന്നത്. പുലികേശിയുടെ സംവിധാനത്തില്‍ പകലെന്നോ രാത്രിയെന്നോ നോക്കാതെയുള്ള നാടകപരിശീലനം. പെേ്രടാമാക്സിന്റെ വെളിച്ചത്തില്‍ മദിരാശിയുടെ പലഭാഗങ്ങളിലും നാടകം അവതരിപ്പിച്ചു. അഭിനയിക്കുക മാത്രമായിരുന്നില്ല, നാടകസാമഗ്രികളെല്ലാം കൊണ്ടുപോകുമ്പോഴും തിരിച്ചുവരുമ്പോഴും എണ്ണി തിട്ടപ്പെടുത്തുന്ന ജോലിയും ത്യാഗരാജനുതന്നെയായിരുന്നു. നാടകമെന്നത് സ്‌റ്റേജില്‍നിന്ന് അഭിനയിക്കേണ്ട ഒന്നുമാത്രമല്ല, അതിനു പിറകില്‍ കഠിനാദ്ധ്വാനമേറെയുണ്ടെന്ന തിരിച്ചറിവാണ് ഓരോ അരങ്ങും ത്യാഗരാജന് സമ്മാനിച്ചത്. നാടകമില്ലാത്ത ദിവസങ്ങളില്‍ മറ്റുള്ളവര്‍ ഫൈറ്റ് പ്രാക്ടീസ് ചെയ്യുന്നത് കണ്ടുമനസ്സിലാക്കും. രാത്രി അതെല്ലാം സ്വയം പ്രാക്ടീസ് ചെയ്യും. പണ്ട് സിനിമ കണ്ടു മടങ്ങുമ്പോള്‍ അതിലെ ഫൈറ്റുകള്‍ നദിക്കരയില്‍വെച്ച് ചെയ്തതുപോലെ. ക്രമേണ നാടകത്തെക്കാള്‍ താത്പര്യം ഫൈറ്റ് പഠിക്കുന്നതിലായി. പക്ഷേ, കണ്ടുപഠിക്കുകയല്ലാതെ പഠിപ്പിച്ചുതരാന്‍ ആളില്ലല്ലോ. ത്യാഗരാജന്‍ പുലികേശിയോട് ചോദിച്ചു: 'സാര്‍, ഞാനും ഫൈറ്റ് പഠിക്കട്ടെ?'
പുലികേശി ത്യാഗരാജനെ നന്നായിട്ടൊന്നു നോക്കിയശേഷം പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: 'നാടകത്തില്‍ കളിക്കാനുള്ള ആരോഗ്യംപോലുമില്ല, പിന്നെയാണോ ഫൈറ്റ് പഠിക്കാന്‍ പോകുന്നത്? അത് വിട്ടേക്ക്, തല്‍ക്കാലം നാടകം മതി.'
'അല്ല സാര്‍, എനിക്ക് ഫൈറ്റ് പഠിക്കണം.'
ത്യാഗരാജന്റെ ആ താത്പര്യത്തിനു മുമ്പില്‍ പുലികേശി സമ്മതം മൂളി, 'ശരി, അടുത്ത ദിവസം മുതല്‍ തുടങ്ങാം.'
പിറ്റേന്ന് കാലത്ത് പുലികേശിയുടെ കാല്‍ തൊട്ടു വന്ദിച്ച് ത്യാഗരാജന്‍ ഫൈറ്റ് പഠിക്കാന്‍ തുടങ്ങി. ആദ്യം കത്തികൊണ്ടുള്ള ഫൈറ്റാണ് പഠിപ്പിച്ചത്. കത്തി ഫൈറ്റില്‍ പത്ത് സ്‌റ്റെപ്പുണ്ട്. ആദ്യ ദിവസം തന്നെ മൂന്ന് സ്‌റ്റെപ്പ് ചെയ്തത് കണ്ടപ്പോള്‍ പെട്ടെന്ന് പുലികേശി ത്യാഗരാജനോട് ഫൈറ്റ് നിര്‍ത്താന്‍ പറഞ്ഞു. അരികിലേക്ക് വിളിച്ച് അദ്ദേഹം ചോദിച്ചു: 'നീ ഇതിനു മുമ്പ് കത്തി ഫൈറ്റ് എവിടെ നിന്നെങ്കിലും പഠിച്ചിട്ടുണ്ടോ?'
'ഇല്ല സാര്‍, ഞാന്‍ പഠിച്ചിട്ടില്ല. നാട്ടില്‍ കളരിയാശാന്മാര്‍ ചെയ്യുന്നതു കണ്ട് പഠിച്ചതാണ്. അല്ലാതെ പഠിക്കാന്‍ വേണ്ടി ഒരു സ്ഥലത്തും പോയിട്ടില്ല.'
ആ മറുപടി കേട്ടയുടന്‍ പുലികേശി അടുത്ത സ്‌റ്റെപ്പ് കാണിച്ചുകൊടുത്ത് അതുപോലെ ചെയ്യാന്‍ പറഞ്ഞു. നാലാമത്തെ സ്‌റ്റെപ്പും ത്യാഗരാജന്‍ ചെയ്തു. ഒരാഴ്ചകൊണ്ട് പത്തു സ്‌റ്റെപ്പും ഭംഗിയായി ചെയ്തപ്പോള്‍ നാടകമൺട്രത്തിലെ എല്ലാ ഫൈറ്റേഴ്സിന്റെയും മുന്നില്‍വെച്ച് പുലികേശി പറഞ്ഞു: 'കണ്ടില്ലേ, ഒരാഴ്ചകൊണ്ടാണ് ത്യാഗരാജന്‍ കത്തി ഫൈറ്റിലെ പത്ത് സ്‌റ്റെപ്പുകളും പഠിച്ചത്. ഇവന്‍ നമ്മുടെ സംഘത്തിന്റെ അഭിമാനമാകും.'
പുലികേശിയുടെ വാക്കുകള്‍ കേട്ട് എല്ലാവരും കൈയടിച്ചപ്പോള്‍ ഒരാള്‍ മാത്രം മാറിനില്‍ക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല, ആദ്യമായി മദിരാശിയിലെത്തിയപ്പോള്‍, സഹായിക്കുമെന്ന പ്രതീക്ഷയില്‍ ത്യാഗരാജന്‍ ചെന്നുകണ്ട ആമ്പൂര്‍ ബാബു. തന്റെ നാട്ടുകാരനായ ഇവന്‍ സിനിമയില്‍ വന്ന് നന്നായി പേരെടുത്തുപോവുമോ എന്ന ആശങ്ക ബാബുവില്‍ ഉള്ളതുകൊണ്ടു മാത്രമാണ് അയാള്‍ തന്നെ സഹായിക്കാതിരുന്നതെന്ന് ത്യാഗരാജന്‍ പതിയെ മനസ്സിലാക്കിത്തുടങ്ങി.
പുലികേശിയുടെ പ്രശംസ ത്യാഗരാജന് ജീവിതത്തില്‍ കിട്ടിയ ആദ്യത്തെ അംഗീകാരമായിരുന്നു. അദ്ദേഹവുമായുള്ള അടുപ്പം കൂടിയപ്പോള്‍ 'സാര്‍' എന്ന വിളി 'ആശാനേ' എന്നായി മാറി. തുടര്‍ന്ന് പുലികേശി പുതിയ ഫൈറ്റുകള്‍ അച്ചടക്കത്തോടെ ത്യാഗരാജന് പഠിപ്പിച്ചുകൊടുക്കാന്‍ തുടങ്ങി. കത്തിയും കമ്പും വാളും ഉറുമിയും ശൂലവും... അങ്ങനെ പലതരം ഫൈറ്റുകള്‍ പുലികേശിയില്‍നിന്ന് പഠിച്ചു. വെളുപ്പിന് നാലുമണിക്ക് ഒരു കാപ്പി കുടിച്ച് തുടങ്ങുന്ന പരിശീലനം എട്ടു മണിവരെ നീളും. പിന്നെ വൈകീട്ട് നാലു മുതല്‍ രാത്രി ഒമ്പതു മണി വരെയും പരിശീലനമുണ്ടാകും. ഇതിനിടയിലുള്ള സമയം നാടക റിഹേഴ്സലിനാണ്. അങ്ങനെ ദിവസം പതിനേഴ് മണിക്കൂറിലധികം ജോലി ചെയ്തു. കഷ്ടപ്പാടുകള്‍ അപ്പോഴും തീര്‍ന്നിട്ടില്ലായിരുന്നു. രണ്ടു ദിവസം കൂടുമ്പോള്‍ രണ്ടോ മൂന്നോ രൂപ കിട്ടും. അതുകൊണ്ട് പട്ടിണി കൂടാതെ കഴിയും. പണം കിട്ടാതെ വരുമ്പോള്‍ വീണ്ടും പട്ടിണിയാകും. ഈ ഘട്ടത്തിലൊക്കെ ത്യാഗരാജനെ സഹായിച്ച ഒരു വലിയ മനുഷ്യന്‍ വടപളനിയിലുണ്ടായിരുന്നു. ദൈവത്തിന്റെ അവതാരമെന്നോണം ജീവിതത്തിലേക്ക് കടന്നുവന്ന വടിവേല്‍ മേസ്തിരിയെപ്പോലെ മറ്റൊരാള്‍. തനിക്കും ഭാര്യയ്ക്കും കഴിക്കാന്‍ വെച്ചിരുന്ന ഭക്ഷണം ഒരു രാത്രി വിശന്നു തളര്‍ന്നെത്തിയ ത്യാഗരാജന് സ്നേഹത്തോടെ വിളമ്പിക്കൊടുത്ത ഗുരുവായൂര്‍ സ്വദേശിയായ കൃഷ്ണന്‍ നായര്‍.
Also Read
വളരെ ചെറുപ്പത്തില്‍ മദിരാശിയിലെത്തിയതാണ് കൃഷ്ണന്‍ നായര്‍. പല പല ചായക്കടകളില്‍ ജോലിചെയ്ത് ഒടുവില്‍ വടപളനി മുരുകന്‍കോവിലിനടുത്ത് 'കൃഷ്ണ ടീ സ്റ്റാള്‍' എന്ന പേരില്‍ ഒരു ചായക്കട തുടങ്ങി. തൊട്ടടുത്തായിരുന്നു നാടകമൺട്രം. കൃഷ്ണന്‍ നായരെ പരിചയപ്പെട്ടതില്‍പ്പിന്നെ അദ്ദേഹത്തിന്റെ കടയില്‍നിന്നാണ് ത്യാഗരാജന്‍ ഭക്ഷണം കഴിച്ചിരുന്നത്. പിതൃവാത്സല്യത്തോടെ ത്യാഗരാജന്റെ കഥകളെല്ലാം കൃഷ്ണന്‍ നായര്‍ പലപ്പോഴായി ചോദിച്ചറിഞ്ഞിരുന്നു. കൈയില്‍ കാശില്ലെങ്കിലും ത്യാഗരാജനോട് കൃഷ്ണന്‍ നായര്‍ പറയും: 'ചായ കുടിക്കെടാ,' 'ഒരു ബണ്ണ് കൂടിയെടുത്തോ.' ഒന്നും കഴിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ ദോശയും ഇഡ്ഡലിയും ചോറുമൊക്കെ അദ്ദേഹം ത്യാഗരാജന് വിളമ്പിക്കൊടുക്കും. വടപളനിയില്‍ കൃഷ്ണന്‍ നായര്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് പട്ടിണിയില്ലാതെ ത്യാഗരാജന് ജീവിക്കാന്‍ കഴിഞ്ഞത്. അമ്മയ്ക്ക് കത്തയയ്ക്കുമ്പോഴും കൃഷ്ണന്‍ നായരെ കുറിച്ച് പലപ്പോഴും എഴുതിയിട്ടുണ്ട്.
ഒരിക്കല്‍ അമ്മ ത്യാഗരാജനെ കാണാന്‍ മദിരാശിയില്‍ വന്നു. അന്ന് വര്‍ക്ക് ഇല്ലായിരുന്നു. അമ്മയെ കൂട്ടി ചായക്കടയിലെത്തിയ ത്യാഗരാജന്‍ കൃഷ്ണന്‍ നായര്‍ക്ക് അമ്മയെ പരിചയപ്പെടുത്തി. ദൈവതുല്യനായ ആ മനുഷ്യനെ അമ്മ വണങ്ങി. ഭക്ഷണം കഴിച്ച വകയില്‍ കൃഷ്ണന്‍ നായര്‍ക്ക് കുറെ കാശ് കൊടുക്കാനുണ്ടെന്ന് അമ്മയോട് ത്യാഗരാജന്‍ പറഞ്ഞിരുന്നു. 'മോന്‍ എത്ര കാശ് തരാനുണ്ട്' എന്ന് അമ്മ ചോദിച്ചു.
'കാശോ, ഇവിടെയൊന്നും തരാനില്ലല്ലോ,' കൃഷ്ണന്‍ നായര്‍ പറഞ്ഞു.
ഭക്ഷണം കഴിച്ച കാശിന്റെ കാര്യമാണ് പറഞ്ഞതെന്ന് അമ്മ ഓര്‍മ്മിപ്പിച്ചപ്പോള്‍ കൃഷ്ണന്‍ നായരുടെ മറുപടി ഇങ്ങനെയായിരുന്നു:
'എന്റെ മകന് കൊടുക്കുന്നപോലെയാണ് ഞാന്‍ രാജന് ഭക്ഷണം കൊടുത്തത്. അതിന്റെ കണക്കൊന്നും എനിക്ക് എഴുതിവെക്കേണ്ട കാര്യമില്ല. ആ പണം എനിക്ക് വേണ്ട.'
ആ വാക്കുകള്‍ കേട്ട് അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകി.

കൃഷ്ണന്‍ നായര്‍ക്ക് കൊടുക്കാനുണ്ടായിരുന്ന പണം ഒരിക്കലും വീട്ടിത്തീര്‍ക്കാനാവുമായിരുന്നില്ല. അമ്മയ്ക്കും മകനും അദ്ദേഹം ഊണു നല്‍കി. പോകാന്‍ നേരം കൃഷ്ണന്‍ നായരുടെ വിലാസം വാങ്ങി അമ്മ പറഞ്ഞു: 'മോന്‍ എന്തു ചോദിച്ചാലും കൊടുക്കണം, എല്ലാ മാസവും അങ്ങയുടെ പേരില്‍ ഞാന്‍ പണമയയ്ക്കാം.' ആമ്പൂരില്‍ അക്കാലത്ത് ത്യാഗരാജന്റെ കുടുംബത്തിന് മറ്റൊരു വീടു കൂടിയുണ്ടായിരുന്നു. അതിന് മാസംതോറും അറുപതു രൂപ വാടക കിട്ടും. ആ പണം അമ്മ മുടങ്ങാതെ എല്ലാ മാസവും കൃഷ്ണന്‍ നായരുടെ പേരില്‍ അയച്ചുകൊണ്ടിരുന്നു.
നാടകമൺട്രത്തില്‍ വെച്ചാണ് നാടകനടന്‍ പുതുക്കോട്ടൈ രാമയ്യയെ ത്യാഗരാജന്‍ പരിചയപ്പെടുന്നത്. നന്നായി പാടാനുള്ള കഴിവും അയാള്‍ക്കുണ്ടായിരുന്നു. കിടക്കാനൊരിടമില്ലാതെ പലയിടങ്ങളിലുറങ്ങിയ രാമയ്യയ്ക്ക് നാടകമൺട്രത്തില്‍ താമസിക്കാന്‍ അനുവാദം കൊടുത്തത് പുലികേശിയായിരുന്നു. അഭിനയിക്കാനും പാടാനുമുള്ള രാമയ്യയുടെ കഴിവ് മനസ്സിലാക്കിയതുകൊണ്ടാണ് പുലികേശി അങ്ങനെ ചെയ്തത്. നടനാവാനുള്ള ത്യാഗരാജനിലെ മോഹം തിരിച്ചറിഞ്ഞ രാമയ്യ അതിനുള്ള അവസരം വാങ്ങിക്കൊടുക്കാമെന്ന് ഉറപ്പു നല്‍കി. സിനിമാ-നാടകരംഗത്തെ പ്രഗല്ഭ വ്യക്തികളുമായി രാമയ്യയ്ക്ക് വളരെ അടുത്ത ബന്ധമുണ്ടെന്ന് അയാളെ അറിയുന്ന എല്ലാവര്‍ക്കുമറിയാം. 'എന്തിനാണ് ത്യാഗരാജാ വെറുതെയിങ്ങനെ അടികിട്ടി ഇവിടെ ജീവിക്കുന്നത്? വലിയ ആര്‍ട്ടിസ്റ്റാവാനുള്ള കഴിവ് നിനക്കുണ്ട്. നിന്റെ ശബ്ദവും ഉയരവുമൊക്കെ സിനിമാനടന് പറ്റിയതാണ്. അതുകൊണ്ട് പുലികേശിയുടെ വാക്കും കേട്ട് ഇതിനകത്തു കിടന്ന് ഒന്നുമല്ലാതായിപ്പോകേണ്ട.' രാമയ്യയുടെ വാക്കുകളില്‍ ത്യാഗരാജന്‍ വീണുപോയി.
'ഞാനെന്തു ചെയ്യണം?' ത്യാഗരാജന്റെ ചോദ്യത്തിന് രാമയ്യ ഉത്തരം നല്‍കി, 'നിനക്ക് എം.ജി.ആറിനൊപ്പം അഭിനയിക്കണോ, അല്ലെങ്കില്‍ ശിവാജി ഗണേശനൊപ്പം? ആര്‍ക്കൊപ്പമഭിനയിക്കണമെന്ന് പറഞ്ഞാല്‍ മതി. അവസരം ഞാന്‍ വാങ്ങിത്തരാം.'
രാമയ്യയുടെ വാക്ക് വിശ്വസിച്ചുപോവും. കാരണം, എം.ജി.ആറും ശിവാജി ഗണേശനും എം.എന്‍. നമ്പ്യാരുമായി രാമയ്യയ്ക്ക് നല്ല അടുപ്പമാണ്. 'ഞാന്‍ എന്തു വേണമെങ്കിലും ചെയ്യാം. എങ്ങനെയെങ്കിലും സിനിമയിലഭിനയിച്ചാല്‍ മതി.' ത്യാഗരാജന്‍ ഇതു പറയേണ്ട താമസം രാമയ്യ ത്യാഗരാജനെയും കൂട്ടി ആദ്യം കൃഷ്ണന്‍ നായരുടെ ചായക്കടയിലേക്കാണ് പോയത്. ദോശയും ഇഡ്ഡലിയുമൊക്കെയായി കുറെ കഴിച്ച ശേഷം പണം ത്യാഗരാജനെക്കൊണ്ട് കൊടുപ്പിച്ചു. അടുത്ത ദിവസം എം.ജി.ആറിന്റെ സെക്രട്ടറിയെ പോയി കാണാമെന്ന് ഉറപ്പുനല്‍കി. രാവിലെ രണ്ടു സൈക്കിള്‍ വാടകയ്ക്കെടുത്തു. എം.ജി.ആറിന്റെ ഓഫീസിലേക്കാണെന്നും പറഞ്ഞ് ത്യാഗരാജനെയുംകൂട്ടി പുറപ്പെട്ടു. ഒരു മണിക്കൂറിലധികം സൈക്കിളില്‍ യാത്ര ചെയ്തു. വഴിയരികില്‍ പലവീടുകളുടെയും മുന്നില്‍ രാമയ്യ സൈക്കിള്‍ നിര്‍ത്തി. 'കൂട്ടുകാരന്റെ വീടാണ്. കണ്ടിട്ട് ഇപ്പോള്‍ വരാം' എന്നു പറഞ്ഞ് ത്യാഗരാജനെ റോഡില്‍ നിര്‍ത്തി രാമയ്യ വീടിനകത്തേക്ക് പോയി. കുറെ സമയം പുറത്ത് കാത്തുനില്‍ക്കേണ്ട ഗതികേടാണ് ത്യാഗരാജനുണ്ടായത്. വീണ്ടും യാത്ര തുടര്‍ന്നു. ഒടുവില്‍ എം.ജി.ആറിന്റെ ഓഫീസിനു മുന്നിലെത്തി.
'നീ ഇവിടെ നില്‍ക്ക്, ഞാന്‍ സെക്രട്ടറിയോട് സംസാരിച്ചുവരാം' എന്നും പറഞ്ഞ് രാമയ്യ ഓഫീസിനകത്തേക്ക് പോയി. അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അയാള്‍ വളരെ സന്തോഷവാനായിരുന്നു. എന്തായി എന്ന് ത്യാഗരാജന് ചോദിക്കേണ്ടിവന്നില്ല. 'അടുത്ത പടത്തില്‍ നല്ലൊരു റോള്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഉറപ്പായും കിട്ടും.' രാമയ്യയുടെ ആ വാക്കുകള്‍ക്കൊപ്പം ത്യാഗരാജന്റെ മനസ്സിലൂടെ കടന്നുപോയത് വെള്ളിത്തിരയിലെ സ്വന്തം മുഖമാണ്. അടുത്ത ഹോട്ടലില്‍ കയറി സമൃദ്ധമായ ഭക്ഷണം. പണം ത്യാഗരാജനെക്കൊണ്ടുതന്നെ കൊടുപ്പിച്ചു. ഈ പരിപാടി ദിവസങ്ങളോളം തുടര്‍ന്നപ്പോള്‍ ത്യാഗരാജന്റെ പോക്കറ്റ് കാലിയാവാന്‍ തുടങ്ങി. അമ്മ കൃഷ്ണന്‍ നായര്‍ക്ക് അയച്ചുകൊടുക്കുന്ന അറുപതു രൂപയില്‍ മുപ്പതു രൂപ മാത്രമേ അദ്ദേഹം എടുക്കാറുള്ളൂ. ബാക്കി മുപ്പതു രൂപ ത്യാഗരാജന് കൊടുക്കുകയാണ് പതിവ്. ആ പണം കൊണ്ടാണ് രാമയ്യക്ക് ഭക്ഷണവും വസ്ത്രവുമൊക്കെ ത്യാഗരാജന്‍ വാങ്ങിച്ചുകൊടുത്തത്.
മൂന്നു നേരത്തെ ഭക്ഷണത്തിന് ഒരു മാസത്തേക്കുള്ള ടോക്കണ്‍ കൃഷ്ണന്‍ നായര്‍ മുന്‍കൂറായി ത്യാഗരാജന് നല്‍കുമായിരുന്നു. കൈയിലെ പണം തീര്‍ന്നപ്പോള്‍ ഭക്ഷണം കഴിക്കാനുള്ള പകുതി ടോക്കണ്‍ രാമയ്യക്ക് നല്‍കേണ്ടതായിവന്നു ത്യാഗരാജന്. സിനിമയിലഭിനയിക്കാന്‍ ചാന്‍സ് വാങ്ങിത്തരുന്ന ആള്‍ക്ക് അതൃപ്തിയുണ്ടാവേണ്ട എന്നു കരുതിയാണ് അങ്ങനെയെല്ലാം ചെയ്തത്. പല വീടുകളിലും ഓഫീസുകളിലും രാമയ്യ ത്യാഗരാജനെയും കൂട്ടി കയറിയിറങ്ങി. പതിവുപോലെ ത്യാഗരാജനെ പുറത്തു നിര്‍ത്തി രാമയ്യ അകത്തേക്ക് പോകും. കുറെ നേരം കഴിഞ്ഞ് തിരിച്ചുവന്ന് പറയും, 'അടുത്ത പടത്തില്‍ ചാന്‍സ് തരാമെന്ന് പറഞ്ഞിട്ടുണ്ട്.' പക്ഷേ, അതെല്ലാം രാമയ്യയുടെ തട്ടിപ്പുകളായിരുന്നുവെന്നും സ്വന്തം കാര്യം നേടുന്നതിനുവേണ്ടി ആരെയും ചതിക്കുന്ന ഒരു മനസ്സ് അയാളിലുണ്ടായിരുന്നുവെന്നും വളരെ വൈകിയാണ് ത്യാഗരാജന് മനസ്സിലാവുന്നത്. ഭക്ഷണം കഴിക്കാനുള്ള ടോക്കണ്‍ തീര്‍ന്നപ്പോള്‍ കൃഷ്ണന്‍ നായര്‍ കാര്യം തിരക്കി. പകുതി ടോക്കണ്‍ രാമയ്യയ്ക്ക് കൊടുത്ത കാര്യം ത്യാഗരാജന്‍ പറഞ്ഞു. ഭക്ഷണം കഴിക്കാനെത്തിയ രാമയ്യയെ കൃഷ്ണന്‍ നായര്‍ പിടിച്ചുവെച്ചു. ത്യാഗരാജന്റെ കൈയില്‍നിന്നു വാങ്ങിയ ടോക്കണ്‍ എടുക്കാന്‍ പറഞ്ഞു. മൂന്നു ടോക്കണ്‍ മാത്രമേ അയാളുടെ പോക്കറ്റിലുണ്ടായിരുന്നുള്ളു. ബാക്കിയെല്ലാം രാമയ്യ ഭക്ഷണം കഴിച്ച് തീര്‍ത്തിരുന്നു. ആ ടോക്കണുകള്‍ പിടിച്ചുവാങ്ങി ഇനി മേലാല്‍ പരിസരത്ത് കണ്ടുപോകരുതെന്നു പറഞ്ഞ് രാമയ്യയെ കൃഷ്ണന്‍ നായര്‍ ഓടിച്ചുവിട്ടു. രാമയ്യയുടെ ചതി കൃഷ്ണന്‍ നായര്‍ പുലികേശിയെയും അറിയിച്ചു. അതോടെ നാടകമൺട്രത്തിലെ അയാളുടെ താമസവും അവസാനിച്ചു.
(തുടരും)
Content Highlights: stunt choreographer thyagarajan action tamil movie shivaji ganeshan, mgr
Published: 03 Mar 2025, 09:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented