പന്തുകളിയിലൂടെ നേടിയ ഖ്യാതി സിനിമയിലൂടെ കളഞ്ഞുകുളിക്കാൻ ഒരുക്കമല്ലായിരുന്നു 1956 ലെ മെൽബൺ ഒളിമ്പിക്സിൽ സെമിഫൈനൽ കളിച്ച ഇന്ത്യൻ ടീമിന്റെ പ്രതിരോധനിരയിലെ പുലി.

"അബ്ദുറഹ്‍മാൻ എന്ന പന്തുകളിക്കാരനിൽ നിന്ന് റഹ്‍മാൻ എന്ന മനുഷ്യനിലേക്ക് ഏറെ അകലമില്ല. തിരിച്ചും. മറ്റൊരർത്ഥത്തിൽ സ്വന്തം ഫുട്ബാൾ ജീവിതത്തിന്റെ തുടർച്ച തന്നെയായിരുന്നു അദ്ദേഹത്തിന് വ്യക്തിജീവിതവും. ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ." - ഒളിമ്പ്യൻ റഹ്‍മാനെ എന്നും വാത്സല്യത്തോടെ കണ്ട പ്രശസ്ത എഴുത്തുകാരൻ കെ.ടി. മുഹമ്മദിന്റെ വാക്കുകൾ. പി.എ. ബക്കർ സംവിധാനം ചെയ്ത ചുവന്ന വിത്തുകൾ (1978) എന്ന കലാമൂല്യമുള്ള ചിത്രത്തിൽ റഹ്‌മാനെ നായകനാക്കാൻ പെട്ട പാട് വിവരിക്കുകയായിരുന്നു പ്രിയപ്പെട്ട കെ ടി.
ലോറിക്കാരനാണ് പടത്തിലെ നായകൻ. സ്നേഹം ഉള്ളിൽ ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ അറിയാത്ത പരുക്കൻ കഥാപാത്രം. റഹ്‍മാന്റെ രൂപഭാവങ്ങൾ ആ റോളിനു ഇണങ്ങുമെന്നായിരുന്നു ബക്കറിന്റെ വിശ്വാസം. എന്നാൽ ചെന്ന് ചോദിച്ചപ്പോൾ പ്രതീക്ഷിച്ച പോലെ ഒരു പൊട്ടിത്തെറിയായിരുന്നു മറുപടി:
"പറ്റൂല മോനേ. ഞാനാരാ പ്രേംനസീറാ? ഇജ്ജ് കട്ടും കിട്ടും പറയുന്നതിന് അനുസരിച്ച് അഭിനയിക്കാൻ എന്നെ കിട്ടൂല. അയിനു വേറെ ആളെ നോക്കിക്കോ."
അഭിനയിക്കേണ്ട, പെരുമാറിയാൽ മതി എന്ന് ബക്കർ. അത് വേണ്ട, അഭിനയം മോശമായാൽ ജനം തന്നെ പെരുമാറുമെന്ന് റഹ്‌മാൻ. പന്തുകളിയിലൂടെ നേടിയ ഖ്യാതി സിനിമയിലൂടെ കളഞ്ഞുകുളിക്കാൻ ഒരുക്കമല്ലായിരുന്നു 1956 ലെ മെൽബൺ ഒളിമ്പിക്സിൽ സെമിഫൈനൽ കളിച്ച ഇന്ത്യൻ ടീമിന്റെ പ്രതിരോധനിരയിലെ പുലി.
നിരാശനായ ബക്കർ നേരെ കെ.ടി. മുഹമ്മദിനെ ചെന്ന് കാണുന്നു. കെ.ടി പറഞ്ഞാൽ നിരസിക്കാനാവില്ല റഹ്‍മാന് എന്ന് നന്നായറിയാം ബക്കർക്ക്. ഒടുവിൽ ഒരു ഉപാധിയിൽ ആർക്ക് ലൈറ്റുകൾക്ക് മുന്നിൽ ചെന്ന് നിൽക്കാൻ സമ്മതിക്കുന്നു റഹ്‍മാൻ: "ഏക്ഷൻ, കട്ട്.. അതൊന്നും എന്നോട് വേണ്ട. എന്റെ സൗകര്യം പോലെ ഞാൻ അഭിനയിക്കും. ആവശ്യം ഇല്ലാന്നു തോന്നുന്നത് പിന്നെ വെട്ടി മാറ്റിക്കോ.." ബക്കർക്ക് സമ്മതം. വേറെ വഴിയില്ലല്ലോ.
ഷൂട്ടിംഗ് കഴിഞ്ഞ്, ക്യാമറയ്ക്ക് മുന്നിലെ അനുഭവം വിവരിക്കാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടപ്പോൾ, കോഴിക്കോട് സിവിൽ സ്റ്റേഷനടുത്തുള്ള താഴത്തേരി തറവാടിന്റെ ഉമ്മറത്തെ ചാരുകസേരയിൽ നീണ്ടു നിവർന്നു കിടന്നു റഹ്‍മാൻക്ക പറഞ്ഞു: "ബീഡി വലിച്ചു മടുത്തു മക്കളെ. വലിക്ക്യാ കെടുത്ത്വാ, പിന്നീം കൊളുത്ത്വാ- അതെന്നെ പണി. ബീഡി വലിക്കാനാണോ അഭിനയിക്കാനാണോ ഓൻ എന്നെ വിളിച്ചുകൊണ്ടുപോയത് എന്നാണിപ്പോ സംശയം.."
Also Read: 'പ്രേം നാം ഹേ മേരാ...’; ഒരൊറ്റ ഡയലോഗുകൊണ്ട് ഒരുമണിക്കൂർ ട്രെയിൻ വൈകിപ്പിച്ച പ്രേം ചോപ്ര | കാതോരം
ശാന്തകുമാരിയും സീനത്തുമായിരുന്നു ചുവന്ന വിത്തുകളിൽ റഹ്‍മാന്റെ സഹതാരങ്ങൾ. ആ സിനിമയിലൂടെ 1977 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശാന്തകുമാരി, റഹ്‍മാന് ഒപ്പമുള്ള അഭിനയമുഹൂർത്തങ്ങൾ ഓർത്തെടുത്തത് ഇങ്ങനെ: "പനിച്ചു വിറയ്ക്കുന്ന എന്നെ റഹ്‍മാൻക്ക ശുശ്രൂഷിക്കുന്ന ചില രംഗങ്ങളുണ്ട് ആ സിനിമയിൽ. നടൻ ശരിക്കും കഥാപാത്രമായി മാറുന്നത് കണ്ടത് അന്നാണ്. ക്യാമറയുടെ സാന്നിധ്യം റഹ്‍മാൻക്ക അറിയുന്നുണ്ടായിരുന്നോ എന്ന് സംശയം. ഇത് വെറും സിനിമയാണെന്നും നമ്മളൊക്കെ നടീനടന്മാർ മാത്രമാണെന്നും ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു ഞാൻ. ഫലമൊന്നും ഉണ്ടായില്ല. അത്രയും ഗൗരവത്തോടെയാണ് ശുശ്രൂഷ. എനിക്ക് ശരിക്കും അസുഖം ബാധിച്ച പോലെ. കണ്ണ് നിറഞ്ഞുപോയി. സിനിമയിൽ അത്തരമൊരു അനുഭവം നടാടെ ആയിരുന്നു..''
അതായിരുന്നു റഹ്‍മാൻ. ജീവിതത്തിൽ ഒരിക്കലും അഭിനയിച്ചു ശീലിച്ചിട്ടില്ലാത്ത, അഭിനയത്തെ പോലും ജീവിതത്തിൽ നിന്ന് വേറിട്ട് കാണാൻ കഴിയാത്ത ഒരാൾ. ഫ്രാങ്ക് സിനാത്ര പാടി അനശ്വരമാക്കിയ പോൾ അൻകയുടെ ആ വിഖ്യാത ഗാനത്തിൽ പറഞ്ഞ പോലെ, തന്റേതായ വഴികളിലൂടെ സഞ്ചരിച്ചു, തനിക്കു തോന്നിയ പോലെ ജീവിച്ചു മരിച്ച സാധാരണക്കാരനായ ഒരു അസാധാരണ മനുഷ്യൻ.
Also Read: ഒരൊറ്റ പാട്ടിന് ആറ് ഈണങ്ങൾ; മുല്ലനേഴിക്ക് മുന്നിൽ ദേവരാജൻ മാസ്റ്റർ ഉയർത്തിയ വെല്ലുവിളി | കാതോരം
'ചുവന്ന വിത്തുക'ളിൽ സഹ സംവിധായകനായിരുന്ന ആദം അയൂബ് തന്റെ ഓർമക്കുറിപ്പുകളിൽ പങ്കുവെക്കുന്ന ഒരനുഭവം കൂടി കേൾക്കുക: പടത്തിന്റെ സെൻസറിംഗ് കഴിഞ്ഞശേഷം സെൻസർ ബോർഡ് അംഗവും പ്രശസ്ത നിർമ്മാതാവും വിജയവാഹിനി സ്റ്റുഡിയോ ഉടമയുമായ ബി. നാഗിറെഡ്ഡി ബക്കറിനോട് ചോദിച്ചു: "ആരാണീ പടത്തിലെ നായകൻ?"
"പുതുമുഖമാണ്."-ബക്കർ.
"അദ്ദേഹത്തിന്റെ നമ്പർ വേണം. എന്റെ പുതിയ ഹിന്ദി പടത്തിൽ വില്ലന്റെ വേഷം ചെയ്യിക്കാനാണ്."-നാഗിറെഡ്ഢി.
ബക്കറും ആദം അയൂബും മുഖത്തോടു മുഖം നോക്കി ചിരിച്ചു. ഇക്കാര്യമെങ്ങാനും അറിയാനിടവന്നാൽ റഹ്‌മാൻ രാജ്യം തന്നെ വിട്ട് ഓടിക്കളയുമോ എന്നായിരുന്നു അവരുടെ പേടി.
Content Highlights: A nostalgic look back at how legendary Indian footballer Olympian Abdurahman reluctantly agreed—thanks to writer K.T. Muhammed's persuasion—to play the lead role in P.A. Backer's acclaimed 1978 Malayalam film Chuvanna Vithukal without conventional 'action' and 'cut' cues, delivering a performance so lifelike alongside State Award winner Santhakumari that veteran producer B. Nagi Reddy wanted to cast him as the villain in his Hindi film.
Published: 21 Nov 2026, 09:30 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented