ആദ്യ സന്ദർശന വേളയിൽ കടൽക്കാറ്റിന്റെ മർമ്മരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എതിരേൽക്കാൻ. അടുത്ത തവണ ചെന്നപ്പോൾ മറ്റൊരീണം കൂടി കേട്ടു; വിദൂരതയിലെങ്ങുനിന്നോ തരംഗമാലകളായി ഒഴുകിയെത്തിയ ഈണം: ‘ഉയിരേ.. ഉയിരേ.., വന്ത് എന്നോട് കലന്തുവിട്.....’

To advertise here,

1990 കളുടെ തുടക്കത്തിലായിരുന്നു ബേക്കൽ കോട്ടയിലേക്കുള്ള ആദ്യ യാത്ര. അന്ന് 'ബോംബെ' റിലീസായിട്ടില്ല. മണിരത്നത്തിന്റെ സിനിമ പുറത്തുവരികയും പാട്ടുകളും അവയുടെ രംഗങ്ങളും സൂപ്പർ ഹിറ്റായി മാറുകയും ചെയ്ത ശേഷമാണ് സന്ദർശകനായി പിന്നീടവിടെ ചെന്നത്. അപ്പോഴേക്കും 'ഉയിരേ'യെ ഒഴിച്ചുനിർത്തി ബേക്കലിനെ കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാകാത്ത നിലയെത്തിയിരുന്നു. 30 വർഷങ്ങൾക്കിപ്പുറവും ആ അനുഭവത്തിൽ മാറ്റമില്ല. എ. ആർ. റഹ്‌മാന്റെ സംഗീതത്തിൽ ഹരിഹരനും ചിത്രയും ഹൃദയം പകർന്നുനൽകി പാടിയ ഈ മനോഹര യുഗ്മഗാനം അത്ര കണ്ട് ലയിച്ചുചേർന്നിരിക്കുന്നു ബേക്കലിന്റെ ആത്മാവിൽ.

‘വർഷം മുപ്പത് കഴിഞ്ഞു എന്ന് വിശ്വസിക്കാനാവുന്നില്ല.’- ചിത്രയുടെ വാക്കുകൾ. ‘ഉയിരേ എന്ന പാട്ട് പോലെ തന്നെ അതുമായി ബന്ധപ്പെട്ട ഓർമ്മകളും മനസ്സിൽ നിത്യനൂതനമായി നിൽക്കുന്നതുകൊണ്ടാവാം.’ റഹ്‌മാന്റെ സ്റ്റുഡിയോയിൽ വെച്ചുള്ള റെക്കോർഡിംഗിന്റെ ഓർമ്മകൾ ചിത്ര പങ്കുവെച്ചതിങ്ങനെ; ‘ആദ്യം പാടിയത് ഞാനാണ്. ഹരിജി പിന്നീട് വന്ന് അദ്ദേഹത്തിന്റെ വേർഷൻ റെക്കോർഡ് ചെയ്യുകയായിരുന്നു. റെക്കോർഡിംഗ് സമയത്ത് റഹ്‌മാൻ കീബോർഡിൽ വായിച്ചു തന്ന ശ്രുതി മാത്രമേ ഉണ്ടായിരുന്നുള്ളു കാതുകളിൽ. പൂർണ്ണ വാദ്യ വിന്യാസത്തോടെ പാട്ട് കേൾക്കാൻ കാസറ്റ് പുറത്തിറങ്ങും വരെ കാത്തിരിക്കേണ്ടി വന്നു. കേട്ടപ്പോൾ അത്ഭുതമായിരുന്നു. നമ്മുടെ സങ്കല്പങ്ങൾക്കൊക്കെ അപ്പുറത്തേക്ക് കൊണ്ടുപോയിരിക്കുന്നു റഹ്‌മാൻ ആ ഗാനത്തെ...’

ഇന്നും 'ഉയിരേ'യുടെ തുടക്കത്തിലെ സംഗീതശകലങ്ങൾ സ്പീക്കറുകളിലൂടെ ഒഴുകിത്തുടങ്ങേണ്ട താമസം ആവേശഭരിതമാകും സദസ്സ്. ഗാനമേളകളിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള പാട്ടുകളിലൊന്നാണത്. ആവർത്തിച്ച് പാടിക്കേൾക്കാൻ ആളുകൾ താല്പര്യപ്പെടാറുള്ള പാട്ട്. ആ പാട്ടുമായി ബന്ധപ്പെട്ട ഹൃദയസ്പർശിയായ ഒരു ഓർമ്മ കൂടിയുണ്ട് ചിത്രക്ക്. ‘പടത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും ഹരിജിയുടെയും എന്റേയും ശബ്ദത്തിലാണ് പാട്ട് റെക്കോർഡ് ചെയ്യപ്പെട്ടത്. ഹിന്ദിയിൽ തൂ ഹി രേ, തെലുങ്കിൽ ഉരികേ ചിലക. ഹിന്ദി വേർഷൻ റെക്കോർഡ് ചെയ്ത ശേഷം ഒരു നാൾ റഹ്‌മാൻ വിളിക്കുന്നു. ക്ഷമാപണപൂർവമാണ് അദ്ദേഹം സംസാരം തുടങ്ങിയതുതന്നെ. ബോളിവുഡിലെ ഏതെങ്കിലും പ്രമുഖ ഗായികയെക്കൊണ്ട് തു ഹി രേ മാറ്റി പാടിക്കണമെന്ന് ഓഡിയോ കമ്പനി ആവശ്യപ്പെടുന്നു. ഹിന്ദി പതിപ്പിലെ പ്രധാന പാട്ടുകൾ എല്ലാം പാടുന്നത് തെന്നിന്ത്യൻ ഗായകരാണെന്നാണ് അവരുടെ പരാതി.’

കവിത കൃഷ്ണമൂർത്തിയെക്കൊണ്ട് ഹിന്ദി ഗാനം മാറ്റിപ്പാടിക്കുന്നതിൽ ചിത്രക്ക് വിരോധമുണ്ടോ എന്നറിയണം റഹ്‌മാന്.’സത്യത്തിൽ അങ്ങനെ ചോദിക്കേണ്ട കാര്യമില്ല അദ്ദേഹത്തിന്. എന്റെ അഭിപ്രായം ആരായാതെ തന്നെ ആരുടെ ശബ്ദത്തിലും റെക്കോർഡ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും അനുമതി തേടാനുള്ള സൗമനസ്യം കാണിച്ചു അദ്ദേഹം. എന്റെ പൂർണ്ണ സമ്മതം വാങ്ങിയ ശേഷമേ കവിതയുടെ ശബ്ദത്തിൽ അദ്ദേഹം പാട്ട് റെക്കോർഡ് ചെയ്തുള്ളൂ. റഹ്‌മാൻ എന്ന വ്യക്തിയുടെ മനസ്സിലെ നന്മയെ നമിച്ചുപോയ നിമിഷമായിരുന്നു അത്...’

സ്വപ്നത്തിലെന്നോണം വീണുകിട്ടിയ ഈണമാണ് ഉയിരേയുടേതെന്ന് അഭിമുഖങ്ങളിൽ പറയാറുണ്ട് റഹ്‌മാൻ. ഉറക്കമുണർന്നയുടൻ ഒരു മിനി ടേപ്പ് റെക്കോർഡറിലേക്ക് അത് പകർത്തിവെക്കുകയായിരുന്നു. ആര് പാടണം എന്നതാണ് അടുത്ത ചോദ്യം. വൈരമുത്തുവിന്റെ വരികൾ സഹിതം പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോൾ മൂന്ന് ഗായകരുടെ മുഖങ്ങളാണ് മനസ്സിൽ തെളിഞ്ഞതെന്ന് റഹ്‌മാൻ: യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, പിന്നെ ഹരിഹരനും. ഓരോ ഗായകരുടേയും ശബ്ദത്തിൽ ആ ഗാനം സങ്കല്പിച്ചുനോക്കി. ഇടക്ക് നറുക്കിട്ടുനോക്കുക വരെ ചെയ്തു. ഒടുവിൽ വിധി തിരഞ്ഞെടുത്തത് ഹരിഹരനെ. ‘ഗസലിന്റെ ചിട്ടവട്ടങ്ങൾ പിന്തുടരാത്ത ഒരു ഗാനത്തിൽ ഹരിഹരന്റെ സാന്നിധ്യം എങ്ങനെ ഉണ്ടാകും എന്നറിയാൻ കൗതുകമുണ്ടായിരുന്നു. പാടിക്കേട്ടപ്പോൾ എന്റെ പ്രതീക്ഷ തെറ്റിയില്ല എന്ന് മനസ്സിലായി.’- റഹ്‌മാന്റെ വാക്കുകൾ.

'ഉയിരേ'യുടെ സന്ദർഭത്തിന് വേണ്ടി റഹ്‌മാൻ ആദ്യം ചിട്ടപ്പെടുത്തിയത് 'കണ്ണാളനേ' എന്ന പാട്ടിന്റെ ഈണമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട് സംവിധായകൻ മണിരത്‌നം. 'റഹ്‌മാന്റെ ട്യൂൺ കേട്ടുകൊണ്ട് തിരികെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു പോകുമ്പോൾ മറ്റേതോ ലോകത്തായിരുന്നു ഞാൻ. വീട്ടിലെത്തുമ്പോഴേക്കും ആ പാട്ടിനിണങ്ങുന്ന സിറ്റുവേഷൻ മനസ്സിൽ രൂപപ്പെട്ടിരുന്നു. പിന്നീടാണ് ഉയിരേ ഉണ്ടാകുന്നത്.'

പാട്ടിന്റെ തുടക്കത്തിലെ 'കണ്ണാളനേ' എന്ന വാക്കിനുവേണ്ടി മൂന്നു ദിവസം തലപുകച്ച കഥ അഭിമുഖങ്ങളിൽ വൈരമുത്തു വിവരിച്ചുകേട്ടിട്ടുണ്ട്. ഈണത്തിന്റെ മീറ്ററിൽ ഒതുങ്ങുന്ന വാക്കുകൾ മാറിമാറി പരീക്ഷിച്ചുനോക്കി: എൻ ജീവനേ, എൻ നൻപനേ, എൻ ദേവനേ.. അങ്ങനെയങ്ങനെ. ഉപയോഗിച്ച് തേയ്മാനം വന്ന വാക്കുകളെന്നു പറഞ്ഞ് നിർദ്ദയം അവയെല്ലാം തള്ളിക്കളയുകയായിരുന്നു മണിരത്നം. ’പല്ലവിയുടെ തുടക്കത്തിലെ എനത് കണ്ണൈ നേട്രോട് കാണവില്ലൈ എന്ന വരിയിൽ നിന്നാണ് ഒടുവിൽ 'കണ്ണാളനേ' എന്ന വാക്ക് മനസ്സിൽ തടഞ്ഞത്. അതിനപ്പുറം അവിടെ യോജിക്കുന്ന മറ്റൊരു വാക്കുണ്ടായിരുന്നില്ല....’- വൈരമുത്തുവിന്റെ വാക്കുകൾ. മികച്ച ഗായികക്കുള്ള ആ വർഷത്തെ തമിഴ്നാട് സ്റ്റേറ്റ് അവാർഡ് 'കണ്ണാളനേ'യുടെ പേരിൽ ചിത്രക്കായിരുന്നു.

മറ്റൊരു സവിശേഷത കൂടിയുണ്ട് 'കണ്ണാളനേ' എന്ന പാട്ടിന്. ചിത്രയ്ക്കും റഹ്‌മാനുമൊപ്പം ആ പാട്ടിന്റെ കോറസ് പാടിയത് സുജാതയും ഗംഗയും രശ്മിയും ചേർന്നാണ്. ‘കണ്ണാളനേ റെക്കോർഡ്‌ ചെയ്യുമ്പോൾ ഗാനസന്ദർഭം ആരും എനിക്ക് പറഞ്ഞു തന്നിരുന്നില്ല’- ചിത്ര ഓർക്കുന്നു. ‘ട്യൂൺ കേട്ട് പഠിച്ചപ്പോൾ ഒരു നേർത്ത ശോകച്ഛായയില്ലേ എന്ന് തോന്നി. അതുകൊണ്ട് തന്നെ ശോകഭാവത്തിലാണ് ഞാൻ പാടിയത്. പാടിത്തീർന്നപ്പോൾ റഹ്‌മാൻ അടുത്തു വന്ന് പറഞ്ഞു: ചിത്രാജി, ശോകമല്ല ഈ പാട്ടിൽ വേണ്ടത്. ഇതൊരു പ്രണയ പ്രതീക്ഷയുടെ ഗാനമാണ്. ഹാപ്പിയായി പാടുങ്കോ..’ രണ്ടാമത് പാടി റെക്കോർഡ് ചെയ്യുമ്പോൾ നിശ്ശബ്ദമായ ഒരു ചിരി കൂടി ഒഴുകിച്ചേർന്നു ചിത്രയുടെ ആലാപനത്തിൽ.