
പാട്ടിലെ ദേവി ആരെന്നു ചോദിച്ചിട്ടുണ്ട് പലരും. ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ തച്ചേത്ത് നീലകണ്ഠ മേനോന്: 'എന്റെ പ്രിയപത്‌നി സീതാദേവി തന്നെ. മറ്റാരേയും പ്രണയിച്ചിട്ടില്ലല്ലോ ഞാൻ...'
ഭാര്യയെ നായികയാക്കി തച്ചേത്ത് എഴുതിയ ചലച്ചിത്ര ഗാനം എത്രയോ കാമുകരുടെ ഹൃദയഗീതമായി വളർന്നത് പിൽക്കാല ചരിത്രം. ഈ തലമുറയിൽ പോലുമുണ്ട് ആ പാട്ടിന് ആരാധകർ.
അപ്പൻ തച്ചേത്ത് എന്നു പറഞ്ഞാലേ നീലകണ്ഠമേനോനെ മലയാളികൾ അറിയൂ. എ.ടി. ഉമ്മറിന്റെ ഈണത്തിൽ യേശുദാസ് അതീവഹൃദ്യമായി പാടിയ 'രാജപരമ്പര'യിലെ (1977) ആ ഒരൊറ്റ ഗാനം മതി തച്ചേത്തിനെ മലയാളികൾ എക്കാലവും സ്‌നേഹത്തോടെ ഓർത്തുവെക്കാൻ: 'ദേവീ നിൻ ചിരിയിൽ കുളിരോ പാലൊളിയോ, അനുദിനമനുദിനമെന്നിൽ നിറയും ആരാധനാമധുരാഗം നീ'.
ഈണമിട്ട ഗാനങ്ങളിൽ ഉമ്മറിന് ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്ന്. വർഷങ്ങളോളം തന്റെ ഗാനമേളകൾക്ക് ഉമ്മർ തുടക്കം കുറിച്ചിരുന്നത് ഈ ഗാനത്തിലാണ്. 'തുടക്കത്തിലെ ഹമ്മിങ് കേൾക്കുമ്പോഴേ സദസ് ഇളകിമറിയും. യേശുവിന്റെ കൂടി സംഭാവനയുണ്ട് ആ ഹമ്മിങ്ങിന്റെ പിറവിക്ക് പിന്നിൽ', ഉമ്മർ ഒരിക്കൽ പറഞ്ഞു.
'ദേവീ നിൻ ചിരിയിൽ' യഥാർഥത്തിൽ 'സിന്ദൂരം' (1975) എന്ന ചിത്രത്തിന് വേണ്ടി എഴുതിയതാണ് തച്ചേത്ത്. സംവിധായകനായ ഡോ. ബാലകൃഷ്ണന്റെ താത്പര്യപ്രകാരം 'രാജപരമ്പര'യിൽ എടുത്തുചേർത്തു എന്ന് മാത്രം. ഒരേ കഥാസന്ദർഭത്തിന് വേണ്ടി രണ്ടു പാട്ടുകൾ എഴുതുമ്പോൾ അവയിലൊന്നേ സ്വീകരിക്കപ്പെടൂ എന്നായിരുന്നു വിശ്വാസം. എന്നാൽ, പാട്ടുകൾ വായിച്ചുനോക്കിയ സംവിധായകന് ആശയക്കുഴപ്പം. രണ്ടും ഒന്നിനൊന്ന് മികച്ചത്. ഒരു പാട്ട് അടുത്ത പടത്തിൽ ചേർക്കാം എന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്.
ആനുകാലികങ്ങളിലൂടെ 1970-കൾ തൊട്ടേ കവി എന്ന നിലയിൽ വായനക്കാർക്ക് സുപരിചിതനാണ് എറണാകുളത്തുകാരൻ അപ്പൻ തച്ചേത്ത്. '14-ാം വയസിലാണ് പാട്ടെഴുതി തുടങ്ങുന്നത്. ആദ്യമെഴുതി റെക്കോർഡ് ചെയ്തത് രണ്ടു ക്രിസ്തീയ ഭക്തി ഗാനങ്ങൾ. എന്റെ അയൽക്കാരനായ ഗായകൻ ഗോകുലപാലനും ശാന്ത പി. നായരും ആ പാട്ടുകൾക്ക് ശബ്ദം നൽകി. അത് കഴിഞ്ഞു ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ കുറെ ബേസിക് റെക്കോർഡുകൾ കൂടി. അതിനിടെ ലാർസൻ ആൻഡ് ട്യുബ്രോയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ എൻജിനീയർ ആയി ജോലി കിട്ടിയെങ്കിലും സിനിമക്ക് പാട്ടെഴുതണമെന്ന മോഹം ഉള്ളിൽ വളരുക തന്നെയായിരുന്നു'.
അതിനു വഴിതെളിഞ്ഞത് മദ്രാസ് ജീവിതകാലത്താണ്. കമ്പനിയിൽനിന്ന് ഡെപ്യൂട്ടേഷനിൽ കൽപ്പാക്കം ആറ്റോമിക് പ്രൊജക്ടിൽ ഉദ്യോഗസ്ഥനായി എത്തിയ കാലം. വയലാറും പി. ഭാസ്‌കരനും യുസഫലിയും ഭരണിക്കാവുമെല്ലാം സിനിമാപ്പാട്ടെഴുത്തുകാരായി തിളങ്ങി നിൽക്കുകയാണ്. ആ രംഗത്തേക്ക് എളുപ്പം കടന്നുചെല്ലുക അസാധ്യം. അവസരങ്ങൾ തേടി സംവിധായകരെ ചെന്ന് കാണുമ്പോൾ കിട്ടുന്ന മറുപടി ഒന്നുതന്നെ: 'അയ്യോ ഈ പടത്തിന്റെ വർക്ക് കഴിഞ്ഞല്ലോ. അടുത്ത പടമാകുമ്പോൾ വിളിക്കാം.' ഒരിക്കലും വരാത്ത വിളിയാണതെന്നു അപ്പൻ തച്ചേത്ത് മനസിലാക്കിയത് പതുക്കെയാണ്.
ചിരകാലസുഹൃത്ത് കൂടിയായ മലയാളത്തിലെ ഒരു പ്രമുഖ ഗാനരചയിതാവിനെ ചെന്ന് കണ്ടപ്പോൾ കിട്ടിയ മറുപടി രസകരമായിരുന്നു: 'ഇല്ല. തന്നെ ഒരിക്കലും ഞാൻ സിനിമാക്കാർക്ക് പരിചയപ്പെടുത്തില്ല. എന്റെ ചാൻസും കൂടി താൻ തട്ടിയെടുക്കും. ഒടുവിൽ ഞാൻ വെറുതെ ഇരിക്കേണ്ടി വരും. അതുവേണ്ട'. ഉള്ള കാര്യം അദ്ദേഹം മുഖത്തു നോക്കി പറഞ്ഞു.
അതിനിടെ, യാദൃച്ഛികമായി ഒരു നാൾ ഡോ. ബാലകൃഷ്ണന്റെ ക്ലിനിക്കിൽ എത്തിപ്പെടുന്നു തച്ചേത്ത്. അസുഖവുമായി പോയതാണ്. 'നിങ്ങളെ കണ്ടിട്ട് ഒരു എഴുത്തുകാരന്റെ ലക്ഷണമുണ്ടല്ലോ', സംസാരത്തിനിടെ ഡോക്ടർ പറഞ്ഞു. 'ഞാൻ തൂലികാനാമം പറഞ്ഞപ്പോൾ അദ്ദേഹത്തിനു ഓർമ വന്നു. കവിതകൾ വായിച്ചിട്ടുണ്ട്. അടുത്ത പടത്തിനു പാട്ടെഴുതാമോ എന്നായി അദ്ദേഹം. എനിക്കാണെങ്കിൽ തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷം. പിന്നീട് കുറെ ദിവസം ഉറക്കമില്ലായിരുന്നു. എല്ലാം ഒരു സ്വപ്‌നം പോലെ'.
കാത്തിരിപ്പിനൊടുവിൽ ഡോക്ടറുടെ വിളി വരുന്നു. പാട്ടെഴുതാൻ ക്ലിനിക്കിൽ ചെന്നപ്പോൾ മറ്റു ചിലരെ കൂടി കണ്ടു അവിടെ- സത്യൻ അന്തിക്കാട്, പി. ചന്ദ്രകുമാർ തുടങ്ങിയവർ. 'രോഗികൾക്ക് ചീട്ടെഴുതിക്കൊടുക്കുന്ന തിരക്കിനിടെ സത്യൻ തലയുയർത്തി അമ്പരപ്പോടെ എന്നെ നോക്കിയത് ഓർമയുണ്ട്. ഡോക്ടർ നിർമിച്ച് ജേസി സംവിധാനം ചെയ്യുന്ന സിന്ദൂരം എന്ന പടത്തിൽ ഒരൊറ്റ പാട്ടേ റെക്കോർഡ് ചെയ്യാൻ ബാക്കിയുള്ളൂ. അത് കഴിയുന്നത്ര വേഗത്തിൽ എഴുതിക്കൊടുക്കുകയാണ് എന്റെ ദൗത്യം. സംഗീത സംവിധായകൻ എ.ടി. ഉമ്മറാണ്. മറ്റു ഗാനരചയിതാക്കൾ സത്യൻ അന്തിക്കാട്, ഭരണിക്കാവ്, കോന്നിയൂർ ഭാസ്, ശശികല മേനോൻ എന്നിവരും.
പാട്ടിന്റെ സിറ്റുവേഷൻ ഡോക്ടർ തന്നെ വിവരിച്ചുതന്നു: സോമൻ അവതരിപ്പിക്കുന്ന കഥാപാത്രം പ്രണയകാല ഓർമകളിൽ മുഴുകി പാടുന്ന പാട്ട്. ഗാനരചനയ്ക്ക് പേവാർഡിലെ ഒരു എ.സി. മുറി തന്നെ ഡോക്ടർ പുതിയ പാട്ടെഴുത്തുകാരന് അനുവദിച്ചു; ഒപ്പം രണ്ടു കടലാസും ഒരു കൂട് സിഗരറ്റും കുടിക്കാൻ ചായയും.
'ഗുരുവായുരപ്പനെ ധ്യാനിച്ചാണ് ഞാൻ എഴുതി തുടങ്ങിയത്. ഒരു മണിക്കൂറിനകം രണ്ടു പാട്ട് റെഡി. ഇഷ്ടമുള്ള പാട്ട് ഡോക്ടർ തിരഞ്ഞെടുക്കട്ടെ എന്നായിരുന്നു എന്റെ ചിന്ത. വായിച്ചു നോക്കിയപ്പോൾ അദേഹത്തിന് രണ്ടും ബോധിച്ചു. ഒരു പാട്ട് ഈ പടത്തിൽ ഉപയോഗിക്കാം. മറ്റേതു അടുത്ത പടത്തിലാകട്ടെ. എന്തായാലും പാഴാക്കി കളയേണ്ട, ഡോക്ടർ പറഞ്ഞു. 'സിന്ദൂര'ത്തിൽ ഉപയോഗിച്ചത് 'കാഞ്ചനതാരകൾ കണ്ണുകൾ ചിമ്മി' എന്ന ഗാനം. 'രാജപരമ്പര'യിൽ 'ദേവി നിൻ ചിരിയി'ലും. വിൻസന്റ് നായകനായ 'രാജപരമ്പര'യിൽ ആ ഒരൊറ്റ പാട്ടേ അപ്പൻ തച്ചേത്തിന്റെ വകയായി ഉണ്ടായിരുന്നുള്ളൂ. മറ്റു പാട്ടുകൾ എഴുതിയത് ഭരണിക്കാവും ബിച്ചുവും. ആർ.കെ. ശേഖർ ആണ് എല്ലാ പാട്ടുകളുടെയും ഓർക്കസ്‌ട്രേഷൻ നിർവഹിച്ചതെന്നോർക്കുന്നു തച്ചേത്ത്.
എഴുതിയ രണ്ടു പാട്ടും സൂപ്പർഹിറ്റായതോടെ പുതിയ ഗാനരചയിതാവിനെ സിനിമാ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നു. 'ഒറ്റയടിക്ക് പത്തു പടത്തിനു പാട്ടെഴുതാനുള്ള ഓഫറാണ് ലഭിച്ചത്. 'ഹോമകുണ്ഡം', 'രാജാങ്കണം', 'ബീന', 'കസ്തൂരിമാൻ' തുടങ്ങിയ ചിത്രങ്ങൾ. അഞ്ചാറെണ്ണത്തിനു എഴുതി കഴിഞ്ഞപ്പോൾ അതാ ഗൾഫിൽ നിന്നൊരു വിളി. പെട്ടെന്ന് അബുദാബിയിൽ ചെല്ലണം. അവിടെ നല്ലൊരു ജോലി കാത്തിരിക്കുന്നു. ശരിക്കും ആശയക്കുഴപ്പത്തിലായ ഘട്ടം. വിദേശത്തു ജോലി ചെയ്തു കുറച്ചു പണം സമ്പാദിച്ചു ഭാവി ഭദ്രമാക്കണം എന്ന് തന്നെയായിരുന്നു വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഉപദേശം. പാട്ടെഴുത്ത് പിന്നെയും ആകാമല്ലോ.' ഐ വി ശശിയുടെ 'അലാവുദീനും അത്ഭുതവിളക്കും' ഉൾപ്പെടെ ചില പടങ്ങൾക്ക് അഡ്വാൻസ് വാങ്ങിക്കഴിഞ്ഞിരുന്നു. ആ തുക എല്ലാം മടക്കി കൊടുത്ത് മനസില്ലാമനസ്സോടെ അപ്പൻ അബുദാബിയിലേക്ക് വിമാനം കയറുന്നു.
തിരിച്ചു വന്നപ്പോഴേക്കും സിനിമ തന്നെ മാറിപ്പോയിരുന്നു. ഇടയ്ക്ക് യേശുദാസിന്റെ ആഗ്രഹ പ്രകാരം തരംഗിണിക്കുവേണ്ടി ഉമ്മറിനോടൊപ്പം 'പ്രിയേ പ്രണയിനീ' എന്നൊരു ആൽബം ചെയ്തു. പിന്നെ 'മൂക്കില്ലാ രാജ്യത്ത്' (ജെറി അമൽദേവ്), 'പുരസ്‌കാരം' (രാജാമണി) തുടങ്ങി അപൂർവം ചിത്രങ്ങൾ. 'പണ്ടെഴുതിയ സിനിമാപ്പാട്ടുകളുടെ പേരിൽ ഇപ്പോഴും എനിക്ക് ഐ.പി.ആർ.എസ്സിൽ നിന്നു വർഷത്തിൽ ഏഴായിരം രൂപയോളം റോയൽറ്റി ലഭിക്കാറുണ്ട്. ആ പാട്ടുകൾ മലയാളികൾ ഇന്നും ആസ്വദിക്കുന്നു എന്നതിന് ഇതിൽപ്പരം തെളിവ് വേണോ?', അപ്പൻ തച്ചേത്തിന്റെ ചോദ്യം.
മറ്റൊരു ഭാഗ്യം ബാബുരാജിനെ പോലെ പ്രഗത്ഭരായ സംഗീത സംവിധായകരുമൊത്തു പ്രവർത്തിക്കാൻ കഴിഞ്ഞതാണ്. 'ബാബുരാജിന്റെ അവസാന ചിത്രങ്ങളിൽ ഒന്നായിരുന്നു ഹമീദ് കാക്കശ്ശേരി സംവിധാനം ചെയ്ത 'കസ്തൂരിമാൻ'. പടം പുറത്തുവന്നത് ഏറെ കാലത്തിനു ശേഷമാണെന്ന് മാത്രം. വാണി ജയറാമും ജോളി എബ്രഹാമും പാടിയ 'രാഗങ്ങളെ മോഹങ്ങളേ മനസ്സിലെ രാഗപരാഗങ്ങളെ' എന്ന പാട്ട് ഓർമയിലുണ്ട്'. 2011 ജൂലൈ രണ്ടിന് അപ്പൻ തച്ചേത്ത് ഓർമയായി.
Content Highlights: The article recounts memories of lyricist and poet Appan Thacheth (Neelakanta Menon), including how he wrote two songs within an hour inside a pay-ward room at Dr. Balakrishnan's clinic for Sindooram (1975), directed by Jassie with music by A.T. Ummar. Both songs appealed to Dr. Balakrishnan, leading to Kanchana Tharagal Kannukal Chimmi being used in Sindooram and Devi Nin Chiriyil in Rajaparambara (1977), sung by Yesudas.
Published: 28 Nov 2026, 11:48 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented