
വീണ്ടും സാമൂഹികമാധ്യമങ്ങളിൽ വൈറലായി മാറിയ 'അന്തിമാലൈ' എന്ന പാട്ടിന്റെ അവകാശത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ നിരാശ പ്രകടിപ്പിച്ച് ഗാനരചയിതാവ് ചിറ്റൂർ ഗോപി. എ.ആർ. റഹ്‌മാന്റെ പേരിൽ ഇറങ്ങിയ ഗാനത്തിന്റെ യഥാർഥ സംഗീത സംവിധായകൻ താനാണെന്ന് ഔസേപ്പച്ചൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിലെവിടയെും 'അന്തിമാലൈ'യുടെ മലയാളം പതിപ്പായ 'തുമ്പപ്പൂവിൻ' എന്ന ഗാനത്തിന്റെ രചയിതാവായ തന്റെ പേര് പരാമർശിക്കാത്തതിലാണ് ചിറ്റൂർ ഗോപി നിരാശ പ്രകടിപ്പിച്ചത്. പിന്നാലെ, ഗാനരചയിതാവിന് മറുപടിയുമായി ഔസേപ്പച്ചനും രംഗത്തെത്തി.
'വെൽക്കം 90 എന്ന കാസറ്റ് ആൽബത്തിനുവേണ്ടി ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനങ്ങൾ അന്തിമാലൈ എന്ന പേരിൽ തമിഴിൽ പുറത്തിറങ്ങിയിരുന്നല്ലോ. ഇതിൽ സംഗീത സംവിധായകന്റെ പേര് എ.ആർ. റഹ്‌മാൻ എന്നായിരുന്നു. മലയാളം ആൽബത്തിൽ സുജാത പാടിയ തുമ്പപ്പൂവിൻ എന്നു തുടങ്ങുന്ന ഗാനം തമിഴിൽ അന്തിമാലൈ എന്ന് തുടങ്ങി എസ്. ജാനകി പാടി സൂപ്പർഹിറ്റാകുകയും ചെയ്തു. ഇതിനെച്ചൊല്ലി ഒരു വിവാദം സോഷ്യൽ മീഡിയയിൽ ഈയിടെ വീണ്ടും തലപൊക്കിയിരിക്കുകയാണ്.' ചിറ്റൂർ ഗോപി കുറിച്ചു.
'ഞാൻ ഇതെഴുതാൻ കാരണം മറ്റൊന്നുമല്ല. ഔസേപ്പച്ചനുമായുള്ള ഇന്റർവ്യൂവിലൊന്നും തുമ്പപ്പൂവിൻ എന്ന ഗാനമുൾപ്പെടെ ആൽബത്തിലെ എല്ലാ ഗാനങ്ങളും എഴുതിയിട്ടുള്ള എന്റെ പേര് ഒരിടത്തും പരാമർശിച്ചു കണ്ടില്ല. ട്യൂണിനനുസൃതമായി ഒറ്റദിവസംകൊണ്ട് പത്തുപാട്ടുകൾ എഴുതിത്തീർത്ത പാവം ഗാനരചയിതാവിനെ മറക്കാൻ പാടില്ലായിരുന്നു. മനഃപൂർവമായിരിക്കില്ല. രചയിതാവ് എന്നും മൂന്നാംകിടക്കാരനാണല്ലോ. സങ്കടംകൊണ്ട് പറഞ്ഞതാണ്. ക്ഷമിക്കുക.' അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെയ്‌സ്ബുക്കിലെ ചിറ്റൂർ ഗോപിയുടെ കുറിപ്പിന് മറുപടിയുമായി ഔസേപ്പച്ചനെത്തി. പോസ്റ്റിന്റെ കമന്റിലായിരുന്നു മറുപടി. തുമ്പപ്പൂവിൻ എന്ന പാട്ടിനെക്കുറിച്ച് താൻ പറഞ്ഞു തുടങ്ങിയതാണെങ്കിലും തീർക്കുന്നതിന് മുമ്പ് അടുത്ത ചോദ്യത്തിലേക്ക് കടക്കുകയായിരുന്നുവെന്ന് ഔസേപ്പച്ചൻ മറുപടി നൽകി. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ ചിറ്റൂർ ഗോപിയെ പരാമർശിച്ചിരുന്നതായും ഔസേപ്പച്ചൻ വ്യക്തമാക്കി. ഇതിന് കൂപ്പുകൈയുടെ ഇമോജിയായിരുന്നു ചിറ്റൂർ ഗോപിയുടെ മറുപടി.
'ഇപ്പോൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്ന അന്തിമാലൈ എന്ന തമിഴ് പാട്ടിനെക്കുറിച്ച് ചോദിച്ചാണ് എന്റെയടുത്ത് അഭിമുഖം നടത്താൻ വന്നത്. അതിന്റെ ഹിസ്റ്ററി പറയാൻ വേണ്ടി ഞാനും ചിറ്റൂർ ഗോപിയും ഒരുമിച്ചു ചെയ്ത തുമ്പപ്പൂവിൻ എന്ന ഗാനത്തെക്കുറിച്ച് ഞാൻ പറഞ്ഞുതുടങ്ങിയതുമാണ്. അഭിമുഖം പൂർണമായും ശ്രദ്ധിച്ചാൽ മനസ്സിലാകും, ഞാൻ മൊത്തം പറയുന്നതിന് മുമ്പ് തന്നെ അവർ അടുത്ത ചോദ്യത്തിലേക്ക് കടന്നു. അവർക്ക് ആവശ്യം പുതിയ ഇൻഫോർമേഷൻ ആയിരുന്നു. അല്ലാതെ ഞാൻ ഒരിക്കലും ചിറ്റൂർ ഗോപിയെ ഒഴിവാക്കിയതല്ല. ക്ലബ് എഫ്.എമ്മിൽ ഒരു മാസം മുമ്പ് നൽകിയ അഭിമുഖത്തിൽ പോലും ഞാൻ ഗോപിയുടെ കാര്യം എടുത്തുപറഞ്ഞിരുന്നു. യൂട്യൂബിൽ അതുകണ്ട് നോക്കാം.' എന്നായിരുന്നു ഔസേപ്പച്ചന്റെ മറുപടി.
Content Highlights: Lyricist Chittoor Gopi expressed disappointment over not being credited for writing Thumba Poovin, the Malayalam counterpart of the viral song Andhi Malai. The discussion follows Ouseppachan's recent revelation that he composed the track originally released under AR Rahman's name for Welcome 90. Ouseppachan responded on Facebook that interviewers moved to the next question before he could finish mentioning Chittoor Gopi and noted he had previously credited him on Club FM.
Published: 25 Nov 2026, 05:18 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented