
തുമ്മലോ ജലദോഷമോ ശ്വാസംമുട്ടലോ തുടങ്ങി രോഗമെന്തുമാവട്ടെ നമ്മള്‍ ആദ്യം ചോദിക്കുന്നത് വിക്‌സുണ്ടോ എന്നാവും അല്ലേ? നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു, ഈ നീല ഡപ്പിയിലെ വെള്ളനിറത്തിലുള്ള ഈ 'മാജിക്കല്‍ റെമഡി'. വിക്‌സ് കണ്ടുപിടിക്കപ്പെട്ട ചരിത്രം പരിശോധിക്കണമെങ്കില്‍ 130 വര്‍ഷങ്ങള്‍ പിന്നിലേക്ക് പോകേണ്ടിവരും. രോഗിയായ മകന് വേണ്ടി അമേരിക്കക്കാരനായ ലന്‍സ്‌ഫോര്‍ഡ് റിച്ചാര്‍ഡ്‌സണ്‍ എന്നൊരു ഫാര്‍മസിസ്റ്റ് വികസിപ്പിച്ച റിച്ചാര്‍ഡ്‌സണ്‍സ് ക്രൂപ്പ് ആന്റ് ന്യുമോണിയ ക്യൂര്‍ സാവ് എന്ന മരുന്ന് നമ്മളിന്ന് കാണുന്ന വിക്‌സ് വേപ്പൊറബ് ആയതിന് പിന്നില്‍ വിക്‌സ് മണമുള്ളൊരു കഥയുണ്ട്. റിച്ചാര്‍ഡ്‌സണ്‍ കണ്ടുപിടിച്ച മരുന്നിന്റെ പേരായി ഭാര്യാസഹോദരന്റെ പേര് വന്നതിന് പിന്നിലുമുണ്ടൊരു കൗതുകം നിറഞ്ഞ കാരണം.
ഫാര്‍മസിസ്റ്റ് കണ്ടുപിടിച്ച ഒറ്റമൂലി
1854ല്‍ ജോണ്‍സ്റ്റണ്‍ കൗണ്ടിയിലാണ് റിച്ചാര്‍ഡ്‌സണ്‍ ജനിച്ചത്. അമ്മയായിരുന്നു റിച്ചാര്‍ഡ്‌സണിനേയും മറ്റ് നാല് മക്കളേയും വളര്‍ത്തിയത്. ഹോര്‍ണര്‍ ആന്റ് ഗ്രേവ്‌സ് അക്കാദമിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1872ല്‍ ഡേവിഡ്‌സണ്‍ കോളേജില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. അതേവര്‍ഷം തന്നെയായിരുന്നു റിച്ചാര്‍ഡ്‌സണിന്റെ അമ്മ മരണപ്പെട്ടത്. അതോടെ നാല് സഹോദരങ്ങളെ നോക്കേണ്ട ചുമതല റിച്ചാര്‍ഡ്‌സണിനായി. അതിനാല്‍ ഡേവിഡ്‌സണ്‍ കോളേജിലെ വിദ്യാഭ്യാസത്തിനപ്പുറം പഠിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 1875ലാണ് അദ്ദേഹം ബിരുദം പൂര്‍ത്തിയാക്കിയത്. ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളില്‍ അതീവ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം പഠനത്തിലും മുന്‍പന്തിയിലായിരുന്നു. കോളേജിലെ രണ്ടാമനായാണ് റിച്ചാര്‍ഡ്‌സണ്‍ പഠിച്ചിറങ്ങിയത്. കോളേജ് പഠനത്തിന് പിന്നാലെ കംബര്‍ലാന്‍ഡ് കൗണ്ടിയിലെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പലായി റിച്ചാര്‍ഡ്‌സണ്‍ ജോലിക്ക് കയറി. എന്നാല്‍ ഏറെ താമസിയാതെ ആ ജോലി ഉപേക്ഷിച്ച് ഫാര്‍മസിസ്റ്റായി ജോലിക്ക് കയറി.
1880ല്‍ അലബാമ സെല്‍മയിലെ ഒരു ഡ്രഗ് സ്‌റ്റോര്‍ അദ്ദേഹം വിലയ്ക്ക് വാങ്ങി. പത്ത് വര്‍ഷത്തോളം അതില്‍ പ്രവര്‍ത്തിച്ചതിനുശേഷം ഗ്രീന്‍സ്‌ബോറോയിലേക്ക് മാറുകയും ജോണ്‍ ബി ഫാരിസ് എന്നൊരു പാര്‍ട്ണറുമായി ചേര്‍ന്ന് മറ്റൊരു ഡ്രഗ് സ്റ്റോര്‍ വിലയ്ക്ക് വാങ്ങുകയും ചെയ്തു. രസതന്ത്രത്തിലുള്ള തന്റെ താല്‍പര്യം പുതിയ മരുന്നുകളുടെ പരീക്ഷണത്തിലേക്കാണ് റിച്ചാര്‍ഡ്‌സണിനെ എത്തിച്ചത്. പുതിയ രീതിയിലുള്ള പല മരുന്നുകളും അദ്ദേഹം കണ്ടുപിടിച്ചു. താന്‍ വികസിപ്പിച്ച മരുന്നുകള്‍ മാര്‍ക്കറ്റിലിറക്കാനായി പിന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ. അതിനുവേണ്ടി ഡ്രഗ് സ്റ്റോര്‍ വില്‍ക്കുകയും ഒരു ഹോള്‍സെയില്‍ ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. റിച്ചാര്‍ഡ്‌സണ്‍ ഡ്രഗ് കമ്പനി എന്നായിരുന്നു ഇതിന്റെ പേര്. എന്നാല്‍ ഓഹരി ഉടമകളുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഈ ബിസിനസ്സും അവസാനിപ്പിച്ചു. പക്ഷേ, താന്‍ കണ്ടുപിടിച്ച 21 മരുന്നുകളുടെ പാറ്റന്റ് അദ്ദേഹം നേടിയെടുക്കുകയും 1898ല്‍ വിക്‌സ് ഫാമിലി റെമഡീസ് കമ്പനി എന്ന പുതിയ ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. അതിനിടെ റിച്ചാര്‍ഡ്‌സണ്‍ തന്റെ ഭാര്യാസഹോദരനും ഡോക്ടറുമായിരുന്ന ജോഷ്വായുടെ ഫാര്‍മസി ഏറ്റെടുത്ത് നടത്താനാരംഭിച്ചിരുന്നു.
Read More: ആയിരംവട്ടം പരാജയപ്പെട്ട 60കാരന്റെ ബിസിനസ് ഐഡിയ,'മോഷ്ടിച്ച മസാലക്കൂട്ട്' നാവ് കീഴടക്കിയതെങ്ങനെ ?'

ബെന്‍ ഗേയില്‍ നിന്ന് വിക്‌സിലേക്ക്
അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ഗ്രീന്‍സ്‌ബോറയിലായിരുന്നു റിച്ചാര്‍ഡ്‌സണിന്റെ മെഡിക്കല്‍ സ്‌റ്റോര്‍ പ്രവര്‍ത്തിച്ചിരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമടങ്ങുന്ന തന്റെ ആളുകള്‍ക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ച് നല്‍കലായിരുന്നു റിച്ചാര്‍ഡ്‌സണിന്റെ പ്രധാനചുമതല. ഒപ്പം തന്റേതായ രീതിയില്‍ ചില മരുന്നു ഗവേഷണവും ചെയ്തു. ഇങ്ങനെയൊരു പരീക്ഷണത്തിലാണ് വിക്‌സും കണ്ടുപിടിക്കപ്പെട്ടത്.
സത്യത്തില്‍ റിച്ചാര്‍ഡ്‌സണ്‍ ഈ പുതിയ മരുന്നുണ്ടാക്കിയത് തന്റെ മകന് വേണ്ടിയായിരുന്നു. അതിരൂക്ഷമായ ചുമയും ശ്വാസംമുട്ടലുകൊണ്ട് ഇളയ മകനായ സ്മിത്ത് റിച്ചാര്‍ഡ്‌സണ്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. പുതിയ മരുന്ന് ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മകന് ആശ്വാസം തോന്നിയതോടെ ഈ മരുന്ന് കൂടുതലായി നിര്‍മിച്ചാലോ എന്ന് റിച്ചാര്‍ഡ്‌സണ്‍ ആലോചിച്ചു. അങ്ങനെ റിച്ചാര്‍ഡ്‌സണ്‍ വിക്‌സ് ഉത്പാദനം കൂട്ടി. തന്റെ ഫാര്‍മസിയിലൂടെ തന്നെ വില്‍പനയും നടത്തി.
യഥാര്‍ഥത്തില്‍ ബെന്‍ ഗേ (Ben-Gay) എന്ന മറ്റൊരു മരുന്നില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിക്‌സ് നിര്‍മിക്കപ്പെട്ടത്. ജൂല്‍സ് ബെങ്കി എന്നൊരു ഫാര്‍മസിസ്റ്റായിരുന്നു സന്ധിവാദം, ഞരമ്പുകളെ ബാധിക്കുന്ന ന്യൂറാള്‍ജിയ, രക്തവാദം തുടങ്ങിയ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന, മെന്തോള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മരുന്നായ ബെന്‍ ഗേ ആദ്യമായി നിര്‍മിച്ചത്. റിച്ചാര്‍ഡ്‌സണ്‍ തന്റെ ഫാര്‍മസിയിലൂടെ ഇത് വില്‍പന നടത്തിയിരുന്നു. എന്നാല്‍, ഈ അസുഖങ്ങള്‍ക്ക് മാത്രമല്ല, സൈനസ്, ജലദോഷം പോലെയുള്ള പ്രശ്‌നങ്ങളും ഭേദപ്പെട്ടതായി ഇതുപയോഗിച്ചവര്‍ പറഞ്ഞതോടെയാണ് ബെന്‍ ഗേ മരുന്നിന്റെ പുതിയ സാധ്യതയെ കുറിച്ച് റിച്ചാര്‍ഡ്‌സണ്‍ ആലോചിച്ചുതുടങ്ങിയത്. അങ്ങനെ പെട്രോളിയം ജെല്ലിയില്‍ ബെന്‍ ഗേ മരുന്ന് ചേര്‍ത്ത് റിച്ചാര്‍ഡ്‌സണ്‍ പുതിയൊരു മരുന്നിന് രൂപം നല്‍കുകയായിരുന്നു. റിച്ചാര്‍ഡ്‌സണ്‍സ് ക്രൂപ്പ് ആന്റ് ന്യുമോണിയ ക്യൂര്‍ സാവ് (Richardson's Magic Croup and Pneumonia Cure Salve) എന്നായിരുന്നു അദ്ദേഹം ഇതിനിട്ട പേര്. 1894ലാണ് റിച്ചാര്‍ഡ്‌സണ്‍ ആദ്യമായി വിക്‌സ് വില്‍പന നടത്തിയത്.

| Photo: Vicks official
പുതിയ മരുന്നിന് ഭാര്യാസഹോദരന്റെ പേര് വന്ന വഴി
റിച്ചാര്‍ഡ്‌സണ്‍സ് ക്രൂപ്പ് ആന്റ് ന്യുമോണിയ ക്യൂര്‍ സാവ് എന്ന പേര് റിച്ചാര്‍ഡ്‌സണ്‍ പിന്നീട് മാറ്റി വിക്‌സ് മാജിക് സാവ് എന്നാക്കിയിരുന്നു. ഈ പേര് വന്നതിന് പിന്നിലും ഒരു ചരിത്രമുണ്ട്. റിച്ചാര്‍ഡ്‌സണിന്റെ ഭാര്യാസഹോദരനായ ഡോ. ജോഷ്വ വിക്കിന്റെ പേരില്‍ നിന്നായിരുന്നു വിക്‌സ് മാജിക് സാവ് എന്ന പേരുണ്ടായത്. ഡോക്ടറായിരുന്ന ജോഷ്വ വിക്കിന്റെ സഹായത്തോടെയായിരുന്നു റിച്ചാര്‍ഡ്‌സണ്ണിന് മരുന്നുപരീക്ഷണത്തിനായി ഒരു പരീക്ഷണലാബില്‍ പ്രവേശനം ലഭിച്ചത്. ഇതിനുള്ള നന്ദിസൂചകമായാണ് റിച്ചാര്‍ഡ്‌സണ്‍ മരുന്നിന് വിക്‌സ് എന്ന പേര് നല്‍കിയത്.
1907ലാണ് സ്മിച്ച് റിച്ചാര്‍ഡ്‌സണ്‍ പിതാവിന്റെ ബിസിനസ്സിലേക്ക് ചേര്‍ന്നത്. സെയില്‍സ് മാനേജറായിട്ടായിരുന്നു തുടക്കം. ജോലിയില്‍ കയറി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സ്മിത്ത് വലിയ മാറ്റങ്ങള്‍ കമ്പനിയില്‍ കൊണ്ടുവന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു കമ്പനി പുറത്തിറക്കുന്ന മരുന്നിന്റെ പേരുമാറ്റം. 1911ലാണ് ഈ മരുന്ന് നമ്മളിന്ന് അറിയുന്ന വിക്‌സ് വേപ്പൊറബ് എന്ന പേരിലേക്കെത്തിയത്. പേര് മാത്രമല്ല, നമ്മളിന്ന് കാണുന്ന നീല ഡപ്പിയിലേക്ക് വിക്‌സ് മാറിയതും ഇതേകാലത്താണ്. പിന്നീട് വെറും അഞ്ച് വര്‍ഷം കൊണ്ടാണ് ഒരൊറ്റ ഉത്പന്നത്തിലൂടെ വിക്‌സ് കമ്പനിയുടെ പേരും പ്രശസ്തിയും വളര്‍ന്നത്.
നിര്‍ഭാഗ്യവശാല്‍ കമ്പനിയുടെ ഈ വളര്‍ച്ച കാണാന്‍ റിച്ചാര്‍ഡ്‌സണ്‍ ഉണ്ടായിരുന്നില്ല. 1919ലായിരുന്നു റിച്ചാര്‍ഡ്‌സണ്‍ മരണപ്പെട്ടത്. 1919 ഓഗസ്റ്റിൽ പനി മൂര്‍ച്ഛിച്ചാണ് റിച്ചാര്‍ഡ്‌സണ്‍ മരണപ്പെട്ടത്. കോളേജില്‍ തന്റെ സഹപാഠിയായിരുന്ന ഹെന്റി ലൂയിസ് സ്മിത്തിന്റെ സഹോദരി ലിന്‍ സ്മിത്തിനെയായിരുന്നു അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവര്‍ക്കും അഞ്ച് കുട്ടികളാണുള്ളത്. ഏറ്റവും ഇളയവനായിരുന്നു സ്മിത്ത് റിച്ചാര്‍ഡ്‌സണ്‍. പിതാവിന്റെ മരണത്തിന് പിന്നാലെ സ്മിത്ത് കമ്പനിയുടെ നേതൃനിരയിലേക്കെത്തി. റിച്ചാര്‍ഡ്‌സണിനോടുള്ള ആദരസൂചകമായി രണ്ടാം ലോകമഹായുദ്ധകാലത്ത് ലിബര്‍ട്ടി ഷിപ്പിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു.
Read More at: ദരിദ്രനായ യുവാവ് നിര്‍മിച്ച ലോകത്തിലെ ഏറ്റവും വിലയുള്ള ആഡംബര കാര്‍; റോള്‍സ് റോയ്സിന്‍റെ കഥ

പകര്‍ച്ചവ്യാധിയില്‍ നിന്ന് ലാഭമുണ്ടാക്കിയ വിക്‌സ്
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ച പകര്‍ച്ചവ്യാധികളിലൊന്നായിരുന്നു 1918-19 കാലത്തെ ഇന്‍ഫ്‌ളുവന്‍സ് വ്യാധി. സ്പാനിഷ് ഫ്‌ളു എന്നറിയപ്പെട്ടിരുന്ന രോഗം യൂറോപ്പിലുള്‍പ്പെടെ 500 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. അന്ന് ലോകത്തെ ആകെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തോളം വരുന്ന സംഖ്യയായിരുന്നു ഇത്. ഗുരുതരമായി പടര്‍ന്ന സ്പാനിഷ് ഫ്‌ളു 50 ദശലക്ഷം പേരുടെ ജീവനാണ് കവര്‍ന്നത്. ഒന്നാം ലോകമഹായുദ്ധത്തില്‍ മരണപ്പെട്ട ആളുകളുടെ എണ്ണത്തേക്കാള്‍ കൂടുതലായിരുന്നു ഇത്. ലോകത്ത് സീസണല്‍ ഇന്‍ഫ്‌ളുവന്‍സയോടനുബന്ധിച്ച ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് പ്രതിവര്‍ഷം 2.9 ലക്ഷം മുതല്‍ 6.4 ലക്ഷം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് യു.എസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്‍ഫ്‌ളുവന്‍സയില്‍ നിന്ന് ആശ്വാസം നേടാനായി ആളുകള്‍ പലതരത്തിലുള്ള പ്രതിവിധികള്‍ പരീക്ഷിച്ചിരുന്നു. കര്‍പ്പൂരമായിരുന്നു ഇതില്‍ പ്രധാനം. മരത്തില്‍ നിന്ന് ശേഖരിക്കുന്ന കര്‍പ്പൂരം ആളുകള്‍ ചെറിയ തുകല്‍സഞ്ചികളിലിട്ട് കഴുത്തില്‍ തൂക്കി നടക്കുന്നത് അക്കാലത്തെ പതിവ് കാഴ്ചയായിരുന്നു. വൈറസിനെ അകറ്റുക എന്നതായിരുന്നു ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്യമിട്ടിരുന്നത്. രോഗം ബാധിച്ചവരുടെ കൈയിലും കാലിലും ഡോക്ടര്‍മാര്‍ കര്‍പ്പൂരത്തിന്റെ നീര് കുത്തിവെയ്ക്കുക പോലും ചെയ്തിട്ടുണ്ടെന്നാണ് ചരിത്രരേഖകളിലും പറയുന്നത്.

ഇന്‍ഫ്ളുവന്‍സയെ ചികിത്സിക്കാന്‍ കര്‍പ്പൂരത്തെ പ്രധാനപ്പെട്ട ചികിത്സോപാധിയാക്കി മാറ്റിയ അതേകാലത്താണ് വിക്‌സിനും പ്രചാരം ലഭിക്കുന്നത്. കര്‍പ്പൂരമടങ്ങിയ വിക്‌സ് ആളുകള്‍ വലിയ തോതില്‍ വാങ്ങി ഉപയോഗിക്കാനാരംഭിച്ചു. ഇത് വിക്‌സിന്റെ വിറ്റുവരവിലും പ്രതിഫലിച്ചു. ഇന്‍ഫ്‌ളുവന്‍സ പകര്‍ച്ചവ്യാധിയായി പടര്‍ന്ന കാലത്ത് ആറ് പരസ്യങ്ങളാണ് വിക്‌സ് പുറത്തിറക്കിയിരുന്നത്. സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് മുതല്‍ വിക്‌സ് ഉപയോഗിച്ച് എങ്ങനെ രോഗതീവ്രത കുറയ്ക്കാമെന്ന് വരെയുള്ള വിശദമായ വിവരങ്ങള്‍ അടങ്ങുന്നതായിരുന്നു പരസ്യങ്ങളെല്ലാം. ഇതോടെയാണ് വിക്‌സിന്റെ വിറ്റുവരവില്‍ വന്‍കുതിപ്പുണ്ടായത്. 900000 ഡോളര്‍ വില്‍പനയില്‍ നിന്നാണ് വിക്‌സ് കമ്പനി 2.0 മില്ല്യണ്‍ ഡോളറിലേക്ക് കുതിച്ചുയര്‍ന്നത്. വിക്‌സിനുണ്ടായ വന്‍ ഡിമാന്‍ഡ് നേരിടാന്‍ രാത്രിയും പകലും കമ്പനി ജീവനക്കാര്‍ ജോലി ചെയ്യുകയായിരുന്നു.

വിക്‌സ് യാത്രയുടെ നാള്‍വഴി
1894-വിക്‌സ് ക്രൂപ്പ് ആന്റ് ന്യൂമോണി സാവിന്റെ ആദ്യ വില്‍പന
1898-റിച്ചാര്‍ഡ്‌സണ്‍ വിക്‌സ് ഫാമിലി റെമഡീസ് കമ്പനി എന്ന പേരില്‍ കമ്പനി സ്ഥാപിക്കുന്നു
1911- റിച്ചാര്‍ഡ്‌സണ്‍ കണ്ടുപിടിച്ച മരുന്നിന് വിക്‌സ് വേപ്പൊറബ് എന്ന് പേരിട്ടു.
1931-വിക്‌സില്‍ നിന്ന് ചുമയ്ക്കുള്ള മരുന്ന് പുറത്തിറങ്ങി
1941- ഇന്‍ഹേലര്‍ രൂപത്തിലുള്ള വിക്‌സ് പുറത്തിറങ്ങി. പോക്കറ്റില്‍ കൊണ്ടുനടക്കാന്‍ പറ്റുന്ന തരത്തിലുള്ള ഇന്‍ഹേലര്‍ വിക്‌സിന് മികച്ച പ്രതികരണമാണ് ആളുകളുടെ ഭാഗത്തുനിന്നും ലഭിച്ചത്.
1951- വിക്‌സ് അവരുടെ ആദ്യത്തെ കഫ് സിറപ്പ് പുറത്തിറക്കി.
1956- വിക്‌സിന്റെ അടുത്ത കഫ് സിറപ്പായ ഫോര്‍മുല 44 പുറത്തിറങ്ങി
1959- സൈനക്‌സ് നേസല്‍ സ്പ്രേ അവതരിപ്പിച്ചു. മൂക്കടപ്പിന് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു ഈ സ്‌പ്രേ.
1960- ഈ വര്‍ഷമാണ് വിക്‌സ് ചുവന്ന ത്രികോണത്തിനുള്ള വെളുത്ത നിറത്തോട് കൂടിയുള്ള അവരുടെ ലോഗോ പുറത്തിറക്കിയത്.
1966- രാത്രിയിലെ ശാന്തതയ്ക്ക് എന്ന പരസ്യവാചകത്തോടെ വിക്‌സ് നൈക്വില്‍ പുറത്തിറങ്ങി.
1976- രാത്രിയില്‍ അനുഭവപ്പെടുന്ന ജലദോഷത്തിന് കൂടുതല്‍ ഫലപ്രദമെന്ന അവകാശവാദത്തോടെ വിക്‌സ് ഡേ കെയര്‍ അവതരിപ്പിക്കപ്പെട്ടു.
1988- കുട്ടികള്‍ക്ക് വേണ്ടിയുള്ള നൈക്വില്‍ പുറത്തിറങ്ങി

1991- വിഴുങ്ങാന്‍ പറ്റുന്ന രൂപത്തിലുള്ള കാപ്‌സ്യൂളുകള്‍ പുറത്തിറങ്ങി. ഡേക്വില്‍ ലിക്വിക്യാപ്‌സ് എന്നായിരുന്നു ഇതിന്റെ പേര്.
1993- വിക്‌സ് അവരുടെ പുതിയ ലോഗോ അവതരിപ്പിച്ചു. ചുവന്ന ത്രികോണത്തിലുള്ള പഴയ ലോഗോയില്‍ വളരെ ചെറിയ വ്യത്യാസങ്ങള്‍ വരുത്തിക്കൊണ്ടായിരുന്നു പുതിയ ലോഗോ.
1994- വിക്‌സിന്റെ പുതിയ ലോഗോ പുറത്തിറക്കി. നീലയും പച്ചയും നിറത്തിലുള്ള ത്രികോണത്തില്‍ വിക്‌സ് എന്ന പേരോട് കൂടിയതായിരുന്നു പുതിയ ലോഗോ. 30 വര്‍ഷമായി ഈ ലോഗോയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
2004- കുട്ടികള്‍ക്ക് വേണ്ടിയുള്ള ബേബി റബ് പുറത്തിറക്കി.
2012-ഉറക്കക്കുറവിനെ പരിഹരിക്കാനായി വിക്‌സ് സ്‌ക്വില്‍ എന്ന പേരില്‍ ക്യാപ്‌സൂള്‍ പുറത്തിറക്കി. ഒരു ഘട്ടത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഉറക്കസഹായി ആയി പോലും സ്‌ക്വില്‍ മാറി.
2013- കടുത്ത ജലദോഷം, ചുമ എന്നിവയ്ക്ക് ആശ്വാസം നല്‍കുമെന്ന അവകാശവാദത്തോടെ വിക്‌സിന്റെ ഡേക്വില്‍ സിവിയര്‍ പുറത്തിറങ്ങി.
2018- തൊണ്ട വേദനയടക്കമുള്ള ഗുരുതരമായ അസ്വസ്ഥതകള്‍ക്ക് ആശ്വാസം നല്‍കാനായി വാപോകൂള്‍ എന്ന സ്‌പ്രേ അവതരിപ്പിച്ചു.
2019- വിക്‌സ് വേപ്പൊറബിന്റെ 125-ാം വാര്‍ഷികാഘോഷം
Read More ചേട്ടനുണ്ടാക്കിയ 'പ്യൂമ', അനിയനുണ്ടാക്കിയ 'അഡിഡാസ്'; കുടുംബവഴക്കില്‍ വളര്‍ന്ന ഭീമന്‍ ബ്രാന്‍ഡുകള്‍
1917കളോടെ വിക്‌സ് പുതിയ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ പരീക്ഷിച്ചുനോക്കാന്‍ ആരംഭിച്ചിരുന്നു. ലോകത്തെമ്പാടുമുള്ള ആളുകള്‍ വിക്‌സിന്റെ ഗന്ധവും ആശ്വാസവും അനുഭവിച്ചറിയണണെന്ന് കമ്പനി ആഗ്രഹിച്ചിരുന്നു. അതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു 'അജ്ഞാത കൊറിയറുകള്‍'. അന്ന് അമേരിക്കയില്‍ ഫ്രം അഡ്രസ്സില്ലാതെ കത്തയക്കാന്‍ യു.എസ് പോസ്റ്റല്‍ വകുപ്പ് അനുമതി നല്‍കിയിരുന്നു. ഈ അവസരം മുതലെടുത്ത് വിക്‌സ് ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും തങ്ങളുടെ സാമ്പിളുകള്‍ അയച്ചുനല്‍കി. ഇതിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വിക്‌സ് പണം കൊടുത്ത് വാങ്ങുന്നതിന് മുന്‍പ് ഉപയോഗിക്കാനുള്ള അവസരം ലഭിച്ചു. സാംപിള്‍ വിക്‌സ് ഉപയോഗിച്ച് സംതൃപ്തരായവര്‍ വിലകൊടുത്ത് വാങ്ങാന്‍ തയ്യാറാവുകയും ചെയ്തു. ഇത് കമ്പനിക്ക് വലിയ നേട്ടമാണുണ്ടാക്കിയത്.
1964ലാണ് ഇന്ത്യയില്‍ വിക്‌സ് അവതരിപ്പിക്കപ്പെട്ടത്. റിച്ചാര്‍ഡ്‌സണ്‍ ഹിന്ദുസ്ഥാന്‍ ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു ഉടമസ്ഥത. പബ്ലിക് ലിമിറ്റഡ് കമ്പനിയായിരുന്ന ഇവര്‍ക്ക് അക്കാലത്ത് പതിനായിരത്തോളെ ഓഹരി ഉടമകളായിരുന്നു ഉണ്ടായിരുന്നത്. 1985ലാണ് റിച്ചാര്‍ഡ്‌സണ്‍-വിക്‌സ് ഇന്‍കോര്‍പ്പറേഷന്‍ എന്ന കമ്പനിയെ പ്രൊക്ടെര്‍ ആന്റ് ഗാമ്പിള്‍ എന്ന കമ്പനി ഏറ്റെടുത്തത്. കാസ് ഇന്‍കോര്‍പറേറ്റഡ് എന്ന ഹെല്‍ത്ത് കെയര്‍ കമ്പനിയും പിന്നീട് വിക്‌സിന്റെ ഉടമസ്ഥതയിലേക്കെത്തി. ഇന്ന് ഇവരാണ് വിക്‌സിന്റെ ഉടമസ്ഥര്‍. വിക്‌സിനെ കൂടാതെ സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡായ വിസ്‌പേര്‍സ്, ബേബി നാപ്കിന്‍ ബ്രാന്‍ഡായ പാംപേര്‍സ്, ഡിറ്റര്‍ജന്റ് പൗഡറുകളായ ഏരിയല്‍, ടൈഡ്, റേസര്‍ ഗില്ലെറ്റ്, ഹെഡ് ആന്റ് ഷോള്‍ഡേഴ്‌സ് ഷാംപൂ, ഹെര്‍ബല്‍ എസ്സന്‍സ്, ആംബി പ്യുര്‍, ഓറല്‍ ബി എന്നിവയെല്ലാം പ്രൊക്ടെര്‍ ആന്റ് ഗാമ്പിള്‍ കമ്പനിയുടെ മറ്റ് ബ്രാന്‍ഡുകളാണ്.
2023ലെ കണക്കുകള്‍ പ്രകാരം 862.63 കോടിയാണ് വിക്‌സിന്റെ പ്രതിവര്‍ഷ വരുമാനം. 2022നേക്കാല്‍ 18 ശതമാനം വളര്‍ച്ചയാണ് 2023ല്‍ കമ്പനി രേഖപ്പെടുത്തിയത്. പത്തോളം ബ്രാന്‍ഡുകളിലായി 86 ഉത്പന്നങ്ങളാണ് വിക്‌സ് പുറത്തിറക്കുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, മെക്‌സിക്കോ, ചൈന, യുഎസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ വിക്‌സ് വില്‍പന നടക്കുന്ന രാജ്യങ്ങള്‍. ഇന്ത്യയുള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളില്‍ കമ്പനിയുടെ നിര്‍മാണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പല അസുഖങ്ങള്‍ക്കുള്ള ഒറ്റമൂലി എന്ന ഖ്യാതി കേട്ട മരുന്നാണ് വിക്‌സ് എങ്കിലും വടക്കേ അമേരിക്കയിലുള്‍പ്പെടെ പല യൂറോപ്യന്‍ രാജ്യങ്ങളിലും വിക്‌സിന് നിരോധനമുണ്ട്. വിക്‌സ് പുറത്തിറക്കിയ വിക്‌സ് ആക്ഷന്‍ 500ന് ഇന്ത്യയും നിരോധനമേര്‍പ്പെടുത്തിയിരുന്നു.
യൂറോ കപ്പിലും താരം
ഫുട്‌ബോള്‍ കളിക്കാരായ താരങ്ങള്‍ ഇടയ്ക്കിടെ ധരിച്ച ജേഴ്‌സി മേലേക്ക് പൊക്കി മണത്തുനോക്കുന്നത് കണ്ടിട്ടുണ്ടോ? മുഖത്തെ വിയര്‍പ്പ് തുടക്കാലായിരിക്കും ഇതെന്നാണ് മിക്കവരും കരുതുന്നുണ്ടാവുക. എന്നാല്‍ വസ്ത്രത്തിലോ നെഞ്ചിന്റെ ഭാഗത്തോ പുരട്ടിയ വിക്‌സ് മൂക്കിലൂടെ വലിച്ചെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത് എന്നാണ് അതിന്റെ യാഥാര്‍ഥ്യം. എന്തിനാണ് കളിക്കാന്‍ ഇങ്ങനെ ചെയ്യുന്നത്? കായികാധ്വാനമേറിയ കളികള്‍ക്കിടെ ഇത്തരത്തില്‍ വിക്‌സ് ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിന്റെ പ്രകടനവും ശരീരത്തിലേക്കുള്ള വായുസഞ്ചാരം മെച്ചപ്പെടുകയും ചെയ്യുമെന്നാണ് ഇതിന്റെ ശാസ്ത്രീയ വിശദീകരണം. മെന്തോള്‍ അടങ്ങിയ വിക്‌സ് കൂളിങ് എഫക്ട് നല്‍കുകയും കടുത്ത കായികാധ്വാനത്തിന് ശേഷം കളിക്കാര്‍ക്ക് എളുപ്പത്തില്‍ ശ്വസിക്കാന്‍ സഹായിക്കുകയും ചെയ്യും. ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെയാണ് താരങ്ങള്‍ ഈ രീതി പിന്തുടരുന്നത്. വിക്‌സ് നെഞ്ചില്‍ പുരട്ടുമ്പോള്‍ നാസികാദ്വാരങ്ങൾ തുറന്ന്, അകത്തേക്കുള്ള വായുസഞ്ചാരം മെച്ചപ്പെടും. കളിക്കളത്തില്‍ സ്റ്റാമിനയും പ്രകടനവും നിലനിര്‍ത്തുന്നതിന് ഇത് കളിക്കാരെ സഹായിക്കുകയും ചെയ്യും.

പൂര്‍ണമായും ഒരു ആയുര്‍വേദ മരുന്നാണ് വിക്‌സ് വേപോറബ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മെന്തോള്‍, കര്‍പ്പൂരം, തൈമോള്‍, ടര്‍പെന്റൈന്‍, യൂക്കാലിപ്റ്റ്‌സ്, ജാതിക്ക, എസന്‍ഷ്യല്‍ ഓയില്‍ എന്നിവ ചേര്‍ത്താണ് വിക്‌സ് നിര്‍മിക്കുന്നത്. വിക്‌സ് എന്നാല്‍ നമുക്ക് കേവലമൊരു മരുന്ന് മാത്രമല്ല, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഏത് വീട്ടിലും കാണാനാവുന്ന ഒറ്റമൂലി കൂടിയായിരിക്കുന്നു. സ്ഥാപിക്കപ്പെട്ട നാള്‍ മുതല്‍ ജലദോഷം, ചുമ, തുമ്മല്‍, ശ്വാസംമുട്ടല്‍ പോലെയുള്ള ശാരീരിക അസ്വസ്ഥതകളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ഒരു വന്‍നിര ഉത്പന്നങ്ങള്‍ തന്നെ വിക്‌സ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഒരു വിക്‌സ് ഉത്പന്നം പോലുമില്ലാത്ത വീടുകള്‍ ലോകത്ത് ഇല്ലെന്ന് തന്നെ പറയുന്ന തരത്തിലേക്ക് ഇന്ന് വിക്‌സ് കമ്പനി വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ വിക്‌സിന് മേല്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസവും, ഉപയോഗിക്കുന്നവര്‍ക്ക് വിക്‌സ് നല്‍കുന്ന ഫലവുമാണെന്നത് തീര്‍ച്ചയാണ്.
References
Content Highlights: vicks vaporub history vicks brand story
Published: 02 Aug 2024, 12:30 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented