ആളുകള്‍ റിട്ടയര്‍മെന്റിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന പ്രായത്തില്‍ ഒരു അറുപത് വയസ്സുകാരന്‍ കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യമുണ്ട്. ഭക്ഷണം എങ്ങനെ കഴിക്കണമെന്ന് കുട്ടികള്‍ പഠിച്ചു തുടങ്ങുന്ന കാലത്ത് പാചകം പഠിച്ച, അഞ്ചാം വയസ്സില്‍ രണ്ട് സഹോദരങ്ങളുടെ രക്ഷകര്‍ത്താവായ, ദാരിദ്ര്യം മാത്രം ഉണ്ടായിരുന്നിടത്ത് നിന്ന് കെ.എഫ്.സി. എന്ന ലോകോത്തര ബ്രാന്‍ഡിന്റെ സ്രഷ്ടാവായ കേണല്‍ ഹര്‍ലന്റ് സാന്‍ഡേഴ്‌സ് ആണത്. സ്വന്തമായി കണ്ടുപിടിച്ച റെസിപ്പി ലോകത്തെ അറിയിക്കാനുള്ള ശ്രമത്തിനിടെ 1009 തവണ പരാജയപ്പെട്ട കേണല്‍ വിജയങ്ങളെ ഒപ്പംകൂട്ടിയ കഥ സംഭവബഹുലമാണ്. ഇന്ന് ലോകത്തെ ഏറ്റവും വലിയ റെസ്റ്റോറന്റ് ചെയിനുകളിലൊന്നാണ് കെ.എഫ്.സി. ലോകത്തെ 41,000 ഔട്ട്‌ലെറ്റുകളിലായി പടര്‍ന്നുകിടക്കുന്ന ലോകോത്തര ബ്രാന്‍ഡായി കെ.എഫ്.സി. വളര്‍ന്നതിന് പിന്നില്‍ കേണല്‍ എന്ന് പലരും ഓമനപ്പേരിട്ട് വിളിച്ച സാന്‍ഡേഴ്‌സിന്റെ രഹസ്യക്കൂട്ടാണ്. പകരംവെയ്ക്കാനില്ലാത്ത ആ രുചി തന്നെയായിരുന്നു കെ.എഫ്.സിയുടെ വിജയവും. 

To advertise here,

1890-ലാണ് ഹര്‍ലന്റ് സാന്‍ഡേഴ്‌സ് ജനിച്ചത്. ഇന്ത്യാനയിലെ ഹെന്റിവില്ലിയിലെ ഫാം ഹൗസിന് പുറത്തെ ചെറിയ വീട്ടിലായിരുന്നു സാന്‍ഡേഴ്‌സിന്റെ കുടുംബം കഴിഞ്ഞിരുന്നത്. അവനെ കൂടാതെ രണ്ട് അനുജന്മാര്‍ കൂടി വീട്ടിലുണ്ടായിരുന്നു. അങ്ങനെ ജീവിച്ചുവരികെയാണ് 1895ല്‍, സാന്‍ഡേഴ്‌സിന് വെറും അഞ്ച് വയസ്സുള്ളപ്പോള്‍  പിതാവ് മരണപ്പെട്ടത്. അതോടെ കുടുംബം പുലര്‍ത്താന്‍ സാന്‍ഡേഴ്‌സിന്റെ അമ്മ ജോലിക്കിറങ്ങി. ഭക്ഷണം പാക്ക് ചെയ്യുന്ന കാനുകള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലായിരുന്നു ജോലി. അമ്മ കാനിങ് പ്ലാന്റില്‍ ജോലിക്ക് പോകുമ്പോള്‍ അഞ്ചു വയസ്സുകാരന്‍ സാന്‍ഡേഴ്‌സ് രണ്ട് സഹോദരങ്ങളേയും നോക്കി വീട്ടിലിരിക്കും. അതിനാല്‍ വിദ്യാഭ്യാസം തുടക്കത്തിലേ അവസാനിപ്പിക്കേണ്ടിവന്നു. പ്രായത്തില്‍ നന്നേ ചെറുതാണെങ്കിലും വീട്ടിലെ മൂത്ത കുട്ടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും അന്നേ സാന്‍ഡേഴ്‌സിനുണ്ടായിരുന്നു. ഏഴ് വയസ്സില്‍ തന്നെ അമ്മ അവനെ പാചകം ചെയ്യാനും വീട്ടുജോലികള്‍ ചെയ്യാനുമൊക്കെ പഠിപ്പിച്ചു. പത്ത് വയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ ഇരുപതുകാരന്റെ ചുമതലകള്‍ അവനിലേക്കെത്തി. 

placeholder
കേണലിന്‍റെ കുട്ടിക്കാലത്തെ ചിത്രം | Photo: KFC
കേണലിന്‍റെ കുട്ടിക്കാലത്തെ ചിത്രം | Photo: KFC

പതിമൂന്നാമത്തെ വയസ്സില്‍ സാന്‍ഡേഴ്‌സ് ജോലി തേടിയിറങ്ങി. ജോലിക്ക് വേണ്ടി ഒരുപാട് അന്വേഷിച്ചു നടന്നു. ഒരു ഘട്ടത്തില്‍ യു.എസ്. ആര്‍മിയില്‍ സെലക്ഷന്‍ കിട്ടിയിരുന്നെങ്കിലും അവസാനനിമിഷം പേര് തള്ളിപ്പോയി. പിന്നീട് ഇന്‍ഷുറന്‍സ് ഏജന്റായും റെയില്‍വേ തൊഴിലാളിയായും ബോട്ട് അസിസ്റ്റന്റായുമെല്ലാമാണ് സാന്‍ഡേഴ്‌സ് ജോലി ചെയ്തിരുന്നത്. പലയിടത്തും അവന് പിടിച്ചുനില്‍ക്കാനായില്ല, ചില മുതലാളിമാര്‍ അവനെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടു, ചിലത് അവന്‍ സ്വമേധയാ ഒഴിഞ്ഞു. പലവിധ ബിസിനസ്സുകള്‍ ചെയ്യാന്‍ നോക്കി, ചിലത് വിജയിച്ചു. ചിലത് പരാജയപ്പെട്ടു. അവസാനശ്രമമെന്ന നിലയിലാണ് 1930-ല്‍ അമേരിക്കയിലെ കെന്റകിക്ക് സമീപത്തുള്ള യു.എസ്. റൂട്ട് 25-ന്റെ ഒരു ഭാഗത്തുള്ള ഓയില്‍ ആന്റ് ഗ്യാസ് ഫില്ലിങ് സ്റ്റേഷന്‍ അദ്ദേഹം വിലയ്ക്കു വാങ്ങിയത്. അപ്പോഴേക്കും സാന്‍ഡേഴ്‌സിന് പ്രായം 40 കഴിഞ്ഞിരുന്നു. 

placeholder
Photo: Getty Images
കേണല്‍ ഹര്‍ലന്റ് സാന്‍ഡേഴ്‌സ് | Photo: Getty Images

ഗ്യാസ് സ്റ്റേഷനിലെ സര്‍വീസിനൊപ്പം സ്റ്റേഷനിലെ സ്റ്റോ ര്‍റൂമിനെ ഒരു ചെറിയ ഈറ്ററി റൂമാക്കി മാറ്റുകയും സ്റ്റീക്കുകളും ഹാമുകളും ബര്‍ഗറുകളും ഉണ്ടാക്കി വില്‍ക്കുകയും ചെയ്തു സാന്‍ഡേഴ്‌സ്. ആകെ രണ്ട് ടേബിളുകള്‍ മാത്രമായിരുന്നു സാന്‍ഡേഴ്‌സിന്റെ ഈറ്ററിയില്‍ ഉണ്ടായിരുന്നത്. എങ്കിലും ഓയിലും ഗ്യാസും നിറയ്ക്കാനായി സ്‌റ്റേഷനില്‍ കയറുന്നവര്‍ ഈ ഈറ്ററിയിലെത്തി സാന്‍ഡേഴ്‌സിന്റെ കൈപ്പുണ്യം രുചിച്ചിരുന്നു. ഈറ്ററി യൂണിറ്റ് തരക്കേടില്ലാതെ മുന്നോട്ടുപോയി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം റോഡിന്റെ മറുഭാഗത്തുള്ള പ്യുവര്‍ ഓയിലിന്റെ ഫില്ലിങ് സ്റ്റേഷനും അദ്ദേഹം ലീസിനെടുത്തു. വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍ ആദ്യം വരുന്ന ഈ ഗ്യാസ് സ്റ്റേഷനിലും അദ്ദേഹം ഈറ്ററി യൂണിറ്റ് സ്ഥാപിച്ചു. സാധാരണ ഫ്രൈഡ് ചിക്കനായിരുന്നു ഇതിലൂടെ വിറ്റിരുന്നത്. ഈറ്ററി ബിസിനസ്സ് ആരംഭിച്ചതോടെ തന്റെ പാചകവൈദഗ്ധ്യം വര്‍ധിപ്പിക്കാനായി കോനെല്‍ സര്‍വകലാശാലയുടെ ഒരു റെസ്‌റ്റോറന്റ് മാനേജ്‌മെന്റ് കോഴ്‌സിനും അദ്ദേഹം ചേര്‍ന്നു. പരിശീലനത്തില്‍ കിട്ടിയ അറിവുകള്‍ അദ്ദേഹം ബിസിനസ്സില്‍ പ്രയോഗിക്കുകയും കച്ചവടം വിജയകരമായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു. അതിനോടകം തന്നെ കെന്റകി കേണല്‍ എന്ന പേരും സാന്‍ഡേഴ്‌സിന് കിട്ടിയിരുന്നു. 1937ഓടെ തന്നെ തന്റെ റസ്‌റ്റോറന്റിനെ അദ്ദേഹം 140 സീറ്റുകളുമായി വിപുലപ്പെടുത്തി. ബിസിനസ്സ് നല്ല രീതിയില്‍ മുന്നോട്ടുപോയതോടെ 1940ല്‍ സമീപത്ത് ഒരു മോട്ടല്‍ വിലയ്ക്ക് വാങ്ങി പുതിയ കഫേ ആരംഭിക്കുകയും ചെയ്തു. സാന്‍ഡേഴ്​സ് കോര്‍ട്ട് ആന്റ് കഫേ എന്നായിരുന്നു ഇതിന്റെ പേര്. 

അതിനിടെ പതിനെട്ടാം വയസ്സില്‍ ജോസഫൈന്‍ എന്ന പെണ്‍കുട്ടിയുമായി സാന്‍ഡേഴ്‌സ് വിവാഹിതനായിരുന്നു. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തിന് കുഞ്ഞ് പിറക്കുകയും ചെയ്തു. പക്ഷേ,  അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് തൊട്ടടുത്ത വര്‍ഷം ഭാര്യ സാന്‍ഡേഴ്‌സിനെ വിട്ടുപോവുകയും വിവാഹമോചനത്തിന് കേസ് കൊടുക്കുകയും ചെയ്തു. ഭാര്യയുടെയും കുഞ്ഞിന്റേയും അകല്‍ച്ച സാന്‍ഡേഴ്‌സിനെ തകര്‍ത്തു. ഇടയ്ക്ക് സ്വന്തം കുഞ്ഞിനെ കിഡ്‌നാപ്പ് ചെയ്യാന്‍ പോലും അദ്ദേഹം തുനിഞ്ഞിരുന്നു. പക്ഷേ, ഒരുഘട്ടത്തില്‍ ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിച്ച് തിരികെ കൂട്ടിക്കൊണ്ടുവരാന്‍ അദ്ദേഹത്തിനായി. പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ജോസഫൈന്‍ വീണ്ടും പോവുകയും വിവാഹമോചനം നേടുകയും ചെയ്തു. അതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1949ല്‍ സാന്‍ഡേഴ്‌സ് വീണ്ടും വിവാഹം ചെയ്തു. ക്ലോഡിയ എന്നായിരുന്നു രണ്ടാം ഭാര്യയുടെ പേര്. കെ.എഫ്.സി പ്രശസ്തിയാര്‍ജിച്ചപ്പോള്‍ ക്ലോഡിയയും സ്വന്തം റെസ്‌റ്റോറന്റ് ആരംഭിച്ചിരുന്നു. 

placeholder
Colonel Harland David Sanders and his wife Claudia | Photo: Getty Images
ഭാര്യ ക്ലോഡിയയ്‌ക്കൊപ്പം കേണല്‍ | Photo: Getty Images

ഫ്രൈഡ് ചിക്കന്റെ രഹസ്യക്കൂട്ടും കെന്റകി കേണലും

അരമണിക്കൂറിലേറെ സമയമെടുത്ത് ഇരുമ്പ് ഫ്രൈയിംഗ് പാനിലായിരുന്നു അന്ന് സാന്‍ഡേഴ്‌സ് ഫ്രൈഡ് ചിക്കന്‍ ഉണ്ടാക്കിയിരുന്നത്. ചിക്കന്‍ പൂര്‍ണമായും വെന്തുകിട്ടണമെങ്കില്‍ അങ്ങനെ ചെയ്യണമായിരുന്നു. എണ്ണയില്‍ പൂര്‍ണമായും മുക്കിപ്പൊരിക്കുന്ന ഡീപ് ഫ്രൈയിങ് രീതിയോട് സാന്‍ഡേഴ്സിന് തീര്‍ത്തും താല്‍പര്യമുണ്ടായിരുന്നില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ സമയം ലാഭിക്കാമെങ്കിലും പൂര്‍ണമായും വെന്തുകിട്ടുകയോ മാംസത്തിന്റെ മാര്‍ദവം നിലനില്‍ക്കുകയോ ചെയ്യില്ലെന്നായിരുന്നു സാന്‍ഡേഴ്‌സിന്റെ അഭിപ്രായം. സമയം ലാഭിക്കാന്‍ കസ്റ്റമറിന്റെ ഓര്‍ഡര്‍ ലഭിക്കുന്നതിന് മുന്‍പ് പാകം ചെയ്തുവെയ്ക്കുന്നത് ദിവസത്തിന്റെ അവസാനം ഭക്ഷണം വേസ്റ്റാവുന്നതിന് കാരണമാവുന്നുണ്ടെന്നും അതിനാല്‍ ഈ രീതി പിന്തുടരാന്‍ കഴിയില്ലെന്നും സാന്‍ഡേഴ്‌സണ്‍ അഭിപ്രായപ്പെട്ടിരുന്നു. സമയപ്രശ്‌നം പരിഹരിക്കാന്‍ എന്തുചെയ്യുമെന്ന് ആലോചിച്ചിരിക്കെയാണ് ആദ്യത്തെ പ്രഷര്‍ കുക്കറുകള്‍ വിപണിയിലിറങ്ങിയത്. പച്ചക്കറികള്‍ ആവിയില്‍ വേവിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തതായിരുന്നു അന്നത്തെ പ്രഷര്‍ കുക്കറുകള്‍. സാന്‍ഡേഴ്സ് ഇത്തരത്തിലൊന്ന് വാങ്ങി അതിനെ പ്രഷര്‍ ഫ്രയറായി പരിഷ്‌ക്കരിച്ചു. പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് ചിക്കന്‍ ഉണ്ടാക്കുന്നത് സമയം ലാഭിക്കുകയും പാന്‍ ഫ്രൈഡ് ചിക്കന്റെ അതേ രുചി നിലനിര്‍ത്തുകയും ചെയ്തു.  

1940 ജൂലൈയിലാണ് സാന്‍ഡേഴ്സ് തന്റെ ഒറിജിനല്‍ റെസിപ്പി പുറത്തിറക്കിയത്. 11 ചേരുവകളടങ്ങിയ ഒരു മസാലക്കൂട്ടായിരുന്നു അത്. ഫ്രൈഡ് ചിക്കനില്‍ പരീക്ഷണാടിസ്ഥാനത്തിനാണ് ഇതുപയോഗിച്ചതെങ്കിലും ആളുകള്‍ അതേ തേടിയെത്തിത്തുടങ്ങിയതോടെ തന്റെ റെസിപ്പി ഹിറ്റായെന്ന് സാന്‍ഡേഴ്‌സിന് മനസ്സിലായി. തന്റെ മസാലക്കൂട്ടിന്റെ ചേരുവകള്‍ സാന്‍ഡേഴ്‌സ് പുറത്തുവിട്ടിട്ടേ ഇല്ല, പക്ഷേ, എല്ലാ അടുക്കളകളിലും ആ ചേരുവകളുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. അതീവരുചികരമായ ആ മസാലക്കൂട്ടിന്റെ ചേരുവകള്‍ തേടി പലരും സാന്‍ഡേഴ്‌സിനെ സമീപിച്ചിരുന്നെങ്കിലും അത് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. പക്ഷെ തന്റെ റെസിപ്പിയില്‍ ഉപ്പും കുരുമുളകും ഉണ്ടെന്ന് മാത്രമായിരുന്നും സാന്‍ഡേഴ്‌സ് തുറന്നുപറഞ്ഞിരുന്നത്. 1950കളില്‍ കെന്റിക്കിയിലെ ഗവര്‍ണര്‍ ലോറന്‍സ് വെതര്‍ബിയാണ് സാന്‍ഡേഴ്‌സിനെ ആദ്യമായി കെന്റക്കി കേണല്‍ എന്നുവിളിച്ചത്. തമാശയായിട്ടാണ് അങ്ങനെയൊരു പേരിട്ടതെങ്കിലും ബിസിനസ്സ് വളരുന്നതിനൊപ്പം സാന്‍ഡേഴ്‌സ് സ്വയം അത്തരമൊരു പേരും വേഷവും സ്വീകരിച്ചു. കറുത്ത കോട്ടും ടൈയും ധരിച്ച് പകുതി താടി വളര്‍ത്തി (goatee ) രൂപം കൊണ്ടും ഒരു കേണലിനെ പോലെ സാന്‍ഡേഴ്‌സ് മാറിയതായി ജീവചരിത്രകാരന്‍ ജോഷ് ഓസെര്‍സ്‌കൈ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. കേണല്‍ സാന്‍ഡേഴ്‌സിന്റെ ആ രൂപമാണ് ഇന്ന് കെ.എഫ്.സിയുടെ ലോഗോയിലുള്ള കണ്ണടവെച്ച ചിരിക്കുന്ന മുഖം. 

placeholder
Image Used is from Pinterest/thedieline.com

60 വയസ്സിലെ കെഎഫ്‌സി സാമ്രാജ്യം

1955ല്‍ കെന്റക്കിയിലെ ഗ്യാസ് സ്‌റ്റേഷനും മോട്ടലും ഈറ്ററി യൂണിറ്റും വിറ്റ് സാന്‍ഡേഴ്‌സ് അഥവാ കേണല്‍ അമേരിക്കയിലെ യൂട്ടയിലേക്ക് പോയി. തന്റെ ഫ്രൈഡ് ചിക്കന്‍ ആശയം റെസ്റ്റോറന്റ് മുതലാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് പുതിയ ബിസിനസ്സില്‍ പങ്കാളിയാവുകയായിരുന്നു കേണലിന്റെ ലക്ഷ്യം. നൂറുകണക്കിന് ഹോട്ടല്‍ മുതലാളിമാരെ അദ്ദേഹം കണ്ടു. ഓരോ ദിവസവും ഹോട്ടലുകള്‍ തോറും കയറിയിറങ്ങി കേണല്‍ തന്റെ റെസിപ്പിയും ഐഡിയയും പറയും. ചിലര്‍ സ്വീകരിക്കും, ചിലര്‍ തള്ളിക്കളയും. താല്‍പര്യമുള്ള റെസ്റ്റോറന്റ് മുതലാളിമാര്‍ക്ക് നാല് മുതല്‍ അഞ്ച് സെന്റിനായിരുന്നു കേണല്‍ തന്റെ ഫ്രൈഡ് ചിക്കന്‍ ഐഡിയ വിറ്റത്. പണം തന്നാല്‍ റെസിപ്പിയും ഉണ്ടാക്കേണ്ട രീതിയും പറഞ്ഞുകൊടുക്കും, ഒപ്പം പരസ്യം ചെയ്യാനുള്ള അവകാശവും നേടിയെടുക്കും. അതായിരുന്നു രീതി. ഇത്തരത്തില്‍ 1009 തവണ തന്റെ റെസിപ്പി പല മുതലാളിമാരാല്‍ തള്ളിപ്പോയിട്ടുണ്ടെന്നാണ് സാന്‍ഡേഴ്‌സ് ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞത്. 1952ല്‍ യു.എസിലെ ഏറ്റവും വലിയ റെസ്‌റ്റോറന്റ് ശൃംഖലയുടെ മുതലാളിയായ പീറ്റ് ഹാര്‍മനെ കണ്ടുമുട്ടിയതായിരുന്നു കേണലിന്റെ ജീവിതത്തിലെ വഴിത്തിരിവ്. കെ.എഫ്.സിയുടെ പിറവിയും അവിടെനിന്നു തന്നെ. ഹാര്‍മന്റെ സഹായത്തോടെ കേണല്‍ യുഎസ്സിയെ യുട്ടായില്‍ തന്റെ ആദ്യത്തെ കെ.എഫ്.സി ഫ്രാഞ്ചൈസി ആരംഭിച്ചു. പിന്നെയങ്ങോട്ടൊരു തിരിച്ചുവരവ് അദ്ദേഹത്തിനുണ്ടായിട്ടില്ല. ഒരു പരസ്യത്തിന്റേയും പ്രൊമോഷന്റേയും സഹായമില്ലാതെ ഫ്രൈഡ് ചിക്കന്‍ അമേരിക്കയില്‍ ഫെയ്മസായി. നിരവധി റെസ്‌റ്റോറന്റ് മുതലാളിമാര്‍ കേണലിനെ സമീപിച്ച് പങ്കാളിത്തത്തിനുള്ള തല്‍പര്യമറിയിച്ചു. ഫ്രൈഡ് ചിക്കന്‍ മാത്രമായിരുന്നില്ല സാന്‍ഡേഴ്‌സിന്റെ മെനുവിലുണ്ടായിരുന്നത്. പക്ഷേ, ഇവിടെ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റുപോയിരുന്ന വിഭവം കെ.എഫ്.സി ആയിരുന്നു. റെസ്റ്റോറന്റ് സ്ഥാപിച്ച ആദ്യവര്‍ഷം മൂന്നിരിട്ടിയായിരുന്നു കേണലിന്റെ ലാഭം. കെ.എഫ്.സിയുടെ ലാഭം പീറ്റ് ഹാര്‍മാനേയും സന്തോഷിപ്പിച്ചു.

ഒരു ബക്കറ്റ് ചിക്കന് പരിഹരിക്കാന്‍ കഴിയാത്ത ചുരുക്കം ചില പ്രശ്‌നങ്ങള്‍ മാത്രമേ ഈ ലോകത്തുള്ളൂ- കേണല്‍ ഹര്‍ലന്റ് സാന്‍ഡേഴ്‌സ്
placeholder
Photo: Getty Images
യു.എസ്സിലെ കെ.എഫ്.സി സ്റ്റോറുകളിലൊന്ന് | Photo: Getty Images

അക്കാലത്ത് കേണലിന്റെ ബിസിനസ്സിലെ ഏറ്റവും വലിയ ഹൈലൈറ്റ്, കെ.എഫ്.സി അക്ഷരാര്‍ഥത്തില്‍ സാന്‍ഡേഴ്‌സിന്റെ വണ്‍ മാന്‍ ഷോ ആയിരുന്നുവെന്നാണ്. ഒരു ജീവനക്കാരന്‍ പോലും അന്ന് സ്ഥാപനത്തിലുണ്ടായിരുന്നില്ല. അദ്ദേഹം ഒറ്റയ്ക്കായിരുന്നു റെസ്റ്റോറന്റിലെ എല്ലാ ജോലികളും ചെയ്തിരുന്നത്.  അന്നൊന്നും സ്ഥാപനത്തിന് പേരൊന്നുമുണ്ടായിരുന്നില്ല. സൗത്തേണ്‍ ഫ്രൈഡ് ചിക്കന്‍ എന്നുമാത്രമായിരുന്നു ആളുകള്‍ ഇതിനെ വിളിച്ചിരുന്നത്. അങ്ങനെയൊരിക്കല്‍ റെസ്റ്റോറന്റ് കെട്ടിടത്തിന് സൈന്‍ ബോര്‍ഡ് സ്ഥാപിക്കാനെത്തിയ റോഡ്‌നി എല്‍ ആന്‍ഡേഴ്‌സണ്‍ എന്നയാളാണ് ആദ്യമായി കെന്റക്കി ഫ്രൈഡ് ചിക്കന്‍ (kentucky fried chicken, KFC) എന്ന പേര് നിര്‍ദേശിച്ചത്. സാന്‍ഡേഴ്‌സിന് ഈ പേര് നല്ലപോലെ ബോധിച്ചു. സാധാരണ റെസ്‌റ്റോറന്റുകളില്‍ കിട്ടുന്ന ഫ്രൈഡ് ചിക്കനില്‍ നിന്നും തന്റെ റെസിപ്പി വേറിട്ടുനില്‍ക്കാന്‍ ഈ പേര് ഉപകരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. 

കെ.എഫ്.സിക്ക് വേണ്ടി 'It's finger lickin' good' എന്ന പരസ്യവാചകം അവതരിപ്പിച്ചത് ഹാര്‍മനായിരുന്നു. 1957ലാണ് കെ.എഫ്.സി ആദ്യമായി കംപ്ലീറ്റ് മീല്‍ എന്ന ബക്കറ്റ് അവതരിപ്പിക്കുന്നത്. 14 പീസ് ചിക്കനും അഞ്ച് ബ്രെഡ് റോളും അതിനൊപ്പം ഒരു പിന്റ്(അളവ്) ഡിപ്പും(സോസ്,മയോണൈസ് പോലെ ദ്രവരൂപത്തിലുള്ള കട്ടിയുള്ള ഗ്രേവി) ഒരു കാര്‍ഡ്‌ബോര്‍ഡ് ബക്കറ്റില്‍ അവതരിപ്പിക്കുകയായിരുന്നു ഹാര്‍മന്‍ ചെയ്തത്. അന്ന് 3.50 യു.എസ് ഡോളര്‍ വിലയുള്ള ഈ ബക്കറ്റ് കുടുംബമായും കൂട്ടമായും എത്തുന്നവര്‍ക്ക് ഏറെ പ്രിയങ്കരമായിത്തീര്‍ന്നു. അതിനോടകം തന്നെ എട്ട് ഫ്രാഞ്ചൈസികള്‍ സാന്‍ഡേര്‍സ് ഏറ്റെടുത്തിരുന്നു. അതിലൊന്ന് അമേരിക്കയിലെ പ്രമുഖ റെസ്റ്റോറന്റ് വ്യവസായി ആയിരുന്ന ഡേവ് തോമസിന്റേതായിരുന്നു. അദ്ദേഹം പിന്നീട് വെന്‍ഡിസ്(wendy's) എന്ന പേരില്‍ മറ്റൊരു ഫാസ്റ്റ് ഫുഡ് ചെയിന്‍ സ്ഥാപിച്ചു കമ്പനി മാറി. ചുവന്ന നിറത്തിലുള്ള പേപ്പര്‍ ബക്കറ്റ് രീതി ആദ്യമായി അവതരിപ്പിച്ചത് ഡേവ് തോമസായിരുന്നു. ടേക്ക് എവേ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ബക്കറ്റുകള്‍. അതേവര്‍ഷം തന്നെ സാന്‍ഡേഴ്‌സ് കെ.എഫ്.സി ആസ്ഥാനം യുഎസ്സിലെ കോര്‍ബിനില്‍ നിന്ന് കെന്റക്കിയിലേക്ക് മാറ്റുകയും ചെയ്തു. 

placeholder
Photo: KFC
Photo: KFC

മോഷ്ടിക്കപ്പെട്ട മസാലക്കൂട്ടോ?

കെ.എഫ്.സിയുടെ ക്രിസ്പിയും ക്രഞ്ചിയുമായ രുചിയുടെ മുഴുവന്‍ ക്രെഡിറ്റും കേണല്‍ അവതരിപ്പിച്ച മസാലക്കൂട്ടിനാണെന്നതില്‍ സംശയമില്ല. എന്നാല്‍ കേണല്‍ ഈ മസാലക്കൂട്ട് എങ്ങനെ കണ്ടെത്തി? കെ.എഫ്.സി ലോകം മുഴുവന്‍ വ്യാപിക്കുകയും വലിയ ലാഭം നേടുകയും ചെയ്യുമ്പോള്‍ തന്നെ അത് സംബന്ധിച്ച അവകാശവാദങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കറുത്ത വര്‍ഗക്കാരിയായ ഷില്‍ഡ്രസ്സ് എന്ന ഷെഫിന്റെ ഒറിജിനല്‍ റെസിപ്പി ആണ് കേണല്‍ തന്റേതാക്കി അവതരിപ്പിച്ചത് എന്നായിരുന്നു അതില്‍ പ്രബലമായ ഒരു വാദം. ഷില്‍ഡ്രസ്സ് ഉണ്ടാക്കിയ രുചിയേറിയ ഫ്രൈഡ് ചിക്കന്‍ കഴിച്ച് ഇഷ്ടപ്പെട്ട കേണല്‍ അന്ന് 1200 ഡോളര്‍ വിലനല്‍കിയാണ് റെസിപ്പി സ്വന്തമാക്കിയത് എന്നായിരുന്നു ആരോപണങ്ങള്‍. പക്ഷെ ഇത് സംബന്ധിച്ച് തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല, കേണലായി ഒന്നും തുറന്നുപറഞ്ഞിട്ടുമില്ല. ഒരു ഭാഗത്ത് കേണല്‍ കോടീശ്വരനായി വളര്‍ന്നപ്പോല്‍ മരിക്കുന്ന കാലം വരെ ദാരിദ്ര്യം മാത്രമായിരുന്നു ഷില്‍ഡ്രസ്സിനുണ്ടായിരുന്നത് എന്ന കഥകളുമുണ്ട്. 

placeholder
Photo: KFC
Photo: KFC

ഹാംബര്‍ഗറെ അട്ടിമറിച്ച കെ.എഫ്.സി

ഫാസ്റ്റ്ഫുഡ് ലോകത്ത് ബര്‍ഗറുകള്‍, പ്രത്യേകിച്ച് ഹാംബര്‍ഗറുകള്‍ രാജാവായി വാണിരുന്നിടത്തേക്കാണ് കെ.എഫ്.സിയുടെ രംഗപ്രവേശം. ബര്‍ഗറുകളെ പതിവാക്കിയവര്‍ പലരും കെ.എഫ്.സിയിലേക്ക് വഴിതിരിഞ്ഞു. ഇത് ചെറിയ വളര്‍ച്ചയൊന്നുമല്ല കമ്പനിക്കുണ്ടാക്കിയത്. 1963ഓടെ 600 ഫ്രാഞ്ചൈസികളാണ് കെ.എഫ്.സി അമേരിക്കയിലെമ്പാടും വളര്‍ത്തിയെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ചെയിനുകളിലൊന്നായി കെ.എഫ്.സി മാറി. 

1963ല്‍, തന്റെ 74ആം വയസ്സിലാണ് കെ.എഫ്.സിയെ വില്‍പന നടത്തിയാലോ എന്ന തോന്നല്‍ കേണലിനുണ്ടായത്. കെ.എഫ്.സി എന്നാല്‍ കേണലിന് തന്റെ കുഞ്ഞിനെ പോലെയായിരുന്നു, വില്‍ക്കാമെന്നത് എളുപ്പമുള്ള തീരുമാനവുമായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ആ തീരുമാനത്തിലെത്തേണ്ടിവന്നു. അങ്ങനെ ആ വര്‍ഷം ജോണ്‍ വൈ ബ്രൗണ്‍, ജാക്ക് സി മാസ്സി എന്നീ അമേരിക്കന്‍ ബിസിനസ്സുകാര്‍ ചേര്‍ന്ന് 20 ലക്ഷം യുഎസ് ഡോളറിന് കെ.എഫ്.സിയെ വാങ്ങി. ജ്യോതിഷത്തില്‍ വിശ്വാസമുണ്ടായിരുന്ന കേണല്‍ ജാതകവും മറ്റും നോക്കിയാണ് ഉടമസ്ഥത കരാര്‍ കൈമാറിയത്. കെ.എഫ്.സിയുടെ ക്വാളിറ്റി കണ്‍ട്രോളര്‍ പദവിക്കൊപ്പം ആജീവനാന്ത ശമ്പളവും കെഎഫ്‌സിയുടെ ട്രേഡ് മാര്‍ക്ക് മാറ്റില്ലെന്ന ധാരണയും കരാറിലുണ്ടായിരുന്നു. 

പുതിയ ഉടമസ്ഥരിലേക്കെത്തിയതോടെ കമ്പനിയുടെ രൂപവും സ്വഭാവവും മാറിത്തുടങ്ങി. കമ്പനിയെ സ്റ്റാന്‍ഡേഡൈസ് ചെയ്യുകയാണ് ബ്രൗണും മാസ്സിയും ആദ്യം ചെയ്തത്. എല്ലാ ഫ്രാഞ്ചൈസികളില്‍ നിന്നും കെ.എഫ്.സിയുടേതല്ലാത്ത മെനു എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടു. കെ.എഫ്.സി ഉത്പന്നങ്ങള്‍ മാത്രം വിറ്റാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഒപ്പം കമ്പനിയെ റീബ്രാന്‍ഡ് ചെയ്തു. വെള്ളയും ചുവപ്പും നിറങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. കപ്പോളകളോട് കൂടിയ ഫ്രഞ്ച് റൂഫ് ബില്‍ഡിങ്ങുകള്‍ എല്ലാ കെ.എഫ്.സിക്കും നിര്‍മിച്ചു. പുത്തന്‍രൂപത്തിലുള്ള കെ.എഫ്.സി റെസ്റ്റോറന്റുകല്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു. ആളുകള്‍ കൂട്ടത്തോടെ സ്റ്റോറുകള്‍ തേടിയെത്തി. കൂടുതല്‍ ഫ്രാഞ്ചൈസികളും സ്ഥാപിക്കപ്പെട്ടു. അതോടെ കമ്പനി വീണ്ടും വളരാന്‍ ആരംഭിച്ചു. കാനഡയിലുള്‍പ്പെടെ അമേരിക്കയ്ക്ക് പുറത്ത് പലയിടത്തും കെ.എഫ്.സിക്ക് സ്റ്റോറുകള്‍ തുറന്നു. കൂടുതല്‍ ആളുകള്‍ കമ്പനി നേതൃത്വത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചെത്തിയതോടെ 1966ല്‍ കെ.എഫ്.സി തങ്ങളുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുകയും വില്‍ക്കുകയും ചെയ്തു.

1970ഓടെ ലോകത്തെ 48 രാജ്യങ്ങളിലായി 3000 ഔട്ട്‌ലെറ്റുകള്‍ കമ്പനി ആരംഭിച്ചിരുന്നു. ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ ആറാമത്തെ വലിയ റെസ്‌റ്റോറന്റ് ശൃംഖലയായി കെ.എഫ്.സി മാറി. കമ്പനിക്ക് അസാധാരണമായ വളര്‍ച്ചയുണ്ടായെങ്കിലും അത് വേണ്ടപടി നിയന്ത്രിക്കാന്‍ സാന്‍ഡേഴ്‌സിനും ബ്രൗണിനും സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് 1971ല്‍ ബ്രൗണ്‍ ഹ്യൂബ്ലെയിന്‍ എന്ന കമ്പനിക്ക് കെ.എഫ്.സിയെ വിറ്റു. അന്നത്തെ 285 മില്ല്യണ്‍ ഡോളറിനായിരുന്നു വില്‍പന. ഉടമസ്ഥതാ കൈമാറ്റം യഥാര്‍ഥത്തില്‍ കമ്പനിയെ ഒരു ദുരന്തത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നുവെന്ന് ബ്രൗണും സാന്‍ഡേഴ്‌സും പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. 

വളര്‍ച്ച മാത്രമായിരുന്നില്ല, അമിതമായ ആത്മവിശ്വാസത്തിന്റെ ചുവടുപിടിച്ച് പലകുറി തിരിച്ചടികളും കെ.എഫ്.സിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റ് ഓപ്പറേഷനില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിയായിരുന്നു ഹ്യൂബ്ലെയിന്‍. കമ്പനി നടത്തിപ്പ് പലപ്പോഴും പരാജയപ്പെട്ടു. ഹോങ്കോങ്ങിലെ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ അടച്ചുപൂട്ടേണ്ടിപോലും വന്നു. കെ.എഫ്.സിയുടെ ഗുണനിലവാരം കുറഞ്ഞുവെന്ന് പോലും ആളുകള്‍ പരാതിപ്പെട്ടുതുടങ്ങി. തന്റെ ഫോട്ടോ ലോഗോയില്‍വെച്ച് ഗുണം കുറഞ്ഞ ഫ്രൈഡ് ചിക്കന്‍ വില്‍ക്കുന്നതില്‍ കേണല്‍ തന്റെ എതിര്‍പ്പ് പലകുറി അറിയിച്ചിരുന്നു. വീണ്ടും ഇതാവര്‍ത്തിച്ചപ്പോള്‍ കേണലും ഹ്യൂബ്ലെയിനും തമ്മിലുള്ള തര്‍ക്കം കോടതിയില്‍ വരെ എത്തിയിരുന്നു. അതിനിടെ കെ.എഫ്.സി വലിയ നഷ്ടത്തിലേക്കും കൂപ്പുകുത്തി. തുടര്‍ന്ന് മൈക്കിള്‍ മൈല്‍സ് എന്ന മാനേജറെ നിയമിച്ച് അദ്ദേഹത്തിന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൂടെ കമ്പനി വീണ്ടെടുക്കുകയും ചെയ്തു. 1986ല്‍ ഹ്യൂബ്ലെയിന്‍ കെ.എഫ്.സിയെ പെപ്‌സിക്കോ കമ്പനിക്ക് വിറ്റു. അന്നത്തെ 850 മില്ല്യണ്‍ ഡോളറിനായിരുന്നു വില്‍പന. 1997ല്‍ പെപ്‌സിക്കോ അവരുടെ റെസ്‌റ്റോറന്റ് ഡിവിഷനെ ആദ്യം ട്രൈകോണ്‍ ഗ്ലോബല്‍ റെസ്റ്ററന്റ് എന്നും പിന്നീട് യം (Yum!) എന്നും പേരുമാറ്റി. 2024 വരെ അത് തുടരുകയാണ്. 

placeholder
Photo: Getty Images
കെന്റക്കി ലൂയിസ് വില്ലിലെ കേവ് ഹില്‍ സെമിത്തേരിയില്‍
​​​​​​കേണലിന്റെ ശവക്കലറയ്ക്ക് സമീപം സ്ഥാപിച്ച പ്രതിമ | Photo: Getty Images

1980ലാണ് കേണല്‍ മരണപ്പെട്ടത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മരിക്കുമ്പോള്‍ 90 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. അപ്പോഴേക്കും കെ.എഫ്.സി ലോകത്തിന്റെ പലഭാഗങ്ങളില്‍ മാര്‍ക്കറ്റ് പിടിച്ചുതുടങ്ങിയിരുന്നു. 55 രാജ്യങ്ങളിലായി 5800 ഔട്ട്‌ലെറ്റുകളായിരുന്നു അന്ന് കെ.എഫ്.സിക്കുണ്ടായിരുന്നത്. പിന്നീടുള്ളവര്‍ഷങ്ങളില്‍ പല കമ്പനികള്‍ കെ.എഫ്.സിയെ ഏറ്റെടുത്തു. പലതരത്തിലുള്ള വിഭവങ്ങള്‍ കെ.എഫ്.സി പുറത്തിറക്കി. ഇന്ന് യം ബ്രാന്‍ഡ് ആണ് കെ.എഫ്.സിയുടെ ഉടമസ്ഥര്‍. പിസാ ഹട്ട്, ടോകോ ബെല്‍, ദി ഹാബിറ്റ് ബര്‍ഗര്‍ ഗ്രില്‍ എന്നിവയും യം ബ്രാന്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 1952ലാണ് കെ.എഫ്.സി അവരുടെ ആദ്യത്തെ ലോഗോ പുറത്തിറക്കിയത്. Lippincott & Margulise എന്നീ ഡിസൈനര്‍മാരായിരുന്നു ലോഗോ ആര്‍ട്ടിസ്റ്റുകള്‍. കേണലിന്റെ മുഖം പതിപ്പിച്ച, കെ.എഫ്.സി എന്ന അക്ഷരങ്ങളോട് കൂടിയ ലോഗോ ആയിരുന്നു അത്. പിന്നീട് അഞ്ച് തവണയോളം കെ.എഫ്.സി അവരുടെ ലോഗോ മാറ്റിയിട്ടുണ്ടെങ്കിലും കേണലിന്റെ ചിരിക്കുന്ന മുഖം ഒരിക്കല്‍പോലും മാറ്റപ്പെട്ടിട്ടില്ല. 2018ലാണ് അവസാനമായി ലോഗോ മാറ്റിയത്. 

ലോകത്തെ 118 രാജ്യങ്ങളിലായി 30,000ലേറെ ഔട്ട്‌ലെറ്റുകളാണ് കെ.എഫ്.സിക്കുള്ളത്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍. ചൈനയില്‍ ആദ്യമായി ഔട്ട്‌ലെറ്റ് ആരംഭിച്ച ഒരു വെസ്റ്റേണ്‍ ബ്രാന്‍ഡ് ആയിരുന്നു കെ.എഫ്.സി. 1995ല്‍ ബാംഗ്ലൂരിലാണ് ഇന്ത്യയിലെ ആദ്യത്തെ കെ.എഫ്.സി സ്റ്റോര്‍ തുറന്നത്. ഇന്ന് ഇന്ത്യയില്‍ മാത്രം അറുന്നൂറോളം ഔട്ട്‌ലെറ്റുകള്‍ കെ.എഫ്.സിക്കുണ്ട്. 2021ല്‍ ഹൈദരാബാദിലായിരുന്നു കെ.എഫ്.സി അവരുടെ 25000-ാം ഔട്ട്‌ലെറ്റ് തുറന്നത്.

References

  1. Official KFC
  2. History of KFC
  3. Our Heritage - KFC
  4. The History of KFC