കാറുകള്‍ക്കൊരു രാജാവുണ്ടെങ്കില്‍ അത് റോള്‍സ് റോയ്‌സ് ആണെന്നു പറയും ആരാധകര്‍. റോള്‍സും റോയ്‌സും കൂടി ചേര്‍ന്ന് നിര്‍മിച്ച കാര്‍ കമ്പനി വാഹനലോകത്തെ ആഡംബരത്തിന്റെ അവസാന വാക്കുകളില്‍ ഒന്നായി മാറിയതെങ്ങനെയെന്നറിയാമോ? ഭാവിയിലെ മോട്ടോറിങ് അനുഭവം ഏറ്റവും മികച്ചതാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ചാള്‍സ് റോള്‍സും ഹെന്റി റോയ്‌സും ചേര്‍ന്ന് 1904ല്‍ റോള്‍സ് റോയ്‌സ് കാര്‍ നിര്‍മിച്ചത്. വ്യത്യസ്തമായ രണ്ട് പശ്ചാത്തലങ്ങളിൽ നിന്ന് വന്നിട്ടുപോലും കാറുകളോടും വാഹനലോകത്തോടുമുള്ള ആവേശം ഇരുവരേയും ഒന്നിപ്പിക്കുകയായിരുന്നു. അങ്ങനെ ലോകത്തെ ഏറ്റവും മികച്ച കാറുകളിലൊന്ന് റോഡിലേക്കിറങ്ങി. 

To advertise here,

1877ല്‍ ലണ്ടനിലെ സമ്പന്നരുടെ പ്രദേശമായ ബെര്‍ക്‌ലെ സ്‌ക്വയറില്‍ ജോണ്‍ റോള്‍സിന്റേയും ജോര്‍ജിയാന മാര്‍ഷ്യ റോള്‍സിന്റേയും മൂന്നാമത്തെ മകനായാണ് ചാള്‍സ് സ്റ്റുവാര്‍ട്ട് റോള്‍സ് ജനിച്ചത്. സ്‌കൂള്‍ പഠനത്തിന് ശേഷം കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ റോള്‍സ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ചേര്‍ന്നു. കാറുകളുടേയും മറ്റ് വാഹാനങ്ങളുടേയും സാങ്കേതികവശങ്ങളെ കുറിച്ച് പഠിക്കാനും പരീക്ഷിച്ചു നോക്കാനും അതീവതല്‍പരനായിരുന്ന റോള്‍സ് വളരെ പെട്ടന്നുതന്നെ കോളേജിലും താരമായി. അന്ന് കൂട്ടുകാര്‍ റോള്‍സിന് തമാശയായി നല്‍കിയ പേര് ഡേര്‍ട്ടി റോള്‍സ്, പെട്രോള്‍സ് എന്നൊക്കെയായിരുന്നു. പഠിക്കാന്‍ തിരഞ്ഞെടുത്ത എഞ്ചിനീയറിങ് എന്ന പോലെ ഡ്രൈവിങ്ങിലും പ്രാവീണ്യം നേടിക്കൊണ്ടാണ് റോള്‍സ് പഠനം പൂര്‍ത്തിയാക്കി ട്രിനിറ്റിയില്‍ നിന്ന് പുറത്തിറങ്ങിയത്. 1903ല്‍ ഡബ്ലിനില്‍ നടന്ന ഒരു റേസില്‍ ലോകത്തിലെ തന്നെ റെക്കോഡ് വേഗം കുറിച്ചത് റോള്‍സായിരുന്നു. പഠനം പൂര്‍ത്തിയാക്കി ബിസിനസ്സിലേക്കിറങ്ങാന്‍ റോള്‍സിന് തടസ്സങ്ങളൊന്നമുണ്ടായിരുന്നില്ല. വാഹന-കായിക ഇനങ്ങളില്‍ അതീവതാല്‍പര്യമുള്ളതിനാല്‍ തന്നെ ഈ മേഖലയില്‍ ഒരു ഡീലര്‍ഷിപ്പ് എടുത്തുകൊണ്ടായിരുന്നു റോള്‍സ് വാഹനവ്യവസായ ലോകത്തിലേക്ക് പ്രവേശിച്ചത്. സുഹൃത്തായ ക്ലോഡ് ജോണ്‍സണൊപ്പം സി.എസ് റോള്‍സ് ആന്റ് കോ. എന്ന പേരില്‍ കമ്പനി ആരംഭിക്കുകയും കാറുകള്‍ ഇറക്കുമതി ചെയ്ത് വില്‍പന നടത്താന്‍ ആരംഭിക്കുകയും ചെയ്തു. ഫ്രാന്‍സില്‍ നിന്ന് പ്യൂഷോ കാറുകളും ബെല്‍ജിയത്തില്‍ നിന്ന് മിനര്‍വ മോട്ടോര്‍ കാറുകളുമാണ് റോള്‍സ് പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. റോള്‍സിന്റെ ഡീലര്‍ഷിപ്പില്‍ ആവശ്യക്കാര്‍ എത്തിയതോടെ കാര്‍ വ്യവസായം പതിയെ പച്ചപിടിച്ചു. 

placeholder
decauville
ഡെക്കോവില്ലെ

വളരെ സമ്പന്നമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് റോള്‍സ് വളര്‍ന്നതും പഠിച്ചതുമെങ്കില്‍ ഒമ്പതാം വയസ്സ് മുതല്‍ സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കി ജീവിച്ചയാളായിരുന്നു ഹെന്റി റോയ്‌സ്. 1863ല്‍ ഇംഗ്ലണ്ടിലെ പീറ്റര്‍ബര്‍ഗിലായിരുന്നു റോയ്‌സ് ജനിച്ചത്. ന്യൂസ്‌പേപ്പര്‍ വിറ്റും ടെലഗ്രാംബോയ് ആയി പണിയെടുത്തുമായിരുന്നു കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവിതം റോയ്‌സ് താണ്ടിയത്. റൊട്ടിയും ബണ്ണുമെല്ലാം വെള്ളത്തില്‍ കുതിര്‍ത്ത് കഴിച്ചിരുന്ന ബാല്യമായിരുന്നു റോള്‍സിന്റേത്. കുട്ടിക്കാലത്തെ ദാരിദ്ര്യവും കഠിനാധ്വാനവും ഭക്ഷണക്ഷാമവുമുണ്ടാക്കിയ പോഷകാഹാക്കുറവ് പിന്നീടും റോള്‍സിന്റെ ആരോഗ്യത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. മക്കളെ പഠിപ്പിക്കാനോ നല്ല ഭക്ഷണം കൊടുക്കാനോ സാധിക്കാതിരുന്ന റോള്‍സിന്റെ അമ്മ അവനെ ഒരു വൃദ്ധദമ്പതികളെ പരിചരിക്കാനായി അയച്ചു. അവിടെ അവന് ഭക്ഷണവും താമസസൗകര്യവും കിട്ടുമായിരുന്നു. അതിനിടെ പതിനാലാമത്തെ വയസ്സില്‍ ആന്റിമാരിലൊരാള്‍ റോയിസിന്റെ അപ്രെന്റിസ്ഷിപ്പിനായി പണം മുടക്കിയതോടെയാണ് അവന്റെ വിധിയും മാറിയത്. ഗ്രേറ്റ് നോര്‍ത്തേണ്‍ റെയില്‍വേ വര്‍ക്‌സിലായിരുന്നു റോയ്‌സിന്റെ ട്രെയിനിങ്. റെയില്‍വേയിലെ വലിയ എഞ്ചിനീയര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിലൂടെ എഞ്ചിനീയറിങ്ങിന്റെ വിശാലമായ ലോകം അവന് മുന്നില്‍ വാതില്‍ തുറന്നു. കിട്ടിയ ഓരോ അവസരവും പുതിയ കാര്യങ്ങള്‍ പഠിക്കാനായി അവന്‍ ചെലവഴിച്ചു. വൈകുന്നേരങ്ങളില്‍ അള്‍ജിബ്രയും ഫ്രഞ്ച് ഭാഷയും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് പഠിക്കാനും സമയം കണ്ടെത്തി. എഞ്ചിനീയറിങ്ങില്‍ പൊതുവേ താല്‍പര്യവും കഴിവുമുണ്ടായിരുന്ന റോയ്‌സ് പിന്നീട് ഇലക്ട്രിക് പവര്‍ കമ്പനിയിലാണ് ജോലിക്ക് ചേര്‍ന്നത്. എഞ്ചിനീയറിങ്ങ് ഒരു മുഴുവന്‍സമയ ജോലിയാക്കി എടുക്കണമെന്നായിരുന്നു റോയ്‌സിന്റെ ആഗ്രഹം. അതിനായി എഞ്ചിനീയര്‍ സുഹൃത്ത് ഏണസ്റ്റ് ക്ലെയര്‍മോന്റിനേയും കൂട്ടി പുതിയൊരു ബിസിനസ് ആരംഭിച്ചു. 1884ലായിരുന്നു ഇത്. ഡോര്‍ബെല്ലുകളും ഡൈനാമോകളും നിര്‍മിക്കുന്ന ഒരു കമ്പനിയായിരുന്നു റോയ്‌സിന്റേത്. ബയോണെറ്റ് ലൈറ്റ് ബള്‍ബുകള്‍ പുതിക്കിനിര്‍മിക്കാനുള്ള പേറ്റന്റും ഇക്കാലത്ത് റോയ്‌സ് നേടിയെടുത്തിരുന്നു. അതിനിടെ റോയ്‌സ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഫ്രഞ്ച് ഡെക്കോവില്ലെ (വാഹനം) സ്വന്തമാക്കി. എന്നാല്‍ ഈ വാഹനത്തിനുള്ള പോരായ്മകള്‍ റോയ്‌സിനെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു. ഡെക്കോവില്ല കൂടുതല്‍ മെച്ചപ്പെടുത്തി പുതിയ വാഹനമുണ്ടാക്കണമെന്ന് റോയ്‌സിന് അതിയായ ആഗ്രഹം തോന്നുകയും അതിനായുള്ള ജോലികള്‍ ആരംഭിക്കുകയും ചെയ്തു. 1903കളുടെ അവസാനത്തോടെ പെട്രോള്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഡെക്കോവില്ലല്ലെ റോയ്‌സ് രൂപം നല്‍കി. 1904ന്റെ തുടക്കത്തില്‍ താന്‍ രൂപം നല്‍കിയ വാഹനം, റോയ്‌സ് 10 എച്ച്.പി മോട്ടോര്‍ കാറും ഓടിച്ച് റോയ്‌സ് നഗരത്തിലേക്കിറങ്ങി. 

റോള്‍സും റോയ്‌സും കണ്ടുമുട്ടുന്നു

ഹെന്റി എഡ്മണ്ട്‌സ് എന്ന സുഹൃത്താണ് സൗഹൃദസംഭാഷണത്തിനിടെ റോയ്‌സ് 10 എച്ച്.പി മോട്ടോര്‍ കാറിനെ കുറിച്ചുള്ള വിശേഷങ്ങള്‍ റോള്‍സിനോട് പറഞ്ഞത്. അന്ന് റോയ്‌സിന്റെ കമ്പനിയിലെ ഓഹരിപങ്കാളി കൂടിയായിരുന്നു ഹെന്റി എഡ്മണ്ട്‌സ്. കാറുകള്‍ ഇറക്കുമതി ചെയ്ത് വില്‍പന നടത്തുന്ന ബിസിനസ്സില്‍ മടുത്തിരിക്കുന്ന റോള്‍സ് അങ്ങനെയെങ്കില്‍ റോയ്‌സുമായൊരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാന്‍ എഡ്മണ്ടിനോട് ആവശ്യപ്പെട്ടു. മോട്ടോര്‍ കാറുകളുടെ ചരിത്രങ്ങളിലൊന്നിനായാണ് താന്‍ അവസരമൊരുക്കുന്നതെന്ന് അന്ന് എഡ്മണ്ട്‌സ് അറിഞ്ഞിരുന്നില്ല. 

1904 മെയ് നാലിനാണ് മാഞ്ചസ്റ്ററില്‍ വെച്ച് റോള്‍സും റോയ്‌സും ആദ്യമായി കണ്ടുമുട്ടുന്നത്. റോയ്‌സിന്റെ ടു സിലിണ്ടര്‍ 10 എച്ച്.പി കാര്‍ കണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍, താന്‍ ഇത്രയും കാലം അന്വേഷിച്ചുനടന്നത് ഇതാണെന്ന തോന്നല്‍ റോള്‍സിനുണ്ടായി. കാര്‍ ഓടിച്ചുനോക്കാനായി വാങ്ങി, ഏതാനും കിലോമീറ്ററുകള്‍ ഡ്രൈവ് ചെയ്ത് തിരിച്ചുവന്ന റോയ്‌സിനോട് റോള്‍സ് പറഞ്ഞത് ഇങ്ങനെയായിരുന്നു ' റോയ്‌സ് താങ്ങള്‍ ഇതുപോലെയുള്ള എത്ര കാറുകള്‍ വേണമെങ്കിലും നിര്‍മിച്ചോളൂ, എന്റെ കമ്പനിയിലൂടെ, റോള്‍സ് റോയ്‌സ് കാര്‍ എന്ന പേരില്‍ അത് വില്‍പന നടത്താന്‍ ഞാന്‍ തയ്യാര്‍.. !' റോള്‍സിന്റെ വാഗ്ദാനം കേട്ട് ഞെട്ടിയെങ്കിലും പുതിയ ഡീല്‍ റോയ്‌സിനും സമ്മതമായിരുന്നു. അങ്ങനെ ഇരുവരും ചേര്‍ന്ന് പുതിയ ബിസിനസ്സിലേക്ക് പ്രവേശിച്ചു. റോള്‍സും റോയ്‌സും ചേര്‍ന്നതിന് ശേഷമുള്ള ആദ്യത്തെ കാര്‍ അവതരിപ്പിച്ചത് 1904ല്‍ പാരിസ് മോട്ടോര്‍ ഷോയിലായിരുന്നു. ആദ്യ ഘട്ടത്തില്‍ നാല് കാര്‍ മോഡലുകളാണ് നിര്‍മിക്കാന്‍ ധാരണയായത്. എല്ലാം റോള്‍സ് റോയ്‌സ് എന്ന പേരില്‍ പുറത്തിറക്കി. അന്ന് 395 യൂറോയ്കക്കാണ് ഓരോ കാറും വില്‍പന നടത്തിയത്. 

placeholder
rolls and royce
ചാള്‍സ് സ്റ്റുവാര്‍ട്ട് റോള്‍സ്, ഹെന്റി റോയ്‌സ്

റോള്‍സ്-റോയ്‌സിലെ 'ഹൈഫന്‍'

അതിവേഗത്തിലായിരുന്നു കമ്പനിയുടെ നിര്‍മാണവും പിന്നീടുള്ള വളര്‍ച്ചയുമെല്ലാം. കാര്‍ നിര്‍മാണത്തിലും വില്‍പനയിലുമായിരുന്നു റോള്‍സും റോയ്‌സും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ കമ്പനിയുടെ മറ്റെല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് റോള്‍സിന്റെ കമ്പനി പങ്കാളിയും സുഹൃത്തുമായിരുന്ന ക്ലോഡ് ജോണ്‍സണായിരുന്നു. ക്ലോഡിനെ റോള്‍സ്-റോയ്‌സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. കമ്പനിയുടെ വിജയത്തിന് പിന്നില്‍ റോള്‍സിനേയും റോയ്‌സിനേയും പോലെ തുല്യപങ്കാളിത്താമായിരുന്നു പബ്ലിസിറ്റി പ്രവര്‍ത്തനങ്ങളില്‍ പ്രതിഭയായിരുന്ന ക്ലോഡിനും ഉണ്ടായിരുന്നത്. അക്കാലത്ത് റോള്‍സ്-റോയ്‌സ് എന്ന വാക്കുകള്‍ക്കിടയിലെ ഹൈഫന്‍ (-) ആയി പോലും ക്ലോഡിനെ വിശേഷിപ്പിച്ചിരുന്നു. റോള്‍സ് റോയ്‌സ് കാര്‍ അവതരിപ്പിക്കുമ്പോള്‍ വളരെ വ്യത്യസ്തമായ പരസ്യ വാചകങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നത് ക്ലോഡ് ജോണ്‍സണായിരുന്നു.  'റോള്‍സ് റോയ്സ്-  കൂട്ടത്തില്‍ മികച്ചതല്ല, ലോകത്തിലെ ഏറ്റവും മികച്ച കാര്‍' എന്നായിരുന്നു ആദ്യകാലത്തെ റോള്‍സ് റോയ്സിന്‍റെ പരസ്യങ്ങള്‍ക്ക് വേണ്ടി ക്ലോഡ് പുറത്തിറക്കിയ വാചകം. ഇവയെല്ലാം ഹിറ്റായി. റോള്‍സ്-റോയ്‌സ് കാറുകളുടെ പ്രകടനത്തെ ആഗോളതലത്തില്‍ പ്രചരിപ്പിക്കാന്‍ ഈ പരസ്യങ്ങളിലൂടെ സാധിച്ചു. 

ഡെര്‍ബിയിലെ ആദ്യ ഫാക്ടറി 

1906ല്‍ ഇരുവരും ചേര്‍ന്ന് റോള്‍സ് റോയ്‌സ് ലിമിറ്റഡ് കമ്പനിക്ക് രൂപം നല്‍കി. കാര്‍ നിര്‍മിക്കാനുള്ള ഫാക്ടറിക്കായി സ്ഥലം കണ്ടെത്തുകയായിരുന്നു അടുത്ത ഉദ്യമം. റോയ്‌സിന് ഫാക്ടറിയുള്ള മാഞ്ചസ്റ്ററിലടക്കം നിരവധി സ്ഥലങ്ങളില്‍ നടന്ന അന്വേഷണം ഒടുവില്‍ അവസാനിച്ചത് ഡെര്‍ബിയിലായിരുന്നു. സിറ്റി കൗണ്‍സില്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയതായിരുന്നു ഡെര്‍ബിയില്‍ ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്. ഡെര്‍ബിയിലെ ഫാക്ടറിയില്‍ നിന്ന് റോള്‍സും റോയ്‌സും ചേര്‍ന്ന് 2,3,4  സിലിണ്ടര്‍ കാറുകള്‍ പുറത്തിറക്കി. പിന്നീട് 6 സിലിണ്ടര്‍ കാറുകള്‍ നിര്‍മിച്ച് പുറത്തിറക്കി. കമ്പനിയില്‍ നിന്ന് പുറത്തിറങ്ങിയ ഹിറ്റ് മോഡലുകളിലൊന്നായിരുന്നു 40/50 എച്ച്.പി സില്‍വര്‍ ഗോസ്റ്റ്. റോള്‍സ് റോയ്‌സ് കമ്പനിയുടെ കാറുകള്‍ ലോകത്തെങ്ങും പ്രചാരത്തിലെത്തുകയും വന്‍തോതില്‍ വിറ്റുപോവുകയും ചെയ്തു. നിര്‍മാണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമായതോടെ മസാച്യുസെറ്റ്‌സിലെ സ്പ്രിങ്ങ്ഫീല്‍ഡില്‍ പുതിയ കാര്‍ നിര്‍മാണ ഫാക്ടറി തുറന്നു. പക്ഷെ ഇത് 1931ലെ ആഗോള സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് അടയ്‌ക്കേണ്ടിയും വന്നു. 

ലോകമഹായുദ്ധത്തിന് ശേഷം റോള്‍സ് റോയ്‌സ് കമ്പനിയുമായി ലയിക്കാന്‍ ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കള്‍ വലിയ ഓഫറുകള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇതുമായി കമ്പനി സഹകരിച്ചില്ല. പക്ഷെ പിന്നാലെ 40/50 മോഡല്‍ സില്‍വര്‍ ഗോസ്റ്റ് കാറുകളുടെ വില്‍പനയില്‍ ഇടിവ് വന്നു. ഇതോടെ ബജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള റോള്‍സ് റോയ്‌സ് ട്വന്റി എന്ന മോഡല്‍ കമ്പനി പുറത്തിറക്കി. 1922ലായിരുന്നു ഇത്. 1908 മുതല്‍ ഒരു മോഡല്‍ മാത്രം പുറത്തിറക്കിയ കമ്പനിയുടെ രീതിക്ക് അവസാനം കുറിക്കുന്നതായിരുന്നു റോള്‍സ് റോയ്‌സ് ട്വന്റി. 1925ല്‍ കമ്പനിയില്‍ നിന്ന് പുറത്തിറങ്ങിയ അടുത്ത മോഡലായിരുന്നു റോള്‍സ് റോയ്‌സ് ഫാന്റം. 1936ല്‍ പുറത്തിറങ്ങിയ ഫാന്റം-3 ആയിരുന്നു ലോകമഹായുദ്ധം തീരുന്നതിന് മുന്‍പ് പുറത്തിറങ്ങിയ അവസാന മോഡല്‍. ഫാന്റം 8 സീരിസ് വരെ റോള്‍സ് റോയ്സ് പുറത്തിറക്കിയിട്ടുണ്ട്. 

placeholder
goodwood factory
ഗുഡ് വുഡിലെ റോള്‍സ് റോയ്സ് ആസ്ഥാനം

റോള്‍സ് റോയ്‌സ് ബെന്റ്‌ലി

1931ല്‍ കാര്‍ നിര്‍മാതാക്കളായ ബെന്റ്‌ലിയെ റോള്‍സ് റോയ്‌സ് ഏറ്റെടുത്തു. പ്രചാരത്തിലുണ്ടായിരുന്ന ഫാന്റം കാറുകള്‍ക്ക് എതിരാളിയാകാന്‍ സാധ്യതയുണ്ടായിരുന്ന ബെന്റ്‌ലി 8 ലിറ്റര്‍ എഞ്ചിന്റെ ഉത്പാദനം നിര്‍ത്തുകയായിരുന്നു ഏറ്റെടുക്കലിന് പിന്നാലെ കമ്പനി ചെയ്തത്. റോള്‍സ് റോയ്‌സില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് കാറുകളുടെ നിര്‍മാണമായിരുന്നു ബെന്റ്‌ലി നടത്തിയിരുന്നത്. 2022 വരെ കാഴ്ചയില്‍ സമാനത തോന്നുന്ന വാഹനങ്ങളാണ് റോള്‍സ് റോയ്‌സും ബെന്റ്‌ലിയും പുറത്തിറക്കിയിരുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് സര്‍ക്കാര്‍ ആവശ്യപ്രകാരം എയര്‍ ക്രാഫ്റ്റ് എഞ്ചിന്‍ വികസിപ്പിച്ച ചരിത്രവും റോള്‍സ് റോയ്‌സിനുണ്ട്. റോള്‍സ് റോയ്‌സ് ഈഗിള്‍ എന്നായിരുന്നു ഈ എഞ്ചിന്റെ പേര്. എയ്‌റോ എഞ്ചിനുകള്‍ നിര്‍മിക്കാനായി ക്രീവിൽ ഒരു ഫാക്ടറിയും ബ്രിട്ടീഷ് സര്‍ക്കാര്‍ റോള്‍സ് റോയ്‌സിന് വേണ്ടി സ്ഥാപിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കും സൈനിക ആവശ്യങ്ങള്‍ക്കുമായി എയ്‌റോ എഞ്ചിനുകള്‍ നിര്‍മിച്ച് പ്രാഗത്ഭ്യം നേടിയതോടെ ഈ തരത്തിലും കമ്പനിയുടെ പ്രശസ്തി ഉയര്‍ന്നു. ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം കമ്പനി അവരുടെ ഫാക്ടറി ക്രീവിലേക്ക് മാറ്റി. റോള്‍സ് റോയ്‌സിന്റേയും ബെന്റ്‌ലിയുടേയും മുഴുവന്‍ നിര്‍മാണവും ഇവിടെവെച്ചാണ് പിന്നീട് നടന്നത്. 1951 മുതലാണ് റോള്‍സ് റോയ്‌സ് കമ്പനി ഡീസല്‍ എഞ്ചിനുകള്‍ പുറത്തിറക്കാന്‍ ആരംഭിച്ചത്. 1960കളോടെ ഓട്ടോമോട്ടീവ്, റെയില്‍വേ, വ്യവസായങ്ങള്‍, മറൈന്‍ എന്നിവയ്ക്കായി ഡീസല്‍ എഞ്ചിനുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാനാരംഭിച്ചു. 1956ല്‍ സെന്റിനെല്‍ ലിമിറ്റഡ് കമ്പനിയെ ഏറ്റെടുത്ത് ഡീസല്‍ എഞ്ചിനുകളുടെ നിര്‍മാണം സെന്റിനെലിന്റെ ഷ്രൂസ്ബറിയിലെ ഫാക്ടറിയിലേക്ക് മാറ്റി. 

placeholder
rolls royce

ഇതിഹാസങ്ങളുടെ അന്ത്യം

നിരത്തിലെ വാഹനത്തിലെന്ന പോലെ ആകാശത്ത് പറക്കുന്ന വിമാനങ്ങളിലും അതീവതല്‍പരനായിരുന്നു ചാള്‍സ് റോള്‍സ്. അതിന് വേണ്ടി റോള്‍സ് റോയ്‌സ് കമ്പനിയിലെ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്ത് പിന്ന് രാജിവെയ്ക്കുക പോലും ചെയ്തു റോള്‍സ്. റോഡിനേക്കാള്‍ തനിക്കിഷ്ടം ആകാശമാണെന്ന് പറഞ്ഞുകൊണ്ടിയരുന്നു റോള്‍സിന്റെ രാജി. 1909ല്‍ റോള്‍സ് ഒരു റൈറ്റ് ഫ്‌ളയര്‍ എയര്‍ക്രാഫ്റ്റ് സ്വന്തമാക്കി. അതിലായിരുന്നു പിന്നീട് റോള്‍സിന്റെ പരീക്ഷണപറക്കലുകള്‍. ഇംഗ്ലീഷ് ചാനലിലൂടെ നോണ്‍ സ്‌റ്റോപ്പായി പറന്നതിന്റെ റോക്കോര്‍ഡ് പോലും അന്ന് റോള്‍സ് സ്വന്തമാക്കി. എന്നാല്‍ ദൗര്‍ഭാഗ്യകരമായിരുന്നു പിന്നീട് നടന്ന സംഭവം. 1910ല്‍ ഒരു എയര്‍ ഷോയ്ക്കിടെ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തില്‍ റോള്‍സ് പറത്തിയ വിമാനം തകരുകയും റോള്‍സ് കൊല്ലപ്പെടുകയും ചെയ്തു. 32 വയസ്സായിരുന്നു അന്ന് ചാള്‍സിന്റെ പ്രായം. ബ്രിട്ടണില്‍ തന്നെ വിമാനാപകടത്തില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ ആളായിരുന്നു ചാള്‍സ്. 

ചാള്‍സ് റോള്‍സ് മരിച്ച അടുത്ത വര്‍ഷം മുതല്‍ക്കേ റോയ്‌സിന്റെ ആരോഗ്യവും ക്ഷയിച്ചുതുടങ്ങിയിരുന്നു. സുഹൃത്തിനെ നഷ്ടപ്പെട്ട വിഷമം അദ്ദേഹത്തെ ഏറെ അലട്ടി. ഭക്ഷണത്തോടുള്ള താല്‍പര്യം ഇല്ലാതെയായി, ഉറക്കം നഷ്ടപ്പെട്ടു. കമ്പനിയില്‍ ഏറെ നേരം ചെലവഴിക്കാന്‍ കഴിയാതെ അദ്ദേഹം കഷ്ടപ്പെട്ടു. എങ്കിലും പുതിയ ഡിസൈനുകള്‍ വരച്ചും നിര്‍ദേശം നല്‍കിയും കമ്പനിയുടെ വളര്‍ച്ചയ്‌ക്കൊപ്പമുണ്ടായിരുന്നു. 1914ലാണ് ലോകമഹായുദ്ധത്തിന് വേണ്ടി റോയ്‌സ് ഡിസൈന്‍ ചെയ്ത ആദ്യത്തെ എയ്‌റോ ഞ്ചെിന്‍ പുറത്തിറങ്ങുന്നത്. വിമാനഎഞ്ചിന്‍ നിര്‍മാണത്തിലെ റോള്‍സ് റോയ്‌സിന്റെ പാരമ്പര്യം തുടങ്ങുന്നതും ഇതില്‍ നിന്നാണ്. കാര്‍ നിര്‍മാണവും മറ്റൊരു ഭാഗത്ത് നടക്കുന്നു. 1914 മുതലുള്ള പത്ത് വര്‍ഷം കൊണ്ട് 2944 ആഡംബര കാറുകളാണ് കമ്പനി നിര്‍മിച്ചത്. ഓരോ കാറും നിര്‍മിക്കാന്‍ ഏറെ സമയമെടുക്കുമെങ്കിലും പൂര്‍ണതയുടെ യഥാര്‍ഥ രൂപമായിരുന്നു ഓരോ റോള്‍സ് റോയ്‌സ് കാറും. 1930ല്‍ റോയ്‌സിന് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ക്ഷീണിതനാണെങ്കിലും ജോലിയില്‍ അതീവതല്‍പരനായിരുന്നു റോയ്‌സ്. 1933ല്‍ ആശുപത്രി കിടക്കയില്‍ വെച്ചാണ് തന്റെ അവസാനത്തെ ഡിസൈന്‍ അദ്ദേഹം കമ്പനിക്കായി വരച്ചുനല്‍കിയത്. എന്‍വലപ്പിന്റെ പിന്‍വശത്ത് വരച്ച ഡിസൈന്‍ കമ്പനിയിലെത്തിക്കാന്‍ നേഴ്‌സിനോടാവശ്യപ്പെട്ടു. എന്നാല്‍ ആ കത്ത് ഫാക്ടറിയിലെത്തുന്നതിന് മുന്‍പ് റോയ്‌സ് എന്നന്നേക്കുമായി ജീവിതത്തിന് ബ്രേക്കിട്ടു. 1933ല്‍ എഴുപതാമത്തെ വയസ്സിലാണ് അദ്ദേഹം മരണപ്പെട്ടത്. ഇരുവരുടേയും മരണത്തിന് ശേഷവും കമ്പനി കാറുകള്‍ നിര്‍മിക്കുന്നത് തുടര്‍ന്നു.

placeholder
rolls and royce

റോള്‍സ് റോയ്‌സ് മോട്ടോര്‍സ്

ലോക്ഹീഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന് വേണ്ടി പുതിയ എഞ്ചിന്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് 1971ല്‍ റോള്‍സ് റോയ്‌സ് ലിമിറ്റഡിന് ഒരു റിസീവര്‍ഷിപ്പിലേക്ക് നീങ്ങേണ്ടി വന്നു. റീസിവര്‍ഷിപ്പിലൂടെ പുതിയ മാനേജ്‌മെന്റ് അധികാരത്തിലെത്തി. റിസീവര്‍ഷിപ്പിന്റെ രണ്ട് മാസത്തിന് ശേഷം 1971ല്‍ റോള്‍സ് റോയ്‌സ് മോട്ടോര്‍സ് എന്ന കമ്പനി രൂപീകരിക്കപ്പെട്ടു. ഈ കമ്പനിയാണ് പിന്നീട് കാറുകള്‍ ഉത്പാദിപ്പിച്ചത്. മോട്ടോര്‍ കാറുകള്‍ ഡീസല്‍-പെട്രോള്‍ എഞ്ചിനുകള്‍, എയ്‌റോ എഞ്ചിനുകള്‍ തുടങ്ങിയവയായിരുന്നു പ്രധാനമായും നിര്‍മിച്ചിരുന്നത്. 1980ല്‍ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ ഉപകമ്പനിയായ വിക്കേര്‍സ് ലിമിറ്റഡ് എന്ന എഞ്ചിനീയറിങ് കമ്പനി റോള്‍സ് റോയ്‌സ് ലിമിറ്റഡിനെ വാങ്ങുകയും റോള്‍സ് റോയ്‌സ് മോട്ടോര്‍സ് എന്ന് പേര് മാറ്റുകയും ചെയ്തു. 1998 മുതല്‍ 2002 വരെയായിരുന്നു ഉടമസ്ഥത.

1906ല്‍ സ്ഥാപിക്കപ്പെട്ട റോള്‍സ് റോയ്‌സ് ലിമിറ്റഡ് എന്ന കമ്പനി ഇപ്പോള്‍ നിലവിലില്ല. ഉടമസ്ഥതകളിലൂടെ മാറിമറിഞ്ഞപ്പോള്‍ ഇത് റോള്‍സ് റോയ്‌സ് മോട്ടോര്‍സ് (1973, വിക്കേഴ്സ് ഉടമസ്ഥത), പിന്നീട് റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് (1998, ബി.എം.ഡബ്ല്യൂ ഉടമസ്ഥത) എന്നിങ്ങനെ വ്യത്യസ്ത കമ്പനികളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. 

റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് ലിമിറ്റഡ്

2003 മുതല്‍ ബി.എം.ഡബ്ല്യൂ എ.ജിയുടെ ഉപകമ്പനിയാണ് റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് ലിമിറ്റഡ്. ഇംഗ്ലണ്ടിലെ ഗുഡ്‌വുഡ് എസ്റ്റേറ്റിലാണ് കമ്പനിയുടെ ആസ്ഥാനം. ഈ കമ്പനിയാണ് ഇപ്പോള്‍ റോള്‍സ് റോയ്‌സ് ബ്രാന്‍ഡ് കാറുകള്‍ പുറത്തിറക്കുന്നത്. 1906 മുതല്‍ 2003 വരെ റോള്‍സ് റോയ്‌സ് മോട്ടോര്‍സ് എന്ന കമ്പനിയായിരുന്നു റോള്‍സ് റോയ്‌സ് കാറുകള്‍ പുറത്തിറക്കിയിരുന്നത്. അക്കാലത്ത് ഏതാനും ഓട്ടോമൊബൈല്‍ ഘടകങ്ങള്‍ വില്‍പന ചെയ്യുന്ന കമ്പനി മാത്രമായിരുന്നു ബിഎംഡബ്ല്യു. 2003ലാണ് ബിഎംഡബ്ല്യു റോള്‍സ് റോയ്സ് മോട്ടോര്‍ കാര്‍സ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നത്. ഇതോടെ കമ്പനിയുടെ പേര് വീണ്ടും മാറ്റി റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് ലിമിറ്റഡ് എന്നായി. 2003-ന് മുമ്പ് നിര്‍മ്മിച്ച റോള്‍സ്-റോയ്സ് ബ്രാന്‍ഡഡ് വാഹനങ്ങളുമായി ബിഎംഡബ്ല്യുവിന് നേരിട്ട് ബന്ധമില്ല. 2023ല്‍ ലോഞ്ച് ചെയ്ത സ്‌പെക്ടര്‍ കാര്‍ ആണ് റോള്‍സ് റോയ്‌സില്‍ നിന്ന് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ കാര്‍. ഈ ബ്രാന്‍ഡില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ ഇലക്ട്രിക് കാറായിരുന്നു സ്‌പെക്ടര്‍. 

placeholder
rolls royce spectre
സ്‌പെക്ടര്‍

ബില്ല്യണുകള്‍ വാരുന്ന റോള്‍സ് റോയ്‌സ് 

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ല്യൂവിന്റെ ഉപകമ്പനി ആയാണ് ഇന്ന് റോള്‍സ് റോയ്‌സ് പ്രവര്‍ത്തിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ കണക്കുകള്‍ പ്രകാരം 2003ല്‍ ബി.എം.ഡബ്ല്യൂ ഉടമസ്ഥതയില്‍ യു.കെയിലെ ഗുഡ്‌വുഡില്‍ സൈറ്റ് ആരംഭിച്ചതിന് ശേഷം പ്രതിവര്‍ഷം 500 മില്ല്യണ്‍ പൗണ്ട് ആണ് യു.കെ സമ്പദ് വ്യവസ്ഥയ്ക്ക് റോള്‍സ് റോയ്‌സ് കമ്പനി സംഭവാന ചെയ്യുന്നത്. 

119 വര്‍ഷത്തെ ചരിത്രയാത്രയ്ക്കിടയില്‍ റോള്‍സ് റോയ്സ് ഏറ്റവും കൂടുതല്‍ ലാഭം നേടിയ വര്‍ഷം 2023 ആണ്. കോടികള്‍ വിലമതിക്കുന്ന കാര്‍ ഏറ്റവും കൂടുതല്‍ എണ്ണം വിറ്റുപോയ വര്‍ഷമായിരുന്നു 2023. ലോകത്താകമാനം 6032 കാറുകളാണ് വില്‍പന നടത്തിയത്. അമേരിക്ക ചൈന, പസഫിക് മേഖലയിലായിരുന്ന പ്രധാന വിപണി. സില്‍വര്‍ ഗോസ്റ്റ്, കള്ളിനന്‍ എന്നിവയായിരുന്നു കൂടുതല്‍ വില്‍പന നടന്ന മോഡലുകള്‍. 2022ലും 2023ലും വില്‍പനയില്‍ നാഴികക്കല്ലുകള്‍ റോള്‍സ് റോയ്‌സ് പിന്നിട്ടു. 2022ല്‍ 6021 കാറുകളും 2023ല്‍ 6032 കാറുകളുമാണ് കമ്പനി വില്‍പന നടത്തിയത്. 

104 മുതല്‍ 2022 വരെ നാല്‍പ്പതോളം മോഡലുകളാണ് റോള്‍സ് റോയ്‌സ് അവതരിപ്പിച്ചത്. 2000നു ശേഷം മാത്രം 13 മോഡലുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ ഗോസ്റ്റ്, സ്വെപ്‌ടെയ്ല്‍, കള്ളിനന്‍, ഫാന്റം 8, സ്‌പെക്ടര്‍  തുടങ്ങി ചുരുക്കം ചില മോഡലുകള്‍ മാത്രമാണ് ഇപ്പോഴും വിപണിയിലുള്ളത്. അമേരിക്ക, ചൈന, യൂറോപ്പ് എന്നിവയാണ് പ്രധാന വിപണികളെങ്കിലും ഇന്ത്യയിലും റോള്‍സ് റോയ്‌സ് കാറുകള്‍ പ്രചാരത്തിലുണ്ട്. ഉപഭോക്താക്കളുമായി കൂടുതല്‍ എളുപ്പത്തില്‍ സംവദിക്കാന്‍ ആഗോളതലത്തില്‍ പലരാജ്യങ്ങളിലും റോള്‍ഡ് റോയ്‌സ് ഓഫീസുകള്‍ തുറന്നിട്ടുണ്ട്. 2002ല്‍ ദുബായിയിലായിരുന്നു ആദ്യ ഓഫീസ് ആരംഭിച്ചത്. ഗുഡ്‌വുഡ് ആസ്ഥാനത്ത് മാത്രം മൂവായിരത്തോളം ജീവനക്കാരുണ്ട്. കാറിന്‍റെ അവസാനഘട്ട കൂട്ടിച്ചേര്‍ക്കലുകളും മിനുക്കുപണികളുമാണ് ഇവിടെ നടക്കുന്നത്. ഇതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഇത്തരത്തില്‍ കേരളത്തിനുമുണ്ട് റോള്‍സ് റോയ്‌സിലൊരു പങ്ക്. റോള്‍സ് റോയ്‌സിന്റെ ഇന്റീരിയര്‍ നിര്‍മിക്കാന്‍ നിലമ്പൂര്‍ തേക്കുകള്‍ കയറ്റി അയച്ചിരുന്ന ചരിത്രമുണ്ട്. റോള്‍സ് റോയ്‌സ് ഗോസ്റ്റിന്റെ ഡാഷ് ബോര്‍ഡും മറ്റ് ഇന്റീരിയറും നിര്‍മിച്ചത് നിലമ്പൂര്‍ തേക്കുകള്‍ കൊണ്ടായിരുന്നു. ഒരു മരം തന്നെയാണ് ഒരു കാറിന് വേണ്ടി ഉപയോഗിക്കുക. 

റോള്‍സ് റോയ്‌സിന്റെ ആഗോള വിപണികളില്‍ മുഖ്യസ്ഥാനത്ത് ഇന്ത്യയുമുണ്ട്. പ്രതിവര്‍ഷം 150 റോള്‍സ് റോയ്‌സ് കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്കുകള്‍. 2010 മുതലാണ് ഇന്ത്യയിലെ ഉപഭോക്താക്കളുടെ എണ്ണം കുത്തനെ വര്‍ധിച്ചത്. ഫാന്റം, ഗോസ്റ്റ്, കള്ളിനന്‍, വ്രെയ്ത് തുടങ്ങിയ മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. ആറ് മുതല്‍ 11 കോടി വരെയാണ് ഇവയുടെ വില. 

placeholder
rolls royce interior

ആഡംബരത്തിന്റെ അവസാന വാക്കോ ?

ലോകത്താകമാനം നൂറുകണക്കിന് കാര്‍ ബ്രാന്‍ഡുകളുണ്ടെന്നാണ് കണക്ക്. അതില്‍ എന്താണ് റോള്‍സ് റോയ്‌സിനെ വ്യത്യസ്തമാക്കുന്നത്? അത് റോള്‍സ് റോയ്സിന്‍റെ ലക്ഷ്വറി തന്നെയാണ്. കാറിന്‍റെ ഓരോ ഭാഗത്തും ആഡംബരത്തിന്‍റെ അടയാളങ്ങളുണ്ട്. ലുക്കിലുമുണ്ട് ഏറെ കാര്യങ്ങള്‍. കാറിന്റെ കാഴ്ചയിലെ ഓരോ ചെറിയ ഡീറ്റെയിലിലടക്കം ലക്ഷ്വറി ടച്ചാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഭൂരിഭാഗവും ഹാന്‍ഡ് വര്‍ക്ക് ചെയ്തിരിക്കുന്ന ഇന്‍റീരിയറാണ് ഇതിനുള്ളത്. ഓരോ സീറ്റിനൊപ്പമുള്ള സ്ക്രീന്‍, ഹൈഎന്‍ഡ് കുഷ്യനുകള്‍, ലൈറ്റ്സ് തുടങ്ങി ഓരോന്നിലും ലക്ഷ്വറി പ്രതിഫലിക്കുന്നു. മിനി ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള സജീകരണങ്ങളാണ് കാറിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. 

അങ്ങേയറ്റം ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ കൊണ്ടാണ് റോള്‍സ് റോയ്‌സ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് ആജീവനാന്തം നിലനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അലുമിനിയം കാര്‍ബണ്‍ ഫൈബര്‍ ഉള്‍പ്പെടെ വിലകൂടിയതും ഭാരക്കുറവുമുള്ള മെറ്റീരിയലുപയോഗിച്ചാണ് കാറുകളുടെ ബോഡി നിര്‍മിച്ചിരിക്കുന്നത്.  അലുമിനിയം ഉപയോഗിക്കുന്നതിലൂടെ ഭാരക്കുറവിനൊപ്പം പുറത്തുനിന്നുള്ള ശബ്ദത്തെ അകത്തേക്ക് എത്തുന്നത് പൂര്‍ണമായും തടയുകയും ചെയ്യും. ഹൈഎന്‍ഡ് മെറ്റീരിയലുകളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. ലെതര്‍, തടി, ലോഹം അടക്കമുള്ള വസ്തുക്കള്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. 

മറ്റ് കാറുകളെ പോലെ വലിയ തോതില്‍ ഉത്പാദനം നടക്കുന്ന ഒന്നല്ല റോയ്‌സ് റോള്‍സ് കാറുകള്‍. അത് പ്രത്യേകവും അപൂര്‍വവുമാണ്. അതുതന്നെയാണ് റോള്‍സ് റോയ്‌സ് കാറുകളെ വ്യത്യസ്തമാക്കുന്നതും. ഓര്‍ഡര്‍ അനുസരിച്ചാണ് കാറുകള്‍ ഉത്പാദിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം റോള്‍സ് റോയ്‌സ് നല്‍കുന്നുണ്ട്. പുറത്തെ നിറം മുതല്‍ അകത്തെ സൗകര്യങ്ങളിലേക്ക് വരെ കസ്റ്റമൈസ് ചെയ്യാനുള്ള അവകാശം നീങ്ങുന്നു. ഡാഷ്‌ബോര്‍ഡില്‍ ഏത് തരം തടി ഉപയോഗിക്കണമെന്നത് വരെ ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. 

ഏറ്റവും പുതിയ സാങ്കേതികതയും സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണ് ഓരോ റോള്‍സ് റോയ്‌സ് കാറും പുറത്തിറങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായ സൗകര്യവും സുഖവും പെര്‍ഫോര്‍മന്‍സും ഇവ നല്‍കുന്നു. ജോലിയില്‍ അതിവൈദഗ്ധ്യമുള്ള എഞ്ചിനീയര്‍മാരും കരകൗശല വിദഗ്ധരുമാണ് റോള്‍സ് റോയ്‌സ് കാറുകളുടെ നിര്‍മാണത്തിന് പിന്നിലുള്ളത്. ഏറ്റവും ചെറിയ ഡിസൈനടക്കം ഓരോ കാറും കൃത്യതയോടും ശ്രദ്ധയോടും കൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് വിലയിലും പ്രതിഫലിക്കും. നിര്‍മാണത്തിലും വില്‍പനയിലും മാത്രമല്ല, വില്‍പനാനന്തര സേവനത്തിലും മുന്‍നിരയിലാണ് റോള്‍സ് റോയ്‌സ്. 

placeholder
rolls royce interior

റോള്‍സ് റോയ്സ് വാങ്ങാന്‍ നിശ്ചിത യോഗ്യതകളുണ്ടോ? 

ആഗ്രഹത്തിനുമപ്പുറം അഭിമാനത്തിന്റേയും ആഡംബരത്തിന്റേയും സോഷ്യല്‍ സ്റ്റാറ്റസിന്റേയും പ്രതീകമായാണ് ആളുകള്‍ റോള്‍സ് റോയ്‌സിനെ സ്വന്തമാക്കുന്നത്. കമ്പനി ലക്ഷ്യമിടുന്നതും അത് തന്നെയാണ്. അതിനാല്‍ റോള്‍സ് റോയ്‌സിന്റെ ടാര്‍ഗറ്റ് ഗ്രൂപ്പ് സാധാരണക്കാരല്ല, വെറും സമ്പന്നരുമല്ല. അതിസമ്പന്നരെയാണ് റോള്‍സ് റോയ്‌സ് ലക്ഷ്യമിടുന്നത്. 

റോള്‍സ് റോയ്‌സിനെപറ്റിയുള്ള കഥകളില്‍ ഏറ്റവും വ്യാപകമായി പ്രചരിച്ചിരുന്ന ഒന്നാണ വാഹനം വാങ്ങാന്‍ നിര്‍ദിഷ്ട യോഗ്യത വേണമെന്നത്.വാഹനം വാങ്ങാനെത്തുന്നവരുടെ പശ്ചാത്തലം പരിശോധിച്ചശേഷം അനുയോജ്യമെന്ന് കണ്ടാല്‍ മാത്രമെ വാഹനം നല്‍കൂ എന്നതാണ് പ്രചാരണം. എന്നാല്‍ നിറംപിടിപ്പിച്ച ഈ കഥകളില്‍ യാതൊരു വസ്തുതയുമില്ല. ആര്‍ക്കും വാങ്ങാവുന്ന വാഹനമാണ് റോള്‍സ് റോയ്‌സ്. റോള്‍സ് റോയ്‌സ് വാങ്ങാനുള്ള ഒരേയൊരു യോഗ്യത കമ്പനി ആവശ്യപ്പെടുന്ന പണം നല്‍കുക എന്നതാണ്. എന്നാല്‍ വാങ്ങാനും മെയിന്റനന്‍സ് നടത്താനും വളരെയധികം ചെലവുള്ളതിനാല്‍ സമ്പന്നര്‍ മാത്രമേ ഈ കാര്‍ വാങ്ങാറുള്ളൂ എന്നതാണ് വസ്തുത.  

റോഡ് വൃത്തിയാക്കാന്‍ റോള്‍സ് റോയ്സ് വാങ്ങിയ രാജാവും ചൂല്‍ കെട്ടിയ കാറും

ലോകത്തിലെ ഏറ്റവും വിലകൂടിയ വാഹനങ്ങളിലൊന്നാണ് റോള്‍സ് റോയ്‌സ് അതുകൊണ്ടുതന്നെ ഈ കാറിനെ ചുറ്റിപ്പറ്റി ധാരാളം അതിശയോക്തി കലര്‍ന്ന കഥകളും പ്രചരിക്കാറുണ്ട്. റോള്‍സ് റോയ്‌സ് കാര്‍ വാങ്ങിയ ആല്‍വാര്‍ മഹാരാജന്റേതാണ്  രസകരമായ കെട്ടുകഥ. ഓട്ടോമൊബൈലുകളോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്ന മഹാരാജാവ് ജയ്‌സിങ് ഒരുമിച്ച് മൂന്ന് വാഹനങ്ങള്‍ വരെ വാങ്ങിയ കഥകളുണ്ട്. ഒരിക്കല്‍ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ റോള്‍സ് റോയ്‌സ് ഷോറൂം കണ്ട രാജാവ് വിലയും കാറിന്റെ പ്രത്യേകതകളും അന്വേഷിക്കാനായി അകത്തേക്ക് കയറി. എന്നാല്‍ സാധാരണക്കാരെ പോലെ വസ്ത്രം ധരിച്ചെത്തിയ രാജാവിനെ ഷോറൂം ജീവനക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടു. തിരിച്ച് ലണ്ടനിലെ ഹോട്ടലിലെത്തിയ മഹാരാജാവ് ജയ് സിങ് ഹോട്ടലില്‍ തിരിച്ചെത്തി തന്റെ ജോലിക്കാരെ വിളിച്ചുവരുത്തുകയും റോള്‍സ് റോയ്‌സ് ഷോറൂമിലേക്ക് വിളിച്ച് കാര്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കാനും ആവശ്യപ്പെട്ടു. ഷോറൂമിലേക്ക് നേരിട്ടുവരാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജയ് സിങ് രാജാവ് തന്റെ രാജകീയ വസ്ത്രമണിഞ്ഞ് വീണ്ടും ഷോറൂമിലെത്തി. അന്ന് പരവതാനി വിരിച്ചാണത്രെ രാജാവിനെ റോള്‍സ് റോയ്‌സ് ഷോറൂം ജീവനക്കാര്‍ വരവേറ്റത്. ഷോറൂമിലുണ്ടായിരുന്ന ആറ് റോള്‍സ് റോയ്‌സ് കാറുകളും അന്ന് രാജാവ് വാങ്ങി. കാറിന്റെ തുകയ്‌ക്കൊപ്പം അത് ഇന്ത്യയിലെത്തിക്കാനുളള പണവും കമ്പനിക്ക് നല്‍കി. 
ഇന്ത്യയില്‍ തിരിച്ചെത്തിയ രാജാവ് ആറ് റോള്‍സ് റോയ്‌സ് കാറുകളും ശുചീകരണത്തിനും മാലിന്യനീക്കത്തിനും ഉപയോഗിക്കാന്‍ മുന്‍സിപ്പല്‍ വകുപ്പിനോട് ഉത്തരവിട്ടുവത്രേ ! 

placeholder
maharaja jai singh
ശുചീകരണത്തിനായി ഉപയോഗിച്ചുവെന്ന കഥയില്‍ പ്രചരിക്കുന്ന ചൂലുകെട്ടിയ കാറിന്‍റെ ചിത്രം
ജയ് സിങ് രാജാവും

ലോകത്തെ ഏറ്റവും വലിയ ആഡംബരക്കാര്‍ ശുചീകരണത്തിനായി ഉപയോഗിക്കുന്നുവെന്ന കഥ കാട്ടുതീ പോലെ പടര്‍ന്നു. ടയറില്‍ ചൂലുകള്‍ കെട്ടിവെച്ച ചിത്രവും പത്രങ്ങളില്‍ അച്ചടിച്ചുവന്നു. ഇത് കമ്പനിയുടെ സല്‍പ്പേരിനെ ബാധിക്കുകയും വില്‍പനയില്‍ ഇടിവ് വരുകയും ചെയ്തു. ഇതോടെ റോള്‍സ് റോയ്‌സ് കമ്പനി മാപ്പപേക്ഷിച്ചുകൊണ്ട് രാജാവിന് ടെലഗ്രാം അയച്ചു. മാലിന്യം കൊണ്ടുപോവാനായി തങ്ങളുടെ കാര്‍ ഉപയോഗിക്കുന്നത് ദയവായി നിര്‍ത്തണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. പഴയ കാറുകള്‍ക്ക് പകരം പുതിയ ആറ് കാറുകള്‍ എത്തിക്കാമെന്നും കമ്പനി വാഗ്ദാനം ചെയ്തു. മാപ്പപേക്ഷിച്ചതിലൂടെ കമ്പനി പാഠം പഠിച്ചുവെന്ന് മനസ്സിലാക്കിയ മഹാരാജാവ് റോള്‍സ് റോയ്‌സ് കാര്‍ ശുചീകരണത്തിനായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചുവത്രേ.

സ്പിരിറ്റ് ഓഫ് എക്സ്റ്റസി-റോള്‍സ് റോയ്‌സിന്റെ മുഖമുദ്ര

റോള്‍സ് റോയ്‌സിന്റെ മുഖമുദ്രയാണ് കാറിന് മുന്നില്‍ നിന്നുയര്‍ന്നുവരുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസി എന്ന ലോഗോ. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മുന്‍ഭാഗത്ത് ബോണറ്റില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഒരുശില്‍പ്പമാണിത്. മുന്നോട്ടാഞ്ഞുനില്‍ക്കുന്ന സ്ത്രീയുടേതാണ് ഈ ശില്‍പം. ധരിച്ചിരിക്കുന്ന വസ്ത്രം പിന്നിലോട്ട് പറക്കുന്നത് കാഴ്ചയില്‍ ചിറകുകള്‍ പോലെ തോന്നിക്കുന്നു. ഒരു സ്റ്റാന്‍ഡേര്‍ഡ് റോള്‍സ് റോയ്‌സ് കാറില്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി നിര്‍മിക്കുന്നത്. എന്നാല്‍ കസ്റ്റമൈസേഷന്റെ ഭാഗമായി ഉപഭോക്താവ് ആവശ്യപ്പെടുന്ന ലോഹം ഉപയോഗിച്ച് ഈ ശില്‍പത്തെ നിര്‍മിച്ചുകൊടുക്കാറുണ്ട്. അത് ചിലപ്പോള്‍ സ്വര്‍ണവും വെള്ളിയും രത്‌നം പതിച്ചതും ഒക്കെ ആകാറുമുണ്ട്. ഓരോ വാഹനത്തിനും സ്പിരിറ്റ് ഓഫ് എക്സ്റ്റസി വ്യത്യാസപ്പെട്ടേക്കാം.

ആദ്യകാലത്ത് പുറത്തിറങ്ങിയ റോള്‍സ് റോയ്‌സ് കാറുകളില്‍ ഈ ശില്‍പം ഉണ്ടായിരുന്നില്ല. റോള്‍സ് റോയ്‌സിന്റെ എബ്ലം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജോണ്‍ വാള്‍ട്ടര്‍ മൊണ്ടാഗു എന്ന വ്യവസായി തന്റെ റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന് വേണ്ടി ഒരു ചിഹ്നം നിര്‍മിക്കണമെന്ന് ശില്‍പിയും സുഹൃത്തുമായ ചാള്‍സ് റോബിന്‍സണ്‍ സൈക്സിനോട് ആവശ്യപ്പെട്ടു. ലണ്ടനിലെ കോളേജ് ഓഫ് ആര്‍ട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ ആളായിരുന്നു സൈക്സ്. ശില്‍പം നിര്‍മിക്കാനായി ചാള്‍സ് റഫര്‍ ചെയ്തത് മോഡലും ബ്രിട്ടീഷ് നടിയുമായ എലീനോര്‍ വെലാസ്‌കോ തോണ്‍ടോണിന്റെ ചിത്രമായിരുന്നു. മൊണ്ടാഗുവും തോണ്‍ടോണും തമ്മിലുള്ള രഹസ്യപ്രണയത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ചാള്‍സ് ആദ്യത്തെ ശില്‍പം നിര്‍മിച്ചത്. ജോണ്‍ വാള്‍ട്ടറിന്റെ ഓഫീസ് സെക്രട്ടറിയായിരുന്നു എലീനോര്‍ തോണ്‍ടോണ്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ധനികനായ ബിസിനസ്സുകാരനായിരുന്നു ജോണ്‍ വാള്‍ട്ടറെങ്കില്‍ തീര്‍ത്തും ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലമായിരുന്നു എലീനോറിന്റേത്. അതിനാല്‍ ഇരുവരും തമ്മിലുള്ള പ്രണയബന്ധം പുറത്തുപറയാന്‍ അവര്‍ മടിച്ചു. ഈ ബന്ധം നിലനില്‍ക്കെയാണ് സെസില്‍ വിക്ടോറിയ എന്ന പെണ്‍കുട്ടിയെ ജോണ്‍ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞെങ്കിലും എലീനോറിനോടുള്ള ജോണിന്റെ രഹസ്യപ്രണയം തുടര്‍ന്നു. അതിനെ കുറിച്ച് അറിയുന്നതിനാലാണ് എലീനോറിനെ തന്നെ റോള്‍സ് റോയ്സിന്റെ ചിഹ്നമാക്കി മാറ്റാന്‍ ജോണിന്റെ സുഹൃത്ത് കൂടിയായ സൈക്സ് തിരഞ്ഞെടുത്തത്. 

placeholder
spirit of ecstacy
സ്പിരിറ്റ് ഓഫ് എക്സ്റ്റാസി

ചുണ്ടില്‍ ചൂണ്ടുവിരല്‍ ചേര്‍ത്തുവെച്ചിരിക്കുന്ന സ്ത്രീയുടേതായിരുന്നു ഈ ശില്‍പം. ഇത് പിന്നീട് 'ദി വിസ്പര്‍' എന്ന് വിളിക്കപ്പെട്ടു. സ്പിരിറ്റ് ഓഫ് എക്സ്റ്റാസി സില്‍വര്‍ ലേഡി, ഫ്‌ളൈയിങ് ലേഡി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. കസ്റ്റമൈസേഷന്‍ ഭാഗമായി പലതരം ശില്‍പങ്ങള്‍ പിന്നീടും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ വ്യത്യസ്തമായ ശില്‍പങ്ങള്‍ തങ്ങളുടെ ബ്രാന്‍ഡില്‍ നിന്ന് പുറത്തിറങ്ങുന്നത് മാനേജിങ് ഡയറക്ടറായ ക്ലോഡ് ജോണ്‍സണ്‍ രസിച്ചില്ല. അതിനാല്‍ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയുടെ രൂപം മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രീക്ക് ദേവതയായ നൈക്കിയുടെ രൂപത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു ശില്‍പം നിര്‍മിക്കാനായിരുന്നു ജോണ്‍സണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദേശം ചാള്‍സിനും രസിച്ചില്ല. 

എലിനീറിന്റെ രൂപത്തില്‍ തന്നെ മാറ്റം വരുത്താനാണ് സൈക്സ് പിന്നീട് ശ്രമിച്ചത്. അതിന് അദ്ദേഹം നല്‍കിയ പേര് സ്പിരിറ്റ് ഓഫ് സ്പീഡ് എന്നായിരുന്നു. യാത്രകളെ അത്രമേല്‍ സ്നേഹിക്കുന്ന ഒരു ദേവത തന്റെ കൈകള്‍ പിന്നിലേക്കുയര്‍ത്തി കണ്ണുകള്‍ ദൂരത്തേക്കുറപ്പിച്ച് പറക്കാനൊരുങ്ങി നിന്നുകൊണ്ട് തന്റെ പരമാനന്ദം പ്രകടിപ്പിക്കുന്നു എന്നാണ് സ്പിരിറ്റ് ഓഫ് സ്പീഡിനെ അവതരിപ്പിച്ചുകൊണ്ട് സൈക്സ് വിശദീകരിച്ചത്. 

സ്പിരിറ്റ് ഓഫ് എക്സ്റ്റസി അവതരിപ്പിക്കുന്ന സമയത്ത് റോയ്സ് അസുഖബാധിതനായി കിടപ്പിലായിരുന്നു. ബോണറ്റിനു മുന്നിലെ ശില്‍പം അനാവശ്യമാണെന്നും അത് ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുമെന്നുമായിരുന്നു റോയ്സ് പറഞ്ഞത്. ശില്‍പം ഒരു തരത്തിലും കാറിന്റെ ഗാംഭീര്യം വര്‍ധിപ്പിക്കുന്നില്ലെന്ന് അവകാശപ്പെട്ടെങ്കിലും റോയ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ക്ലോഡ് ജോണ്‍സണും സൈക്സിനും സാധിച്ചു. അങ്ങനെ 1911ലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി റോള്‍സ് റോയ്സ് കാറിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. സ്പിരിറ്റ് ഓഫ് വിസ്പറുമായി ഏറെ സൗദൃശ്യമുള്ളതായിരുന്നു സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും. രണ്ട് ശില്‍പങ്ങള്‍ക്കും മോഡല്‍ എലീനോര്‍ തന്നെയായിരുന്നു. 

placeholder
ROLLS ROYCE LOGO

113 വര്‍ഷത്തെ ചരിത്രമാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസിക്കുള്ളത്. അവതരിപ്പിക്കപ്പെട്ടതിനുശേഷം മൂന്ന് തവണയാണ് ഇതില്‍ മാറ്റം വരുത്തിയത്. 2003ല്‍ പുറത്തിറങ്ങിയ ഫാന്റം മോഡല്‍ മുതല്‍ ഇപ്പോള്‍ വരെയുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡലുകള്‍ക്ക് ഒരേ ശില്‍പമാണ് ഉപയോഗിക്കുന്നത്. 7.6 സെന്റിമീറ്റര്‍ നീളമുള്ള ഇവയെ ഡ്രൈവര്‍ക്ക് ബോണറ്റിന് മുകളില്‍ ഉയര്‍ത്തിവെയ്ക്കുകയോ താഴ്ത്തുകയോ ചെയ്യാം. ഉയര്‍ന്ന ഗുണമേന്മയുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍കൊണ്ട് നിര്‍മിക്കുന്ന ഇവയ്ക്ക് 24 കാരറ്റ് സ്വര്‍ണമോ ക്രിസ്റ്റലോ ഉപയോഗിച്ചുള്ള പ്ലേറ്റിങ്ങും നല്‍കിയിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ ഇലക്ട്രിക് റോള്‍സ് റോയ്സ് സ്പെക്ടര്‍ മോഡലില്‍ വ്യത്യസ്തമായ മറ്റൊരു ശില്‍പമാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ ശില്‍പത്തിന് 82.7 മില്ലിമീറ്ററാണ് ഉയരം. നീളം. സ്പിരിറ്റ് ഓഫ് എക്സ്റ്റസിയുടെ വസ്ത്രവും ചെറുതായി പഴയതില്‍ നിന്ന് വ്യത്യസ്തമാണ്. പുതിയ കാലത്തിന്റെ യാഥാര്‍ഥ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രൂപമാണ് ഡിജിറ്റലായി രൂപം നല്‍കിയ പുതിയ സ്പിരിറ്റ് ഓഫ് എക്സ്റ്റസി. വേഗതയുടെ ദേവത എന്നും ഈ ശില്‍പത്തെ വിശേഷിപ്പിക്കുന്നു.

ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് R ചേര്‍ന്നുനില്‍ക്കുന്നതാണ് റോള്‍സ് റോയ്‌സിന്റെ ബ്രാന്‍ഡ് ലോഗോ. റോള്‍സ്, റോയ്‌സ് എന്നീ പേരുകളില്‍ നിന്നാണ് ഈ ലോഗോ ഉത്ഭവിച്ചത്. രൂപം നല്‍കിയതിന് ശേഷം അഞ്ചോളം തവണ ലോഗോയ്ക്ക് രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. 2022ലാണ് അവസാനമായി ലോഗോയില്‍ മാറ്റം വന്നത്.