'പരിമിതികളെല്ലാം നമ്മുടെ മനസിനകത്തല്ലേ. എന്ത് പ്രശ്നത്തെയും മറികടന്ന് മുന്നോട്ട് പോകാനുള്ള ശക്തി നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. അത് കണ്ടെത്തിയാൽ മാത്രം മതി'
ചിരിച്ചുകൊണ്ട് പ്രിയ പറയുന്നത് അവൾ ജീവിതത്തിലൂടെ പ്രാവർത്തികമാക്കിയ കാര്യമാണ്. പറയുന്നത് പോലെ എളുപ്പമല്ല ചെയ്യുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ ‌ഞാൻ ചെയ്തില്ലേ എന്നവൾ തിരിച്ചുചോദിക്കും. അക്കോൺഡ്രോപ്ലാസിയ എന്ന ജനിതകാവസ്ഥയെയും അതുമൂലമുണ്ടായ ശാരീരിക വെല്ലുവിളികളെയെയും വിഷമങ്ങളെയും മാറ്റിനിർത്തലുകളെയുമെല്ലാം തോൽപിച്ചാണ് പ്രിയ പുതിയ ഉയരങ്ങൾ താണ്ടിയത്. അതിലും പുതിയ ലോകങ്ങൾ തേടുന്നത്. പഠനത്തോടൊപ്പം കലാകായിക പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ഈ അടൂർ പാറക്കൂട്ടം സ്വദേശി ഇന്ന് ചെറുപ്പക്കാർക്ക് മുഴുവൻ മാതൃകയും പ്രചോദനവുമായ സംരംഭക കൂടിയാണ്.

To advertise here,

ബിരുദാനന്തര ബിരുദ പഠനത്തിനിടെ ജൂൺ ഒൻപതിനാണ് വീടിന് അര കിലോമീറ്റർ അകലെയുള്ള മുണ്ടപ്പള്ളിയിൽ ​ഗ്ലാഡ് ബേക്ക്സ് എന്ന പേരിൽ പ്രിയ ഒരു വ്യവസായ സംരംഭം തുടങ്ങുന്നത്. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ ആയിരുന്നു ഉ​ദ്ഘാടനം നിർവഹിച്ചത്. പഫ്സ്, ബിസ്ക്കറ്റ്, റസ്ക്, ബ്രഡ്, കേക്ക് തുടങ്ങിയ എല്ലാ ബേക്കറി ഉത്പന്നങ്ങളും കടയിൽ തന്നെ ഉണ്ടാക്കി. ഓർഡറുകൾക്കനുസരിച്ച് ഉത്പന്നങ്ങൾ കടകളിൽ വിതരണം ചെയ്യുന്നതിനൊപ്പം നിരവധി പേർ നേരിട്ട് വാങ്ങാനെത്തുന്നുമുണ്ട്.

തിരൂർ മലയാളം  സർവകലാശാലയിൽ നിന്ന് വികസന പഠനവും തദ്ദേശീയ വികസനവും എന്ന വിഷയത്തിൽ എംഎ പഠനം പൂർത്തിയാക്കിയ പ്രിയ, കഴിഞ്ഞ വർഷം പാരാ അത്ലറ്റിക് സംസ്ഥാന മീറ്റിൽ ഷോട്ട്പുട്ടിലും ബാഡ്മിന്റണിലും മെഡലുകളും നേടിയിരുന്നു. പഠനത്തിടെ തന്നെ സംരംഭം തുടങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ചും സ്വപ്നത്തിൽ നിന്നും സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയെ കുറിച്ചും ജീവിതത്തിലെ നേട്ടങ്ങളെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട്   സംസാരിക്കുകയാണ് പ്രിയ.

ചോദ്യചിഹ്നത്തിൽ നിന്നും തുടങ്ങിയ സംരംഭം

യഥാർഥത്തിൽ പഠനം കഴിഞ്ഞാൽ എന്ത് എന്ന ചോദ്യത്തിൽ നിന്നാണ് പഠനത്തോടൊപ്പം സംരംഭം എന്ന് ആശയത്തിലേക്ക് എത്തുന്നത്. അന്ന് ഞാൻ പിജി രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുമൂന്നു മാസം കൂടി കഴിഞ്ഞാൽ കോഴ്സ് പൂർത്തിയാകും. അതോടെ വിദ്യാർഥിയായ ഞാൻ തൊഴിൽരഹിതയാവും. അതൊരു വലിയ ചോദ്യചിഹ്നമാണ്.  സംരംഭകയായി മുന്നോട്ട് പോകുമ്പോഴും ഇനിയെന്ത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. അപ്പോൾ ഒന്നുമില്ലാതെ നിൽക്കുമ്പോൾ ആ ചോദ്യം നമ്മളെ എത്രമാത്രം മാനസികമായി തളർത്തുമെന്ന് ഊഹിക്കാമല്ലോ.

ഭക്ഷണമെന്ന സന്തോഷം

മനുഷ്യന് ഏറ്റവും സന്തോഷം നൽകുന്ന ഒന്നാണല്ലോ ഭക്ഷണം. നല്ല ഭക്ഷണം എവിടെ കൊടുത്താലും ആളുകൾ എത്ര ദൂരത്ത് നിന്നും എത്തും. അതുകൊണ്ട് ഭക്ഷണവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംരംഭം തുടങ്ങണമെന്നായിരുന്നു മനസിലുണ്ടായിരുന്നത്. അപ്പോഴും ഏതുതരം ഭക്ഷണം കൊടുക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. എനിക്ക് പലഹാരങ്ങൾ വലിയ ഇഷ്ടമാണ്. ലഡുവൊക്കെ വളരെ പ്രിയപ്പെട്ടതാണ്. അങ്ങനെ ബേക്കറി തുടങ്ങിയാലോ എന്ന് ചിന്തിച്ചെങ്കിലും പിന്നീട് മാനുഫാക്ചറിങ് യൂണിറ്റ് എന്ന തീരുമാനത്തിലേക്കെത്തി. എണ്ണയിൽ വറുക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കി ബേക്ക് ചെയ്തെടുക്കുന്ന ഭക്ഷണങ്ങൾ മതി എന്നതായി ചിന്ത.

എളുപ്പമായിരുന്നില്ല ലോൺ

ബാങ്കിൽ നിന്നും ലോണെടുത്താണ് ​ഗ്ലാഡ് ബേക്ക്സ് തുടങ്ങുന്നത്. ആദ്യമൊരു ബാങ്കിൽ അന്വേഷിച്ചപ്പോൾ ലോൺ തരാൻ താത്പര്യമില്ലാത്തത് പോലെയായിരുന്നു അവരുടെ പെരുമാറ്റം. ഞാൻ ഭിന്നശേഷിക്കാരി ആയതിനാൽ ഈ കുട്ടി എങ്ങനെ ലോൺ തിരിച്ചടയ്ക്കും, നാളെ പ്രശ്നമായാലോ എന്നൊക്കെ ചിന്തിച്ചിട്ടാവണം. എന്തായാലും തരില്ല എന്ന് നേരിട്ടുപറയാതെ മറ്റുപലരീതിയിൽ കാണിച്ച് ഒഴിവാക്കുകയാണെന്ന് മനസിലായി. അതിനുശേഷം എസ്.ബി.ഐ അടൂർ ബ്രാഞ്ചിലാണ് ലോണിനായി സമീപിച്ചത്. സംരംഭകയാണെന്നോ, ഭിന്നശേഷിയുള്ള ആളാണെന്നോ നോക്കാതെ പുതിയതായി എന്താണ് കുട്ടികൾക്ക് കൊടുക്കാനാവുക എന്ന് ചിന്തിക്കുന്നവരായിരുന്നു അവിടെ ഉണ്ടായിരുന്നത്. ബാങ്കിന്റെ ഭാ​ഗത്ത് നിന്നും നൽകാൻ കഴിയുന്ന എല്ലാ പിന്തുണയും അവർ തന്നു. അതോടെ എല്ലാ നടപടിക്രമങ്ങളും പെട്ടെന്ന് പൂർത്തിയാക്കാൻ കഴിഞ്ഞു.

placeholder
പ്രിയ മാത്യു
​ഗ്ലാഡ് ബേക്ക്സിന്റെ ഉദ്ഘാടനദിവസം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാറിനൊപ്പം 

കല്യാണങ്ങളിൽ നിന്നുപോലും മാറ്റിനിർത്തി

ഭിന്നശേഷിയുടെ പേരിൽ കുടുംബക്കാരുടെ ഭാ​ഗത്തുനിന്നുപോലും പല തരത്തിലുള്ള വിഷമങ്ങൾ നേരിട്ടൊരാളാണ് ഞാൻ. ചില കല്യാണങ്ങളിൽ നിന്ന് എന്നെ മാറ്റിനിർത്തിയിട്ടുണ്ട്. ഇതെല്ലാം എന്റെ പരിമിതി കാരണമാണല്ലോ എന്ന ചിന്തയുണ്ടായപ്പോൾ ആ പരിമിതിയിലൂടെ തന്നെ ജീവിതത്തിൽ അവർക്കൊരു മറുപടി കൊടുക്കണമെന്ന ചിന്ത ശക്തമായി. മാറ്റിനിർത്തിയവരുടെ മുന്നിൽ തോൽക്കില്ലെന്ന് തീരുമാനിച്ചു. അവിടെ നിന്നാണ് ജീവിതത്തിൽ ഒരു വാശിയുണ്ടാകുന്നത്. നാളെ ഒരിക്കൽ ഒഴുക്കുപാറയെന്ന ഞങ്ങളുടെ വീട്ടുപേരിൽ എനിക്ക് അറിയപ്പെടണമെന്നായി ആ​ഗ്രഹം.

കുടുംബമാണ് എല്ലാം

ഗർഭം ധരിച്ചിരുന്ന സമയത്ത് തന്നെ ഞാൻ ശാരീരിക പരിമിതിയുള്ള ആളായിരിക്കുമെന്നും ഉയരം കുറവായിരിക്കുമെന്നും അമ്മയോട് ഡോക്ടർ പറഞ്ഞിരുന്നു. എന്നിട്ടും അമ്മ എന്നെ ലോകം കാണിച്ചു. അന്ന് മുതൽ ഈ നിമിഷം വരെ അമ്മ എന്റെ കൂടെ തന്നെയുണ്ട്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിയുന്നതും എന്റെ അവസ്ഥയെകുറിച്ച് പൂർണമായി മനസിലാക്കുന്നതും. അന്ന് മാനസികമായി തളർന്ന എന്നോട് അമ്മ പറഞ്ഞത് ഈ അവസ്ഥയെ ഉൾക്കൊണ്ട് മുന്നോട്ട് പോയില്ലെങ്കിൽ ഒരിക്കലും എവിടെയും എത്തില്ല എന്നായിരുന്നു. മാനസികമായി തളർന്നിരിക്കാതെ മുന്നോട്ട് പോവാനുള്ള ഊർജമാണ് അമ്മ തന്നത്.

പൊന്നമ്മ എന്നാണ് അമ്മയുടെ പേര്. കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആയിരുന്നു. അതുകൊണ്ട് തിരുവനന്തപുരത്തായിരുന്നു കുറേക്കാലം താമസം. വിരമിക്കാനായപ്പോൾ നാട്ടിലേക്ക് വരികയായിരുന്നു. സജിൻ മാത്യുവെന്നാണ് സഹോദരന്റെ പേര്. പലപ്പോഴും ക്ലാസുകളെല്ലാം മുടക്കി എന്നോടൊപ്പം എല്ലായിടത്തും വരുന്നത് അണ്ണനായിരുന്നു. പിജിക്ക് പഠിക്കാനായി മലപ്പുറത്തേക്ക് പോകാൻ ഏറ്റവും പിന്തുണ നൽകിയതും അണ്ണൻ തന്നെയാണ്. അവൾ ഒറ്റയ്ക്ക് യാത്ര ചെയ്ത് പഠിക്കട്ടെയെന്ന് അണ്ണനാണ് അമ്മയെ പറഞ്ഞ് മനസിലാക്കിച്ചത്. കായികലോകത്തേക്ക് വരാനും ഏറ്റവും വലിയ പിന്തുണ തന്നത് അണ്ണൻ തന്നെയായിരുന്നു. ഇപ്പോൾ ​ഗ്ലാഡ് ബേക്ക്സിന്റെ നടത്തിപ്പിനും എന്നോടൊപ്പമുണ്ട്.

ഒരുപാട് സങ്കടപ്പെട്ട നിമിഷങ്ങളും രാത്രികളുമൊക്കെ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ഞാൻ തളർന്നുപോകാതിരുന്നത് കുടുംബം തന്ന പിന്തുണ കൊണ്ടാണ്. എന്റെ നട്ടെല്ലായി അവർ നിന്നില്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയാവില്ലായിരുന്നു. ഏറ്റവും കൂടുതൽ ആവശ്യം വിദ്യാഭ്യാസമാണ്. അതെനിക്ക് വേണ്ടുവോളം അവർ തന്നു. ഇനിയും മുന്നോട്ടുപോകൂവെന്ന് പറയുമ്പോൾ അതാണ് എന്റെ ഒരു ബലം. 

എന്നെ മാറ്റിയെടുത്ത മലയാളം സർവകലാശാല

പന്തളം എൻ.എസ്.എസിലാണ് ബിരുദപഠനം പൂർത്തിയാക്കിയത്. അവിടെ പഠിക്കുമ്പോൾ രാവിലെ ഒൻപത് മണിക്ക് കോളേജിലെത്തും, വൈകീട്ട് നാലുമണിയാകുമ്പോൾ സഹോദരൻ തിരിച്ച് കൊണ്ടുവരും എന്നതായിരുന്നു പതിവ്. അവിടെ വലിയ രീതിയിൽ സംസാരിക്കുകയോ മറ്റു പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യാറില്ലായിരുന്നു. പിന്നീട് ബിരുദാനന്തര പഠനത്തിനായി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ ചേർന്നു. എന്റെ ജീവിതത്തെ കൂടുതൽ മാറ്റിയെടുത്തതും എനിക്ക് പുതിയ ലോകം കാണിച്ചു തന്നതുമെല്ലാം എന്റെ സർവകലാശാലയും അവിടെയുള്ള  അധ്യാപകരുമാണ്. എന്റെ ഡിപ്പാർട്ട്മെന്റിൽ മാത്രമല്ല, അവിടത്തെ 11 ഡിപ്പാർട്ട്മെന്റിലെയും അധ്യാപകരായും എനിക്ക് മാനസികമായ അടുപ്പമുണ്ട്. എന്നെ മനസ്സിലാക്കുകയും എനിക്ക് വേണ്ട കരുതൽ തരികയും ചെയ്തു അവർ. ഓ​ഗസ്റ്റ് 16ന് വൈവ കഴിഞ്ഞ് സർവകലാശാലയിൽ നിന്നും പടിയിറങ്ങുമ്പോൾ സ്വന്തം വീട്ടിൽ നിന്നിറങ്ങുന്ന അനുഭവമായിരുന്നു. എനിക്ക് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാൻ കഴിയുന്ന എന്റെ വീട് പോലെ തന്നെയാണ് അവിടെ.

ഭിന്നശേഷി സൗഹൃദമാകണം, മാറ്റങ്ങൾ വേണം

ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ പോകാനായി ഞാൻ ബസിൽ യാത്ര ചെയ്തിരുന്നു. ഇവിടെ ബസിന്റെ പടിയെല്ലാം അല്പം ഉയരത്തിൽ ആയതിനാൽ എനിക്ക് കയറാൻ പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് കാൽമുട്ട് കുത്തിയാണ് കയറിയത്. അത് കാണുന്ന ചിലർക്ക് കൗതുകം തോന്നും, മറ്റു ചിലർക്കത് സഹതാപമോ തമാശയോ ആയിരിക്കും. പക്ഷേ, ആ തമാശയും സഹതാപവുമെല്ലാം ഭിന്നശേഷിയുള്ള ഒരാളെ മാനസികമായി എത്രമാത്രം ഉലയ്ക്കുമെന്ന് പറയാനാകില്ല. നമ്മുടെ ഗതാഗത സംവിധാനം വലിയൊരു പോരായ്മയാണിത്. എനിക്ക് ഈ ചുറ്റുപാടിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാനാകില്ല. വീൽച്ചെയർ ഉപയോ​ഗിക്കുന്നവർക്കും ഇതേ പ്രശ്നമുണ്ട്. വീൽച്ചെയർ യൂസറായ യുണിവേഴ്സിറ്റി കോളേജിലെ പ്രൊഫസർ ഡോ.ശാരദാദേവി  ടീച്ചറൊക്കെ നിരന്തരം ഈ വിഷയം സംസാരിക്കുന്നുണ്ട്. 

അധികാരതലങ്ങളിൽ വരേണ്ട മാറ്റമാണ് മറ്റൊരു കാര്യം. അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വിഭാ​ഗങ്ങൾ അധികാരതലങ്ങളിലേക്ക് വന്നാൽ മാത്രമേ ആ വിഭാ​ഗങ്ങൾക്ക് അവകാശപ്പെട്ടത് നേടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. ഭിന്നശേഷിക്കാരായ ആളുകളും അധികാരതലത്തിൽ മുന്നിലേക്ക് വരണം. ത്രിതലപഞ്ചായത്ത് പോലെ താഴെത്തട്ടിൽ മുതൽ അത്തരം ആളുകളെ പരി​ഗണിക്കണം. അധികാരതലങ്ങളിലേക്ക് അവർക്ക് എത്താനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും നിലവിലുള്ള സർക്കാർ ചെയ്തുകൊടുക്കണം. അത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഉറപ്പാണ്. 

ഒന്നും ഒറ്റപ്പെട്ട സംഭവമല്ല, പ്രശ്നം പരിഹരിക്കപ്പെടണം

ഭിന്നശേഷി വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും എന്നതായിരുന്നു പിജി റിസർച്ചിനായി ഞാൻ തിരഞ്ഞെടുത്ത വിഷയം. മലപ്പുറം ജില്ലയിലെ അഞ്ച് കോളേജുകളായിരുന്നു പഠനവിധേയമാക്കിയത്. ഈ അഞ്ച് കോളേജുകളിലൊന്ന് ഭിന്നശേഷി സൗഹൃദമല്ലെന്നും കോളേജിലെ അധികൃതർ ഒരു വിദ്യാർഥിയോട് മോശമായി പെരുമാറിയതായി കണ്ടെത്തി. വീൽച്ചെയർ യൂസറായ ആ വിദ്യാർഥിയുടെ ക്ലാസ് വരുന്നത് രണ്ടാമത്തെ നിലയിലായിരുന്നു. കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു എന്നും ക്ലാസിലേക്ക് വന്നിരുന്നത്. അതിനാൽ ക്ലാസ് താഴത്തെ നിലയിലേക്ക് മാറ്റിത്തരണമെന്നാവശ്യപ്പെട്ട് വിദ്യാർഥി പ്രിൻസിപ്പലിന് കത്ത് നൽകി. രണ്ടാമത്തെ നിലയിലുള്ള പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നും കത്ത് നൽകി തിരികെ വരുമ്പോഴാണ് കുറച്ചു അധ്യാപകർ കുട്ടിയെ മാനസികമായി തളർത്തുന്ന രീതിയിൽ സംസാരിച്ചത്. ഒരാൾക്ക് വേണ്ടി ക്ലാസ് താഴെയാക്കുന്നത് മറ്റു കുട്ടികൾക്ക് ബുദ്ധിമുട്ടായിരിക്കും. അത് നടക്കില്ല. വേണമെങ്കിൽ ലിഫ്റ്റ് വെച്ചുതരാൻ മന്ത്രിക്ക് നിവേദനം കൊടുക്കൂവെന്ന് തമാശ രീതിയിലൊക്കെ ഈ അധ്യാപകർ പറഞ്ഞു.

നിർഭാ​ഗ്യവശാൽ, റിസർച്ചിന്റെ വൈവയ്ക്ക് വന്ന ടീച്ചർ ഞാൻ ഭിന്നശേഷി സൗഹൃദപരമല്ലെന്ന് കണ്ടെത്തിയ കോളേജിലെ അധ്യാപികയായിരുന്നു. ഒന്നോ രണ്ടോ കുട്ടികൾക്ക് ഇത്തരം അനുഭവമുണ്ടായെന്ന് കരുതി മൊത്തം കോളേജിനെ പറയരുതെന്നായിരുന്നു എന്നാണ് ടീച്ചർ പറഞ്ഞത്. പക്ഷേ, എനിക്ക് ആ രീതിയിൽ ചിന്തിക്കാൻ കഴിയില്ല. ഇതൊരു ഒറ്റപ്പെട്ട പ്രശ്നമല്ല. അങ്ങനെ മാറ്റിയെഴുതാനും പറ്റില്ല. ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ട വിഷയമാണിത്.

ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾ എല്ലാവർക്കും മനസിലാക്കാൻ കഴിയണമെന്നില്ല. നിരന്തരം ചിരിച്ചുകൊണ്ടിരുന്ന മനുഷ്യർ നാളെയൊന്ന് ചിരിക്കാതെയായാൽവരെ അത് ഭിന്നശേഷിക്കാരായ ഒരാളെ മാനസികമായി ബാധിക്കും. ഈ കാര്യങ്ങളൊക്കെ വൈവയ്ക്ക് വന്ന അധ്യാപികയോട് പറഞ്ഞപ്പോൾ ആ ടീച്ചർ വ്യത്യസ്തമായ മറുപടിയാണ് പറഞ്ഞത്. എല്ലാ കോളേജുകളിലും ഓഫീസുകൾ രണ്ടാമത്തെ നിലയിലായിരിക്കും. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങൾ വന്നാൽ അടിയും ബഹളവും വന്നാൽ അവരെ ഇതൊന്നും ബാധിക്കാതിരിക്കാനും സുരക്ഷിതരായിരിക്കാൻ വേണ്ടിയാണിത്. കുട്ടികൾ എന്തെങ്കിലും ആയിക്കോട്ടെ എന്ന രീതിയിലാണ് ടീച്ചർ എന്നോട് പറഞ്ഞത്. എല്ലാ അധ്യാപകരെയുമല്ല, എങ്കിലും ഇത്തരം മനോഭാവമുള്ള ചില അധ്യാപകരും ഉണ്ട്. അത് വിഷമമുണ്ടാക്കുന്ന കാര്യമാണ്.

പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യം

സ്പോർട്​സിലേക്ക് വന്നത് എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. ലിറ്റിൽ പീപ്പിൾ എന്ന പേരിൽ ഡ്വാർഫിസമുള്ള ആളുകളുടെ ഒരു വാട്​സാപ്പ് കൂട്ടായ്മയുണ്ട്. അതിലെത്തിയപ്പോഴാണ് ഭിന്നശേഷിക്കാർക്ക് മാത്രമായും കായികമത്സരങ്ങളുണ്ടെന്ന് ഞാൻ അറിയുന്നത്. ഇന്ന് ആ കൂട്ടായ്മ ട്രസ്റ്റായി മാറി. എനിക്ക് കഴിയുന്ന മത്സരങ്ങളിൽ പങ്കെടുക്കൂവെന്ന് ട്രസ്റ്റിലെ അം​ഗങ്ങളാണ് പറഞ്ഞത്. അങ്ങനെ ഷോട്ട്പുട്ടിലും ഡിസ്കസ്ത്രോയിലും ബാഡ്മിന്റണിലും മത്സരിച്ചു. അന്നാണ് എന്നെപ്പോലെയുള്ള കുറേപ്പേർ വർഷങ്ങളായി ഈ മത്സരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മനസിലാക്കുന്നത്. അന്ന് ഷോട്ട്പുട്ടിനും ബാഡ്മിന്റണും സ്വർണമെഡലും ഡിസ്കസ് ത്രോയ്ക്ക് വെള്ളിമെഡലും നേടി. ആദ്യമായി സംസ്ഥാനതലത്തിൽ ​സ്വർണം നേടിയ നിമിഷം വലിയ സന്തോഷമായിരുന്നു. ആ വർഷം തന്നെ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തിലും പങ്കെടുത്തു. അവിടെയും മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞു. ഞാൻ കായികലോകത്ത് തുടക്കമായിരുന്നെങ്കിൽ എന്നോടൊപ്പം മത്സരിച്ച പലരും വർഷങ്ങളോളം പരിശീലനം നേടി ഇതിനായി പരിശ്രമിച്ചുവന്നവരായിരുന്നു. 

പ്രതിസന്ധിയിൽ തളരരുത്  

ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും തളരാതിരിക്കാൻ നമ്മൾ പഠിക്കണം. ഏത് പ്രതിസന്ധിയെയും മറികടന്ന് മുന്നോട്ട് പോകാനുള്ള ശക്തി മ്മുടെ ഉള്ളിൽ തന്നെയുണ്ട്. അത് കണ്ടെത്തി, അതിനെ പരിപോഷിപ്പിച്ചെടുക്കുമ്പോഴാണ് നമ്മൾ വിജയിക്കുന്നത്. നെ​ഗറ്റീവുകളും പല രീതിയിലുള്ള സംസാരങ്ങളുമൊക്കെ ഉണ്ടാവും. അതിനൊന്നിനും ചെവികൊടുക്കരുത്. നമ്മളുടെ സ്വപ്നങ്ങൾ നേടിയെടുക്കാനായി പരിശ്രമിച്ചുകൊണ്ടേയിരിക്കണം. ഇനിയൊരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, റിസ്ക്കെടുത്ത് മുന്നോട്ട് പോകണം. നമുക്ക് വിജയിക്കാൻ കഴിയുമെന്ന് ഉറപ്പാണ്. 

ഡോ.പ്രിയ മാത്യു - അതെന്റെ സ്വപ്നം

​ഗ്ലാഡ് ബേക്ക്സിന് കീഴിൽ രണ്ട് ജീവനക്കാരാണ് നിലവിലുള്ളത്. കുറച്ചുപേർക്ക് കൂടെ ജോലി കൊടുക്കാൻ കഴിയുന്ന രീതിയിൽ സംരംഭം ഇനിയും വിപുലീകരിക്കണമെന്നാണ് ആ​ഗ്രഹം. അതോടൊപ്പം പിഎച്ച്ഡി ചെയ്യണമെന്നും ആഗ്രഹമുണ്ട്. ഒരു വർഷം സമയമെടുത്ത് അതിനുള്ള തയ്യാറെടുപ്പിലാണ്. എന്റെ പേരിനൊപ്പം ഡോ.പ്രിയ മാത്യു എന്ന് ചേർക്കണം. അതും എന്റെയൊരു വാശിയാണ്.