
ബീപ് ബീപ് റിങ്‌ടോണും കീപാഡും സ്‌നെയ്ക് ഗെയിമും... ലോകം സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ളിലേക്ക് ഒതുങ്ങിപ്പോവുന്നതിനും മുന്‍പ് മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴഞ്ചന്‍ കീപാഡ് ഫോണുകളില്‍നിന്ന് ടച്ച് ചെയ്തുപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണിലേക്കുള്ള പരിണാമം ലോകത്തിന്റെ കൂടി മാറ്റമാവുന്നു. വലിയ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയായിരുന്നു നോക്കിയയുടെ യാത്ര. നമ്മുടെ നൊസ്റ്റാള്‍ജിയ കാലത്തെ മൊബൈല്‍ ഫോണ്‍ മാത്രമല്ല, ടെലിഫോണും ടെലിവിഷനും ടാബുകളുമെല്ലാം പുറത്തിറക്കി ലോകത്തിന്റെ പ്രിയപ്പെട്ട ബ്രാന്‍ഡായിരുന്ന നോക്കിയ ഇന്ന് എവിടെയാണ്? ഡിജിറ്റല്‍ രംഗത്തെ മത്സരങ്ങളില്‍ നോക്കിയയ്ക്ക് എവിടെയാണ് കാലിടറിയത്?
ഒരു പേപ്പര്‍ മില്ലായി ആരംഭിച്ച കമ്പനിയായിരുന്നു നോക്കിയ. പിന്നീടത് റബര്‍ ബിസിനസ്സിലേക്കും കേബിള്‍ ബിസിനസ്സിലേക്കും ഇലക്ട്രോണിക് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ ബിസിനസ്സിലേക്കും സാധ്യതകള്‍ വിപുലപ്പെടുത്തി. ഇലക്ട്രോണിക്‌സ് ബിസിനസ്സിലേക്ക് എത്തിയതോടെയാണ് നോക്കിയ കമ്പനിയുടെ വളര്‍ച്ച സ്വപ്‌നതുല്യമായ നിലയിലേക്കെത്തിയത്. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ നോക്കിയ ഫിന്‍ലന്‍ഡിന് പുറത്തേക്ക് വ്യാപിച്ചു. ലോകത്തെങ്ങുമുള്ള ഉപഭോക്താക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ നോക്കിയ ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആയി വളരുകയായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച നോക്കിയ കമ്പനി 150 വര്‍ഷത്തിലേറെയായി മാര്‍ക്കറ്റിലുണ്ട്. 2000-ല്‍ മാതൃരാജ്യമായ ഫിന്‍ലന്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ തിരികെ മാര്‍ക്കറ്റിലേക്കെത്താന്‍ സഹായിച്ചതും ഇതേ നോക്കിയ തന്നെ. അന്ന് ഫിന്‍ലന്‍ഡിന്റെ ആകെ ജി.ഡി.പിയുടെ നാല് ശതമാനമായിരുന്നു നോക്കിയ കമ്പനി സംഭാവന ചെയ്തത്.

നോക്കിയയുടെ ജനനം
1865-ല്‍ ഫ്രെഡ്രിക് ഇഡെസ്റ്റം എന്നയാള്‍ തെക്കന്‍ ഫിന്‍ലന്‍ഡിലെ ഒരു നഗരത്തില്‍ ഒരു പേപ്പര്‍ മില്‍ സ്ഥാപിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി തുടര്‍ന്നു. ഈ ബിസിനസ്സില്‍നിന്ന് കിട്ടിയ ലാഭത്തില്‍ ഫിന്‍ലന്‍ഡിലെ തന്നെ നോക്കിയ എന്ന ടൗണില്‍ സുഹൃത്തായ ലിയോ മെക്കലിനുമായി ചേര്‍ന്ന് 1868-ല്‍ രണ്ടാമത്തെ പേപ്പര്‍ മില്ലും സ്ഥാപിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 1871-ല്‍ ഇരുവരും ചേര്‍ന്ന് ഒരു പുതിയ കമ്പനി സ്ഥാപിക്കുകയും അതിന് നോകിയ അബ്. (Nokia- Ab) എന്ന് പേരിടുകയും ചെയ്തു.- Ab എന്നാല്‍ ലിമിറ്റഡ് കമ്പനി എന്ന് അര്‍ഥം വരുന്ന Aktiebolag എന്ന സ്വീഡിഷ് വാക്കിന്റെ ചുരുക്കപ്പേരാണ്. ഇരുവരും ചേര്‍ന്ന് ഏറെക്കാലം വളരെ വിജയകരമായി പേപ്പര്‍ മില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1896-ല്‍ ഫ്രെഡ്രിക് വിരമിച്ചതോടെ ലിയോ കമ്പനിയുടെ ചെയര്‍മാനായി.
ഫ്രെഡ്രികിന്റെ വിരമിക്കലിന് ശേഷമാണ് നോക്കിയ കമ്പനിയുടെ വിപുലീകരണം നടക്കുന്നത്. 1902-ല്‍ നോക്കിയ വൈദ്യുതി ഉൽപ്പാദനത്തിലേക്ക് തിരിഞ്ഞു. ഈ ആശയത്തോട് കമ്പനി പങ്കാളിയായ ഫ്രെഡ്രികിന് താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും ലിയോ പദ്ധതിയുമായി മുന്നോട്ടുപോയി. എന്നാല്‍ പ്രതീക്ഷിച്ചത്രയും ലാഭം പുതിയ ബിസിനസ്സില്‍ നിന്നുണ്ടാക്കാന്‍ നോക്കിയയ്ക്ക് സാധിച്ചില്ല. 1914-ലെ ലോകമഹായുദ്ധകാലത്തെ സാമ്പത്തിക ഞെരുക്കം നോക്കിയ കമ്പനിയെ കടുത്ത കടക്കെണിയിലേക്കെത്തിച്ചു. പാപ്പരത്വത്തിലേക്ക് നീങ്ങിയ കമ്പനിയെ ഫിന്നിഷ് റബര്‍ വര്‍ക്‌സ് എന്ന കമ്പനി ഏറ്റെടുത്തു. നോക്കിയയെ മാത്രമല്ല ഫിന്നിഷ് കേബിള്‍ വര്‍ക്‌സ് (Suomen Kaapelitehdas Oy) എന്ന മറ്റൊരു കമ്പനിയേയും അവര്‍ ഏറ്റെടുത്തിരുന്നു.
ഇതോടെ അവര്‍ നോക്കിയ ടൗണിലേക്ക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വൈദ്യുതോത്പാദന സാധ്യതകളില്‍നിന്ന് നേട്ടംകൊയ്യുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം, ഇത് ഫലം കാണുകയും ചെയ്തു. ഇതിന് പുറമേ റബര്‍ കമ്പനിയില്‍നിന്ന് മറ്റ് നിരവധി ഉത്പന്നങ്ങളും ഇവര്‍ പുറത്തിറക്കി. മൊബൈല്‍ റേഡിയോ, ടെലിഫോണ്‍ സ്വിച്ചുകള്‍, കപ്പാസിറ്ററുകള്‍, വിവിധ തരം കെമിക്കലുകള്‍ തുടങ്ങിയവ അക്കാലത്ത് നോക്കിയ പുറത്തിറങ്ങിയ ഉത്പന്നങ്ങളായിരുന്നു. 1930-കള്‍ മുതല്‍ 1990-കളുടെ ആരംഭം വരെ ഫിന്‍ലന്‍ഡ് പൗരന്മാര്‍ക്കും ഫിന്‍ലന്‍ഡിലെ സൈന്യത്തിനും വേണ്ടി ശ്വസനയന്ത്രങ്ങളും (respirators) നോക്കിയ നിര്‍മിച്ചു. സോവിയറ്റ് യൂണിയനുമായുള്ള വാണിജ്യകരാറുകളുടെ ഫലമായി സോവിയറ്റ് യൂണിയനിലേക്ക് നോക്കിയ അവരുടെ മാര്‍ക്കറ്റ് വ്യാപിപ്പിച്ചു. ഇതോടെ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലേക്കും റോബോട്ടോട്ടിക്‌സിലും നോക്കിയ നിക്ഷേപങ്ങള്‍ നടത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സോവിയറ്റ് യൂണിയന്‍ നോക്കിയയുടെ ഏറ്റവും വലിയ മാര്‍ക്കറ്റായി മാറി.
1967- നോക്കിയയുടെ വഴിത്തിരിവ്
1967-ലാണ് നോക്കിയ കമ്പനിയുടെ യാത്രയിലെ ടേണിങ് പോയിന്റ് ഉണ്ടാവുന്നത്. Nokia Ab, ഫിന്നിഷ് റബര്‍ വര്‍ക്‌സ്, ഫിന്നിഷ് കേബിള്‍ വര്‍ക്‌സ് എന്നിവ ലയിക്കുകയും നോക്കിയ കോര്‍പ്പറേഷന്‍ എന്ന പുതിയ കമ്പനി സ്ഥാപിക്കപ്പെടുകയും ചെയ്തു. റബര്‍, കേബിള്‍, ഫോറസ്ട്രി, ഇലക്ട്രോണിക്‌സ് എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് നോക്കിയ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് പുറമേ കമ്മ്യൂണിക്കേഷന്‍ ഡിവൈസുകളും ഫിന്‍ലന്‍ഡ് സൈന്യത്തിന് വേണ്ടി M61 ഗ്യാസ് മാസ്‌കുകളും നോക്കിയ നിര്‍മിക്കാന്‍ തുടങ്ങി. അതുവരെ പരീക്ഷിച്ചുനോക്കിയിട്ടില്ലാത്ത ടെലികോം വ്യവസായത്തിലേക്ക് നോക്കിയ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഇക്കാലത്താണ്.
1977-ലാണ് കാരി കയ്‌രാമോ നോക്കിയയുടെ സി.ഇ.ഒ ആയി സ്ഥാനമേല്‍ക്കുന്നത്. ഇതോടെ നോക്കിയ കമ്പനിയുടെ മാറ്റവും ആരംഭിച്ചു. ടെലിവിഷന്‍ നിര്‍മാതാക്കളായ സലോറ, ഇലക്ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലക്‌സര്‍ അബ്, ഫ്രഞ്ച് ടെലിവിഷന്‍ കമ്പനിയായ ഓഷ്യാനിക് എന്നിവയെ നോക്കിയ ഏറ്റെടുത്തു. മൊബിറ എന്ന മൊബൈല്‍ റേഡിയോ ടെലിഫോണ്‍ കമ്പനിയെ ഏറ്റെടുത്തതോടെയാണ് ഫോണ്‍ നിര്‍മാണരംഗത്തേക്ക് നോക്കിയ എത്തുന്നത്. ലോകത്തെ ആദ്യത്തെ ഇന്റര്‍നാഷണല്‍ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നത് മൊബിറ ആയിരുന്നു. നോര്‍ഡിക് മൊബൈല്‍ ടെലിഫോണ്‍ എന്നായിരുന്നു ഇതിന്റെ പേര്. 1982-ല്‍ മൊബിറയുമായി ചേര്‍ന്ന് നോക്കിയ പുറത്തിറക്കിയ ആദ്യത്തെ കാര്‍ മൊബൈല്‍ ഫോണ്‍ ആയിരുന്നു മൊബിറ സെനേററര്‍. ഇത് വിപണി പിടിച്ചു. മൊബിറയുമായുള്ള പങ്കുചേരല്‍ നോക്കിയ കമ്പനിയുടെ വരുമാനം 2.7 ബില്ല്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തി. അന്നൊന്നും ആളുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കാനുള്ള പദ്ധതി നോക്കിയയ്ക്കുണ്ടായിരുന്നില്ല. സിനിമകളില്‍ ജെയിംസ് ബോണ്ട് ഉപയോഗിക്കുന്ന സാങ്കല്‍പിക ഉപകരണമാണ് മൊബൈല്‍ ഫോണ്‍ എന്നായിരുന്നു ഇത്തരം ഫോണുകളെ കുറിച്ച് കമ്പനി എക്‌സിക്യൂട്ടീവ് ബോര്‍ഡ് പോലും അഭിപ്രായപ്പെട്ടിരുന്നത്.
ബിസിനസ്സ് സാവധാനം വളരാന്‍ ആരംഭിച്ചതിനിടെ നോക്കിയ കമ്പനിയെ ഞെട്ടിച്ചുകൊണ്ട് കമ്പനി സി.ഇ.ഒ. കാരി കയ്മാരോ ആത്മഹത്യ ചെയ്തു. പുതിയ സി.ഇ.ഒ. ആയി സിമോ വുരിലെഹ്‌തോ ചുമതലയേറ്റു. കാരിയുടെ മരണകാരണം ആര്‍ക്കും അറിയുമായിരുന്നില്ല.

കമ്പനിയുടെ പൊളിക്കലും പുതുക്കലും
സിമോയുടെ നിയമനത്തോടെ കമ്പനിക്കുള്ളില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. കമ്പനിക്കുള്ളിലെ ഉപകമ്പനികള്‍ നോക്കിയ ഗ്രൂപ്പില്‍നിന്ന് പിന്മാറി. ഫിന്നിഷ് റബര്‍ വര്‍ക്‌സ് കമ്പനിയാണ് ഏറ്റവും ആദ്യം നോക്കിയയില്‍നിന്ന് വേര്‍പിരിഞ്ഞ കമ്പനി. പിന്നാലെ 1991-ല്‍ കമ്പ്യൂട്ടര്‍ ഡിവിഷനായ നോക്കിയ ഡാറ്റ യു.കെ. ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കമ്പ്യൂട്ടര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് വിറ്റു. കമ്പനിക്കുള്ളിലെ മാറ്റങ്ങള്‍ നോക്കിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ചിത്രമാണ് പുറംലോകത്തിന് നല്‍കിയത്. ഇത് ഓഹരിവിപണിയിലും പ്രതിഫലിച്ചു. നോക്കിയയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. നോക്കിയയുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കമ്പനിയെ സാരമായി ബാധിച്ചു. ഇതോടെ നോക്കിയ സി.ഇ.ഒ സ്ഥാനത്തുനിന്ന് സിമോയെ മാറ്റുകയും പകരം ജോര്‍മ ഒല്ലീലയെ നിയമിക്കുകയും ചെയ്തു. നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ഡിവിഷനെ വില്‍ക്കുന്നതില്‍ തുടക്കത്തില്‍ തന്നെ ശക്തമായ എതിര്‍പ്പ് അറിയിച്ച ജോര്‍മയാണ് നോക്കിയയെ ഒരു ടെലികോം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. ജോര്‍മയുടെ നടപടി ഫലവത്താണെന്ന് കാലം തെളിയിച്ചു. കമ്പനിയുടെ സുവര്‍ണകാലത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്നതും ഇതില്‍ നിന്നാണ്.

സുവര്‍ണകാലത്തിലേക്ക് നോക്കിയ
മൊബിറ സിറ്റിമാന്‍ 900 ആയിരുന്നു സെനേറ്ററിന് ശേഷം നോക്കിയ പുറത്തിറക്കിയ അടുത്ത പോര്‍ട്ടബിള്‍ ഫോണ്‍. ജര്‍മന്‍ കമ്പനിയായ സീമെന്‍സുമായി ചേര്‍ന്ന് ജി.എസ്.എം. നെറ്റ്‌വര്‍ക്ക് നോക്കിയ വികസിപ്പിച്ചു. ഇതുപയോഗിച്ച് ആദ്യമായി കോള്‍ വിളിച്ചത് ഫിന്നിഷ് പ്രധാനമന്ത്രിയായിരുന്ന ഹാരി ഹോള്‍കേരി ആയിരുന്നു. 1991-ല്‍ ആണ് ചരിത്രപരമായ ആ ഫോണ്‍കോള്‍ സംഭവിച്ചത്.
1992-ലാണ് നോക്കിയ ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ ജി.എസ്.എം. ഫോണ്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയത്. നോക്കിയ 1011. അതുവരെ ഫാക്‌സുകളും വയേര്‍ഡ് ഫോണുകളും മാത്രം ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന കാലത്തെ വിപ്ലവമായിരുന്നു നോക്കിയ പുറത്തിറക്കിയ മൊബൈല്‍ ഫോണ്‍. ദൂരത്തിന്റെ പരിധികളില്ലാതെ കൈയില്‍ കൊണ്ടുനടക്കാന്‍ പാകത്തിനുള്ള ഫോണ്‍ കാട്ടുതീ പടരുന്നത് പോലെയാണ് ലോകമാര്‍ക്കക്കറ്റ് കീഴടക്കിയത്. നോക്കിയ ഫോണുകളെ രാജ്യങ്ങള്‍ തേടിയെത്തി. ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിയ നോക്കിയ പരിചിതമായ പേരായി മാറുന്നതിനൊപ്പം മാര്‍ക്കറ്റില്‍ ശക്തമായ വേരുകളൂന്നുകയും ചെയ്തിരുന്നു.
അതിനിടെ സലോറ ഓയ് കമ്പനിയുമായി ചേര്‍ന്ന് നോക്കിയ ടെലിവിഷന്‍ നിര്‍മാണ ബിസിനസ്സും ആരംഭിച്ചിരുന്നു. 1995 വരെ ഇത് തുടര്‍ന്നു. ലാഭകരമായിരുന്നു ടെലിവിഷന്‍ ബിസിനസ്സെങ്കിലും 1996-ല്‍ ഈ ഡിവിഷന്‍ കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെമി-ടെക്ക് കോര്‍പ്പറേഷന് വിറ്റു. 1997-ലാണ് നോക്കിയ ഡിജിറ്റല്‍ സാറ്റലൈറ്റ് രംഗത്തേക്കിറങ്ങുന്നത്. 98-ല്‍ ഡിജിറ്റല്‍ ടെറസ്ട്രിയല്‍ സെറ്റ് ടോപ്പ് ബോക്‌സുകള്‍ കമ്പനി രംഗത്തിറങ്ങി. ബ്രിട്ടീഷ് ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിങ്ങുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയിരുന്നത്. ഇത് പിന്നീട് ഓണ്‍ഡിജിറ്റല്‍ എന്ന് പേര് മാറ്റി.

മോട്ടോറോളയെ മറികടക്കുന്നു
നോക്കിയ പെരുമ അതിര്‍ത്തികള്‍ കടന്ന് വ്യാപിച്ചിരുന്നെങ്കിലും ലോകത്ത് മൊബൈല്‍ ഫോണ്‍ പുറത്തിറക്കുന്ന ഏക കമ്പനി ആയിരുന്നില്ല നോക്കിയ. അമേരിക്കന്‍ കമ്പനിയായ മോട്ടോറോളയും സ്വീഡിഷ് കമ്പനിയായ എറിക്‌സണും ഇക്കാലയളവില്‍ കമ്പനി മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കിയിരുന്നു. അന്ന് മാര്‍ക്കറ്റില്‍ മോട്ടോറോളയുടെ വില്‍പന കുത്തനെ ഉയര്‍ന്നു. എന്നാല്‍ 1998-ല്‍ നോക്കിയ മോട്ടോറോളയേ മറികടന്ന് ലോകത്തെ നമ്പര്‍ വണ്‍ ആയി. ആ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് നോക്കിയ മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ 10 കോടിയെന്ന നേട്ടം കൈവരിക്കുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ സ്പീക്കറുകള്‍, വയര്‍ലെസ് ലാനുകള്‍, കമ്പ്യൂട്ടര്‍ ഡിസ്‌പ്ലേകള്‍, റൗട്ടറുകള്‍, മോഡം തുടങ്ങിയവ നോക്കിയ പുറത്തിറക്കിയിട്ടുണ്ട്.
യുവാക്കളും ഫാഷന്‍ തല്‍പരരായവരും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഡിസൈനിലും കളറിലും മൊബൈല്‍ ഫോണ്‍ പുറത്തിറക്കിക്കൊണ്ട് യൂത്ത് മാര്‍ക്കറ്റിനെ തൃപ്തിപ്പെടുത്താന്‍ സാധിച്ചതാണ് മോട്ടോറോളയേയും എറിക്‌സണേയും പിന്തള്ളി നോക്കിയ ഒന്നാം നമ്പറായതിന്റെ പ്രധാന കാരണം. Nokia 5110, Nokia 3210 തുടങ്ങിയ അക്കാലത്തെ ഫോണുകള്‍ വിവിധ നിറത്തിലും ഇഷ്ടാനുസൃതം മാറ്റാന്‍ പറ്റുന്ന തരത്തില്‍ ബാക്ക് കവറോട് കൂടിയതുമായിരുന്നു.
1997-ല്‍ ബ്രസീലിയന്‍ കമ്പനിയായ ഗ്രേഡിയന്റുമായി ചേര്‍ന്ന് നോക്കിയ പ്രാദേശികമായി മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കാനാരംഭിച്ചു. 1998-ലാണ് നോക്കിയ സഹസ്ഥാപകരായ സിംബിയന്‍ എന്ന കമ്പനി രൂപീകരിക്കപ്പെടുന്നത്. സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണുകള്‍ വിപ്ലവകരമായ മാറ്റമാണ് മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലുണ്ടാക്കിയത്. നോക്കിയയും സിംബിയനും ചേര്‍ന്നാണ് അക്കാലത്ത് ലോകത്തെ തന്നെ ഏറ്റവും ബെസ്റ്റ് മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലിറക്കിയത്.

ആദ്യ ക്യാമറ ഫോണും ഗെയിമും; ചരിത്രമെഴുതി നോക്കിയ
ടെലികോം രംഗത്ത് വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിച്ച കമ്പനിയായിരുന്നു നോക്കിയ. ലോകത്തിന്റെ ഭാവിയാണ് മൊബൈല്‍ ഫോണുകളെന്ന് അവര്‍ തിരിച്ചറിഞ്ഞു. സാധ്യതകളും അവസരങ്ങളും മുതലാക്കിക്കൊണ്ട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രത്യേകതകളോടെ, സംവിധാനങ്ങളോടെ കൂടുതല്‍ ഫോണുകള്‍ കമ്പനി പുറത്തിറക്കി.
മുകളില്‍ ക്യാമറ ഘടിപ്പിച്ച മൊബൈല്‍ ഫോണ്‍ ആദ്യമായി പുറത്തിറക്കിയത് നോക്കിയ ആയിരുന്നു. 2001-ല്‍ നോക്കിയ 7650 എന്ന ഫോണിലൂടെ ആയിരുന്നു ഇത്. ലോകത്തിന് തീര്‍ത്തും പുതുമനിറഞ്ഞ ഈ കണ്ടുപിടിത്തും നോക്കിയയുടെ മാര്‍ക്കറ്റ് കുത്തനെ വര്‍ധിപ്പിച്ചു. ക്യാമറയും കളര്‍ ഡിസ്‌പ്ലേയും ഫോട്ടോ ഗ്യാലറിയും എം.എം.എസ്സും ബ്ലൂ ടൂത്തും ജി.പി.ആര്‍.എസും തുടങ്ങി പുതുമ നിറഞ്ഞ ഫീച്ചറുകളുടെ വന്‍നിര തന്നെ ഈ ഫോണിലുണ്ടായിരുന്നു. സ്ലൈഡിങ് കീപാഡ് ഉള്ള നോക്കിയയുടെ ആദ്യത്തെ ഫോണും ഇതുതന്നെ ആയിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് 49% വളര്‍ച്ചയാണ് ഇതോടെ കമ്പനിക്കുണ്ടായത്.
ക്യാമറ മാത്രമല്ല, മൊബൈല്‍ ഫോണില്‍ ആദ്യമായി ഗെയിം കൊണ്ടുവന്നതും നോക്കിയ തന്നെ. മൊബൈല്‍ ഫോണില്‍ ഇന്‍ബില്‍റ്റ് ആയി എത്തിയിരുന്ന സ്‌നേക് ഗെയിം ജനകീയമായതോടെ എന്‍ഗേജ് എന്ന ഗെയിമിങ് ഡിവൈസും നോക്കിയ പുറത്തിറക്കി. കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ ഡിവൈസ്. ഗെയിം ഡിവൈസ് എന്നായിരുന്നു അന്ന് അവകാശപ്പെട്ടിരുന്നതെങ്കിലും മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ നോക്കിയയ്ക്ക് കഴിഞ്ഞില്ല. ജാപ്പനീസ് വീഡിയോ ഗെയിം കമ്പനിയായ നിന്റെന്‍ഡോയുമായുള്ള മത്സരത്തില്‍ നോക്കിയ പരാജയപ്പെടുകയാണുണ്ടായത്. എങ്കിലും 2008-ല്‍ എന്‍ഗേജിന്റെ പരിഷ്‌കരിച്ച പതിപ്പ് എസ്60 സ്മാര്‍ട്ട്‌ഫോണുകളിലൂടെ നോക്കിയ റീലോഞ്ച് ചെയ്തിരുന്നു. പിന്നീട് പലവര്‍ഷങ്ങളിലായി മൊബൈല്‍ ടിവി, പല സീരിസുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ഓപ്പറേറ്റിങ് സിസ്റ്റം, ടാബുകള്‍ എന്നിവ നോക്കിയ പുറത്തിറക്കിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ നോക്കിയ ഏറ്റവും കൂടുതല്‍ കുതിച്ചുചാട്ടമുണ്ടാക്കിയ കാലഘട്ടമായിരുന്നു ഇത്. 2007-ല്‍ 40% വളര്‍ച്ചയായിരുന്നു കമ്പനി നേടിയത്. സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റ് ഷെയര്‍ മാത്രം 51 ശതമാനമായിരുന്നു. ഇക്കാലത്തെല്ലാം ജോര്‍മ ഒല്ലിലയായിരുന്നു നോക്കിയ സി.ഇ.ഒ. 2005-ല്‍ ജോര്‍മ വിരമിച്ചതോടെ ഒല്ലി പെക്ക കല്ലാസുവോ നോക്കിയ സി.ഇ.ഒ. ആയി ചുമതലയേറ്റു.

ആപ്പിളും ഗൂഗിളും തകര്‍ത്ത നോക്കിയ
രണ്ടായിരത്തിന്റെ തുടക്കങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായിരുന്നു നോക്കിയ. പിസാനോ ആന്റ് ഷിഹ് 2012ല്‍ പുറത്തിറക്കിയ സര്‍വേ പ്രകാരം 40 ശതമാനത്തിലേറെയായിരുന്നു നോക്കിയയുടെ മാര്‍ക്കറ്റ് ഷെയര്‍. ഉത്പന്നങ്ങളില്‍ കൊണ്ടുവന്നിരുന്ന വൈവിധ്യങ്ങളും പുതുമയുമായിരുന്നു കമ്പനിയുടെ മുതല്‍ക്കൂട്ട്. ആന്റിനയോട് കൂടിയ ഫോണ്‍, ക്യമാറയുള്ള ഫോണ്‍ തുടങ്ങി നിരവധി പുതുമകളുള്ള മൊബൈല്‍ ഫോണുകള്‍ ആദ്യമായി പുറത്തിറക്കിയതും നോക്കിയ തന്നെ. നോക്കിയ അവരുടെ വരുമാനത്തിന്റെ 9 ശതമാനും റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിലായിരുന്നു ചെലവഴിച്ചിരുന്നത്. അതിനാല്‍ തന്നെ മത്സരാധിഷ്ഠിത മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ നോക്കിയയ്ക്ക് സാധിച്ചു.
2013 ഓടെയാണ് കമ്പനിക്ക് അവരുടെ പ്രതാപകാലം നഷ്ടപ്പെട്ടത്. സ്റ്റാറ്റിസ്റ്റയുടെ കണക്കുകള്‍ പ്രകാരം 2013ല്‍ നോക്കിയയുടെ മാര്‍ക്കറ്റ് ഷെയര്‍ മൂന്ന് ശതമാനമായി ചുരുങ്ങി. ആപ്പിള്‍, ഗൂഗിള്‍ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ സജീവമായി രംഗത്തിറങ്ങിയതോടെ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയതായി ഒന്നും ചെയ്യാതിരുന്നതാണ് നോക്കിയയെ തളര്‍ത്തിയതില്‍ പ്രധാന കാരണം. കമ്പനിക്കുള്ളിലെ ആഭ്യന്തരഘടകങ്ങള്‍ മുതല്‍ മാര്‍ക്കറ്റിലെ ഏറ്റക്കുറച്ചിലുകള്‍ വരെ നോക്കിയയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കമ്പനിയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഏതാനും കാരണങ്ങളായി വിലയിരുത്തപ്പെട്ടത് ഇവയെല്ലാമായിരുന്നു.
- നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ കമ്പനി മാനേജ്‌മെന്റ് വളരെ മന്ദഗതിയിലായിരുന്നു. ഇത് പല മികച്ച അവസരങ്ങളും കമ്പനിക്ക് നഷ്ടപ്പെടുത്തി.
- 2006-ല്‍ ജോര്‍മ ഒല്ലില സി.ഇ.ഒ സ്ഥാനത്ത് മാറി പകരം ഒല്ലി പെക്ക ചുമതലയേറ്റത് കമ്പനിക്ക് തിരിച്ചടിയായി. പുതിയ സി.ഇ.ഒ. നൂതനവത്കരണത്തില്‍ ശ്രദ്ധയൂന്നുന്നതിന് പകരം നിര്‍മാണം വര്‍ധിപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചത്. നോക്കിയയ്ക്ക് മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ മുന്നേറ്റം നല്‍കിയത് ആദ്യവര്‍ഷങ്ങളിലുണ്ടായ ഉത്പന്നങ്ങളിലെ വൈവിധ്യവും നൂതനവത്കരണവുമായിരുന്നു. ഇതില്‍നിന്ന് വിഭിന്നമായിരുന്നു പുതിയ മാനേജ്‌മെന്റിന്റെ രീതി.
- ആപ്പിള്‍ കമ്പനി പുറത്തിറക്കിയ ഐഫോണ്‍, ഗൂഗിള്‍ പുറത്തിറക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ എന്നിവയെ പ്രധാന മത്സരാര്‍ഥികളായി കാണാന്‍ നോക്കിയ ഒരിക്കലും കൂട്ടാക്കിയിരുന്നില്ല. തങ്ങളെ പരാജയപ്പെടുത്താനോ മാര്‍ക്കറ്റ് ഇല്ലാതാക്കാനോ ആര്‍ക്കും സാധിക്കില്ലെന്നായിരുന്നു നോക്കിയയുടെ ധാരണ. അതുകൊണ്ടുതന്നെ ആപ്പിള്‍ ഫോണിനേക്കാളുമോ അതിനൊപ്പമോ തതുല്യ ഫീച്ചറുകളുള്ളതോ ആയ ഫോണുകള്‍ പുറത്തിറക്കാന്‍ പോലും നോക്കിയ തയ്യാറായില്ല.

നോക്കിയയുടെ രക്ഷയ്‌ക്കെത്തിയ മൈക്രോസോഫ്റ്റ്
തങ്ങള്‍ക്ക് പറ്റിയ തെറ്റെന്താണെന്ന് നോക്കിയ തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപ്പോഴേക്കും ആപ്പിളും ഗൂഗിളും വിപണിയില്‍ നിലയുറപ്പിച്ചിരുന്നു. ഒപ്പം മാര്‍ക്കറ്റ് ഷെയറും കുത്തനെ ഉയര്‍ത്തി. അതിനിടെ തന്നെ നോക്കിയയുടെ സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റം ഔട്ട്‌ഡേറ്റഡ് ആയിരുന്നു. ആന്‍ഡ്രോയിഡ് ഒ.എസിനും ഐ.ഒ.എസുമായും അത് ചേരുന്നില്ലായിരുന്നു.
2010-ല്‍ സ്റ്റീഫന്‍ എലോപ് നോക്കിയയുടെ പുതിയ സി.ഇ.ഒ. ആയി ചുമതലയേറ്റു. ഒരു വര്‍ഷത്തിനുശേഷം നോക്കിയ മൈക്രോസോഫ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ഫോണുകള്‍ക്കായി വിന്‍ഡോസ് ഒ.എസ്. സ്വീകരിക്കുകയും ചെയ്തു. നോക്കിയയെ ഒരു സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ തീരുമാനം. എന്നാല്‍, വളരെ ചുരുക്കം ആപ്ലിക്കേഷനുകള്‍ മാത്രമേ വിന്‍ഡോസ് ഫോണുകളില്‍ ലഭിച്ചിരുന്നുള്ളൂ. ഇത് വീണ്ടും നോക്കിയയെ തളര്‍ത്തി. 2012-ലും 2013-ലും നോക്കിയയുടെ വില്‍പ്പന വീണ്ടും കുറഞ്ഞു. പാപ്പരാകുമെന്ന അവസ്ഥയിലേക്ക് നോക്കിയ അധഃപതിച്ചു. എന്നാല്‍, അവിടേയും മൈക്രോസോഫ്റ്റ് നോക്കിയയുടെ സഹായത്തിനെത്തി. 2014-ല്‍ മൈക്രോസോഫ്റ്റ് കമ്പനി ബില്യണ്‍ യു.എസ്. ഡോളറിന് നോക്കിയയുടെ മൊബൈല്‍ ഡിവിഷനെ വാങ്ങി.

മൈക്രോസോഫ്റ്റില്‍നിന്ന് എച്ച്.എം.ഡി ഗ്ലോബലിലേക്ക്
2016-ല്‍ എച്ച്.എം.ഡി. ഗ്ലോബല്‍ എന്ന കമ്പനി മൈക്രോസോഫ്റ്റില്‍ നിന്ന് നോക്കിയയെ ഏറ്റെടുത്തു. നോക്കിയയുടെ മൊബൈല്‍ ഡിവിഷനെയാണ് എച്ച്.എം.ഡി. ഗ്ലോബല്‍ വാങ്ങിയത്. നോക്കിയയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്ഥാപിച്ച ഫിന്നിഷ് കമ്പനി ആയിരുന്നു എച്ച്.എം.ഡി. ഗ്ലോബല്‍. മുന്‍കാല തെറ്റുകളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് നോക്കിയ- എച്ച്.എം.ഡി. ഗ്ലോബല്‍ ഇതോടെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചു. 2017-ല്‍, എച്ച്.എം.ഡി. ഗ്ലോബല്‍ ഐക്കോണിക്ക് നോക്കിയ 3310 പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. പൊതുജനങ്ങളില്‍നിന്ന് മികച്ച സ്വീകാര്യത നേടിയ ഫോണായിരുന്നു ഇത്. നോക്കിയ-6, നോക്കിയ-3, നോക്കിയ-5 തുടങ്ങിയ ഫോണുകളും എച്ച്.എം.ഡി. പുറത്തിറക്കിയിരുന്നു.2015-16ലെ നോക്കിയയുടെ വില്‍പന സ്തംഭനാവസ്ഥയിലായിരുന്നുവെങ്കില്‍ പുതിയ മാറ്റങ്ങള്‍ നടപ്പാക്കിയതോടെ സാവധാനം വളരാന്‍ ആരംഭിച്ചു. 2017-ല്‍ 1.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് നോക്കിയ വിറ്റത്. എച്ച്.എം.ഡി. ഗ്ലോബലായിരുന്നു അക്ഷരാര്‍ഥത്തില്‍ നോക്കിയയ്ക്ക് വീണ്ടും ജീവന്‍ കൊടുത്തത്. 2018 അവസാനത്തില്‍ മാത്രം 48 ലക്ഷം സ്മാര്‍ട്ട്ഫോണുകളാണ് നോക്കിയ വില്‍പന നടത്തിയത്. കമ്പനി വീണ്ടും വളര്‍ന്നു. ലോകത്തെ ഒമ്പതാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്പനിയായി നോക്കിയ മാറി.
നോക്കിയ കോര്‍പ്പറേഷന്റെ ഏറ്റവും വലിയ ഉപസ്ഥാപനമാണ് നോക്കിയ നെറ്റ്‌വർക്‌സ്. ലോകത്ത് 5ജി സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിനുള്ള മത്സരത്തില്‍ നോക്കിയയും മുന്നിലുണ്ടായിരുന്നു.5ജി സാങ്കേതികവിദ്യയുടെ ഗവേഷണത്തിനായി 2019-ല്‍ 40 മില്ല്യണ്‍ ഡോളര്‍ സഹായമാണ് കനേഡിയന്‍ സര്‍ക്കാര്‍ നോക്കിയയ്ക്ക് നല്‍കിയത്. 2019-ല്‍ കൗണ്ടര്‍പോയിന്റെ റിസേര്‍ച്ച് നടത്തിയ ഒരു പഠനം പറയുന്നത് നോക്കിയ ഫോണുകള്‍ പ്രധാന എതിരാളികളായ സാംസങ്ങിനേക്കാളും എല്‍.ജിയേക്കാളും ഷവോമിയേക്കാളും നല്ല പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നാണ്. ഈ പഠനങ്ങളെല്ലാം നോക്കിയയുടെ വില്‍പനയേയും സ്വാധീനിച്ചിട്ടുണ്ട്. 2020 മാര്‍ച്ചില്‍ നോക്കിയ ലോകത്തെ ആദ്യത്തെ 5ജി ഫോണായ നോക്കിയ 8.3 പ്രഖ്യാപിച്ചു. ഈ വര്‍ഷം തന്നെയാണ് പെക്ക ലുന്‍മാര്‍ക്ക് നോക്കിയയുടെ പുതിയ സി.ഇ.ഒ ആയി ചുമതലയേറ്റത്. പിന്നാലെ അമേരിക്കന്‍ കമ്പനിയായ എലിനിയോണ്‍ ടെക്‌നോളജീസ് എന്ന കമ്പനിയെ നോക്കിയ ഏറ്റെടുക്കുകയും സിലിക്കോണ്‍ ഫോട്ടോണിക്‌സ് ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
ഒപ്റ്റിക്കല്‍ കണടക്ടിവിറ്റി സാധ്യതകള്‍ വിപുലപ്പെടുത്തലായിരുന്നു കമ്പനിയുടെ ലക്ഷ്യം. അക്കാലത്ത് തായ്‌വാന്‍ മൊബൈല്‍സ് കമ്പനിയുമായി 450 മില്ല്യണ്‍ ഡോളറിന്റെ 5ജി കരാറിലാണ് നോക്കിയ ഏര്‍പ്പെട്ടത്. ഒപ്പം നാസയുടെ ചാന്ദ്രദൗത്യത്തിന് പുറപ്പെടുന്ന ബഹിരാകാശകര്‍ക്ക് വേണ്ടിയുള്ള 4ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് കരാറിനായി നാസയുമായും നോക്കിയ കരാറിലേര്‍പ്പെട്ടു. വീണ്ടും മാര്‍ക്കറ്റ് പിടിക്കുന്നതിന്റെ ഭാഗമായി നിരവധി ഏറ്റെടുക്കലുകള്‍ പിന്നേയും ഉണ്ടായിട്ടുണ്ട്. ഷവോമിയുമായും ഡോക്കോമോയുമായുമെല്ലാം നോക്കിയ കൈകോര്‍ത്തു. 2020-ല്‍ ആണ് ഫ്ളിപ്കാര്‍ട്ടുമായി ചേര്‍ന്ന് നോക്കിയ ബ്രാന്‍ഡിലെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് നോക്കിയ എത്തിച്ചത്. ടെലിവിഷന്‍, ലാപ്ടോപ്പ്, എ.സി തുടങ്ങിയവയായിരുന്നു പ്രധാനമായും ഈ ഉത്പന്നങ്ങള്‍. റഷ്യ-യുക്രൈന്‍ യുദ്ധകാലത്ത് റഷ്യയില്‍നിന്ന് തങ്ങളുടെ ഉത്പന്നങ്ങള്‍ പിന്‍വലിച്ചുകൊണ്ടാണ് നോക്കിയ നിലപാട് പ്രഖ്യാപിച്ചത്.
മൊബൈല്‍ ഫോണിലാണ് നോക്കിയയ്ക്ക് നല്ലകാലം തുടങ്ങിയതെങ്കിലും നോക്കിയ നെറ്റ്‌വര്‍ക്ക്‌സ് ആണ് ഇന്ന് നോക്കിയ കോര്‍പ്പറേഷന്റെ ഏറ്റവും വലിയ വിഭാഗം.ഫിന്‍ലന്‍ഡിലെ എസ്‌പോയാണ് ഇവരുടെ ആസ്ഥാനം. ഹുവെയ്, സിസ്‌കോ എന്നീ കമ്പനികള്‍ക്ക് തൊട്ടുപിന്നില്‍ ലോകത്തിലെ ഏറ്റവും ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം എക്വിപ്‌മെന്റ് നിര്‍മാതാക്കളാണ് നോക്കിയ. 150 രാജ്യങ്ങളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
Content Highlights: Nokia`s journey from a paper mill to a global tech leader, its rise and fall, and its comeback story
Published: 27 Aug 2024, 11:00 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented