അഡിഡാസ് & പ്യൂമ. ആളുകള്‍ കണ്ണുംപൂട്ടി 'യെസ്' പറയാന്‍ മടിക്കാത്ത രണ്ട് ബ്രാന്‍ഡുകള്‍. സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് രംഗത്തെ രണ്ട് ഭീമന്മാര്‍ എന്നതിനപ്പുറത്തേക്ക് സഹോദരന്മാരായ രണ്ടു പേര്‍ തമ്മിലുള്ള മത്സരമാണ് ഈ ബ്രാന്‍ഡുകളുടെ പിറവിയിലേക്ക് നയിച്ചത് എന്നറിയാമോ? ഡാസ്‌ലര്‍ ബ്രദേര്‍സ് എന്നറിയപ്പെടുന്ന റുഡോള്‍ഫ്(റുഡി), അഡോള്‍ഫ്(ആഡി) എന്നിവരാണ് ലോകത്തെ മുന്‍നിരയിലുള്ള രണ്ട് സ്‌പോര്‍ട്‌സ് ബ്രാന്‍ഡിന്റെ പിതാക്കന്മാര്‍. ഈ രണ്ട് കമ്പനികളും ലോക കായികരംഗത്തെ വമ്പന്‍ ബ്രാന്‍ഡുകളായതിന് പിന്നിലുള്ളത് തീരാത്ത പകയുടേയും പ്രതികാരത്തിന്റേയും മത്സരബുദ്ധിയുടേയും ചരിത്രമാണ്. ജര്‍മനിയിലെ ഔറാഹ്‌ നദിക്കരയിലെ വീട്ടിലെ വാഷ്‌റൂമില്‍ പ്രവര്‍ത്തിച്ചിരുന്ന ഷൂ കമ്പനിയില്‍ തുടങ്ങി ശവക്കല്ലറ വരെ നീണ്ട ആ തര്‍ക്കം ബ്രാന്‍ഡ് ചരിത്രങ്ങളില്‍ ഇടം നേടിയത് എങ്ങനെയാണ്? ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന രണ്ട് ഷൂ ബ്രാന്‍ഡുകളായി അഡിഡാസും പ്യൂമയും വളര്‍ന്നതെങ്ങനെയാണ്? 

To advertise here,

ഡാസ്‌ലര്‍ സഹോദരന്മാരുടെ കമ്പനി 

ജര്‍മനിയിലെ ബവാറിയിലെ ഒരു ഷൂ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ക്രിസ്റ്റഫോ ഡാസ്‌ലറിന്റെ മൂത്ത മകനായി 1898-ലാണ് റുഡോള്‍ഫ് ജനിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം 1900-ലായിരുന്നു അഡോള്‍ഫിന്റെ ജനനം. റുഡി എന്നും ആഡി എന്നുമായിരുന്നു സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം റുഡോള്‍ഫിനേയും അഡോള്‍ഫിനേയും സ്‌നേഹത്തോടെ വിളിച്ചിരുന്നത്. മൂത്തമകന്‍ റുഡോള്‍ഫിനെ ഒരു പൊലീസുകാരനാക്കി മാറ്റണമെന്നും ആഡിയെ ഒരു ബേക്കറാക്കി മാറ്റണമെന്നായിരുന്നു ക്രിസ്‌റ്റോഫിന്റെ ആഗ്രഹം. എന്നാല്‍, പിതാവിന്റെ ആഗ്രഹത്തിന് തീര്‍ത്തും വ്യത്യസ്തമായി ഒരു കായികതാരമായി മാറണമെന്നായിരുന്നു ആഡിയുടെ സ്വപ്നം. അതിന് വേണ്ടി അവന്‍ പ്രയത്‌നിച്ചു. നിരവധി കായിക ഇനങ്ങളില്‍ പരിശീലനം നേടുകയും മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു.

തന്റെ കായികയാത്രയ്ക്കിടെയാണ് ആഡി ഒരു യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. ഒരു കായിക ഇനത്തിലും കളിക്കാര്‍ക്ക് ധരിക്കാന്‍ അനുയോജ്യമായ ഷൂസ് ലഭ്യമല്ല. അതിനാല്‍ ഓരോ സ്‌പോര്‍ട്‌സിനുമായി പ്രത്യേക തരം ഷൂ ഉണ്ടാക്കിയാല്‍ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുമെന്ന് ആഡി വിശ്വസിച്ചു. അങ്ങനെയാണ് ഷൂ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന പിതാവുമായി സംസാരിച്ച് സ്പോര്‍ട്സിന് വേണ്ടി പ്രത്യേക ഷൂ നിര്‍മിക്കാനുള്ള ബിസിനസ് സാധ്യതകളെ കുറിച്ച് ആഡി ആലോചിച്ചത്. എന്നാല്‍, ഷൂ ബിസിനസ് എന്ന ആശയം യാഥാര്‍ഥ്യമാവുന്നതിന് മുന്‍പ് ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു. ആഡിക്ക് മറ്റു രാജ്യങ്ങളിലേക്കു യുദ്ധത്തിനു പോകേണ്ടി വന്നു. യുദ്ധം കഴിഞ്ഞ് തിരിച്ചുവന്നയുടനെ ആഡി വീടിന്റെ ഒരു ഭാഗത്തായി ചെറിയൊരു ഷൂ നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. 1924-ലാണ് ഷൂ നിര്‍മാണത്തില്‍ മുന്‍പരിചയമുള്ള കാള്‍ ജേക്ക് എന്ന സുഹൃത്തിനെ കൂടെകൂട്ടിക്കൊണ്ട് ആഡി ഷൂ യൂണിറ്റ് ആരംഭിച്ചത്. സ്വന്തം വീടിന്‍റെ അടുക്കളയോട് ചേര്‍ന്ന വാഷ്റൂമായിരുന്നു ആഡിയുടെ ആദ്യത്തെ ഷൂ ഫാക്ടറി !

placeholder
adi rudi
ഡാസ്‌ലര്‍ സഹോദരങ്ങള്‍

പുതിയ ഫാക്ടറിയില്‍ ആഡിയും സുഹൃത്തും ചേര്‍ന്ന് ഷൂ നിര്‍മിക്കാനാരംഭിച്ചു. സാധാരണ ഷൂസുകള്‍ നിര്‍മിക്കുന്നതിനൊപ്പം കായികതാരങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായുള്ള അത്‌ലറ്റിക് ഷൂസും ചെരുപ്പുകളും നിര്‍മിക്കുന്നതിലാണ് ആഡി കൂടുതല്‍ ശ്രദ്ധിച്ചത്. ലോകമഹായുദ്ധത്തിന് ശേഷം ജര്‍മനി വലിയ സാമ്പത്തിക പ്രതിസന്ധിയുടെ കടന്നുപോവുകയായിരുന്നു അക്കാലത്ത്. ഷൂ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് വലിയ തോതിലുള്ള ദൗര്‍ലഭ്യമായിരുന്നു നേരിട്ടിരുന്നത്. അതിനാല്‍ ആഡിയും സംഘവും യുദ്ധകാലത്ത് സൈനികര്‍ ഉപയോഗിച്ച് ഉപേക്ഷിച്ച മിലിട്ടറി വസ്തുക്കള്‍ ശേഖരിച്ച് അതിലുള്ള തുകല്‍ ശേഖരിക്കാന്‍ തുടങ്ങി. അതുപയോഗിച്ചുകൊണ്ടായി പിന്നീട് ആഡിയുടെ ഷൂ നിര്‍മാണം.

സൈനികര്‍ കളഞ്ഞിട്ടുപോയ ഹെല്‍മറ്റുകള്‍, വാട്ടര്‍ ബാഗുകള്‍, ചെരിപ്പുകള്‍, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍, പാരച്യൂട്ടുകള്‍ എന്നിവയില്‍ ഷൂസുകളും ചെരിപ്പുകളും നിര്‍മിക്കാനാവശ്യമായ തുകല്‍ ഉണ്ടായിരുന്നു. ഇതിനെ പുനഃരുപയോഗിക്കുകയായിരുന്നു ആഡി ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയുടെ കാലമായതിനാല്‍ തന്നെ മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാനവശ്യമായ വൈദ്യുതിക്കു ക്ഷാമം നേരിട്ടിരുന്നു. അതിനും ആഡി പരിഹാരം കണ്ടെത്തി. മില്ലിങ് യന്ത്രത്തെ ഡൈനാമോ ഘടിപ്പിച്ച സൈക്കിളുമായി ചേര്‍ത്ത് വൈദ്യുതി സ്വന്തമായി ഉത്പാദിപ്പിച്ചുകൊണ്ടായിരുന്നു ഈ പ്രശ്‌നത്തെ ആഡി മറികടന്നത്. ഏറെക്കാലം ആഡി ഈ രീതിയിലുള്ള ഷൂ നിര്‍മാണം തുടര്‍ന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഡി ഷൂ ബിസിനസ്സിലേക്ക് സഹോദരന്‍ റുഡോള്‍ഫ് ചേരുന്നത്. രണ്ട് പേരും കൂടി ചേര്‍ന്നതോടെ ഷൂ നിര്‍മാണ യൂണിറ്റിന്റെ പേര് ഗെബ്രുഡെര്‍ ഡാസ്‌ലര്‍ ഷൂഫാബ്രിക് എന്നാക്കി മാറ്റി. ആഡി ഷൂ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സെയില്‍സ്, മാര്‍ക്കറ്റിങ്, പ്രൊമോഷന്‍ ചുമതലകളായിരുന്നു റുഡോള്‍ഫിനുണ്ടായിരുന്നത്. 

ഒളിമ്പിക്‌സ് മൈതാനത്തെ ഡാസ്‌ലര്‍ ഗാഥ

1925-ലാണ് ഫുട്‌ബോള്‍ കളിക്കാര്‍ക്കുള്ള ലെതര്‍ ബൂട്ടുകള്‍ നിര്‍മിക്കാന്‍ ഡാസ്‌ലര്‍ സഹോദരന്മാര്‍ ആരംഭിച്ചത്. ഷൂസിന്റെ അടിയില്‍ സ്റ്റഡ്ഡുകള്‍ ഘടിപ്പിച്ച സ്‌പൈക് ഷൂസുകള്‍ മാര്‍ക്കറ്റില്‍ ഏറ്റവും ആദ്യം അവതരിപ്പിച്ചത് ഡാസ്‌ലര്‍ സഹോദരന്മാരായിരുന്നു. കളിക്കാര്‍ക്ക് മൈതാനത്ത് കൂടുതല്‍ ഗ്രിപ്പും കൂടുതല്‍ പ്രകടനവും നല്‍കുന്ന ഈ ഷൂസുകള്‍ക്ക് വളരെ പെട്ടന്നുതന്നെ പ്രചാരം ലഭിച്ചു. അന്ന് വെറും 12 ജോലിക്കാരുള്ള കമ്പനി തങ്ങളുടെ പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് പ്രതിദിനം 50 ജോഡി ഷൂസുകളാണ് നിര്‍മിച്ചിരുന്നത്.

ഷൂ നിര്‍മാണത്തില്‍ ഡാസ്‌ലര്‍ സഹോദരന്മാര്‍ ആദ്യത്തെ നാഴികക്കല്ല് പിന്നിട്ടത് 1928-ല്‍ ആയിരുന്നു. ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സില്‍ ജര്‍മനിയുടെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട് സ്ത്രീകളുടെ 800 മീറ്റര്‍ ഓട്ടമത്സരത്തില്‍ ലിന റാഡ്‌കേ സ്വര്‍ണമെഡല്‍ നേടി തലയുയര്‍ത്തി നിന്നപ്പോള്‍ ധരിച്ചിരുന്നത് ഡാസ്‌ലര്‍ സഹോദരന്മാരുടെ കമ്പനിയില്‍ നിന്നുള്ള ഷൂസായിരുന്നു. 'ഡാസ്‌ലറിന്റെ ഷൂ ധരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാം' എന്ന കമ്പനിയുടെ അവകാശവാദത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു ലിന റാഡ്‌കേയുടെ പ്രകടനം. ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സോടെ ഷൂ കമ്പനിയുടെ തലവരയും തെളിഞ്ഞു. ജര്‍മനിയിലെ കായികതാരങ്ങള്‍ ഈ ഷൂസുകള്‍ തേടിയെത്തി.

പിന്നീട് നടന്ന 1932ലെ ലോസ് ആഞ്ജലിസ്, 1936 ബെര്‍ലിന്‍ ഒളിമ്പിക്‌സ് മത്സരങ്ങളില്‍ കായികതാരങ്ങള്‍ ഭൂരിഭാഗം പേരും ധരിച്ചിരുന്നത് ഡാസ്‌ലര്‍ കമ്പനിയില്‍ നിന്നുള്ള ഷൂസുകളായിരുന്നു. ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണമെഡലുകള്‍ നേടിയ അമേരിക്കന്‍ കായികതാരം ജെസ്സി ഓവന്‍സ് ധരിച്ചതും ഇതേ കമ്പനിയുടെ ഷൂസ് തന്നെ. ഓവന്‍സുമായുള്ള ഡാസ്‌ലര്‍ സഹോദരന്മാരുടെ പങ്കാളിത്തം കമ്പനിക്ക് നല്‍കിയ മൈലേജ് ചെറുതൊന്നുമായിരുന്നില്ല. ഓവെന്‍സിന്റെ വിജയത്തോടെ ഡാസ്‌ലര്‍ അന്താരാഷ്ട്രതലത്തിലേക്കുയര്‍ന്നു. ലോകകായിക താരങ്ങള്‍ കമ്പനിയെ തേടിയെത്തി. ആഗോളതലത്തില്‍ ഡാസ്‌ലര്‍ കമ്പനി വളരാന്‍ ആരംഭിച്ചതും ഇതോടെയായിരുന്നു. 

placeholder
dassler
ഡാസ്‌ലര്‍ ഫാക്ടറി, ലിന റാഡ്‌കേ

രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കമായിരുന്നു അത്. റുഡോള്‍ഫ് സൈനിക സേവനത്തിനായി പോയപ്പോള്‍ ആഡി മുഴുവന്‍ സമയവും കമ്പനിയില്‍ ചെലവഴിച്ചു. മുന്‍പ് സംഭവിച്ചതുപോലെ തന്നെ യുദ്ധകാലത്ത് ഷൂസ് ഉണ്ടാക്കാനുള്ള ലെതര്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടുകയും ഉത്പാദനത്തെ ബാധിക്കുകയും ചെയ്തു. എങ്കിലും കമ്പനി ഉത്പാദനം നിര്‍ത്തിവെച്ചിരുന്നില്ല. കാരണം അന്ന് ജര്‍മനിയില്‍ തന്നെ ഏറെ പ്രചാരത്തിലുള്ള ഒരേയൊരു സ്‌പോര്‍ട്‌സ് ഷൂ കമ്പനി ഇവരുടേതായിരുന്നു. 1941-ല്‍ നാസികള്‍ക്ക് വേണ്ടി പതിനായിരത്തിലധികം ഷൂസുകള്‍ നിര്‍മിക്കാനുള്ള ഉത്തരവും ഡാസ്‌ലര്‍ കമ്പനിക്ക് ലഭിച്ചിരുന്നു. പക്ഷെ, യുദ്ധത്തിന്റെ അവസാന രണ്ടു വര്‍ഷങ്ങളില്‍ ഷൂ നിര്‍മാണ ഫാക്ടറി അടച്ചിട്ട് ഇവര്‍ക്ക് ആയുധനിര്‍മാണത്തിലേക്ക് തിരിയേണ്ടിവന്നു. നാസിപ്പടയുടെ നിര്‍ദേശാനുസരണമായിരുന്നു ഇത്. എന്നാല്‍, അതിനിടെ തന്നെ സഹോദരന്മാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. 

വഴക്കില്‍ വളര്‍ന്ന ആഡിഡാസും പ്യൂമയും 

മഹായുദ്ധത്തിന് പിന്നാലെയാണ് ഡാസ്‌ലര്‍ സഹോദരന്മാര്‍ക്കിടയിലും തര്‍ക്കങ്ങളുയര്‍ന്നത്. ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങളായിരുന്നു തുടക്കത്തില്‍. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഒരേ വീട്ടില്‍ ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന ഇരുവരും രണ്ട് വീടുകളിലേക്ക് താമസം മാറി. ആഡിക്കും റുഡിക്കും ഇടയിലുള്ള തര്‍ക്കങ്ങള്‍ ഭാര്യമാര്‍ക്കിടയിലും വളര്‍ന്നു. ഇരുവരും ശത്രുക്കളെ പോലെ പെരുമാറാനും തുടങ്ങി. ചരിത്രപരമായ പല തീരുമാനങ്ങളിലേക്കും നയിച്ച ഈ തര്‍ക്കത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് നിരവധി വ്യാഖ്യാനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തര്‍ക്കങ്ങള്‍ ഉടലെടുത്ത കാലത്ത് ആഡിയുടെ ഭാര്യയ്ക്ക് 16 വയസ്സ് മാത്രമായിരുന്നു പ്രായം. പക്വതയോ മുന്‍പരിചയമോ ഇല്ലാത്ത പ്രായത്തില്‍ ഭാര്യ ബിസിനസ് കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ തുടങ്ങി. അത് റുഡോള്‍ഫിനും ഭാര്യയ്ക്കും അത്രകണ്ട് പിടിച്ചില്ല. അതാണ് 'മഹായുദ്ധകാലത്തെ 'യുദ്ധത്തിലേക്ക്' നയിച്ചത് എന്ന് ഡാസ്‌ലര്‍ സഹോദരന്മാരെ കുറിച്ചുള്ള ബാര്‍ബറ സ്മിത്തിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.

ആഡിക്ക് ബിസിനസ് ഒറ്റയ്ക്ക് നടത്താന്‍ കഴിയില്ലെന്നായിരുന്നു റുഡോള്‍ഫിന്റെ വാദം. അതുകൊണ്ട് എല്ലാ ബിസിനസ് തീരുമാനങ്ങളും തന്നെ അറിയിക്കണമെന്നും റുഡിയുടെ ഭാര്യ ഫ്രീഡിലിനെ വൈസ് പ്രസിഡന്റായി നിയമിക്കണമെന്നും റുഡോള്‍ഫ് ശാഠ്യം പിടിച്ചു. എന്നാല്‍, ആഡി ഇക്കാര്യം അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായതെന്നും ബാര്‍ബറ പുസ്തകത്തില്‍ പറയുന്നുണ്ട്. റുഡി ആഡിക്കെഴുതിയ ഒരു കത്തിനെ കുറിച്ച് പറയുന്നതിങ്ങനെയാണ്: 'ഫാക്ടറി അടച്ചുപൂട്ടാന്‍ എനിക്ക് യാതൊരു മടിയുമില്ല. അങ്ങനെയെങ്കില്‍ നേതാവായി വിരാജിക്കാനുള്ള ഒരു തൊഴില്‍ കണ്ടെത്താന്‍ താങ്കള്‍ നിര്‍ബന്ധിതനാവും'. റുഡിയും ആഡിയും തമ്മില്‍ സംഘര്‍ഷം രൂക്ഷമാവാന്‍ നിരധി കാരണങ്ങളുണ്ടായിരുന്നു എന്നതിലേക്കായിരുന്നു ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. 

placeholder
adidas puma
അഡോള്‍ഫ് ഡാസ്‌ലര്‍, റുഡോള്‍ഫ് ഡാസ്‌ലര്‍

പ്രബലമായ മറ്റൊരു കാരണം യുദ്ധസാഹചര്യം തന്നെയായിരുന്നു. യുദ്ധക്കുറ്റങ്ങള്‍ ചുമത്തി നാസിപ്പടയിലെ പങ്കാളിയായിരുന്ന റുഡോള്‍ഫിനെ ചാരവൃത്തി ആരോപിച്ച് തടവിലാക്കിയിരുന്നു. റുഡോള്‍ഫ് ചാരവൃത്തി നടത്തിയതായി ആഡിയും സമ്മതിച്ചു. ഇത് റുഡോള്‍ഫിനെ തടവിലേക്കെത്തിച്ചു. റുഡോള്‍ഫ് ജയിലില്‍ പോയ കാലത്ത് ആഡി ഫാക്ടറി സ്വന്തമാക്കാന്‍ ശ്രമിച്ചു. തിരിച്ചെത്തിയ റുഡോള്‍ഫ് കമ്പനി പിടിച്ചെടുക്കാന്‍ പല തന്ത്രങ്ങളും പയറ്റി. പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ കേസ് നാസി പാനലിന് മുന്നിലെത്തുകയും ഫാക്ടറി ഉടമസ്ഥത ആഡിക്ക് ലഭിക്കുകയും ചെയ്തു. അതിനിടെ തന്നെ ആഡിയില്‍നിന്നു ഫാക്ടറിയുടെ ഉടമസ്ഥത പൂര്‍ണമായും തന്റെയടുത്തേക്കെത്തിക്കാന്‍ റുഡി നിരവധി കരുക്കള്‍ നീക്കി. 

ഇരുവരേയും കുറിച്ചുള്ള മറ്റൊരു കഥ ഇങ്ങനെ: യുദ്ധത്തിനിടയില്‍ ഒരു ദിവസം വലിയ തോതില്‍ ബോംബാക്രമണം നടന്നിരുന്നു. അന്ന് ആഡി തന്റെ കുടുംബത്തിനൊപ്പം സുരക്ഷിത താവളത്തിലേക്ക് മാറി. അതിനുമുന്‍പ് തന്നെ റുഡിയും കുടുംബവും ഇവിടെയെത്തിയിരുന്നു. സുരക്ഷിത താവളത്തിലേക്ക് മാറിയപ്പോള്‍ ആഡി പറഞ്ഞ ഒരു വാചകം റുഡിക്ക് ഇഷ്ടപ്പെട്ടില്ല. ബോംബാക്രമണം നടത്തുന്ന യുദ്ധവിമാനങ്ങളെ കുറിച്ച് 'The dirty bastards are again.' എന്നായിരുന്നു ആഡി പറഞ്ഞത്. എന്നാല്‍, അത് തന്നേയും കുടുംബത്തേയും കുറിച്ചുള്ള പരാമര്‍ശമാണെന്ന് കരുതിയാണ് റുഡിക്ക് കോപം വന്നത്. അത് വാക്കുതര്‍ക്കങ്ങളിലേക്കും വലിയ തര്‍ക്കങ്ങളിലേക്കും, കമ്പനി വിഭജിക്കപ്പെടുന്ന അവസ്ഥയിലേക്ക് വരെ വളര്‍ന്നു.

അങ്ങനെ ഗെബ്രുഡര്‍ ഡാസ്‌ലര്‍ ഷൂഫാബ്രിക് കമ്പനി രണ്ടായി ഭാഗിക്കപ്പെട്ടു. പുതിയ കമ്പനിക്ക് ആഡി നല്‍കിയ പേര് അഡിഡാസ് എന്നായിരുന്നു. വിളിപ്പേരായ ആഡി, അവസാന പേരായ ഡാസ്‌ലറിലെ ഡാസ് എന്നിവ ചേര്‍ത്താണ് അഡിഡാസ് എന്ന പേര് ആഡി തിരഞ്ഞെടുത്തത്. അനുജനുമായി തെറ്റിപ്പിരിഞ്ഞ റുഡി ജന്മസ്ഥലമായ ബവാറിയയിലെ അറാഹ്‌ നദിയുടെ അങ്ങേക്കരയില്‍ പുതിയ ഷൂ നിര്‍മാണ ഫാക്ടറി സ്ഥാപിച്ചു. ആഡിഡാസിന് സമാനമായ പേര് തിരഞ്ഞെടുക്കാനായിരുന്നു റുഡോള്‍ഫും ശ്രമിച്ചത്. ഇതുപ്രകാരം റുഡ എന്ന് പേരിട്ടെങ്കിലും പിന്നീട് ഇത് മാറ്റി പ്യൂമ എന്നാക്കി. 1948-ലാണ് റുഡോള്‍ഫും അഡോള്‍ഫും വഴിപിരിഞ്ഞത്. 

ചേട്ടാനുജന്മാര്‍ തെറ്റിപ്പിരിഞ്ഞത് ബവേറിയ പട്ടണത്തേയും രണ്ടായി പകുത്തു. ഒരു വിഭാഗം ആളുകള്‍ അഡിഡാസില്‍ ജോലിക്ക് ചേര്‍ന്നു. ആഡിയെ താല്‍പര്യമില്ലാത്തവര്‍ റുഡിക്കൊപ്പം പ്യൂമയിലേക്കും പോയി. അറാഹ്‌ നദിയുടെ ഇരുവശങ്ങളിലുമുള്ളവര്‍ അഡിഡാസ് ടീം, പ്യൂമ ടീം എന്നായി മാറി. അഡിഡാസ് ആരാധകര്‍ എല്ലായ്‌പ്പോഴും അഡിഡാസ് ഷൂസ് ധരിച്ച് കമ്പനിക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്യൂമ ധരിച്ചെത്തുന്നവരോട് പ്രത്യക്ഷമായി അതൃപ്തി പ്രകടിപ്പിക്കുന്നതിലേക്ക് വരെ അത് എത്തുകയും ചെയ്തു. വിഭാഗീയത പിന്നേയും വളര്‍ന്നു. പുതിയ കെട്ടിടങ്ങള്‍, ബേക്കറികള്‍, ബാറുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ തുടങ്ങി അറാഹ്‌ നദിയുടെ ഇരുവശങ്ങള്‍ മത്സരിച്ച് വളര്‍ന്നു. സഹോദരന്മാരുടെ പക മുതലെടുത്ത ജനങ്ങളും ബവേറിയയിലുണ്ടെന്നും കഥകളുണ്ട്. പ്യൂമ ധരിച്ച് അഡിഡാസ് കമ്പനിയിലോ അഡിഡാസ് ധരിച്ച് പ്യൂമ കമ്പനിയിലോ പോയാല്‍ ആഡിയും റുഡിയും ദേഷ്യപ്പെട്ട് തങ്ങളുടെ സ്വന്തം കമ്പനിയുടെ ഷൂസുകള്‍ സൗജന്യമായി ആളുകള്‍ക്ക് കൊടുത്തിരുന്നുവെന്നു പോലും കഥയുണ്ട്.

ശവക്കല്ലറ വരെ നീണ്ട തര്‍ക്കം

കുടുംബങ്ങളും മക്കളും സുഹൃത്തുക്കളും തുടങ്ങി സഹോദരന്മാര്‍ക്കിടയിലെ ശത്രുതയും പകയും അവസാനിപ്പിക്കാന്‍ പലരും ശ്രമിച്ചിരുന്നു. പക്ഷെ, മരിക്കുന്ന കാലം വരെ ആഡിയും റുഡിയും ഒരു സമവായത്തിലെത്തുകയോ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ മുതിരുകയോ ചെയ്തിരുന്നില്ല. ചരിത്രപരമായ ആ തര്‍ക്കം ശവക്കല്ലറ വരെ നീണ്ടുപോയി. മരിച്ചാല്‍ ഒരുകാരണവശാലും തങ്ങളെ അടുത്തടുത്ത് സംസ്‌കരിക്കരുതെന്നായിരുന്നു ഇരുവരുടേയും ആവശ്യം. ഇതു പരിഗണിച്ച് ഹെര്‍സോഗ്നോറാഹ് സെമിത്തേരിയുടെ രണ്ട് എതിര്‍ഭാഗങ്ങളിലാണ് ഇരുവരേയും സംസ്‌കരിച്ചത് പോലും. ആഡിയുടേയും റുഡിയുടേയും തര്‍ക്കം 
പക്ഷെ മക്കളും പേരമക്കളുമൊന്നും കൊണ്ടുനടന്നില്ല. പ്യൂമ ഇട്ട് വളര്‍ന്ന റുഡോള്‍ഫിന്റെ പേരക്കുട്ടിയായ ഫ്രാങ്ക് ഡാസ്‌ലര്‍ ഇന്ന് അഡിഡാസ് കമ്പനിയുടെ ചീഫ് ലീഗല്‍ കൗണ്‍സില്‍ ആണ്. ഇതിനെ കുടുംബത്തില്‍ ചിലരെങ്കിലും എതിര്‍ത്തിരുന്നെങ്കിലും ഫ്രാങ്ക് അതൊന്നും ചെവികൊണ്ടില്ല. അഡിഡാസും പ്യൂമയും തമ്മിലുള്ള ശത്രുത വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതാണ്. ഇന്ന് അത് ചരിത്രം മാത്രമെന്നായിരുന്നു ഫ്രാങ്ക് വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. 

1987-ല്‍ അഡോള്‍ഫിന്റെ മകന്‍ ഹോര്‍സ്റ്റ് ഡാസ്‌ലര്‍ അഡിഡാസ് കമ്പനിയെ ഫ്രഞ്ച് വ്യവസായി ആയ ബെര്‍ണാര്‍ഡിന് വിറ്റിരുന്നു. അതേസമയത്ത് തന്നെ റുഡോള്‍ഫിന്റെ മക്കളായ അര്‍മിന്‍ ഡാസ്‌ലറും ജറേഡ് ഡാസ്‌ലറും പ്യൂമയുടെ 72% ഓഹരികള്‍ സ്വിസ് കമ്പനിയായ കോസ ലീബര്‍മാനും കൈമാറി. അതിനു ശേഷം ഇരുകമ്പനികളും യു.എസ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. ഇന്ന് അഡിഡാസും പ്യൂമയും അതത് കുടുംബങ്ങളുടെ കൈവശമല്ല ഉള്ളത്. ഉടമസ്ഥരെ പോലും കമ്പനിയിലെ ജോലിക്കാരും മാറി. ഇന്ന് ഇരുകമ്പനികളിലേയും ഭൂരിഭാഗം ജോലിക്കാരും ബവേറിയയ്ക്ക് പുറത്തിനിന്നുള്ളവരാണ്. പട്ടണത്തില്‍ നിന്നുള്ളവര്‍ക്കാവട്ടെ പണ്ടത്തെ പോലെ ശത്രുതയുമില്ല. 2009-ല്‍ ഇരുകമ്പനികളിലേയും ജോലിക്കാര്‍ തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം പോലും സംഘടിപ്പിച്ചിരുന്നു. 

അഡിഡാസ് വളര്‍ന്ന വഴി

1949-ലാണ് ആഡി  തന്റെ നാൽപ്പത്തൊമ്പതാമത്തെ വയസ്സില്‍ അഡിഡാസ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. 47 ജീവനക്കാരായിരുന്നു അന്ന് അഡിഡാസിലുണ്ടായിരുന്നത്. 1954-ല്‍ അഡിഡാസ് പുറത്തിറക്കിയ, പുറത്ത് മൂന്നു വരകളുള്ള സ്റ്റഡഡ് ഷൂ വലിയ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. ഫുട്‌ബോളിലെ വമ്പന്മാരായ ഹംഗേറിയന്‍ ടീമിനെ ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീം പരാജയപ്പെടുത്തിയത് ചരിത്രമായിരുന്നു. അന്ന് ടീം ധരിച്ചിരുന്നത് അഡിഡാസിന്റെ ഷൂസായിരുന്നു. ആ ജയത്തോടെ ഫുട്‌ബോള്‍ ടീമുകളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി അഡിഡാസ് മാറി.

ഷൂസുകള്‍ക്കൊപ്പം ആദ്യമായി സ്‌പോര്‍ട്‌സ് വെയര്‍ പുറത്തിറക്കിയത് 1967-ലായിരുന്നു. ജര്‍മന്‍ ഫുട്‌ബോള്‍ താരമായിരുന്ന ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അഡിഡാസിന്റെ ട്രാക്ക് സ്യൂട്ട് ധരിച്ച് മൈതാനത്ത് ഇരിക്കുന്ന ചിത്രം ബ്രാന്‍ഡിന് വലിയ മൈലേജ് നല്‍കി. 1970-ലാണ് അഡിഡാസ് ഫുട്‌ബോള്‍ പുറത്തിറക്കുന്നത്. 70-ലെ ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് വേണ്ടി കറുപ്പും വെളുപ്പും നിറത്തിലുള്ള ബോളായിരുന്നു അഡിഡാസ് പുറത്തിറക്കിയത്. ബ്ലാക്ക് ആന്റ് വൈറ്റ് ടിവിക്ക് അനുയോജ്യമായ രീതിയിലുള്ളതായിരുന്നു ഈ ഫുട്‌ബോള്‍. കാലാകാലങ്ങളോളം നീണ്ട മനോഹരമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഫിഫ വേള്‍ഡ് കപ്പിന് ഫുട്‌ബോള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ബ്രാന്‍ഡായി ഇന്നും അഡിഡാസ് തുടരുകയാണ്. 

placeholder
adidas hq
അഡിഡാസ് ഹെഡ് ക്വാര്‍ട്ടര്‍

1972-ലെ മ്യൂണിക്ക് ഒളിമ്പിക്‌സിനോട് ബന്ധപ്പെട്ടാണ് അഡിഡാസ് മൂന്ന് ഇലകള്‍ ചേര്‍ന്നുനില്‍ക്കുന്നത് പോലെയുള്ള ലോഗോ പുറത്തിറക്കിയത്. പിന്നാലെ തന്നെ സ്‌പോര്‍ട് രംഗത്ത് നിരവധി ഉത്പന്നങ്ങള്‍ അഡിഡാസ് പുറത്തിറക്കി. പലതരം ഷൂസുകളായും ട്രാക്ക് സ്യൂട്ടുകളായും കായിക ഉപകരണങ്ങളായും ആഡിഡാസിന്റെ ഉത്പന്ന നിര നീണ്ടു. 1978-ലാണ് ആഡി ഡാസ്‌ലര്‍ മരണപ്പെടുന്നത്. ഇതോടെ കമ്പനി ഭാര്യ കാത്തിയിലേക്കും മകന്‍ ഹോര്‍സ്റ്റ് ഡാസ്‌ലറിലേക്കും കൈമാറിയെത്തി. ആഡിയുടെ മരണത്തിന് ശേഷം 1984-ല്‍ അഡിഡാസ് പുറത്തിറക്കിയ ഉത്പന്നമായിരുന്നു മൈക്രോപേസര്‍. 'പാദങ്ങള്‍ക്കൊരു കമ്പ്യൂട്ടര്‍' എന്ന പേരിലാണ് ഇത് പുറത്തിറക്കിയത്. അത്‌ലറ്റുകള്‍ക്ക് ഈ മൈക്രോപേസര്‍ അവരുടെ ഷൂസിനുള്ളില്‍ ഘടിപ്പിച്ച് പ്രകടനത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് വിലയിരുത്താന്‍ സൗകര്യം നല്‍കുന്നതായിരുന്നു ഈ ഉപകരണം. ഉത്പന്ന നിരയില്‍ വൈവിധ്യങ്ങളുമായി കമ്പനി വളരുന്നതിനിടെയാണ് ആഡിയുടെ ഭാര്യ കാത്തിയും മകന്‍ ഹോര്‍സ്റ്റും മരണപ്പെട്ടത്. ഇതോടെ ആഡിയുടെ പെണ്‍കുട്ടികള്‍ ബിസിനസ് ഏറ്റെടുത്തു. ബിസിനസ്സില്‍ താല്‍പര്യമില്ലാത്തതിനാല്‍ 90-കളില്‍ കമ്പനിയുടെ ഓഹരികള്‍ വിറ്റഴിച്ചു. കമ്പനിയുടെ നേതൃത്വത്തിലുണ്ടായ മാറ്റം അഡിഡാസിന്റെ ബിസിനസ്സിനേയും വലിയ രീതിയില്‍ ബാധിച്ചു. കമ്പനി റെക്കോര്‍ഡ് നഷ്ടത്തിലേക്ക് വീണു. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിടത്തുനിന്നാണ് അഡിഡാസ് വീണ്ടും വളര്‍ന്നത്. റോബര്‍ട്ട് ലൂയിന് ഡ്രെയ്ഫസ്, പാര്‍ട്ണറായ ക്രിസ്റ്റ്യന്‍ ടൂറെസ് എന്നിര്‍ ചേര്‍ന്നാണ് മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൂടെ കമ്പനിയെ വീണ്ടെടുത്തത്. 

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ലൈഫ്‌സ്റ്റൈല്‍ സെഗ്മെന്റുകളിലേക്ക് അഡിഡാസ് കടന്നത്. സപോര്‍ട്‌സ് ഇന്‍സ്പയേര്‍ഡ് സ്ട്രീറ്റ്‌വെയറുകള്‍ പുറത്തിറക്കിയത് ഈ ഘട്ടത്തിലായിരുന്നു. അതിനിടെ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ സലോമോനുമായി അഡിഡാസ് പങ്കാളിത്തം തുടങ്ങിയിരുന്നു. എന്നാല്‍, 2006-ല്‍ ഈ പങ്കാളിത്തം അവസാനിപ്പിക്കുകയും സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ റീബോക്കിനെ ഏറ്റെടുക്കുകയും ചെയ്തു. 2011-ല്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ ഫൈവ് ടെന്നിനെ അഡിഡാസ് ഏറ്റെടുത്തു. പിന്നീട് 2020-കള്‍ വരെ നിരവധി ബ്രാന്‍ഡുകളുമായി അഡിഡാസ് സഹകരിച്ചു. 2019-ലാണ് ജര്‍മനിയിലെ ആസ്ഥാനത്ത് അഡിഡാസ് പുതിയ ഓഫീസ് കെട്ടിടമായ അറീന ഉദ്ഘാടനം ചെയ്തത്.

തീര്‍ത്തും വ്യത്യസ്തമായ വര്‍ക് കള്‍ച്ചര്‍ പുലര്‍ത്തുന്ന കമ്പനിയെ വേള്‍ഡ് ഓഫ് സ്‌പോര്‍ട്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത് പോലും. 2022-ല്‍ ഗൂച്ചിയുമായും അഡിഡാസ് പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് യൂറോപ്പിലെ ഏറ്റവും വലിയ ഷൂ നിര്‍മാതാക്കളാണ് അഡിഡാസ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷൂ നിര്‍മാതാക്കള്‍ എന്ന സ്ഥാനവും അഡിഡാസിന് സ്വന്തം. നൈക്കിയാണ് ഒന്നാം സ്ഥാനത്ത്. ജോണ്‍ ഗുല്‍ഡന്‍ ആണ് ഇപ്പോള്‍ കമ്പനിയെ നയിക്കുന്നത്. 160-ലേറെ രാജ്യങ്ങളിലായ രണ്ടായിരത്തിലേറെ റീട്ടെയിലുകളാണ് അഡിഡാസിനുള്ളത്. ഇന്ത്യയില്‍ മാത്രം അഞ്ഞൂറോളം ഔട്ട്‌ലെറ്റുകളുണ്ട്. 2022-ലെ കണക്കുകള്‍ പ്രകാരം 23.47 ബില്ല്യണ്‍ ഡോളറാണ് കമ്പനിയുടെ വരുമാനം. അഡിഡാസിന്റെ ഷൂസിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ചിത്രം ഷൂസിന് മുകളിലുള്ള മൂന്ന് വരകളാണ്. ഇത് തന്നെയാണ് അഡിഡാസ് അവരുടെ ലോഗോയിലേക്കും ഉപയോഗിച്ചിരിക്കുന്നത്. നിലവില്‍ നാല് തരത്തിലുള്ള ലോഗോകളാണ് കമ്പനി ഉപയോഗിക്കുന്നത്. 

വേഗരാജാക്കന്മാരുടെ പ്യൂമ

വഴിപിരിഞ്ഞ ആഡി 1949-ല്‍ അഡിഡാസ് സ്ഥാപിച്ചപ്പോള്‍ 1948-ല്‍ തന്നെ റുഡോള്‍ഫ് തന്റെ കമ്പനിക്ക് രൂപം നല്‍കിയിരുന്നു. ഷൂ ഫാബ്രിക് റുഡോള്‍ഫ് ഡാസ്‌ലര്‍ അഥവാ റുഡ എന്നായിരുന്നു കമ്പനിയുടെ പേര്. എന്നാല്‍, അതേവര്‍ഷം തന്നെ കമ്പനിയുടെ പേര് മാറ്റി പ്യൂമ ഷൂ ഫാബ്രിക് റുഡോള്‍ഫ് ഡാസ്‌ലര്‍ എന്നാക്കി മാറ്റി. പ്യൂമയുടെ എക്കാലത്തേയും ഹിറ്റ് ഷൂസുകളിലൊന്നായ ആറ്റം പ്യൂമ പുറത്തിറക്കിയത് 1950-കളിലായിരുന്നു. 1952-ല്‍ സൂപ്പര്‍ ആറ്റം പുറത്തിറക്കിയതിനൊപ്പം വെസ്റ്റ് ജര്‍മനിയുടെ ഫുട്‌ബോള്‍ കോച്ച് സെപ്പ് ഹെര്‍ബെര്‍ഗറിനൊപ്പം പങ്കാളിത്തം സ്ഥാപിച്ചതോടെ പ്യൂമയുടെ ഫുട്‌ബോള്‍ പാരമ്പര്യത്തിനും തുടക്കം കുറിക്കപ്പെട്ടു. 1954-ല്‍ പ്യൂമ ഷൂസ് ധരിച്ച് 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഹെയിന്‍സ് ഫുട്ടെറരര്‍ എന്ന കായികതാരം റെക്കോര്‍ഡ് കുറിച്ചത് പ്യൂമയുടെ വളര്‍ച്ചയിലും നാഴികക്കല്ലായി. ജപ്പാനിലെ യൊക്കോഹാമയില്‍ നടന്ന മത്സരത്തില്‍ 10.2 സെക്കന്റിനാണ് ഹെയിന്‍സ് ഫിനിഷ് ചെയ്തത്.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1960-ല്‍ 400 മീറ്റര്‍ റിലേയിലും ഹെയിന്‍സ് ചരിത്രമെഴുതി. ശൈശവദശ പിന്നിടുന്ന പ്യൂമയ്ക്ക് നിര്‍ണായകമായ നേട്ടമായിരുന്നു ഹെയിന്‍സിന്റെ വിജയം. പിന്നീട് നടന്ന ഒളിമ്പിക്‌സ് മത്സരങ്ങള്‍ പ്യൂമ ധരിച്ച നിരവധി താരങ്ങളും ഫുട്‌ബോള്‍ ടീമുകളും റെക്കോര്‍ഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇതെല്ലാം കമ്പനിയുടെ വളര്‍ച്ചയെ സ്വാധീനിച്ചു. വ്യത്യസ്തവും ബെസ്റ്റ് സെല്ലറുകളുമായ നിരവധി ഷൂസുകള്‍ ഈ ഘട്ടത്തില്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 1968-ലാണ് പ്യൂമ വസ്ത്രരംഗത്തേക്കിറങ്ങുന്നത്. ഫിറ്റ് ഫോര്‍ എ കിങ് എന്ന പരസ്യം പ്യൂമ പുറത്തിറക്കിയത് 1970-ലായിരുന്നു. പെലെയെ ഫീച്ചര്‍ ചെയ്തുള്ള പരസ്യം പ്യൂമ കിങ് ബൂട്ടുകളുടെ പ്രചാരത്തിന് വേണ്ടിയായിരുന്നു പുറത്തിറക്കിയത്. 1977 വരെ പെലെ പ്യൂമയുമായി സഹകരണം തുടര്‍ന്നു. 1970-ലെ വേള്‍ഡ് കപ്പില്‍ ബ്രസീല്‍ ജയിച്ചപ്പോള്‍ പെലെ ധരിച്ചിരുന്നത് പ്യൂമ കിങ് ഷൂസ് ആയിരുന്നു. 1977-ല്‍ പെലെ വിരമിച്ചപ്പോള്‍ 'ഫുട്‌ബോള്‍ കിങ് ഓഫ് ദി സെഞ്ച്വറി' എന്ന ബഹുമതി പെലെയ്ക്ക് നല്‍കി പ്യൂമ ആദരിച്ചിരുന്നു. 

placeholder
forbes
പ്യൂമ ഹെഡ് ക്വാര്‍ട്ടര്‍

പ്യൂമ പുറത്തിറക്കിയ ടെന്നീസ് ഷൂസ് ധരിച്ചാണ് 1977-ല്‍ ഗ്വില്ലെര്‍മോ വിലാസ് ഫ്രഞ്ച് ഓപ്പണ്‍, യു.എസ്. ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നീ മത്സരങ്ങളില്‍ കിരീടമണിഞ്ഞത്. ഇതോടെ ടെന്നീസ് രംഗത്തും പ്യൂമ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. 1983-ല്‍ ഗ്രാന്‍ഡ് സ്ലാമില്‍ മാര്‍ട്ടിന നവരതിലോവ, 85-ലെ വിംബിള്‍ഡണില്‍ ബോറിസ് ബെക്കര്‍ എന്നിവര്‍ കിരീടം നേടിയപ്പോഴും ഫൂട്‌വെയര്‍ പങ്കാളി പ്യൂമ ആയിരുന്നു. 1985-ലാണ് പ്യൂമ ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ഷൂസ് പുറത്തിറക്കിയത്. കായികതാരങ്ങള്‍ക്ക് അവരുടെ പ്രകടനം അളക്കാനും വിലയിരുത്താനും സാധിക്കുന്ന തരത്തില്‍ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുള്ളവയായിരുന്നു ഈ സ്മാര്‍ട്ട് ഷൂസുകള്‍. 91-ല്‍ ഷൂ ലെയ്‌സുകള്‍ എളുപ്പത്തില്‍ കെട്ടാന്‍ സാധിക്കുന്ന തരത്തിലുള്ള, മാര്‍ക്കറ്റിലെ ഗെയിം ചേയ്ഞ്ചറായ ഡിസ്‌ക് സിസ്റ്റം ഷൂസുകളും കമ്പനി പുറത്തിറക്കി.

പിന്നീടുള്ള വര്‍ഷങ്ങളില്‍ നിരവധി ലോകപ്രശസ്ത കായികതാരങ്ങള്‍ പ്യൂമയ്‌ക്കൊപ്പം അണിചേര്‍ന്നിട്ടുണ്ട്. 2009-ലാണ് വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് പ്യൂമയ്‌ക്കൊപ്പം ചേര്‍ന്നത്. 100 മീറ്റര്‍ മത്സരം 9.58 സെക്കന്റില്‍ ഓടിത്തീര്‍ത്ത് റെക്കോര്‍ഡുണ്ടാക്കിയ ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ ധരിച്ചിരുന്നത് പ്യൂമ ഷൂസായിരുന്നു. ഗോള്‍ഫ് രംഗത്തേക്ക് പ്യൂമ ഇറങ്ങിയത് 2010-ലായിരുന്നു. ഗോള്‍ഫ് ക്യാപ്പ്, വസ്ത്രം തുടങ്ങി 360 പാക്കേജ് പ്യൂമ പുറത്തിറക്കി. കളിക്കാര്‍ക്ക് വേണ്ട എല്ലാ വസ്തുക്കളും അടങ്ങുന്നതായിരുന്നു ഗോള്‍ഫ് കിറ്റ്. 2012 മുതല്‍ 2019 വരെ സ്‌കൈ ബ്ലൂസ്, ഡോബോടെക്‌സ്, സ്റ്റിച്ച്ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി ബ്രാന്‍ഡുകളെ പ്യൂമ ഏറ്റെടുത്തിട്ടുണ്ട്. 2020-ല്‍ ഫുട്‌ബോള്‍ താരം നെയ്മറുമായി പ്യൂമ കരാര്‍ ഒപ്പിട്ടു. അത് ഇപ്പോഴും തുടരുന്നുണ്ട്. 

പ്യൂമ എന്നെഴുതിയ പേരിന്റെ വലതുഭാഗത്ത് മുകളിലൂടെ ഒരു പ്യൂമ ചാടിപ്പോവുന്ന തരത്തിലുള്ള ലോഗോ പ്യൂമ ലോഞ്ച് ചെയ്തത് 1968-ലാണ്. ശക്തി, വേഗത, മൃദുത്വം, ചടുലത എന്നിവയെ ആണ് ലോഗോയിലെ പ്യൂമ മൃഗം സൂചിപ്പിക്കുന്നത്. 

placeholder
neymer

കഴിഞ്ഞ 75 വര്‍ഷമായി ലോകത്തിലെതന്നെ ഏറ്റവും വേഗതയേറിയ കായികതാരങ്ങള്‍ക്കായി നൂതനമായ ഉത്പന്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പ്യൂമ തങ്ങളുടെ കായികസംസ്‌കാരത്തെ മുന്നോട്ടുനയിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്‌പോര്‍ട്‌സ് ബ്രാന്‍ഡാണ് ഇന്ന് പ്യൂമ. 9.48 ബില്ല്യണ്‍ ഡോളറാണ് കമ്പനിയുടെ വരുമാനം. 120 രാജ്യങ്ങളിലായി പ്യൂമയ്ക്ക് ഔട്ട്‌ലെറ്റുകളുണ്ട്. ഇന്ത്യയില്‍ മാത്രം 582 ഔട്ട്‌ലെറ്റുകളാണ് പ്യൂമയ്ക്കുള്ളത്.

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus