'വാഷിങ് പൗഡര്‍ നിര്‍മ, വാഷിങ് പൗഡര്‍ നിര്‍മ, ദൂദ് സി സഫേദി, നിര്‍മ സേ ആയി...' എണ്‍പതുകളിലും തൊണ്ണൂറുകളിലും സിനിമാഗാനമെന്നോണം നമ്മള്‍ പാടി നടന്ന നിര്‍മയുടെ പരസ്യം ഓര്‍മയില്ലേ? പാട്ടുകളില്‍ മാത്രമല്ല, പരസ്യചിത്രത്തില്‍ അഭിനയിച്ച താരങ്ങളെ മുതല്‍ ഓരോ സീന്‍ വരെ ഒരുതലമുറ മുഴുവനായി ഏറ്റെടുത്തിരുന്നു. പരസ്യത്തില്‍ മാത്രമല്ല, മാര്‍ക്കറ്റില്‍ ലഭ്യമായ വാഷിങ് പൗഡറുകളിലും നിര്‍മ മുന്‍പന്തിയില്‍ വന്നു. വീട്ടമ്മമാര്‍ നിര്‍മയോട് കൂട്ടുകൂടി, വീടുകളില്‍ നിന്ന് വീടുകളിലേക്ക് നിര്‍മയുടെ വെൺമ പടര്‍ന്നു. നിര്‍മയെന്ന ബ്രാന്‍ഡിന്റെ കുതിപ്പിന്റെ  കാലമായിരുന്നു അത്. എന്നാല്‍ ആ പ്രതാപകാലത്തിന് മുന്‍പ് മാര്‍ക്കറ്റ് പിടിക്കാന്‍ അഹോരാത്രം കഷ്ടപ്പെട്ടൊരു ചരിത്രം നിര്‍മയ്ക്കുണ്ടായിരുന്നു, നിര്‍മയെ നിര്‍മയാക്കി മാറ്റിയ കര്‍സന്‍ ഭായ്ക്കും..

To advertise here,

വമ്പന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ മാത്രം കുത്തകയാക്കിയിരുന്ന, വിലകൂടിയ, സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലധികം വിലയുള്ള ഡിറ്റര്‍ജന്റുകള്‍ മാര്‍ക്കറ്റ് വാണിരുന്ന കാലത്താണ് കര്‍സന്‍ഭായ് പട്ടേല്‍ വീടിന്റെ പിന്നാമ്പുറത്ത് തന്റെ ബിസിനസ്സിന് തുടക്കം കുറിക്കുന്നത്. ബാര്‍ സോപ്പിനേക്കാളും ഉപയോഗിക്കാന്‍ എളുപ്പമുള്ള, തുണികള്‍ക്ക് ഈട് നല്‍കുന്ന, കൈകളുടെ മാര്‍ദവം നിലനിര്‍ത്തുന്ന തരത്തിലുള്ള സോപ്പുപൊടി കാലത്തിന്റെ അനിവാര്യത ആയിരുന്നെങ്കിലും അവയുടെ വില സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല.  അതുകൊണ്ടുതന്നെ വീട്ടമ്മമാര്‍ സോപ്പ് ബാര്‍ ഉപയോഗിക്കുന്നത് തുടര്‍ന്നു. പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഈ അന്തരത്തിനിടയിലേക്കാണ് കര്‍സന്‍ഭായ് പട്ടേല്‍ തന്റെ സോപ്പ് പൊടി അവതരിപ്പിക്കുന്നത്. നിര്‍മാതാവും  തൊഴിലാളിയും വിതരണക്കാരനുമെല്ലാമായി കര്‍സന്‍ ഭായ് ഒറ്റയ്‌ക്കൊരു പോരാട്ടം നയിക്കുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെ ആ സോപ്പ് പൊടി ആളുകള്‍ ഏറ്റെടുത്തതോടെ നിര്‍മയെന്ന ഐതിഹാസിക ബ്രാന്‍ഡിന്റെ ജൈത്രയാത്രയും ആരംഭിച്ചു. ഒരാളും പത്ത് രൂപ വരുമാനവുമുള്ളയിടത്തില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളും പതിനായിരം കോടി വരുമാനവുമുള്ള കമ്പനിയായി നിര്‍മ വളര്‍ന്നു. 

സര്‍ക്കാര്‍ ജോലിക്കാരനില്‍ നിന്ന് സോപ്പുപൊടിക്കാരനിലേക്ക്

ഗുജറാത്ത് സര്‍ക്കാരിന്റെ മൈനിങ് ആന്റ് ജിയോളജി വകുപ്പിലെ കെമിസ്റ്റായി ജോലി ചെയ്യുകയായിരുന്നു കര്‍സന്‍ഭായ്. സര്‍ക്കാര്‍ ജോലി മടുത്തുതുടങ്ങിയപ്പോഴാണ് പുതിയ ബിസിനസ്സിനെ കുറിച്ച് ആലോചിച്ചുതുടങ്ങിയത്. വിലകൂടിയ ഡിറ്റര്‍ജന്റുകളുള്ള മാര്‍ക്കറ്റിലേക്ക് വിലക്കുറവില്‍ ഒരുത്പന്നം കൊണ്ടുവന്നാല്‍ അത് വിജയിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെയാണ് സ്വന്തമായി ഡിറ്റര്‍ജന്റ് നിര്‍മിക്കാന്‍ കര്‍സന്‍ ഭായ് ആരംഭിച്ചത്. ഇതിനായി സ്വന്തമായി ഒരു ഫോര്‍മുല അദ്ദേഹം ഉണ്ടാക്കിയെടുത്തു. കെമിസ്റ്റ് ആയിരുന്ന അദ്ദേഹത്തിന് അത് ഭാരിച്ച പണിയും ആയിരുന്നില്ല. മഞ്ഞ നിറത്തിലുള്ള പൊടിയായിരുന്നു അദ്ദേഹം ഉണ്ടാക്കിയെടുത്തത്.

അഹമ്മദാബാദിലെ വീടിന് പിന്നിലെ മുറ്റത്തായിരുന്നു കര്‍സന്‍ഭായ് ഡിറ്റര്‍ജന്റ്  നിര്‍മിക്കാനുള്ള സംവിധാനം സജ്ജീകരിച്ചിരുന്നത്. നിര്‍മാണച്ചെലവ് കുറച്ചാല്‍ മാത്രമേ ഉത്പന്നം ചെറിയ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴികയുള്ളൂ എന്നതിനാലായിരുന്നു വീട്ടുമുറ്റം തന്നെ കര്‍സന്‍ഭായ് ആദ്യ ഫാക്ടറിയാക്കിയത്. ഉത്പാദനം തുടങ്ങിയെങ്കിലും സോപ്പുപൊടി വില്‍പന നടത്തുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. പരസ്യം ചെയ്യാനുള്ള സാമ്പത്തികസ്ഥിതിയൊന്നും അന്ന് കര്‍സന്‍ഭായ്ക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്റെ സൈക്കിളില്‍ വീടുകള്‍ തോറും കയറിയിറങ്ങി അദ്ദേഹം സോപ്പ് പൊടിയുടെ വില്‍പന ആരംഭിച്ചു. ഒരു കിലോഗ്രാം ഡിറ്റര്‍ജന്റ് വെറും മൂന്നര രൂപയ്ക്കാണ് കര്‍സന്‍ഭായ് വില്‍ക്കാന്‍ തുടങ്ങിയത്. മൂന്നര രൂപയ്ക്ക് വാങ്ങുന്ന സോപ്പ് പൊടിയില്‍ നിന്ന് ഉദ്ദേശിക്കുന്ന ഗുണം ലഭിച്ചില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്ന് വാക്ക് നല്‍കിക്കൊണ്ടായിരുന്നു ഓരോ പാക്കറ്റ് സോപ്പുപൊടിയും കര്‍സന്‍ഭായ് വീട്ടമ്മമാര്‍ക്ക് വിറ്റത്. അന്ന് മാര്‍ക്കറ്റിലുണ്ടായിരുന്ന ഏറ്റവും വിലകുറഞ്ഞ ഡിറ്റര്‍ജന്റിന്റെ വില 13 രൂപയായിരുന്നു. കര്‍സന്‍ഭായുടെ കഷ്ടപ്പാടുകളൊന്നും വെറുതേയായില്ല, വലിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളോ നിറംചാലിച്ച പുറംകവറുകളോ ഒന്നും അന്ന് ആ പൊടിക്കുണ്ടായിരുന്നില്ലെങ്കിലും വിലക്കുറവും ഗുണമേന്മയുള്ളതുമായ പൊടി വീട്ടമ്മമാര്‍ പതിയെ ഏറ്റെടുക്കാൻ തുടങ്ങി. ഇതോടെ  ബിസിനസ്സ് വിപുലപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി കര്‍സന്‍ഭായ് തന്റെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു. ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം പൊതുവിപണിയിലേക്ക് നിര്‍മ പുറത്തിറക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു കര്‍സന്‍ഭായ് തന്റെ ജോലി ഉപേക്ഷിച്ചത്. 

placeholder
karsan bhai patel
കര്‍സന്‍ഭായ് പട്ടേൽ

മരിച്ച മകളുടെ ഓര്‍മയ്ക്കൊരു ബ്രാന്‍ഡ്, തലവര മാറ്റിയ പരസ്യം

പേരില്ലാത്ത പൊടിയെ ആളുകള്‍ എങ്ങനെ തിരിച്ചറിയാനാണ്? പ്രാദേശിക മാര്‍ക്കറ്റില്‍ തന്റെ സോപ്പ് പൊടിക്ക് ആവശ്യക്കാര്‍ കൂടിയതോടെ കര്‍സന്‍ഭായ് സോപ്പ് പൊടി ഒരു ബ്രാന്‍ഡാക്കി മാറ്റാന്‍ തീരുമാനിച്ചു. നിര്‍മ എന്നായിരുന്നു ബ്രാന്‍ഡിന് അദ്ദേഹം നല്‍കിയ പേര്. സ്‌കൂളില്‍ നിന്ന് മടങ്ങിവരുന്ന വഴിക്ക് ഒരു അപകടത്തില്‍ മരണപ്പെട്ട മകളുടെ പേരായ നിരുപമയില്‍ നിന്നായിരുന്നു നിര്‍മ എന്ന പേരുണ്ടായത്. മകള്‍ നിരുപമയെ കര്‍സന്‍ബായ് സ്നേഹത്തോടെ വിളിച്ചിരുന്നത് നിര്‍മ എന്നായിരുന്നു. 

ബ്രാന്‍ഡ് പേരിട്ടത് മാത്രമല്ല, ടെലിവിഷന്‍ പരസ്യത്തിലൂടെ താനിറക്കിയ സോപ്പുപൊടി പ്രചരിപ്പിക്കാനായൊരു പരസ്യവും അദ്ദേഹം തയ്യാറാക്കി. പില്‍ക്കാലത്ത് കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് പാടിക്കൊണ്ട് നടന്നിരുന്ന പരസ്യങ്ങളിലൊന്നായി ഇത് മാറി. വാഷിങ് പൗഡര്‍ നിര്‍മ എന്നുതുടങ്ങുന്ന പരസ്യം പുറത്തിറങ്ങിയതോടെയാണ് നിര്‍മയുടെ തലവര മാറാന്‍ തുടങ്ങിയത്. പരസ്യം പ്രചരിച്ചതോടെ അഹമ്മദാബാദിന് പുറത്തേക്ക് നിര്‍മ വളരാനാരംഭിച്ചു. 

നിര്‍മയുടെ പരസ്യങ്ങളില്‍ കാണുന്ന വെളുത്ത നിറത്തിലുളള കുട്ടിയുടുപ്പിട്ട് കറങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ കുട്ടിയെ കണ്ടിട്ടില്ലേ, Twirling Girl എന്നാണ് ഇതിന്റെ പേര്. ഇന്ത്യയുടെ പരസ്യചരിത്രത്തിന്റെ കൂടെ ഭാഗമാണ് ഈ കറങ്ങുന്ന പെണ്‍കുട്ടി. കര്‍സന്‍ഭായ് പട്ടേലിന്റെ മകള്‍ നിരുപമയോട് സാദൃശ്യം തോന്നുന്നതരത്തിലാണ് ഈ ചിഹ്നത്തിനും രൂപം നല്‍കിയിരിക്കുന്നത്. ആദ്യ പരസ്യത്തില്‍ മാത്രമല്ല, പിന്നീട് പുറത്തുവന്ന നിര്‍മയുടെ എല്ലാ പരസ്യങ്ങളിലും ഈ കുട്ടിയുമുണ്ടായിരുന്നു. അമുല്‍ പെണ്‍കുട്ടിയെ പോലെ ലിജത് ബണ്ണിയെ പോലെ ഒനിഡയുടെ ചെകുത്താനെ പോലെ കറങ്ങുന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ പരസ്യചരിത്രത്തില്‍ ഇടം നേടി. വാഷിങ് പൗഡര്‍ നിര്‍മ എന്നുതുടങ്ങുന്ന പരസ്യം ഏതൊരു ഇന്ത്യാക്കാരന്റേയും ചുണ്ടുകളില്‍ സ്ഥിരമായി. മാര്‍ക്കറ്റില്‍ നിര്‍മയ്ക്ക് വ്യത്യസ്തമായൊരു ഐഡന്റിറ്റി നേടിയെടുക്കാന്‍ ഇത് സഹായിച്ചു. വിഖ്യാത സംഗീത സംവിധായകനായ വേദ്പാല്‍ ചിട്ടപ്പെടുത്തിയ ഈ ജിംഗിള്‍ ഇന്ത്യയുടെ പരസ്യചരിത്രത്തിലെ തന്നെ നാഴികക്കല്ലായിരുന്നു. 

പരസ്യചിത്രം പുറത്തിറക്കുന്നതിന് മുന്‍പ് നിര്‍മ ബ്രാന്‍ഡിന് മാര്‍ക്കറ്റ് പിടിക്കാന്‍ അല്‍പം കടന്നുപോയൊരു തന്ത്രവും അതിനിടെ കര്‍സന്‍ഭായ് പ്രയോഗിച്ചു. പരസ്യം പ്രചരിക്കുന്നതിന് തൊട്ടുമുന്‍പ് 90 ശതമാനം ഉത്പന്നവും പട്ടേല്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു അത്. പരസ്യം പ്രചരിക്കാന്‍ തുടങ്ങിയതോടെ വിലക്കുറവും വലിയ പരസ്യങ്ങളുമുള്ള നിര്‍മയെ തേടി ആളുകള്‍ മാര്‍ക്കറ്റ് കയറിയിറങ്ങാന്‍ തുടങ്ങിയെങ്കിലും എവിടേയും നിര്‍മ ലഭിക്കുമായിരുന്നില്ല. ഡിമാന്‍ഡ് കൂടിയതോടെ നിര്‍മ വേണമെന്ന് ആവശ്യപ്പെട്ട് വിതരണക്കാര്‍ തുടര്‍ച്ചയായി പട്ടേലിനെ തേടിയെത്തി. ആവശ്യം കൂടിയതോടെ പട്ടേല്‍ വലിയ അളവില്‍ സോപ്പുപൊടി മാര്‍ക്കറ്റിലേക്ക് തിരികെയെത്തിച്ചു. ആളുകള്‍ നിര്‍മ തേടിയെത്തി, പട്ടേലിന്റെ സോപ്പുപൊടിയുടെ ഡിമാന്‍ഡ് റോക്കറ്റ് പോലെ കുതിച്ചുയർന്നു. ഏറെക്കാലം കഴിയുന്നതിന് മുന്‍പുതന്നെ മാര്‍ക്കറ്റിലെ വമ്പന്‍ സര്‍ഫ് ഡിറ്റര്‍ജന്റിനെ നിര്‍മ കടത്തിവെട്ടി. ആ വര്‍ഷം മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ സോപ്പുപൊടി ബ്രാന്‍ഡ് ആയി നിര്‍മ മാറി. 

placeholder
പ്രതീകാത്മക ചിത്രം

നിര്‍മ സോപ്പ്, ഷാംപു, ടൂത്ത് പേസ്റ്റ്

മാര്‍ക്കറ്റില്‍ നിര്‍മ സോപ്പുപൊടിക്കുള്ള ആവശ്യം ഏറിയും കുറഞ്ഞും വന്നു. ലാഭവും നഷ്ടവുമെല്ലാം മാറി മാറി കമ്പനിയെ ബാധിച്ചെങ്കിലും പട്ടേലിനെ ഇത് അത്രകണ്ട് ബാധിച്ചില്ല. കാരണം ഒരു സോപ്പുപൊടിയില്‍ മാത്രം തന്റെ ബിസിനസ് അവസാനിപ്പിക്കാനായിരുന്നില്ല അദ്ദേഹത്തിന്റെ ഉദ്ദേശം. ടോയ്​ലെറ്റ് സോപ്പ്, ബ്യൂട്ടി സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ നിര്‍മയില്‍ നിന്ന് പുറത്തിറങ്ങി. ചിലത് വിജയിച്ചു, ചിലത് അമ്പേ പരാജയപ്പെട്ടു. വലിയ പരാജയങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും നിര്‍മ എന്ന ബ്രാന്‍ഡിന് മാര്‍ക്കറ്റിലുള്ള സ്വാധീനം ഒട്ടും കുറഞ്ഞില്ല. ഡിറ്റര്‍ജന്റ് വിപണിയിലെ 35 ശതമാനവും സോപ്പ് വിപണിയിലെ വലിയൊരു പങ്കും നിര്‍മയുടെ പക്കലായിരുന്നു.

1995ല്‍ പട്ടേല്‍ അഹമ്മദാബാദില്‍ നിര്‍മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപിച്ചു. അതിനിടെ തന്നെ ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ബ്രാന്‍ഡായി നിര്‍മ വളര്‍ന്നിരുന്നു. കൂടെ നിര്‍ലൈഫ് എന്ന പേരില്‍ ഒരു ഹെല്‍ത്ത് കെയര്‍ വിഭാഗവും നിര്‍മ സ്ഥാപിച്ചു. ഐ.വി ഫ്ളൂയിഡുകളാണ് നിര്‍ലൈഫ് പ്രദാനമായും ഉത്പാദിപ്പിച്ചിരുന്നത്. 2003ല്‍ നിര്‍മ എന്നൊരു സര്‍വകലാശാലയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനും തുടക്കം കുറിച്ചു. 2007ല്‍ സീര്‍ലെസ് വാലി മിനറല്‍സ് എന്നൊരു കമ്പനിയെ നിര്‍മ ഏറ്റെടുക്കുന്നത്. സോണിയം കാര്‍ബണേറ്റ് നിര്‍മിക്കുന്ന കമ്പനിയായിരുന്നു ഇത്. നിര്‍മയുടെ ഏറ്റെടുക്കലോടെ ലോകത്ത് ഏറ്റവും കൂടുതല്‍ സോഡിയം കാര്‍ബണേറ്റ് നിര്‍മിക്കുന്ന ഏഴാമത്തെ കമ്പനിയായി ഇത് മാറി. 

2014ലാണ് നിര്‍മ സിമന്റ് നിര്‍മാണരംഗത്തേക്ക് കടക്കുന്നത്. ഇതിനായി നുവോകോ വിസ്താസ് കോര്‍പ്പറേഷന്‍ എന്നൊരു കമ്പനി രൂപീകരിച്ചു. രാജസ്ഥാനിലെ നിംഭോലിലായിരുന്നു പ്ലാന്റ്. ബിസിനസ്സ് മികച്ച രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കേ 2016ല്‍ ലഫാര്‍ജ് എന്ന സിമന്റ് കമ്പനിയേയും 2020ല്‍ ഇമാമി എന്ന കമ്പനിയേയും നുവാകോ വിസ്താസ് ഏറ്റെടുത്തു. 5000 കോടി രൂപയ്ക്കായിരുന്നു ഇമാമി സിമന്റ്സിനെ നിര്‍മ വിലയ്ക്ക് വാങ്ങിയത്. 2023ല്‍ വമ്പന്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ 75 ശതമാനം ഓഹരികളും നിര്‍മ വാങ്ങി. 5652 കോടി രൂപയ്ക്കായിരുന്നു ഈ കൈമാറ്റം. 2024 ഗ്ലെന്‍മാര്‍ക് ലൈഫ് സയന്‍സസ് കമ്പനി പേരുമാറ്റി ആലിവസ് ലൈഫ് സയന്‍സസ് എന്നായി മാറി. 

ഇന്ന് നിര്‍മയില്‍ നിന്ന് നാല് ഉപഭോക്തൃ ഉത്പന്ന വിഭാഗത്തിലായി പതിന്നൊന്ന് ഉത്പന്നങ്ങളാണ് പുറത്തിറങ്ങുന്നത്. ബാത്തിങ് സോപ്പ്, ഡിറ്റര്‍ജന്റ്, ഡിഷ്​വാഷ് ബാര്‍ എന്നിവയ്‌ക്കൊപ്പം ശുദ്ധ് എന്ന പേരില്‍ അയോഡൈസ്ഡ് ഉപ്പും നിര്‍മ മാര്‍ക്കറ്റില്‍ എത്തിക്കുന്നുണ്ട്. ഇതിനുപുറമേ, ഗ്ലിസറിന്‍, സോഡാപ്പൊടി, ഉപ്പ്, സള്‍ഫ്യൂരിക് ആസിഡ്, ബെന്‍സീന്‍ തുടങ്ങി പത്തോളം വ്യാവസായികോത്പന്നങ്ങളും നിര്‍മയില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്. എട്ട് നിര്‍മാണ പ്ലാന്റുകളാണ് രാജ്യത്താകെമാനം നിര്‍മയ്ക്കുള്ളത്.  

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിറ്റര്‍ജന്റ് ഉത്പാതാക്കളായിരുന്നു നിര്‍മ. 50 ലക്ഷം പീസ് നിര്‍മ ഡിറ്റര്‍ജന്റ് സോപ്പായിരുന്നു ഒരു ദിവസം വിറ്റുപോയിരുന്നത്. 38 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഏറെക്കാലം തുടർന്നു. സമാനമായി പ്രതിദിനം 30 ലക്ഷം സോപ്പ് വിറ്റുപോയ ചരിത്രവും കമ്പനിക്കുണ്ട്. ഇക്കാര്യം കമ്പനി അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കാണിക്കുന്നുമുണ്ട് 500 കോടിയായിരുന്നു ഇതില്‍ നിന്നുമാത്രമുളള വാര്‍ഷിക വരുമാനം. ഇന്ത്യയിലെ സോപ്പ് ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു നിര്‍മ.

എന്നാല്‍ ആ പ്രതാപത്തെ ഏറെക്കാലം തുടര്‍ന്നുകൊണ്ടുപോവാന്‍ നിര്‍മയ്ക്ക് സാധിച്ചില്ല. ലാഭക്കൊടുമുടിയില്‍ നില്‍ക്കെ നിര്‍മ പതിയെ തകര്‍ച്ചയിലേക്ക് നീങ്ങി. ഉത്പന്നങ്ങള്‍ക്ക് പഴയ ഡിമാന്‍ഡ് ഇല്ലാതെയായി. എതിരാളികള്‍ മുന്‍നിരയിലേക്കുയര്‍ന്നു. മാര്‍ക്കറ്റ് ട്രെന്‍ഡുകളും ഉപഭോക്താക്കളുടെ ആവശ്യങ്ങളും മാറി വരുമ്പോള്‍ കാലാനുസൃതമായി ഉത്പന്നങ്ങളിലും മാറ്റം കൊണ്ടുവരാന്‍ നിര്‍മ ശ്രമിച്ചതേയില്ല. 

സര്‍ഫും ഏരിയലും വീലും ഉജാലയും അടക്കമുള്ള കമ്പനികള്‍ പുതിയ പരീക്ഷണങ്ങളുമായി മാര്‍ക്കറ്റില്‍ ഇറങ്ങിയപ്പോള്‍ ഉത്പന്നനിരയിലോ പാക്കറ്റിലോ പരസ്യത്തിലോ പോലും മാറ്റം വരുത്താന്‍ കമ്പനി തയ്യാറായിരുന്നില്ല. മറ്റ് കമ്പനികള്‍ പരസ്യങ്ങള്‍ക്കപ്പുറം സാമൂഹികമാധ്യമങ്ങളെ പ്രചാരണത്തിനായി ഉപയോഗിക്കുമ്പോള്‍ സജീവമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പോലും നിര്‍മയ്ക്കില്ല. ഹൃത്വിക് റോഷനും അക്ഷയ് കുമാറുമടക്കമുള്ള മുന്‍നിര താരങ്ങളെ നിര്‍ത്തിയുള്ള ടി.വി പരസ്യങ്ങളിലാണ് നിര്‍മ ശ്രദ്ധ കേന്ദ്രീകരിച്ചത്. മത്സരാധിഷ്ഠിത വിപണിയിലെ പ്രമുഖ പങ്കാളി എന്ന നിലയില്‍ ഈ സമീപനം കമ്പനിയുടെ വളര്‍ച്ചയിലും പ്രതികൂലമായി സ്വാധീനിച്ചു.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് പുറത്തിറക്കുന്ന സര്‍ഫ് മാര്‍ക്കറ്റ് വാഴാന്‍ പല തന്ത്രങ്ങളും പയറ്റിയിരുന്നു. നിര്‍മ ഉപയോഗിക്കുന്നവരില്‍ ചിലര്‍ക്ക് കൈകളില്‍ അലര്‍ജി വരുന്നതായും തുണികള്‍ ഈടുനില്‍ക്കാതെ പോകുന്നുവെന്നും പരാതികളുയര്‍ത്തിയിരുന്നു. നിര്‍മയുടെ ഈ പോരായ്മകള്‍ പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു സര്‍ഫ് പ്രചാരണം നടത്തിയത്. ഒപ്പം ഇത്തരം പ്രശ്‌നങ്ങളില്ലാത്ത ഉത്പന്നങ്ങള്‍ വിപണിയിലിറക്കുകയും ചെയ്തു. ഇതോടെ നിര്‍മയ്ക്ക് പതിയെ  ഡിമാന്‍ഡ് കുറഞ്ഞു. മാര്‍ക്കറ്റിലേക്ക് തിരികെവരാന്‍ കമ്പനി പല രീതിയില്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതോടെ ബ്രാന്‍ഡിന്റെ പ്രതാപകാലവും അസ്തമിച്ചു. 

നിങ്ങളുടെ പക്കല്‍ എന്തുണ്ട് എന്നല്ല, ആളുകളുടെ പക്കല്‍ എന്തില്ല എന്നതാണ് ഏതൊരു ബിസിനസ്സിന്റേയും വിജയമന്ത്രങ്ങളിലൊന്ന്. മാര്‍ക്കറ്റില്‍ എതിരാളികള്‍ കൂടുമ്പോള്‍ പുതിയ ഉത്പന്നങ്ങളിലൂടേയും പരസ്യങ്ങളിലൂടേയും മത്സരിക്കാതെ പിടിച്ചുനില്‍ക്കുകയെന്നത് അപ്രായോഗികം. നിര്‍മയുടെ യാത്രയിലും അത്തരത്തിലൊരു തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.