കൽപ്പകഞ്ചേരി : വൈലത്തൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി ടൗൺ വീതികൂട്ടലിന് രണ്ടുമീറ്റർ വീതിയിൽ സ്ഥലം വിട്ടുനൽകി സ്ഥലമുടമകൾ. സ്ഥലം വിട്ടുകിട്ടുന്നതു സംബന്ധിച്ച് പി.കെ. നവാസ് എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിലാണ് ടൗണിലെ മുപ്പതോളം സ്ഥലമുടമകൾ സ്ഥലം വിട്ടുനൽകാൻ തയ്യാറായത്. ഇതുസംബന്ധിച്ചുള്ള സമ്മതപത്രവും എം.എൽ.എ.യ്ക്ക്‌ കൈമാറി. ഇതോടെ അങ്ങാടിയിലെ പൊതുമരാമത്ത്‌ റോഡുകൾക്കിരുവശത്തുമുള്ള 78 ശതമാനം സ്ഥലത്തും രണ്ടുമീറ്റർ വീതിയിൽ സ്ഥലം ലഭിക്കും.

To advertise here,

28-ന് നിലവിലുള്ള പൊതുമരാമത്ത് റോഡുകളുടെ അതിർത്തി നിർണയിച്ച് മാർക്കിടാൻ സർവേ ആരംഭിക്കും. സ്ഥലവും കെട്ടിടവും വിട്ടുനൽകുന്നവർക്ക് കെട്ടിടനിർമാണച്ചട്ടങ്ങളിൽ ഇളവുലഭിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. ഇതുസംബന്ധിച്ച് വിദഗ്‌ധസമിതി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. ടൗൺപ്ലാൻ പ്രതിനിധി, തദ്ദേശ സ്വയംഭരണ സ്ഥാപന സങ്കേതികവിഭാഗം, പൊതുമരാമത്തുവകുപ്പ്, റവന്യൂ വിഭാഗം എന്നിവരടങ്ങുന്നതാണ് വിദഗ്ധസമിതി. വികസനത്തിനായി പൊളിക്കുന്ന കെട്ടിടങ്ങൾ ബലപ്പെടുത്തുന്നതടക്കമുള്ള പ്രവൃത്തികൾ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഏറ്റെടുക്കും. വൈലത്തൂർ ടൗൺ നവീകരണത്തിനായി പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കാൻ സർക്കാരിനോട് ശുപാർശചെയ്യും.

പൊന്മുണ്ടം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പി.കെ. നവാസ് എം.എൽ.എ. അധ്യക്ഷതവഹിച്ചു.

വൈലത്തൂർ ടൗണിലെ സ്ഥല-കെട്ടിട ഉടമകൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. പൊൻമുണ്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ആർ. കോമുകുട്ടി വിഷയാവതരണം നടത്തി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്‌ സി. നൗഷാദ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്‌റ്റന്റ്‌ എക്സിക്യുട്ടീവ് എൻജിനിയർ ഇ.കെ. മുഹമ്മദ് ഷാഫി, ഗ്രാമപ്പഞ്ചായത്ത് അസിസ്‌റ്റന്റ്‌ എൻജിനിയർ സി. വിമൽ രാജ്, വൈസ് പ്രസിഡന്റ്‌ അസ്‌മാബി പരേടത്ത്, ഒ. അലവി, പ്രജിഷ, സി.കെ. മുസ്‌തഫ, ബ്ലോക്ക്പഞ്ചായത്തംഗം സിദ്ദീഖ് പുല്ലാട്ടിൽ, പി.കെ. ഹൈദ്രോസ് തുടങ്ങിയവർ പങ്കെടുത്തു.