എടപ്പാൾ ടൗണിൽ ഗതാഗതക്കുരുക്കുണ്ടാക്കി അംശക്കച്ചേരിയിലെ മത്സ്യക്കച്ചവടം

To advertise here,

എടപ്പാൾ : ടൗണിൽ മത്സ്യമാർക്കറ്റ് സ്ഥാപിക്കുമെന്ന അധികാരികളുടെ വാഗ്ദാനം ഇന്നും ജലരേഖപോലെ. റോഡരികിലെല്ലാം നടക്കുന്ന മത്സ്യക്കച്ചവടവും അതുമൂലമുള്ള ഗതാഗതക്കുരുക്കും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.

എടപ്പാൾ ടൗണിൽനിന്ന് പൊന്നാനി റോഡിൽ ഒരു കിലോമീറ്റർ അകലെ പഞ്ചായത്ത് ആസ്ഥാനത്തിന് മുൻപിൽ അംശക്കച്ചേരിയിലാണ് പ്രധാന മത്സ്യക്കച്ചവടം.

റോഡിന്റെ രണ്ടരികുകളിലും കെട്ടിയുണ്ടാക്കിയ താത്കാലിക ഷെഡുകളിൽ വലിയതോതിൽ നാനാതരത്തിലുള്ള മത്സ്യങ്ങളുടെ വൻ കച്ചവടമാണിവിടെ നടക്കുന്നത്.

വൈകുന്നേരമായാൽ മത്സ്യം വാങ്ങാൻ വരുന്നവരുടെ തിരക്കും ഇവർ നിർത്തിയിടുന്ന വാഹനങ്ങളുടെ ആധിക്യവുംമൂലം മറ്റുവാഹനങ്ങൾക്ക് പോകാനാവില്ല. മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുന്നു.

ഇത് എടപ്പാൾ ടൗൺവരെയും എടപ്പാൾ അങ്ങാടിവരെയും നീളും.

ഇവിടെയുള്ള സ്വകാര്യ ഉടമയുടെ സ്ഥലത്തേക്ക് മാർക്കറ്റ് സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ എൽ.ഡി.എഫ്. സമിതി പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. പുതിയ ഭരണസമിതി വന്ന് മാസങ്ങളായെങ്കിലും ഇക്കാര്യത്തിൽ കാര്യമായ ആലോചനകളുണ്ടായിട്ടില്ല.

വൈകീട്ട് വിവിധ ജോലികൾ കഴിഞ്ഞ് വീടുകളിലേക്ക് പോകുന്നവർക്കും സ്വകാര്യ ബസുകൾക്കുമെല്ലാം ഈ ഗതാഗതക്കുരുക്കുണ്ടാക്കുന്ന പ്രയാസം ചെറുതല്ല.

എടപ്പാൾ ടൗണിൽ കുറ്റിപ്പുറം റോഡിൽ പഴയ സർവീസ് സഹകരണ ബാങ്ക് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഷെഡുകൾ കെട്ടി മാർക്കറ്റ് ആരംഭിച്ചെങ്കിലും മറ്റിടങ്ങളിലെ അനധികൃത കച്ചവടങ്ങൾക്ക് കുറവൊന്നുമില്ല.

പെട്ടി ഓട്ടോകളിൽ മത്സ്യമെത്തിച്ച് റോഡരികിൽ നിർത്തിയിട്ട് നടത്തുന്ന മത്സ്യക്കച്ചവടങ്ങൾ പലയിടത്തും പ്രയാസമുണ്ടാക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ ഇടപെട്ട് മാർക്കറ്റുകളുണ്ടാക്കി കച്ചവടക്കാരെ അങ്ങോട്ടുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എടപ്പാൾ അങ്ങാടിയിൽ നേരത്തെയുണ്ടായ മത്സ്യമാർക്കറ്റ് പൊളിച്ചുകളഞ്ഞ് അവിടെ മറ്റൊരു സ്ഥാപനത്തിന് കെട്ടിടം പണിയുകയായിരുന്നു. എന്നാൽ ആ സ്ഥാപനം വന്നതുമില്ല. മത്സ്യമാർക്കറ്റുകളിൽനിന്നുള്ള അഴുക്കുവെള്ളവും അവശിഷ്ടവും പരിസരവാസികൾക്കും വ്യാപാരികൾക്കും വലിയ പ്രയാസമുണ്ടാക്കുന്നു.

മാർക്കറ്റ് മാറ്റം പ്രായോഗികമായില്ല

അംശക്കച്ചേരിയിലെ മാർക്കറ്റ് മാറ്റാൻ പലവട്ടം ശ്രമിച്ചെങ്കിലും ഒന്നും പ്രായോഗികമായില്ലെന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകാന്ത് പറയുന്നു. ഇവരെ റോഡരികിൽനിന്ന് മാറ്റി ഗതാഗതക്കുരുക്ക് മാറ്റാനുള്ള ശ്രമമുണ്ടായി.

പിന്നീട് പഞ്ചായത്തുതല യോഗത്തിലും ട്രാഫിക് റെഗുലേറ്ററി യോഗത്തിലും ഇവരെ ഒഴിപ്പിക്കാൻ നടപടിയെടുക്കുമെന്ന് തീരുമാനിച്ചെങ്കിലും നടപ്പിലായില്ല. തൊട്ടപ്പുറത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളേതെങ്കിലും വാടകയ്ക്കെടുത്ത് അവിടേക്ക് മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതും പ്രാവർത്തികമായിട്ടില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.