20 വർഷത്തിനിടെ മരിച്ചത് 15 പേർ
കൊല്ലങ്കോട് : വനഭംഗിയും നെല്ലിയാമ്പതി മലനിരകളിൽനിന്ന് താഴേക്കുപതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങളുമാണ് കൊല്ലങ്കോട്ടെ സീതാർകുണ്ടിനെയും വെള്ളരിമേട്ടിനെയും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാക്കിമാറ്റുന്നത്. കോവിഡ് കാലത്തെ അടച്ചിടലിനുശേഷമാണ് ഇവിടം പുറംലോകം ശ്രദ്ധിച്ചുതുടങ്ങിയത്. ഇന്ത്യയിലെ പത്തു സുന്ദരഗ്രാമങ്ങളിലൊന്നായി കൊല്ലങ്കോട് അറിയപ്പെട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിനു വിനോദസഞ്ചാരികളാണ് ഇവിടത്തെ കാഴ്ചകൾതേടി ദിവസവും എത്തുന്നത്.
പക്ഷേ, കാഴ്ചകൾപോലെ അത്ര സുന്ദരമല്ല സീതാർകുണ്ടിലെയും വെള്ളരിമേട്ടിലെയും കാര്യങ്ങൾ. വെള്ളരിമേട്ടിൽമാത്രം കഴിഞ്ഞ രണ്ടുവർഷത്തിനിടെ മൂന്നുപേരുടെ ജീവനാണ് മലമുകളിൽ അശ്രദ്ധമൂലം പൊലിഞ്ഞത്. വടവന്നൂർ കോരാത്തുപറമ്പിൽ ഗോപിദാസ് (52), എത്തനൂർ സ്വദേശി സുരേഷ് (24), മുതലമട കുതിരോട്ടുകൊളമ്പ് സജീഷ് (27) എന്നിവർക്കാണ് മലമുകളിലുണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടമായത്. ഇതിനുപുറമേ പാറയുടെ മുകളിൽനിന്ന് വഴുതിവീണ് പരിക്കേറ്റവരുമുണ്ട്.
നെല്ലിയാമ്പതി, പറമ്പിക്കുളം വനമേഖലകളോടു ചേർന്നുകിടക്കുന്ന വെള്ളരിമേട് ആന, കരടി, പുലി, മുള്ളൻപന്നി തുടങ്ങിയ വന്യജീവികളുടെ വിഹാരകേന്ദ്രങ്ങളാണ്. സീതാർകുണ്ടിൽ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ പതിനഞ്ചോളംപേർക്കാണ് കയത്തിലും നീരൊഴുക്കിലുംപെട്ട് ജീവൻ നഷ്ടമായത്.
നെല്ലിയാമ്പതി മലമുകളിൽ വലിയൊരു മഴപെയ്താൽ സീതാർകുണ്ടിൽ പെട്ടെന്ന് ജലനിരപ്പുയരും. ഇതറിയാതെയാണ് സഞ്ചാരികളിൽ പലരും കുട്ടികളെയുൾപ്പെടെ വെള്ളത്തിലിറക്കി കളിക്കുന്നതും കുളിക്കുന്നതും. ഈവിധം തോടുകടന്ന് അപ്പുറത്തുപോയി തിരികെയെത്തുമ്പോഴേക്കും ജലനിരപ്പ് ഉയർന്നതുമൂലം തിരികെ കടക്കാൻ കഴിയാതെ സഞ്ചാരികൾ കാട്ടിൽ കുടുങ്ങിയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്.
അടുത്തിടെ സീതാർകുണ്ടിലെ നീരൊഴുക്കിനു നടുവിൽക്കുടുങ്ങി മരണത്തോടു മല്ലടിച്ചുകിടന്ന വണ്ടിത്താവളം മീരാൻചള്ള സ്വദേശി രമേഷ് (39), തൃശൂർ സ്വദേശി കാർത്തിക് (26) എന്നിവരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ പണിപ്പെട്ടാണ് വടംകെട്ടി രക്ഷപ്പെടുത്തിയത്. സീതാർകുണ്ടിൽ കരടിയെക്കണ്ട് ഭയന്ന് കാടിനുമുകളിലേക്കു കയറിപ്പോയ മറ്റൊരാളെ അർധരാത്രിവരെ തിരഞ്ഞിട്ടും കണ്ടെത്താനാകാതെ പിറ്റേന്ന് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയതും അടുത്തിടെയാണ്.
Published: 23 Sept 2026, 03:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented