മഞ്ചേരി : സ്കൂൾ വളപ്പിലെ അരയേക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന കൃഷിയൊരുക്കി മഞ്ഞപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂൾ വിദ്യാർഥികൾ. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ വർഷങ്ങളായി പച്ചക്കറി, ഔഷധ, പഴവർഗ തോട്ടങ്ങൾ പരിപാലിച്ചുവരുന്നുണ്ട്.
കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനൊപ്പം ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളുടെ ഒരു ഭാഗം സ്വയം ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷി നടത്തുന്നത്. വെണ്ട, പച്ചമുളക്, വഴുതന, ചുരങ്ങ, ഇളവൻ തുടങ്ങിയ വിവിധ പച്ചക്കറികളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഔഷധസസ്യങ്ങളും പഴവർഗങ്ങളും തോട്ടത്തിലുണ്ട്. സ്കൂൾ സി.പി.ടി.എ. യോഗത്തിനെത്തിയ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഒരുക്കിയ കപ്പവിരുന്നും നേരത്തേ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദ്യാഭ്യാസമന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ സ്കൂളിന്റെ കാർഷികപ്രവർത്തനങ്ങളെ പ്രശംസിച്ചു. കൃഷിയിൽനിന്നുള്ള വിളവ് സ്കൂളിൽ മാത്രം ഉപയോഗിക്കുന്നതിനുപകരം സമീപ വിദ്യാലയങ്ങളിലേക്കും എത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്കൂൾ തോട്ടത്തിൽ വിളയിച്ച കപ്പ മഞ്ഞപ്പറ്റ ജി.എം.എൽ.പി. സ്കൂൾ, ചെറാംകുത്ത് ജി.എൽ.പി. സ്കൂൾ, കരിക്കാട് എസ്.വി.എ.എൽ.പി. സ്കൂൾ എന്നിവർക്ക് വിതരണം ചെയ്തു. കൃഷി വകുപ്പ്, പി.ടി.എ. എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂളിലെ കൃഷി. പ്രഥമാധ്യാപകൻ പി. അലിയാപ്പു, പി.ടി.എ. പ്രസിഡന്റ് സി. ജാഫർ, അധ്യാപകൻ കെ. മുർഷിദ്, ഇ.ടി. സഹദുദ്ദീൻ, സി.പി. നസീർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Published: 22 Sept 2026, 03:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented