കുടിവെള്ളം ഒഴുക്കിക്കളയാനുള്ളതല്ല...

To advertise here,

വെള്ളം പാഴായത് 12 മണിക്കൂർ

കൂറ്റനാട് : സംസ്ഥാനപാതയിലൂടെ പുഴപോലെ ഒഴുകുന്നത് വീടുകളിലെത്തേണ്ട കുടിവെള്ളമാണ്. സംസ്ഥാനപാതയിൽ വാവനൂർ ചാലിപ്പുറം ബസ്‌ സ്റ്റോപ്പിനു സമീപം ചൊവ്വാഴ്ച രാവിലെമുതൽ പൈപ്പ് പൊട്ടി വെള്ളം അതിശക്തമായാണ് റോഡിലൂടെ ഒഴുകിയിരുന്നത്. ജലക്ഷാമം അനുഭവിക്കുന്ന വീടുകളിലേക്ക്‌ എത്തേണ്ട ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായിക്കൊണ്ടിരിക്കുന്നത്.

വെള്ളം പാഴാകുന്ന വിവരം അറിയിക്കാൻ നാട്ടുകാരിൽ പലരും ജലഅതോറിറ്റി ഓഫീസിലേക്കും എൻജിനിയറുടെ ഓഫീസിലേക്കും ഒട്ടേറെത്തവണ ഫോൺചെയ്തിട്ടും മറുപടിയുണ്ടായില്ലെന്നും പരാതിയുണ്ട്.

റോഡുപണിക്കിടയിൽ നാശമാകുന്ന പൈപ്പുകൾ നന്നാക്കേണ്ടത് കരാറുകാരാണെന്നും കുടിവെള്ളം നഷ്ടമാകുന്ന വിഷയം കരാറുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തൃത്താല ജലഅതോറിറ്റി എ.ഇ. പറഞ്ഞു.

പട്ടാമ്പി-ചാലിശ്ശേരി പാതയിലൂടെ പതിവായി യാത്രചെയ്യുന്നവർ ചോദിക്കുന്നത് എന്നും വെള്ളം കുത്തിയൊഴുകുന്നത് കാണുന്നുണ്ടല്ലോ എന്നാണ്.

ഭാരതപ്പുഴയിൽ വെള്ളിയാങ്കൽ പരിസരത്തുനിന്ന് കുടിവെള്ളം വീടുകളിലേക്ക് എത്തുന്ന വലിയ പൈപ്പുകൾ റോഡരികിലൂടെ പോകുന്നുണ്ട്.

മിക്ക ദിവസങ്ങളിലും പൈപ്പ് പൊട്ടുന്നത് പതിവായതിനാലാണ് റോഡിലൂടെ വലിയതോതിൽ വെള്ളം നിറഞ്ഞൊഴുകുന്നത്. ഈ പാതയിലുടെ വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്ക് മഴക്കാലത്ത് യാത്രചെയ്യുന്ന പ്രതീതിയാണനുഭവപ്പെടാറുള്ളത്. കാൽനടയാത്രക്കാരുടെ വസ്ത്രങ്ങളിലേക്ക് അഴുക്കുവെള്ളം തെറിച്ചുവീഴുന്നതും ഇവിടെ പതിവാണ്.

പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയുടെ ഭാഗമായ പട്ടാമ്പി, ചാലിശ്ശേരി പാത കഴിഞ്ഞ രണ്ടരവർഷമായി നവീകരണം തുടങ്ങിയിട്ട്. ഒന്നരവർഷംകൊണ്ട് തീരേണ്ട പ്രവൃത്തി നിലവിൽ 50 ശതമാനംപോലും പൂർത്തിയായിട്ടില്ല.

കഴിഞ്ഞ സർക്കാർ ബി.എം.ബി.സി. മാതൃകയിൽ റോഡ് നവീകരണത്തിനായി 67 കോടി അനുവദിച്ചതാണ്. കെ.എസ്.ടി.പി.ക്കാണ് നിർമാണച്ചുമതല.

അഴുക്കുചാലുകൾ നിർമിക്കുന്നതിനിടയിലാണ് ജലഅതോറിറ്റികളുടെ പൈപ്പുകളിൽ വലിയ പൊട്ടലുണ്ടാവുന്നത്. റോഡുപണിക്കിടയിലെ പൈപ്പ് വർക്കുകൾ ജല അതോറിറ്റിയും കരാറുകാരും യോജിച്ച് നടത്തുകയാണെങ്കിൽ ദിവസവുമുണ്ടാവുന്ന കുടിവെള്ളനഷ്ടം ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു.