ഇൗ ആവശ്യം ദുരന്തമുണ്ടാകുമ്പോൾ മാത്രം ഓർമ്മിക്കേണ്ടതല്ലെന്ന് നാട്ടുകാർ
ഞായറാഴ്ച കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ അഞ്ചുപേർ മരിച്ചതോടെ പാലമില്ലാത്തതിന്റെ ദുരിതവും അപകടസാധ്യതയും വീണ്ടും ചർച്ചയായി.
കാളികാവ് : അമരമ്പലം-ചോക്കാട് പഞ്ചായത്തുകളെ വേർതിരിക്കുന്ന കോട്ടപ്പുഴയ്ക്ക് കുറുകേ ടി.കെ. കോളനി ഭാഗത്ത് വാഹനഗതാഗത സൗകര്യമുള്ള പാലം വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ഞായറാഴ്ച കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ അഞ്ചുപേർ മരിച്ചതോടെ പാലമില്ലാത്തതിന്റെ ദുരിതവും അപകടസാധ്യതയും വീണ്ടും ചർച്ചയായി. ഇരുകരകളിലുമുള്ളവർക്ക് വാഹനഗതാഗത സൗകര്യമുള്ള ഭാഗം ടി.കെ. കോളനിയാണ്.
ചോക്കാട് ഭാഗത്തുള്ളവർ പരുത്തിപ്പറ്റ വഴി പുഴ മുറിച്ചുകടന്നാണ് ടി.കെ. കോളനി ഭാഗത്തെത്തുന്നത്. ഇരുപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഏകസൗകര്യം ടി.കെ. കോളനിയിലെ പഴക്കംചെന്ന നടപ്പാലമാണ്. മൂന്നടിയോളംമാത്രം വീതിയുള്ള പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾക്കു മാത്രമാണ് കടന്നുപോകാനാകുന്നത്. ആംബുലൻസ് ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്ക് ഇതുവഴി എത്താനാകില്ല. പരുത്തിപ്പറ്റയുടെ മുകളിലായി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ഇരുകരകളെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ഗതാഗതമാർഗമില്ല. പുഴയിലെ വെള്ളംകുറഞ്ഞ ഭാഗങ്ങൾ നോക്കി കാൽനടയായി ആളുകൾ മറുകരയിലെത്തുകയാണ് പതിവ്.
മഴക്കാലത്ത് ഇത് ഏറെ അപകടകരമാണ്. മുകൾഭാഗത്ത് മഴപെയ്താൽ താഴ്ഭാഗത്ത് മഴയില്ലാത്തപ്പോഴും പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുന്ന സാഹചര്യമുണ്ട്. കോട്ടപ്പുഴയിലേക്ക് വിനോദസഞ്ചാരികളുടെ വരവ് വർധിച്ചതോടെ അപകടസാധ്യതയും കൂടിയിട്ടുണ്ട്.
പുഴയിൽ ആളുകൾ അപകടത്തിൽപ്പെടുമ്പോൾ രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിക്കുന്നതിനും പാലത്തിന്റെ അഭാവം വലിയ തടസ്സമാണ്.
ഞായറാഴ്ചയുണ്ടായ അപകടത്തിലും രക്ഷാപ്രവർത്തനത്തിന് ഗതാഗതപരിമിതി വെല്ലുവിളിയായി.
പ്രദേശവാസികളുടെ യാത്രാസൗകര്യത്തിനൊപ്പം അടിയന്തര രക്ഷാപ്രവർത്തനത്തിനും വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കും പാലം അനിവാര്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം. അമരമ്പലം-ചോക്കാട് പഞ്ചായത്തുകളെ നേരിട്ട് ബന്ധിപ്പിക്കുന്ന വാഹനഗതാഗത പാലം നിർമിക്കണമെന്ന ആവശ്യത്തിന് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര പരിഗണന വേണമെന്നാണ് നാട്ടുകാർ പറയുന്നത്.
Published: 22 Sept 2026, 03:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented