കനാലുകളിലെ തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യം
നെന്മാറ : മഴക്കുറവ് മൂലം ഉണക്കുഭീഷണിയിലായ നെൽപ്പാടങ്ങൾക്ക് പ്രതീക്ഷയായി പോത്തുണ്ടി അണക്കെട്ടിന്റെ ഇടതു-വലതുകര കനാലുകൾ തുറന്നു. ഇതോടെ ഒന്നാംവിള നെൽക്കൃഷിയുടെ വിളവെടുപ്പ് ആശങ്കയില്ലാതെ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കനാലുകളിലൂടെ ജലവിതരണം ആരംഭിച്ചതോടെ നെന്മാറ, അയിലൂർ, മേലാർകോട് കൃഷിഭവനുകളുടെ പരിധിയിൽവരുന്ന പാടശേഖരങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തിത്തുടങ്ങി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മഴ കുറഞ്ഞത് കർഷകരെ ആശങ്കയിലാക്കിയിരുന്നു. പലയിടങ്ങളിലും പാടങ്ങൾ വിണ്ടുകീറി കൃഷി പൂർണമായും ഉണങ്ങിപ്പോകുന്ന അവസ്ഥയിലായിരുന്നു. കതിർ വന്നുതുടങ്ങിയ പാടങ്ങളിൽ വെള്ളമില്ലാതായതോടെ പതിരാകുമെന്ന ആശങ്കയ്ക്കിടെയാണ് കനാൽ വെള്ളമെത്തിയത്.പ്രധാന കനാലുകൾ തുറന്നെങ്കിലും കൈവഴികളായ കാഡാ കനാലുകൾ ഉൾപ്പെടെയുള്ള മിക്ക ഭാഗങ്ങളിലും കാടുകയറിയും മണ്ണടിഞ്ഞും കിടക്കുകയാണ്.
ഇത് കനാലുകളുടെ വാലറ്റ പ്രദേശങ്ങളിലുള്ള പാടശേഖരങ്ങളിലേക്ക് വെള്ളമെത്തുന്നത് വൈകിക്കുമെന്ന ആശങ്കയുണ്ട്. ഈ ഭാഗങ്ങളിലെ തടസ്സങ്ങൾ അടിയന്തരമായി നീക്കണമെന്നാണ് കർഷകരുടെ ആവശ്യം. നിലവിൽ അണക്കെട്ടിൽ 40.5 അടി വെള്ളമുണ്ട്. ഇതിൽ കുടിവെള്ളത്തിനാവശ്യമായ വിഹിതം നിലനിർത്തിക്കൊണ്ടുതന്നെ, കർഷകർക്കായി 45 ദിവസത്തേക്ക് തുടർച്ചയായി ജലവിതരണം നടത്താനുള്ള വെള്ളം ഡാമിലുണ്ടെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. കൃത്യമായ ഇടവേളകളിൽ വെള്ളം ലഭ്യമാകുന്നതോടെ ഒന്നാംവിളയിൽ മികച്ച വിളവ് കൊയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
Published: 23 Sept 2026, 03:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented