വേങ്ങര : കടലുണ്ടിപ്പുഴയിൽ വ്യാപകമായി അനധികൃത മണൽവാരലെന്നും അധികൃതരുടെ ഭാഗത്തുനിന്ന്‌ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും നാട്ടുകാരുടെ പരാതി. പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽപ്പട്ട പാലാണി, കാഞ്ഞീരക്കടവ്, തോണി കടവ്, കല്ലംകയം കടവ്, വേങ്ങര ഗ്രാമപ്പഞ്ചായത്തിൽ പെട്ട വലിയോറ പുത്തനങ്ങാടി മഞ്ഞേമാട് കടവ്, കൂരിയാട് പനമ്പുഴക്കടവ് എന്നിവിടങ്ങളിലാണ് വലിയതോതിൽ അനധികൃത മണലെടുപ്പ് നടക്കുന്നത്.

To advertise here,

ഈ കടവുകളിലെല്ലാം പഞ്ചായത്ത് അധികൃതർ പുഴയിലേക്കുള്ള വഴിയിൽ വാഹനങ്ങൾ ഇറങ്ങാതിരിക്കാൻ ചങ്ങലയിട്ടുപൂട്ടി തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കിലും രാത്രിസമയങ്ങളിൽ ഇത് എടുത്തുമാറ്റിയാണ് മണൽ കൊണ്ടുപോകുന്നത്. തോണി ഉപയോഗിച്ചാണ് കടലുണ്ടിപ്പുഴയിൽനിന്ന് മണലൂറ്റുന്നത്.

ഇത് പുഴയോരത്ത് കൂട്ടിയിട്ട് രാത്രിയും അതിരാവിലേയും ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. രാത്രിയിൽ സമൂഹവിരുദ്ധരുടെ ശല്യമുണ്ടെന്നും മണൽക്കടത്ത് വിവരം അധികൃതരെ അറിയിക്കുന്നവരെ സംഘം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇതോടെ പലരും പരാതിപ്പെടാൻ മടിക്കുന്നുവെന്നും നാട്ടുകാർ പറഞ്ഞു. കടലുണ്ടിപ്പുഴയിൽ ജലനിധി പദ്ധതിക്കായി പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് സ്ഥാപിച്ച കിണർ മണലെടുപ്പ് കാരണം തകർച്ചാഭീഷണിയിലാണ്.

കഴിഞ്ഞ ദിവസം രാവിലെ വേങ്ങര കച്ചേരിപ്പടിയിൽ ഒരു സ്‌കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയത് ഇത്തരത്തിൽ മണൽ കയറ്റി അമിതവേഗത്തിൽ പോയിരുന്ന ഒരു ലോറിയാണ്. ആദ്യകാലത്ത് പുഴയിലെ മണൽക്കടത്ത് പിടികൂടാൻ പ്രത്യേക പോലീസ് സംഘംതന്നെ ഉണ്ടായിരുന്നു.

പരിശോധനകളും കർശന നടപടികളും ഉണ്ടായിരുന്നു. കർശനമായ പരിശോധനയും നടപടിയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.