മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകമാണ് 'മറ്റൊരു (മഹാ)ഭാരതം'. മാതൃഭൂമി ന്യൂസ്‌ ഡല്‍ഹി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായ അനൂപ് ദാസ് തയ്യാറാക്കിയ പ്രസ്തുത പുസ്തകത്തിന്റെ രചനയെക്കുറിച്ച് അദ്ദേഹം എഴുതുന്നു... 

To advertise here,

കൊയിലാണ്ടി പോസ്റ്റ് ഡോട്‌കോം എന്നൊരു ഓണ്‍ലൈന്‍ പോര്‍ട്ടലുണ്ടായിരുന്നു എന്റെ നാടായ കൊയിലാണ്ടിയില്‍. അവിടെ റിപ്പോര്‍ട്ടറും പരസ്യം പിടിക്കുന്നയാളും വാര്‍ത്ത അപ്ലോഡ് ചെയ്യുന്നയാളുമെല്ലാമായാണ് 2013-ല്‍ പത്രപ്രവര്‍ത്തനം തുടങ്ങിയത്. പ്രാദേശികമായി വളര്‍ന്നു വരുന്ന ന്യൂസ് പോര്‍ട്ടലുകള്‍ക്ക് ശ്രദ്ധ ലഭിച്ചു തുടങ്ങിയിരുന്ന കാലമായിരുന്നു അത്. തിയേറ്ററുകാരുടെ നികുതി വെട്ടിപ്പും മുതലാളിമാരുടെ കൈയേറ്റവും ലഹരിക്കടത്തിന്റെ ആഴങ്ങളിലേയ്ക്ക് പോയ റിപ്പോര്‍ട്ടുമെല്ലാമായി കൊയിലാണ്ടിയില്‍ ശ്രദ്ധിക്കപ്പെട്ട വാര്‍ത്താ പോര്‍ട്ടല്‍. പത്രപ്രവര്‍ത്തന വഴിയില്‍ അന്ന് മുതല്‍, മാതൃഭൂമി ന്യൂസിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറായി പണിയെടുക്കുന്ന ഈ കാലം വരെ സ്വരുക്കൂട്ടിവെച്ച സമ്പാദ്യമാണ് 'മറ്റൊരു (മഹാ)ഭാരതം' എന്ന പുസ്തകം.

പത്രപ്രവര്‍ത്തകനാകണമെന്നായിരുന്നു ചെറിയ പ്രായം മുതലുള്ള ആഗ്രഹം. ഡിഗ്രി കഴിഞ്ഞ കാലത്ത് പക്ഷേ ആ സ്വപ്നത്തിലേയ്ക്ക് നടക്കാന്‍ പ്രതിസന്ധികള്‍ കുറേയുണ്ടായിരുന്നു. പരീക്ഷ എഴുതാതെയും എഴുതിയുമെല്ലാം തോറ്റ പേപ്പറുകളുടെ എണ്ണം 12. ആ 12 പേപ്പറും എഴുതി ജയിച്ചാലേ ജേണലിസം പഠിക്കാനുള്ള വഴി തുറക്കൂ. അതേ സമയത്താണ് അച്ഛന്റെ പെട്ടന്നുള്ള മരണം. ആ വലിയ സങ്കടവും കുടുംബം നോക്കണമെന്ന ഉത്തരവാദിത്വവും ഒരുമിച്ചാണ് വന്നത്.

പഠനവും പത്രപ്രവര്‍ത്തനവുമെല്ലാം ഉപേക്ഷിച്ച് കണ്‍സ്യൂമര്‍ഫെഡിന് കീഴിലെ സഞ്ചരിക്കുന്ന ത്രിവേണി വാഹനത്തിലെ സഹായിയായി ദിവസക്കൂലിയ്ക്ക് ജോലിയ്ക്ക് പോയിത്തുടങ്ങി. 300 രൂപ ദിവസക്കൂലിയും വാങ്ങി രാവിലെ പണിയ്ക്ക് പോയി രാത്രി തിരികെയെത്തി കിടന്നുറങ്ങി പിറ്റേന്നും പണിയ്ക്ക് പോയി ദിവസങ്ങള്‍ കഴിഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. പത്രപ്രവര്‍ത്തന സ്വപ്നം മങ്ങി മങ്ങി നേര്‍ത്ത് പോയിത്തുടങ്ങിയിരുന്നു.

പക്ഷേ, ആ സ്വപ്നത്തേയും എന്റെ ജീവിതത്തേയുമെല്ലാമറിയുന്ന രണ്ട് മനുഷ്യര്‍ 'മറ്റൊരു (മഹാ)ഭാരത'ത്തിന്റെ എഴുത്തുകാരനാക്കി എന്നെ പോറ്റി വളര്‍ത്തി. എന്‍.വി. ബാലകൃഷ്ണേട്ടനും കെ. ശാന്ത ടീച്ചറും. ജോലി രാജിവെപ്പിച്ചു, വീട്ടു ചിലവ് നടന്നുപോകാന്‍ കൊയിലാണ്ടി പോസ്റ്റിലെ റിപ്പോര്‍ട്ടറും നഗരസഭയിലെ യൂത്ത് കോ-ഓര്‍ഡിനേറ്ററുമെല്ലാമായി സംവിധാനമൊരുക്കി.

തോറ്റ 12 വിഷയങ്ങള്‍ ജയിക്കാനായി കോട്ടില്‍ ശശിമാഷിനടുത്ത് ട്യൂഷന് വിട്ടു. അങ്ങനെ പരീക്ഷയെഴുതി ജയിച്ചാണ് കോഴിക്കോട് പ്രസ്‌ക്ലബില്‍ ജേണലിസം പണിക്കാന്‍ പോയത്. എന്‍.വിയും ടീച്ചറും എനിക്ക്  നേരെ നീട്ടിയ സ്നേഹത്തിന്റെ കരങ്ങളാണ് ഈ പുസ്തകത്തിന്റെ പോലും അടിത്തറ. അതുകൊണ്ട് തന്നെ പുസ്തകം ഞാന്‍ ഈ രണ്ട് മനുഷ്യര്‍ക്കും മാത്രമായി സമര്‍പ്പിച്ചു.

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്‌

മാതൃഭൂമിയില്‍ എത്തി ആദ്യ പോസ്റ്റിങ് ചെന്നൈയിലായിരുന്നു. 2018-ല്‍ ചെന്നൈയില്‍ എത്തിയത് മുതല്‍ ഇപ്പോള്‍ ഡല്‍ഹിയിലുള്ള കാലംവരെ സഞ്ചരിച്ച നാടും അവിടത്തെ മനുഷ്യരും അവരുടെ ജീവിതവും പോരാട്ടവുമാണ് 'മറ്റൊരു (മഹാ)ഭാരത'മെന്ന പുസ്തകം.

പണവും അധികാരവുമുള്ള മനുഷ്യര്‍ക്ക് മാത്രമാണ് നമ്മുടെ രാജ്യത്ത് മെച്ചപ്പെട്ട ജീവിതം സാധ്യമാകുന്നുള്ളു. ജാതികൊണ്ടും സമ്പത്ത് കൊണ്ടും അടിച്ചമര്‍ത്തപ്പെട്ട, അടിമയാക്കപ്പെട്ട കാശിയേയും ആ മനുഷ്യന്റെ കുടുംബത്തേയും കണ്ടത് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നാണ്. ഹൃദയം നുറുങ്ങുന്ന വേദനയാണ് ആ ജീവിതങ്ങള്‍. അടിമത്തൊഴില്‍ കാരണം അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട പാര്‍വതിയെന്ന 18 വയസ്സുകാരിയും അവസാനം മരിച്ച് പോയ പെരിയകെരമ്പൂര്‍ ഗ്രാമം കണ്ണീര് മാത്രമാണ്.

ജാതി വേര്‍തിരിവോ? കേരളത്തിലോ? എന്ന് ചോദിക്കുന്ന മനുഷ്യരോട് അരീക്കോട്ടെ ആതിരയുടെ ജീവിതം വായിക്കൂ എന്ന് പറയുന്നു. ഇന്ത്യ എല്ലാ മനുഷ്യരേയും ഒരേപോലെ പരിഗണിക്കുന്നു എന്ന് പറയുന്നവര്‍ക്ക് 'മറ്റൊരു (മഹാ)ഭാരതം' കാണിച്ച് തരുന്നത് അയോധ്യയില്‍ നിന്നുള്ള കുറച്ച് ചിത്രങ്ങളാണ്. വെറുപ്പിന്റെ ബുള്‍ഡോസര്‍ക്കൈകള്‍ നീണ്ട മണിപ്പൂരും ജഹാംഗീര്‍പുരിയും പുസ്തകത്തിലുണ്ട്.

ജയ്ഭീം സിനിമ പറഞ്ഞ ജസ്റ്റിസ് ചന്ദ്രുവിനെയല്ലേ നമുക്കെല്ലാം നല്ല പരിചയമുള്ളത്. ഇരുളരുടെ നരക ജീവിതം അറിഞ്ഞ് ആ ജനതയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന, അവരുടെ നീതിയ്ക്കായി പോരാടുന്ന പ്രൊഫസര്‍ കല്യാണിയെ നമുക്ക് വലിയ പരിചയമില്ലല്ലോ? കല്യാണി 'മറ്റൊരു (മഹാ)ഭാരത'ത്തിലുണ്ട്. സ്ത്രീകള്‍ക്കു വേണ്ടി സിനിമയില്‍ ആദ്യമായി സംഘടനയുണ്ടാക്കിയത് കേരളത്തിലെ ഡബ്യുസിസി അല്ല. അത് ഗാന്ധമ്മളാണ്. ചെന്നൈ സാലിഗ്രാമത്തില്‍ സ്ത്രീ തൊഴിലാളികളെ സംഘടിപ്പിച്ച് പോരാടിയ ഗാന്ധമ്മാള്‍. അവരുടെ പോരാട്ടത്തിന്റെ കഥ 'മറ്റൊരു (മഹാ)ഭാരതത്തില്‍' ഉണ്ട്.

മുംബൈ കാമാത്തിതെരുവിലെ മനുഷ്യര്‍, അവരുടെ ജീവിതവും സ്വപ്നങ്ങളും. ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാണു പോയ ജോഷിമഠിലെ ജനത. മനുഷ്യരേക്കുറിച്ച് മാത്രമുള്ള പുസ്തകമാണിത്. അധികാരവും മതവും സമ്പത്തും ജാതിയുമെല്ലാം പുറന്തള്ളിയ സാധാരണ മനുഷ്യരുടെ പുസ്തകം. ഈ രാജ്യത്തെ മനുഷ്യരുടെ ജീവിതം തേടിയുള്ള യാത്രയുടെ തുടക്കമാണിത്. ആ യാത്ര തുടരുകതന്നെ ചെയ്യും...