സേനൻ എഴുതി 1998 ൽ ആദ്യമായി പബ്ലിഷ് ചെയ്ത ഗ്രീഷ്മപാഠങ്ങൾ എന്ന നോവലിന്റെ അവതാരിക

മലയാള സാഹിത്യചരിത്രത്തിൽ അതീവവിചിത്രവും അപൂർവ്വവുമായ ഒരു സാന്നിദ്ധ്യമാണ് ഗ്രീഷ്മപാഠങ്ങൾ. 1998-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, അതിന്റെ സംഭവകാലഘട്ടത്തെക്കാൾ ഏറെ മുന്നിലേക്കുന്തി നിന്നുകൊണ്ട് ഉടൽ, കാമന, ആത്മീയത, അധികാരം, വേദന, അന്യത്വം എന്നിവയെക്കുറിച്ചുള്ള സങ്കീർണ്ണവും വ്യത്യസ്തവുമായ ഒരു ആഖ്യാനം സൃഷ്ടിച്ചിരുന്നു. ഇന്ന്, ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം, ഈ നോവലിന്റെ പുനഃപ്രസിദ്ധീകരണം സംഭവിക്കുമ്പോൾ, അത് വെറുമൊരു വിസ്മൃതകൃതിയുടെ തിരിച്ചുവരവ് മാത്രമായി ചുരുക്കികാണാൻ കഴിയില്ല. മലയാളത്തിലെ ക്വിയർ ആധുനികതയുടെ ഒരു മുൻകാലരേഖ വീണ്ടും വായനയിലേക്ക് കടന്നുവരുകയാണ്.
1990കളിലെ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരികസാഹചര്യങ്ങൾ കണക്കിലെടുത്തൽ, ഈ നോവലിന്റെ 'സാഹിത്യധൈര്യം' (Literary courage) കൂടുതൽ വെളിപ്പെടും. അന്നത്തെ മലയാള സാഹിത്യപരിസരത്തിൽ ക്വിയർ എന്ന വാക്കോ, അതുമായി ബന്ധപ്പെട്ട അക്കാദമികവായനകളോ വ്യാപകമായിരുന്നില്ല. ഡോ. മുരളീധരൻ തറയിൽ രണ്ടു പെൺകുട്ടികൾ എന്ന വി.ടി. നന്ദകുമാറിന്റെ നോവലിനെ വീണ്ടും അവതരിപ്പിച്ചുകൊണ്ടെഴുതിയ ഒരു ആമുഖപഠനം മാത്രമാണ് അന്ന് ക്വിയർ സാഹിത്യ സൈദ്ധാന്തികവായനയ്ക്ക് ആകെ മാതൃകയായി മുന്നിലുള്ളത്. കേരളത്തിലെ ലെസ്ബിയൻ ആത്മഹത്യകൾ പഠിക്കപ്പെടാൻ തുടങ്ങുകയും പരസ്പരം പ്രണയിക്കുന്ന സ്ത്രീകൾ എന്ന കെ.എ. സെബാസ്റ്റ്യന്റെ പുസ്തകത്തിന് സാഹചര്യമുണ്ടാകുകയും മാത്രം ചെയ്ത വർഷങ്ങൾ. പുരുഷസ്വവർഗ്ഗകാമനകൾ വളരെ രഹസ്യവും മലീമസവുമായി ഒതുങ്ങിനിന്ന് ഒരുതരത്തിലും അന്തസ്സെന്ന വികാരവുമായി ചേർന്നുപോകാത്ത കാലം. പുരുഷന്റെ നഗ്‌നതയും വഴുവഴുപ്പും ആസക്തിയുടെ ഉറവിടമായതിന്റെ പേരിൽ 'pride' അനുഭവിക്കുന്ന പുരുഷമനുഷ്യരെക്കുറിച്ച് അങ്ങനെയാർക്കും ബോധമില്ലാത്ത കാലം. ആ കാലത്താണ് കരുണയുടെ ക്വിയർ ജ്ഞാനബോധവുമായി സ്പാർട്ടക്കസ് അവതരിച്ചത്. ഗ്രീഷ്മപാഠങ്ങൾ സ്പാർട്ടക്കസിന്റെ കഥയാണ്.
സ്പാർട്ടക്കസ് എന്ന കഥാപാത്രത്തെ ഒരു സ്വവർഗ്ഗാനുരാഗിയായ പുരുഷൻ എന്ന ഒറ്റ നിർവചനത്തിലേക്ക് ചുരുക്കാനാവില്ല. അവൻ നിരന്തരം പുറത്താക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു ശരീരമാണ്; അതോടൊപ്പംതന്നെ സ്നേഹിക്കാനുള്ള ശേഷികൊണ്ട് സ്വയം രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു ആത്മാവുമാണ്. നോവലിന്റെ ആദ്യഭാഗങ്ങൾ മുതൽ തന്നെ അവന്റെ ജീവിതം വേദനയുടെയും കാരുണ്യത്തിന്റെയും ഇടയിൽ വലിഞ്ഞുനിൽക്കുന്നതായി കാണാം. ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞിനോടുള്ള അവന്റെ അനുകമ്പ മുതൽ സെനോബിയ അമ്മായിയുമായുള്ള സങ്കീർണ്ണമായ ആത്മബന്ധം വരെ, സ്പാർട്ടക്കസിന്റെ അനുഭവങ്ങൾ സാമൂഹികമായി അനുവദനീയമാക്കിയ പുരുഷത്വത്തിന്റെ അതിരുകൾ തുടർച്ചയായി മറികടക്കുന്നു. അവൻ ശക്തിയേക്കാൾ മൃദുത്വത്തോടും അധികാരത്തേക്കാൾ സ്നേഹത്തോടും വിജയത്തേക്കാൾ വേദനയുടെ സത്യത്തോടും ചേർന്നുനിൽക്കുന്ന ഒരാളാണ്.
നോവലിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ പുരാണനിർമ്മാണമാണ്. സോഗ്രിയാസ് എന്ന ദൈവരൂപവും അറ്റ്ലാന്റിക്കാ സാമ്രാജ്യവും സ്പാർട്ടക്കസ് ജീവിക്കുന്ന ലോകവും ചേർന്ന് രൂപപ്പെടുന്ന ഈ സാങ്കൽപ്പികപ്രപഞ്ചം, വെറുമൊരു ഫാന്റസി പശ്ചാത്തലമല്ല. അത് നമ്മുടെ ചരിത്രങ്ങളുടെയും മതങ്ങളുടെയും രാഷ്ട്രീയങ്ങളുടെയും രൂപകമാണ്. സോഗ്രിയാസിന്റെ കാരുണ്യവും സാമ്രാജ്യത്തിന്റെ ക്രൂരതയും ഒരേസമയം നിലനിൽക്കുന്ന ഈ ലോകം മനുഷ്യസംസ്‌കാരത്തിന്റെ തന്നെ വൈരുദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. സ്നേഹത്തിന്റെ പേരിൽ സംസാരിക്കുന്ന അധികാരം എങ്ങനെ ശരീരങ്ങളെ നിയന്ത്രിക്കുന്നു എന്നും വിശുദ്ധതയുടെ പേരിൽ എങ്ങനെ ആഗ്രഹങ്ങളെ അടിച്ചമർത്തുന്നു എന്നും ഈ നോവൽ നിരന്തരം ചോദ്യം ചെയ്യുന്നു. ഈ നോവലിനെ വീണ്ടും വായിക്കുക എന്നത് ഒരു സാഹിത്യാനുഭവം മാത്രമല്ല. മലയാള സാഹിത്യത്തിന്റെ മറന്നുപോയ ഒരു ഭാവിയെ തിരിച്ചുകണ്ടെത്തുക എന്നതുകൂടിയാണ്.
ഗ്രീഷ്മപാഠങ്ങൾ വായിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ പുരാണാത്മക രാഷ്ട്രീയഭൂമികയാണ്. അറ്റ്ലാന്റിക്കാ സാമ്രാജ്യം, സോഗ്രിയാസിന്റെ വിശുദ്ധരാജ്യം, ചക്രവർത്തി, സെഞ്ചൂറിയന്മാർ, മതഗുരുക്കൾ, ഭരണസംവിധാനങ്ങൾ എന്നിവ ചേർന്ന് രൂപപ്പെടുന്ന ലോകം ഒരു സാങ്കൽപ്പികദേശത്തിന്റെ വിവരണത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. അധികാരത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു രാഷ്ട്രീയഭാഷ്യം രചിക്കുക എന്ന ലക്ഷ്യം ഈ നോവൽ അത്ര ഉച്ചത്തിലല്ലാതെ പ്രഖ്യാപിക്കുന്നു. 1970-80കളിലെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രം ഓർക്കുമ്പോൾ ഈ നോവലിലെ പല രൂപകങ്ങൾക്കും പുതിയ അർത്ഥങ്ങൾ ലഭിക്കുന്നുണ്ട്. അടിയന്തരാവസ്ഥയുടെ ഓർമ്മകൾ, ഭരണകൂടത്തിന്റെ സർവ്വവ്യാപിയായ നിരീക്ഷണം, ദേശീയതയുടെ പേരിൽ വ്യക്തികളെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ, മതത്തിന്റെയും അധികാരത്തിന്റെയും കൂട്ടുകെട്ട് എന്നിവയെല്ലാം നോവലിന്റെ അടിത്തട്ടിലൂടെ ഒഴുകുന്നുണ്ട്. ചക്രവർത്തിയുടെ സാന്നിദ്ധ്യം നോവലിലെവിടെയും നേരിട്ട് ദൃശ്യമാകുന്നില്ല. എന്നാൽ, ചക്രവർത്തിയുടെ നിയമങ്ങളും സൈന്യവും ഭരണയന്ത്രവും മനുഷ്യരുടെ ശരീരങ്ങളിലും സ്വപ്നങ്ങളിലും വരെ കടന്നുകയറുന്നുണ്ട്. ഇത് ആധുനികരാഷ്ട്രത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ചുള്ള ഒരു ദർശനപരമായ വിമർശനമാണ്. സ്പാർട്ടക്കസ് അനുഭവിക്കുന്ന അടിച്ചമർത്തലുകൾ പലപ്പോഴും കുടുംബത്തിൽനിന്നാണ് ആരംഭിക്കുന്നത്. എന്നാൽ അവിടെനിന്ന് അത് വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും മതസംവിധാനങ്ങളിലേക്കും സാമ്രാജ്യത്തിലേക്കും വ്യാപിക്കുന്നു. അതിനാൽ ഈ നോവലിൽ വ്യക്തിപരമായ വേദനയും രാഷ്ട്രീയ അടിച്ചമർത്തലും പരസ്പരം വേർതിരിക്കാൻ കഴിയാത്ത വിധം ഇഴചേർന്നിരിക്കുന്നു.
നോവലിലെ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികളിലൊന്നാണ് സോഗ്രിയാസ്. ക്രിസ്തീയപുരാണങ്ങളുടെയും ഗ്രീക്ക്-റോമൻ ഇതിഹാസങ്ങളുടെയും വിവിധ ആത്മീയപാരമ്പര്യങ്ങളുടെയും പ്രതിധ്വനികൾ ഈ കഥാപാത്രത്തിൽ കേൾക്കാനാകും. എന്നാൽ സോഗ്രിയാസ് ഒരിക്കലും അവയുടെ പകർപ്പാകുന്നില്ല. മനുഷ്യരുടെ പാപങ്ങൾക്ക് പകരം സ്വയം ബലിയാടാകുന്നവൻ എന്ന നിലയിൽ അവൻ ക്രിസ്തുവിനെ ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും, അവന്റെ കേന്ദ്രമൂല്യം മോചനമല്ല, കാരുണ്യമാണ്. ശക്തിയില്ലാത്തവർക്കുവേണ്ടി കരയാനുള്ള കഴിവാണ് അവനെ വിശുദ്ധനാക്കുന്നത്. അതുകൊണ്ടുതന്നെ സോഗ്രിയാസിന്റെ ആത്മീയത പുരുഷാധിപത്യമതസംവിധാനങ്ങളുടെ അധികാരഭാഷയിൽനിന്ന് വ്യത്യസ്തമാണ്.
പരമ്പരാഗത മതങ്ങളിൽ വിശുദ്ധിയും ശരീരവും പലപ്പോഴും പരസ്പരവിരുദ്ധങ്ങളായി കണക്കാക്കപ്പെടുമ്പോൾ, ഗ്രീഷ്മപാഠങ്ങൾ ശരീരത്തിന്റെ വേദനയെയും കാമനയെയും തന്നെ ആത്മീയാനുഭവത്തിന്റെ ഭാഗമാക്കുന്നു.
സ്പാർട്ടക്കസ് സോഗ്രിയാസുമായി സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്ന നിമിഷങ്ങളിൽ ഈ നോവൽ ആത്മീയതയെ ക്വിയർ അനുഭവവുമായി കൂട്ടിച്ചേർക്കുന്നു. മലയാള സാഹിത്യത്തിൽ ക്വിയർ അനുഭവങ്ങൾ പലപ്പോഴും കുറ്റബോധത്തോടെയോ ദുരന്തബോധത്തോടെയോ ആണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ, ഗ്രീഷ്മപാഠങ്ങൾ ഈ അനുഭവത്തെ വെറും ദുരന്തമായി അവതരിപ്പിക്കുന്നില്ല. സ്പാർട്ടക്കസിന്റെ ശരീരം മുറിവേൽക്കുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു; പക്ഷേ അതേ ശരീരം സൗന്ദര്യത്തിന്റെയും ആനന്ദത്തിന്റെയും സ്നേഹത്തിന്റെയും സാദ്ധ്യതകൾ വഹിക്കുകയും ചെയ്യുന്നു.
ഇവിടെ പുരുഷശരീരത്തെ നോക്കുന്ന കണ്ണുകൾ നിർണായകമാണ്. മലയാള സാഹിത്യത്തിൽ സ്ത്രീശരീരത്തെക്കുറിച്ചുള്ള വിവരണങ്ങൾ ധാരാളമുണ്ടെങ്കിലും, പുരുഷശരീരത്തെ ആഗ്രഹത്തിന്റെ കേന്ദ്രമാക്കി കാണുന്ന എഴുത്തുകൾ വളരെ വിരളമാണ്. സ്പാർട്ടക്കസിന്റെ ശരീരം, അവന്റെ മൃദുത്വം, അവന്റെ സൗന്ദര്യം, അവന്റെ ദുഃഖം എന്നിവയെല്ലാം നോവലിൽ ഒരു ക്വിയർ ദൃഷ്ടിയിലൂടെ പുനർനിർമിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ നോവൽ ഒരു കഥാപാത്രത്തിന്റെ ലൈംഗികതയെക്കുറിച്ചുള്ള കഥയേക്കാൾ കാമിക്കാൻ അവകാശമുള്ള ഒരു ശരീരത്തിന്റെ ചരിത്രമായി മാറുന്നു.
ഗ്രീഷ്മപാഠങ്ങളുടെ ആഖ്യാനലോകം മുഴുവൻ വേദനയാൽ നിറഞ്ഞിരിക്കുന്നു. വേദനയെ ഒരു സൗന്ദര്യാനുഭവമാക്കി മാറ്റാനുള്ള ശ്രമം നോവലിൽ കാണാം. പൂച്ചക്കുഞ്ഞിന്റെ മരണം, മത്സ്യങ്ങളുടെ പരസ്പരഹിംസ, സ്പാർട്ടക്കസിന്റെ ഏകാന്തത, അവന്റെ നിരന്തരം അനുഭവിക്കുന്ന അപമാനങ്ങൾ... ഇവയെല്ലാം മനുഷ്യലോകത്തിന്റെ ക്രൂരതയെ വെളിപ്പെടുത്തുന്നു. എന്നാൽ അതോടൊപ്പം അവ മനുഷ്യനിൽ കാരുണ്യം ഉണർത്തുകയും ചെയ്യുന്നു. നോവലിന്റെ നൈതികകേന്ദ്രം ഇതിലാണ്. ശക്തിയുടെ മഹത്വവത്കരണമല്ല, ദുർബ്ബലതയുടെ അംഗീകാരമാണ് ഇവിടെ സംഭവിക്കുന്നത്.
ഇവിടെ കഥ പറയുന്നത് നേരിട്ടല്ല. പുരാണം, ദർശനം, രാഷ്ട്രീയരൂപകം, ആത്മകഥാപരമായ വേദന, കവിതാത്മകഭാഷ എന്നിവയെല്ലാം പരസ്പരം കലർന്നാണ് ആഖ്യാനം മുന്നോട്ടുപോകുന്നത്. ചില ഭാഗങ്ങളിൽ ഇത് ഒരു മതഗ്രന്ഥം പോലെ തോന്നും; ചിലപ്പോൾ ഒരു ദീർഘകാവ്യം പോലെ; ചിലപ്പോൾ ഒരു രാഷ്ട്രീയരൂപകം പോലെ. ഈ സങ്കീർണ്ണത തന്നെയായിരിക്കാം ആദ്യപ്രസിദ്ധീകരണസമയത്ത് നോവലിന് വിശാലമായ വായനാലോകം ലഭിക്കാതിരുന്നതിന്റെ ഒരു കാരണം. എന്നാൽ ഇന്ന്, സാഹിത്യത്തിൽ ഹൈബ്രിഡ് ആഖ്യാനരൂപങ്ങൾ കൂടുതൽ സ്വീകാര്യമായ സാഹചര്യത്തിൽ, ഈ ഭാഷയുടെ പരീക്ഷണാത്മകത കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ കഴിയും.
ഒരു സ്വവർഗ്ഗാനുരാഗിക്ക് ഭാഷയോ നാവോ ഇല്ലാത്ത കാലത്തെ എഴുത്തിന്, അതെല്ലാം സ്വായത്തമായ കാലത്തിരുന്നുകൊണ്ട് ഒരു അവതരണകുറിപ്പെഴുതുമ്പോൾ വ്യക്തിപരമായി ആലോചിക്കുന്നത് കരുണയുടെ അംശം പോലും കിട്ടാതെ 'ചത്തുപോകേണ്ടി' വന്ന കുറെ മനുഷ്യരെയാണ്. ഇന്നത്തെ ഇന്ത്യയിൽ ക്വിയർ മനുഷ്യർക്ക് നിയമപരമായി (ജയിലിലാകാതെ) കഴിയാവുന്ന സാഹചര്യമുണ്ട്. പക്ഷേ, 'ഇത്രയോക്കെ ഞങ്ങൾ അനുവദിച്ചില്ലേ, അതൊക്കെ സ്വീകരിച്ച് മിണ്ടാതിരുന്നുകൊള്ളണം' എന്ന ഔദ്യാരമില്ലാത്ത നോട്ടങ്ങൾ സുലഭമായി കാണാൻ കഴിയുന്ന വിശാലതയ്ക്ക് ഇനിയും എത്രയോ കാലം കഴിയണം. സ്പാർട്ടക്കസ്, ചരിത്രത്തിൽ അടിമവിമോചനത്തിന്റെ അസാമാന്യനാമമാണ്. ഒരിക്കലും ചിന്തിക്കാൻ കഴിയാതിരുന്ന തരത്തിൽ സ്വാതന്ത്ര്യത്തെ പുനർനിർവ്വചിച്ച ഒരാത്മാവാണ് ആ പേരിനുള്ളത്. ജീമൂതവാഹനന്റെ ആത്മാവുള്ള സോഗ്രിയാസെന്ന ദൈവത്തിന് പ്രവാചകനാകാൻ കരുത്തുള്ള ഒരു മനുഷ്യനായി ഈ നോവലിലെ സ്പാർട്ടക്കസ് മാറുന്നു.
ഇരുപത്തിയഞ്ചു വർഷങ്ങൾക്കുശേഷം ഗ്രീഷ്മപാഠങ്ങൾ തിരിച്ചുവരുമ്പോൾ, അത് വെറും ഒരു നോവലിന്റെ പുനഃപ്രസിദ്ധീകരണമല്ല; മലയാള സാഹിത്യത്തിന്റെ മറവിയിലായ ഒരു സാദ്ധ്യതയുടെ തിരിച്ചുവരവാണ്. ക്വിയർ രാഷ്ട്രീയം, ശരീരരാഷ്ട്രീയം, മതവിമർശനം, അധികാരത്തിന്റെ ഭാഷ, പുരുഷത്വത്തിന്റെ പുനർവായന... ഇവയെല്ലാം ഇന്ന് കൂടുതൽ ശക്തമായി ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ്. ഈ ചർച്ചകൾ ആരംഭിക്കുന്നതിനും മുമ്പ് അവയുടെ പല ചോദ്യങ്ങളും സാഹിത്യഭാഷയിൽ ഉന്നയിച്ച കൃതിയാണ് ഗ്രീഷ്മപാഠങ്ങൾ. അതുകൊണ്ടുതന്നെ ഈ നോവൽ ഇന്ന് വായിക്കപ്പെടേണ്ടത് ഒരു ചരിത്രരേഖ എന്ന നിലയിൽ മാത്രമല്ല; ഇന്നും അവസാനിക്കാത്ത ഒരു സംഭാഷണത്തിന്റെ ഭാഗമായിട്ടാണ്. സ്പാർട്ടക്കസിന്റെ മുറിവുകൾ പൂർണ്ണമായി ഭേദമായിട്ടില്ല. സോഗ്രിയാസിന്റെ കാരുണ്യം ഇപ്പോഴും ആവശ്യമാണ്. ഗ്രീഷ്മം ഇപ്പോഴും അവസാനിച്ചിട്ടില്ല.
Published: 18 Sept 2026, 05:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented