ശ്രീപാർവ്വതിയുടെ 'നായികാ അഗതാ ക്രിസ്റ്റി' എന്ന നോവലിൽ നിന്നും ഒരധ്യായം.

അഗതാ ക്രിസ്റ്റി അപ്രത്യക്ഷയായിട്ട് ഇന്നേക്ക് ആറാം ദിവസം.
ടൗൺ ചീഫ് സാമുവൽ മക്ലീൻ ഇത് പറഞ്ഞുതുടങ്ങുമ്പോൾ അദ്ദേഹം തോമസ് ഹിബ്‌സിന്റെ ഭവനത്തിലായിരുന്നു. ഒരു സൗഹൃദസന്ദർശനത്തിനു വന്നതായിരുന്നെങ്കിലും സാമുവൽ കുറെ നാളായി ഹിബ്‌സിന്റെ വീട്ടിലേക്കു വരാൻ കാത്തിരിക്കുകയായിരുന്നു. ഹിബ്‌സിന്റെ ക്ഷണം ഇത്തവണയെങ്കിലും സഫലമാക്കാൻ സാധിച്ചതിലുള്ള സന്തോഷം ഇരുവരും പങ്കിട്ടു. ഏറ്റവും പ്രിയപ്പെട്ട വിസ്‌കിയുടെ മൂടി തുറന്ന് തോമസ് ഹിബ്‌സ് രണ്ടു ചില്ലുഗ്ലാസിലായി അത് പകർന്ന്, അതിലേക്ക് ഐസ് ക്യൂബുകൾ നിറച്ചു. അതിലൊന്ന് സാമുവലിനു നേരേ നീട്ടി. കൈയിലേക്ക് ലഭിച്ച വിസ്‌കി ഒന്ന് ചെറുതായി കറക്കി അതിനെ സാമുവൽ കുടിക്കുവാനായി പാകപ്പെടുത്തിക്കൊണ്ടിരുന്നു.
'ഒരാളുടെ തിരോധാനം എങ്ങനെയൊക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ ബാധിക്കുന്നത്!'
സാമുവൽ നിരാശ ബാധിച്ചവനെപ്പോലെ തല കുനിച്ചാണ് സംസാരിച്ചത്.
'അവർക്കെന്തോ അപകടം പിണഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാലും അഗതയുടെ ആരാധകവൃന്ദം ഇളകിയിരിക്കുന്നു. അവർക്ക് എന്തു പറ്റിയെന്നു കണ്ടുപിടിക്കേണ്ടത് രാജ്യത്തിന്റെ മുഴുവൻ ആവശ്യമായി മാറിക്കഴിഞ്ഞു. ഒരാൾക്കുവേണ്ടി പതിനായിരത്തിലധികം വൊളന്റിയർമാർ, നൂറിലധികം ഉദ്യോഗസ്ഥർ. ഒരുപക്ഷേ, ഇങ്ങനെയൊരു അന്വേഷണം നടത്തുന്നത് ലോകചരിത്രത്തിൽത്തന്നെ ആദ്യമാകും എന്ന് തോന്നുന്നു.'
'അതെ, നമ്മൾ അത് കണ്ടെത്തുമെന്നാണ് എന്റെ പ്രതീക്ഷ. കൊല്ലപ്പെട്ടെങ്കിൽ അവരെ എവിടെയാണ് കൊണ്ടു മറച്ചുവെച്ചത്. ഇനി അഥവാ അവർ രക്ഷപ്പെട്ടെങ്കിലും എവിടെയെങ്കിലും രഹസ്യമായി ഭയന്ന് മാറിനില്ക്കുന്നുണ്ടാകാം.'
'എനിക്കും അങ്ങനെത്തന്നെയാണ് മിസ്റ്റർ ഹിബ്‌സ് തോന്നുന്നത്. എന്തായാലും അയാൾ, ആ ആർച്ചി ഒരു സാമർഥ്യക്കാരൻ തന്നെ.'
കൈയിലിരുന്ന വിസ്‌കി ഗ്ലാസ് ചുണ്ടിലേക്ക് ചേർത്തുവെച്ച് മക്ലീൻ, തോമസ് ഹിബ്‌സിന്റെ പുസ്തകമൂലയിലേക്കു നോക്കി. അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങളുടെ വൃത്തി കാണേണ്ടതുതന്നെ. മനോഹരമായി ഒരുക്കിയ ഔദ്യോഗികമേശ. അതിനു മുകളിൽ രാജ്യത്തിന്റെ പതാക.
ഗ്ലാസ് എടുത്തുകൊണ്ടുതന്നെ സാമുവൽ മക്ലീൻ എഴുന്നേറ്റ്, പുസ്തകങ്ങൾക്കരികിലേക്ക് നടന്നു. അയാൾ അമ്പരപ്പോടെ ഹിബ്‌സിനെ തിരിഞ്ഞു നോക്കി.
'താങ്കൾ അഗതയുടെ വലിയ ആരാധകനാണെന്ന് തോന്നുന്നുണ്ടല്ലോ?'
'അതെ, അവരുടെ ആറു നോവലുകളും ഞാൻ ഇതിനോടകം വായിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ 'ദ മർഡർ ഓഫ് റോജർ അക്രോയിഡ്' രണ്ടു തവണയാണ് വായിച്ചത്. എത്ര ബുദ്ധിപൂർവമാണ് വക്താവിനെക്കൊണ്ട് അവർ കുറ്റം ചെയ്യിക്കുന്നത്...'
'എനിക്ക് കുറച്ചുകൂടി ഹോംസിന്റെ കൂർമതയോടാണ് താത്പര്യം.'
തോമസ് ഹിബ്‌സ് അതിനെക്കുറിച്ച് പറയുമ്പോൾ സാമുവലിന്റെ കൈയിൽ ഒരു പുസ്തകം തടഞ്ഞു.
'ദ മിസ്റ്റീരിയസ് അഫയർ ഇൻ സ്‌റ്റൈൽസി'ൽ പൊയ്‌റോട്ട് ആദ്യമായി വരുന്ന ആ രംഗം എനിക്കിപ്പോഴും ഓർമയുണ്ട്...'
സാമുവൽ മക്ലീൻ പുസ്തകക്കൂട്ടത്തിൽനിന്ന് 'ദ മിസ്റ്റീരിയസ് അഫയർ ഇൻ സ്‌റ്റൈൽസ്' എടുത്ത് അതിന്റെ നാലാം അധ്യായത്തിലേക്ക് കണ്ണുകൾ പായിച്ചു.
'നിങ്ങൾക്ക് എന്ത് ജോലിയോടാണിഷ്ടം മിസ്റ്റർ ഹേസ്റ്റിങ്‌സ്?'
മിസ്സിസ് ആൽഫ്രഡിന്റെ ഭർത്താവ് എന്നോട് ചോദിച്ചു.
'അങ്ങനെ കൃത്യമായി പറയാനാവില്ല.'
'എന്തെങ്കിലും രഹസ്യവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ താങ്കളാഗ്രഹിക്കുന്നുണ്ടോ?'
'വേണ്ട, അത് ഞാൻ പറയില്ല, ഞാൻ പരിഹസിക്കപ്പെടും. ഞാനൊരു ഡിറ്റക്ടീവ് ആവാൻ ആഗ്രഹിക്കുന്നു.'
'അത് നന്നായി. ആരെപ്പോലെ ആകണമെന്നാണ് ആഗ്രഹം?'
'ഷെർലക് ഹോംസിനോടാണ് കൂടുതൽ താത്പര്യം. പക്ഷേ, ഒരിക്കൽ ഞാനൊരാളെ പരിചയപ്പെട്ടു. ഒരു ബെൽജിയംകാരൻ. പ്രസിദ്ധനാണ്, അധികം പൊക്കമൊന്നുമില്ലാത്ത കുഞ്ഞു മനുഷ്യൻ. എനിക്ക് ഇതിൽ മോഹമുണ്ടാക്കിയതുതന്നെ അദ്ദേഹമാണ്. ചിട്ടയായ രീതികൾ വഴി കേസുകൾ അന്വേഷിക്കുന്ന ഒരാളാണ് അദ്ദേഹം. അതിബുദ്ധിമാനുമാണ്. ഒപ്പം പുതിയ കാര്യങ്ങളെയൊക്കെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നയാളുമാണ്.'
'എത്ര മണ്ടത്തരമാണ് ഇത്തരം അപസർപ്പകകഥകളിൽ എഴുതിപ്പിടിപ്പിക്കുന്നത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്തൊക്കെ തെളിവുകളുണ്ടെങ്കിലും ഏറ്റവും അവസാനം മാത്രമേ അവർ പ്രതികളെ കണ്ടെത്തൂ. പക്ഷേ, നമുക്കൊക്കെ ആദ്യമേതന്നെ പലപ്പോഴും കുറ്റവാളികളെ മനസ്സിലാകും...'
മിസ്റ്റർ ഹോവേർഡ് അയാളുടെ അഭിപ്രായം പറഞ്ഞു.
'ലോകം മുഴുവൻ അറിഞ്ഞ ഒരു മഹാനായകന്റെ പിറവി ഇങ്ങനെ കുറിക്കാം അല്ലേ, ഹിബ്‌സ്?'
'അതെ. വയസ്സെന്നത് ബുദ്ധിയെ അളക്കുന്ന ഉപകരണമേയല്ല. അതെപ്പോഴും മനുഷ്യന്റെയൊപ്പമുണ്ട്. പ്രായം കൂടുമ്പോൾ കൂടുന്നത് വിവേകബുദ്ധിയാണ്, അതുപോലെ തിരിച്ചറിവും. ഇതെല്ലാം ഹെർക്യൂൾ പൊയ്‌റോട്ട് എന്ന അപസർപ്പകനുണ്ട്. വെറുതേ ഒരു കസേരയിലിരുന്ന് ഊഹിച്ച് അല്ലെങ്കിൽ ഒരാൾക്ക് കുറ്റവാളിയെ തെളിവുകളിലൂടെ കണ്ടെത്താനാകുമോ?'
'ഹെർക്യൂൾ പൊയ്‌റോട്ട് ശരിക്കും ഒരു സങ്കല്പം മാത്രമാണ് ഹിബ്‌സ്, അത്തരത്തിൽ ഒരു ഉദ്യോഗസ്ഥനും ഊഹങ്ങളുടെ പുറത്ത് സത്യത്തെ ഉറപ്പിക്കാനാവില്ല. അത്രയും തെളിവുകളൊക്കെ എഴുത്തുകാർക്ക് ലഭിക്കുന്നുണ്ടാകും. പക്ഷേ, നമ്മളെപ്പോലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് എങ്ങനെ ലഭിക്കാൻ. എന്നിട്ടും ലോകം നമ്മളെ ശ്രദ്ധിക്കാതെ ഹോംസിനെയും പൊയ്‌റോട്ടിനെയും ആ വിംസി പ്രഭുവിനെയുമൊക്കെ ആരാധിക്കുന്നു. എനിക്ക് ചില നേരങ്ങളിൽ അതികഠിനമായ വെറുപ്പ് വരാറുണ്ട്. പക്ഷേ, ഹോംസിൽ ഞാൻ ഉന്മത്തനാണ്.'
തോമസ് ഹിബ്‌സ് ആർത്തുചിരിച്ചു.
ഇളിഭ്യനായതുപോലെ സാമുവൽ മക്ലീൻ വീണ്ടും കേസിലേക്ക് വരാൻ തിടുക്കം കാണിച്ചു. സിപ്പ് ചെയ്തു മടുത്ത വിസ്‌കി അയാൾ ഒറ്റവലിക്ക് അകത്താക്കി.
സാമുവൽ മക്ലീന്റെ ഫോൺ എല്ലായ്‌പ്പോഴും എന്തെങ്കിലും തെളിവുകളെ അല്ലെങ്കിൽ കേസുകളെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ സാമുവൽ തന്റെ ഫോൺ ഒരിക്കലും താഴേ വെച്ചില്ല.
'സർ, താങ്കളെ കാണാൻ അഗതാ ക്രിസ്റ്റിയുടെ സഹോദരി മാർഗരറ്റ് മില്ലർ ആഗ്രഹിക്കുന്നു.'
ഫോൺ നല്കിയ ആ സന്ദേശം തോമസ് ഹിബ്‌സിൽ വല്ലാത്ത ആകാംക്ഷയുണർത്തി. എന്താവും അഗതയുടെ സഹോദരിക്ക് പറയാനുണ്ടാവുക. അവർക്ക് എന്തെങ്കിലും സത്യങ്ങൾ മനസ്സിലായിട്ടുണ്ടാകുമോ?
'വരൂ ഹിബ്‌സ്, എന്നാൽ നമുക്ക് ഉടൻതന്നെ പുറപ്പെടാം.'
മറുപടി പറയാൻ നില്ക്കാതെ തോമസ് ഹിബ്‌സ് ചാടിയെഴുന്നേറ്റു പുറത്തേക്കിറങ്ങാനായി തയ്യാറെടുത്തതുപോലെ നിന്നു.
രണ്ടുപേരും കാറിൽ നിമിഷനേരങ്ങൾകൊണ്ട് ടൗൺ ചീഫിന്റെ ഓഫീസിലെത്തി. മാർഗരറ്റ് അവരെ കാത്തിരിപ്പുണ്ടായിരുന്നു.
മിസ്റ്റർ മക്ലീൻ തോമസ് ഹിബ്‌സിനെ മാർഗരറ്റിന് പരിചയപ്പെടുത്തി. അവർക്ക് ഇരുവർക്കും മാർഗരറ്റ് ഹസ്തദാനം നല്കി.
വിഷാദം പെയ്തിറങ്ങിയതുപോലെയുള്ള മാർഗരറ്റിന്റെ കണ്ണുകൾ തോമസ് ഹിബ്‌സിനെ ഏറെ ആകർഷിച്ചു. മേശപ്പുറത്തിരുന്ന മനോഹരമായ അവളുടെ വിരലുകൾ വിറച്ചുകൊണ്ടിരുന്നു. ഇത്രയധികം സഹോദരിയെ സ്‌നേഹിച്ചിരുന്നോ മാർഗരറ്റ്?
'ഞങ്ങൾ ഒന്നിച്ചായിരുന്നു എപ്പോഴും. എനിക്കിപ്പോൾ ഞങ്ങളുടെ കുട്ടിക്കാലമാണ് ഓർമ വരുന്നത്.'
'അഗതാ ക്രിസ്റ്റിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഞങ്ങളോടെന്തെങ്കിലും പറയാനുണ്ടോ?'
'അതേക്കുറിച്ച് എനിക്കൊന്നുമറിയില്ല, ഓഫീസർ. പക്ഷേ, അവൾക്ക് അപകടമൊന്നും പറ്റിയില്ല എന്ന ഉറപ്പ് എനിക്കു വേണം.'
'ഞങ്ങളുടെ അന്വേഷണം നടക്കുന്നുണ്ട്. ഒന്നും തീർച്ച പറയാനാവില്ല. എങ്കിലും അപകടം സംഭവിച്ചിട്ടില്ല എന്നാണ് ഞങ്ങളുടെ നിഗമനം.'
'ആർച്ചിബാൾഡ് എന്താണ് പറയുന്നത്? ഞാൻ പത്രങ്ങളിൽ വായിച്ചിരുന്നു അയാൾ വീട്ടുതടങ്കലിലാണെന്ന്.'
'അത് സ്വാഭാവികമാണല്ലോ. സംശയമുള്ളവരെ ഞങ്ങൾ നിരീക്ഷിക്കാൻ ഏർപ്പാട് ചെയ്യാറുണ്ട്. തൽക്കാലം അയാളെ വീടിനു പുറത്തിറക്കുന്നത് നല്ലതാണ് എന്നു തോന്നിയില്ല. അതിരിക്കട്ടെ, താങ്കൾക്ക് ആർച്ചിബാൾഡിനെ സംശയമുണ്ടോ?'
'എനിക്കറിയില്ല ഓഫീസർ. ആർച്ചിയുമായി എന്റെ സഹോദരിക്കുണ്ടായിരുന്നത് മനോഹരമായ ഒരു ബന്ധമായിരുന്നു. അവരുടെ പ്രണയം നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ് ഞാൻ...'
'ഓ, അവരുടേത് പ്രണയവിവാഹമായിരുന്നു, അല്ലേ?'
'അതെ തീർച്ചയായും. അഗത അഭിമുഖങ്ങളൊന്നും നല്കാത്തതുകൊണ്ട് ആർക്കും ഒരുപക്ഷേ, അവളുടെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് തോന്നുന്നു.'
'വിരോധമില്ലെങ്കിൽ ഞങ്ങൾ അറിയുന്നതുകൊണ്ട് കുഴപ്പമുണ്ടോ? ഒരുപക്ഷേ, അത് അന്വേഷണത്തെ സഹായിക്കാനും മതി.'
'തീർച്ചയായും.'
വിറയലിന്റെ അവസാനശ്വാസവും വലിച്ചുവിട്ട് മാർഗരറ്റ് തന്റെ കുട്ടിക്കാലത്തേക്കു കടന്നപ്പോൾ അവരുടെ മുഖത്ത് ചോരച്ചുവപ്പ് പടർന്നു. ബ്രൗൺ നിറമുള്ള അവരുടെ മുടിയിഴകൾ പലതും എഴുന്നുനിന്നു. പിന്നിൽ ഉയർത്തിക്കെട്ടിവെച്ച മുടിയിൽനിന്നും പേരറിയാത്ത ഏതോ സുഗന്ധതൈലത്തിന്റെ ഗന്ധം ഒഴുകി ആ മുറിയിൽ നിറഞ്ഞതായി തോമസ് ഹിബ്‌സിനു തോന്നി. ഇരുവരും മാർഗരറ്റിന്റെ കഥയിലേക്ക് ഉറ്റുനോക്കി.
അത് വസന്തകാലത്തിന്റെ ആരംഭമായിരുന്നു. കുഞ്ഞ് അഗത അന്നും സ്‌കൂളിൽ പോയില്ല. പൂമൊട്ടിൽ നോക്കിയിരിക്കാൻ അവളെപ്പോഴും ഇഷ്ടപ്പെട്ടു. വേരിൽനിന്നും തുടങ്ങുന്ന ജീവന്റെ മാസ്മരികത തണ്ടിലെത്തുമ്പോൾ നോവായി പടർന്ന് സംഗമത്തിന്റെ ആനന്ദങ്ങൾക്കൊടുവിൽ പുനർജനിയുടെ നോവിലേക്ക് പിറക്കുന്നു. ഒരു പൂമൊട്ട് പുറംലോകം കാണുംമുൻപ് അതിനെ പേറുന്ന ചെടിയുടെ ഉദരം എത്ര വേദനകൾ തിന്നിരിക്കണം, മനുഷ്യനെപ്പോലെ... പിറവികളെല്ലാം വേദനാജനകംതന്നെ.
അമ്മയാണ് ഇത്തരം ഭ്രാന്തുകളെല്ലാം കുഞ്ഞ് അഗതയ്ക്ക് പറഞ്ഞുകൊടുക്കുക. അതിന്റെ നോവിൽ അവൾ ഏറെനേരം എന്നും പൂക്കളെ കൊഞ്ചിക്കുകയും ചുംബിക്കുകയും ചെയ്യും. പരസ്പരം പകരാൻ കഴിയുന്ന സ്‌നേഹത്തിന് വേദനയുടെ അളവ് തെല്ലു കുറയ്ക്കാൻ കഴിഞ്ഞാലോ?
അതും അവൾക്ക് അമ്മ ക്ലാര മില്ലർ പറഞ്ഞുകൊടുത്തതാണ്.
സ്‌കൂളിൽ പോകാൻ മടിച്ചിയായിരുന്നു അഗതാ മില്ലർ.
'ഞാൻ എഴുതാനിരിക്കുമ്പോൾ മാത്രമാണോ അമ്മേ, അക്ഷരങ്ങളിങ്ങനെ പക്ഷികളായിത്തീരുന്നത്?'
അവൾ അമ്മയോട് നിരന്തരം ചോദിച്ചു മടുത്തു.
ബോർഡിൽ മിസ് എഴുതുന്ന പാഠങ്ങളൊക്കെ പറവകളെയും മൃഗങ്ങളെയുംപോലെ ചലനശേഷി വീണ്ടെടുത്ത് ബോർഡിൽനിന്ന് പറന്നിറങ്ങും. പിന്നെ അവളുടെ ചുറ്റും പലതരം കളികളിലേർപ്പെടും. ഒരു വാക്കിനെപ്പോലും പിടിച്ചാൽ കിട്ടുന്നതേയില്ല. അധ്യാപകരുടെ വഴക്കും ബഹളവും സഹിക്കാൻ വയ്യാതായപ്പോൾ വീട്ടിലിരുന്നുള്ള പക്ഷിപിടുത്തം മതിയെന്ന് അഗത തീരുമാനിച്ചു.
ക്ലാര മില്ലർ അന്നാണ് ഒരുപാടു കരഞ്ഞ് അഗത കണ്ടത്. അവൾക്ക് അമ്മയെ സഹായിക്കണമെന്നുണ്ടായിരുന്നു, പക്ഷേ, അഗത സ്വന്തം മുറിയിൽ കയറി കതകടച്ചിരുന്നു. ഒടുവിൽ മുറി തുറന്ന് അവൾ അമ്മയുടെ സമീപമെത്തി നിലത്ത് മുട്ട് കുത്തിയിരുന്ന് അമ്മയുടെ കൈകളെടുത്ത് മടിയിൽ വെച്ചു.
'അമ്മേ... ഞാൻ സ്‌കൂളിൽ പോയില്ലെങ്കിലെന്താ, വായിക്കാൻ പഠിച്ചോളാം. എന്നെ ആരും തോല്പിക്കാതെയിരിക്കാൻ ഞാൻ ശ്രദ്ധിച്ചോളാം.'
അതൊരു പെൺകുട്ടിയുടെ ആർജവത്തോടെയുള്ള ഉറപ്പായിരുന്നു. വാശിയുള്ള മകൾ ആ വാക്ക് നിലനിർത്തുമെന്ന് അമ്മ ക്ലാര മില്ലർ ഉറച്ചു വിശ്വസിച്ചു.
പുസ്തകങ്ങളുടെ കളിക്കൂട്ടുകാരിയായി അവൾ സ്വയം തിരഞ്ഞു. ഓരോ പുസ്തകത്തിലും അഗത സ്വന്തം ജീവിതവും കഥകളും കണ്ടുമുട്ടി. അതൊക്കെയും വിട്ടുപോരുമ്പോൾ എന്തിനെന്നറിയാതെ സങ്കടം അവളിൽ പതഞ്ഞുപൊങ്ങി.
നിർത്താതെ അഗതയെക്കുറിച്ച് പറയുമ്പോൾ സഹോദരി മാർഗരറ്റ് മില്ലർ ശ്വാസംപോലും എടുക്കുന്നില്ലെന്ന് തോമസ് ഹിബ്‌സിനും സാമുവൽ മക്ലീനും തോന്നി. അവർ മറ്റേതോ ലോകത്തിലായിരുന്നു. താനും അഗതയും അമ്മയും പിതാവുമുള്ളൊരു ലോകം. അഗതയുടെ പാട്ടുകളും നൃത്തവുമുള്ള ലോകം. എത്ര മനോഹരമാണ് കുട്ടിക്കാലം... സ്വാതന്ത്ര്യത്തെ അതിന്റെ ഉന്മത്താവസ്ഥയിൽ അറിയാൻ കഴിയുന്നത് കുട്ടിക്കാലത്താണെന്ന് ഹിബ്‌സിനു തോന്നി. അയാൾ കൗതുകത്തോടെ പരസ്പരം കൂട്ടിമുട്ടുന്ന മാർഗരറ്റിന്റെ ചുണ്ടുകളിൽ ശ്രദ്ധാപൂർവം നോക്കിയിരിക്കുകയായിരുന്നു. ഭംഗിയുള്ള ചുണ്ടുകൾ, സുന്ദരിയായ സ്ത്രീ. അവർ അവരുടെ പഴയ ജീവിതം ഒരു പുസ്തകം വായിക്കുന്നതുപോലെ പറഞ്ഞുതരികയാണ്.
രസകരമായ ഒരു സിനിമാക്കഥ കേൾക്കുന്നതുപോലെ ലാഘവത്വം ഹിബ്‌സിനു തോന്നി. അയാൾ കഥയുടെ ഗൗരവത്തിൽനിന്നും മാറി കഥ കേൾക്കലിന്റെ ആനന്ദത്തിലായിരുന്നു. സാമുവലിനും ആ അവസ്ഥയിൽനിന്നും മാറ്റമൊന്നുമില്ലെന്ന് അയാളുടെയും മുഖം സൂചിപ്പിച്ചു.
മാർഗരറ്റ് മില്ലർ കഥയിലേക്ക് കയറിക്കഴിഞ്ഞിരുന്നു.
Content Highlights: Marks the sixth day of Agatha Christie's mysterious disappearance with massive search efforts., Town Chief Samuel Maclean discusses the high-profile case with Thomas Hibbs over whiskey., Agatha's sister, Margaret Miller, visits the office to share childhood memories and details about Agatha's life., Explores literary influences like Sherlock Holmes and Hercule Poirot in comparison to real-life police work.
Published: 15 Sept 2026, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented