അഗതാ ക്രിസ്റ്റി എന്ന എഴുത്തുകാരി തന്റെ ജീവിതത്തെയും എഴുത്തിനെയും സ്വാധീനിച്ചതിനെക്കുറിച്ചും 'നായിക അഗതാ ക്രിസ്റ്റി ' എന്ന തന്റെ നോവലിനെക്കുറിച്ചും ശ്രീപാർവ്വതി എഴുതുന്നു.

വളരെക്കുറിച്ചു പുസ്തകങ്ങൾ മാത്രമാണ് "നായിക അഗത ക്രിസ്റ്റി " എന്ന പുസ്തകമെഴുതുമ്പോൾ അഗത ക്രിസ്റ്റിയുടേതായി ഞാൻ വായിച്ചിരുന്നത്. മാതൃഭൂമിയുടെ പുസ്തക വിഭാഗം മാനേജർ നൗഷാദ്ക്ക ഇങ്ങനെയൊരു ആശയം നിർദ്ദേശിക്കുമ്പോൾ ആദ്യം ഭയമാണ് തോന്നിയത്. ഇത്രയും ആഴത്തിലുള്ള ഒരു വ്യക്തി പഠനം എന്നെക്കൊണ്ട് സാധ്യമാകുമോ എന്ന സ്വാഭാവികമായ ആശങ്കയായിരുന്നു അത്. ഒന്നാമത് അതുവരെയുള്ള എന്റെ പുസ്തകങ്ങൾ ഹൊറർ അല്ലെങ്കിൽ ക്രൈം ത്രില്ലെർ വിഭാഗത്തിൽപ്പെടുന്നവയാണ്, അഗത ക്രിസ്റ്റിയെക്കുറിച്ചു അങ്ങനെയൊരാൾ എന്തെഴുതാനാണ് , എങ്ങനെയെഴുതാനാണ് എന്ന സംശയം ബാധിച്ചു. പക്ഷെ അതൊരു സാഹസിക പ്രവർത്തനമായി എടുക്കാൻ ഞാൻ താല്പര്യപ്പെട്ടു. തന്റെ ജീവിതത്തിൽ നിന്നും അവർ അപ്രത്യക്ഷമായ ആ പതിനൊന്നു ദിവസങ്ങളായിരുന്നു അഗതയുടെ ജീവിതത്തിൽ നിന്നും എഴുതാനായി ഞാനെടുത്ത ഏട് .
അഗതയുടെ ആത്മകഥ ഉൾപ്പെടെ ലഭ്യമായ പുസ്തകങ്ങളെല്ലാം വായിച്ചു, ഇന്റർനെറ്റിൽ നിന്നും കിട്ടാവുന്ന വിവരങ്ങളൊക്കെ ശേഖരിച്ചു. അപ്പോഴും ബാക്കിയായത് എഴുതാനായി തെരഞ്ഞെടുത്ത ആ പതിനൊന്നു ദിവസങ്ങളുടെ നിഗൂഢതയായിരുന്നു. ഒരിടത്തും അതിനെക്കുറിച്ചു സ്വയമെങ്ങും രേഖപ്പെടുത്താതെ ആ ദിവസങ്ങൾ അവർ അവരുടേത് മാത്രമായ ഡയറിയിൽ സൂക്ഷിച്ചു. ആർക്കാണ് സത്യമറിയുന്നത്! ആർക്കുമില്ല.
1926 ഡിസംബർ 3 നാണു സ്വന്തം വീട്ടിൽ നിന്നും അഗത അപ്രത്യക്ഷയായത്. ലോകമെങ്ങും ആരാധകരുള്ള, ബെസ്റ്റ് സെല്ലറുകൾ എഴുതുന്ന പ്രശസ്തയായ എഴുത്തുകാരിയെ കാണാതായാൽ എങ്ങനെയാകും അന്വേഷണം എന്ന് തുടർന്നുള്ള ദിവസങ്ങളിൽ ലണ്ടൻ നഗരം കണ്ടു. പതിനായിരത്തോളം പോലീസുകാരാണ് പലയിടങ്ങളിലായി അന്വേഷണത്തിനായി വിന്യസിക്കപ്പെട്ടത്. ഷെർലക് ഹോംസിന്റെ സ്വന്തം ആർതർ കൊനാൻ ഡോയൽ , ഡൊറോത്തി സയേഴ്സ് തുടങ്ങിയ പ്രശസ്തരായ എഴുത്തുകാർ അവരുടേതായ രീതിയിൽ അന്വേഷണങ്ങളും ഗൂഡാലോചനാ സിദ്ധാന്തങ്ങളും ഇറക്കി. പല പത്രങ്ങളും പല വാർത്തകൾ എഴുതി പിടിപ്പിച്ചു. സ്വന്തം പുസ്തകത്തിന്റെ വിപണി സാധ്യത മുൻനിർത്തി എഴുത്തുകാരി തിരോധാനം എന്ന നാടകം കളിക്കുകയാണെന്നു വരെ ആരോപണമുണ്ടായി. അന്വേഷണത്തിന്റെ ഇടയിൽ അഗതയുടെ തിരോധാനം ആത്മഹത്യയാണ് എന്നും വാർത്തകൾ പരന്നു . ഒടുവിൽ പതിനൊന്നു ദിവസങ്ങൾക്കു ശേഷം യോർക്ക്ഷെയറിലെ സ്വാൻ ഹോട്ടലിൽ വച്ച് അഗതയെ കണ്ടെത്തി. മറ്റൊരു പേരിലായിരുന്നു അവരവിടെ സ്വന്തം വ്യക്തിത്വം രേഖപ്പെടുത്തിയിരുന്നത്. താൻ എങ്ങനെ ഇവിടെ എത്തിയെന്നോ , താൻ യഥാർത്ഥത്തിൽ ആരാണെന്നോ അറിയില്ലെന്നാണ് അഗത ആ സംഭവത്തിൽ പരസ്യമായി തുറന്നു പറഞ്ഞത്. അവരെ താൽക്കാലികമായി ഡിമെൻഷ്യ ബാധിച്ചു എന്നും അവരെ ചികിത്സിച്ച ഡോക്ടർ അഭിപ്രായപ്പെട്ടു.
ഇതിനപ്പുറം ഒരു എഴുത്തുകാരിയുടെ ജീവിതത്തിൽ എന്ത് നിഗൂഢത വേണമെന്നാണ്! എന്തായിരിക്കും ആ 11 ദിവസത്തിൽ അവരുടെ ജീവിതത്തിൽ സംഭവിച്ചത് എന്ന അന്വേഷണം രസകരമായിരുന്നു, ഒപ്പം വേദനിപ്പിക്കുന്നതും. പല കാരണങ്ങൾ പലർ നിരത്തുന്നുണ്ട്. അതിന്റെ ചുവടു പിടിച്ചു ഗിലിയൻ ഫ്ലിൻ എഴുതിയ ഗോൺ ഗേൾ എന്ന നോവൽ പിന്നീട് അതേപേരിൽ സിനിമയായി. അവരുടെ ജീവിതത്തിൽ സംഭവിച്ചു എന്ന് പറയപ്പെടുന്ന കഥയെ അടിസ്ഥാനമാക്കിയാണ് അതെഴുതിയത് എന്ന് പറയപ്പെടുന്നു. ഇതിലെല്ലാം പറയുന്ന കഥയ്ക്ക് സമാനതകളുണ്ട്. അഗതയുടെ ജീവിതത്തിൽ അതിനു മുൻപുള്ള കുറെ കാലങ്ങളിൽ സംഭവിച്ച കാര്യങ്ങൾ ഒരു സ്ത്രീയെന്ന നിലയിൽ അവരുടെ വ്യക്തിത്വത്തെയും നിലനിൽപ്പിനെത്തന്നെയും ചോദ്യം ചെയ്യുന്നതായിരുന്നു. സ്വന്തം മാതാവിന്റെ മരണം, ഭർത്താവിന് മറ്റൊരു സ്ത്രീയോട് തോന്നിയ അടുപ്പം, ഇതൊക്കെ അഗതയുടെ മാനസിക നിലയെ ബാധിച്ചു എന്ന് വിശ്വസിക്കാം. ഭർത്താവിന്റെ അടുപ്പക്കാരിയായ സ്ത്രീയുടെ പേരാണ് അവർ താമസിച്ചിരുന്ന ഹോട്ടലിൽ അഗത നൽകിയിരുന്നത് എന്നത് ആ സാഹചര്യത്തെ കുറച്ചുകൂടി ശക്തമാക്കുന്നുണ്ട്. എന്നാൽ അത് മാത്രമാണ് കാരണം എന്നു പറയാനും എളുപ്പമാകില്ല.
36 വയസ്സായിരുന്നു അഗത ക്രിസ്റ്റി തന്റെ ജീവിതത്തിലെ ആ നിഗൂഢമായ തീരുമാനം എടുക്കുമ്പോൾ അവർക്കുണ്ടായിരുന്ന പ്രായം. ഈ കഥയിലേയ്ക്കും പുസ്തകത്തിലേയ്ക്കും ഞാൻ എത്തിപ്പെടുമ്പോൾ എനിക്കും അതെ പ്രായമായിരുന്നു എന്നത് യാദൃശ്ചികം അല്ലെന്നു വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെട്ടത്. ഒരു നൂറ്റാണ്ടിന്റെ ഇടവേളയിൽ നിൽക്കുന്ന രണ്ടു സ്ത്രീകളായി ഞാൻ ഞങ്ങളെ കണ്ടു. കൊടും ക്രിമിനലുകളുടെ മനഃശാസ്ത്രം എഴുതാനും വായിക്കാനും ഇഷ്ടപ്പെടുന്ന രണ്ടു സ്ത്രീകളെ ബന്ധിപ്പിക്കുന്ന ഒരൊറ്റ വേര് ഞങ്ങളിൽ പടർന്നിട്ടുണ്ടെന്നെനിക്ക് തോന്നാൻ തുടങ്ങി. കുട്ടിക്കാലത്തെ അഗതയെ എനിക്ക് കൃത്യമായി മനസ്സിലാകുമായിരുന്നു. കുട്ടിക്കാലത്തെ ചില പഠന വൈകല്യങ്ങളെക്കുറിച്ചു അവർ സംസാരിച്ചിട്ടുണ്ട്. അത്തരം പ്രശ്ങ്ങളാൽ ബാധിക്കപ്പെട്ട ഒരു ബാല്യം എന്നെയും അലട്ടിയിരുന്നതിനാൽ കുഞ്ഞു അഗതയുടെ മുന്നിലെ വെല്ലുവിളികളും എനിക്ക് മനസ്സിലാകുമായിരുന്നു. എഴുതാനുള്ള അന്തമില്ലാത്ത ആഗ്രഹം കൊണ്ട് തിരസ്കരിക്കപ്പെട്ടിട്ടും എഴുത്തു തുടർന്ന അഗതയെ എനിക്കു മനസ്സിലാകാതെ എവിടെപ്പോകാൻ!
ഇനിയെങ്ങെനെ ഞാനെഴുതാതെയിരിക്കും? മുന്നിൽ കടൽ പോലെ അവർ തിരയടിച്ചു കിടന്നു. പരസ്പരം കാണാതെ, മിണ്ടാതെ, അറിയാതെ രണ്ടു നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രണ്ടു പേര് പരസ്പരം ഉള്ളു കൊണ്ട് മിണ്ടിത്തുടങ്ങി. കഥകൾ കൈമാറി. അവരെനിക്ക് ആരൊക്കെയോ ആയി മാറി. ചിലപ്പോൾ ഞാൻ തന്നെയാണെന്ന് തോന്നിത്തുടങ്ങി. അതൊരുതരം പരകായ പ്രവേശമായിരുന്നു. നായിക അഗത ക്രിസ്റ്റി എന്ന ഞാനെഴുതിയ ബയോ ഫിക്ഷനിൽ അഗതയുടെ കഥ അവർ തന്നെ പറഞ്ഞു തന്നത് ഞാനെഴുതിയതാണ്. ഇടയ്ക്ക് അവർ ഞാനായി, മറ്റു ചിലപ്പോൾ അഗതയ്ക്കൊരു സുഹൃത്ത് വേണമെന്ന് തോന്നി, അങ്ങനെ ഞാൻ അന്നയായി. അതൊരു സാങ്കൽപ്പിക കഥാപാത്രമായിരുന്നു. കാരണം എനിക്ക് അഗത ക്രിസ്റ്റിയോട് സംസാരിക്കണമായിരുന്നു. അവരുടെ ഹൃദയം തൊടണമായിരുന്നു.
കുറെയധികം നാളെടുത്തു പുസ്തകമെഴുതാനും എഡിറ്റ് ചെയ്യാനും. ഈ സമയം മുഴുവൻ ഞാൻ അന്നയോ അഗതയോ ആയി പരകായം നടത്തിക്കൊണ്ടേയിരുന്നിരുന്നു. അഗത ക്രിസ്റ്റി എന്ന എഴുത്തുകാരിയെ താരതമ്യം ചെയ്യുകയല്ല ഇവിടെയൊന്നും ചെയ്തത്, രണ്ടു കാലത്ത് ജീവിച്ചിരുന്ന ഒരേ പ്രായത്തിലുള്ള രണ്ടു സ്ത്രീകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് മാത്രമാണത്. ഒരു ഇറങ്ങിപ്പോകലിൽ അവരനുഭവിച്ചിരിക്കാൻ സാധ്യതയുള്ള എല്ലാവിധമായ ചിന്തകളും അനുഭവങ്ങളും എനിക്കിപ്പോൾ മനസ്സിലാകും. ജീവിതങ്ങൾ വ്യത്യാസമുണ്ടെന്നേയുള്ളൂ, മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ മനസ്സ് അതിന്റെ ആഴങ്ങൾ, അടരുകൾ ഒക്കെ വായിക്കാൻ എനിക്കിപ്പോൾ സാധിക്കുന്നുണ്ട്. ഇപ്പോഴും സുഹൃത്തുക്കളൊക്കെ പറയും, ഞാനെഴുതിയ പുസ്തകങ്ങളിൽ ഏറ്റവുമിഷ്ടം നായിക അഗതാ ക്രിസ്റ്റിയാണ് എന്ന്. അതുവരെ ഞാനെഴുതിയ പുസ്തകങ്ങളിലെ ഭാഷയേ അല്ലല്ലോ അതിനുള്ളത്, ജീവിതവുമല്ലല്ലോ ഒരുപോലെ. എന്റെയും പ്രിയപ്പെട്ട പുസ്തകമാണത്. വായിക്കാൻ എളുപ്പമല്ലാത്ത ഒരു സ്ത്രീയുടെ ജീവിതത്തെ വായിച്ചു ആസ്വദിക്കുന്ന അവരുടെ പുസ്തകങ്ങൾ പോലെ മനോഹരമായി അറിയുന്നു എന്നാണു ആ പുസ്തകത്തിന്റെ അർഥം. ഞാനതിനു കടപ്പെട്ടിരിക്കുന്നു.
Content Highlights: Explores the 11-day mysterious disappearance of Agatha Christie in 1926., Written as a bio-fiction connecting two women across different centuries at age 36., Combines thorough research with imaginative storytelling, featuring a fictional character named Anna to converse with Agatha., Shed light on Agatha Christie's psychological state, childhood struggles, and personal life challenges.
Published: 15 Sept 2026, 06:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented