യു.എസ് സെനറ്റിലെ ആദ്യത്തെ ഇന്ത്യക്കാരിയായ ഉദ്യോഗസ്ഥയായ വത്സലാ ശേഖര്‍ തന്റെ ജീവിതം പറയുകയാണ്. വിതുരയെന്ന അക്കാലത്ത് അത്രയൊന്നും പുരോഗമനമെത്താത്ത നാട്ടിന്‍പുറത്തുനിന്നും എണ്‍പതുകളില്‍ തിരുവനന്തപുരം വുമണ്‍സ് കോളേജും കഴിഞ്ഞ്, മികച്ച സ്‌പോര്‍ട്‌സ് താരമായി തിളങ്ങി, കേരളത്തിലെ ആദ്യത്തെ വനിതാ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എന്ന പദവി കൂടി സ്വന്തമാക്കിയായിരുന്നു വത്സലാശേഖറിന്റെ പ്രയാണം. വിദേശ കുടിയേറ്റം എന്ന വാക്ക് മലയാളിക്ക് കേട്ടുപരിചയമില്ലാത്ത കാലത്ത് ന്യൂയോര്‍ക്കില്‍ ഒരു പട്ടുസാരിയും ചുറ്റി വിമാനമിറങ്ങിയ ഇരുപത്തിയാറുകാരി താണ്ടിയ അനുഭവങ്ങളത്രയും ഈ ആത്മകഥയെ സമ്പന്നമാക്കുന്നു. വത്സലാ ശേഖറിന്റെ ആത്മകഥ പാതയില്‍ പതറാതെ ആരംഭിക്കുന്നു...

To advertise here,

2014 ജൂണ്‍ അഞ്ച്. അമേരിക്കന്‍ കാപിറ്റോളില്‍ സദാ പാറിക്കൊണ്ടിരിക്കുന്ന പതാക അന്ന് താഴെയിറങ്ങിയത് എനിക്കുവേണ്ടിയായിരുന്നു. അമേരിക്കന്‍  സെനറ്റിന്റെ അന്നത്തെ തലവനും യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് വൈസ് പ്രസിഡണ്ടുമായിരുന്ന ജോ ബൈഡന്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെയും ആദരവോടെയും ആ പതാക എനിക്കു സമര്‍പ്പിച്ചു. ഒപ്പം ഒരു സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു- IN GRATEFUL RECOGNITION This Award Honors Valsala Sekhar For 30 Years Of Loyal Service To THE SENATE OF THE UNITED STATES Beginning the 25th Day of June, 1984.

അമേരിക്കന്‍ പതാക എനിക്കു സമ്മാനിച്ചുകൊണ്ട് ബൈഡന്‍ ചുരുങ്ങിയ വാക്കുകള്‍ കൂടി പറഞ്ഞു: 'ഈ സര്‍ക്കാര്‍ സംവിധാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വകാര്യ മേഖലയില്‍ ലഭിക്കുന്ന ആകര്‍ഷകമായ ശമ്പളമോ മറ്റ് ഭൗതിക സാഹചര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. സാങ്കേതികവൈദഗ്ധ്യമുള്ള മിടുക്കരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള അനവധി സാധ്യതകള്‍ പുറത്ത് ലഭ്യമാണ്. അമേരിക്കന്‍ ലെജിസ്ലേഷന്‍ സംബന്ധിയായ കഠിനമായ ജോലികള്‍ സമയബന്ധിതവും എന്നാല്‍ സ്വകാര്യജീവിതത്തെ എപ്പോള്‍ വേണമെങ്കിലും ബാധിക്കാവുന്ന തരത്തില്‍ തിരക്കുകള്‍ നിറഞ്ഞതുമാണ്. പലപ്പോഴും ജോലികള്‍ ഓഫീസ് സമയം അതിക്രമിച്ചും കടന്നുപോയിട്ടുണ്ട്, പ്രത്യേകിച്ചും സെപ്തംബര്‍ പതിനൊന്ന് പോലുള്ള സംഭവങ്ങള്‍ സെനറ്റിനെ കൂടുതല്‍ കര്‍മനിരതമാക്കിയപ്പോള്‍. തികച്ചും അര്‍പ്പണബോധത്തോടെ കര്‍മനിരതയായി സെനറ്റിനൊപ്പം നിന്നു ഈ മുതിര്‍ന്ന ഉദ്യോഗസ്ഥ. സെനറ്റിലെ ജോലിസ്വഭാവം എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതൊരു പ്രത്യേകതരത്തില്‍ ക്രമീകരിക്കപ്പെട്ടതാണ്. ഇവിടെ നിന്നും പോകുന്നവര്‍ക്ക് മറ്റ് ജോലിയിടങ്ങളില്‍ സാധ്യത എത്രത്തോളമുണ്ട് എന്നതും ചിന്തനീയമാണ്. അതെല്ലാം ഉള്‍ക്കൊണ്ട് സെനറ്റിനായി മുപ്പത് വര്‍ഷക്കാലം സേവനം ചെയ്ത നിങ്ങളെപ്പോലുള്ളവരാണ് ഞങ്ങളുടെ അഭിമാനം. സെനറ്റ് ചേരുന്ന സമയങ്ങളില്‍ പകലും കഴിഞ്ഞ് രാത്രിയേറെ നീണ്ടുപോകുമ്പോഴും നിങ്ങളുടെ കുടുംബത്തെ മറന്ന്, കുട്ടികള്‍ക്കൊപ്പം ചേരാനുള്ള സമയം ഞങ്ങള്‍ക്കായി മാറ്റിവെച്ചുകൊണ്ട് ജോലി ചെയ്തു. നന്ദിയുണ്ട്. ഈ സ്തുത്യര്‍ഹമായ സേവനത്തിന് ഇന്ന് കാപിറ്റോളില്‍ പകലുടനീളം പാറിയ ഈ അമേരിക്കന്‍ പതാക സെനറ്റ് ആദരവോടെ താങ്കള്‍ക്ക് സമര്‍പ്പിക്കുന്നു'. ജോ ബൈഡന്‍ തന്റെ വാക്കുകള്‍ ഉപസംഹരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നോ? ഞാന്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല.  

മുപ്പത് വര്‍ഷം അമേരിക്കന്‍ സെനറ്റില്‍ സേവനം ചെയ്തതിന് രാഷ്ട്രത്തിന്റെ ആദരം ഏറെ ബഹുമാനത്തോടെ ഞാന്‍ ഏറ്റുവാങ്ങി, പതിയെ വിടവാങ്ങി. സഹപ്രവര്‍ത്തകര്‍ തന്ന യാത്രയയപ്പില്‍ അനേകം നല്ല വാക്കുകള്‍ കേട്ടു. അതിനിടയില്‍ ഏറെ സ്പര്‍ശിച്ച ഒരു വിശേഷണമായിരുന്നു- അമേരിക്കന്‍ സെനറ്റിലെ ആദ്യത്തെ ഇന്ത്യന്‍ ഉദ്യോഗസ്ഥ! തിരക്കുപിടിച്ച സെനറ്റ് ജീവിതത്തില്‍ ദശാബ്ദങ്ങള്‍ കടന്നുപോയതറിഞ്ഞിരുന്നില്ല. സെനറ്റില്‍ നിന്നും പടിയിറങ്ങി പിന്നെയും പതിനൊന്നു വര്‍ഷമെടുത്തു ഞാന്‍ കടന്നുവന്ന പാതയിലൂടെ മനസ്സുകൊണ്ട് തിരിച്ചൊരു സഞ്ചാരം നടത്താന്‍.

എണ്‍പതുകളിലെ കേരളത്തിലെ അത്രയൊന്നും വികാസം പ്രാപിക്കാത്ത വിതുര എന്ന കൊച്ചുഗ്രാമത്തിലെ വളരെ സാധാരണക്കാരായ മാതാപിതാക്കളുടെ തണലില്‍ അക്കാലത്തെ പെണ്‍കുട്ടികള്‍ സ്വപ്‌നം പോലും കാണാന്‍ മടിച്ച ഉന്നത വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലിയും കരസ്ഥമാക്കി, കടല്‍ കടക്കുക എന്ന വാക്ക് തന്നെ കേട്ടുകേള്‍വിയില്ലാത്ത എന്റെ നാട്ടില്‍ നിന്നും ലോകരാഷ്ട്രങ്ങളുടെ നേതൃരാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ സെനറ്റ് വരെയുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. കുടിയേറ്റം അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്ന വര്‍ത്തമാനകാലത്തുനിന്നും നാല്‍പത്തിയേഴ് വര്‍ഷം പിറകോട്ടുള്ള സഞ്ചാരമാണിത്. അമേരിക്കന്‍ വേഡ്‌സ്‌വര്‍ത്ത് എന്നറിയപ്പെട്ട റോബര്‍ട്ട് ഫ്രോസ്റ്റിന്റെ 'ദ റോഡ് നോട്ട് ടേക്കണ്‍' എന്ന കവിത ഞാന്‍ പലയാവര്‍ത്തി വായിച്ചിട്ടുണ്ട്. എന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു ഈ കവിത എന്നു തിരിച്ചറിയുമ്പോഴെല്ലാം ഞാന്‍ അതിലെ അവസാനവരികള്‍ മൂളാറുണ്ട്: 

Two Roads diverged in a wood, and I-
 I took the one less treveled by,
And that has made all the difference. 

അതെ. ഞാന്‍ തിരഞ്ഞെടുത്ത പാത എന്നെ യു.എസ് സെനറ്റിലെ ആദ്യത്തെ ഇന്ത്യന്‍ ഉദ്യോഗസ്ഥയാക്കി. ആദ്യകാല കംപ്യൂട്ടര്‍യുഗത്തിലെ ഡാറ്റ ഓപ്പറേറ്റര്‍മാരിലൊരാളാക്കി മാറ്റി. 'സെപ്തംബര്‍ പതിനൊന്ന്' സംഭവം (2001-ല്‍ യു.എസ്സിനെതിരായി അല്‍-ഖ്വയ്ദ നടത്തിയ ആക്രമണം) അമേരിക്കയെ പിടിച്ചുകുലുക്കിയപ്പോള്‍ സെനറ്റില്‍ ഗായത്രീമന്ത്രം ഉരുവിടാന്‍ ഇന്ത്യക്കാരി എന്ന നിലയില്‍ നിയോഗിക്കപ്പെട്ടു. തിരിഞ്ഞുനോക്കുമ്പോള്‍ ആ പാതയിലെ ഓരോ കല്ലും മുള്ളും വരാനിരിക്കുന്ന ജീവിതത്തില്‍ എനിക്കുനേരെ വിരിച്ച പരവതാനി തന്നെയായിരുന്നു. ജീവിതം എന്നത് പാകപ്പെടലിന്റെ ബൈബിള്‍ കൂടിയാണല്ലോ. 

 ഇരുപത്തിയാറാമത്തെ വയസ്സില്‍ ഒരു പട്ടുസാരിയും ചുറ്റി വിമാനമിറങ്ങുമ്പോള്‍ ഞാന്‍ ഉപേക്ഷിച്ചുപോന്നത് എന്നെപ്പോലൊരു സാധാരണക്കാരിക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത തരത്തിലുള്ള ഒരു ഉന്നത ജോലിയായിരുന്നു- കേരളത്തിലെ ആദ്യത്തെ വനിതാ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ പദവി! അതും ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ നേടിയെടുത്തത്. വെറുതേ നേടിയതല്ല, സമൂഹത്തോടും പൊതുധാരണകളോടും പൊരുതിനേടിയത്. സ്നേഹസമ്പന്നരായ മാതാപിതാക്കളും സഹോദരങ്ങളും കൂട്ടുകാരും എനിക്കേറെ പ്രിയപ്പെട്ട ഇടങ്ങളും ഭക്ഷണവും ഉപേക്ഷിച്ച് അടങ്ങാത്ത ജീവിതക്കൊതിയുടെ പങ്കുപറ്റാനായി അഞ്ച് പതിറ്റാണ്ട് മുമ്പ് ന്യൂയോര്‍ക്കില്‍ വന്നിറങ്ങുമ്പോള്‍ എന്റെ നെറ്റിയില്‍ നവവധുവിന്റെ തിലകമുണ്ടായിരുന്നു. ചന്ദ്രശേഖര്‍ എന്ന യുവാവിന്റെ കണ്ണുകളിലെ അടങ്ങാത്ത പ്രണയവും ജീവിതത്തോടുള്ള അഭിനിവേശവുമുണ്ടായിരുന്നു. മിസിസ് വാല്‍ ജീവിതം തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്ന് എല്ലുകള്‍ കൂട്ടിയിടിക്കുന്ന അമേരിക്കയിലെ തണുപ്പ് മൂപ്പിക്കാനെത്തിയ കാറ്റ് പറഞ്ഞു. സാരിയും പുതച്ച് കിടുകിടുത്തു നിന്ന ഞാന്‍ അമേരിക്കയെന്നാല്‍ മഞ്ഞാണെന്ന് പിറുപിറുത്തു. തിരികെപ്പോകാന്‍ എന്തുണ്ട് വഴി എന്നായിരുന്നു ചുറ്റും തിരഞ്ഞത്. അപ്പോള്‍ മനസ്സില്‍ മുഴുവന്‍ വിതുരയിലെ എന്റെ കുടുംബത്തിലെ അനേകമനേകം കണ്ണുകളിലെ ആകുലതകളായിരുന്നു. കാരണം മുളച്ചയുടന്‍ നിവര്‍ന്നുനില്‍ക്കുന്ന മാന്ത്രിക മരമൊന്നുമായിരുന്നില്ലല്ലോ ഞാന്‍. ഒരു കുടുംബത്തിന്റെ വേര് വലിച്ചെടുത്ത വെള്ളവും വളവും കൊണ്ട് തഴച്ചുവളരാന്‍ വെമ്പിയ വെറുമൊരു ചെടി മാത്രമായിരുന്നു.

അമേരിക്ക തന്ന നാല്‍പത്തിയേഴ് സംവത്സരങ്ങള്‍! ലോകം കംപ്യൂട്ടര്‍ എന്ന് കേട്ടുപരിചയിക്കുന്നതിനുമുമ്പ് മെയിന്‍ ഫ്രെയിം കംപ്യൂട്ടറില്‍, ഒരു മുറിയാകെ നിറഞ്ഞുനിന്നിരുന്ന കംപ്യൂട്ടറില്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി തുടങ്ങിയ ഇത്തിരിക്കുഞ്ഞന്‍ ജീവിതത്തില്‍ നിന്നും അമേരിക്കന്‍ സെനറ്റിലെ പ്രൊജക്ട്  ലീഡ് ഫോര്‍ ലെജിസ്ലേറ്റീവ് സിസ്റ്റംസ് ക്വാളിറ്റി അഷുറന്‍സ് പദവിവരെയുള്ള പ്രയാണങ്ങള്‍. വെറും പ്രയാണമല്ല, ജീവിതം ഒരു കൈയിലും നിലനില്‍പ് മറ്റൊരു കൈയിലും പിടിച്ചുള്ള ഓട്ടമത്സരം തന്നെ! ആ ജീവിതയാത്രയ്ക്കുമുമ്പുള്ള യാതനകള്‍. കുടിയേറ്റ ജീവിതത്തിന്റെ ഉപ്പുരക്തമിറ്റുവീഴുന്ന ഓര്‍മകള്‍. പിന്നിട്ട നാളുകള്‍ ഓരോന്നിലും സ്മരണകളുടെ പെരുമ്പറകളുണ്ട്. ദുഃഖങ്ങളുടെ മൂകതയുണ്ട്. ആഘോഷങ്ങളുടെ അലയടികളുണ്ട്. കാരണം അവയെല്ലാം മനുഷ്യരുടെ മുഖങ്ങളുള്ളവയായിരുന്നു. സംഭവങ്ങളുടെ അകമ്പടികളുള്ളതായിരുന്നു. 

ഞാന്‍ വിമാനമിറങ്ങുമ്പോള്‍ ജിമ്മി കാര്‍ട്ടറായിരുന്നു അമേരിക്കയെ നിലനിര്‍ത്തിയിരുന്നത്. അന്നെനിക്ക് സെനറ്റ് എന്താണെന്നറിഞ്ഞുകൂടായിരുന്നു. അമേരിക്ക എന്താണെന്ന് കേട്ടറിഞ്ഞ വിവരമേ ഉണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ഞങ്ങള്‍ അറുപത് കഴിഞ്ഞ അമേരിക്കന്‍ പൗരന്മാര്‍ തേഡ് ആക്ട് എന്നൊരു സംഘടനയുണ്ടാക്കിയിട്ടുണ്ട്. മനുഷ്യത്വവിരുദ്ധമായ നയങ്ങള്‍ക്കെതിരേ, സാമാന്യയുക്തിയെ തോല്‍പിക്കുന്ന അതിവിചിത്രമായ നിലപാടുകള്‍ക്കെതിരേ നിലകൊള്ളുക, പ്രതികരിക്കുക തുടങ്ങിയവയൊക്കെയാണ് ഞങ്ങള്‍ തേഡ് ആക്ടുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം പോലെ തന്നെ കാലാവസ്ഥാ പരിസ്ഥിതി സംരക്ഷണവും ഞങ്ങളുടെ മുഖ്യവിഷയമാണ്. 

2025 ജനുവരി ഇരുപതിന് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ തന്റെ രണ്ടാം കാബിനറ്റ് പദവിയിലേറുന്നത് എന്റെ വീട്ടിലിരുന്ന് ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വാഷിങ്​ടണ്‍ ഡിസിയുടെ പ്രാന്തപ്രദേശങ്ങളിലൊന്നായ ആഷ്ബേണ്‍ വെര്‍ജീനിയയില്‍ ഞങ്ങള്‍ പണിത ആ വീട് അന്നേദിവസം മൗനത്തിലായിരുന്നു. ജിമ്മി കാര്‍ട്ടറും റൊണാള്‍ഡ് റീഗനും ജോര്‍ജ് ബുഷും ബില്‍ക്ലിന്റണും വീണ്ടും ബുഷും ബരാക് ഒബാമയും ഇടയില്‍ ട്രംപും ജോ ബൈഡനും പരമാധികാരത്തിലേറിയ കാലഘട്ടങ്ങള്‍ ഓര്‍മയില്‍ വന്നു. ലോകം ഉറ്റുനോക്കിയ പ്രസിഡണ്ടുമാര്‍ക്കുവേണ്ടി പണിയെടുത്ത നാളുകള്‍... ഒന്നുരണ്ടുകൊല്ലം കൂടി കഴിഞ്ഞാല്‍ എന്റെ കുടിയേറ്റകാലത്തിന് അരനൂറ്റാണ്ട് തികയുകയാണ്. 

കുടിയേറ്റം മനുഷ്യരെ സ്വീകരിക്കാന്‍ തയ്യാറാവുന്നത് അവര്‍ ചെന്നെത്തുന്ന സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ കൂടി നിര്‍ബന്ധിച്ചുകൊണ്ടാണ്. ജീവിതം ഇന്നുനില്‍ക്കുന്ന ഗ്രാഫില്‍ നിന്നും ഉയര്‍ത്തിത്തന്നെ നിലനിര്‍ത്താനാണ് കുടിയേറ്റക്കാര്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിറിയയും പലസ്തീനും അഫ്ഘാനിസ്താനും പോലുള്ള രാജ്യങ്ങളിലെ ഹതഭാഗ്യരായ മനുഷ്യര്‍ നടത്തുന്ന പലായനമല്ല നമ്മള്‍ ഇന്ത്യക്കാരുടേത്. പ്രത്യേകിച്ചും മലയാളികളുടേത്. നമ്മുടേത് പലപ്പോഴും ബൗദ്ധികവും വിദ്യാഭ്യാസപരവും ഭൗതികവും സാമ്പത്തികവുമായ വിശാല ഇടങ്ങള്‍ തേടിയുള്ള കുടിയേറലുകളാണ്. കുടിയേറ്റത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയും പറയാന്‍ നിന്നാല്‍ നമുക്ക് സമയം തികഞ്ഞെന്നുവരില്ല. നാല്‍പത്തിയേഴ് കൊല്ലം മുമ്പ് ഒറ്റയും തറ്റയും മാത്രമായിട്ടായിരുന്നു മലയാളികളെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ തമ്മില്‍ കാണുമ്പോള്‍ മലയാളികള്‍ കൂടുതല്‍ ചേര്‍ത്തുപിടിച്ചിരുന്നു. ജാതിയുടെയോ മതത്തിന്റെയോ അതിരുകളില്ലാതെ തന്നെ.

placeholder
വത്സലാ ശേഖർ ആദ്യത്തെ കംപ്യൂട്ടറിൽ ജോലി ചെയ്യുന്നു

'മിസിസ്. വാല്‍!' 
'കാന്‍ ഐ കാള്‍ വാല്‍?' 
'ഓക്കെ യു കേന്‍ കാള്‍ മി വാല്‍, ബട്ട് ഡോണ്ട് മേക്ക് ഇറ്റ് വാലറി.' 
'യെസ്. ഐ വില്‍ കോള്‍ യു വാല്‍ ശേഖര്‍...'

സഹപ്രവര്‍ത്തകയായിരുന്ന എലിസബത്തിന്റെ അമേരിക്കന്‍ ഇംഗ്ലീഷ് കാതില്‍ മുഴങ്ങുന്നു. എന്റെ പാതയില്‍ ബലമായി നിന്നത് അവരായിരുന്നു. കംപ്യൂട്ടര്‍ എന്ന അത്ഭുതം അതിന്റെ ശൈശവദശയില്‍ മെയിന്‍ ഫ്രെയിം കംപ്യൂട്ടര്‍ എന്നറിയപ്പെട്ടപ്പോള്‍ ലോകത്താകെ അവതരിപ്പിക്കപ്പെട്ടത് നാലോ അഞ്ചോ എണ്ണം മാത്രമായിരുന്നു. അതില്‍ ഒന്നിനുമുന്നില്‍ അതിശയത്തോടെ ഇരിക്കുമ്പോള്‍ എന്റെയടുത്ത് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് നിലയുറപ്പിച്ചത് എലിസബത്തായിരുന്നു. ഒരു മുറിയാകെ നിറഞ്ഞുനിന്ന വലിയൊരു ഉപകരണത്തെക്കുറിച്ച് ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു: ഒരു വലിയ ടൈപ്പ്​റൈറ്ററിലാണ് എന്റെ ജോലി. പേര് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍! തുടക്കംകുറിച്ച ജോലി തന്നെ വലിയൊരു രേഖപ്പെടുത്തല്‍ നടത്തിയിരുന്നു എന്നത് മറ്റൊരു അത്ഭുതമാണ്. സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ലോകത്തെ ആദ്യത്തെ റിസര്‍ച്ച് ഡാറ്റയായിരുന്നു ഞാന്‍ കംപ്യൂട്ടറില്‍ അപ്​ലോഡ് ചെയ്തിരുന്നത്. അതും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിനുവേണ്ടി. കാന്‍സര്‍ റിസര്‍ച്ച് ഡാറ്റ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ആ ടീം വര്‍ക്കില്‍ ഞാനും ഉള്‍പ്പെട്ടു. ഗൂഗിള്‍ ആദ്യത്തെ റിസര്‍ച്ച് ഡാറ്റാ ഓപ്പറേറ്ററായി വത്സലാ ശേഖര്‍ എന്ന പേര് രേഖപ്പെടുത്തുകയായിരുന്നു. 

മിസിസ് വാല്‍...
കണ്ടുമുട്ടുന്നവരെല്ലാം സന്തോഷത്തോടെ, സ്‌നേഹത്തോടെ വിഷ് ചെയ്യുന്നു. 

വാല്‍ അഥവാ വാലറി. അമേരിക്കയിലെ സര്‍വസാധാരണമായ പേര്. നമ്മുടെ നാട്ടിലെ ദാക്ഷായണി, മീനാക്ഷി എന്നൊക്കെ പോലെ. നാല്‍പത്തിയേഴ് കൊല്ലം മുമ്പ് വിതുരക്കാരി വത്സലാശേഖറിന് അമേരിക്കന്‍ സഹപ്രവര്‍ത്തകര്‍ വിളിക്കാനെളുപ്പത്തില്‍ ചാര്‍ത്തിത്തന്ന പേര്! 'വാല്‍' വരെയേ അവര്‍ക്ക് വഴങ്ങൂ, 'ത്സലാ' വലിയൊരു പ്രശ്നമാണ് ഉച്ചാരണത്തില്‍. എന്റെ പേരുമൂലം അവര്‍ കുറച്ചധികം ബുദ്ധിമുട്ടിയിട്ടുണ്ട് അക്കാലത്തൊക്കെ. കംപ്യൂട്ടര്‍ യുഗത്തിന്റെ ആരംഭദശ തൊട്ട് മൂന്നു ദശാബ്ദക്കാലത്തെ അമേരിക്കന്‍ സെനറ്റിലെ ഔദ്യോഗികകാലം വരെയും അതിനുശേഷമുള്ള ജീവിതത്തിലും മിസിസ് വാല്‍ ശേഖര്‍ ആയിത്തന്നെ ഞാന്‍ നിലകൊള്ളുകയാണ്. അമേരിക്കന്‍ ജീവിതവും രാഷ്ട്രീയവും പൊതുകാര്യങ്ങളും എന്തിനേറെപ്പറയുന്നു അനുവാചകരില്‍ ചലനം സൃഷ്ടിക്കുന്ന വെബ്‌സീരീസ് പോലും എനിക്കിടപെടാനുള്ള മേഖലയായി ഞാന്‍ കണ്ടുകഴിഞ്ഞു. വിശ്രമജീവിതം തരുന്ന സുഖങ്ങളാണിതൊക്കെയെങ്കിലും ആകുലതകള്‍ എന്നെയൊഴിഞ്ഞുപോകുന്നില്ല, പ്രത്യേകിച്ചും ഇന്നത്തെ അമേരിക്കന്‍ സാഹചര്യത്തില്‍. നാട്ടില്‍ നിന്നും കുട്ടികള്‍ വലിയ വിദ്യാഭ്യാസം തേടി ഇവിടെ വന്നിറങ്ങുമ്പോള്‍ നാല്‍പത്തിയേഴ് കൊല്ലം മുമ്പ് വന്നിറങ്ങിയ ഒരു ഇരുപത്തിയാറുകാരിയെ ഉള്ളില്‍ നിന്നും ഓര്‍മകള്‍ ഉണര്‍ത്തുന്നു. കടന്നുവന്ന, തരണം ചെയ്ത വലിയ കടമ്പകള്‍ ഒരിക്കലും അലിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത മഞ്ഞുപാറപോലെ മനസ്സില്‍ ഉറഞ്ഞുകിടപ്പുണ്ട്. ഓര്‍മകളെ കടിച്ചുപറിക്കാന്‍ ഇത്രയധികം ശേഷിയുണ്ട് തണുപ്പിനെന്ന് അന്നത്തെ ആ ഇരുപത്തിയാറുകാരിയുടെ പല്ലുകള്‍ കിടുത്തുകൊണ്ട് പിറുപിറുക്കുന്നു. 'മിസിസ്. വാല്‍, പല വര്‍ഷങ്ങള്‍ കൊണ്ട് എന്നിലേക്ക് പറിച്ചുനട്ട ആ ഇരുപത് കുടുംബങ്ങളെ നിങ്ങള്‍ ഓര്‍ക്കുന്നുവോ?' കുടിയേറ്റത്തിന്റെ ഉഷ്ണം താങ്ങാനാവാതെ അമേരിക്കന്‍ ഐക്യനാടുകള്‍ ചില ഉച്ചയുറക്കങ്ങളില്‍ വന്നു ചോദിക്കുന്നു. ഓര്‍മയുണ്ട്, എല്ലാം ഓര്‍മയുണ്ട്. മൂന്നാം വയസ്സിലെ കുടിപ്പള്ളിക്കൂടം മുതല്‍ കിടക്കുന്നതിനു മുമ്പ് കഴിക്കുന്ന ഹൃദയത്തിലെ രക്തവേഗം നിയന്ത്രിക്കുന്ന മരുന്നുകള്‍ നല്‍കുന്ന സുഖനിദ്രയിലും എന്റെ വിതുരഗ്രാമം ഒരു നിത്യസ്വപ്‌നമായി നിലകൊള്ളുന്നതറിയുന്നുണ്ട്. മടക്കം, ഇനി സാധ്യമല്ലെങ്കിലും. 

അനുഭവങ്ങളുടെയും കൗതുകങ്ങളുടെയും അതിശയങ്ങളുടെയും അകമ്പടികളോടെ യുദ്ധഭീതിയുടെ പെരുമ്പറകളും നയതന്ത്രത്തിന്റെ ധാര്‍മികതയും പാലിച്ച് കടന്നുപോയ ഒരു കാലത്തെയാണ് ഓര്‍ക്കാനുള്ളത്, രേഖപ്പെടുത്താനും...  

(തുടരും)