
സെനറ്റ് വലിയൊരു സംവിധാനമാണ്. അമേരിക്കൻ രാഷ്ട്രീയവും രാഷ്ട്രവും നിർണയിക്കപ്പെടുന്നതിൽ ഒന്നുപോലെ പങ്കുവഹിക്കുന്ന വലിയൊരു സംവിധാനം. ജോലി ചെയ്യുമ്പോൾ വളരെ കരുതിയിരിക്കണം-ഈ അവബോധം മാത്രമേ ആദ്യനാളുകളിൽ സെനറ്റിൽ ജോലി ചെയ്യുമ്പോൾ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ ചെയ്യുന്ന ജോലിയുടെ മാത്രമല്ല, ആ സ്ഥാപനത്തിന്റെ മഹത്വവും കൂടി മനസ്സിലാവുന്നത് നാളുകൾ ഏറുമ്പോളായിരുന്നു.
മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു സെനറ്റിന്റെ നടത്തിപ്പുകൾ. സെനറ്റ് സഭ കൂടുമെങ്കിലും രാജ്യത്തെ കാര്യങ്ങൾ തീരുമാനിക്കുന്നതും നിലവിലുള്ള തീരുമാനങ്ങളിൽ ഭേദഗതി വരുത്തുന്നതുമെല്ലാം ഓരോ സെനറ്റർമാരുടെയും വ്യക്തിഗതനേട്ടങ്ങളല്ല, മറിച്ച് ഓരോ കമ്മിറ്റികളുടെ തീരുമാനമാണ് നടപ്പാക്കിയിരുന്നത്. സെനറ്റ് കമ്മിറ്റിയിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരുമുണ്ടാകും. ബിൽ പാസാക്കുന്നതിനുമുമ്പ് ഹിയറിങ്ങിനെ വെക്കും.
ഹിയറിങ് നടക്കുന്ന ദിവസം രാജ്യത്തെ എല്ലാ പ്രമുഖ വ്യക്തികളും അതിന് സാക്ഷ്യം വഹിക്കാനും പിന്താങ്ങാനുമൊക്കെ വരും. അതിൽ സിനിമാമേഖലയിലെ പ്രമുഖരും, കോർപ്പറേറ്റ് ഭീമന്മാരും പരിസ്ഥിതി പ്രവർത്തകരും മാധ്യമപ്രവർത്തകരുമുണ്ടാവും. അതുകൊണ്ടുതന്നെ ഓരോ ദിവസവും ഓഫീസിലേക്ക് വരുമ്പോൾ കേൾക്കാമായിരുന്നു ഇന്ന് ഓപ്ര വിൻഫ്രി വരുന്നുണ്ട്, റോബർട്ട് റെഡ്ഫോർഡ് അതാ പോകുന്നു... ആദ്യമൊക്കെ ഇവരെയൊക്കെ കാണുമ്പോൾ എനിക്ക് വലിയ അത്ഭുതമായിരുന്നു.
ഒരു ദിവസം സെനറ്റിലേക്ക് ഒരു പേപ്പർ കൊടുക്കാൻ പെട്ടെന്ന് ഓടിപ്പോകുമ്പോൾ സ്റ്റാഫിനുള്ള എലിവേറ്റർ നിലച്ചിരിക്കുകയാണ്. സമയം വൈകുന്നതിനാൽ ഞാൻ നേരെ ഗസ്റ്റുകൾക്കുള്ള എലിവേറ്ററിൽ കയറി. അതിൽ റോബർട്ട് റെഡ്ഫോർഡ്, പിറകിൽ സിബിഎസ് ന്യൂസ് അവതാരകൻ ഡാൻ റാദർ. യു.എസ്സിലെ മാധ്യമബുദ്ധിജീവികളിലെ പ്രമുഖൻ.
ലോക വാർത്തകൾ അദ്ദേഹം അവതരിപ്പിക്കുന്ന രീതി കാണാനായി പതിനായിരക്കണക്കിന് ആരാധകർ ടി.വിക്കു മുന്നിലിരിക്കുന്ന കാലമുണ്ടായിരുന്നു. തന്റെ പ്രൊഫഷനെ കൂടി ബാധിക്കുന്ന ഒരു സിനിമയായിരുന്നു അവരുടെ മനസ്സിൽ. അതിനുവേണ്ടി വന്നതാണ്. എലിവേറ്ററിൽ കയറിയതും ഞാൻ അവരെക്കണ്ട് സ്തംഭിച്ചുപോയി.
ഷേക് ഹാൻഡിനായി കൈ നീട്ടിയെങ്കിലും ഹലോ പറയാൻ അദ്ദേഹത്തിന്റെ പേര് വായിൽ വരുന്നില്ല. അദ്ദേഹം ഉടൻ തന്നെ ഇങ്ങോട്ടുപറഞ്ഞു റോബർട്ട് റെഡ്ഫോർഡ്, പിറകിൽ നിന്നും മറ്റൊരു ശബ്ദം കൂടി; ഡാൻ റാദർ. ഇത്രയും വലിയ സെലിബ്രിറ്റികൾ മുന്നിൽ നിൽക്കുകയാണ്. ഞാൻ തരിച്ചുംനിൽക്കുന്നു! പിന്നീട് ദ ട്രൂത്ത് എന്ന സിനിമ ഇറങ്ങിയപ്പോഴാണ് അവരുടെ സെനറ്റ് സന്ദർശനം ഫലം കണ്ടത് ഞാൻ മനസ്സിലാക്കിയത്. സിനിമയിൽ ഡാൻ റാദറായി വേഷമിട്ടത് റെഡ്ഫോർഡ് ആയിരുന്നു.
യു.എസ്സിനകത്തെ മറ്റൊരു സാമ്രാജ്യം തന്നെയാണ് സെനറ്റ്. മൂന്ന് വലിയ കെട്ടിടങ്ങളിലായാണ് സെനറ്റിലെ എല്ലാ ഓഫീസുകൾ പ്രവർത്തിക്കുന്നത്. റസ്സൽ, ഡക്സൺ, ഹാർട്ട് എന്നീ മൂന്നു പഴയ സെനറ്റർമാരുടെ ഓർമയ്ക്കായിട്ടാണ് ഈ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. ഈ മൂന്നു കെട്ടിടങ്ങൾക്കകത്തും സെനറ്റർമാരുടെ ഓഫീസുകൾ മാത്രമല്ല, കഫെറ്റീരിയ മൂന്നോ നാലോ എണ്ണം. ഫോർമർ ഡൈനിങ് റൂമുകൾ, പെട്ടെന്നു പോയി കഴിക്കാൻ പാകത്തിൽ സ്നാക്സും ശീതളപാനീയങ്ങളുമെല്ലാം ഒരുക്കിയിട്ടുള്ള കുഞ്ഞുകുഞ്ഞു കടകൾ, ഹെയർ സലൂണുകൾ, ഗിഫ്റ്റ് ഷോപ്പ്, ബാങ്കുകൾ… അങ്ങനെ ഒരു മിനി നഗരം തന്നെ ഒരുക്കിയിരിക്കുകയാണ്.

കഫെറ്റേരിയ ഒരു നിശ്ചിത സമയത്തേക്ക് സെനറ്റ് സ്റ്റാഫിനു മാത്രമായി തുറന്നുകൊടുക്കുന്നതാണ്. ബാക്കി സമയം മാത്രമേ പുറത്തുനിന്നുള്ളവർക്ക് അനുവദിക്കുകയുള്ളൂ. ഫോർമൽ ഡൈനിങ് റൂമുകളിൽ സെനറ്റേഴ്സിനും അവരുടെ അതിഥികൾക്കും മാത്രമുള്ളതാണ്. ഹിയറിങ് റൂംസ്, കമ്മറ്റി റൂംസ്, കാപിറ്റൽ ബിൽഡിങ്ങിലേക്ക് സെനറ്റർമാർക്കും സ്റ്റാഫിനും പെട്ടെന്ന് എത്താനായി റെയിൽവേ സിസ്റ്റം... അങ്ങനെ പുതിയൊരു അത്ഭുതലോകം തന്നെയാണ് സെനറ്റ് കോംപൗണ്ടിനകത്ത് കയറിച്ചെല്ലുമ്പോൾ അനുഭവിക്കാനാവുക. നമ്മുടെ പാർലമെന്റ് കെട്ടിടവും പരിസരവും അത്തരത്തിൽ ആണെങ്കിലുള്ള അവസ്ഥയോർത്തുനോക്കൂ. ലോകത്തെ ഏറ്റവും ശക്തമായസുരക്ഷാസംവിധാനത്തെ ഞാൻ അത്ഭുതത്തോടെ നോക്കി നിൽക്കുന്നത് എന്റെ ആദ്യകാല സെനറ്റനുഭവങ്ങളിൽ ഒന്നായിരുന്നു.
ഓഫീസുകളിലെ എലിവേറ്ററുകളിൽ എല്ലാമൊന്നും എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുകയില്ല. സ്റ്റാഫിന് ഒന്ന്, സെനറ്റർമാർക്ക് വേറെ, അങ്ങനെയാണ് കണക്ക്. ഓരോ സെനറ്റർമാർക്കും നിഷ്‌കർഷിച്ചിരിക്കുന്ന ഓഫീസ് ഉണ്ട്. പക്ഷേ സീനിയർമാരായ സെനറ്റർമാർക്ക് ഇഷ്ടമുള്ളതും സൗകര്യപ്രദമായതും തിരഞ്ഞെടുക്കാം. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സെനറ്റർമാരുടെ സീനിയോറിറ്റിക്ക് അനുസരിച്ചാണ് ഏതു ഓഫീസാണ് കൊടുക്കേണ്ടതെന്ന് തീരുമാനിക്കുക. മനോഹരമായതും വിസ്തൃതിയും വിശാലവുമായതെല്ലാം അവർക്കായി മാറ്റിവെക്കുകയാണ് പതിവ്. പരിചയസമ്പന്നരായ സീനിയർ സെനറ്റർമാരെ തിരിച്ചറിയാനുള്ള ഒരു ഉപാധികൂടിയായിരുന്നു എന്നെപ്പോലുള്ളവർക്ക് ഈ ഓഫീസുകൾ. കമ്മിറ്റി അധ്യക്ഷൻമാർക്ക് ഇരിക്കാനുള്ള പ്രത്യേക ഓഫീസുകൾ.
സെനറ്റിന്റെ തലവനായ വൈസ്പ്രസിഡണ്ടിന് പ്രത്യേകം രൂപകല്പന ചെയ്ത ഓഫീസ്… സന്ദർശകർക്ക് സെനറ്റിലെ ഓഫീസുകളൊക്കെ നടന്നുകാണാവുന്നതാണ്. പ്രത്യേക അനുമതി വാങ്ങണമെന്നു മാത്രം. മുക്കിലും മൂലയിലും പോലീസ് ഉദ്യോഗസ്ഥരുണ്ടാവും. സന്ദർശകർക്കായി ഒരു വഴിയും സ്റ്റാഫിനായി മറ്റൊരു വഴിയുമാണ് സെനറ്റിലുടനീളമുള്ളത്. സ്റ്റാഫാണല്ലോ എന്നു കരുതി എവിടെയും കയറിച്ചെല്ലാനൊക്കുകയില്ല. പോകുന്നിടത്തെല്ലാം പോലീസ് ഓഫീസർമാർക്ക് സ്റ്റാഫ് ബാഡ്ജ് കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ അകത്തേക്ക് കയറാനൊക്കുകയുള്ളൂ.
സെനറ്റിലെ പോലീസ് സംവിധാനം ആകെ മാറുന്നത് സെപ്റ്റംബർ 11 സംഭവത്തോടുകൂടിയാണ്. അതിനുമുമ്പുവരെ ക്യാപിറ്റൽ പോലീസ് എന്നത് ഒരു പബ്ലിക് റിലേഷൻ സംവിധാനം പോലെയൊന്നായിരുന്നു. എല്ലാ പ്രവേശനകവാടത്തിലും ആളുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും കയറ്റി വിടുകയുമായിരുന്നു അവരുടെ പ്രധാനപ്പെട്ട ജോലി. സെപ്റ്റംബർ 11 സംഭവത്തോടുകൂടി അവരുടെ ഘടനതന്നെ മാറി. എല്ലാവരും എകെ 47 തോളിലേന്തി സുരക്ഷാസംവിധാനങ്ങൾ കടുപ്പിച്ചു. ആദ്യമൊക്കെ എന്റെ ബാഡ്ജ് കാണിച്ചാൽ അകത്തു കയറാമെന്നായിരുന്നെങ്കിൽ പിന്നീട് കർശനമായ പരിശോധന നേരിടേണ്ടി വന്നിരുന്നു.
ഞാൻ കയറിവരുമ്പോൾ ചില പോലീസുകാർ എന്നെ പിടിച്ചുനിർത്തി ബാഡ്ജ് പരിശോധിച്ച്, ഒന്നുകൂടി പരിശോധിച്ച് തൃപ്തിയില്ലാതെ നിൽക്കുമായിരുന്നു. എന്നാൽ എനിക്ക് പിറകേ വരുന്ന മദാമ്മമാർക്കും സായ്പ്പുമാർക്കും ആ വിവേചനം നേരിടേണ്ടി വന്നിരുന്നില്ല. എന്നോട് കാണിക്കുന്ന ആ അധികം പരിശോധനയോട് അവർ അമർഷത്തോടെ പ്രതികരിക്കുമായിരുന്നു. അത് വിവേചനമായിരുന്നോ അതോ അവർ ഒരിക്കൽപോലും പ്രതീക്ഷിക്കാത്ത ഒരു സ്ത്രീ ബാഡ്ജുമിട്ടുകൊണ്ട് വരുന്നതുകൊണ്ടാണോ എന്ന് എനിക്കറിയില്ല.
നമ്മൾ ഇവിടെ പറയുന്ന 'സഭ'യ്ക്ക് Well of the Senate' എന്നാണ് സെനറ്റിൽ പറയുക. മുകളിലെല്ലാം വലിയ ഗ്യാലറിയാണ്. ഒരു കിണറിലേക്ക് നോക്കുന്നതുപോലെയാണ്. താഴെയാണ് സെനറ്റർമാർ ഇരിക്കുക. ഓരോ സെനറ്റർക്കും അതത് സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്യുന്ന ഇരിപ്പിടമായിരിക്കും ഉണ്ടാവുക. അത് സെനറ്റിനകത്തുതന്നെയുള്ള ആശാരിപ്പണിക്കാർ രൂപകല്പന ചെയ്യുന്നതാണ്. ഇരിപ്പിടങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ സഭവിച്ചാൽ അത് റിപ്പയർ ചെയ്യാനായ കാർപ്പെന്ററി വകുപ്പും ഉണ്ട്.
അതത് സ്റ്റേറ്റിനായി രൂപകല്പന ചെയ്തിട്ടുള്ള ഇരിപ്പിടത്തിൽ മാത്രമേ ആ സ്റ്റേറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ഇരിക്കുകയുള്ളൂ. തോന്നുന്നിടത്തോ, സീറ്റ് കിട്ടുന്നിടത്തോ പോയി ഇരിക്കുന്ന പരിപാടിയൊന്നും പാടില്ല. എല്ലാറ്റിനും മതിപ്പുളവാക്കുന്ന അടുക്കും ചിട്ടയും കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. ഒരു ചിത്രത്തിൽ വരച്ചുവെച്ചിരിക്കുന്ന കെട്ടിടത്തിലേക്ക് ഇറങ്ങിച്ചെന്ന് പണിയെടുക്കുന്ന സ്ഥിതി ഒന്നോർത്തുനോക്കൂ, ആദ്യകാലങ്ങളിൽ എനിക്കങ്ങനെയായിരുന്നു അനുഭവപ്പെട്ടിരുന്നത്.
സെനറ്റിലെ ഡ്രസ്‌കോഡ് പാലിച്ചിരിക്കണമെന്ന് നിർബന്ധമായിരുന്നു. സ്ത്രീകൾക്ക് സ്‌കേർട്ടും ജാക്കറ്റുമായിരുന്നു വേഷം. ജാക്കറ്റിടാതെ അകത്തുകയറാൻ പാടില്ല. പുരുഷന്മാർക്ക് പാന്റ്സും സ്യൂട്ടും ധരിച്ചിരിക്കണം. സ്‌കർട്ട് മുട്ടുവരെയേ ഉണ്ടാവുള്ളൂ. തണുപ്പുകാലത്തായിരുന്നു സ്ത്രീകൾക്ക് ഏറെ വിഷമിച്ചത്. മുട്ടിനുതാഴെ തണുത്തുമരവിച്ച അവസ്ഥയായിരുന്നു. സ്റ്റോക്കിങ്സിന് ഒരു പരിധിയുണ്ടായിരുന്നു തണുപ്പിനെ പ്രതിരോധിക്കാൻ. സ്‌കേർട്ടിലേക്ക് മാറിയതോടെ എനിക്ക് ആദ്യമാദ്യം വിഷമമായിരുന്നു. തദ്ദേശീയരേക്കാൾ തണുപ്പ് ഉഷ്ണരാജ്യത്ത് നിന്നുവന്നവർക്ക് അനുഭവപ്പെടുമല്ലോ. യു.എസ്സിൽ ജനിച്ചുവളർന്ന ഓഫീസിലെ ജോലിക്കാരികൾ തന്നെ തണുപ്പുകാലത്ത് സ്‌കേർട്ട്കൂടി ഇട്ടാലുള്ള അവസ്ഥ പറയുമായിരുന്നു.
ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാവുന്നുണ്ട്. അങ്ങനെയിരിക്കേയാണ് ടെക്സസിൽ നിന്നും വളരെ മിടുക്കിയായിട്ടുള്ളൊരു റിപ്പബ്ലിക്കൻ സെനറ്റർ തിരഞ്ഞെടുക്കപ്പെട്ടുവരുന്നത്. സെനറ്റർ ഹെയ്ലി ഹച്ചിൻസൺ. സെനറ്റിനകത്തെ ജോലിക്കാരികൾക്കുവേണ്ടി ഹച്ചിൻസൺ ഒരു ബില്ലുകൊണ്ടുവന്നു.
തണുപ്പുകാലത്തും സെനറ്റിലെ വനിതാ ഉദ്യോഗസ്ഥർ സ്‌കർട്ട് ധരിച്ചുവരണമെന്ന നിർബന്ധം മനുഷ്യാവകാശലംഘനമാണ്. ജോലിക്കാരികളെ ദ്രോഹിക്കുന്ന നിലപാടാണ് ഇത്. സെനറ്റിലെ ജോലിക്കാരുടെ വസ്ത്രനിയമം പരിഷ്‌കരിക്കണം. ലൂസിയാന സെനറ്ററായിരുന്ന മേരി ലാന്റ്രോയും ശക്തമായി ഈ ബില്ലിനെ പിന്തുണച്ചു-കുറച്ചധികം ചർച്ചകൾക്കൊടുവിൽ ബിൽ പാസ്സായി. സ്ത്രീകൾക്ക് പാന്റ്സ് ധരിക്കാൻ അനുമതിയായി. അപ്പോഴേക്കും ഞാൻ ജോലിയിൽ പ്രവേശിച്ചിട്ട് ആറുമാസമായിട്ടുണ്ടായിരുന്നു.
സെനന്റിൽ ജോയിന്റ് സെഷൻ വരുമ്പോൾ ഏതുരാജ്യത്തുനിന്ന് വന്നവരായാലും ശരി സെനറ്റിലെ ഡ്രസ്‌കോഡ് പിന്തുടരണമെന്ന് നിർബന്ധമാണ്. ഓരോ രാജ്യത്തെയും തലവന്മാർ വരുമ്പോൾ സെനറ്റ് നിഷ്‌കർഷിച്ചിട്ടുള്ള വസ്ത്രരീതി അവർക്ക് മുമ്പേ പറഞ്ഞുകൊടുക്കുന്നത് പതിവാണ്. വരുന്നവർ ജാക്കറ്റ് നിർബന്ധമായും ധരിച്ചിരിക്കണം. ജാക്കറ്റ് ഇടാതെ വരുന്നവർക്ക് ജോയ്ന്റ് സെഷനിൽ കയറുമ്പോൾ ധരിക്കാനായി ഡ്രസ് റൂമിൽ നാലോ അഞ്ചോ ജാക്കറ്റുകൾ സൂക്ഷിക്കുന്നതും പതിവാണ്. അത്തരം നിയമങ്ങളൊക്കെ യു.എസ്സിൽച്ചെന്ന് കാറ്റിൽപ്പറത്തിയ ഒരു സിംഹമുണ്ട് നമ്മുടെ ഇന്ത്യയിൽ! മിസിസ് ഗാന്ധി എന്ന് സെനറ്റ് രേഖപ്പെടുത്തിയ നമ്മുടെ ഇന്ദിരാ ഗാന്ധി! സെനറ്റിലെ ജോയ്ന്റ് സെഷനിൽ സാരി ഉടുത്തു മാത്രമേ സംസാരിക്കുകയുള്ളൂ, ജാക്കറ്റ് ഇടില്ല എന്ന നിലപാട് ഇന്ദിരാഗാന്ധി എടുത്തു. സെനറ്റിലെ വസ്ത്രനിയമം ചെറുതായൊന്നു പരിഷ്‌കരിക്കാതെ നിവൃത്തിയില്ലെന്നായി യു.എസ്സിന്. അതോടെ ഇന്ത്യൻ സ്ത്രീകൾ അഭിമാനമായും അഹങ്കാരമായും കരുതുന്ന സാരി സെനറ്റിലെ ഔദ്യോഗികവസ്ത്രപ്പട്ടികയിൽ ഇടം പിടിച്ചു. ഇന്ദിരാഗാന്ധി അവരുടെ സ്ഥായിയായ പ്രൗഢഗാംഭീര്യത്തോടെ സാരിയിൽ സെനറ്റിൽ പ്രത്യക്ഷപ്പെട്ടു, ജാക്കറ്റ് ധരിക്കാതെ ജോയ്ന്റ് സെഷനിൽ പങ്കെടുത്തു എന്നതാണ് ചരിത്രം.
റേഗന്റെ കാലത്താണ് ഞാൻ സെനറ്റിൽ ജോലിക്കാരിയാവുന്നത്. റേഗനും ഇന്ദിരാഗാന്ധിയും നല്ല സുഹൃത്തുക്കളായിരുന്നു. ഹാന്റ്സം വുമൺ എന്നായിരുന്നു ഇന്ദിരയെക്കുറിച്ച് റേഗൻ പറഞ്ഞിരുന്നത്. റോസ് ഗാർഡനിൽ ഇരിക്കുമ്പോൾ വളരെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നത് റേഗൻ അത്ഭുതത്തോടെ നോക്കിനിൽക്കാറുണ്ടായിരുന്നത്രേ. പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി ആദ്യമായി യു.എസ്സിൽ സന്ദർശനം നടത്തിയപ്പോഴാണ് ഇവിടെ ഒരു ഇന്ത്യാ-കൾച്ചറൽ ഫെസ്റ്റിവൽ നടത്താൻ റേഗനുമായി ധാരണയായത്. വാഷിങ്ടണിൽ വെച്ച് 'ഫെസ്റ്റിവൽ ഓഫ് ഇന്ത്യ' എന്ന പേരിൽ ഏറ്റവും ഭംഗിയായി അത് നടത്തപ്പെട്ടു.
കേരളത്തിലെ കലാമണ്ഡലത്തിൽ നിന്നും മുഴുവൻ കഥകളി സംഘവും കെന്നഡി സെന്ററിൽ പരിപാടി അവതരിപ്പിച്ചു. ആ കഥകളി സംഘത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് കേരള അസോസിയേഷനായിരുന്നു. കഥകളി സംഘത്തിലുള്ളവരിൽ മിക്കവരും സസ്യാഹാരികളായിരുന്നു. ഇവിടെ അധികം വെജിറ്റേറിയൻ ഹോട്ടലുകൾ ഇല്ലായിരുന്നു. കേരള അസോസിയേഷൻ അംഗങ്ങളുടെ വീടുകളിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് മൂന്നുനേരവും ഇവർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ചെയ്തത്.
വാഷിങ്ടൺ സ്മാരകത്തിനുചുറ്റും ഇന്ത്യയിലെ എല്ലാവിധത്തിലുമുള്ള സ്ട്രീറ്റ് ഫുഡുകൾ ഒരുക്കി ഒരു ഫുഡ് ഫെസ്റ്റിവൽ കൂടി ഇതിന്റെ ഭാഗമായി നടത്തിയിരുന്നു. നാനാത്വത്തിലെ ഏകത്വമായി അറിയപ്പെടുന്ന ഇന്ത്യയെ അടുത്തറിയാൻ യു.എസ്സിലെ നാട്ടുകാർക്ക് സൗകര്യമൊരുക്കിയത് ഫെസ്റ്റിവൽ ഓഫ് ഇന്ത്യയായിരുന്നു. അവർ അത്ഭുതത്തോടെ ഇന്ത്യയെ രുചിച്ചു. ഇന്ത്യക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് ഏറെ അഭിമാനം തോന്നിയ ദിവസങ്ങളായിരുന്നു അത്.
മിസിസ് ഗാന്ധി വരുമ്പോൾ ഞാൻ ജോലിക്ക് കയറിയിട്ടില്ല. എന്റെ സഹപ്രവർത്തകർ പറഞ്ഞുകേട്ട അറിവാണ് എനിക്കുള്ളത്. മിസിസ്. ഗാന്ധിയുടെ സ്ഫുടമായ ഇംഗ്ലീഷിൽ സെനറ്റ് ആകെ നിശബ്ദമായി കേട്ടിരുന്നതും അവരുടെ നിലപാടുകളുടെ ദൃഢതയെക്കുറിച്ചുമൊക്കെ ഓഫീസിൽ വലിയ മതിപ്പായിരുന്നു. എനിക്ക് അഭിമാനമായി. നമ്മുടെ സാരി യു.എസ് സെനറ്റിലെ ഔദ്യോഗികവസ്ത്രപ്പട്ടികയിൽ! 'വാൽ, നിങ്ങൾക്കും സാരി ഉടുത്തുവരാമല്ലോ.' എന്ന് കളിയായി സഹപ്രവർത്തകർ പറയുമായിരുന്നു. ആ പ്രവിലേജിൽ ഇടയ്ക്ക് സാരിയുടുത്ത് ഞാൻ ഓഫീസിൽ പോകാൻ തുടങ്ങി. വ്യത്യസ്തയായിരിക്കുക എന്നതാണല്ലോ നമ്മുടെ ജീവിതത്തിന്റെയൊക്കെ ലക്ഷ്യം തന്നെ. സാരിയിൽ ഞാൻ ഓഫീസിലെത്തുമ്പോൾ ഞാൻ ഒരു വിശേഷപ്പെട്ടവളായി മാറുന്നത് എനിക്കുതന്നെ അറിയാൻ കഴിഞ്ഞു. കൃത്യമായ ഇടവേളകളിൽ സാരിയിൽ ഞാൻ സെനറ്റ് ഓഫീസിൽ എത്തി.
സാരിയിൽ വരുമ്പോൾ എനിക്കുചുറ്റും ആളുകൾ വിശേഷങ്ങൾ പറഞ്ഞെത്താൻ തുടങ്ങി. എല്ലാവർക്കും അറിയേണ്ടത് ഇതെങ്ങനെയാണ് ഉടുക്കുന്നതെന്നായിരുന്നു. വിവിധ നിറത്തിലുള്ള സാരികൾ, അതിലെ ഡിസൈനുകൾ, മനോഹരമായ ബോർഡറുകൾ… അങ്ങനെ നമ്മുടെ സാരിയിൽ എനിക്കു ചുറ്റുമുള്ള കണ്ണുകൾക്ക് ഒഴിച്ചുകൂടാനാവാത്തതായി ഒന്നുമില്ലായിരുന്നു. ഊൺ സമയത്ത് ഒരു സായിപ്പ് എന്നോട് വന്ന് ചോദിച്ചു: 'ഇതെങ്ങെനെയാണ് ഉടുത്തതെന്ന് ഒന്നു കാണിച്ചുതരാമോ?' അഞ്ചുമീറ്റർ തുണി എങ്ങനെയാണ് ഇത്ര അടുക്കിലും ചിട്ടയിലും ഒരു ശരീരത്തെ പൊതിഞ്ഞിരിക്കുന്നത് എന്ന് അവർക്ക് ആശ്ചര്യമായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് അദ്ദേഹത്തോട് പറഞ്ഞു: 'ഇതെങ്ങനെയാണ് ഉടുത്തതെന്ന് അഴിച്ചുടുത്ത് കാണിക്കാൻ ഞാൻ തയ്യാറല്ല.' അടിപ്പാവാട എന്നൊരു സംഗതി ഉടുത്ത് അതിനുമേൽ സാരിയുടെ ഒരറ്റം കുത്തിവെച്ച് വട്ടം ചുറ്റി ഞൊറികൾ ഇടുന്ന വിദ്യ ഞാൻ പറഞ്ഞുകൊടുത്തു. അടിയിൽ ഒരു പാവാടയുണ്ടെന്നും അതിന്റെ ബലത്തിലാണ് ഈ അഞ്ചുമീറ്റർ ഇത്ര ഭംഗിയായി നിൽക്കുന്നതെന്നും കേട്ടുനിന്ന മദാമ്മമാർക്ക് അത്ഭുതമായിരുന്നു. ഞാൻ കുനിഞ്ഞുസാരി പൊക്കി പാവാട കാണിച്ചുകൊടുത്തു.
ആദ്യത്തെ കുറച്ചുനാളത്തെ സാരിയുടുക്കൽ ആവേശം പതിയേ കെട്ടടങ്ങി. ഇത് രാവിലെ ഇസ്തിരിയിടണം, ഉടുത്തുകൊണ്ട് യാത്ര ചെയ്യണം, സെനറ്റിൽ വൃത്തിയായിട്ടു മാത്രമേ പോകാൻ പാടുള്ളൂ. എന്റെ കൈയിലാണെങ്കിൽ അത്രയ്ക്കധികം സാരി ശേഖരവുമില്ല. പതുക്കേ പാന്റ്സും ജാക്കറ്റും തന്നെയായി എന്റെ സ്ഥിരവേഷം.
ഒരു ദിവസം ഗ്രേഗ് നേരിട്ട് വന്ന് എന്നെ വിളിച്ചു. വാൽ ജസ്റ്റ് കം റ്റു മൈ റൂം. ഞാൻ വേഗം ചെന്നു. അദ്ദേഹം ചിന്താമഗ്‌നനായി ഇരിക്കുന്നുണ്ടായിരുന്നു. വാൽ, ജസ്റ്റ് ഹേഡ് ദാറ്റ് യുവർ പ്രൈം മിനിസ്റ്റ് മിസിസ്.ഗാന്ധി ഹാസ് ബീൻ ഷോട്ട്. ഞാൻ അന്തംവിട്ട് നിന്നു. ഇന്ത്യയിൽ ഇന്ദിരാഗാന്ധിയുടെ മരണം സ്ഥിരീകരിക്കാൻ ഇനിയും മണിക്കൂറുകൾ എടുത്തിട്ടുണ്ടായിരുന്നു. സംഭവം നടന്ന് മിനിറ്റുകൾക്കകം തന്നെ അമേരിക്കയിൽ അവരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഹാൾവേയിൽ ആളുകൾ കൂട്ടംകൂടി നിൽക്കാൻ തുടങ്ങിയിരുന്നു. അവർ പരസ്പരം ചർച്ചയും സംസാരവുമാണ്. ഞാൻ നേരെ എന്റെ ഓഫീസിൽ ചെന്നിട്ട് റെഗുലർ ഫോണിൽ ശേഖറിനെ വിളിച്ചു കാര്യം പറഞ്ഞു. തിരികെ വരുമ്പോൾ ഒന്നുകൂടി അറിയാൻ കഴിഞ്ഞു: രാജീവ് ഗാന്ധി അടുത്ത പ്രധാനമന്ത്രിയാവാൻ പോകുന്നു! ഞാൻ അമ്പരപ്പോടെ എന്റെ സഹപ്രവർത്തകരോട് പറഞ്ഞു: 'എനിക്ക് തോന്നുന്നില്ല, അദ്ദേഹം ആ റിസ്‌ക് ഏറ്റെടുക്കുമോ എന്ന്, ഇന്ത്യയുടെ പ്രധാനമന്ത്രിപദം ഏറ്റെടുക്കാനുള്ള രാഷ്ട്രീയപരിചയമൊന്നും അദ്ദേഹത്തിനില്ല.' പക്ഷേ ഇന്ത്യയിൽ ഇനി നടക്കാൻ പോകുന്ന നിർണായകമായ കാര്യങ്ങൾ അമേരിക്കയിലെ സെനറ്റ് ജോലിക്കാർക്കിടയിൽപ്പോലും നേരത്തേ സ്ഥിരീകരിക്കപ്പെട്ടിരുന്നു.
ഒരു രാജ്യത്തിന്റെ തലവൻ യുഎസ് സന്ദർശിക്കുമ്പോൾ നടത്തപ്പെടുന്നതാണ് ജോയിന്റ് സെഷൻ. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സും സെനറ്റേഴ്സും പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും സുപ്രീം കോടതി ജഡ്ജുമാരുമെല്ലാം ചേർന്ന് അതിഥിരാഷ്ട്രത്തലവനെ സ്വീകരിക്കും. അവർക്ക് തങ്ങളുടെ നയങ്ങളെക്കുറിച്ചും നയതന്ത്രങ്ങളെക്കുറിച്ചും ജോയിന്റ് സെഷനിൽ നീണ്ട പ്രസംഗങ്ങൾ നടത്താനുള്ള സൗകര്യമൊരുക്കും. അതാണ് ജോയിന്റ് സെഷൻ.
മേൽപ്പറഞ്ഞവരെക്കൂടാതെ പ്രസംഗം കേൾക്കാൻ താൽപര്യമുള്ളവർക്ക് പ്രത്യേക പാസുനൽകി അവരെയും അതിഥിയായി പരിഗണിക്കും. ഒരു ദിവസം സാർജന്റ് അറ്റ് ആംസ് എന്നെ വിളിച്ചു. സെനറ്റ് ഓഫീസ് തലവനും സെക്യൂരിറ്റി മേധാവിയും പ്രോട്ടോക്കോൾ ഓഫീസറുമാണ് സാർജന്റ് അറ്റ് ആംസ്. വൈസ് പ്രസിഡണ്ടാണ് സാർജന്റ് അറ്റ് ആംസിനെ നിയമിക്കുക. അമേരിക്കൻസെനറ്റിൽ രണ്ട് ഡിവിഷനുകളാണ് ഉള്ളത്- സെക്രട്ടറി ഓഫ് പ്രസിഡണ്ട്, സാർജന്റ് അറ്റ് ആംസ്. ഇതു രണ്ടും സ്ഥിരമായ സംവിധാനമാണ്. സെക്രട്ടറി ഓഫ് പ്രസിഡന്റാണ് പേ റോൾ തീരുമാനിക്കുന്നത്. കാപിറ്റൽ പോലീസ് സാർജന്റ് അറ്റ് ആംസിന്റെ നിയന്ത്രണത്തിലായിരിക്കും. സെനറ്റിലെ ജോയിന്റ് സെഷനിലേക്ക് പ്രസിഡണ്ടിനെ ആനയിച്ചു കൊണ്ടുവരുന്നത് സാർജന്റ് അറ്റ് ആംസ് ആണ്. പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും സാർജന്റ് അറ്റ് ആംസിനുമാത്രമേയുള്ളൂ.
കാപിറ്റൽ പോലീസും ഞാൻ ജോലി ചെയ്യുന്ന ഐടി വകുപ്പും സാർജന്റ് അറ്റ് ആംസിന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ലാരി സ്മിത്ത് എന്ന ഓഫീസറായിരുന്നു ഞാൻ സർവീസിൽ പ്രവേശിക്കുമ്പോൾ സാർജന്റ് അറ്റ് ആംസിന്റെ ചുമതല വഹിച്ചിരുന്നത്. സാർജന്റ് അറ്റ് ആംസിന്റെ ഓഫീസിൽ നിന്നാണ് വിശിഷ്ടാതിഥികൾ വരുമ്പോൾ സെനറ്റ് ഓഫീസ് നിയന്ത്രിക്കാനും പാസുകൊടുക്കാനുമൊക്കെയുള്ള ഏർപ്പാടുകൾ ചെയ്യുക.
ആ പൊസിഷനിൽ ഇരിക്കുന്നയാളെ വലിയ ബഹുമാനത്തോടെയാണ് സെനറ്റിലെ ജോലിക്കാർ കാണുന്നത്. സാർജന്റ് അറ്റ് ആംസ് വിളിച്ചിട്ട് പറഞ്ഞു: 'നിങ്ങളുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധി വരുന്നുണ്ട്. നിങ്ങളാണ് നമ്മുടെ ഓഫീസിലെ ഏക ഇന്ത്യക്കാരി. ഈ സെഷനിലേക്ക് നിങ്ങളെ ക്ഷണിക്കാൻ ഞങ്ങൾ താൽപര്യപ്പെടുന്നു, ഭർത്താവിനെയും കൂടി അറിയിക്കൂ, രണ്ടുപേർക്കുമുള്ള പാസ് നിങ്ങളുടെ വശം തരാൻ ഞാൻ ആഗ്രഹിക്കുന്നു.' രാജീവ് ഗാന്ധി വരുന്നു! അദ്ദേഹത്തെ കാണാൻ എന്നെ ക്ഷണിച്ചിരിക്കുന്നു.
വൈകുന്നേരമാണ് ജോയിന്റ് സെഷൻ. മാലിനി കുഞ്ഞാണ്. അവളെ തനിച്ചാക്കി ശേഖറിന് ഇത്രദൂരം വരാൻ സാധ്യമല്ല. ഞാൻ പറഞ്ഞു; ഒരു പാസ് മതി. രാജീവ് വരുന്ന ദിവസമെത്തി. സെനറ്റ് ഓഫീസ് വിശിഷ്ടാതിഥിയെ സ്വീകരിക്കാനും ഒരുനോക്ക് കാണാനുമുള്ള വ്യഗ്രതയിലാണ്. എന്റെ പ്രിവിലേജിന്റെ കാതൽ അന്നാണ് എനിക്ക് മനസ്സിലായത്. ഞാൻ ആദ്യമായി ഒരിന്ത്യൻ പ്രധാനമന്ത്രിയെ നേരിൽ കാണുന്നു. അതും അമേരിക്കൻ സെനറ്റിൽ വെച്ച്, പ്രത്യേക അധികാരത്തോടെ, അനുമതിയോടെ! സുമുഖനായ രാജീവ് ഗാന്ധിയുടെ സ്ഫുടമാർന്ന പ്രസംഗം കണ്ണിമയ്ക്കാതെ, കാതു കൂർപ്പിച്ച് ഞാൻ കേട്ട് ഇരുന്നു. വിഖ്യാതമായിരുന്നു രാജീവിന്റെ ജോയിന്റ് സെഷൻ പ്രസംഗം.
ഇന്ത്യ എന്താണെന്നും, എന്താണ് ഇന്ത്യയുടെ വിഷൻ എന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ്രധാനമന്ത്രിയും തന്റെ അമ്മയുമായ ഇന്ദിരാഗാന്ധിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. സദസ്സിൽ നിറഞ്ഞ കൈയടികൾ ഉയർന്നു. സെഷൻ കഴിഞ്ഞതും സെനറ്റർമാരുൾപ്പെടെയുള്ളവർ വന്ന് എന്നെ അഭിനന്ദിക്കാൻ തുടങ്ങി. എല്ലാം രാജീവിനുള്ള അഭിനന്ദനങ്ങളായിരുന്നു. എങ്ങനെയാണ് ഇന്ത്യയ്ക്ക് ഇത്രയും ബുദ്ധിമാനായ പ്രധാനമന്ത്രിയെ ലഭിച്ചതെന്ന് ചോദിച്ചു.
അദ്ദേഹത്തിന്റെ ഭാഷാനൈപുണ്യം അവരെ അത്ഭുതപ്പെടുത്തിയിരുന്നു. അഭിമാനത്താൽ ഞാനൊരൊറ്റ ഇന്ത്യയായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. അതിനിടയിൽ ഒരു ലേഡി സെനറ്റർ വന്ന് എന്റെ തോളത്ത് കൈയിട്ടുകൊണ്ട് രാജീവിനെ നോക്കി പറഞ്ഞു: വാട്ട് എ ഹാൻസം മാൻ! ഞങ്ങൾ ഒന്നാകെ ചിരിച്ചുപോയി. സൂര്യതേജസ്സോടെ സെനറ്റിലൊന്നാകെ രാജീവ് പ്രഭാവം പടർന്നുപിടിക്കുകയായിരുന്നു. അന്നത്തെ ഇന്ത്യയുമായിട്ട് അന്നത്തെ യു.എസ്സിനുണ്ടായിരുന്ന ബന്ധം പ്രകടമായിരുന്നു രാജീവിന് നൽകിയ സ്വീകരണത്തിൽ.
വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ കുറച്ചു സ്റ്റാഫിനെ മാത്രം ക്ഷണിച്ച് അതിഥികൾക്ക് സ്വീകരണം നൽകാറുണ്ട്. പിറ്റേ ദിവസം എനിക്ക് റോസ് ഗാർഡനിലെ റിസപ്ഷനിലേക്ക് ക്ഷണം ലഭിച്ചു. രാജീവ് ഗാന്ധിയെ സെനറ്റിൽ വെച്ച് വളരെ ദൂരത്തുനിന്നാണ് കണ്ടത്. റോസ് ഗാർഡനിൽ ഇതാ വളരെയടുത്ത്! വിനയത്തോടെ ഞാൻ മാറിനിന്നു. വൈറ്റ് ഹൗസിൽ നിയോഗിക്കപ്പെട്ട ഫോട്ടോഗ്രാഫർമാർ ചിത്രങ്ങളെടുത്തിരുന്നു. പക്ഷേ സുരക്ഷാകാരണങ്ങളാൽ അവയൊന്നും പുറത്തേയ്ക്ക് പ്രസിദ്ധീകരിക്കാൻ അനുവാദമില്ല. നമുക്ക് സ്വകാര്യമായി കണ്ട് ആസ്വദിക്കാനേ പാടുള്ളൂ. സെനറ്റിൽ ഒരു ഇന്ത്യക്കാരി ജോലി ചെയ്യുന്നുവെന്നത് റോസ് ഗാർഡനിലെ വിരുന്നിനിടെ രാജീവ് ഗാന്ധിയെ ആരോ അറിയിച്ചു. അദ്ദേഹത്തിന് അത്ഭുതമായിരുന്നു, ഇന്ത്യക്കാരി അമേരിക്കൻ സെനറ്റിൽ ജോലിചെയ്യുന്നുവെന്നത്.
ഞാൻ അദ്ദേഹത്തിനു മുന്നിലേക്ക് ക്ഷണിക്കപ്പെട്ടു. ഔപചാരികമായി ഷേക് ഹാൻഡ് തന്നതിനുശേഷം ഇന്ത്യയിൽ എവിടെയെന്നായിരുന്നു അദ്ദേഹം ആദ്യം ചോദിച്ചത്. കേരള എന്നു പറഞ്ഞപ്പോൾ അദ്ദേഹം കേരളത്തിൽ എവിടെ എന്നു ചോദിച്ചു. കേരളത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെയായിരുന്നു അദ്ദേഹം കൗതുകത്തോടെ ചോദിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വളർച്ചയിൽ കേരളത്തിൽ നിന്നുള്ള ദേശീയ നേതാക്കളുടെ പങ്കിനെക്കുറിച്ച് അദ്ദേഹത്തിനും ധാരണയുണ്ടാവാതിരിക്കില്ലല്ലോ. തിരുവനന്തപുരം എന്നു ഞാൻ മറുപടി പറഞ്ഞു. (പിന്നെ എന്തെങ്കിലും ചോദിച്ചിരുന്നോ?) വളരെ സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എനിക്കുപോകാം എന്ന മട്ടിൽ തലയാട്ടി.
ഞാൻ എന്റെ സഹപ്രവർത്തകരുടെ അടുത്തേക്ക് തന്നെ തിരിച്ചുപോയി. അന്നു മുഴുവൻ രാജ്യസ്നേഹം കൊണ്ട് ഞാൻ വീർപ്പുമുട്ടുകയായിരുന്നു. രാജീവ് ഗാന്ധി രണ്ടാമത്തെ തവണയും യുഎസ് സന്ദർശിച്ചപ്പോൾ സാർജന്റ് അറ്റ് ആംസിന്റെ ഓഫീസിൽ നിന്നും എനിക്കുവേണ്ടി രണ്ട് പാസ് നീക്കിവെച്ചിരുന്നു. വലിയ രാഷ്ട്രീയ ഗൗരവമുള്ള, വലിയ ആളുകളെ മാത്രമേ ജോയിന്റ് സെഷനിൽ പങ്കെടുപ്പിക്കുകയുള്ളൂ. അവിടേയ്ക്കാണ് ഞാൻ കപ്പലിലെ പാറ്റപോലെ കയറിച്ചെല്ലുന്നത്.
രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിൽ വെച്ച് ബോംബുസ്ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെടുന്നതിനുമുമ്പ് സെനറ്റ് ഓഫീസിൽ വെച്ച് ഞാനറിഞ്ഞു. ഇന്ദിരാഗാന്ധിയുടെ മരണം അറിയിച്ച അതേ അന്തരീക്ഷമായിരുന്നു അന്നും സെനറ്റ് ഓഫീസിൽ. ഓഫീസ് ഹാളിൽ ആളുകൾ കൂടിനിൽക്കുകയായിരുന്നു. ഓരോരുത്തരായി വന്ന് എന്നോട് ആദരാഞ്ജലികൾ പറഞ്ഞ് ദീർഘനിശ്വാസത്തോടെ നടന്നുപോയി. എന്റെ വീട്ടിൽ നടന്ന ആകസ്മിക മരണത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയാവാത്തതുപോലെ ഞാൻ തരിച്ചുനിൽക്കുകയായിരുന്നു.
(തുടരും)
Content Highlights: A firsthand account of working in the US Senate, offering insights into its grandeur, Indira Gandhi`s impact, dress codes, and cultural exchanges. Discover the unique atmosphere of American politics.
Published: 20 Jan 2026, 12:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented