ഓണക്കാലം എത്തിയാൽ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ട്രഡീഷണൽ കസവുകളുടേയും സെറ്റ്-മുണ്ടുകളുടേയും ഭംഗിയാണ്. എന്നാൽ ഇത്തവണ പതിവ് വേറിട്ടൊരു ട്വിസ്റ്റ് നൽകിയിരിക്കുകയാണ് നഴ്‌സും സ്‌റ്റൈലിസ്റ്റുമായ ലിസ മറിയം സ്റ്റാൻലി.

To advertise here,

മലയാളിയുടെ ഗൃഹാതുരത്വമായ തഴപ്പായ (കൈതയോല പായ) സാരിയിൽ കോർത്തിണക്കിയുള്ള ലിസയുടെ ഓണം ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

പരമ്പരാഗത കേരളീയതയും എത്നിക് ഫാഷനും സമന്വയിപ്പിച്ച ഈ വേറിട്ട പരീക്ഷണം ലിസ നടത്തിയിരിക്കുന്നത്.

പായയിൽ ഒരു ഓണസാരി

പായ കൊണ്ടു സാരിയെന്നത് എങ്ങും കേൾക്കാത്തൊരു ആശയമാണ്. വെറൈറ്റി തന്നെയാണ് ലിസയുടെ ഡിസൈന്റെ പ്രത്യേകത. എല്ലാവരും ചെയ്യുന്ന ശൈലിയിൽ നിന്ന് മാറ്റിപ്പിടിക്കണമെന്ന ചിന്തയാണ് ഈ വസ്ത്രത്തിന് പിന്നിലെന്ന് ലിസ പറയുന്നു. പാന്റും ക്രോപ്പ് ടോപ്പുമൊക്കെ ആദ്യം മനസ്സിൽ വിചാരിച്ചിരുന്നെങ്കിലും ഒടുവിൽ സാരിയിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. പൊതുവേ ട്രെൻഡിങ്ങിലുള്ളത് ഒഴിവാക്കി പ്രത്യേകം ക്യൂറേറ്റ് ചെയ്താണ് ഓരോന്നും ചെയ്യുന്നത്. അതിനായി തുണിയെടുക്കുന്നതും ജൂവലറി കണ്ടെത്തുന്നതുമെല്ലാം തനിക്ക് സന്തോഷം തരുന്ന കാര്യമാണ്-ലിസ പറയുന്നു.

ഓരോ ഡിസൈനും പിന്നിലും വലിയ റിസർച്ച് ആവശ്യമാണ്. ഒരുപാട് ഐഡിയ മനസിലുണ്ടായിരുന്നു. അതിലൊരെണ്ണം മാത്രമാണ് തഴപ്പായ. കഴിഞ്ഞ വർഷം മുതൽ തഴപ്പായയിൽ എന്തെങ്കിലും സപെഷ്യലായി ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുകയാണ്. അങ്ങനെയാണ് ഈ സാരി ജനിക്കുന്നത്. പല ഔട്ട്ഫിറ്റിലും പായ പരീക്ഷിക്കാമെന്ന് വിചാരിച്ച് അവസാനമാണ് സാരിയിലേയ്ക്ക് എത്തുന്നത്. പാന്റും ക്രോപ്പ് ടോപ്പുമെല്ലാം മനസിലുണ്ടായിരുന്നു. പായ ചെയ്യുന്ന ആളിനെ കണ്ടെത്തി സാരിയ്ക്ക് ആവശ്യമായ അളവിൽ നെയ്‌തെടുപ്പിക്കുകയാണ് ചെയ്തത്. കട്ടിയുള്ള തഴപ്പായയാണ് ഈ സാരിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായിരുന്ന അവസ്ഥയിലാണ് ആ ഷൂട്ട് നടത്തിയത്. ഇത്രയധികം വൈറൽ ആകുമെന്നൊന്നും കരുതിയില്ല. വെറൈറ്റി കൊണ്ടുവരണമെന്നു മാത്രമാണ് വിചാരിച്ചിരുന്നത്. ലിനൻ മെറ്റീരിയലിനാണ് സാരി ചെയ്യാനുപയോഗിച്ചിരുന്നത്. ജൂണിൽ തന്നെ ഈ ഡിസൈനിങ്ങെല്ലാം പൂർത്തിയാക്കിവെച്ചിരുന്നു. ജൂവലറി ക്യൂറേഷനും ഇതുപോലെ സമയമെടുത്താണ് ചെയ്യുന്നത്. ട്രൈബൽ ജൂവലറിയാണ് ഇൗ സാരി സ്‌റ്റൈൽ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത്-ലിസ പായ സാരിയുണ്ടായ കഥ പറഞ്ഞു.

ജോലിയോടൊപ്പം കൊണ്ടുനടന്ന പാഷൻ

കഴിഞ്ഞ 12 വർഷത്തോളമായി നഴ്‌സിംഗ് കരിയറിനൊപ്പം തന്നെ സ്‌റ്റൈലിംഗും അതിനൊപ്പം മോഡലിംഗും പാഷനായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് ലിസ. ഔദ്യോഗികമായി ഡിസൈനിംഗോ സ്‌റ്റൈലിംഗോ പഠിച്ചിട്ടില്ലെങ്കിലും ചെറുപ്പം മുതലേ അമ്മ ക്രാഫ്റ്റുകൾ ചെയ്യുന്നത് കണ്ടുള്ള പരിചയമാണ് ഇതിന് പിന്നിലെ പ്രചോദനം. ട്രെൻഡിംഗിലുള്ള കാര്യങ്ങൾ ഒഴിവാക്കി സ്വന്തമായി റിസർച്ച് ചെയ്ത്, വസ്ത്രവും ട്രൈബൽ ആഭരണങ്ങളുമെല്ലാം ക്യൂറേറ്റ് ചെയ്യുന്നത് ലിസയ്ക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

പ്രതിസന്ധികളെ മറികടന്ന വൈറൽ ഫോട്ടോഷൂട്ട്

പായ സാരി വൈറലായെങ്കിലും ഈ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് ലിസയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. എന്നാൽ താൻ ആഗ്രഹിച്ച വെറൈറ്റി ലുക്ക് പൂർണ്ണതയിലെത്തിക്കാൻ അവർ കാണിച്ച ആത്മാർത്ഥത വലുതായിരുന്നു. ഷൂട്ടിനിടയിൽ തലചുറ്റി വീണെങ്കിലും ഷൂട്ട് മനോഹരമായി പൂർത്തീകരിക്കാൻ ലിസയുടെ ദൃഡനിശ്ചയത്തിനായി. അത്രയധികം പരിശ്രമം ആ ലുക്കിനുപിന്നിലുണ്ടായിരുന്നു. 'ഇത്രയധികം വൈറലാകുമെന്ന് വിചാരിച്ചിരുന്നില്ല, ആളുകളിൽ നിന്ന് നല്ല പ്രതികരണം ലഭിക്കുമ്പോൾ അനുഭവിച്ച കഷ്ടപ്പാടുകളെല്ലാം മറന്നു,' ലിസ സന്തോഷം പങ്കുവെക്കുന്നു.

പതിവ് ഓണം ഫോട്ടോഷൂട്ടുകളിൽ നിന്ന് വ്യത്യസ്തമായി തികച്ചും പരിസ്ഥിതി സൗഹൃദപരവും സർഗാത്മകവുമായ ഈ പരീക്ഷണത്തിന് വൻ കൈയടിയാണ് ഇൻസ്റ്റഗ്രാമിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ലഭിക്കുന്നത്. പാരമ്പര്യത്തെയും ഫാഷനെയും ഇത്ര മനോഹരമായി കൂട്ടിയിണക്കിയ ലിസ മറിയം സ്റ്റാൻലിയുടെ ഈ 'പായ സാരി' ലുക്ക് ഇത്തവണത്തെ ഓണം ഫാഷൻ ട്രെൻഡുകളിൽ മുൻപന്തിയിൽ എത്തിയതും അങ്ങനെയാണ്.

നൊസ്റ്റുവാണ് ഇതിന്റെ കാതൽ

മറന്നുപോയ പല നാട്ടിൻപുറക്കാഴ്ചകളെയും ഓർമ്മപ്പെടുത്തുന്ന ഡിസൈൻ', 'പാരമ്പര്യത്തെയും ഫാഷനെയും ഇത്ര മനോഹരമായി എങ്ങനെ കൂട്ടിയിണക്കാൻ സാധിക്കുന്നു' എന്നൊക്കെയാണ് സാരിയെക്കുറിച്ചുള്ള കമന്റുകൾ. ലിസ ഇതിനൊപ്പം വേറിട്ട മറ്റു ഓണം ലുക്കുകളും തന്റെ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കസവില്ലാത്ത ഔട്ട്ഫിറ്റാണ് തന്റെ മനസിലുണ്ടായിരുന്നതെന്നും അത് പൂർത്തിയാക്കാൻ കഴിഞ്ഞെന്നും ലിസ പറയുന്നു.

ഓണക്കാലത്ത് കസവ് സാരികളിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് വലിയൊരു പ്രചോദനമാണ് ലിസ മറിയം സ്റ്റാൻലിയുടെ ഈ 'പായ സാരി' സ്‌റ്റൈലിംഗ്. കലയും പാരമ്പര്യവും കൈകോർക്കുമ്പോൾ പിറക്കുന്ന ഇത്തരം പരീക്ഷണങ്ങൾ മലയാളിയുടെ ഫാഷൻ സങ്കൽപ്പങ്ങൾക്ക് പുതിയൊരു ദിശാബോധം കൂടിയാണ് നൽകുന്നത്. ആലപ്പുഴ കായംകുളം സ്വദേശിയാണ്. പിതാവ് സി.കെ സ്റ്റാൻലിയും അമ്മ ലീലാമ്മയും മകളുടെ സന്തോഷത്തിന് കൂട്ടായി ഒപ്പമുണ്ട്.