ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ മിക്കപ്പോഴും കണ്ടിട്ടുള്ളത് വെള്ള വസ്ത്രത്തിലാണ്. എന്നാൽ, കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിൽ വിദ്യാർഥികളുമായി സംസാരിക്കാൻ രാഹുൽ എത്തിയത് പിങ്ക് ഷർട്ട് ധരിച്ചാണ്. അന്നുമുതൽ സോഷ്യൽമീഡിയയിൽ അതൊരു ചൂടേറിയ ചർച്ചയാണ്. ഇത് വെറുമൊരു ഫാഷൻ ചേഞ്ച് മാത്രമല്ല, മറിച്ച് തന്റെ രാഷ്ട്രീയ പ്രതിച്ഛായ പുതുക്കാനുള്ള രാഹുലിന്റെ ബോധപൂർവ്വമായ ശ്രമമാണെന്നാണ് നെറ്റിസൺസ് വിലയിരുത്തുന്നത്. വെള്ളയിൽനിന്ന് പിങ്കിലേക്കുള്ള മാറ്റത്തിന്റെ രാഷ്ട്രീയ ധ്വനി എന്താണ്?

To advertise here,

രാഹുൽ രാഷ്ട്രീയത്തിൽ സജീവമായ കാലംമുതൽ തുടർന്നുപോന്ന വെള്ള കുർത്ത അദ്ദേഹം ഉപേക്ഷിച്ചത് ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമാണ്. വെളുത്ത കുർത്തയും പൈജാമയും ഉപേക്ഷിച്ച് വെളുത്ത ടി-ഷർട്ട് രാഹുൽ ഗാന്ധിയുടെ പൊതുചിത്രത്തിന്റെ പ്രധാന ഭാഗമായി മാറിയിരുന്നു. അത് അദ്ദേഹത്തിന് ഒരു യുവനേതാവിന്റെ പരിവേഷം നൽകാൻ സഹായിച്ചതായി പിന്നീട് പലരും വിലയിരുത്തിയിട്ടുണ്ട്.

പിന്നീട് എഥനോൾ വിഷയത്തിൽ സർക്കാരിനെതിരെ സംസാരിക്കുമ്പോൾ അദ്ദേഹം ധരിച്ചത് നീല ടി-ഷർട്ടായിരുന്നു. അതിന് മുൻപ് 2024-ൽ അംബേദ്കറിനെതിരേ അമിത് ഷാ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലും രാഹുൽ നീല ടീഷർട്ട് ധരിച്ചിരുന്നു. പ്രതിഷേധത്തിന്റെയും ദളിത് അസ്തിത്വത്തിന്റെയുമൊക്കെ പ്രതീകമായാണ് നീലനിറം ഉപയോഗിച്ചതെന്നാണ് വിലയിരുത്തപ്പെട്ടത്. ദളിത് സംഘടനകൾ തങ്ങളുടെ പ്ലക്കാർഡുകളിലും പതാകകളിലും നീലനിറം ഉപയോഗിക്കുന്നതും ഈ വിലയിരുത്തലിന് കാരണമായി.

ഇപ്പോൾ പ്രയാഗ്‌രാജിൽ വിദ്യാർഥികളുടെ പ്രതിഷേധങ്ങൾക്കിടയിൽ അദ്ദേഹം പിങ്ക് ഷർട്ട് ധരിച്ചെത്തിയത് യാദൃച്ഛികമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ലോകമെമ്പാടും പ്രതിഷേധത്തിന്റെയും യുവത്വത്തിന്റെയും നിറമായാണ് പിങ്ക് കരുതപ്പെടുന്നത്. മുൻപ് പലപ്പോഴും പിങ്ക് നിറം പ്രതിഷേധത്തിന്റെ നിറമായി ഉപയോഗിച്ചിട്ടുള്ളതും ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻപ് 'പിങ്ക് ചഡ്ഡി' ക്യാമ്പയിനിലും ട്രംപിനെതിരെയുള്ള പ്രതിഷേധങ്ങളിലും ഈ നിറം പ്രതിഷേധത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

രാഷ്ട്രീയ സന്ദേശങ്ങൾ നൽകാൻ വസ്ത്രങ്ങളെയും നിറങ്ങളെയും ഉപയോഗിക്കുന്ന രീതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപയോഗിക്കാറുണ്ട്. വിവിധ നിറങ്ങളിലുള്ള തലപ്പാവുകളും ഔദ്യോഗിക പരിപാടികളിലെ വസ്ത്രധാരണവും മോദിയുടെ രാഷ്ട്രീയ ശൈലിയുടെ ഭാഗമാണ്. ഈ ഫാഷൻ സ്റ്റേറ്റ്മെൻ്റുകളെല്ലാം പലപ്പോഴും രാഷ്ട്രീയ ചർച്ചകളായി മാറാറുമുണ്ട്.