ഞാന് കണ്ട സുഗതച്ചേച്ചി ഒരു കൃഷ്ണഭക്തയാണ്. പൂജാവിധികളില് വിശ്വസിക്കുന്ന ആളാണ്. എന്നുകരുതി അവരെ ഹിന്ദുത്വ അജണ്ടയുമായി കൂട്ടിച്ചേര്ക്കാനുള്ള ശ്രമത്തോട് വിയോജിച്ചുനില്ക്കേണ്ടത് എന്റെ ധാര്മികതയുമാണ്.

മാലിനിയും അനൂപും തമ്മിലുള്ള വിവാഹം ഉറപ്പിച്ച വിവരം ഞാൻ സുഗതച്ചേച്ചിയെ അറിയിച്ച നിമിഷത്തെക്കുറിച്ച് ഓർക്കുകയാണ്. അവളുടെ വിവാഹം കേരളത്തിലെ ആചാരപ്രകാരം നടത്താനായിരുന്നു ഞങ്ങൾ തീരുമാനിച്ചത്. പയ്യൻ ഇവിടെയാണ് ജനിച്ചുവളർന്നതെങ്കിലും മലയാളിയാണ്. വരന്റെ അച്ഛനുമമ്മയ്ക്കും അതായിരുന്നു താത്പര്യവും. വിവാഹക്കാര്യം അറിഞ്ഞ സുഗതച്ചേച്ചി ഏറെ സന്തോഷത്തോടെ ചോദിച്ചു. മോളെ എന്താണ് ഞാൻ മാലിനിക്കുവേണ്ട ചെയ്യേണ്ടത്? ഞാൻ പറഞ്ഞു: സുഗതച്ചേച്ചി ഒന്നും ചെയ്യേണ്ടതില്ല. സ്‌നേഹവും അനുഗ്രഹവും മാത്രം മതി അവൾക്ക്. വിവാഹദിനത്തിൽ വായിക്കേണ്ട മംഗളപത്രം സുഗതച്ചേച്ചി വേണം എഴുതിത്തരാൻ. ഞങ്ങളുടെ നാട്ടിലൊക്കെ വിവാഹത്തിന് മുന്നോടിയായി വധൂവരന്മാരെ ആശിർവദിച്ചുകൊണ്ടുള്ള മംഗളപത്രം വായിക്കുന്ന പതിവുണ്ട്. അനേകമനേകം കവിതകൾ പിറന്ന, പരിസ്ഥിതി മലിനീകരണത്തിനും ചൂഷണങ്ങൾക്കുമെതിരേ മുദ്രാവാക്യമുയർത്തിയ ആ കൈകൾ കൊണ്ടുതന്നെ മാലിനിയുടെ വിശേഷപ്പെട്ട ദിവസത്തെ കുറിക്കുന്ന മംഗളപത്രം എഴുതപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. സുഗതച്ചേച്ചി മടിയേതുമില്ലാതെ കാവ്യഭംഗിയോടുകൂടിയുള്ള ഒരു മംഗളപത്രം തയ്യാറാക്കി അയച്ചുതന്നു. വിവാഹവേദിയിൽ വെച്ച് ആ മംഗളപത്രം എന്റെ സഹോദരന്റെ ഭാര്യ സിനി പണിക്കർ മലയാളത്തിൽ വായിച്ചു. ഗീതകൃഷ്ണൻകുട്ടിയായിരുന്നു മംഗളപത്രം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. അതും വിവാഹവേദിയിൽ ഉറക്കെ വായിക്കപ്പെട്ടു. മാലിനി ഇന്നും ആ മംഗളപത്രം വലിയ മൂല്യത്തോടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മാലിനിയും അനൂപും നാട്ടിൽ അമ്മയെ കാണാൻ പോയപ്പോൾ സുഗതച്ചേച്ചിയെ പോയി കണ്ട് അനുഗ്രഹം തേടി. ശാന്തിയിൽ പുകഞ്ഞ അശാന്തി ഞങ്ങളുടെ ബന്ധത്തെ ഉലച്ചില്ല എന്നതിൽ ഇന്നും എനിക്ക് അഭിമാനമുണ്ട്.
ഫൊക്കാന സാഹിത്യസമ്മേളനത്തിനുശഷം രണ്ടുതവണകൂടി സുഗതച്ചേച്ചി ഇവിടെ വന്നിരുന്നു. ഒരുദിവസം ഞാൻ ചേച്ചിയെയും കൂട്ടി കാപിറ്റോൾ കാണിക്കാൻ കൊണ്ടുപോയി. ലൈബ്രറി ഓഫ് കോൺഗ്രസ്സിന്റെ അകത്തേക്ക് കയറി പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നതെല്ലാം വിശദമായി കാണാം എന്നു ഞാൻ പറഞ്ഞപ്പോൾ സുഗതച്ചേച്ചി കാപിറ്റോൾ പരിസരത്തെ വൃക്ഷങ്ങളെ നോക്കിനിൽക്കുകയായിരുന്നു. മൂന്നൂറു വർഷം പഴക്കമുള്ള വൻ വൃക്ഷങ്ങൾ കാപിറ്റോൾ കോംപ്ലക്‌സിനകത്ത് പടർന്ന് പന്തലിച്ച് നിൽപ്പുണ്ട്. ഒരു പ്രദേശമൊട്ടാകെ തണലേകാൻ ശേഷിയുള്ള ആ വൃക്ഷങ്ങളെയെല്ലാം സുഗതച്ചേച്ചി കുറേയേറെ നേരം അതിശയത്തോടെ നോക്കിനിന്നു. ഇവിടെ വയോവൃദ്ധരായ വൃക്ഷങ്ങളെ പരിപാലിക്കാൻ ഒരു സംഘം ജോലിക്കാരെ തന്നെ നിയമിക്കുന്നത് പതിവാണ്. ഒരു വൃക്ഷത്തെ പരിപാലിക്കാൻ മിനിമം പത്ത് സ്റ്റാഫെങ്കിലും കാണും. വൃക്ഷത്തിന് ചുറ്റും കോൺക്രീറ്റ് സംരക്ഷണമൊരുക്കി, ചില്ലകൾ വൃക്ഷത്തിന് താങ്ങാൻ പറ്റാത്തതരത്തിൽ താഴ്ന്നുതുടങ്ങുമ്പോൾ കമ്പികൊണ്ട് വലിച്ചുകെട്ടി പിന്താങ്ങി നിർത്തിക്കൊണ്ട് ജ്ഞാനവൃദ്ധരായ സെലിബ്രിറ്റികളെ പരിപാലിക്കുന്ന വിധത്തിലാണ് ഓരോ വൃക്ഷത്തെയും സംരക്ഷിക്കുന്നത്. സുഗതച്ചേച്ചിക്ക് അതുകണ്ട് എന്തെന്നില്ലാത്ത അത്ഭുതമായിരുന്നു. 'കണ്ടില്ലേ, മുതുമുത്തപ്പനായിട്ട് ഇവിടെയുള്ള എല്ലാ സംഭവങ്ങൾക്കും സാക്ഷികളായിട്ട് അവരിങ്ങനെ നിൽക്കുകയാണ്. എന്തെല്ലാം ചരിത്രസംഭവങ്ങളാണ് ഇവർക്കുമുമ്പിൽ അരങ്ങേറിയിരിക്കുന്നത്!' ചേച്ചി പറഞ്ഞു. ലൈബ്രറി ഓഫ് കോൺഗ്രസ് കാണാൻ പോകാൻ ഞാൻ ചേച്ചിയെ പ്രോത്സാഹിപ്പിച്ചപ്പോൾ അവർ ചോദിച്ചു: ‘‘എന്തിനാ മോളേ ഇനിയും അവിടേക്ക് പോകുന്നത്. അവിടെയുള്ളതെല്ലാം നമ്മൾ കണ്ടില്ലേ. നമുക്ക് ഈ മരങ്ങളുടെ തണലിൽ കുറച്ചധികം നേരം ഇരിക്കാം.’’ അന്ന് ഞാൻ ഹാഫ് ഡേ ലീവ് എടുത്തിരുന്നു. ഉച്ചയ്ക്ക് പോയി ചേച്ചിക്ക് കഴിക്കാനുള്ളതെല്ലാം വാങ്ങിക്കൊണ്ടുവന്ന് മരത്തണലിൽ ഇരുന്ന് ഭക്ഷണവും കഴിച്ച് വരുന്നവരെയും പോകുന്നവരെയുമെല്ലാം നോക്കിക്കൊണ്ട് വെറുതേ അവിടെയിരുന്നു. എത്ര സമയം അങ്ങനേ ഇരുന്നു എന്നറിഞ്ഞുകൂടാ. തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു, എന്തെല്ലാം ഭാവനകളും സംഘർഷങ്ങളുമായിരിക്കും ആ കവിഹൃദയത്തിലൂടെ ആ സമയത്ത് കടന്നുപോയിട്ടുണ്ടാവുക. കൂടുതൽ തിരക്കുകളിലേക്ക് കടക്കാതെ, ഒരു വൃക്ഷം വെച്ചുനീട്ടിയ തണലും തണുപ്പും തന്നിലേക്കാവാഹിച്ചുകൊണ്ട് മലയാളത്തിന്റെ മഹാകവി പട്ടം അലങ്കരിക്കാൻ ശേഷിയുള്ളൊരാൾ ഇതാ സമയത്തിന് വില കൽപിക്കാതെ ഇരിക്കുന്നു. സാധാരണ വരുന്നവരെപ്പോലെ അമേരിക്കയുടെ അഭിമാനസ്തംഭങ്ങളോ സ്മാരകങ്ങളോ ഓടിനടന്നുകണ്ടുതീർക്കാൻ സുഗതച്ചേച്ചിക്ക് താത്പര്യമില്ലായിരുന്നു. വെള്ളച്ചാട്ടവും അരുവിയും പക്ഷികളുടെ ശബ്ദവും പൂക്കൾ പട്ടുമെത്ത വിരിച്ച പുൽത്തകിടികളും ശ്വാസവും ആശ്വാസവും തരുന്ന വൃക്ഷങ്ങളുമായിരുന്നു സുഗതച്ചേച്ചിയുടെ ഇഷ്ടങ്ങൾ. പൂക്കൾ നിറഞ്ഞുനിൽക്കുന്ന ഒരു ഗാർഡനിലും ഹാർപ്പേഴ്‌സ് ബെറിയിലും ഞാൻ അവരെയും കൂട്ടി പോയി. സാരി മുട്ടുവരെ തെറുത്തുകയറ്റി അരുവിയിലെ വെള്ളത്തിലേക്ക് കാലിട്ട് പതുക്കെ ഓളങ്ങളുണ്ടാക്കി ഏറെനേരം ഇരിക്കുന്ന സുഗതച്ചേച്ചിയുടെ രൂപം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. അമേരിക്കയിലേക്ക് വരുമ്പോൾ ഇത്രയും മരങ്ങളും അരുവിയും കാണാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നവർ പറഞ്ഞപ്പോൾ ഉള്ളിൽ നുരയുന്ന ആഹ്ലാദം എനിക്ക് തൊട്ടറിയാമായിരുന്നു.
അമേരിക്കയിൽ പരിപാടികളിൽ പങ്കെടുക്കാനും അഭയയ്ക്കുവേണ്ടി ഫണ്ട് സമാഹരിക്കാനും മാത്രമായി ഇവിടെയുള്ള ആളുകളുമായി ബന്ധം നിലനിർത്തിയ ഒരാളായിരുന്നില്ല സുഗതച്ചേച്ചി. പ്രവാസികളായ കുട്ടികൾക്കിടയിൽ മലയാളഭാഷയെ വേരുപിടിപ്പിക്കാൻ ചേച്ചി മുൻപന്തിയിൽത്തന്നെയുണ്ടായിരുന്നു. അമേരിക്കയിലെ കുറച്ച് സർവകലാശാലകളിൽ മലയാളം ഒരു പഠനവിഷയമായതിൽ നമുക്ക് അഭിമാനിക്കാം. അതിനു പിന്നിൽ വലിയൊരു പ്രയത്‌നത്തിന്റെ കഥയുണ്ട്.
കേരള അസോസിയേഷനുപുറമേ ഇവിടെ വളരെ സജീവമായൊരു സംഘടനയാണ് കേരള കൾച്ചറൽ സൊസൈറ്റി. കെ.സി.എസ്സിന്റെ ആരംഭകാലം മുതൽക്കേ അവർ കളരി എന്ന പേരിൽ മലയാളം ക്ലാസ് നടത്തിവരുന്നുണ്ട്. ഇവിടെ ജനിച്ചുവളരുന്ന മലയാളികളായ കുട്ടികൾക്ക് മാതൃഭാഷ അന്യംനിന്നുപോകരുത് എന്ന നിർബന്ധത്താൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലമായി ഈ കളരി വളരെ സജീവമാണ്. 2011-ലെ കേരള സർക്കാർ പ്രവാസികളുടെ മലയാളം മെച്ചപ്പെടുത്താനുള്ള ഒരു പദ്ധതി രൂപീകരിച്ചത് അന്ന് എന്റെ ശ്രദ്ധയിൽപെടുത്തിയത് എന്റെ സുഹൃത്തും കളരിമലയാളം അധ്യാപികയുമായിരുന്ന ബീന ടോമിയായിരുന്നു. ബീന ഐടി പ്രൊഫഷണലാണെങ്കിലും മലയാളത്തോടുള്ള താത്പര്യം കൊണ്ട് കുട്ടികളെ മലയാളം പഠിപ്പിക്കാൻ സമയം കണ്ടെത്തുമായിരുന്നു. പ്രവാസി മലയാളികളുടെ കുട്ടികൾക്കായി മലയാളം മിഷൻ എന്നൊരു പദ്ധതി സർക്കാർ ആരംഭിച്ച വാർത്ത ബീനയാണ് എന്നോട് പറയുന്നത്. ഒ.എൻ.വി കുറുപ്പ്, സുഗതകുമാരി, തുടങ്ങിയവരാണ് ഈ പദ്ധതിയെ നയിക്കുന്നത്. ബീന ആവശ്യപ്പെട്ടതുപ്രകാരം സുഗതച്ചേച്ചിയുടെ ഇമെയിൽ ഐഡി കൊടുത്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. സുഗതച്ചേച്ചിക്ക് ഇത് വലിയ ആവേശമായിരുന്നു. മലയാളം മിഷനിൽ രജിസ്റ്റർ ചെയ്യാൻ കെ.സി.എസ് താത്പര്യമറിയിച്ചപ്പോൾ അവർ അതിനായി വേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുത്തു. അങ്ങനെ അമേരിക്കയിലെ ആദ്യത്തെ മലയാളം മിഷൻ സെന്ററായി കേരള കൾച്ചറൽ സൊസൈറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു. പിന്നീട് പലയിടങ്ങളിലേക്കും മലയാളം മിഷൻ വ്യാപിപ്പിക്കുന്നതിലും സുഗതച്ചേച്ചി മുൻകൈയെടുത്തു.
ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഭാഷാ സംബന്ധിയായ ബിരുദങ്ങൾ ഐച്ഛികവിഷയമായ എടുക്കുന്ന വിദ്യാർഥികൾക്ക് പ്രധാനഭാഷയായ ഇംഗ്ലീഷിനുപുറമേ സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ തുടങ്ങിയ ഭാഷകൾ തിരഞ്ഞെടുക്കുന്നതുപോലെ മലയാളവും ഐച്ഛികമായി പഠിക്കാം എന്ന തീരുമാനം വിർജീനിയ സർവകലാശാലയാണ് ആദ്യം നടപ്പിലാക്കിയത്. സർവകലാശാലയുടെ നിരീക്ഷണപ്രകാരം മലയാളം സംസാരിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്. ഒരു ഭാഷ എത്ര ശതമാനം പേർ ഉപയോഗിക്കുന്നു എന്നൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് സർവകലാശാല പഠനവിഷയമായി തിരഞ്ഞെടുക്കുക. അതുകൊണ്ടുതന്നെ വിർജീനിയ സർവകലാശാലയിൽ പഠിക്കുന്ന ആർക്കുവേണമെങ്കിലും മലയാളം പഠിക്കാനുള്ള അവസരം ഒരുക്കി. മലയാളം പഠിച്ചാൽ മറ്റൊരു ഭാഷ പഠിക്കേണ്ടതില്ല. നമ്മുടെ ഭാഷയിലെ അമേരിക്കയിലെ പ്രധാനപ്പെട്ട സർവകലാശാലകളിൽ ഒന്ന് മലയാളത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന ഔന്നത്യം നോക്കൂ. കെ.സി.എസ്സിന്റെ കളരിയിലൂടെ മലയാളം എഴുതാനും തങ്ങളെക്കൊണ്ടാവുന്നതുപോലെയൊക്കെ പറയാനും സാധിക്കുന്ന കുട്ടികൾക്ക് സർവകലാശാലയിലെ മലയാളവും എളുപ്പമായിരുന്നു.
ഒന്നിൽ കൂടുതൽ ഭാഷ കുട്ടികൾക്ക് പരിചയപ്പെടാനും പഠിക്കാനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ പല സംസ്ഥാനങ്ങളും നടപ്പിലാക്കിയിട്ടുള്ള Seal of Biliteracy awardൽ മലയാളം നേടിയെടുത്ത സ്ഥാനം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഇവിടത്തെ പല സംസ്ഥങ്ങളിലും മലയാളം അംഗീകൃത ഭാഷയാണ്. കുറേയധികം കോളേജുകൾ മലയാളഭാഷയ്ക്ക് ഇടം കൊടുത്തു. ലോകഭാഷാ ക്രെഡിറ്റുള്ള ഭാഷകളിൽ ഒന്നായി മാറി മലയാളം. ഇത്രയധികം നേട്ടങ്ങൾ അമേരിക്ക പോലൊരു രാജ്യത്ത് മലയാളം നേടിയെടുത്തതിൽ പ്രവാസികളായ മലയാളികൾക്കും മലയാളം മിഷനും അതിന് പാലമായി നിന്ന മലയാളം മിഷൻ ഉദ്യോഗസ്ഥർക്കും എക്കാലവും അഭിമാനിക്കാം. സുഗതച്ചേച്ചി നടത്തിയ സ്തുത്യർഹമായ ഇടപെടലുകളെ എക്കാലവും നന്ദിയോടെ സ്മരിക്കുക എന്ന ലക്ഷ്യത്തോടെ സുഗതച്ചേച്ചിയുടെ സ്മരണാർഥം വർഷംതോറും കെ.സി.എസ് കളരിയിലെ കുട്ടികൾ സുഗതാഞ്ജലി എന്ന പേരിൽ കാവ്യാലാപനമത്സരം നടത്തിവരുന്നുണ്ട്.
തന്റേതായ ശരികളിലും ആദർശങ്ങളിലും മാത്രം വിശ്വാസമർപ്പിച്ച് നാടൊട്ടാകെ ഓടിനടന്നു സുഗതച്ചേച്ചി. പ്രകൃതിക്കും പരിസ്ഥിതിക്കും വിഘാതമേൽക്കുന്ന ഏതു നയങ്ങൾക്കെതിരെയും പ്രതിഷേധത്തിന്റെ കൊടി ഉയർത്തി. ഭരണത്തിൽ ആരുവന്നാലും പോയാലും സുഗതച്ചേച്ചിയെ വ്യക്തിപരമായി വന്നുകണ്ടു. മുന്നിൽ വന്ന് സഹായം അഭ്യർഥിക്കുന്ന ആർക്കുവേണ്ടിയും ഭരണത്തിന്റെ പടികളുടെ ഉയരം നോക്കാതെ ഇരുന്നയിരുപ്പിൽ ഫോൺ ചെയ്ത് കാര്യം പറഞ്ഞു, പരിഹരിച്ചു. വിയോഗം എന്ന വാക്ക് അത്രമേൽ ഈർമ്മനാണെന്നത് ഞാൻ തിരിച്ചറിയുന്നത് സുഗതച്ചേച്ചി ഏൽപ്പിച്ച ശൂന്യതയിൽ നിന്നാണ്. വിയോഗത്തിന്റെ വേദന അത്രയധികം അനുഭവിച്ചുകൊണ്ടുതന്നെയായിരുന്നു ചേച്ചിയും മടങ്ങിയത്. വ്യക്തിജീവിതത്തിൽ ആ മൂന്നുസഹോദരിമാർ പരസ്പരം താങ്ങുംതണലുമായിരുന്നു. ഒരാളില്ലാതെ മറ്റുരണ്ടുപേരില്ലാത്ത സ്ഥിതി. ഹൃദയട്ടീച്ചറാണ് ആദ്യം യാത്രയായത്. അധികം താമസിയാതെ സുജാത ടീച്ചറും യാത്രയായി. സുജാതടീച്ചറുടെ വിയോഗം സുഗതച്ചേച്ചിയെ വല്ലാതെ തളർത്തിയിരുന്നു. കോവിഡ് കാലത്ത് ഒരു പാട്ടുപിന്നെയും പാടിനോക്കാതെ, ചിറകൊടിഞ്ഞ് കാട്ടുപക്ഷിയുടെ രോദനം കേൾക്കാതെ സുഗതച്ചേച്ചിയും വിട പറഞ്ഞു. അഭയ പിന്നീട് ആ നിലപാടിനെ മറികടന്ന് ആരുടെയൊക്കെ ഫണ്ട് സ്വീകരിച്ചു എന്നെനിക്കറിയില്ല. പക്ഷേ ശാന്തി തുടങ്ങിയതിനു പിന്നിലുണ്ടായിരുന്ന സുഗതച്ചേച്ചിയുടെ പ്രചോദനങ്ങൾ ഇന്നും എന്നിൽ ജീവിക്കുന്നു, ഞാൻ ഇവിടെയുണ്ടായിരിക്കുന്ന കാലത്തോളം അതെന്നിൽ ജീവനോടെ ഇരിക്കുക തന്നെ ചെയ്യും.
ഞാൻ കണ്ട സുഗതച്ചേച്ചി ഒരു കൃഷ്ണഭക്തയാണ്. പൂജാവിധികളിൽ വിശ്വസിക്കുന്ന ആളാണ്. എന്നുകരുതി അവരെ ഹിന്ദുത്വ അജണ്ടയുമായി കൂട്ടിച്ചേർക്കാനുള്ള ശ്രമത്തോട് വിയോജിച്ചുനിൽക്കേണ്ടത് എന്റെ ധാർമികതയുമാണ്. തികഞ്ഞ ഗാന്ധിയന്മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും മകൾ കൂടിയായ സുഗതച്ചേച്ചിക്ക് ആശയപരമായി എന്തെങ്കിലും വ്യതിയാനമുണ്ടായിരുന്നതായി ഞാൻ കരുതുന്നുമില്ല.
2018-ലാണ് സുഗതച്ചേച്ചിയെ അവസാനമായി കാണുന്നത്. സോണിയയുടെ വിവാഹം കഴിഞ്ഞ് ആദ്യമായി നാട്ടിൽ വന്നതാണ്. ഭർത്താവ് എഡ്വേർഡും കൂടെയുണ്ടായിരുന്നു. എനിക്കൊപ്പം അവരും സുഗതച്ചേച്ചിയെ കാണാൻ വന്നു. എഡ്ഡ്വിന് മലയാളം ഒട്ടും മനസ്സിലാവില്ല. ഒരു വാക്കിന്റെതന്നെ അനേകമനേകം പര്യായപദങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സുഗതച്ചേച്ചി സൂര്യന്റെ പത്ത് പര്യായപദങ്ങൾ പറഞ്ഞു. എന്നിട്ട് എഡ്വിന് ചേച്ചി ഭാഷയുടെ മനോഹാരിതയെക്കുറിച്ച് വിശദമാക്കിക്കൊടുത്തു. സുജാതടീച്ചർ ഹിമാലയത്തിൽ പോയ അനുഭവം സുഗതച്ചേച്ചി ഓർത്തെടുത്ത് പറയുകയായിരുന്നു. അവർ എത്രമാത്രം ഒരു ആത്മാവായി ജീവിക്കുന്നു എന്നു ഞാൻ ചിന്തിച്ചു. ഹൃദയകുമാരി ടീച്ചറെയും സുജാതാദേവി ടീച്ചറെയും എന്റെ അധ്യാപകരായി ഞാൻ കോളേജിൽ കണ്ടുമുട്ടിയവരാണ്. പക്ഷേ, കാലം എനിക്ക് കാത്തുവെച്ച ആത്മബന്ധം സുഗതച്ചേച്ചിയോടായിരുന്നു. സുഗതച്ചേച്ചിയോടൊത്തുള്ള ഓർമകൾ, അവരയച്ച കത്തുകൾ, അഭയയ്ക്കുവേണ്ടിയുള്ള അധ്വാനങ്ങൾ, പ്രതീക്ഷകൾ.. അതിനെല്ലാറ്റിനുമപ്പുറം മലയാളഭാഷ തന്റെ ഊർജവും സൗന്ദര്യവും കൊണ്ട് അനുഗ്രഹിച്ച കാവ്യഭാവുകത്വം. സുഗതച്ചേച്ചി ഒരൊറ്റ നക്ഷത്രമായി വിഹായസ്സിൽ തിളങ്ങിനിൽക്കുകയാണ്. നഷ്ടം എന്ന വാക്ക് വീണ്ടും തരുന്നത് വേദനയാണ്.
Content Highlights: Sugathakumari's pivotal role in establishing the first Malayalam Mission center in the US., Her deep affinity for nature and the environment reflected in her personal life., The institutionalization of Malayalam as an elective language in American universities., Personal anecdotes highlighting her warmth, literary brilliance, and humanitarian spirit.
Published: 26 May 2026, 09:55 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented