തിരുവനന്തപുരം വിമൻസ് കോളേജിലെ പൂർവിദ്യാർഥികൾ എന്ന നിലയിൽ മറ്റൊരു സൗഹൃദവലയം കൂടി ഇവിടെ എനിക്കുണ്ടായിരുന്നു. എന്റെ സീനിയറായി പഠിച്ചവരും ജൂനിയർമാരും സഹപാഠികളും അടങ്ങുന്ന സാമാന്യം മോശമല്ലാത്തൊരു അംഗബലമുള്ള സംഘമായിരുന്നു അത്. പല പരിപാടികൾക്കിടയിലും കുറച്ചുനേരത്തേക്കെങ്കിലും ഞങ്ങളൊരു ഗ്യാങ്ങായി ഇരുന്ന് വർത്തമാനം പറയുന്നത് പതിവായിരുന്നു. ഞങ്ങളുടെ സീനിയറായിരുന്ന വിജയകുമാരിച്ചേച്ചി ഒരു കാര്യം പറയാനായി ഒരിക്കൽ എന്നെ വിളിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിലെ പൂർവ്വവിദ്യാർഥി സംഘടനയുടെ ഉത്തരവാദിത്തം വഹിക്കുക പാലസിലെ പ്രിൻസസ് ആണ്. അവരുടെ മേൽനോട്ടത്തിൽ കോളേജിന്റെ ക്ഷേമത്തിനായി കുറച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഹൃദയകുമാരി ടീച്ചർ പ്രിൻസിപ്പലായിട്ടാണ് വിരമിച്ചത്. പക്ഷേ, വിശ്രമജീവിതം എന്നൊന്ന് ടീച്ചർ അറിഞ്ഞിട്ടില്ല. അമേരിക്കയിലുള്ള പൂർവവിദ്യാർഥികൾ സംഘടിച്ച് കോളേജിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൃദയടീച്ചർ വിജയച്ചേച്ചിക്ക് ദീർഘമായൊരു കത്ത് എഴുതിയിരിക്കുന്നു. ടീച്ചറുമായി ആത്മബന്ധം സൂക്ഷിക്കുന്നയാളാണ് വിജയച്ചേച്ചി. ടീച്ചറുടെ ആവശ്യം നിറവേറ്റുന്നതിനായി പൂർവവിദ്യാർഥികൾക്ക് എന്താണ് ചെയ്യാൻ പറ്റുക എന്നാലോചിക്കണം. വിജയച്ചേച്ചി ഓരോരുത്തരെയും വിളിച്ച് ഇക്കാര്യം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം നമുക്കെല്ലാവർക്കും ഒന്നിച്ചിരുന്ന് തീരുമാനമുണ്ടാക്കാം എന്ന് ചേച്ചിയോട് ധാരണയാക്കി. 

To advertise here,

പത്തുപന്ത്രണ്ടോളം പേരടങ്ങുന്ന ഒരു മീറ്റിങ്ങായിരുന്നു അത്. പക്ഷേ, ഉള്ളവരെല്ലാം ഡോക്ടർമാരും നഴ്സുമാരുമൊക്കെയായി ഹൈ പ്രൊഫൈലുള്ളവരായിരുന്നു. എം.വി പിള്ളയുടെ ഭാര്യ പദ്മജ വിമൻസ് കോളേജിലാണ് പഠിച്ചത്. അവരുടെ വീട്ടിലായിരുന്നു ഞങ്ങൾ മീറ്റിങ് കൂടിയത്. ഇവിടെ നിന്നും പണം പിരിച്ചിട്ട് എന്താണ് കോളേജിനുവേണ്ടി ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ചൊക്കെ ഞങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കെട്ടിടം മോടി പിടിപ്പിക്കുകയാണോ, ലൈബ്രറി വിശാലമാക്കുകയാണോ, അങ്ങനെ ഓരോന്നും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ സാന്ദർഭികമായി വിജയച്ചേച്ചി സുഗതകുമാരിയെക്കുറിച്ച് പറഞ്ഞു. തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും രോഗമുക്തി നേടുകയും എന്നാൽ, തിരികെ സ്വീകരിക്കാൻ ആരും തയ്യാറാവാത്തതുമായ സ്ത്രീകളെയും അവരുടെ കുട്ടികളെയും സംരക്ഷിക്കാനും അവർക്ക് അഭയം നൽകാനുമായി സുഗതകുമാരി ഒരു 'അഭയ' കെട്ടിപ്പടുക്കുന്ന കാര്യം വിജയച്ചേച്ചി പറഞ്ഞു. അഭയയ്ക്കുവേണ്ടിയും നമ്മളാലാവുന്നത് നൽകണം എന്ന് വിജയച്ചേച്ചി പറഞ്ഞതോടെ എല്ലാവരും ആ ആവശ്യത്തെ പിന്താങ്ങി. വിമല എന്നു ഞങ്ങൾ വിളിക്കുന്ന ഡോ. സുബ്ബലക്ഷ്മി വിനായകം ഇക്കാര്യത്തിന് മുൻകൈയെടുത്തിട്ട് പറഞ്ഞു, അഭയയ്ക്കുവേണ്ടി നമുക്ക് സാധ്യമായതെല്ലാം ചെയ്യണം. അതോടെ ഞങ്ങളുടെ മുൻഗണന മുഴുവൻ അഭയയ്ക്കുവേണ്ടി പ്രവർത്തിക്കുക എന്നതായി. 

അഭയ കെട്ടിപ്പടുക്കുന്നതിനായി അഹോരാത്രം ഓടിനടക്കുന്ന സുഗതച്ചേച്ചിയെപ്പറ്റി അറിഞ്ഞ ഞങ്ങൾ കുറച്ചുപേർ ഇവിടെ 'ശാന്തി' എന്നൊരു സംഘടന രൂപീകരിക്കുകയാണ് ആദ്യം ചെയ്തത്. ഡോ. എം.വി പിള്ളയാണ് ശാന്തി എന്ന പേര് നിർദേശിച്ചത്. അഭയയുടെ പോഷകസംഘടന എന്ന നിലയിലാണ് ശാന്തി ഇവിടെ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അഭയയ്ക്കുവേണ്ടി ഏതുവിധത്തിലും ഫണ്ട് സമാഹരിക്കുക എന്നതുമാത്രമാണ് ലക്ഷ്യം. ശാന്തി രൂപീകരിക്കുമ്പോൾ എനിക്ക് സുഗതച്ചേച്ചിയെ നേരിട്ട് പരിചയമില്ല. അഭയ കെട്ടിപ്പടുക്കുന്നതിൽ അവർക്ക് എത്രകണ്ട് താങ്ങായി നിൽക്കാൻ പറ്റുമോ അത്രയും തന്നെ സാമ്പത്തികമായി സഹായിക്കുക എന്നതായിരുന്നു ശാന്തിയുടെ ലക്ഷ്യം. താമരയായിരുന്നു അഭയയുടെ ലോഗോ. വളകളിട്ട ഒരു കൈ ആ താമരയെ താങ്ങിനിർത്തുന്ന ഒരു ചിത്രമായിരുന്നു ശാന്തിയുടെ ലോഗോ. എന്റെ സഹോദരിയുടെ മകൻ രാകേഷായിരുന്നു ലോഗോ ഡിസൈൻ ചെയ്തത്. ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആയി ശാന്തി രജിസ്റ്റർ ചെയ്തു. ബിസിനസ്സുകാരനായ ബാബുരാജ് സ്റ്റീഫൻ എന്ന സുഹൃത്തായിരുന്നു ശാന്തിയെ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാക്കി രജിസ്റ്റർ ചെയ്യാനുള്ള സഹായങ്ങളെല്ലാം ചെയ്തുതന്നത്. ഒരു അഭിഭാഷകൻ മുഖേനയാണ് ശാന്തിയുടെ രജിസ്ട്രേഷൻ കാര്യങ്ങൾ നടത്തിയത്. പ്രവർത്തിക്കാൻ സംഘടനയായി, ഇനി വേണ്ടത് പണമാണ്. പണം പലവഴിയിൽ നിൽപുണ്ട്. ശാന്തിയുടെ ഒഴിഞ്ഞ ഭണ്ഡാരത്തിലേക്ക് അത് വരുത്തിക്കുക എന്നതാണ് വലിയ ടാസ്‌ക്. മുൻപിൻ നോക്കാതെ ഇറങ്ങിപ്പുറപ്പെടണം. ഞങ്ങൾ അങ്ങനെ തന്നെ തീരുമാനിച്ചു.

കോളേജിനല്ല, അഭയയ്ക്കാണ് പരിഗണന കൊടുക്കുന്നത് എന്ന കാര്യം നയത്തിൽ ഹൃദയടീച്ചറെ പറഞ്ഞുബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം വിജയച്ചേച്ചി ഏറ്റെടുത്തു. ടീച്ചർ ഒരു കാര്യം ആവശ്യപ്പെട്ടിട്ട് ഇത്രയും വിദ്യാർഥികൾ ഉണ്ടായിട്ടും സഹകരിച്ചില്ല എന്ന വിഷമം ഉണ്ടാവാതിരിക്കാനായി ഒരു നിശ്ചിത തുകയിൽ കോളേജിലേക്കുള്ള സംഭാവന ഒതുക്കി. ശാന്തി രൂപീകരിച്ചതിന്റെ തൊട്ടടുത്ത വർഷം ഫൊക്കാനയുടെ സാഹിത്യസമ്മേളനത്തിൽ സുഗതച്ചേച്ചി അമേരിക്കയിൽ വന്നു. 1991-ൽ. അന്നാണ് അവരെ ആദ്യമായിട്ട് നേരിട്ടുകാണുന്നത്. ഫൊക്കാനയ്ക്കുമുമ്പുതന്നെ ശാന്തിയുടെ വക അഭയയിലേക്കുള്ള ആദ്യത്തെ ഫണ്ട് എന്ന നിലയിൽ ഞങ്ങൾ ഒരു ഡിന്നർ നടത്തിയിരുന്നു. അടുത്തുള്ള ഒരു ചെറിയ സ്‌കൂളിന്റെ ഗ്രൗണ്ടും ഡൈനിങ് ഹാളും വാടകയ്ക്ക് എടുത്ത് എല്ലാവരെയും ഡിന്നറിനായി ക്ഷണിക്കുകയായിരുന്നു. ഞങ്ങൾ കുറച്ചാളുകൾ അവരവരുടെ വീടുകളിൽ നിന്നുതന്നെ വിവിധ വിഭവങ്ങൾ പാചകം ചെയ്തുകൊണ്ടുവന്നാണ് ഡിന്നർ ഒരുക്കിയത്. അക്കാലത്ത് റസ്റ്റോറന്റുകൾ അത്ര സജീവമല്ലായിരുന്നു. മലയാളി ഭക്ഷണം ഒരു പ്രധാനപ്പെട്ട ആകർഷണഘടകം തന്നെയായിരുന്നു. തദ്ദേശീയരായ കുറച്ചുസുഹൃത്തുക്കളെയും ഞങ്ങൾ ഡിന്നറിന് ക്ഷണിച്ചു. ചിക്കൻ കറി, ചോറ്, നാടൻ കറികൾ, ഉപ്പേരി, സാമ്പാർ, മീൻ പൊരിച്ചത് തുടങ്ങിയവയെല്ലാം ഞങ്ങൾ ഓരോരുത്തരുടെയും വീട്ടിൽ നിന്നും ഉണ്ടാക്കിക്കൊണ്ടുവന്ന് നിരത്തിവെച്ചു. ഒരു ഡിന്നറിന് മിനിമം ഫീ വാങ്ങിയിട്ടാണ് ആളുകൾക്ക് വിളമ്പിയത്. പൈസയുടെ കാര്യം ക്ഷണിക്കുമ്പോൾത്തന്നെ മുൻകൂട്ടി പറഞ്ഞിരുന്നു. രണ്ടുപേർക്ക് അമ്പത് ഡോളർ എന്ന നിരക്കിലായിരുന്നു ഡിന്നർ ഒരുക്കിയത്. അന്ന് പതിനഞ്ച് രൂപയെങ്ങാനുമാണ് ഒരു ഡോളറിന്റെ നിരക്ക്. എന്തുകൊണ്ടാണ് ഇങ്ങനൊരു ഡിന്നർ ഒരുക്കിയതെന്ന് അവിടെ വെച്ച് ഞാൻ വിരുന്നുകാരോട് വിശദമായി സംസാരിച്ചു. ഒരു വള്ളി പടർന്നുകയറണമെങ്കിൽ ഒരു വൃക്ഷം വേണം. ആ വൃക്ഷവും വള്ളിയും തമ്മിലുള്ള ബന്ധം എന്നത് ആശ്രിതത്വമാണ്. അതുപോലെ അഭയയ്ക്ക് ഒരു താങ്ങായിട്ടാണ് ശാന്തി ആരംഭിച്ചിരിക്കുന്നതെന്നും കേരളത്തിൽ അഭയ പോലൊരു സ്ഥാപനം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ അവിടെ ഞങ്ങൾ പരസ്പരം ചർച്ച ചെയ്തു.

അഭയ തുടങ്ങുന്ന കാലത്ത് അവരുടെ പ്രധാനപ്പെട്ട അവാർഡ് തുകകളെല്ലാം അഭയയ്ക്കായി നീക്കിവെക്കുക എന്നതായിരുന്നു സുഗതച്ചേച്ചി ആദ്യംചെയ്തത്. സുഗതകുമാരി എന്ന കവിയുടെ ബ്രാൻഡ്മൂല്യം അറിഞ്ഞുകൊണ്ട് ക്ഷണിക്കപ്പെടുന്ന വേദികളിൽ അവർ അഭയയ്ക്കുവേണ്ടി പരിപാടികളിൽ പങ്കെടുത്തു. സംഘാടകരോട് അഭയ എന്ന സ്ഥാപനത്തിന്റെ സാംഗത്യം വിശദമാക്കാനായി എത്ര സമയം വേണമെങ്കിലും ചെലവക്കാൻ സുഗതകുമാരി തയ്യാറായിരുന്നു. ഒറ്റയാൾ അധ്വാനത്താൽ അഭയ കെട്ടിപ്പടുക്കുന്നതുവരെ എനിക്കവർ കേരളത്തിലെ ഏറ്റവും മികച്ച കവികളിൽ ഒരാൾ മാത്രമായിരുന്നു. ഫൊക്കാനയുടെ സാഹിത്യസമ്മേളനത്തിൽ വെച്ചാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. ആ സമ്മേളനത്തോടെ എനിക്കവർ സുഗതച്ചേച്ചിയായി. എന്റെ ജ്യേഷ്ഠസഹോദരിയായി.

ഫൊക്കാന സാഹിത്യസമ്മേളനത്തിന് എം.ടി, ഒ.എൻ.വി, വിഷ്ണുനാരായണൻ നമ്പൂതിരി എന്നിവർക്കൊപ്പം സുഗതച്ചേച്ചി വന്നതുതന്നെ അഭയയുടെ നടത്തിപ്പിനായി സഹായമഭ്യർഥിക്കാനാണ്. അതവർ വ്യക്തമാക്കിയിരുന്നു-മോളേ, ഞാൻ അമേരിക്ക കാണുന്നതിനല്ല വന്നത്. നിങ്ങൾ എന്നെ സഹായിക്കാനായി ഒരു സംഘടന തുടങ്ങിയല്ലോ. അതിലേക്ക് ഞാൻ തന്നെ നേരിട്ടുവന്ന് ആളുകളോട് സംഭാവന ചോദിച്ചാൽ കൂടുതൽ ഗുണം ചെയ്യുമല്ലോ എന്നു കരുതിയാണ്. ആഘോഷങ്ങളൊന്നും വേണ്ട. എനിക്കായി അധികച്ചെലവും പാടില്ല. അന്ന് എം.ടിയുടെ അറുപതാം പിറന്നാളാഘോഷിക്കാൻ നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുന്ന വഴിയെല്ലാം ഞങ്ങൾ ഫണ്ട് ലഭിക്കുന്ന വഴികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമാണ് ആലോചിച്ചതും ചർച്ച ചെയ്തതും. എം.ടിയുടെ പിറന്നാൾ ഞങ്ങളാൽ ഗംഭീരമാക്കി തിരികെ വരുമ്പോൾ ദൂരക്കൂടുതൽ കാരണം ഒരു മലയാളി സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചത്. അദ്ദേഹത്തെ സുഗതച്ചേച്ചിക്ക് നേരത്തേ പരിചയമുള്ളതാണ്. അഭയയ്ക്കുവേണ്ടി സ്വരൂപിക്കുന്ന ഒരു വലിയ തുകയുടെ കാര്യം കൂടി അയാൾക്ക് ചർച്ച ചെയ്യേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ആ സുഹൃത്തിന്റെ വീട്ടിൽത്തന്നെ താമസിക്കാൻ തീരുമാനിച്ചത്.

വിശ്വഹിന്ദു പരിഷത്ത് എന്ന് ഞാൻ അതുവരെ കേട്ടിട്ടില്ലായിരുന്നു. ആ സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് അത്തരമൊന്ന് കേൾക്കുന്നത്. ഞങ്ങൾ കൂട്ടായിരുന്നു ഫണ്ടിനെക്കുറിച്ച് സംസാരിച്ചു. എന്തുകൊണ്ട് അഭയ എന്നതിനെക്കുറിച്ച് ദീർഘമായ ഒരു സംഭാഷണം ഞങ്ങൾ എല്ലാവരും ഇരിക്കെ തന്നെ സുഗതച്ചേച്ചി വിശദമാക്കി. തൊട്ടടുത്തുള്ള മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും രോഗമുക്തരായി പോകുന്നവർക്ക് ആരെയും ആശ്രയിക്കാനില്ലാതാവുന്നതും വീട്ടുകാർ കുടുംബത്തിലേക്ക് പ്രവേശിപ്പിക്കാത്തതും തെരുവിൽ അലയേണ്ടിവരുന്നതുമായ കാര്യങ്ങൾ സംഭവങ്ങൾ സഹിതം സുഗതച്ചേച്ചി വിശദമാക്കി. അതിനിടയിൽ എം.വി പിള്ള പറഞ്ഞു: 'അദ്ദേഹത്തിന് സ്വകാര്യമായി സുഗതച്ചേച്ചിയോട് കുറച്ചുനേരം സംസാരിക്കണം.' ഞങ്ങളെല്ലാവരും അവർക്ക് സംസാരിക്കാനായി എഴുന്നേറ്റപ്പോൾ ചേച്ചി എന്നോട് ഒപ്പമിരിക്കാൻ അഭ്യർഥിച്ചു. ഞാൻ ചേച്ചിയെ അനുസരിച്ച് അവരുടെ ഒപ്പമിരുന്നു. ആ സുഹൃത്തിന് അത് ഇഷ്ടമായിരുന്നോ എന്ന് ഇന്നും എനിക്കറിയില്ല. ആ കൂടിക്കാഴ്ച എനിക്ക് എത്രതന്നെ സ്മൃതിനാശം സംഭവിച്ചാലും മറക്കാൻ ഞാൻ എന്റെ തലച്ചോറിനെ സമ്മതിക്കില്ല. ഒരു നാടകത്തിലെ രംഗം പോലെ അതെന്റെ മസ്തിഷ്‌കത്തിൽ തറഞ്ഞുകിടപ്പുണ്ട്. ആ രംഗം ഒട്ടും അതിശയോക്തിയില്ലാതെ ഞാനിവിടെ പകർത്തട്ടെ: അൽപനേരത്തെ നിശബ്ദതയ്ക്കുശേഷം ആ മലയാളി സുഹൃത്ത് സുഗതച്ചേച്ചിയോട് ചോദിച്ചു: എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്നത്?

സുഗതച്ചേച്ചിയുടെ മറുപടി: അഭയയിൽ ജാതിമതഭേദമില്ലാതെ, ഏതുനേരത്തും ആരുവന്ന് വാതിൽ മുട്ടിയാലും അവർക്കായി തുറന്നുകൊടുക്കാനും അഭയം തേടാനും ഒരിടം ഒരുക്കുക എന്നതാണ് ലക്ഷ്യം. ഞങ്ങളുടെ പ്രാർഥനാമുറിയിൽ എല്ലാ ദൈവങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ചിത്രങ്ങൾ വെച്ചിട്ടുണ്ട്. എല്ലാ പ്രാർഥനകളും അവിടെ വെച്ച് ആർക്കുവേണമെങ്കിലും നടത്താം. ഒരു മിനിറ്റ് മൗനം. പിന്നീട് ആ മലയാളി സുഹൃത്ത് പറഞ്ഞു: 'ഒരു ലക്ഷം ഡോളർ വാങ്ങിച്ചുതരാം; വിശ്വഹിന്ദുപരിഷത്തിന്റെയും സഹോദരസംഘടനകളുടെയും സഹകരണത്തിൽ നിന്ന്. പക്ഷേ ഒരൊറ്റ ഡിമാന്റ്. ആ പൂജാമുറിയിൽ ഹിന്ദുദൈവങ്ങളെ മാത്രമേ വെച്ചാരാധിക്കാൻ പാടുള്ളൂ.'

സുഗതച്ചേച്ചി കുറച്ചുനേരം മൗനമായി അയാളെത്തന്നെ നോക്കി. പിന്നെ പേരെടുത്ത് വിളിച്ചുകൊണ്ട് പറഞ്ഞു: ഒരു ദിവസം അർധരാത്രിയായിക്കാണും. വാതിലിൽ മുട്ടുകേട്ട് തുറന്നപ്പോൾ ഒരു മുസ്ലിം സ്ത്രീയാണ്. ആറുവയസ്സായൊരു കുട്ടിയെയും കൈയിൽ പിടിച്ചുകൊണ്ട് മുറ്റത്ത് നിൽക്കുകയാണ്. കോഴിക്കോട്ട് നിന്ന് തീവണ്ടി കയറി വന്നിരിക്കുകയാണ്. ആരോ പറഞ്ഞു, അഭയയിൽ എത്തിയാൽ നിങ്ങൾക്ക് അഭയം ലഭിക്കും. അത് കേട്ടറിഞ്ഞ് പാതിരാമഴയത്ത് കൊച്ചുകുട്ടിയെയും കൊണ്ട് നനഞ്ഞൊട്ടി എനിക്കുമുന്നിൽ നിൽക്കുകയാണ് ആ സ്ത്രീ. റെയിൽവേസ്റ്റഷനിൽ നിന്നും ആരോ പറഞ്ഞുകൊടുത്തതാണ് എന്റെ വീട്ടിലേക്കുള്ള വഴി. അങ്ങനെ വന്ന് മുട്ടിയ അവരോട് നിങ്ങളുടെ മതം എന്താണെന്ന് ഞാൻ ചോദിക്കണോ? സുഗതച്ചേച്ചി അവസാനം പറഞ്ഞ ആ വാക്കുകളുടെ ദൃഢതയിൽ അമ്പരന്ന് ഞാനവരെത്തന്നെ നോക്കിയിരുന്നുപോയി. സുഗതച്ചേച്ചി അന്നു പറഞ്ഞ വാക്കുകളുടെ കരുത്തും സൗന്ദര്യവും ഞാൻ എങ്ങനെയൊക്കെ എഴുതിയാലും ചോർന്നുപോകുകയേ ഉള്ളൂ. അയാൾ സുഗതച്ചേച്ചിയെത്തന്നെ കുറച്ചുനേരെ നോക്കിയശേഷം എഴുന്നേറ്റുപോയി. ഒരുലക്ഷം ഡോളറാണ് ഒറ്റനിലപാടിന്റെ പേരിൽ റദ്ദുചെയ്യപ്പെട്ടത്. പക്ഷേ ഒരുകോടി ഡോളർ കൊടുത്താലും ആ നിലപാടിന്റെ തട്ട് ഭൂമിയോളം താഴ്ന്ന് തന്നെ ഇരിക്കും. ആ യാത്രയിൽ ഞാൻ സുഗതച്ചേച്ചിക്കൊപ്പം ഒരു ഫോട്ടോയെടുത്തിരുന്നു. അത് ഫ്രെയിം ചെയ്ത് ഞങ്ങളുടെ വീടിന്റെ ചുവരിൽ ആണിയടിച്ച് തൂക്കിയിട്ടു. വർഷങ്ങൾ കഴിഞ്ഞ് ഒരു വലിയ മലയാളി മുതലാളി ഞങ്ങളുടെ വീട്ടിൽ അതിഥിയായി എത്തി. അയാൾ ചുവരാകെ വീക്ഷിച്ച ശേഷം വലിയ അധികാരത്തോടെ ചോദിച്ചു: ഇവളുടെ പടം എന്തിനാണ്, ആരാണ് ഇവിടെ തൂക്കിയിട്ടിരിക്കുന്നത്? അതിഥിയോട് അപമര്യാദ പാടില്ല എന്ന ബോധ്യം എനിക്കുള്ളതിനാൽ ഞാൻ അതിന് മറുപടി പറഞ്ഞില്ല. പക്ഷേ അയാൾക്ക് ഡിന്നർ പറഞ്ഞിരിക്കുന്നത് ഞങ്ങളുടെ വീട്ടിലായിരുന്നു. ശേഖറിനെ അടുത്തുവിളിച്ച് ഞാൻ പറഞ്ഞു അയാൾക്ക് പച്ചവെള്ളം കൊടുക്കാനായിട്ടുപോലും എന്റെ അടുക്കള ഇന്നു ഞാൻ തുറക്കില്ല. ഞാൻ വെച്ച ചോറ് എടുത്തുകൊടുക്കാൻ പറ്റില്ല. ശേഖർ ആകെ പ്രതിസന്ധിയിലായി. അതിഥി കേരളത്തിലെ അറിയപ്പെടുന്ന മുതലാളിയാണുപോലും. എന്റെ ഏതോ അകന്ന ബന്ധത്തിലുള്ളയാളുമാണത്രേ. ഞാൻ ആരാധിക്കുന്നവരുടെ ഫോട്ടോയല്ലാതെ മറ്റെന്താണ് ഞാനെന്റെ ചുവരിൽ തൂക്കിയിടേണ്ടത്? സുഗതച്ചേച്ചിക്ക് പക്ഷേ ആ ഒരുലക്ഷം ഡോളറിനെക്കുറിച്ച് യാതൊരും അല്ലലുമില്ലായിരുന്നു. 'മോളേ ഞാൻ ഭിക്ഷ തെണ്ടാൻ വന്നതാണ്. എന്റെ ഭിക്ഷാപാത്രത്തിലേക്ക് വീഴുന്ന ഓരോ തുട്ടും ഒന്നിനൊന്നിനോട് കിടപിടിക്കുന്നതല്ല. എല്ലാത്തിനും ഒരേ മൂല്യമാണ്.' സുഗതച്ചേച്ചിയുടെ നിലപാട് അതുകൂടിയായിരുന്നു.

ഇവിടെ ഒരു നോൺപ്രോഫിറ്റ് ഓർഗനൈസേഷൻ ഉണ്ടാക്കിക്കഴിഞ്ഞാലും മുഴുവൻ പണവും വിദേശത്തേക്ക് അയക്കാൻ പാടില്ല എന്നാണ് നിയമം. അവിടെ രജിസ്റ്റർ ചെയ്യുന്നതിന്റെ ഒരു ഭാഗം ഇവിടെത്തന്നെയുള്ള ഒരു ചാരിറ്റി ഓർഗനൈസേഷന് കൊടുത്തിരിക്കണം. സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്ന അഭയയ്ക്കും മറ്റ് സംഘടനകൾക്കും എന്നാണ് ശാന്തിയുടെ രജിസ്ട്രേഷനിൽ പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ പ്രഥമ ഡിന്നർ സംരംഭം വൻ വിജയമായിരുന്നു. ആളുകൾ അമ്പത് ഡോളർ എന്ന കൃത്യം കണക്കൊന്നും നോക്കാതെ കൈയയച്ചുസഹായിച്ചു. പിന്നീടങ്ങോട്ട് എല്ലാവർഷവും ശാന്തിയുടെ ഈ ഡിന്നർമീറ്റ് ഞങ്ങൾ പതിവാക്കി. വർഷംകഴിയുംതോറും ഡിന്നറിനുവരുന്ന ആളുകളുടെ എണ്ണം കൂടി. സ്വരുക്കൂട്ടുന്ന പണം അഭയയ്ക്കായി കൈമാറി. ഭാഗ്യമെന്നു പറയട്ടെ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ശാന്തി ഇപ്പോഴും പ്രവർത്തനസജ്ജമാണ്. മുൻകാലപ്രവർത്തകർ ഒന്നുംതന്നെ സജീവമല്ലെങ്കിലും മാറിവന്ന തലമുറ ശാന്തിയെ കൈവിടാതെ പരിരക്ഷിക്കുന്നുണ്ട്. അഭയയുടെ പരിഛേദമായ അത്താണിയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കാൻ ശാന്തിക്കുകഴിഞ്ഞതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്.

ഡോ. വിമല ആയിരുന്നു ശാന്തിക്കായി ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയിരുന്നത്. സുഗതചേച്ചിയുടെ ഏറ്റവും അടുത്തയാളായിരുന്നു ഡോ. വിമല. വിമലയ്ക്കും എം.വി പിള്ളയ്ക്കുമെല്ലാം അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സ് എന്നുപേരായ മറ്റൊരു സംഘടന കൂടിയുണ്ടായിരുന്നു. അമേരിക്കയൊട്ടാകെ പരന്നുകിടക്കുന്ന ആ സംഘടന വർഷത്തിലൊരിക്കൽ സമ്മേളനം സംഘടിപ്പിക്കുമായിരുന്നു. അവിടെയെല്ലാം സമ്മേളന ദിവസങ്ങളിൽ ശാന്തിക്കായി ഒരു ബൂത്ത് അവർ അനുവദിച്ചുതന്നു. ശാന്തി വഴി അഭയയ്ക്കുകൊടുക്കാനായി അവരെല്ലാം കൈയയച്ചുസഹായിച്ചു. അതേപോലെ തന്നെ കേരളാഅസോസിയേഷന്റെ എന്തുപരിപാടി നടത്തുമ്പോഴും ശാന്തിക്കായി ഒരു ബൂത്തുവെച്ചു. ശാന്തിയുടെ ഉദ്യമം വരുന്ന ആളുകളെ ബോധ്യപ്പെടുത്തി ഫണ്ട് വാങ്ങിക്കുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ വാഷിങ്ടൺ മെട്രോ ഏരിയയിൽ നാലു മലയാളികൾ കൂടുന്ന എന്തുപരിപാടി സംഘടിപ്പിച്ചാലും അവിടെയെല്ലാം ശാന്തിയുമായി ഞങ്ങളെത്തി അഭയയ്ക്കായി സംസാരിച്ചു, കിട്ടുന്ന ഫണ്ടിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ സമാഹരിച്ചു. ഓരോ വർഷവും തിരുവനന്തപുരത്തുനിന്നും ആരാണോ അതിഥിയായി ഇവിടെയെത്തുന്നത് അവർവശം അഭയയിലേക്ക് ചെക്ക് കൊടുത്തുവിടുകയായിരുന്നു പതിവ്. പണം കൈപ്പറ്റിയ റസീറ്റ് അഭയയുടെ സീലോടുകൂടി സുഗതച്ചേച്ചി ഇവിടെ എത്തിക്കുന്നതും പതിവായിരുന്നു. ഓരോ പെന്നിയും നിയമവിധേയമായി നൽകുക എന്നതായിരുന്നു ഇരുകൂട്ടരുടെയും നിലപാട്.

വർഷങ്ങൾ പോകപ്പോകെ ശാന്തിയിൽ അശാന്തിപടർത്തുന്ന സംഭവങ്ങൾ ഉണ്ടായി. അഭയ മാത്രം പോരാ, വേറെയും സംഘടനകളെ സഹായിക്കേണ്ടതുണ്ട് എന്ന ആവശ്യം ശാന്തിക്ക് പുറത്തുനിന്നുള്ളവർ പറയാൻ തുടങ്ങി. അത് ശാന്തിയിലുള്ളവരുടെ സമാധാനം കെടുത്തുന്നതായിരുന്നു. ജാതി-മത സംഘടനകളുടെ വ്യവസ്ഥാപിത താൽപര്യങ്ങൾ പതുക്കെ തലപൊക്കാൻ തുടങ്ങി. ഞാൻ ആരുടെയും പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ആവശ്യം ഇതായിരുന്നു. അഭയയെ മാത്രം സഹായിച്ചാൽപ്പോരാ, വേറെയും സംഘടനകൾ ഉണ്ട്. അവരുടെ ക്ഷേമത്തിനായും ഫണ്ട് സമാഹരിക്കണം. സുഗതകുമാരിക്ക് മാത്രം ഫണ്ട് കൊടുത്താൽപ്പോരാ എന്ന ആവശ്യം പ്രകടമായിത്തുടങ്ങി. അത് പക്ഷേ എനിക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. ഞാൻ പതുക്കേ പിൻവാങ്ങി. അങ്ങനെ കേരളത്തിൽ നിന്നും ചെറിയ സംഘടനകൾ ഫണ്ടിനായി വന്നുതുടങ്ങി. അതിൽപലതും ജാതി-മത-വർഗീയതയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതായിരുന്നു എന്ന യാഥാർഥ്യമാണ് എന്നെ അസ്വസ്ഥപ്പെടുത്തിയത്. ശാന്തി സമാഹരിക്കുന്ന ഫണ്ട് ആർക്കൊക്കെ വേണ്ടി പങ്കുവെക്കണം എന്ന ചർച്ച വന്നപ്പോൾ ഞാനത് സമ്മതിച്ചില്ല. അത്തരമൊരു ചർച്ചയ്ക്ക്പോലും പ്രസക്തിയില്ല എന്നായിരുന്നു എന്റെ പക്ഷം. അപ്പോൾ ഞാനെന്റെ തീരുമാനം അവിടെ അറിയിച്ചു. എന്റെ സമയവും കൊടുക്കുന്ന പൈസയും വ്യക്തിപരമായ അധ്വാനവും ഹിന്ദുക്കളെ സഹായിക്കണം, ക്രിസ്ത്യാനികളെ സഹായിക്കണം, മുസ്ലിങ്ങളെ സഹായിക്കണം തുടങ്ങിയ ആവശ്യങ്ങൾക്കായി നീക്കിവെക്കാൻ തയ്യാറല്ല. സുഗതകുമാരി എന്ന വ്യക്തിയധ്വാനത്തിനൊപ്പമാണ് നമ്മൾ ഇതതുവരെ നിന്നത്. അത് പല ജാതിക്കാർക്കുവേണ്ടി വീതംവെയ്ക്കാൻ സാധ്യമല്ല എന്ന് ഞാൻ തീർത്തുപറഞ്ഞു.

നാട്ടിൽപോകുമ്പോൾ ചേച്ചിയെ കണ്ട് എന്നാലാവുന്ന സഹായം നേരിട്ട് കൊടുക്കാം എന്ന നിലപാടിലേക്ക് ഞാൻ മാറി. വലിയ സംഘടനകൾക്ക് ടാക്സ് ബ്രേക്ക് കിട്ടുമായിരുന്നു ഇവിടെ. ശാന്തി അത്ര വലുതായി വളർന്നിട്ടുമില്ല. നാട്ടിലേക്ക് വരുമ്പോൾ ഒരാൾക്ക് രണ്ടുപെട്ടി എന്ന രീതിയിൽ ഞങ്ങൾ നാലുപേർക്കും കൂടി എട്ടുപെട്ടികൾ കൊണ്ടുവരാം. നാട്ടിലേക്ക് ടിക്കറ്റെടുത്താൽ ഞാൻ എന്റെ സുഹൃത്തുക്കളോടൊക്കെ പറഞ്ഞിട്ട് അഭയയിലെ അന്തേവാസികൾക്കായി വസ്ത്രങ്ങളും കുട്ടികൾക്കായി കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങിപ്പിക്കുമായിരുന്നു. അത്തരത്തിൽ അഭയയിലേക്ക് ചെറിയ സന്തോഷങ്ങൾ എത്തിക്കാൻ എന്നെ സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കളെയും ഞാൻ നന്ദിയോടെ ഓർക്കുകയാണ്. തുടർന്നും ശാന്തി ഫണ്ട് സമാഹരണം നടത്തുമ്പോൾ ഞാൻ സഹകരിച്ചിരുന്നുവെങ്കിലും ആ കമ്മറ്റിയിൽ നിന്നും ഞാൻ പിൻവാങ്ങി. സുഗതച്ചേച്ചിക്ക് അതിൽ വിഷമമുണ്ടാവരുത് എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നാട്ടിലെത്തിയ ഉടൻ തന്നെ ചേച്ചിയെ കണ്ട് ഞാൻ കാര്യങ്ങൾ പറഞ്ഞു. ഞാൻ എന്താണ് ചെയ്തുതരേണ്ടതെന്ന് ചേച്ചി പറഞ്ഞാൽ മതി എന്നു പറഞ്ഞപ്പോൾ അഭയയിലെ രണ്ട് കുട്ടികളുടെ വിവാഹക്കാര്യം പറഞ്ഞു. ഫണ്ട് ശാന്തിയിൽ നിന്നും സമാഹരിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് ചേച്ചി പറയുകയും ചെയ്തു. ആ വിവാഹത്തിലേക്ക് ഒരു തുക ചേച്ചിയെ ഏൽപിച്ചിട്ടാണ് ഞാൻ മടങ്ങിയത്. ശാന്തിയുടെ ഓഫീസ് ഭാരവാഹിത്തം ഒഴിഞ്ഞു എന്നല്ലാതെ ശാന്തിയുടെ പ്രവർത്തനങ്ങളിൽ കുറച്ചുകാലം കൂടി സജീവമായി നിൽക്കാൻ കഴിഞ്ഞിരുന്നു. ശാന്തിയുടെ രൂപീകരണം മുതൽ എട്ടുവർഷത്തോളം ഞാൻ പ്രവർത്തിച്ചു. എന്റെ പരിചയക്കാരായ മലയാളികളെയൊക്കെ ശാന്തിയുമായി ബന്ധിപ്പിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിച്ചു. ഞാനില്ലെങ്കിലും ശാന്തി പ്രവർത്തിക്കും; ശാന്തി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

സുഗത ചേച്ചിയുമായി എനിക്കും കുടുംബത്തിനും വലിയ അടുപ്പമായിരുന്നു. നാട്ടിൽ എത്തുമ്പോഴെല്ലാം എന്തെങ്കിലുമൊക്കെ സമ്മാനപ്പൊതികളുമായി ഞാൻ സുഗതച്ചേച്ചിയെ കാണാൻ ചെന്നു. അങ്ങനെ ഒരിക്കൽ എന്റെ പ്രിയങ്കരിയായിരുന്ന സുജാതാദേവി ടീച്ചറെ അവിടെവെച്ച് കാണാൻ സാധിച്ചു. അത്രമേൽ സുന്ദരിയിയായിരുന്ന സുജാതടീച്ചറുടെ ആ തിളക്കമുള്ള കണ്ണുകളിൽ എനിക്ക് പണ്ടത്തേതുപോലെ നക്ഷത്രങ്ങളെ കാണാനായില്ല. ടീച്ചർ എന്നെ പഠിപ്പിച്ചതാണെന്നു പറഞ്ഞ് ഞാൻ സ്വയം പരിചയപ്പെടുത്തി. അവരെനിക്ക് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു. ഹൃദയകുമാരി ടീച്ചറുടെ വിയോഗത്തിൽ നിന്നും കരകയറാനാവാതെ ഇരിക്കുകയായിരുന്നു സുഗതച്ചേച്ചിയും സുജാത ടീച്ചറും. ആ മൂന്നു സഹോദരിമാരും എന്തുമാത്രം ഐക്യപ്പെട്ടായിരുന്നു ജീവിച്ചതെന്ന് സുഗതച്ചേച്ചിയുടെ വീടിന്റെ മൂകതയിൽ നിന്നും മനസ്സിലാക്കാമായിരുന്നു. എന്റെ മക്കളോട് ഞാൻ എന്നോ പറഞ്ഞുകൊടുത്ത ഒരു കാര്യമുണ്ടായിരുന്നു, ഒരു വല്യമ്മയുടെ സ്ഥാനം കൊടുത്ത് ആദരവോടെയും അതേപോലെ സ്നേഹത്തോടെയും സുഗതച്ചേച്ചിയോട് പെരുമാറണം, അവർക്കും സുഗതച്ചേച്ചിയോട് അത്രയധികം ഇഷ്ടമുണ്ടായിരുന്നു.