വൈകി വായിച്ച പുസ്തകമാണ് പി. വത്സലയുടെ 'നെല്ല്'. ആ എഴുത്തുകാരിയുടേതായി മറ്റൊന്നും വായിച്ചിട്ടില്ലായിരുന്നു. അതിനാല്‍ത്തന്നെ യാതൊരു മുന്‍വിധിയുമില്ലാതെയായിരുന്നു വായന. ആദ്യവായനയില്‍ത്തന്നെ എന്നെ അകപ്പെടുത്തിക്കളഞ്ഞു ആ പുസ്തകം, ആ എഴുത്തുകാരിയും.

To advertise here,

'നെല്ല്' മലയാളനോവല്‍സാഹിത്യചരിത്രത്തിലെ ഒരു പ്രധാനസംഭവമാകുന്നത് പല കാരണങ്ങളാലാണ്. 1972 ആണ് നോവലിന്റെ രചനാവര്‍ഷം. എം.ടി.യും ടി. പത്മനാഭനും മാധവിക്കുട്ടിയുമെല്ലാം കൂടി സൃഷ്ടിച്ച ആത്മനിഷ്ഠതയുടെയും ഏകാന്തതയുടെയും ഭാവഗീതസ്വഭാവമുള്ള എഴുത്ത്, വേണമെങ്കില്‍ 'കാല്പനികറിയലിസം' എന്നും പറയാവുന്നത്, അതിനകം മലയാളിക്ക് സുപരിചിതമായിക്കഴിഞ്ഞിരുന്നു. റിയലിസ്റ്റ് കഥാകാരന്മാരുടെ മുന്‍കാലവും ക്രമേണ പിന്‍വാങ്ങിത്തുടങ്ങിയിരുന്നു. ആധുനികതയുടെ വേലിയേറ്റക്കാലമായിരുന്നു അത്. 

ഈ ധാരകളിലൊന്നും പെടാത്ത ഒരു നോവലുമായി വത്സല എന്ന എഴുത്തുകാരി അരങ്ങേറ്റം കുറിച്ചത് ഈ സംക്രമണഋതുവിലായിരുന്നു. ആധുനികമോ കാല്പനികമോ ആയിരുന്നില്ല വത്സലയുടെ എഴുത്ത്. റിയലിസത്തിന്റെ മടുപ്പിക്കുന്ന ആര്‍ഭാടരാഹിത്യവും ഉണ്ടായിരുന്നില്ല അതിന്. മലയാളി അന്ന് വ്യക്തമായി നാമകരണം ചെയ്തു കഴിഞ്ഞിട്ടില്ലാത്ത ചില ഭാവബദ്ധതകളുടെ നൈസര്‍ഗികമായ പ്രകാശനമാധ്യമമായിരുന്നു വത്സലയുടെ ആ ആദ്യനോവല്‍. ഇന്ന് നമ്മള്‍ 'ഫെമിനിസ'മെന്നും 'ഇക്കോഫെമിനിസ' മെന്നും 'ദളിതവാദ'മെന്നുമൊക്കെ പറഞ്ഞുവരുന്ന, എഴുത്തിലെ ലീനരാഷ്ട്രീയധ്വനികള്‍ ഉള്‍ത്തിങ്ങിയ, രചനയായിരുന്നു 'നെല്ല്'.

എഴുപതുകളുടെ തുടക്കത്തിലെ മ്ലാനമായ വയനാടന്‍ ആദിവാസിജീവിതമായിരുന്നു, അവിടത്തെ വനപ്രകൃതിയുടെ കാരുണ്യ രഹിതമായ അഴകും, വത്സലയെ വശീകരിച്ചത്. മാരയുടെയും മല്ലന്റെയും ചുണ്ടെലിയുടെയും കുറുമാട്ടിയുടെയും വെളുത്ത തമ്പുരാന്റെയും കഥയിലൂടെ അവര്‍ അതിന് തികവുറ്റ ആഖ്യാനസ്വരൂപം കണ്ടെത്തി. വിശപ്പിന്റെ കഥയാണ് 'നെല്ല്', അടിസ്ഥാനപരമായി. അടിയാരുടെ വയറ്റില്‍ അന്തമില്ലാതെ കത്തിക്കാളുന്ന ആ തീയിനെ ആര്‍ദ്രതയോടെ, അഗാധമായ സഹാനുഭൂതിയോടെയും, തന്റെ ആഖ്യാനത്തില്‍ കുടിയിരുത്താനായി വത്സലയ്ക്ക് എന്നതാണ് ഈ നോവലിന്റെ അനന്യതകളില്‍ മുഖ്യം.

വിശക്കുന്നവരാണ്, തങ്ങളെ തിന്നുന്ന വിശപ്പിനെതിരേയുള്ള അനുദിനയുദ്ധത്തില്‍ പരിക്കും പരാജയങ്ങളുമേറ്റു വാങ്ങിക്കൊണ്ട് ആ നിരന്തരസമരം തുടരുന്നവരാണ്, നോവലിലെ അടിമമനുഷ്യര്‍. അതിനാല്‍ 'ചോറ്' എന്ന വാക്കും 'വല്ലി'( ആദിവാസികള്‍ക്ക് ജന്മിമാരില്‍ നിന്ന് ദിവസക്കൂലിയായി കിട്ടിയിരുന്ന പച്ചനെല്ല്) എന്ന വാക്കും 'വിശപ്പ്' എന്ന വാക്കും നോവലില്‍ തുടരെ ആവര്‍ത്തിക്കുന്നു. നോവലിലെ പ്രധാനകഥാപാത്രമായ 'മാര'യുടെ അമ്മ 'പേമ്പി', വിശപ്പിനാല്‍ വിറളി പിടിച്ച് പൊരിവെയിലത്ത് നടത്തുന്ന ഒരു ഭക്ഷണാന്വേഷണയാത്രയുടെ വിവരണമുണ്ട് നോവലില്‍. ഭക്ഷ്യയോഗ്യമായ വല്ലതുമൊന്ന് കിട്ടിയാല്‍ മതിയായിരുന്നു പേമ്പിക്ക്.

'പേമ്പി, സഹിക്കാനാവാതെ ഇറങ്ങി നടന്നു.
ചേലത്തുമ്പു മടക്കിക്കുത്തി. കീറലുകള്‍ ഒളിപ്പിക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. മടിക്കുത്ത്, ചോര്‍ച്ചയില്ലാത്ത, ഒരു സഞ്ചിയുടെ പാകത്തിന് ശരിപ്പെടുത്തി അവള്‍ നടന്നു. കണ്ണുകളില്‍ ആശയുടെ കൂമ്പ് അപ്പോഴും ജീവനോടെ നിന്നു. ഇടവും വലവും വലവീശി നടന്നു. അതേ കാഴ്ച. ശൂന്യത. വരള്‍ച്ച. നടക്കാമെങ്കില്‍-കൊല്ലിമൂലയിലെ തോട്ടുവക്കത്ത്, ആനക്കൈതയുടെ കൂര്‍ത്ത നഖങ്ങള്‍ക്കിപ്പുറം, ചുരുളച്ചപ്പു വളരുന്നുണ്ടാവും. ഒരടിയാത്തിയും ഒറ്റയ്ക്കവിടെ പോവില്ല. ചുഴലി. ചുഴലിയുടെ രൂപത്തില്‍ പേയ് അവിടെ സ്ഥിരവാസം തുടങ്ങും, വേനലിന്റെ ആരംഭത്തില്‍.
....................... ആര്‍ത്തി പെരുകി. പേയിനെ മറന്നു.'
പേയിനെ മറന്നും ചുരളച്ചപ്പു തേടിപ്പോയ പേമ്പിക്ക് അത് കണ്ടെത്താനാവുന്നില്ല.'
 

ചുണ്ട് പിളുത്തിച്ചിരിക്കുന്ന, കട്ടവിണ്ട വയല്‍പ്പിശാചിന്റെ വായ്' എന്നും 'വാര്‍ധക്യം ബാധിച്ച വയലിന്റെ മുഖം രൗദ്രമാവുന്നു' എന്നും ഇവിടെ നമ്മള്‍ വായിക്കുന്നു. വിശക്കുന്ന മനുഷ്യന്റെ ഭീകരനിസ്സഹായതയാണ് വരണ്ട വയലിനെ 'വയല്‍പ്പിശാചെ'ന്നും വിണ്ടു വെടിച്ച നിലത്തെ 'രുദ്രവാര്‍ധക്യ'മെന്നും തോന്നിക്കുന്നത്. ഒടുവില്‍ വള്ളിയൂര്‍ക്കാവിലെ ഉത്സവത്തിന് കിട്ടിയ പൊരി, വാരി വലിച്ചു തിന്ന് അതിസാരം ബാധിച്ചാണ് പേമ്പി മരിക്കുന്നത്.

placeholder
പി. വത്സല | ഫോട്ടോ: കെ.കെ. സന്തോഷ്‌

 ഈ ഉത്സവത്തിന്റെ വിവരണം 'നെല്ല്' എന്ന നോവലിന്റെ കേന്ദ്രമാണെന്ന് പറയാം. അടിയാരുടെ ആര്‍ത്തികളും ആഗ്രഹങ്ങളും വില പേശി വില്‍ക്കപ്പെടുന്ന അടിമച്ചന്തയാണത്. പുതിയൊരു ചേലയ്ക്കും ചാന്തിനും വളയ്ക്കുമായി അവര്‍ അവരെത്തന്നെ അടിമകളായി ജന്മിക്ക് വില്‍ക്കുന്നു. അടിമപ്പണം അന്നുതന്നെ ധൂര്‍ത്തടിച്ച് ചിലതൊക്കെ വാങ്ങിക്കൂട്ടി,  ഒഴിഞ്ഞ മടിശ്ശീലയുമായി അവര്‍ മടങ്ങുന്നു. ശേഷിച്ച മുന്നൂറ്റി അറുപത്തിനാല് ദിവസത്തെ അടിമജീവിത്തിനിടയിലെ ഒരേയൊരു ആഹ്‌ളാദരാവാണ് വള്ളിയൂര്‍ക്കാവിലെ ഉത്സവം അവര്‍ക്ക്. ആ അര്‍ത്ഥത്തില്‍ വയനാട്ടിലെ അടിയാരുടെ ദുരിതജീവിതത്തിന്റെ ഒരു മഹാരൂപകം.

'നെല്ലി'ല്‍ വിശപ്പും വേദനയും ചൂഷിതരായ മനുഷ്യരുടെ ദൈനന്ദിനാസ്തിത്വമെന്ന യാതനയും മാത്രമല്ല ഉള്ളത്, പ്രണയവും കാമവും കാമനകളുടെ അന്തര്‍നാടകവുമുണ്ട്. മാരയും മല്ലനുമാണ് 'നെല്ലി'ലെ പ്രണയകഥയിലെ ഹതഭാഗ്യരായ കാമുകീകാമുകന്മാര്‍; കുറുമാട്ടിയാകട്ടെ വയനാടന്‍കാടുപോലെ വന്യവും വശ്യവുമായ കാമവും.

ഈ ആഖ്യാനതന്തുക്കളോടൊപ്പം ബാവലിപ്പുഴയും ബ്രഹ്‌മഗിരിയും ഊടുംപാവുമാകുന്ന വയനാടന്‍ പ്രകൃതിയും 'കാക്കപ്പുല' പോലുള്ള അടിയാരുടെ അനുഷ്ഠാനങ്ങളും അവരുടെ ഭാഷയും കൂടിച്ചേര്‍ന്നതാണ് 'നെല്ല്' എന്ന നോവല്‍. എല്ലാറ്റിലും പ്രധാനം കുറിയ വാക്യങ്ങളും ഒറ്റയൊറ്റ വാക്കുകളുംകൊണ്ട് വത്സല സൃഷ്ടിക്കുന്ന ഗദ്യതാളമാണ്. 'അവളുടെ തലയില്‍ ചൂടിയ ചമ്പകപ്പൂക്കള്‍ കാറ്റില്‍ വിറച്ചു. സുഗന്ധം ഒരു സ്വര്‍ണ നാഗത്തെപ്പോലെ അവന്റെ ചേതനയെ വളഞ്ഞു' എന്നോ 'മഴയില്‍ കുളിച്ച കാടുപോലെ, ഭൂമിപോലെ, പുഴ പോലെ അവന്റെ മുഖം തെളിഞ്ഞിരിക്കുന്നു' എന്നോ വായിക്കുമ്പോള്‍ നോവല്‍ ഒരു ഭാഷാനുഭവമായി അതിന്റെ വായനക്കാരെ വന്നുതൊടുന്നു. അത് വയനാടിന്റെയും വയനാടന്‍ പ്രകൃതിയുടെയും കൂടി അനുഭവമായി മാറുകയും ചെയ്യുന്നു.