സലില്‍ ചൗധരി ഈണമിട്ട് ലതാ മങ്കേഷ്‌കര്‍ മലയാളത്തില്‍ പാടിയ, 'നെല്ല്' എന്ന ചിത്രത്തിലെ 'കദളി കണ്‍കദളി' എന്ന് തുടങ്ങുന്ന ഗാനം പാടി മോഹന്‍ലാലിനെ ഞെട്ടിച്ച് നടി മോക്ഷ. ബംഗാളിയില്‍ തുടങ്ങി മലയാളമടക്കം തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ സജീവമായ നടിയാണ് മോക്ഷ എന്നറിയപ്പെടുന്ന പ്രീത സെന്‍ഗുപ്ത. ഖത്തറിലെ ദോഹയില്‍ നടന്ന പരിപാടിയിലാണ് മോഹന്‍ലാലിന് മുന്നില്‍ മോക്ഷ പാട്ടുപാടിയത്.

To advertise here,

'കദളി, കണ്‍കദളി'ക്ക് പുറമേ സലില്‍ ചൗധരി ഇതേ ഈണത്തില്‍ ബംഗാളിയില്‍ ഒരുക്കിയ പാട്ടും മോക്ഷ മോഹന്‍ലാലിന് മുന്നില്‍ പാടി. ഖത്തറിലെ ദോഹയില്‍ നടന്ന പരിപാടിയിലായിരുന്നു മോക്ഷയുടെ പാട്ട്. കഴിഞ്ഞ വ്യാഴാഴ്ച മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ 'ഹൃദയപൂര്‍വ്വം മോഹന്‍ലാല്‍' എന്ന പേരില്‍ ഒരു സ്റ്റേജ് ഷോ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് മോക്ഷ പാട്ടുപാടിയത്.

മോഹന്‍ലാലും സിദ്ധിഖും മനോജ് കെ. ജയനും ചേര്‍ന്നുള്ള സംഗീതപരിപാടിയും ഷോയുടെ ഭാഗമായി ഉണ്ടായിരുന്നു. മൂവരും പഴയ പാട്ടുകള്‍ പാടുന്നതായാണ് പരിപാടി. ഇതിനിടയിലെത്തിയ മോക്ഷയും ഇവര്‍ക്കൊപ്പം പാട്ടില്‍ ചേര്‍ന്നു.

 

ആദ്യം 'കദളി, കണ്‍കദളി' പാടിയ ശേഷം അതിന്റെ ബംഗാളി പതിപ്പും മോക്ഷ പാടി. മോക്ഷയുടെ മലയാളം ഉച്ചാരണം കൗതുകത്തോടെയാണ് മോഹന്‍ലാല്‍ നോക്കിയിരിക്കുന്നത്. ബംഗാളി പതിപ്പ് പാടിയപ്പോള്‍ അവിശ്വസനീയതയോടെയാണ് മോഹന്‍ലാല്‍ കേട്ടത്. തുടര്‍ന്ന് മോഹന്‍ലാലും മനോജ് കെ. ജയനും സിദ്ധിഖും ചേര്‍ന്ന് 'മേലേ പൂമല', 'മാനസ മൈനേ വരൂ', 'കാതില്‍ തേന്‍മഴയായി' എന്നീ പാട്ടുകള്‍ പാടിയപ്പോള്‍ ഇതേ ഈണത്തിലുള്ള ബംഗാളി പാട്ടുകള്‍ മോക്ഷ പാടി. തുടര്‍ന്ന് മൂവര്‍ക്കുമൊപ്പം സെല്‍ഫിയുമെടുത്താണ് മോക്ഷ വേദി വിട്ടത്.