
ഒഴുക്കുകളുടെയും എതിരൊഴുക്കുകളുടെയും ലോകമാണ് ആശാന്‍കവിത എന്ന് നമുക്കേവര്‍ക്കും അറിയാം. ഇത് എങ്ങനെ ആശാന്റെ ബിംബഭാഷയില്‍ പ്രവാഹരൂപകങ്ങളുടെ നിബിഡസാന്നിധ്യമായി മാറുന്നു എന്ന ഒരന്വേഷണവും അതിനാല്‍ സംഗതമാണ്. ലൗകികം - സന്യാസം, രതി- വിരതി, സൗന്ദര്യം -നശ്വരത, പ്രണയം - കുലനീതി, മനുഷ്യേച്ഛ-വിധി എന്നിങ്ങനെ വിരുദ്ധദ്വന്ദ്വങ്ങളുടെ മെടച്ചിലായി മനുഷ്യാവസ്ഥയെ മനസ്സിലാക്കിയ കവിയായിരുന്നു ആശാന്‍. അതിനെ കവിതയിലാവിഷ്‌കരിച്ചപ്പോഴും അദ്ദേഹം അതേ തന്ത്രമവലംബിച്ചു. ഭാവസംഘര്‍ഷങ്ങളുടെ മഹാസന്ദര്‍ഭമായ നളിനീകാവ്യത്തെ മുന്‍നിര്‍ത്തി ഇക്കാര്യം വ്യക്തമാക്കാന്‍ ശ്രമിക്കാം.
'ധ്യാനശീലനവനങ്ങധിത്യകാ-
സ്ഥാനമാര്‍ന്നു തടശോഭ നോക്കിനാന്‍' എന്ന ശ്ലോകാര്‍ദ്ധം, പ്രത്യക്ഷത്തില്‍, എത്ര സാധാരണമാണ്. എന്നാല്‍ അതില്‍ പോലുമുണ്ട് ഈ സംഘര്‍ഷത്തിന്റെ സൂക്ഷ്മബലതന്ത്രം എന്ന് ഒന്നൂന്നിനോക്കിയാല്‍ കാണാനാവും.'അധിത്യകാസ്ഥാനം'(കൊടുമുടി),'തടം' (താഴ്‌വര)എന്നിങ്ങനെ രണ്ടു വിതാനങ്ങള്‍ ഇവിടെ കാണാം. അധിത്യകയില്‍ നില്‍ക്കുന്നത് 'ധ്യാനശീല'നായ യോഗിയാണ്. അയാള്‍ കാണുന്നതാകട്ടെ 'തടശോഭ'യും. സൗന്ദര്യത്തിന്റെയും ധ്യാനത്തിന്റെയും രണ്ടു ലോകങ്ങള്‍. ഒന്ന് ഉയരവുമായും മറ്റത് താഴ് വരയുമായും ബന്ധപ്പെട്ടിരിക്കുന്നു. ധ്യാനം ലംബമാനമെങ്കില്‍ തടശോഭ തിരശ്ചീനം. ആ തടശോഭയിലുമുണ്ട് ചില സംഘര്‍ഷസൂചനകള്‍.പൂപ്പടര്‍പ്പിനുള്ളില്‍ കാട്ടുമൃഗങ്ങളെ ഒളിപ്പിക്കുന്ന താഴ് വരകളാണവ-
'ഭൂരിജന്തുഗമനങ്ങള്‍, പൂത്തെഴും
ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍'. കാമനകളാവാം ആ കാട്ടുമൃഗങ്ങള്‍. അവ ആ പൂപ്പന്തലിനുള്ളില്‍ ഇര തേടി നടക്കുകയോ തക്കം പാര്‍ത്ത്, പതിയിരിക്കുകയോ ചെയ്യുന്നു എന്നാണ് സൂചന. മനുഷ്യമനസ്സിന്റെ കാന്താരമാണത്. അവിടേയ്ക്കുള്ള ധ്യാനശീലനായ യുവയോഗിയുടെ അവരോഹണത്തിന്റെ മുന്നോടിയായാണ് ആശാന്‍ ഇങ്ങനെയെല്ലാം എഴുതുന്നത്.
കഥാപാത്രങ്ങളുടെ ഉള്ളൊഴുക്കുകളിലാണ് കവിയുടെ ശ്രദ്ധ;
'അപ്പുമാന്റെയകമോള മാര്‍ന്ന വീര്‍ -
പ്പപ്പൊഴാഞ്ഞനതി ദൂരഭൂമിയില്‍
അത്ഭുതം! തരുവിലീനമേനിയായ്
നില്‍പ്പൊരാള്‍ക്ക് തിരതല്ലി ഹൃത്തടം' എന്ന പോലെ. ഒരാളുടെ ഉള്ളിലെ ഓളം, ഒട്ടകലെ നിന്ന മറ്റൊരാളുടെ ഉള്ളില്‍ തിരകളാകുന്നു. അതീന്ദ്രിയമായ വികാരവിനിമയത്തിന്റെ ജലഭാഷയിലുള്ള എഴുത്താണിത്. ആന്തരികചലനങ്ങള്‍ തടാകത്തിലെ ചിറ്റോളങ്ങളും സാഗരോര്‍മ്മികളുമാകുന്നു.
ഏറെ നാളത്തെ, അഞ്ചു വര്‍ഷത്തെ, തപസ്സിനു ശേഷവും പൊടുന്നനേ ഒരു നാള്‍ ഉള്ളുറപ്പു നഷ്ടപ്പെട്ട നളിനിയെ കവി ഇങ്ങനെയാണ് വാങ്മയപ്പെടുത്തുക -
'കാന്ത,യിന്നടിതകര്‍ന്ന സേതു പോല്‍
ദാന്തിയറ്റു ദയനീയയായിതേ'. കെട്ടിനിര്‍ത്തിയ പ്രണയാഭിലാഷങ്ങളുടെ ആകസ്മികമായ കുത്തൊഴുക്കായിരുന്നു അത്. അതോടെ അവളുടെ ധ്യാനധാര മുറിഞ്ഞു പോകുന്നു. എങ്ങനെ?
'വേനലില്‍ ശ്യാനയാം തടിനി പോലെ.' ധ്യാനത്തിന്റെ നദി വറ്റി, ദുര്‍ബ്ബലമാകുന്നു. ഇപ്പോള്‍ പ്രണയചിന്തകളുടെ നദിക്കാണ് ഊക്കും ഊറ്റവും. രണ്ട് വിരുദ്ധ പ്രവാഹങ്ങള്‍. അവയുടെ ഏറ്റുമുട്ടലാല്‍ തപസ്വിനിയായ നായികയുടെ അന്തരംഗം കലുഷമാകുന്നു.
ദിവാകരനെ, അനേക കാലത്തെ കാത്തിരിപ്പിനും വിയോഗത്തിനുമൊടുവില്‍, ആദ്യമായി കണ്ട മാത്രയിലെ നളിനിയുടെ പ്രതികരണം ഒരു സമുദ്രബിംബത്തിലൂടെയാണ് മഹാകവി ആവിഷ്‌കരിക്കുന്നത്. ചന്ദ്രനും കടലുമെന്ന പരമ്പരാഗതകല്പനയെ നാമിന്നോളം കണ്ടിട്ടില്ലാത്ത ഒരു ഭാവദ്യുതിയാലലങ്കരിക്കുകയാണ് ആശാന്‍ -
'ഉള്‍പ്രമോദമഥ വേലിയേറ്റമാര്‍ -
ന്നത്ഭുതാംഗിയുടെ ചന്ദ്രനോ യതി?' തപസ്വിയായ നായകന്റെ ചന്ദ്രദര്‍ശനം, നായികയുടെ ഉള്ളിലെ കടലില്‍ ആഹ്‌ളാദത്തിന്റെ വേലിയേറ്റമുണ്ടാക്കുന്നു. തുടര്‍ന്ന്, കാമുകസവിധത്തിലേയ്ക്ക് പാഞ്ഞണയുന്ന നളിനിയെ, 'ആഴിയേ മുട്ടി നിന്നണ മുറിഞ്ഞ വാരി പോല്‍' എന്നും വിവരിച്ചിരിക്കുന്നു.
പക്ഷേ ഈ താപസചന്ദ്രന്‍ നിസ്സംഗനാണ്. അവള്‍ അയാളിലെന്നപോലെ അവളില്‍ അനുരക്തനേയല്ല അയാള്‍. വൈരാഗ്യത്തിന്റെ ചിതാഭസ്മം വാരിപ്പൂശിയ,' ചന്ദ്രികാഭസിതസ്‌നാത'നായ മറ്റൊരു ' മൃഗാങ്ക' നാണ് ഇപ്പോള്‍ നളിനിയുടെ മുന്നില്‍. അവളും തപസ്വിനിയായിരുന്നുവെങ്കിലും അസാധാരണമായ ഒരനുരാഗതപസ്സായിരുന്നു അവളുടേത്. ദിവാകരനെ പ്രത്യക്ഷനാക്കാന്‍ വേണ്ടിയുള്ള തപസ്സായിരുന്നു അത്.' ഗൗരിയോടരിയ പുഷ്പഹേതി തന്‍ വൈരിയായ വടുവിന്‍ സമാഗമം' പോലെയുള്ള ആ കണ്ടുമുട്ടലിനു വേണ്ടിയായിരുന്നു അവള്‍ കാലമിത്രയും കാത്തിരുന്നത്. പുഷ്പഹേതിയുടെ- കാമദേവന്റെ - വൈരിയായ വടു പരമശിവനാണ് 'കുമാരസംഭവ'ത്തില്‍. നളിനിയുടെ ആ കുമാരസംഭവസ്വപ്നം നിറവേറുന്നില്ല.'സ്യന്ദമാനവനദാരു വാരി മേല്‍/മന്ദമാച്ചുഴിയിലാഞ്ഞ പോലവന്‍' എന്നാണ്, അതെ, മറ്റൊരു പ്രവാഹരൂപകമുപയോഗിച്ച്, ആശാന്‍ നളിനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്ന ദിവാകരനെ വിവരിച്ചിരിക്കുന്നത്. നദിയിലെ ചുഴിയിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന, ആ ഒഴുക്കിന്റെ വേഗതയാല്‍ ചെറുതായി ചലനം കൊള്ളുന്ന തീരവൃക്ഷംപോലെയാണ് അയാള്‍. അവളുടെ ഉല്‍ക്കൂലമായ പ്രണയപ്രവാഹം അയാളെ കാര്യമായൊന്നും സ്പര്‍ശിക്കുന്നില്ല. പ്രണയഭിന്നമായ സ്‌നേഹമോ സഹാനുഭൂതിയോ ആണ് അയാള്‍ അവളിലേയ്ക്കു പകരുന്നത്. നളിനിയാണ് തന്റെ തന്നെ ഉള്ളൊഴുക്കുകളില്‍പ്പെട്ട് ഉലയുകയും ഉഴറുകയും ചെയ്യുന്നത്. അയാള്‍ വൃക്ഷമെങ്കില്‍ അവള്‍ ലത. അവളുടെ ഉള്ളുലച്ച വികാരധാരകളുടെ പരമകാഷ്ഠയെ കവി ഇങ്ങനെ വിവരിക്കുന്നു-
'അന്തരുത്തടരസോര്‍മ്മിദു:സ്ഥയായ്
ഹന്ത! ചാഞ്ഞു തടവല്ലി പോല്‍ സതി'.
ആരാണീ 'അന്തരുത്തട രസോര്‍മ്മിദു:സ്ഥ'? മലയാളകവിതയിലെത്തന്നെ അസാമാന്യമായ പദയോജനകളിലൊന്നാണത്. വികാരതരംഗങ്ങള്‍ ആഞ്ഞടിക്കുന്ന ആന്തരികലോകമാണ് നളിനിയുടേത്. അത് അവളുടെ ഹൃദയസീമകളെ, കടലേറ്റത്താല്‍ കരയെന്ന പോലെ, ശിഥിലമാക്കുന്നു. ഈ ആന്തരികപ്രളയത്തെയാണ് ആശാന്‍ 'അന്തരുത്തടരസോര്‍മ്മിദു:സ്ഥ' എന്ന സമസ്തപദഘടനയില്‍ ഒതുക്കിയിരിക്കുന്നത്.
താമരപ്പൂക്കള്‍ വിരിയുന്ന ജലാശയം എന്നാണല്ലോ 'നളിനി' എന്ന പേരിനര്‍ത്ഥം. അത്തരമൊരു തടാകതീരത്താണ് അവള്‍ നില്‍ക്കുന്നതും. അവളുടെ മരണപര്യന്തമുള്ള ഉള്ളനക്കങ്ങളുടെയും ഉള്ളൊഴുക്കുകളുടെയും വാങ്മയാവിഷ്‌കാരമാണ് നളിനീകാവ്യമെന്നു പറയാം. പ്രണയവും സന്യാസവും അതില്‍ തുല്യതീവ്രതയുള്ള രണ്ട് അദൃശ്യപ്രവാഹങ്ങളായി മാറി, തമ്മിലിടയുകയും ഉടയുകയും ഒടുവില്‍ 'ശാന്തവീചിയതില്‍ വീചി പോലെ' എന്ന സന്തുലനത്തിന്റെയും സമന്വയത്തിന്റെയും നില കൈവരിക്കുകയും ചെയ്യുന്നു. ചലനവും നിശ്ചലതയും തമ്മിലും നദിയും പര്‍വ്വതവും തമ്മിലുമുള്ള ബന്ധമാണ് നളിനിയും ദിവാകരനും തമ്മില്‍. ഈ വിരുദ്ധോര്‍ജ്ജങ്ങളുടെ ബിംബാവലിയാല്‍ നിബിഡമാണ് 'നളിനി'യിലെ ഭാവലോകം എന്നാണ് ഇതുവരെ പറയാന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ കല്പനകളും അവയുടെ നൈരന്തര്യവും കൃതിയുടെ ഭാവസത്ത തന്നെയായി മാറുന്ന രചനാസൗഷ്ഠവമാണ് ഒരു കാല്പനികകഥാകാവ്യം എന്ന നിലയില്‍ നളിനീകാവ്യത്തിന്റെ അനന്യത.
Content Highlights: sajay kv mashipacha kumaranasan poetry nalini
Published: 02 Jul 2024, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented