
മലയാളകവിതയില്‍ ഒരു പക്ഷിപരമ്പരയുണ്ട്. എഴുത്തച്ഛന്റെ കിളിമകളില്‍ അത് തുടങ്ങുന്നു. തത്തക്കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞിറങ്ങുന്ന കാലമാണ് മലയാളിയുടെ വിദ്യാരംഭകാലം.
'മുഗ്ദ്ധമായ് കൊഞ്ചാന്‍ പഠിക്കുന്ന തൈമുളം -
തത്തകള്‍ ചൂഴുന്ന ഭദ്രശരദ്വധു' എന്ന് വൈലോപ്പിള്ളി. കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന 'എഴുത്തച്ഛന്‍' തന്റെ മുന്നിലിരുന്നു കൊഞ്ചുന്ന പൈതങ്ങളെയും തത്തക്കുഞ്ഞുങ്ങളെയും (വാഗ്‌ദേവിക്കു പ്രിയപ്പെട്ടവരാണ് തത്തകള്‍ എന്ന് വിശ്വാസം!) ഒരേ വാത്സല്യമുഗ്ദ്ധതയോടെ വീക്ഷിച്ച ഏതോ നിമിഷത്തിലാവണം കിളിപ്പാട്ടിന്റെ പിറവി. അങ്ങനെ ആ ലീലാശുകം മലയാളിയുടെ കാകളിയിലും മണികാഞ്ചിയിലും രാമായണ - മഹാഭാരതങ്ങള്‍ പാടി. പാടിത്തളരുന്ന പൈങ്കിളിയെ ഓരോ പര്‍വ്വാരംഭത്തിലും കാണ്ഡാരംഭത്തിലും കവി, വാക്കിന്റെ അവിലും പഴവും ശര്‍ക്കരയും കൊടുത്തു സല്‍ക്കരിച്ച് വീണ്ടും ഉന്മേഷഭരിതയാക്കി. ഇത്തരമൊരു കഥനതന്ത്രം എഴുത്തച്ഛനു കൈവന്നത് ഇളംതത്തക്കുഞ്ഞുങ്ങള്‍ കൊഞ്ചുന്ന 'ഭദ്രശരദ്വധു'വിന്റെ കൂടി പ്രസാദത്താലാവാം എന്നാണ് പറഞ്ഞുവരുന്നത്.
മഹാകവി കുമാരനാശാന്റെ 'ഗ്രാമവൃക്ഷത്തിലെ കുയിലാ'ണ് മലയാളകവിതയുടെ കാല്പനികശിഖരങ്ങളില്‍ ചേക്കേറിയ മറ്റൊരു പക്ഷി. ആംഗലകാല്പനികതയിലെ വാനമ്പാടികളെയും രാപ്പാടികളെയും ആശാന്‍ സ്വാംശീകരിച്ച വിധമായിരുന്നു അത്.
ആശ്രമവൃക്ഷത്തിലെ, 'കുഗ്രാമജന്തുപരിപീഡയേറ്റു വലഞ്ഞ' കുയിലായി മഹാകവി തന്നെത്തന്നെ സങ്കല്പിച്ചു. തനിക്കെതിരായ ആരോപണങ്ങളെയും ഭര്‍ത്സനങ്ങളെയും കുയിലിനേറ്റ ശകാരങ്ങളായി കവി, കവിതയുടെ അന്യാപദേശഭാഷയില്‍ വിവരിച്ചു;'വന്യന്‍',' വനപ്രിയന്‍','സ്വരഹീന കണ്ഠന്‍',' തുംഗാഭിമാനി',' ശിഖരസ്ഥിതന്‍',' പല്ലവപാടച്ചരന്‍','അന്യഗേഹസംഗദോഷാര്‍ത്തന്‍' എന്നിങ്ങനെ.
'പാടച്ചരന്‍' മോഷ്ടാവാണ്; അന്യഗേഹങ്ങളില്‍ കയറിപ്പറ്റി അസാന്മാര്‍ഗ്ഗികവൃത്തികളിലേര്‍പ്പെടുന്നവന്‍ 'അന്യഗേഹസംഗദോഷാര്‍ത്ത'നും. ഇങ്ങനെ തനിക്കെതിരായി ഉന്നയിക്കപ്പെട്ട അത്യന്തം ഹീനമായ ആരോപണങ്ങളെപ്പോലും കവിതയില്‍ നിന്നൊഴിച്ചു നിര്‍ത്തിയില്ല ആശാന്‍. അപമാനിതന്റെയും നിന്ദിതന്റെയും ആത്മാലാപമായിരുന്നു അത്.
ഈ ആശാന്‍കവിതയില്‍ നിന്ന് കവിയുടെ സമകാലികനായിരുന്ന വള്ളത്തോളിന്റെ സാഹിത്യമഞ്ജരിക്കവിതകളിലേയ്‌ക്കെത്തുമ്പോള്‍ കാണപ്പെടുന്ന പക്ഷി, അരിപ്പിറാവാണ്.
'പുരമുറ്റത്ത് പുരന്ധ്രിമാര്‍ കണക്ക്' വിലസുന്ന ഗാര്‍ഹികാനന്ദത്തിന്റെ പക്ഷിരൂപകമാണത്. വീട്ടമ്മയാണ് 'പുരന്ധ്രി'.
'ഇരുകണ്ണിതു കുങ്കുമദ്രവത്താല്‍
നറുതേന്‍വാണികള്‍
തൊട്ട പൊട്ടു പോലെ' എന്നെഴുതിക്കൊണ്ട് ഈ ഗേഹിനിയുടെ സൗന്ദര്യശോഭ ഇരട്ടിപ്പിക്കുന്നുമുണ്ട് മഹാകവി. സംതൃപ്തിയുടെ സ്വയംപൂര്‍ണ്ണമായ ഗൃഹാന്തരീക്ഷമായിരുന്നു വള്ളത്തോളിന്റെ ശൃംഗാരലോലുപമായ ലളിതകാല്പനികതയ്ക്ക് പ്രിയം. അതിന്റെ സൗമ്യരൂപകമാകുന്നു വീട്ടുമുറ്റത്ത് ചുവന്ന കാലടികള്‍ പതിച്ചുസഞ്ചരിക്കുന്ന കോമളരൂപിയായ ഈ അരുമക്കിളി.
മലയാളകവിതയിലെ ഈ പക്ഷികളുടെ പില്‍ക്കാലമാണ് പി.പി. രാമചന്ദ്രന്റെ 'ലളിത'വും റഫീക്ക് അഹമ്മദിന്റെ 'ഗ്രാമവൃക്ഷത്തിലെ വവ്വാല്‍' എന്ന കവിതയും. റഫീക്കിന്റേത് എല്ലാത്തരം അപരത്വങ്ങളുടെയും ഒരു പക്ഷിരൂപകം. ഹിന്ദുത്വവാദകാലത്തെ ഇന്ത്യന്‍ മുസ്ലിമിന്റെ അവസ്ഥതൊട്ട്, ട്രാന്‍സ്ജന്‍ഡറുകളുടെ ഏകാന്തതയും അന്യത്വവും വരെ അതില്‍ വായിക്കാം. പുതുനൂറ്റാണ്ടിലുണ്ടായ ഏറ്റവും ജനപ്രീതി നേടിയ കവിതകളിലൊന്ന് രാമചന്ദ്രന്റെ 'ലളിത'മാണ്. ലാളിത്യത്തിന്റെ സ്വഭാവനിര്‍വ്വചനമാണക്കവിത; കവിതയിലെയും ജീവിതത്തിലെയും.
Content Highlights: sajay kv mashipacha birds in malayalam poetry kumaranasan rafeek ahammed pp ramachandran
Published: 05 Jun 2024, 11:39 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented