ജിയാന്‍ ലോറന്‍സോ ബെര്‍നീനി എന്ന ഇറ്റാലിയന്‍ ശില്പിയുടെ അതിമനോഹരമായ ഒരു ശില്പമുണ്ട്, 'അപ്പോളോയും ദാഫ്‌നെയും' എന്ന പേരില്‍. ഒരു രൂപാന്തരണമുഹൂര്‍ത്തമാണ് ബെര്‍നീനി ശില്പപ്പെടുത്തുന്നത്. അപ്പോളോ എന്ന സൂര്യദേവനാല്‍ അനുധാവനം ചെയ്യപ്പെടുന്ന ദാഫ്‌നേ ഒരു ലോറല്‍ച്ചെടിയായി മാറുന്നു. അവളുടെ മുടിയിലും വിരലറ്റങ്ങളിലും ഇലകളും തളിരുകളും അങ്കുരിക്കുന്നു. പാദങ്ങളില്‍ വേരുകള്‍ കിളരുന്നു. ഉടല്‍ ഒരു വൃക്ഷത്തിന്റേതായി മാറുന്നു. ഈ പരിണാമമുഹൂര്‍ത്തവും അതിനെ വെണ്ണക്കല്ലില്‍ മനോജ്ഞമായി ശില്പപ്പെടുത്തുന്ന ബെര്‍നീനിയുടെ ശില്പവും ഇപ്പോള്‍ ഓര്‍മ്മ വരാനൊരു കാരണമുണ്ട്. ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ നേടിയ ഹാന്‍ കാങ് എന്ന കൊറിയന്‍ എഴുത്തുകാരിയുടെ 'ദ വെജിറ്റേറിയന്‍' (സസ്യാഹാരി) എന്ന നോവലിലെ യോങ് ഹൈ എന്ന കഥാപാത്രമാണ് എന്നെ സസ്യപ്പെടുന്ന പെണ്ണുടലിനെക്കുറിച്ചുള്ള നിനവുകളിലേയ്‌ക്കെത്തിച്ചത്. 

To advertise here,

യോങ് ഹൈ എന്ന വിവാഹിതയായ യുവതിയുടെ ഭ്രാന്തമായ സ്വപ്നങ്ങളിലപ്പടി ഒരു വൃക്ഷമോ സസ്യമോ ആയി മാറാനുള്ള അവളുടെ തീവ്രമായ അഭിവാഞ്ഛ നിറഞ്ഞുനില്‍ക്കുന്നു. കലാകാരനായ സഹോദരീഭര്‍ത്താവുമൊത്തുള്ള ആകസ്മികമായ വേഴ്ച്ചയ്ക്കു ശേഷം അവള്‍ അയാളുടെ കാഴ്ച്ചയില്‍ തെളിയുന്നതിങ്ങനെ-  'തന്റെ തിളങ്ങുന്ന, സ്വര്‍ണ്ണനിറമുള്ള മാറിടം വരാന്തയിലെ കൈവരിയിലമര്‍ത്തിക്കൊണ്ട് അവള്‍ നിന്നു. ഓറഞ്ചുദലങ്ങള്‍ ചിതറിക്കിടന്ന കാലുകള്‍, കാറ്റിനോടും വെയിലിനോടും ഇണ ചേരാനെന്നപോലെ അകറ്റിവച്ചാണ് അവള്‍ നിന്നത്.'

യോങ് ഹൈയുടെയും അവളുടെ ജ്യേഷ്ഠസഹോദരിയായ ഇന്‍ ഹൈയുടെയും കഥയാണ് ഹാന്‍ കാങ് പറയുന്നത് മൂന്നു ഭാഗങ്ങളുള്ള തന്റെ നോവലില്‍. വിരസദാമ്പത്യത്തിനിടെ ഒരു നാള്‍ പൊടുന്നനേ യോങ് ഹൈ സസ്യാഹാരിയായി മാറുന്നു. ഭയാനകവും ബീഭത്സവുമായ ഒരു സ്വപ്നമായിരുന്നു അതിനു പിന്നില്‍. വിജനമായ, ഇരുണ്ട ഒരു വനാന്തരം. അവിടെ ഒറ്റയ്ക്ക് അകപ്പെട്ടിരിക്കുകയാണ് യോങ് ഹൈ. കൂര്‍ത്ത ഇലകളുള്ള മരങ്ങള്‍. ചുവന്ന, കളപ്പുര പോലെയുള്ള ഒരിടം. അതിനുള്ളില്‍ ഒരു മുളംകമ്പില്‍ നിരനിരയായി ഞാത്തിയിട്ടിരിക്കുന്ന ചോരയിറ്റുന്ന ഇറച്ചിത്തുണ്ടങ്ങള്‍. അതു വകഞ്ഞുമാറ്റി പുറത്തുകടക്കാനേ ആവുന്നില്ല. അവളുടെ വായിലും വസ്ത്രങ്ങളിലും നിറയെ ചോര. ചോരപ്പശിമയാല്‍ ദേഹത്തോടൊട്ടുന്ന വസ്ത്രങ്ങള്‍. ഒരു വിധം ആ കാട്ടില്‍ നിന്നു രക്ഷപ്പെട്ട് ആളുകള്‍ ഒഴിവുദിനം ആഘോഷിക്കുന്ന തെളിമയാര്‍ന്ന ഇടങ്ങളിലെത്തിയപ്പോഴും അവളുടെ ലജ്ജയും പേടിയും പരിഭ്രമവും അവസാനിക്കുന്നില്ല. കാരണം അവള്‍ ചോരയില്‍ കുളിച്ചിരിക്കുന്നു. പച്ചമാംസമാണ് അവള്‍ തിന്നത്; ചോര വഴുക്കുന്നത്. 

അവള്‍ തന്നെ ആകെ മാറിപ്പോയിരിക്കുന്നു. കണ്ണുകളില്‍ നിറയെ അപരിചിതത്വം. ഈ സ്വപ്നത്തിനും ഇതുപോലുള്ള മറ്റു ചില സ്വപ്നങ്ങള്‍ക്കും ശേഷമാണ് യോങ് മാംസാഹാരം ഉപേക്ഷിക്കുന്നത്. അതിനു മുന്‍പു തന്നെ അവള്‍ക്ക് വിചിത്രമായ ഒരു ശീലമുണ്ടായിരുന്നു. മുലക്കച്ച ധരിക്കുന്നതിനെ അവള്‍ വെറുത്തിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയും അങ്ങനെ ചെയ്യാന്‍ അവള്‍ ഒരുങ്ങുന്നില്ല. ഈ ഒരു കാര്യത്തിലൊഴികെ, കാര്യമായൊന്നും സംസാരിക്കാത്ത, വിധേയയും നിഷ്‌ക്രിയയുമായ ആ പങ്കാളിയെ അവളുടെ ഭര്‍ത്താവും ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ യോങ് ഹൈയുടെ സസ്യാഹാരിയാവാനുള്ള തീരുമാനം അങ്ങനെയങ്ങ് അംഗീകരിക്കാനൊരുക്കമായിരുന്നില്ല അവളുടെ ഭര്‍ത്താവും ബന്ധുക്കളും; വിശേഷിച്ച് അവളുടെ അച്ഛന്‍. അയാള്‍ അവളെ നിര്‍ബ്ബന്ധപൂര്‍വ്വം ഇറച്ചി തീറ്റിക്കാന്‍ ശ്രമിക്കുന്നു. തല്‍ക്ഷണം കൈത്തണ്ടയിലെ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചുകൊണ്ടായിരുന്നു വ്യോങ് ഹൈ അതിനോടു പ്രതികരിച്ചത്. അതിനു മുന്‍പു തന്നെ ഭര്‍ത്താവില്‍ നിന്ന് അവള്‍ അകന്നുകഴിഞ്ഞിരുന്നു. അയാളുടെ ശരീരത്തില്‍ നിന്ന് പച്ചയിറച്ചിയുടെ ചൂര് പുറപ്പെടുന്നതായി അവള്‍ക്ക് തോന്നി. അങ്ങനെ അവര്‍ തമ്മില്‍ ലൈംഗികബന്ധം തന്നെ അസാധ്യമായി മാറി. അവരുടെ വിവാഹമോചനത്തിലാണത് കലാശിച്ചത്.

യോങിന്റെ സഹോദരീഭര്‍ത്താവിന്റെ നോട്ടപ്പാടിലാണ് നോവലിന്റെ രണ്ടാം ഭാഗം. അയാള്‍ കലാകാരനാണ്; കലയിലോ ജീവിതത്തിലോ വിജയം രുചിച്ചിട്ടില്ലാത്ത കലാകാരന്‍. യോങിന്റെ നിതംബത്തില്‍ ഒരു നീല മറുകുണ്ടെന്ന കാര്യം തന്റെ ഭാര്യയുടെ ഒരാകസ്മികപരാമര്‍ശത്തില്‍ നിന്നാണ് അയാള്‍ മനസ്സിലാക്കുന്നത്. അത് അയാളുടെ ഭാവനയെയും കാമനകളെയും തീ പിടിപ്പിക്കുന്നു. അവളുടെ നഗ്നശരീരത്തില്‍ പൂക്കളും ഇലകളും വരച്ചു ചേര്‍ത്തതിനു ശേഷം, അങ്ങനെ സ്വയം അലംകൃതനായി, അയാള്‍ അവളുമായി ഇണചേരുന്നു. ഇത് ഇന്‍ ഹൈ കണ്ടുപിടിക്കുന്നതോടെ അവരുടെ ദാമ്പത്യവും തകര്‍ന്നടിയുന്നു. യോങ് ഹൈയാകട്ടെ, ക്രമേണ ഭക്ഷണം തന്നെ ഉപേക്ഷിച്ചും പരിപൂര്‍ണ്ണ നഗ്‌നതയെ ആശ്ലേഷിച്ചും ഒരു മനോരോഗിണിയായി മാറി മനോരോഗികള്‍ക്കുള്ള ചികിത്സാലയത്തില്‍ അടയ്ക്കപ്പെടുന്നു. അപ്പോഴും ആ സഹോദരി - ഇന്‍ ഹൈ - മാത്രം ശുശ്രൂഷാനിരതയായി അവളോടൊപ്പം നില്‍ക്കുന്നു. ഇത് ഇന്‍ ഹൈയുടെ കൂടി നോവലാണ്; വൃക്ഷജന്മം കൊതിച്ച ഒരുവളുടെയും അവളോളം തന്നെ ഏകാകിനിയും ദുഃഖിതയുമായ അവളുടെ സഹോദരിയുടെയും.

പുരുഷാധിപത്യമെന്ന ഹിംസയോടുള്ള നിശ്ശബ്ദകലാപമാകാം സ്വയം സസ്യപ്പെടാനുള്ള യോങ് ഹൈയുടെ ഭ്രാന്തമായ അഭിനിവേശം . വ്യവസ്ഥാനുകൂലമായ ജീവിതം പച്ചയിറച്ചി തിന്നുന്നതുപോലെ ജുഗുപ്സാവഹവും വന്യവും പ്രാകൃതവുമാകുമ്പോള്‍ ഒരുവള്‍ വായുവും വെളിച്ചവും മാത്രമാഹരിക്കുന്ന ഒരു വൃക്ഷമാകാനാഗ്രഹിക്കുന്നു. മറ്റുള്ളവര്‍ രോഗമെന്നു കരുതുന്ന ഒരാത്മീയതയിലേയ്ക്കു കൂടിയാവാം, അതിനാല്‍, യോങ് ഹൈ തന്റെ പെണ്‍ചില്ലകള്‍ നീട്ടുന്നത്.