ചില ഓര്‍മ്മകള്‍ മായാതെ നില്‍ക്കും. കല്ലില്‍ കൊത്തിയ അശോകലിഖിതം പോലെ. വ്യക്തിപരമായ അത്തരം ഒരോര്‍മ്മയോടുകൂടി തുടങ്ങട്ടെ. അമേരിക്കയിലെ റാഡിക്കല്‍ ഫെമിനിസ്റ്റായ കരോള്‍ ഹനെഷ് 1970-ലാണ് Personal is political എന്ന ലേഖനമെഴുതിയത്. 'വ്യക്തിപരമായതെല്ലാം രാഷ്ട്രീയമാണ്' എന്ന ആശയസമ്പുഷ്ടവാചകം അതിനുശേഷം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഹനെഷ് അതെഴുതി അഞ്ചുകൊല്ലങ്ങള്‍ക്കുശേഷം എന്റെ ജീവിതത്തില്‍ നടന്ന ഒരു കാര്യമാണ് ഇന്നത്തെ ദിവസം, അതായത് 2025 ജൂണ്‍ 26 ന് പ്രസക്തമാകുന്നത്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന എന്റെ ജീവിതത്തിലെ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ എഴുത്തിനിരുത്ത് നടന്ന ദിവസമായിരുന്നു 1975 ജൂണ്‍ 26. കോട്ടയത്ത് തിരുനക്കര മൈതാനത്തില്‍ ഗാന്ധിപ്രതിമയ്ക്കടുത്തുള്ള ന്യൂസ്സ്റ്റാന്‍ഡില്‍ നിന്നും അന്നിറങ്ങിയ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രം തുറന്നുകാട്ടി അച്ഛന്‍ എന്നോടുപറഞ്ഞു, 'ഇന്ദിരാഗാന്ധി തെറ്റാണ് ചെയ്തത്'. പത്രത്തിന്റെ ഒന്നാം പേജിലെ ജയപ്രകാശ് നാരായണന്റെ പടം കാണിച്ചിട്ട് അച്ഛന്‍ പറഞ്ഞു, എല്ലാ നേതാക്കളേയും തടവിലാക്കി, രാജ്യത്ത് അടിയന്തരാവസ്ഥയാണ്'. വ്യക്തിപരമായ ആ അനുഭവമാണ് പില്‍ക്കാലത്തെ എന്റെ രാഷ്ട്രീയബോധ്യങ്ങളെ, പൗരാവകാശധാരണകളെ രൂപപ്പെടുത്തിയത്. ഗാന്ധിപ്രതിമ അതിനു സാക്ഷി. എന്നെപ്പോലെ എത്രയോ പേര്‍ക്ക് അടിയന്തരാവസ്ഥ പൗരാവകാശത്തിന്റെ റഫറന്‍സ് പോയിന്റായി ഇന്നും തുടരുന്നു.

To advertise here,

അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വടക്കേയിന്ത്യയിലെ ജനങ്ങള്‍ ഇന്ദിരാഗാന്ധിയെ ശിക്ഷിച്ചപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ മാന്യനായ മുഖ്യമന്ത്രി അച്യുതമേനോന്റെ പിന്നില്‍ അണിനിരന്ന് ഉത്തരേന്ത്യയിലെ ജനാധിപത്യധ്വംസകര്‍ക്ക് പിന്തുണയേകി. പോലീസ് പിടിച്ചുകൊണ്ടുപോയ സ്വന്തം മകനെ അന്വേഷിച്ചുനടന്ന് പരാജയപ്പെട്ട ഗുരുകാര്‍ന്നോര്‍ ഈച്ചരവാര്യരുടെ അശാന്തയാത്മാവ് പരലോകത്തില്‍ വിശ്വസിക്കാതിരുന്ന മാന്യനായ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ചിതാഭസ്മത്തില്‍ ഇപ്പോഴും ചുഴലിക്കാറ്റായി കറങ്ങുന്നുണ്ടാകണം. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ ജനങ്ങള്‍ കേരളസര്‍ക്കാരില്‍ സംതൃപ്തരായിരുന്നു. അതുവഴി അന്നത്തെ അടിയന്തരാവസ്ഥയെ ഭൂരിപക്ഷം മലയാളികളും പിന്തുണയ്ക്കുകയായിരുന്നു. അങ്ങകലെ സ്റ്റാലിന്‍ഗ്രാഡില്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ലിയനിദ് ബ്രെഷ്‌നേവും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയില്‍ സന്തുഷ്ടനായിരുന്നു. 

അക്കാലത്ത് അരിയപ്പെട്ട നാവുകളെക്കുറിച്ച് സച്ചിദാനന്ദന്‍ ഒരു കവിതയെഴുതിയിരുന്നു:

'നാട്ടമ്മ നല്ല തേവി 
കോട്ടയില്‍ നിന്നരുള്‍ ചെയ്തു 
തട്ടകത്തെ നാവെല്ലാം 
കെട്ടിയിട്ടു കുരുതിചെയ്യാന്‍ 

കുരുകാര്‍ന്നോര്‍ നാവരിഞ്ഞൂ 
മരുമകന്റെ നാവരിഞ്ഞൂ 
മാറ്റാന്റേ നാവരിഞ്ഞൂ 
വര്‍ത്തമാനം വിളിച്ചുകൂവും 
ചെക്കന്റേ നാവരിഞ്ഞൂ....

അയ്യപ്പപ്പണിക്കര്‍ നാട്ടമ്മയായ നല്ലതേവിയോട് പറഞ്ഞു,

'കടിച്ചല്ലേ പിടിച്ചല്ലേ 
കടുപ്പം കാട്ടല്ലേ 
ഈ കടുക്ക ഞാന്‍ കുടിച്ചോളാം അമ്മച്ചി 
പച്ചക്കടുക്ക 
വെള്ളക്കടുക്ക 
ചെമ്പിന്‍ കടുക്ക'

അടിയന്തരാവസ്ഥ എന്ന അനുഭവം ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ സംഭാവന അതിനു തൊട്ടു പിന്നാലെ ഇന്ത്യയിലാകമാനം പൗരാവകാശങ്ങളെക്കുറിച്ച് ഉണ്ടായ വലിയ അവബോധമായിരുന്നു. ആ പൗരാവകാശബോധത്തില്‍ മനുഷ്യാവകാശവും പത്രസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ഭരണഘടനാസുരക്ഷിതത്വവും വിശ്വാസസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഉണ്ടായിരുന്നു. 1977-80 കാലങ്ങളില്‍ ഈ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചയത്ര കാര്യങ്ങള്‍ ഇന്ത്യന്‍ സമൂഹം അതിനു മുന്‍പും പിന്‍പും സംസാരിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. എന്തിന് കേരളത്തിന്റെ സൈലന്റ് വാലി സംരക്ഷണപ്രസ്ഥാനം പോലും ആ പുതിയ പൗരാവബോധത്തിലെ ഭൂഗന്ധമായിരുന്നു. ഇന്ത്യന്‍ ജനതയൊന്നാകെ പുതിയ ഒരു പൗരാവകാശബോധത്താലുണര്‍ന്നാണ് 1977-ല്‍ ഇന്ദിരാഗാന്ധിയ്ക്കെതിരേ വോട്ടുചെയ്തത് എന്നൊന്നും കരുതാന്‍ മതിയായ കാരണമില്ലെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ അടിച്ചമര്‍ത്തലുകള്‍ പൗരസമൂഹത്തിലുണ്ടാക്കിയ അവബോധം ഇന്ത്യന്‍ സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിനെയെങ്കിലും തെല്ലൊന്നുമല്ല ആ ബോധരഥ്യയില്‍ മുന്നോട്ടുകൊണ്ടുപോയത്. വടക്കേയിന്ത്യയിലെ പല പ്രാദേശിക ഘടകങ്ങള്‍ സംഗമിച്ചാണ് ആ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത്. ഒന്നുചോദിക്കട്ടെ. 1977-ലെ തിരഞ്ഞെടുപ്പില്‍ പ്രകടമായത് ഉയര്‍ന്ന പൗരാവകാശബോധം ആയിരുന്നെങ്കില്‍ ആ ബോധം ബാബ്റി പളളി പൊളിച്ചതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കാണാതിരുന്നതിന്റെ അര്‍ത്ഥമെന്താണ്? കാരണം അടിയന്തരാവസ്ഥാനുഭവം ഇന്ത്യന്‍ ജനാധിപത്യബോധത്തിലോ പൗരത്വബോധത്തിലോ കാതലായ മാറ്റം ഉണ്ടാക്കിയില്ല എന്നതുതന്നെയാണ്. അല്ലെങ്കില്‍ എന്തുകൊണ്ട് ഇപ്പോഴും മനുഷ്യാവകാശപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പത്രപ്രവര്‍ത്തകരും ഇന്ത്യന്‍ ജയിലുകളില്‍ വിചാരണകള്‍ കൂടാതെ കിടക്കുന്നു? 

കവിയും ആക്ടിവിസ്റ്റുമായിരുന്ന സ്‌നേഹലത റെഡ്ഡി അടിയന്തരാവസ്ഥക്കാലത്തെ ജയില്‍ പീഡനത്തെ തുടര്‍ന്ന് മരിച്ച അതേ നാട്ടിലല്ലേ 1989-ല്‍ സഫ്ദര്‍ ഹാഷ്മിയും 2017-ല്‍ ഗൗരി ലങ്കേഷും കൊല്ലപ്പെട്ടത്. സ്‌നേഹലത റെഡ്ഡി മരിച്ച ദിവസം സ്വന്തം കൂട്ടിലെ തത്തയെ അടഞ്ഞവാതില്‍ തുറന്ന് ആകാശത്തേക്കയച്ച ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക് കോട്ടയത്ത്. 1979-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത കുമ്മാട്ടി എന്ന സിനിമയിലെ അവസാനരംഗം ബന്ധനമെന്തെന്ന് മനസ്സിലാക്കിയ ബാലന്‍ കൂട്ടിലെ തത്തയെ തുറന്നുവിടുന്നതാണ്. അരവിന്ദന്റെ കുമ്മാട്ടി അടിയന്തരാവസ്ഥയോടുള്ള ഒരു പ്രതികരണമായി അക്കാലത്ത് എനിക്കു തോന്നിയിരുന്നു. അതേക്കുറിച്ച് ഒരിക്കല്‍ അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ അത്ഭുതത്തോടെ ആ കണ്ണുകള്‍ തിളങ്ങി. പക്ഷേ ഒന്നും പറഞ്ഞില്ല, പറയാതെ പറയുന്ന പെരുമാള്‍.

അടിയന്തരാവസ്ഥ എന്ന ഇരുളനുഭവം പില്‍ക്കാലത്ത് കേരളത്തില്‍ പൗരബോധത്തെ ഉയര്‍ത്തിയോ എന്ന എന്റെ സംശയം ഇന്നുരാവിലെ കാര്‍ട്ടൂണിസ്റ്റ് ഇ.പി ഉണ്ണിയോട് ഉന്നയിച്ചു. അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം,'ശങ്കേഴ്സ് വീക്കിലി പോലെയുള്ള മര്‍മ്മപ്രധാനിയായ ഒരു കാര്‍ട്ടൂണ്‍ വാരികയുടെ പ്രസിദ്ധീകരണം നിന്നുപോയത് അടിയന്തരാവസ്ഥക്കാലത്താണ്' എന്നുപറഞ്ഞാണ്. കവികളേക്കാള്‍ അപകടം മണക്കാനുള്ള ഘ്രാണശക്തി എപ്പോഴും കാര്‍ട്ടൂണിസ്റ്റുകള്‍ക്കാണ് കൂടുതലായുള്ളത്. സമൂഹത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഒ.വി വിജയന്‍ സൂക്ഷ്മമായി മണത്തത് എഴുത്തിലല്ല, കാര്‍ട്ടൂണുകളിലായിരുന്നു. ഇതൊക്കെ കാരണമാണ് ഞാന്‍ രാവിലെ ഇ.പി ഉണ്ണിയോട് ആ ചോദ്യം ചോദിച്ചത്. അപ്പോള്‍ ഉണ്ണി പറഞ്ഞു, 'താങ്കളുടെ ചോദ്യത്തിനുള്ള എന്റെ മറുപടി കേരള പശ്ചാത്തലത്തില്‍ പറയാം. കേരളത്തിലെ ജനപ്രതിനിധികളെ നോക്കൂ. ജനാധിപത്യപ്രക്രിയയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഇവര്‍. ഇവരെല്ലാവരും വീണ്ടും തിരഞ്ഞെടുപ്പില്‍ ജയിക്കുവാനായി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുക എന്നതാണ്. അത് നല്ലതാണ്. അത് പുരോഗതി തന്നെയാണ്. എന്നാല്‍ പൗരാവകാശങ്ങള്‍, അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇവരെയാരെയും കാണാറില്ല. അതൊരു മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടാന്‍ ആരും തുനിയാറില്ല. കാരണം കേരളത്തിലെ പൊതുസമൂഹം പൗരാവകാശധ്വംസനത്തെ ഗൗരവമായി കാണുന്നില്ല എന്നതാണ്. പോലീസുകാര്‍ ചെയ്യുന്ന  മനുഷ്യാവകാശധ്വംസനത്തെ പൊതുസമൂഹം ഗൗരവത്തോടെ കാണുന്നില്ല. അതുകൊണ്ടാണ് റോഡു പൊളിയുമ്പോള്‍ സത്യഗ്രഹമിരിക്കാന്‍ ഇരമ്പുന്ന ജനപ്രതിനിധി അന്യായമായ കരുതല്‍ തടങ്കലുകളെക്കുറിച്ച് മിണ്ടാതിരിക്കുന്നത്'.

placeholder
ഇ.പി ഉണ്ണി

ഇ.പി ഉണ്ണി ഇതുപറഞ്ഞപ്പോള്‍ മനസ്സിലൂടെ പോയത് രണ്ടു ചെറുപ്പക്കാരുടെ മുഖങ്ങളാണ്. അടിയന്തരാവസ്ഥ എന്ന അനുഭവത്തില്‍ നിന്നും നമ്മുടെ പൗരസമൂഹം എന്തെങ്കിലും പഠിച്ചിരുന്നുവെങ്കില്‍ അലന്‍ ശുഐബ്, താഹ ഫസല്‍ എന്നീ രണ്ട് യുവ സിപിഎം പ്രവര്‍ത്തകര്‍ക്ക് സിപിഎം പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തില്‍ ആ ദുരനുഭവങ്ങള്‍ ഉണ്ടാകുമായിരുന്നോ? പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് അല്ലങ്കില്‍ പന്തീരാങ്കാവ് യു.എ.പി.എ കേസ് എന്നറിയപ്പെട്ട ആ കേസിലെ പ്രതികളായിരുന്ന അവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവില്‍ ഇങ്ങനെ പറയുന്നുണ്ട്: 'കുറ്റാരോപിതര്‍, സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയുടെ കേഡര്‍ ആയിരുന്നു, അവരുടെ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും സംഘടനയാല്‍ നിയന്ത്രിതമായിരുന്നു എന്നു സ്ഥാപിക്കുന്നതില്‍ ഒരുപാട് വിള്ളലുകളുണ്ട്. ഒരു ഭീകരവാദസംഘടനയുടെ അംഗം ആയതിനാല്‍ യു.എ.പി.എയുടെ ഇരുപതാം സെക്ഷന്‍ പ്രകാരമുള്ള കുറ്റത്തിനാണ് ഇവരെ ആദ്യം പിടിച്ചത് എങ്കിലും അന്വേഷണം പൂര്‍ത്തിയായതോടെ കുറ്റപത്രത്തില്‍ നിന്ന് സെക്ഷന്‍ 20 ഒഴിവാക്കി. ഇപ്പോള്‍ പ്രോസിക്യൂഷനുപോലും ഇവര്‍ ഒരു നിരോധിത ഭീകരവാദ സംഘടനയിലെ അംഗങ്ങളാണെന്ന ആരോപണം ഇല്ല'. അപ്പോള്‍ ആ കുഞ്ഞുങ്ങള്‍ ജയിലില്‍ കിടന്ന മാസങ്ങള്‍, അവരുടെ തലച്ചോറിലൂടെ പാഞ്ഞ മിന്നല്‍പ്പിണറുകള്‍, അതിനൊക്കെ ആര്‍ അവരോട് മാപ്പുപറയും?

placeholder
ബോര്‍ഹസ്

അര്‍ജന്റീനിയന്‍ എഴുത്തുകാരന്‍ ബോര്‍ഹസ് പൊതുവേ രാഷ്ട്രീയമെഴുതാറില്ലായിരുന്നു. കാഴ്ചശക്തി ക്രമേണ ക്രമേണ ഇല്ലാതാകുന്ന രോഗത്താല്‍ പീഡിതനായിരുന്ന ബോര്‍ഹസിന് 1940-കളായപ്പോഴേക്കും തീരെ ദുര്‍ബലമായ കാഴ്ചശക്തിയേ ഉണ്ടായിരുന്നുള്ളൂ. 1946-ല്‍ അദ്ദേഹം വരച്ച ഒരു മനോഹരമായ ചിത്രമുണ്ട്. ശിരസ്സറുത്താലും വീണ്ടും കിളിര്‍ക്കുന്ന ജലസര്‍പ്പം Hydra ഒരു ഗ്രീക്ക് സങ്കല്‍പമാണ്. 'The Hydra of the Dictators' എന്ന ഒരു ചിത്രമാണ് ബോര്‍ഹസ് വരച്ചത്, ഏകാധിപതികളുടെ ജലസര്‍പ്പം. അര്‍ജന്റീനിയന്‍ ഏകാധിപതികളായിരുന്ന ഹവാന്‍ റൊസസ്, ഹവാന്‍ പെറോണ്‍ , പിന്നെ ഹിറ്റ്‌ലര്‍, മുസോളിനി, മാര്‍ക്‌സ് എന്നിവരുടെ ശിരസ്സാണ് വളഞ്ഞുപുളയുന്ന ജലസര്‍പ്പത്തിന് ബോര്‍ഹസ് നല്‍കിയത്. മാര്‍ക്‌സ് എന്തുകൊണ്ട് ഈ ചിത്രത്തില്‍ വന്നു എന്നെനിക്കു മനസ്സിലാകുന്നതേയില്ല. സ്റ്റാലിനായിരുന്നെങ്കില്‍ പരാതി പറയുകയുമില്ലായിരുന്നു. ഏതായാലും ബോര്‍ഹസിന്റെ ജലസര്‍പ്പത്തിന്റെ ഒരു പത്തിയില്‍ ഇന്ദിരാഗാന്ധി എന്ന ഛായയ്ക്ക് 1975 ജൂണ്‍ മുതല്‍ ഇരുപത്തിയൊന്നുമാസക്കാലം പ്രസക്തിയുണ്ട്. 

placeholder

2025-ലെ അടിയന്തരാവസ്ഥാവാര്‍ഷികത്തില്‍ ആ ഏകാധിപതിജലസര്‍പ്പത്തിന്റെ ദശാനനമായി ഇന്നത്തെ ലോകരാഷ്ട്രങ്ങളിലെ എത്രയോ മുഖങ്ങള്‍ ബോര്‍ഹസ് വരയ്ക്കുമായിരുന്നു.     
 
2025 ജൂണ്‍ ഇരുപത്തിയഞ്ചാം തീയതി ഇന്ത്യന്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത വാചകത്തില്‍ 1975 മുതല്‍ 1977 വരെ ഇന്ത്യയില്‍ ജനാധിപത്യം തടവിലായിരുന്നു എന്നുപറഞ്ഞു. സത്യമാണ്. എന്നാല്‍ 1977-ല്‍ ജനങ്ങള്‍ ആ തടവുതുറന്ന് പുറത്തുവന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്ക് പ്രത്യയശാസ്ത്രപരമായ അടിത്തറ ഇല്ലായിരുന്നു. അതിനാല്‍ ഒരു തിരഞ്ഞെടുപ്പിനാല്‍ ജനങ്ങള്‍ക്ക് അതിനെ തകര്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ മതദേശീയതയുടെ പ്രത്യയശാസ്ത്ര അടിത്തറയില്‍ ഉണ്ടാകുന്ന പൗരാവകാശധ്വംസനങ്ങളെ ഭക്ത്യാദരാല്‍ മതരാഷ്ട്രത്തെ സ്‌നേഹിക്കുന്ന വേളയില്‍ ആളുകള്‍ തിരിച്ചറിയുക പോലുമില്ല. മയക്കുവെടി കൊണ്ട വളര്‍ത്തുമൃഗമായി പൗരസമൂഹം ഉറങ്ങുന്ന നിദ്രാവര്‍ത്തമാണത്.

ശാന്തിപാഠം 

അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികവേളയുടെ നാളുകളിലാണ്  ശിവഗിരി  മഠാധിപതി ഡെൽഹിയിൽവെച്ച്  'മോദിയിലുള്ളത് ഗാന്ധിയുടെ സത്യനിഷ്ഠ' യാണെന്ന് പറഞ്ഞത് . 

നരായണഗുരുവിന്റെ ആത്മോപദേശശതകത്തിലെ പതിന്നാലാം ശ്ലോകം ഞാൻ സച്ചിദാനന്ദസ്വാമിയ്ക്കു സമർപ്പിക്കുന്നു:

'ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും 
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം 
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം'

(ഭാഷ്യം: മൂന്നുലോകങ്ങളുടെ അതിരുകൾക്കുമപ്പുറം പോയി എങ്ങും തിങ്ങിവിങ്ങുന്നതും പ്രകാശിക്കുന്നതുമായ ആത്മദീപത്തെ പുറമേ മാത്രം കാണിക്കുന്ന യമനം ശീലിച്ച കപടയതികൾക്ക് കരസ്ഥമാകില്ല. അതാണ് ഉപനിഷത്തുകളുടെ ഉപദേശം. അതോർത്താൽ കൊള്ളാം.)