
1991-ലാണ് സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതായത്. അതിനു മുന്‍പേ കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട് ചരിത്രം മാത്രമായിരുന്നു. കൊടുങ്കാറ്റുകള്‍ പെരുമരങ്ങളെ വീഴ്ത്തുംപോലെ, നഗരചത്വരങ്ങളില്‍നിന്നു ലെനിന്റേയും സ്റ്റാലിന്റേയും- ജീവിതത്തേക്കാള്‍ വലുപ്പമുള്ള ലോഹപ്രതിമകള്‍ നിലം പൊത്തി. മഹാനായ കമ്യൂണിസ്റ്റ് അന്റോണിയോ ഗ്രാംഷി ഒരുകാലത്ത് നേതൃത്വം കൊടുത്തിരുന്ന ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1991-ല്‍ പിരിച്ചുവിട്ടു. അപ്പോഴും കേരളത്തിലെ പല വീടുകളിലും ചുമരുകളില്‍ ചില്ലിട്ട ചിത്രങ്ങളായി ലെനിനും സ്റ്റാലിനും നിലനില്‍ക്കുന്നു. ഏകകക്ഷിഭരണമുള്ള ചൈനയിലോ ഉത്തര കൊറിയയിലോ ക്യൂബയിലോ ഉള്ള വീട്ടുചുമരുകളല്ല കേരളത്തിലെ ഈ വീട്ടുചുമരുകള്‍ എന്നതോര്‍ക്കണം. ഇഷ്ടമുണ്ടെങ്കില്‍ സ്റ്റാലിന്റെ പടം മാറ്റി വേറൊരാളുടെ ചിത്രം തൂക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണിത്. ബംഗാളില്‍ അതു സംഭവിച്ചല്ലോ. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന നാടാണ് ഇന്ത്യ. ആ വീടുകളില്‍ ലെനിനും സ്റ്റാലിനും ഇപ്പോഴും ചുമരുകള്‍ അലങ്കരിക്കുന്നുണ്ടെങ്കില്‍ കാരണം ആ വീട്ടില്‍ താമസിക്കുന്നവര്‍ ലെനിനും സ്റ്റാലിനും അവര്‍ കണ്ടുശീലിച്ച പി. കൃഷ്ണപിള്ള, കെ.ആര്‍. ഗൗരിയമ്മ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലന്‍, ടി.വി. തോമസ്. എം.എന്‍. ഗോവിന്ദന്‍ നായര്‍, ആര്‍. സുഗതന്‍, ഇ.കെ. നായനാര്‍, 2025- ല്‍ നൂറ്റിരണ്ടാം വയസ്സില്‍ അന്തരിച്ച വി.എസ്. എന്നിവരെപ്പോലെയുള്ള ആളുകളായിരുന്നു എന്നു കരുതുന്നതുകൊണ്ടാണ്. ഇന്ത്യന്‍ ജനാധിപത്യമാണ്, അതിനുള്ളില്‍ മാര്‍ക്‌സിസം-ലെനിനിസം പ്രയോഗിച്ചുനോക്കിയതാണ്, കേരളത്തിലെ ചുവരുകളില്‍ തൂങ്ങുന്ന ലെനിനേയും സ്റ്റാലിനേയും രക്ഷിച്ചത്. അടുത്ത കാലങ്ങളിൽ ഇന്നാട്ടിലെ കൊടികളില്‍ ചേക്കേറിയ ചെ ഗവേരയെ രക്ഷിക്കുന്നതും.
ദൃശ്യം ഒന്ന്: മഴ പെയ്യുന്നു
ദിവസം ചൊവ്വാഴ്ച
സമയം സന്ധ്യ കഴിഞ്ഞ് ഏഴുമണി
സ്ഥലം: തിരുവനന്തപുരത്ത് കേശവദാസപുരത്തെ വഴിയോരം
കണ്ടാല്‍ ഇരുപത്തഞ്ചുവയസ്സു തോന്നിക്കുന്ന ഒരു യുവതി നില്‍ക്കുന്നു, വി.എസ്സിന്റെ ഭൗതികശരീരം കാണാനായി. അവര്‍ എട്ടര മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞു. രണ്ടര മണിക്കൂറായി കാത്തുനില്‍ക്കുകയാണവര്‍. ഒന്നു കരയുകപോലും ചെയ്യാതെ. എന്നാല്‍, സജലമായ കണ്ണുകളോടെ അവര്‍ പറഞ്ഞു: 'വി.എസ് ജീവിച്ചിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എനിക്കൊരു ധൈര്യമായിരുന്നു'.
ദൃശ്യം രണ്ട്: മഴ പെയ്യുന്നു
ദിവസം ബുധനാഴ്ച
സമയം: രാവിലെ
സ്ഥലം: ആലപ്പുഴയിലെ തോട്ടപ്പള്ളിയില്‍ വഴിയരിക്
കണ്ടാല്‍ അറുപതുവയസ്സു തോന്നിക്കുന്ന ഒരു കര്‍ഷകത്തൊഴിലാളിസ്ത്രീ നില്‍ക്കുന്നു, വി.എസ്സിന്റെ ഭൗതികശരീരം കാണുവാനായി. ഒന്നു കരയുകപോലും ചെയ്യാതെ, എന്നാല്‍ സജലമായ കണ്ണുകളോടെ അവര്‍ പറഞ്ഞു: 'തമ്പ്രാനെന്നു വിളിച്ചിട്ടില്ല ഞാന്‍. പാളേല്‍ കഞ്ഞി കുടിച്ചിട്ടില്ല ഞാന്‍. എന്നാല്‍ എന്റെ അച്ഛനും അമ്മയും അതു ചെയ്തിട്ടുണ്ട്. ഞങ്ങള്‍, കര്‍ഷകത്തൊഴിലാളികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം നേടിത്തന്ന ഒരു തലമുറയിലെ അവസാനത്തെ കണ്ണിയാണ് പോയത്. എന്നാലും വി.എസ് മരിക്കുന്നില്ല. അവരെപ്പോലുള്ളവര്‍ നിത്യരാണ്'.
ദൃശ്യം മൂന്ന്: മഴ പെയ്യുന്നു
ദിവസം ബുധനാഴ്ച
സമയം: രാവിലെ പതിനൊന്നുമണി
സ്ഥലം: ആലപ്പുഴ
മകളുടെ കൈ പിടിച്ച് വൃദ്ധയായ സ്ത്രീ വഴിയരികില്‍. സ്ത്രീ പറയുന്നു: 'എനിക്ക് നൂറ്റിയൊന്നു വയസ്സായി. ഞാന്‍ വി.എസ്സിനെക്കാള്‍ ഒരു വയസ്സിനിളയത്. പകരം ഞാന്‍ മരിച്ചാല്‍ പോരായിരുന്നോ?' അപ്പോൾ മകൾ പറയുന്നു : 'രാവിലെ രണ്ടുമണിക്കെഴുന്നേറ്റ് അമ്മ എന്നെ നിർബന്ധിക്കുകയായിരുന്നു വി.എസ്സിനെ അവസാനമായി കാണാൻ കൊണ്ടുപോകണമെന്ന്'.
മൂന്നു തലമുറകളിലെ സ്ത്രീകളെയാണ് മുകളിലെ മൂന്ന് ദൃശ്യങ്ങളില്‍ അവതരിപ്പിച്ചത്. ഏതെങ്കിലും ഉത്സവത്തില്‍, ആള്‍ക്കൂട്ടത്തില്‍ ആരവമായി നടക്കാന്‍ വന്നവരല്ല അവര്‍ മൂന്നുപേരും. അവര്‍ക്ക് വരാതിരിക്കാന്‍ കഴിയില്ലായിരുന്നു. ഇന്നലെ രാത്രി എഴുത്തുകാരി സാറാ ജോസഫുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു: എന്തേ സ്ത്രീകള്‍ക്ക് വി.എസ്സില്‍ ഇത്ര വിശ്വാസം?'

സാറാ ജോസഫ് പറഞ്ഞു: 'നോക്കൂ, കര്‍ഷകത്തൊഴിലാളിസ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെടുന്ന മേഖലകളില്‍ പോയി അവരെ സംഘടിപ്പിക്കുവാനാണ് പി. കൃഷ്ണപിള്ള കൗമാരക്കാരനായ വി.എസ്സിനോട് ആദ്യം പറഞ്ഞത്. കേരളത്തിലെ സ്ത്രീകൾക്ക് വി.എസ്സിൽ ഉണ്ടായിരുന്ന വിശ്വാസം എക്കാലത്തും ബലവത്തായിരുന്ന ഒന്നായിരുന്നു. കുട്ടനാട്ടില്‍ ജന്മിത്ത വ്യവസ്ഥ സ്ത്രീശരീരത്തിനുമേല്‍ നടത്തിയ കയ്യേറ്റങ്ങളെ ചെറുത്ത വി.എസ്സിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് സ്ത്രീപക്ഷത്തു നിന്ന വി.എസ്സില്‍ എന്നുമുണ്ടായിരുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസിലും സൂര്യനെല്ലി കേസിലും കിളിരൂര്‍ കേസിലുമെല്ലാം അദ്ദേഹം നടത്തിയ ഇടപെടലുകളെ ഞാന്‍ അങ്ങനെയാണ് വിലയിരുത്തുന്നത്'.
ദൃശ്യം നാല്: മഴ തോര്‍ന്നു നില്‍ക്കുന്നു. എപ്പോള്‍ വേണമെങ്കിലും പെയ്യാമെന്ന് ആകാശം പറയുന്നു
ദിവസം ചൊവ്വാഴ്ച രാത്രി
സ്ഥലം ആറ്റിങ്ങല്‍
കണ്ടാല്‍ എഴുപതുവയസ്സു തോന്നിക്കുന്ന ഒരാള്‍ വി.എസ്സിന്റെ മൃതശരീരം കിടത്തിയിരിക്കുന്ന ബസ്സിന്റെ വാതിലില്‍ മുട്ടിയിട്ട്, അതേ ശക്തിയില്‍ നെഞ്ചില്‍ ഇടിച്ചു കരയുകയാണ്. നിലവിളിക്കുകയാണ്. അയാള്‍ പറയുന്നുണ്ടായിരുന്നു, 'എന്റെ വിയര്‍പ്പായിരുന്നു സഖാവേ, താങ്കളുടെ വിയര്‍പ്പും. ഞാനന്നും തൊഴിലാളി, ഇന്നും തൊഴിലാളി. കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്നും എനിക്ക് വി.എസ്സിന്റെ ഛായ ആയിരുന്നു. ഇല്ല, വി.എസ് മരിക്കുന്നില്ല, ഞാന്‍ ജീവിക്കുന്ന കാലത്തോളം'.
വി.എസ്. അച്യുതാനന്ദന്‍ മരിച്ച ദിവസം പ്രൊഫസ്സര്‍ എം.കെ. സാനു പറഞ്ഞ ഒരു വാചകം ഓര്‍മ വരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ വി.എസ്സിന്റെ സമകാലികരായവരിൽ മറ്റു നേതാക്കളിൽ നിന്നും വി. എസ്സിനെ വ്യത്യസ്തനാക്കിയ ഒരു പ്രധാനകാര്യം അദ്ദേഹം അടിസ്ഥാനതൊഴിലാളി വർഗ്ഗത്തിൽനിന്നു വളർന്നു വലുതായ കമ്യൂണിസ്റ്റ് നേതാവാണ് എന്നതാണ്. ആറ്റിങ്ങലില്‍ കണ്ട തൊഴിലാളി കണ്ണാടിയില്‍ നോക്കുമ്പോള്‍ വി.എസ്സിനെ കാണുന്നു എന്നുപറഞ്ഞതുതന്നെയാണ് സാനുമാഷും പറഞ്ഞത്.
ദൃശ്യം അഞ്ച്: ശൈത്യം പിന്‍വാങ്ങി നില്‍ക്കുന്നു
സ്ഥലം: കിഴക്കന്‍ ജോര്‍ജിയയിലെ ഗോറി നഗരം
ജോസഫ് സ്റ്റാലിന്‍ മ്യൂസിയം. കേരളത്തില്‍ നിന്നുള്ള ഞങ്ങള്‍ രണ്ടുപേര്‍ യാത്രികസംഘത്തില്‍. വഴികാട്ടിയായ ജോര്‍ജിയന്‍ പെണ്‍കുട്ടി. അവള്‍ പറഞ്ഞു: 'ഞാന്‍ ഈ മനുഷ്യനെ വെറുക്കുന്നു. എന്നാല്‍ ഇന്നും എന്റെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും വീരനായകനാണ് സ്റ്റാലിന്‍. അവര്‍ പറയുന്നത് ലോകം വീണ്ടും സ്റ്റാലിനെ കണ്ടെത്തുമെന്നാണ്. കണ്ടെത്താതിരിക്കട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു'.
ദൃശ്യം ആറ്: മോസ്‌കോയിലെ തിരക്കേറിയ ടാന്‍സാകിയ സബ്‌വെസ്റ്റേഷന്‍.
കാലം: 2025 ജൂലായ്.
സ്റ്റേഷനില്‍ അടുത്തകാലത്ത് സ്ഥാപിച്ച സ്റ്റാലിന്റെ വലിയ പ്രതിമ. ചെറുപ്പക്കാര്‍ അതിനുമുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നു. പുതിയ സ്റ്റാലിന്‍ വ്‌ലാദിമിര്‍ പുടിന്റെ 'alter ego' ആണെന്ന് വിമര്‍ശകര്‍.
വി.എസ്. അച്യുതാനന്ദന്‍ നമുക്ക് അത്ര ലളിതമായി പിടിതരുന്ന ഒരു വ്യക്തിത്വമല്ല. സ്റ്റാലിനിസത്തിന്റെ പ്രാഭവം വളരെ വ്യക്തമായിട്ടുണ്ടായിരുന്ന സംഘടനാ പ്രവര്‍ത്തനശൈലി ആയിരുന്നു അദ്ദേഹത്തിന്റേത്. വെട്ടിനിരത്തല്‍ എന്നത് അത്തരമൊരു നയമാണല്ലോ. എതിരഭിപ്രായത്തോട് അദ്ദേഹത്തിന്റെ സമീപനം നമുക്കറിയാവുന്നതാണ്. എന്നിട്ടും ഇതാ ഈ വിടവാങ്ങല്‍ വേളയില്‍ സാഗരസമാനമായ അനന്തസ്‌നേഹം ജനങ്ങള്‍ അദ്ദേഹത്തില്‍ ചൊരിയുന്നു. എന്താണ് ആ മാന്ത്രികപ്രഭാവം? പാര്‍ട്ടി എന്ന ഘടനയെ അണികള്‍ മാറോട് അടുപ്പിച്ചുനിര്‍ത്തുന്നു. അദ്ദേഹം ആ പാര്‍ട്ടിയെ തള്ളിപ്പറയാതെയാണ്, പാര്‍ട്ടി നേതൃത്വത്തിന് അസൗകര്യമുണ്ടാക്കിയ പല നീക്കങ്ങളും അവസാനകാലങ്ങളില്‍ നടത്തിയത്. ആ നീക്കങ്ങളിലെല്ലാം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം അദ്ദേഹം കൂടെക്കൊണ്ടുനടന്നു. അതിനാല്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് തലവേദനയുണ്ടാക്കിയപ്പോഴും, ആ ഇടതുപക്ഷ നിലപാടുകള്‍ വഴി താന്‍ അംഗമായിത്തുടര്‍ന്ന പാര്‍ട്ടിയ്ക്ക് ചാരുത നല്‍കുകയും ചെയ്തു. അങ്ങനെയൊരു കൊടുക്കല്‍-വാങ്ങല്‍ ആ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കമായിരുന്നു. പാര്‍ട്ടിയെ അദ്ദേഹം സ്വന്തം രക്ഷിതാവായിട്ടാണ് കരുതിയിരുന്നത്. അതുകൊണ്ടാണ് ആ രക്ഷിതാവിനെ വി.എസ്. ഒരിക്കലും ഉപേക്ഷിക്കാതിരുന്നത്. ആ രക്ഷിതാവിന്റെ ചിറകിനടിയില്‍ ഇരുന്നുമാത്രമാണ് എല്ലാ വിമതപ്രവര്‍ത്തനവും അദ്ദേഹം നടത്തിയത്.
ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് പറഞ്ഞതുപോലെ ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മാറിയ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയായതിനാല്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനും അധികാരം നഷ്ടപ്പെടാനുമുള്ള ഭാഗ്യാവസരം ഇന്ത്യന്‍ ജനാധിപത്യം അവര്‍ക്കു നല്‍കിയതിനാല്‍ വ്യത്യസ്തരായവരാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍. എന്നാല്‍, ആ പ്രത്യയശാസ്ത്രം ഒരു സംഘടിത പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം എന്നതിലുപരി ജനാധിപത്യപരമായ, പലവിധ തുറന്ന രാഷ്ട്രീയപ്രതിരോധങ്ങള്‍ക്കുള്ള മൂല്യവത്തായ പല ഇന്ധനങ്ങളില്‍ ഒന്നുമാത്രമായി മാറിക്കഴിഞ്ഞപ്പോഴും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സ്വന്തം മാനിഫെസ്റ്റോ ആയി കരുതുന്ന ഒരു പാര്‍ട്ടിയുടെ, അതേ രീതിയിലുള്ള നിലനില്‍പ് എത്ര നാള്‍ ഉണ്ടാകുമെന്നത് സംശയമാണ്.
വി.എസ് അതിനുള്ള മറുപടി തന്നിരുന്നത് അവസാനകാലത്ത് അദ്ദേഹം നടത്തിയ സ്വയം നവീകരിക്കലിലൂടെയായിരുന്നു. സ്ത്രീപക്ഷ രാഷ്ട്രീയം, പരിസ്ഥിതി രാഷ്ട്രീയം, ഡിജിറ്റല്‍ കാലത്തിന്റെ സര്‍ഗാത്മക വെല്ലുവിളികള്‍ ഇവയെല്ലാം ആ വന്ദ്യവയോധികന്‍ സ്വാംശീകരിച്ചത് സൈദ്ധാന്തികതലത്തിലല്ല, മറിച്ച് പി. കൃഷ്ണപിള്ളയുടെ ജീവിതത്തില്‍നിന്നും കുട്ടനാട്ടിലെ അധഃസ്ഥിതരുടെ സഹനങ്ങളില്‍നിന്നും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്താണെന്ന് അത് വായിക്കാതെ മനസ്സിലാക്കിയതുപോലെ, പ്രായോഗികജീവിതത്തില്‍നിന്ന്, ക്രിയാത്മകമായ സമൂഹത്തില്‍നിന്ന്, പുത്തന്‍ തലമുറയില്‍നിന്ന് അദ്ദേഹം സ്വാംശീകരിക്കുകയായിരുന്നു നവകാലത്തെ രാഷ്ട്രീയം. അപ്പോള്‍ വി.എസ്. അച്യുതാനന്ദനോടുള്ള ഈ വലിയ ജനാനുഭാവത്തെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ധാർമ്മികമായ ജീവിതം നയിച്ച ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന് സഖാക്കൾ വിശ്വസിക്കുമ്പോൾ വി.എസ്. എന്ന പ്രതിഭാസം ആ വിശ്വാസസാദ്ധ്യതയെ വീണ്ടും മുന്നോട്ടുകൊണ്ടുപോയി.. അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരു പാമ്പുകടിയേറ്റു മരിക്കുമ്പോള്‍ അവസാനം പറഞ്ഞ വാക്കുകള്‍ 'സഖാക്കളേ മുന്നോട്ട്' എന്നായിരുന്നല്ലോ.
അതുകൊണ്ടാണല്ലോ 2025-ൽ ലോകത്തിൽ മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവിനും ലഭിക്കാനിടയില്ലാത്ത, കർക്കിടകമഴയെ തോൽപ്പിക്കുന്ന കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി സഖാവ് വി.എസ്. അച്യുതാനന്ദന് ലഭിച്ചത്. അവശേഷിക്കുന്ന ലോക കമ്യൂണിസ്റ്റുകാർ ഇതൊക്കെ കണ്ടിരുന്നെങ്കിൽ...
Content Highlights: S. Gopalakrishnan Column Azhchappadukal tribute to VS Achuthanandan
Published: 24 Jul 2025, 10:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented