
കേരളത്തില്‍ ഇനിയൊരിക്കലും ജനിക്കാനിടവരരുതേ എന്ന് മാധവിക്കുട്ടി എന്ന കമല സുരയ്യ ജീവിതവസാനത്തില്‍ പ്രാര്‍ത്ഥിച്ചിരുന്നോ? അവര്‍ക്കുതന്നെ അക്കാര്യത്തില്‍ ഒരു തീര്‍ച്ചയില്ല എന്ന് 'സ്ത്രീകളുടെ മൗലികാവകാശങ്ങള്‍' എന്ന ലേഖനത്തില്‍ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ എഴുതിയതു കണ്ടു, കേരളം Manകൂട്ടത്തില്‍ നിന്നും Womanകൂട്ടത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന്. അതു ശരിയാണോ? പരലോകമെന്നത് ഇല്ലാത്തതിനാല്‍ ഇതൊക്കെക്കണ്ട് കെ.ആര്‍. ഗൗരിയമ്മയും മാധവിക്കുട്ടിയും അരിശം കൊള്ളുന്നില്ലായിരിക്കും. പൊതുവേ കരയാറില്ലായിരുന്ന രണ്ടുപേര്‍ ആയിരുന്നു അവര്‍. മുഖ്യമന്ത്രിയാകാന്‍ എല്ലാ യോഗ്യതയുണ്ടായിട്ടും അതാകാതിരുന്നു ഒരാള്‍. നോബല്‍ സമ്മാനമോ ജ്ഞാനപീഠമോ ലഭിക്കാന്‍ എല്ലാ അര്‍ഹതയുണ്ടായിട്ടും അവ ലഭിക്കാതിരുന്ന മറ്റൊരാള്‍.
സ്ത്രീ-പുരുഷബന്ധങ്ങളില്‍ അധികാരം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ വിവാദമായി മാറിയിരിക്കുന്ന ഒരു വിഷയാസക്തിയെക്കുറിച്ച് ആലോചിക്കുമ്പോഴാണ് മനസ്സ് അത്തരമൊരു വഴിയേ പോയത്. ഈ വിഷയത്തില്‍ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രസ്താവന ഇറക്കിയത് ആല്‍ത്തിയാ സഹോദരീസംഘമാണ്. 'മറ്റൊരു പെണ്ണുകേസ് ആകാതിരിക്കാന്‍' എന്ന പ്രസ്താവനയില്‍ നിന്നും കുറച്ചു വാചകങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ:
'പരാതിക്കാരികളായ സ്ത്രീകളോടോ പൊതുജീവിതത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന മൂല്യങ്ങളോടോ അല്‍പം പോലും നീതി പുലര്‍ത്താത്ത മാദ്ധ്യമങ്ങളും, ലിംഗനീതിയെ തങ്ങളുടെ കടിപിടികളില്‍ തട്ടുപന്താക്കാന്‍ മാത്രം ഉത്സാഹിക്കുന്ന രാഷ്ട്രീയക്കാരും നിര്‍ണയിക്കുന്ന ചര്‍ച്ചാവ്യവസ്ഥകള്‍ക്കുള്ളില്‍, അവരുടെ ഭാഷ പങ്കുവച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ മുഖ്യധാരാ ഫെമിനിസത്തിന് ചേര്‍ന്നതല്ലെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു... കേരളത്തില്‍ ഒരു ഫെമിനിസ്റ്റ് മുഖ്യധാരയുണ്ടെങ്കിലും അത് ഫെമിനിസ്റ്റ് മാധ്യമ സംസ്‌കാരമായി എളുപ്പം പരിഭാഷപ്പെടില്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.'
ഉത്സവപ്പറമ്പില്‍ ഒറ്റപ്പെട്ട കരച്ചില്‍ കേള്‍ക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തൃശൂര്‍ പൂരം പോലെ മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും ചാനലുകളിലെ തിരുവമ്പാടിയും പാറമേക്കാവും തമ്മിലുള്ള കുടമാറ്റ മത്സരവുമായി കേരളത്തെ കോലാഹലമേട് ആക്കുമ്പോള്‍ ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒറ്റപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന അടിസ്ഥാന നീതി ശ്രദ്ധയില്‍പ്പെടാതെ പോകുന്നു. തുല്യനീതിയുണ്ടെന്ന പ്രതീതി ജനിപ്പിച്ചിട്ട് എങ്ങനെയാണവിടെ പുരുഷാധികാരം പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉണ്ടായ ലൈംഗികാരോപണത്തെ പുരുഷകേരളം കൈകാര്യം ചെയ്ത രീതി. നീതി എന്ന പ്രതീതി ജനിപ്പിച്ചിട്ട് വിഷയത്തില്‍ നിന്ന് ഒളിച്ചോടുകയും താല്‍ക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്കും കക്ഷിരാഷ്ട്രീയാശ്വാസങ്ങള്‍ക്കും ശ്രമിക്കുകയാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും.
കേരളത്തിന്റെ കണ്ണിന് ഇപ്പോള്‍ കിടിലമാണുപോല്‍ ഉത്സവം. കേരളത്തിന്റെ ചെവി ഇനിയുള്ള കാലത്ത് കേള്‍ക്കയില്ല ഉറുമ്പുകളുടെ ഭാഷണം.
പരസ്പരാകര്‍ഷണത്തിലെ ലൈംഗികതയാണ് ജീവിവംശങ്ങളെ വംശനാശത്തില്‍ നിന്നും രക്ഷിച്ചത്. ലൈംഗികാകര്‍ഷണം പാപമല്ല, ജീവിബദ്ധമാണ്. പുണര്‍ന്നു പെറുമെല്ലാമൊരു ജാതി എന്നാണ് ബ്രഹ്‌മചാരിയായിരുന്ന നാരായണഗുരു സര്‍വജീവിസമാനതയെക്കുറിച്ച് പറഞ്ഞത്.
'പുണര്‍ന്നു പെറുമെല്ലാമൊ-
രിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊ-
രിണയാര്‍ന്നൊത്തു കാണ്മതും'
(ജാതിലക്ഷണം: 1: നാരായണഗുരു: ആണും പെണ്ണും ഇണചേര്‍ന്ന് സന്തതിയെ ജനിപ്പിക്കുന്ന സ്വഭാവമുള്ള എല്ലാ ജീവികളും ഒരു ജാതിയില്‍ പെട്ടതാണ്).
അപ്പോള്‍ പുണരുന്നതോ ഗര്‍ഭം ധരിക്കുന്നതോ പെറുന്നതോ അല്ല പ്രശ്‌നം. അതില്‍ നിലനില്‍ക്കുന്ന അധികാരഘടനയെയാണ് ശ്രദ്ധിക്കേണ്ടത്. സ്ത്രീ-പുരുഷ ബന്ധത്തിലെ ആണധികാരം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ മലയാളത്തില്‍ ഏറ്റവും കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള മാധവിക്കുട്ടിയുടെ ചില രചനകളാണ് ഈ ആഴ്ചത്തെ 'ആഴ്ചപ്പാടുകളുടെ' നിലപാടുതറ.
പ്രകൃതിയും പുരുഷനും എന്ന ഒരു കവിതയുണ്ട്, അവരുടേതായി.
'ഞാന്‍
ഏകാന്തതയുടെ ഓരം പറ്റി
അലഞ്ഞുതുടങ്ങിയിട്ട്
സംവത്സരങ്ങളായി.
നീണ്ട, നീണ്ട യുഗങ്ങളായി...
പുരുഷാ, നീ യൂദാസാണ്
നാളെ കോഴി കൂവും മുമ്പ്
നീ എന്നെ ഒറ്റുകൊടുക്കും.
ഞാന്‍ നിന്നെ വഞ്ചിക്കില്ല
ഒരു കോടതിയിലും
നിന്റെ ദുഷ് ചെയ്തികള്‍ക്ക്
ഞാന്‍ സാക്ഷ്യം പറയില്ല.
ചുംബനങ്ങള്‍ കൊണ്ട് എന്നേ നീ
എന്റെ ചുണ്ടുകളെ ബന്ധിച്ചു.
നിന്റെ കലപ്പ എന്നില്‍ ചലിച്ചു.
ഉഴുതുമറിഞ്ഞ പുതുമണ്ണില്‍
നീ വീണ്ടും വീണ്ടും വിത്തിട്ടു.
വിളകള്‍ കതിരണിഞ്ഞു.
എനിക്കു സാക്ഷ്യം പറയാന്‍
ഒരു ദൈവവും വന്നെത്തുകയില്ല.'
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവജനനേതാവ് ഫോണില്‍ പെണ്‍കുട്ടികളോടായി പറഞ്ഞതായി നാം കേള്‍ക്കുന്ന ശബ്ദസന്ദേശങ്ങളെല്ലാം തന്നെ മാധവിക്കുട്ടിയുടെ വിവിധ കഥകളിലും കവിതകളിലും ലേഖനങ്ങളിലും വന്നിട്ടുണ്ട്, 1950-കള്‍ മുതല്‍. ലൈംഗികതയിലെ അധികാരശബ്ദമെന്നത് പുതിയ കാര്യമൊന്നുമല്ല. ആദ്യകാല കഥകളില്‍ നിന്ന് പില്‍ക്കാല കഥകളിലേക്ക് വരുമ്പോള്‍ ഈ വിഷയം കൂടുതല്‍ ശക്തമായി മാധവിക്കുട്ടി അവതരിപ്പിക്കുന്നത് നമുക്കു കാണുവാന്‍ കഴിയും. ഒരുപക്ഷേ ഏറ്റവുമാദ്യമായി ഈ വിഷയത്തെ മാധവിക്കുട്ടി കൈകാര്യം ചെയ്തത് 1957-ലെ മൃഗതൃഷ്ണ എന്ന കഥയിലായിരിക്കണം. ബ്രിട്ടീഷ് രാഷ്ട്രീയാധികാരത്തിന്റെ ബാക്കിയായി കേരളത്തിലെ എസ്‌റ്റേറ്റുകളിലൊന്നില്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന മധ്യവയസ്‌കനും കുടവയറനുമായ ഒരു സായിപ്പിലൂടെയാണ് ലൈംഗികതയിലെ പുരുഷാധികാരത്തെ മാധവിക്കുട്ടി സമീപിച്ചത്. പതിനാലുകാരിയായ നീലത്തെയാണ് അച്ഛന്‍ ചിദംബരം അന്‍പതുകാരനായ സായിപ്പിനെ സന്തുഷ്ടനാക്കാന്‍ പറഞ്ഞയയ്ക്കുന്നത്. 'തിരികെ വരുമ്പോള്‍ നീ അച്ഛന് അവിടെനിന്നും ഒരു പുതപ്പുകൊണ്ടുത്തരണം' എന്നുപറഞ്ഞിട്ട് അയാള്‍ പറയുന്നുണ്ട്:
'എടീ, പൊട്ടിപ്പെണ്ണേ, ഇന്നല്ലെങ്കില്‍ നാളെ ആ വെള്ളക്കാരന്‍ നിന്നെ എറിഞ്ഞുകളയും. ഞാനിതെല്ലാം എത്രകണ്ടിരിക്കുന്നു'.
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ മുഖ്യധാരയുടെ പുരുഷസൂക്തം 'ഞാനിതെല്ലാം എത്രകണ്ടിരിക്കുന്നു' എന്നതാണ്. കൊല്ലം MLA യാകട്ടെ, പെരുമ്പാവൂര്‍ MLA യാകട്ടെ, കോവളം MLA യാകട്ടെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകട്ടെ ആരും കുലുങ്ങാത്തത് ഈ പുരുഷസൂക്തത്തിന്റെ കാലാതിശായിയായ അതിജീവനത്താലാണ്, 'ഞാനിതെല്ലാം എത്രകണ്ടിരിക്കുന്നു'.
മാധവിക്കുട്ടിയുടെ ആദ്യകാലകഥകളിലെ പെണ്‍കുട്ടികള്‍ കുസൃതികളും കൗശലക്കാരികളും ബുദ്ധിമതികളും വിവേകശാലികളുമാണെങ്കില്‍ പുരുഷന്മാര്‍ ദുര്‍ബലരും ക്ഷീണിതരുമായിരുന്നു. എന്നാല്‍ 1961-ലെഴുതിയ 'ദൈവങ്ങള്‍' എന്ന കഥയിലെ നാണി എന്ന കഥാപാത്രം ലൈംഗികബന്ധങ്ങളിലെ പുരുഷാധികാരത്തിന് ഇരയാകുമ്പോള്‍ കുസൃതിയല്ലാതാകുകയും, കഥയിലെ പുരുഷന്‍ കോഴി കൂവും മുമ്പേ ഒറ്റുകൊടുക്കുന്നവനുമാകുന്നുണ്ട്.
1960-ലെഴുതിയ 'തരിശുനിലം' എന്ന കഥയിലെ ഈ ഭാഗം നോക്കൂ:
'ഒടുവില്‍ അയാള്‍ തന്റെ അല്‍പം പരുത്ത സ്വരത്തില്‍ ചോദിച്ചു:
'ഒന്നും പറയാനില്ലേ?'
അവള്‍: 'ഒന്നു ചോദിക്കണമെന്നുണ്ട്'
അയാള്‍: 'ഊ -?'
അവള്‍: 'എന്നെ വെറുത്തുതുടങ്ങിയോ?'
അയാള്‍: 'എന്തിന്?'
അവള്‍: 'ഒരിക്കല്‍ സ്‌നേഹിച്ചിരുന്നതുകൊണ്ട്'.
അയാള്‍ അല്‍പം ക്രൂരതയോടെ പൊട്ടിച്ചിരിച്ചു. എന്നിട്ട് തന്റെ കോട്ടിന്റെ കീശയില്‍ നിന്ന് ഒരു സിഗരറ്റ് എടുത്തുകൊളുത്തിക്കൊണ്ട് പറഞ്ഞു: 'നിനക്കു ഭ്രാന്താണ് . നീ പറയുന്നതിന്റെ അര്‍ത്ഥം ആര്‍ക്കും മനസ്സിലാവില്ല'.
'പറഞ്ഞോളൂ ഞാന്‍ ഭ്രാന്തിയാണെന്ന.്'
അയാള്‍ സിഗരറ്റ് വലിച്ചെറിഞ്ഞ്, ചിരിച്ചു.
'എനിക്ക് നിന്നോട് അനുകമ്പ മാത്രമേ തോന്നുന്നുള്ളൂ. ഒരു സാധാരണ സ്ത്രീയായി ജനിക്കുവാന്‍ കൂടി കഴിഞ്ഞില്ലല്ലോ നിനക്ക്'.
സ്ത്രീ-പുരുഷ ബന്ധങ്ങളിലെ പുരുഷാധികാരപ്രയോഗം ഏറ്റവും ശക്തമായി കടന്നുവരുന്ന കൃതികള്‍ മാധവിക്കുട്ടിയുടെ 'രുഗ്മിണിക്കൊരു പാവക്കുട്ടി', ചന്ദനമരങ്ങള്‍, അവസാനത്തെ അതിഥി, രോഹിണി, മാനസി തുടങ്ങിയ കൃതികളിലാണ്.
രോഹിണിയില്‍ നിന്നൊരു ഭാഗം:
'അയാള്‍ വീണ്ടും ചിരിച്ചു. 'ഞങ്ങളുടെ രഹസ്യങ്ങളുമായി നീ അങ്ങനെപോകാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ രഹസ്യങ്ങള്‍ നീ ഞങ്ങളുടെ എതിരാളികള്‍ക്കു വില്‍ക്കും. എനിക്കു നിന്നെ വിശ്വാസമില്ല'.
'പിന്നെ നിങ്ങള്‍ എന്നെ എന്തുചെയ്യാന്‍ പോകുന്നു', അവള്‍ ചോദിച്ചു. കണ്ണീരിന്റെ ചൂട് അവള്‍ക്കു കവിളുകളില്‍ അനുഭപ്പെടുന്നുണ്ടായിരുന്നു. 'എന്നെ കൊല്ലാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?'
............. അയാള്‍ രോമാവൃതമായ കരുത്തുറ്റ കൈകളാല്‍ അവളെപ്പിടിച്ച് കിടക്കയിലേക്കെറിഞ്ഞു.
'അനങ്ങാതെ അവിടെക്കിടന്നോ'അയാള്‍ പറഞ്ഞു: 'അല്ലെങ്കില്‍ ഞാന്‍ നിന്നെ കഴുത്തു ഞെരിച്ചു കൊന്നുകളയും'.
'ചന്ദനമരങ്ങളി'ലെ ഒരു ഭാഗം നോക്കൂ:
അവളെ മേശക്കട്ടിലില്‍ കിടത്തി പരിശോധിക്കുകയായിരുന്നു ഞാന്‍. ഇടത്തോട്ടു ചെരിച്ചുവെച്ച ആ മുഖം തുടിക്കുന്നത് ഞാന്‍ കണ്ടു.
'എന്റെ ഗര്‍ഭപാത്രം അശുദ്ധമായെന്ന ഒരു തോന്നല്‍ എന്നെ അലട്ടുന്നു. സുധാകരനെ ഞാന്‍ ഒരിക്കലും ബഹുമാനിച്ചിട്ടില്ല. അയാളെപ്പോലുള്ള ഒരു സാധാരണ മനുഷ്യന്റെ കുഞ്ഞിനെ ഞാന്‍ പത്തുമാസം എന്റെ ശരീരത്തില്‍ വളര്‍ത്തിയെടുക്കുകയില്ല. അയാളുടെ കുഞ്ഞിനെ ഞാന്‍ ഒരിക്കലും പ്രസവിക്കുകയില്ല': അവള്‍ പറഞ്ഞു.
' പിന്നെ ആരുടെ കുഞ്ഞിനെയാണ് പ്രസവിക്കുവാന്‍ ഇഷ്ടപ്പെടുന്നത്?'
പെട്ടെന്ന് എഴുന്നേറ്റിരുന്ന് അവള്‍ എന്റെ ചുണ്ടുകളില്‍ ചുംബിച്ചു. അവളുടെ തൊലിയുടെ ആ പ്രത്യേക മണം എന്നെ കീഴടക്കി -പുതുമഴയെ അനുസ്മരിപ്പിക്കുന്ന സുഗന്ധം.
'നിന്റെ കുട്ടിയെ മാത്രമേ എനിയ്ക്കു പ്രസവിക്കുവാന്‍ ആഗ്രഹമുള്ളൂ', അവള്‍ ഗദ്ഗദത്തോടെ പറഞ്ഞു.
'അതു സാധ്യമല്ലല്ലോ', ഞാന്‍ പിറുപിറുത്തു.
സുധാകരന്റെ സമ്മതമില്ലാതെ അയാളുടെ കുഞ്ഞിനെ നശിപ്പിക്കുവാന്‍ ഞാന്‍ തയ്യാറായില്ല. ഗര്‍ഭച്ഛിദ്രം നടത്തി നിയമങ്ങള്‍ ലംഘിക്കുവാന്‍ എനിക്കു മനസ്സുവരുന്നില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു. '
കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദത്തില്‍ ഭ്രൂണഹത്യയും ഭാഗമാണ്. ഉഭയസമ്മതമെന്നത് സ്ത്രീയ്ക്ക് സ്വന്തം പ്രജനനശേഷിയുടെ മേലുള്ള സ്വയം നിര്‍ണയാവകാശത്തിനു മീതെയല്ല എന്ന കാര്യം ഇത്തരുണത്തില്‍ ആരും മറക്കരുതാത്തതാണ്.
മാധവിക്കുട്ടിയുടെ 'പുഴ' എന്ന കവിതയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈ ലക്കം 'ആഴ്ചപ്പാടുകളി'ല്‍ നിന്നു പിന്‍വാങ്ങട്ടെ:
യുവപ്രഭാഷകാ
നിന്റെ വാക്‌ധോരണി
ശബ്ദകോലാഹലം
നവജാതശിശുക്കളുടെ
മായം ചേര്‍ക്കാത്ത ശബ്ദമായ്
കാതില്‍ വന്നലയ്ക്കുന്നു.
യാമങ്ങളുടെ ശീഘ്രപലായനം
ഞാന്‍ അറിയുന്നില്ല
ഒടുവില്‍ ശ്വാസം നേര്‍ത്ത്
തേന്മൊഴി തൊണ്ടയില്‍ തകര്‍ന്നപ്പോള്‍
എന്തുകൊണ്ട് നടുങ്ങി ഞാന്‍?
നീയെന്റെ ആരാണ്?
മിത്രമോ? ശത്രുവോ?
Content Highlights: S. Gopalakrishnan Azhchappadukal Column Rahul Mamkoottathil and Madhavikutty
Published: 28 Aug 2025, 09:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented