
നദി ഒഴുകുകയല്ല, കഥകള്‍ പറയുകയാണ്.
അയാളെ മറക്കാന്‍ കഴിയില്ല. മെലിഞ്ഞു, നീണ്ട ശരീരമുണ്ടായിരുന്ന, ആ വൃദ്ധബുദ്ധഭിക്ഷുവിനെ. ലേ നഗരത്തില്‍ നിന്നും നാല്പതു കിലോമീറ്റര്‍ പടിഞ്ഞാറേക്ക് യാത്രചെയ്ത് വീതിയുള്ള വഴിയില്‍ നിന്നും താഴേക്കുനോക്കിയാല്‍ സിന്ധു നദിയിലേക്ക് സംസ്‌കാര എന്നുപേരുള്ള നദി വന്നുചേരുന്നതു കാണാം. ബുദ്ധഭിക്ഷു എന്നോടുപറഞ്ഞു, 'സിന്ധുനദി കാണാന്‍ ഇന്ത്യയില്‍ ഏറ്റവും നല്ലയിടം ഈ പ്രയാഗയാണ്'. അദ്ദേഹം ഉശിരുള്ള യുവാവിനെപ്പോലെ മുന്നേയിറങ്ങി നടന്നു, കുത്തനെ താഴേക്കുള്ള നടവഴിയിലൂടെ. ഞാന്‍ പിന്നാലെ പോയി. സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 10,300 അടി ഉയരത്തിലുള്ള നിമ്മു. അവിടെ, സിന്ധുനദിയില്‍ നിന്നും എടുത്ത കല്ലിന്റെ ചിത്രമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്. അവിടെനിന്നും 180 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറേക്ക് ഒഴുകി, line of control കടന്ന് സിന്ധു പാകിസ്താനില്‍ പ്രവേശിക്കുന്നു. പിന്നെ സിന്ധു കാണണമെങ്കില്‍ പാകിസ്താനില്‍ പോകാന്‍ വിസ എടുക്കണം, അതാണെങ്കില്‍ കിട്ടുകയുമില്ല. ഇന്നുരാവിലേ ആ കല്ലില്‍ ഞാന്‍ വിരലോടിച്ചു. ആര്‍ക്കറിയാം ഏഴാം നൂറ്റാണ്ടില്‍ അതുവഴി പോയ ബുദ്ധഭിക്ഷു ഹുയാന്‍ സാങ് ചവുട്ടിനടന്ന കല്ലാണോ ഇതെന്ന്!

രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ പാകിസ്താനുമായുള്ള സിന്ധു നദി കരാര്‍ മരവിപ്പിച്ചു എന്ന വാര്‍ത്തയാണ് സിന്ധുനദിയിലെ ആ കല്ല് വീണ്ടും എന്റെ എഴുത്തുമേശയില്‍ വരാനുണ്ടായ കാരണം. ആലീസ് ആല്‍ബിന (ജനനം 1976 ) ടിബറ്റ്, ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ സിന്ധു നദീതീരത്തുകൂടി സഞ്ചരിച്ച് 2008-ല്‍ പ്രസിദ്ധീകരിച്ച മനോഹരമായ ഒരു പുസ്തകമുണ്ട്, Empires of the Indus , The Story of a River . അതില്‍ ഹൃദയസ്പര്‍ശിയായ ഒരു ഭാഗമുണ്ട് .
ആലീസ് ഒരു വള്ളത്തില്‍ സിന്ധുവിലൂടെ യാത്ര ചെയ്യുകയായിരുന്നു. വള്ളത്തില്‍ മറ്റാളുകളുമുണ്ടായിരുന്നു. വള്ളം നദീമധ്യത്തില്‍ എത്തിയപ്പോള്‍ ഒരു സ്ത്രീ വെള്ളം കുപ്പിയില്‍ എടുത്തു. ആലീസ് ചോദിച്ചു, 'ഇതെന്തിനാണ്?' 'ആ സ്ത്രീയുടെ മകള്‍ക്ക് മാറാരോഗമാണ്. സിന്ധുനദീമധ്യത്തിലെ ജലത്തിന് ഔഷധമൂല്യമുണ്ട്, മകള്‍ക്ക് കൊടുക്കാനാണ്, യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. വെള്ളമെടുത്തുകൊണ്ടിരുന്ന സ്ത്രീ അപ്പോള്‍ ആലീസിനോട് പറഞ്ഞു, 'ആ പുസ്തകം ഈ നദിയിലേക്കെറിയൂ, നിങ്ങള്‍ക്കനുഗ്രഹം ലഭിക്കും'. ആലീസ് ചോദിച്ചു, 'ഏതു പുസ്തകം?'
പര്‍വേസ് പറഞ്ഞു, 'ഖുര്‍ -ആന്‍'
ആലീസ്: എന്ത് , ഖുര്‍ -ആനോ ?'
വിവിധ രാജ്യങ്ങളിലെ ഇസ്ലാമിക് പാരമ്പര്യങ്ങളില്‍ വിശ്വാസവൈവിധ്യങ്ങളില്‍ കൂടി പലകുറി സഞ്ചരിച്ചിട്ടുള്ള ആലീസിന് ഈ ആചാരത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞെട്ടല്‍ തോന്നി. ഒന്നും മനസ്സിലാകാത്തപോലെ അവള്‍ നിന്നു. ആ സ്ത്രീ വെള്ളത്തില്‍ നിന്നും മുഖമുയര്‍ത്തിയിട്ട് ആലീസിനോടായി പറഞ്ഞു,
'Aap patne , likhne walli hein , aur nahi samjhi hain'
'നിങ്ങള്‍ക്ക് എഴുതാനും വായിക്കാനുമറിയാമെന്നേയുള്ളൂ, നിങ്ങള്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല'.

ഇതേ സിന്ധുനദിയുടെ തീരത്തിരുന്നാണ് സൂഫി കവി ബുള്ളെ ഷാ സമാനമായ അര്‍ത്ഥമുള്ള വരികള്‍ പാടിയത് ,
पढ़ पढ़ आलिम फ़ाज़िल होइओं,
कदे अपने आप नूं पढ़आई नहीं।
നിങ്ങള്‍ ഇത്രയേറെ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തിട്ടും
ഇതുവരെ സ്വന്തം ആത്മാവിനെ മനസ്സിലാക്കിയില്ലല്ലോ?
നദീതീരങ്ങള്‍ വിശ്വാസതീരങ്ങള്‍ കൂടിയാണ്. രാഷ്ട്രങ്ങളുടെ നദീജലക്കരാറുകളില്‍ ആ വിശ്വാസങ്ങള്‍ക്ക് വ്യവസ്ഥകളില്ല. ശ്രീബുദ്ധന്‍ സ്വന്തം നിഴലിനെ എന്നേക്കുമായി ഉപേക്ഷിച്ചത് സിന്ധു നദി കടന്ന്, പീഠഭൂമികള്‍ താണ്ടി, കാബൂളില്‍ നിന്നും നൂറ്റിമുപ്പതു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി ബാമിയാനിലെ ഒരു ഗുഹയിലായിരുന്നത്രെ. ഒറ്റപ്പെട്ടുപോയ ആ നിഴല്‍ ഇപ്പോഴും അവിടെ സഞ്ചരിക്കുന്നുണ്ടത്രേ. അതിന്നും മൂന്നു നൂറ്റാണ്ടുകള്‍ക്കെങ്കിലും ശേഷമാണ് അതുവഴി അലക്സാണ്ടര്‍ ചക്രവര്‍ത്തി സിന്ധുതീരത്തേക്ക് മാസിഡോണിയന്‍ സൈന്യത്തെ നയിച്ചത്. ഇസ്ലാം മതം അവിടേക്കു വന്നത് അതിന്നും എത്രയോ നൂറ്റാണ്ടുകള്‍ക്കു ശേഷമായിരുന്നു. അപ്പോള്‍ സിന്ധു ആരുടേതാണ്? ആരാണവള്‍ക്ക് കാവല്‍ക്കാരി?

1960-ലാണ് ഇപ്പോള്‍ ഇന്ത്യാസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്ന Indus Water Treaty ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവില്‍ വന്നത്. നാലുയുദ്ധങ്ങള്‍ അതിജീവിച്ച കരാറാണ് 2025-ല്‍ പഹല്‍ഗാമിലെ കൂട്ടക്കൊലയ്ക്കുശേഷം ഇന്ത്യ മരവിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ത്രിയാണ് ഇക്കാര്യം ബുധനാഴ്ച വൈകുന്നേരം പ്രഖ്യാപിച്ചത്. ഒന്‍പതുകൊല്ലക്കാലം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷം 1960 സെപ്റ്റംബര്‍ പത്തൊന്‍പതാം തീയതിയാണ് IWT രണ്ടുരാഷ്ട്രങ്ങളും ഒപ്പിട്ടത്. കരാര്‍ പ്രകാരം സിന്ധു നദീവ്യവസ്ഥയുടെ കിഴക്കന്‍ ഭാഗത്തെ നദികളിലെ വെള്ളത്തിന്റെ പൂര്‍ണ ഉപഭോഗം ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളിലെ ജലത്തിന്റെ സിംഹഭാഗവും പാകിസ്താനും ലഭിക്കേണ്ടതാണ്. അതായത്, സത്‌ലജ്, ബിയാസ്, രവി എന്നീ നദികളിലെ ജലം ഇന്ത്യയ്ക്കും സിന്ധു, ഝലം, ചിനാബ് നദികളിലെ ജലം പാകിസ്താനും അവകാശപ്പെട്ടതാണ്. എന്നാല്‍ ബുധനാഴ്ചത്തെ പുതിയ തീരുമാനം പാകിസ്താനെ എങ്ങനെ ബാധിക്കുമെന്നത് ആ രാജ്യത്തെ സംബന്ധിച്ചിടത്തോളം ജീവജലത്തോളം നിര്‍ണായകമായ കാര്യമാണ്. സിന്ധുജലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യയുടെ മുന്‍ കമ്മീഷണറായിരുന്ന പി.കെ. സക്സേന ഇന്നലെ ഒരു ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്, പാകിസ്താനിലേക്കുള്ള ജലപ്രവാഹം ഇന്ത്യയ്ക്ക് ഉടനടി വേണമെങ്കില്‍ നിര്‍ത്തിവെയ്ക്കാമെന്നാണ്. അതുപോലെ നദികളിലെ ജലത്തിന്റെ അളവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിമുതല്‍ ഇന്ത്യയ്ക്ക് പാകിസ്താനുമായി പങ്കുവെയ്ക്കേണ്ട ബാദ്ധ്യതയൊന്നുമില്ലെന്നുമാണ്. സക്സേന പറയുന്നത് പൂര്‍ണമായും വാസ്തവമാണോ എന്നറിയില്ല. ഏകപക്ഷീയമായി പിന്മാറാന്‍ പറ്റുന്ന ഒന്നാണോ ഇത്തരത്തിലുള്ള നദീജല ഉടമ്പടികള്‍ എന്നറിയില്ല. എന്തായാലും വലിയ സമ്മര്‍ദമാണ് ഈ തീരുമാനം വഴി പാകിസ്താനുമുകളില്‍ വന്നിരിക്കുന്നത് എന്നത് യാഥാര്‍ഥ്യമാണ്.
ജമ്മുവിലും കാശ്മീരിലും രണ്ട് ജലവൈദ്യുതപദ്ധതികള്‍ ഇന്ത്യ ഇപ്പോള്‍ പണിയുന്നുണ്ട്. ഒന്ന് ഝലം നദിയിലെ കിഷന്‍ഗംഗ പദ്ധതിയും മറ്റൊന്ന് ചിനാബ് നദിയിലേയും. ഇതുരണ്ടിന്റെയും നിര്‍മ്മാണത്തില്‍ പാകിസ്താന്റെ മേല്‍നോട്ടവും കൂടി ഉള്ളതാണ്. എന്നാല്‍ ഉടമ്പടി മരവിപ്പിക്കപ്പെട്ടതോടെ പാകിസ്താന്റെ അഭിപ്രായം തേടാതെത്തന്നെ ഇന്ത്യയ്ക്ക് പദ്ധതികളുമായി മുന്നോട്ടുപോകാവുന്നതാണ്.

എന്നാല്‍, ഇന്ത്യയുടെ ഈ ഭീഷണി പാകിസ്താന് പെട്ടെന്ന് ഭയപ്പാടുണ്ടാക്കുമെന്ന് ആരും കരുതരുത്. കാരണം ഈ നദികളില്‍ നിന്നും പാകിസ്താനിലേക്ക് വെള്ളമൊഴുകുന്നത് തടഞ്ഞുനിര്‍ത്താനുള്ള സാങ്കേതികസംവിധാനങ്ങളൊന്നും തന്നെ തല്‍ക്കാലം ഇന്ത്യയുടെ കൈവശം ഇല്ല എന്നതുതന്നെയാണ് കാരണം.
നദി താഴേക്കാണ് ഒഴുകുന്നത്. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നദീജലത്തര്‍ക്കം ഉണ്ടാകുമ്പോള്‍ ഒന്ന് മുകളിലെ രാജ്യവും മറ്റൊന്ന് താഴത്തെ രാജ്യവുമായിരിക്കും. തര്‍ക്കങ്ങളില്‍ മുകള്‍ രാജ്യത്തിന് എപ്പോഴും ഒരു മേല്‍ക്കൈ ഉണ്ടായിരിക്കും. സിന്ധു നദി കരാറില്‍ ആ മേല്‍ക്കൈ ഉള്ളത് ഇന്ത്യയ്ക്കാണ്. എന്നാല്‍, ഇന്ത്യയും ചൈനയും തര്‍ക്കരാഷ്ട്രങ്ങളായ ബ്രഹ്‌മപുത്രയുടെ കാര്യത്തില്‍ ഈ മേല്‍ക്കൈ ചൈനയ്ക്കാണെന്നതും മറക്കരുത്. ആറ് ജലവൈദ്യുതപദ്ധതികളാണ് മുകള്‍ ബ്രഹ്‌മപുത്രയില്‍ ചൈന പണിതിട്ടുള്ളത്. അവര്‍ പണിയാന്‍ പദ്ധതിയിട്ടിരിക്കുന്ന പുതിയ അണക്കെട്ട് പണി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി അണക്കെട്ടായിരിക്കുമെന്നാണ് സൂചന.
ഇന്ത്യയിലെ കാര്‍ഷികവ്യവസ്ഥ നിരവധി നദികളുമായി ബന്ധപ്പെട്ട് കിടക്കുമ്പോള്‍ പാകിസ്താന്റെ കാര്യം വ്യത്യസ്തമാണ് എന്നതും മറന്നുകൂടാ. ആ രാജ്യത്തെ ആകെയുള്ള കൃഷിയിടത്തിന്റെ എണ്‍പതു ശതമാനത്തിനും വെള്ളം ലഭിക്കുന്നത് സിന്ധുനദീ വ്യവസ്ഥയില്‍നിന്നാണ്. പതിനാറ് ദശലക്ഷം ഹെക്ടര്‍ കൃഷിയിടത്തെയാണ് സിന്ധുവും പോഷകനദികളും നനയ്ക്കുന്നത്. മാത്രമല്ല പഠനങ്ങള്‍ കാണിയ്ക്കുന്നത് അതിവേഗമരുവല്‍ക്കരണം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളാണ് പാക്കിസ്താനിലെ നദീതീരങ്ങള്‍ എന്നാണ്. ലോകത്തില്‍ ജലദൗര്‍ലഭ്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാഷ്ട്രങ്ങളിലൊന്നായി ആ രാജ്യം മാറിക്കൊണ്ടിരിക്കുകയുമാണ്. അവര്‍ക്ക് ലഭിക്കുന്ന സിന്ധുജലത്തിന്റെ തൊണ്ണൂറു ശതമാനവും ഉപയോഗിക്കുന്നത് കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ്. ഇതറിയാവുന്നതുകൊണ്ടാണ് പാകിസ്താന്‍ ഇന്ത്യന്‍ മണ്ണില്‍ ഭീകരത പടര്‍ത്തുന്നതിനു മറുപടിയായി ഇന്ത്യാസര്‍ക്കാര്‍ അറുപതാണ്ടുകള്‍ പഴക്കമുള്ള നദീജല ഉടമ്പടിയില്‍ പിടിമുറുക്കിയിട്ടുള്ളത്. ആ രാജ്യത്തിന്റെ GDP യുടെ ഇരുപത്തഞ്ചു ശതമാനവും നിലനില്‍ക്കുന്നത് സിന്ധുനദിയിലെ ജലലഭ്യത മൂലമാണ്.
2016- ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനോട് പറഞ്ഞ ഒരു വാചകമാണ് ഓര്‍മ്മ വരുന്നത് 'ചോരയും വെള്ളവും ഒരേസമയത്ത് ഒരുമിച്ചൊഴുകില്ല' എന്ന്.
ഇതിനുമുന്‍പും കശ്മീരില്‍ വലിയ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അന്നൊക്കെ ഇന്ത്യയില്‍ അതൊരു 'ഇന്ത്യാ - പാകിസ്താന്‍ സംഘര്‍ഷമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഇന്ത്യയില്‍ മറ്റൊരു സാമൂഹ്യാഖ്യാനത്തിന് കോയ്മ ലഭിച്ചിട്ടുണ്ട്. പാകിസ്താന്‍ ഇടപെടുന്ന അസ്വസ്ഥതകളെല്ലാം ഹിന്ദു -മുസ്ലിം സംഘര്‍ഷമാക്കാനുള്ള ആഖ്യാനമാണത്. പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തിനുശേഷമുള്ള ചര്‍ച്ചകളിലും ഇതിന്റെ പ്രത്യധ്വനികളുണ്ട്. ഇന്നു രാവിലെ എം.ടി വാസുദേവന്‍ നായരുടെ അസുരവിത്തിനെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. ഹിന്ദു -മുസ്ലിം ഏകതയുടെ ഇതിഹാസമാണ് അത്. അതിന്റെ അവസാനഭാഗത്തെ പുഴയെക്കുറിച്ച് ഓര്‍മ്മിച്ചുകൊണ്ട് ബുദ്ധനും ഹുയാന്‍ സാങ്ങും അലക്സാണ്ടറും ഗുരു നനാക്കും ബുള്ളെ ഷായും ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനും മുഹമ്മദലി ജിന്നയും മഹാത്മാ ഗാന്ധിയും അയൂബ് ഖാനും പണ്ഡിറ്റ് നെഹ്രുവും മുറിച്ചുകടന്ന സിന്ധുനദിയെക്കുറിച്ചുള്ള ഈ ലേഖനം അവസാനിപ്പിക്കാം. സത്യത്തില്‍ തൂതപ്പുഴയും സിന്ധുതന്നെയാണല്ലോ. സംസ്‌കാര എന്നുപേരുള്ള പോഷകനദി സിന്ധുവില്‍ ലയിക്കുന്നതുപോലെ ഗോവിന്ദന്‍ കുട്ടിയുടെ പുഴയും ആ സംസ്‌കാരയോടൊപ്പം ലയിക്കട്ടെ.

'അയാള്‍ (ഗോവിന്ദന്‍ കുട്ടി ) കുന്നിന്റെ നെറുകയിലേക്ക് കയറി. ഉയരത്തില്‍ നിന്നുകൊണ്ട് ഒരിക്കല്‍ക്കൂടി കിഴക്കുമ്മൂറിയെ നോക്കി. പറങ്കിമാവിന്‍ തോട്ടങ്ങള്‍ക്കപ്പുറത്തു ചെമ്പിച്ച നിറമുള്ള വെളിമ്പറമ്പുകളില്‍ ഇല്ലിമുള്ളുകള്‍ നിര്‍മിച്ച ചതുരക്കള്ളികളില്‍ കൊച്ചുകൂണുകള്‍ പോലെ വീടുകള്‍ കണ്ടു. അകലെ കവുങ്ങിന്‍തോട്ടങ്ങളുടെ പച്ചത്തലപ്പിനപ്പുറം ഇളവെയിലേറ്റുകിടക്കുന്ന പൊന്‍നിറമുള്ള വയലുകള്‍ കണ്ടു. ശാന്തമായി നിറഞ്ഞൊഴുകുന്ന പുഴയില്‍ കടവുതോണിയുടെ കറുത്ത പുള്ളി ഇളകുന്നതുകണ്ടു'.
Content Highlights: s gopalakrishnan azhchappadukal indus water treaty and pahalgam terror attack
Published: 24 Apr 2025, 04:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented