ജമ്മു കശ്മീരിലെ ബരാമുല്ല തീവ്രവാദികൾ പിടിച്ചെടുത്തതായും സർക്കാർ കെട്ടിടങ്ങളിൽ പ്രവേശിച്ചതായും അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, വിനോദസഞ്ചാരികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉടൻതന്നെ കശ്മീർ വിട്ടുപോകണമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഭ്യർത്ഥിച്ചതായാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് വസ്തുത പരിശോധനയിൽ വ്യക്തമായി.
അന്വേഷണം
ജമ്മു-കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ടു സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. പിന്നീട് കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം നടന്നതായും റിപ്പോർട്ടുകൾ വന്നു. ഈ പശ്ചാത്തലത്തിലാണ് അതിർത്തി ജില്ലയായ ബാരാമുള്ളയും അവിടുത്തെ സർക്കാർ ഓഫീസുകളും തീവ്രവാദികൾ പിടിച്ചെടുത്തു എന്ന വാദത്തോടെ വീഡിയോ വൈറലായത്. ഈ സന്ദേശത്തിൽ അവകാശപ്പെടുന്നതുപോലെ ഒരു സംഭവം നടന്നിരുന്നുവെങ്കിൽ സ്വാഭാവികമായും അത് വലിയ വാർത്തയായേനെ. എന്നാൽ അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നുമില്ല. കശ്മീരിൽനിന്നുള്ള പ്രാദേശിക മാധ്യമങ്ങളും ഈ ഭീകര നടപടിയെക്കുറിച്ചോ കശ്മീരികളല്ലാത്തവരോട് പ്രദേശം വിട്ടുപോകണമെന്നു നിർദേശമുള്ളതായോ വാർത്ത നൽകിയിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി.
തുടർന്ന് പ്രചരിക്കുന്ന വീഡിയോയിൽനിന്ന് കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ദേശീയ മാധ്യമമായ എൻഡിടിവി ഇതേ ദൃശ്യങ്ങൾ രണ്ട് വർഷം മുൻപ് പങ്കുവച്ചതായി കണ്ടെത്തി. 2024 സെപ്റ്റംബർ 14-ന് ചിത്രീകരിച്ചതാണ് വീഡിയോ. ബാരാമുല്ലയിലെ ചക് തപർ ക്രീരി പ്രദേശത്ത് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ 'ഓപ്പറേഷൻ ചക് തപർ' (Operation Chak Tapar) എന്ന ഭീകരവിരുദ്ധ ഏറ്റുമുട്ടലിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ആ സംയുക്ത ഓപ്പറേഷനിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 2024-ൽ നടന്ന സൈനിക ഓപ്പറേഷന്റെ ദൃശ്യങ്ങളാണ് തെറ്റായ വാദത്തോടെ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തി.
വാസ്തവം
ബരാമുല്ല തീവ്രവാദികൾ കയ്യടക്കിയെന്നും കശ്മീരികളല്ലാത്തവരോട് പ്രദേശം വിട്ടുപോകാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടുവെന്നുമുള്ള പ്രചാരണം വ്യാജമാണ്. 2024 സെപ്റ്റംബർ മാസത്തിൽ ബരാമുല്ലയിൽ ഭീകരർക്കെതിരായി നടന്ന 'ഓപ്പറേഷൻ ചക് തപർ' എന്ന സംയുക്ത സൈനിക നടപടിയുടെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Viral claim that Baramulla was seized by terrorists is completely false., Chief Minister Omar Abdullah never issued any instruction for tourists to leave Kashmir., The viral video actually shows 'Operation Chak Tapar', a 2024 anti-terror operation by the Indian Army and J&K Police.
Published: 17 Nov 2026, 01:50 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented