തികെട്ടാല്‍ പുലി ബിസ്‌കറ്റും തിന്നും എന്ന് വി.കെ.എന്‍ എഴുതിയിട്ടുണ്ട്. കാര്‍ഷികസമൂഹത്തിലുണ്ടായ പഴഞ്ചൊല്ലിനെ വ്യാവസായിക സമൂഹത്തിലേക്ക് ആധുനീകരിക്കുകയായിരുന്നു വി.കെ.എന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബിസ്‌കറ്റിനും ഒരു ബന്ധമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ബിസ്‌കറ്റ് കമ്പനി 1929- ല്‍ തുടങ്ങിയ നരോത്തം മോഹന്‍ലാല്‍ ദയാല്‍ അതുചെയ്തത് സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്. അതവിടെ നില്‍ക്കട്ടെ. നമുക്ക് പുല്ലാല്‍ ഗതിമുട്ടിയ ഒരു പുലിയിലേക്ക് പോകാം. മുതുമല കടുവാസങ്കേതത്തിലെ കടുവകള്‍ക്ക് ഒരുതരം കൊങ്ങിണിപ്പൂവ് ഭീഷണിയാകുന്നു എന്ന വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്തവണത്തെ ഓണപ്പതിപ്പില്‍ അനിത തമ്പി എഴുതിയ 'ആടിന്റെ വഴിയിലെ പ്ലാവിന്‍ തൈയ്യേ' എന്ന കവിത കണ്മുന്നില്‍ വന്ന് 'മ്‌ഹേ മ്‌ഹേ' എന്നു കരഞ്ഞത്. 

To advertise here,

കൊങ്ങിണിച്ചെടി (Lantana Camara), വന്യജീവി വംശപിരമിഡിന്റെ അടിത്തറ വംശപരമ്പരയിലെ ഒരിനം, പിരമിഡിന്റെ മുകള്‍മുനയില്‍ വിരാജിക്കുന്ന കടുവയെ ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുതിയ കവിതയുടെ ആടുവഴിയില്‍ ഒരു തൈ പിറന്നതും കവി പ്ലാവിലയോട് 'നാമിങ്ങറിയുവതല്പം' എന്ന മട്ടില്‍ പാടിയതും. എത്ര പെട്ടെന്നാണ് കടുവയുടെ സ്വാഭാവിക ഇരയായ മാനിന്റെ വംശത്തില്‍ പെട്ട ആട് ഒരു ക്രൂരമൃഗമായി പരിണമിക്കുകയും എന്റെ മുന്നിലൂടെ മുക്രയിട്ട് പായുകയും ചെയ്തത്. ലോകജീവിതം സങ്കീര്‍ണമാണ് സുഹൃത്തേ. ആടിനേയും പ്ലാവിലയേയും പരിരക്ഷിക്കുകയും കൊന്നുതിന്നുകയും ചെയ്യുന്ന സങ്കീര്‍ണത!

Lantana Camara എന്ന ചെടിയ്ക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ഒരു ബന്ധമുണ്ട്. വീണപൂവിലെ വിദേശസ്വാധീനം പോലെത്തന്നെ തൊടിയിലെ വീഴാത്ത പൂവിനും അതുണ്ട്. 1800- ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് പറച്ചുനട്ടതാണത്രേ ഈ ചെടി. ഇന്ത്യയിലെ കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെ സ്വാഭാവിക അടിക്കാടുകളെ ഇല്ലാതാക്കി നാല്പതു ശതമാനവും ഈ ചെടി പടര്‍ന്നത് വലിയ ഭീഷണി ആയിരിക്കുകയാണത്രേ. മുതുമലയില്‍ മാനുകളുടെ ഇഷ്ടപുല്ലുകളെ അത് പൂര്‍ണമായും ഇല്ലാതാക്കുകയാണത്രെ. അങ്ങിനെ വരുമ്പോള്‍ ഏതോ ചക്കക്കൊമ്പന്‍ ഉപേക്ഷിച്ചുപോയ കുരുവില്‍ നിന്നും മുളച്ച ഒരു പ്ലാവിന്‍ തൈ, ആരും നടാതെ മുളച്ചത്, ഒരു മാനിന്റെ മുന്നില്‍ നിവര്‍ന്നാല്‍? നല്ലതല്ലേ, മാനിനും അതിനെ കൊല്ലാന്‍ പദം പതിഞ്ഞിരിക്കുന്ന കടുവയ്ക്കും?

ജീവചക്രത്തിലെ ഊർജശൃംഖലയിൽ കവി ഒരു നൈതികചിന്തയുമായി ഇടപെടുന്ന കവിതയാണ് ആദ്യവായനയിൽ അനിത തമ്പിയുടെ 'ആടിന്റെ വഴിയിലെ പ്ലാവിൻ തൈയ്യേ'. എന്നാൽ തുടർന്നുള്ള വായനകൾ പല വഴികൾ തുറക്കുന്നു. ഞാൻ ആടാകുന്നു . ചിലപ്പോൾ ഇലയുമാകുന്നു. ചിലപ്പോൾ ആടിലും ഇലയിലും മനുഷ്യനേയും അവൻ്റെ ചരിത്രത്താൽ പരിമിതപ്പെട്ട നൈതികതയേയും  ആരോപിക്കുന്നവനുമാകുന്നു. അതിനാൽ എന്നെ ആടിന്റെ ചൂരുമണക്കുന്നു. പ്ലാവിലയുടെ ഞരമ്പുകൾ എൻ്റെ ഹസ്തരേഖകളാകുന്നു. 

കരയുന്ന ഒരു കാബേജുമായി മനസ്സില്‍ ബോസ് കടന്നുവരുന്നു. ഇന്ത്യ കണ്ട മഹാശാസ്ത്രജ്ഞന്മാരില്‍ ഒരാളായ ജഗദീഷ് ചന്ദ്ര ബോസാണ് ചെടികളില്‍ വൈകാരികചലനങ്ങളുണ്ട് എന്ന് പരീക്ഷണശാലയില്‍ ശാസ്ത്രസത്യമായി കണ്ടെത്തിയത്. പരീക്ഷണശാലയില്‍ കുമാരനാശാന്‍ ഇരുന്നുപാടുമ്പോലെ എനിക്കു തോന്നുന്നു.

'ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍'

എഴുത്തുകാരനും വെജിറ്റേറിയനുമായിരുന്ന ബെര്‍ണാഡ് ഷാ എഴുതിയ രണ്ടു കത്തുകള്‍ കൊല്‍ക്കത്തയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ട്. ബോസും ബെര്‍ണാഡ് ഷായും സുഹൃത്തുക്കളായിരുന്നു. സസ്യങ്ങളുടെ വളര്‍ച്ച പഠിക്കുവാനായി അദ്ദേഹം വികസിപ്പിച്ച Crescograph ഇരുന്ന ലണ്ടനിലെ പരീക്ഷണശാലയില്‍ ബെര്‍ണാഡ് ഷാ 1923 ല്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ഒരു കാബേജിനെ വറക്കുമ്പോള്‍ അതിലെ വൈകാരികവ്യത്യാസങ്ങള്‍ ബോസ് കാണിച്ചപ്പോള്‍ നാടകകൃത്ത് കരഞ്ഞുവെന്നും പറയപ്പെടുന്നുണ്ട്.

ഏതായാലും ബെര്‍ണാഡ് ഷായുടെ വില്‍പത്രത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു: 
'എന്റെ അന്ത്യയാത്രയെ അകമ്പടി സേവിക്കുവാന്‍ വാഹനവ്യൂഹങ്ങള്‍ വേണ്ട. മറിച്ച്, ജീവനുള്ള കാളകളും ആടുകളും പന്നികളും കോഴികളും ജീവനുള്ള മത്സ്യങ്ങള്‍ നിറഞ്ഞ ചില്ലുപാത്രവും അകമ്പടി സേവിക്കട്ടേ, സഹജീവികളെ തിന്നാതെ മരിച്ചുപോയ ഒരു മനുഷ്യനെ ആദരിക്കുവാനാണിത്. നോഹയുടെ പേടകത്തിലേക്കുള്ള സംഘയാത്ര കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ദയാപരമായ ഒരു യാത്രയായി അതുതീരട്ടെ'.

അനിത തമ്പിയുടെ കവിതയിലെ രണ്ടാം ഭാവം നമ്മെ ഉലയ്ക്കുന്നതാണ്. ബെര്‍ണാഡ് ഷായുടെ ഒസ്യത്ത് നമ്മെ ഉലയ്ക്കുന്നത് അതിലെ കാരുണ്യം കൊണ്ടാണെങ്കില്‍ അനിതയുടെ കവിതയുടെ രണ്ടാം ഭാവം നമ്മെ ഉലയ്ക്കുന്നത് പ്ലാവിലയിലെ ആടിന്റെ ചൂരലാണ്. തടങ്കല്‍ പാളയത്തില്‍ കൊല്ലപ്പെടാതെ രക്ഷപ്പെട്ട ഒരു ജൂതനെ പില്‍ക്കാലത്ത് ഹിറ്റ്ലറെ മണക്കുന്നതുപോലെയൊന്ന്... പുലിയുടെ വേഗത്തില്‍ നിന്നും ജീവഭയത്താല്‍ രക്ഷപ്പെട്ട ഒരു സീബ്രയില്‍ പകലും രാത്രിയും പോലെ പുലിയും ഇരയും പുലരുന്നതുപോലെയൊന്ന്... സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. കാട്ടില്‍ ഓരോ മാനിലും പരാജിതനായ ഒരു പുലിയുടെ ചൂര് മണക്കാവുന്നതേയുള്ളൂ.

'ആടിന്റെ ചൂരുള്ള പ്ലാവിന്‍ തൈയ്യേ 
ആടിന്റെ കൊമ്പുള്ള  പ്ലാവിന്‍ തൈയ്യേ 
ആട്ടിന്‍പാല്‍ചറമുള്ള  പ്ലാവിന്‍ തൈയ്യേ 
മ് ഹേ മ് ഹേ കരയുന്ന പ്ലാവിന്‍ തൈയ്യേ
ആടുനീയാടുനീ പ്ലാവിന്‍ തൈയ്യേ'

placeholder
അനിത തമ്പി

നട്ടെല്ലിലൂടെ ഒരു മിന്നല്‍ പായുന്നതുപോലെ തോന്നി അവസാനവരിയിലെ ആനന്ദനൃത്തഭാവം കണ്ടപ്പോള്‍. കുണ്ഡലിനിപ്പാട്ടിലാകട്ടെ നാരായണഗുരു എഴുതിയല്ലോ,

'ചേര്‍ന്നു നില്‍ക്കുമ്പൊരുളെല്ലാം ചെന്താരൊടു
നേര്‍ന്നു പോമ്മാറു നിന്നാടു പാമ്പേ' 

(തമ്മില്‍ ചേര്‍ന്ന് ഒന്ന് മറ്റൊന്നിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു ആകെ വ്യവസ്ഥയില്‍ പെട്ടിരിക്കുന്നതായി കാണപ്പെടുന്ന സകലതും, നൃത്തം ചവിട്ടുന്ന ശിവപാദങ്ങളില്‍ ചേര്‍ന്നിണങ്ങി നില്‍ക്കുന്നവയാണ്. അതിനോടിണങ്ങി നിന്നുകൊണ്ട്, മനസ്സേ നീയും സമാധാനമായി ആടുക: മുനി നാരായണപ്രസാദിന്റെ ഭാഷ്യം )

'പ്ലാവിലേ, നീയാടുതന്നെയായിരിക്കുന്നു, അതിനാല്‍ നീയാടൂ' എന്ന് കവിത. 
കടുവയും ആടും ഇലയും കവിയും ചേര്‍ന്നുനില്‍ക്കുന്ന പൊരുള്‍!

ആരും നടാതെ മുളച്ചതാണ് അനിതയുടെ കവിതയിലെ പ്ലാവിന്‍ തൈ. ആരും നനയ്ക്കാതെ വളരുന്നതും. പക്ഷേ, അത് ആടിന്റെ വഴിയിലായിപ്പോയി.
Why we die എന്ന പുസ്തകത്തില്‍ നോബല്‍ ശാസ്ത്രജ്ഞനായ വെങ്കി രാമകൃഷ്ണന്‍ പറയുന്നുണ്ട് എലിയ്ക്കും വവ്വാലിനും ഒരേ ഭാരമെങ്കിലും വവ്വാലിന് ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ളത് അതിന് അക്രമിയില്‍ നിന്നും പറന്നകലാന്‍ കഴിയുന്നതുകൊണ്ടാണ് എന്ന്. എലിയ്ക്ക് ഓടാനെങ്കിലും കഴിയുന്നുണ്ടല്ലോ. പാവം പ്ലാവിന്‍ തൈയ്യോ? കുമാരനാശാന്റെ കവിതയില്‍ തള്ള ശലഭബാധ കയറിയ കുഞ്ഞിനോടു പറയുമ്പോലെ 'ഇപ്പിച്ചകമുണ്ടോ നടപ്പൂ'?

അനിത തമ്പിയുടെ കവിതയില്‍ പ്ലാവിന്‍ തൈയ്യിനരികിലേക്ക് ആടെത്തുമ്പോള്‍ ഇങ്ങനെ രണ്ടുവരികളുണ്ട്.

'ആടുവന്നാടുവന്നോടാന്‍ വയ്യ 
വേരുവിട്ടെങ്ങോട്ടും പായാന്‍ വയ്യ'

കഴിഞ്ഞ ദിവസം ഞാന്‍ ഒരു വന്യവീഡിയോ കണ്ടു. ആഫ്രിക്കയിലെ ക്രുഗര്‍ ദേശീയപാര്‍ക്കില്‍ ഒരു തടാകക്കരയില്‍ ഒരു വന്‍ മുതല വിശ്രമിക്കുമ്പോള്‍ അരികിലൂടെ വന്ന് കുറേ മാനുകള്‍ വെള്ളം കുടിച്ചുപോകുന്നു. മുതലയ്ക്ക് വിശപ്പില്ല എന്നതാണ് കാരണം. വിശക്കുമ്പോള്‍ അത് ഇര പിടിക്കുന്നത് കരുണയില്ലാത്തതിനല്ലതാനും. 'ചേര്‍ന്നുനില്‍ക്കും പൊരുള്‍' എന്ന് നാരായണഗുരു പറഞ്ഞതും 'ശക്തിമാനോ ബുദ്ധിമാനോ അല്ല അതിജീവിക്കുന്നത് ചേര്‍ന്നുപോകുന്നവരാണ്' എന്ന് ചാള്‍സ് ഡാര്‍വിന്‍ പറഞ്ഞതും ഓര്‍മ്മയില്‍ വരുന്നു. 

സാഹിത്യവുമായി  ബന്ധപ്പെട്ട വാര്‍ത്തകളും  ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

ആട് വരുന്നുവെന്നും ഇപ്പോള്‍ തന്റെ ജന്മം തീരുമെന്നും കരുതുന്ന 'കവിപ്ലാവിന്‍ തൈ'യും കൊടുങ്കാറ്റുപോലെ പാഞ്ഞുവന്ന് പ്ലാവിന്‍ തൈയ്യെ കടന്നോ / അതോ തിന്നോ പോകുന്ന ആടിനേയും വിവരിക്കുന്ന ഭാഗങ്ങള്‍ ഇതാണ് .

'മിന്നല്‍ക്കുതിയുണ്ട്, മുക്രയുണ്ട് 
ദിക്കുപൊട്ടും മണിയൊച്ചയുണ്ട് 
നട്ടുച്ച കുത്തിമലര്‍ത്തിയിട്ട് 
ഞെട്ടറ്റത്തെല്ലാം ചവുട്ടിയിട്ട് 
സൂര്യനെയീമ്പി വലിച്ചെറിഞ്ഞ് 
പച്ചകള്‍ പാടേ ചവച്ചുതുപ്പി 
കോമ്പല്ലും കൂര്‍ത്ത നഖവുമായി 
ചോരദാഹിക്കും കിതപ്പുമുണ്ട്.

ആകാശം മുട്ടെ വളര്‍ന്നുമുറ്റി 
ആരാണിതാടായ ബാധയാണോ 
ആട്ടിന്‍തോലിട്ട മറ്റാരാനാണോ 
ആരായാലെന്ത് ഞാനാരുമല്ല 
ഞാനെങ്ങും പോകാനും ഭാവമില്ല 
ഞാനുമീ മണ്ണില്‍ പിറന്നതല്ലേ 

കണ്ണും നിഴലും ചുഴലിചുറ്റി 
പെട്ടെന്നൊടിയന്‍ മറയുമ്പോലെ 
ആടുപോയാട്പോയ് പ്ലാവിന്‍ തൈയ്യേ'

ഫ്രാന്‍സ് കാഫ്ക 'kafkaesque' എന്ന വാക്ക് ഉണ്ടാക്കി. ആടുനീയാടുനീ പ്ലാവിന്‍ തൈയ്യേ' എന്ന വരിയിലും ഈ കവിതയിലും നമുക്ക് നമ്മുടെ മേല്‍ നിയന്ത്രണമില്ലാത്ത ഒരു ജീവിതാവസ്ഥ വെളിവാകുന്നുണ്ട്. ആടാണോ ഞാന്‍? അതോ പ്ലാവിന്‍ തൈയ്യണോ? അതോ രണ്ടുമോ? കാഫ്ക പറഞ്ഞതുപോലെ, പ്ലാവിന്‍ തൈയ്യിലേ ആട് അഥവാ 'kafkaesque' ഒരു മിശ്രണമാണ്. അത് സര്‍റിയലുമാണ് അസംബന്ധവുമാണ് എന്നാല്‍ ലൗകികവുമാണ്.