ഞാന്‍ പഠിച്ചുകൊണ്ടിരുന്ന സ്‌കൂളിലെ അവസാന വര്‍ഷമായിരുന്നു അത്. അതൊരു ലോവര്‍ പ്രൈമറി സ്‌കൂളായിരുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ മറ്റൊരിടത്ത് പഠിക്കണം. വീട്ടില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്ററോളം അകലെയായിരുന്ന സ്‌കൂളിലേക്ക് എന്നെ ചേര്‍ത്തു. സാധാരണ കുട്ടികളുടെ രണ്ടുകിലോമീറ്റര്‍ എനിക്ക് 200 കിലോമീറ്ററിന്റെ ദുരിതമാണ് തന്നത്. എന്റെ സ്‌കൂള്‍പോക്കില്‍ വീട്ടിലുള്ള എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. വാതം വന്ന് ഒരു ഭാഗം തളര്‍ന്നുപോയ അമ്മ മെല്ലെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍ ജോലിക്ക് പോകാതെ വീട്ടുചെലവ് നടക്കില്ല. ആ സാഹചര്യത്തില്‍ എന്നെ സ്‌കൂളില്‍ കൊണ്ടുപോകാനും കൊണ്ടുവരാനും അച്ഛന് സാധിക്കുമായിരുന്നില്ല. വാഹനസൗകര്യം ഏര്‍പ്പെടുത്താനുള്ള സാമ്പത്തികാവസ്ഥയും ഉണ്ടായിരുന്നില്ല. ഓരോ വര്‍ഷവും കൃത്രിമക്കാല്‍ വാങ്ങാന്‍ പോകുമ്പോള്‍ ഡോക്ടര്‍ പറഞ്ഞ കാര്യം അച്ഛന്‍ ആവര്‍ത്തിച്ചു. 'നടന്നു നടന്ന് തന്നെ നടത്തം ശരിയാക്കണം'. എത്ര ദൂരം നടക്കാമോ അത്രയും നല്ലത്. വേദനയുണ്ടാവും. പക്ഷേ, നടന്നു തന്നെ അതിനെ മറികടക്കണം. എന്നാല്‍ മാത്രമേ ശരീരത്തിന്റെ ഇടതുഭാഗത്തേക്കുള്ള രക്തയോട്ടം സാധാരണ നിലയിലാകൂ. എല്ലുകള്‍ക്കും പേശികള്‍ക്കും ആയാസം ലഭിക്കൂ, കൃത്രിമക്കാൽ ശരീരവുമായി പൊരുത്തപ്പെടൂ...'' ഡോക്ടറും അച്ഛനും പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെങ്കിലും ഇനി മുതല്‍ ഞാനനുഭവിക്കാന്‍ പോകുന്ന വേദനയെപ്പറ്റിയോര്‍ത്തപ്പോള്‍ എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. ചെറിയൊരു ദൂരം പോലും ഈ ഭൂമിക്കറ്റത്തേക്കുള്ള നടത്തം പോലെ കിതയ്ക്കുന്ന എനിക്ക് രണ്ട് കിലോമീറ്റര്‍ എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്‌കൂളില്‍ ചേര്‍ന്ന ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ അച്ഛന്‍ കൊണ്ടുവിട്ടു. നാട്ടിലുള്ള ഒട്ടു മിക്ക കുട്ടികളും പഠിച്ചിരുന്നത് ആ സ്‌കൂളിലായിരുന്നു. അച്ഛന് എന്നെ നോക്കിയിരുന്നാല്‍ പണിക്കുപോകാന്‍ പറ്റില്ല. ചുറ്റുവട്ടത്തെ കുട്ടികളോടൊപ്പമായി പിന്നീട് സ്‌കൂളിലേയ്ക്കുള്ള എന്റെ നടത്തം. എന്റെ ബാഗ് പിടിച്ചും എന്നെ തോളില്‍ താങ്ങിയും അവരെന്നെ സഹായിച്ചിരുന്നെങ്കിലും ആ ആനുകൂല്യം സ്ഥിരമായെനിക്ക് ലഭിച്ചിരുന്നില്ല. ഒച്ചിഴയുന്നതുപോലെയുള്ള എന്റെ നടത്തത്തിനൊപ്പം നടക്കാന്‍ അവര്‍ മടിച്ചു. എന്റെ ഇടതുഭാഗത്ത് എന്നെക്കാള്‍ കനമുള്ള ഒരു മരക്കാലും ബന്ധിപ്പിച്ചു ഒറ്റയ്ക്കും കൂട്ടത്തില്‍ക്കൂടിയും ഞാന്‍ നടന്നു കിതച്ചു. അല്‍പദൂരം നടക്കുമ്പോഴേയ്ക്കും കാലു പൊട്ടി ചോര പൊടിയാന്‍ തുടങ്ങുകയായി.

To advertise here,

ഏന്തിയേന്തി വഴിയരികിലെ മരച്ചോട്ടിലിരുന്ന് യൂണിഫോം പാവാടകൊണ്ടും ബാഗില്‍ കരുതിയിരിക്കുന്ന തുണികൊണ്ടും ചോരയൊപ്പി റോഡരികിലെ മതിലില്‍ പിടിച്ചും കിതച്ചു ചാരിനിന്നും ബാക്കി ദൂരം വേദനയില്‍ ചവിട്ടിത്തന്നെ ഞാന്‍ നടന്നു. ദൂരം പക്ഷേ അപ്പോഴും എന്നെ തോല്‍പിച്ചുകൊണ്ട് മുന്നില്‍ നെടുനീളെ നിന്നു. അപ്പോളും എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരൊക്കെ സഹതാപത്തോടെ നോക്കുന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഈ ലോകത്തെത്തന്നെ ഞാന്‍ വെറുത്തു. എന്റെ മരക്കാലുമായി സമരം ചെയ്ത് ഇറച്ചിവിണ്ട തൊലിയില്‍ വീണ്ടും വീണ്ടും നടത്തത്തിന്റെ പ്രഹരമേല്‍പിച്ചുകൊണ്ട് ഞാന്‍ ഒരടിയെങ്കിലും മുന്നോട്ടു ചവിട്ടാന്‍ ശ്രമിച്ചു. ചുറ്റിനും മനുഷ്യരാരും ഇല്ലായിരുന്നെങ്കില്‍ ഈ ഭൂമി പൊട്ടിത്തെറിക്കുമാറ് ഉച്ചത്തില്‍ ഞാന്‍ കരയുമായിരുന്നു. ഒരു യുദ്ധം ജയിച്ച ആശ്വാസത്തോടെ ക്ലാസ്സില്‍ ചെന്നിരിക്കുമ്പോള്‍ എന്റെ വേദന പുറത്തു കാണിക്കാതിരിക്കാന്‍ ഞാന്‍ കപടമായൊരു ചിരി മുഖത്തുണ്ടെന്ന് ഉറപ്പുവരുത്തി. ക്ലാസ്സില്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ കൂട്ടുകാര്‍ക്കൊപ്പം ഏറ്റുപറഞ്ഞു. ഉള്ളില്‍ കരഞ്ഞുകൊണ്ട് ഞാന്‍ ചിരിക്കാന്‍ പഠിച്ചത് എനിക്കുചുറ്റുമുള്ള മനുഷ്യരുടെ പരിഗണയ്ക്ക് വേണ്ടിയായിരുന്നു. എല്ലാവരെയും പോലെ ഒരു പ്രശ്‌നവുമില്ലാത്ത 'നോര്‍മല്‍' കുട്ടിയാണെന്നുള്ള തോന്നലുളവാക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അമ്പേ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരു പത്തുവയസ്സുകാരിയുടെ ഓരോരോ പരിശ്രമങ്ങള്‍!

പുതിയ സ്‌കൂളിലെത്തിയ എന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തിയിരുന്നത് ക്ലാസ്സില്‍നിന്നും മൂത്രപ്പുരയിലേയ്ക്കുള്ള ദൂരമായിരുന്നു. സ്‌കൂളിന് പിന്നിലുള്ള ഗ്രൗണ്ടിന്റെ ഒരറ്റത്തായിരുന്നു മൂത്രപ്പുര. സ്‌കൂള്‍ മുറ്റത്തെ കുഴമണ്ണിലൂടെ നടന്ന് ഗ്രൗണ്ടും കഴിഞ്ഞ് അവിടെയെത്തുമ്പോള്‍ തന്നെ ഇന്റര്‍വെല്‍ സമയം കഴിയുമായിരുന്നു. പലപ്പോഴും മൂത്രപ്പുരയിലേയ്ക്കുള്ള പകുതി ദൂരം പിന്നിടുമ്പോള്‍ത്തന്നെ മൂത്രം എന്റെ മരത്തുടയിലൂടെ ഒലിച്ചിറങ്ങിയിട്ടുണ്ടാവും. നാണക്കേടും സങ്കടവും കൊണ്ട് ക്ലാസ്സ്മുറിക്കും മൂത്രപ്പുരയ്ക്കും ഇടയിലെ കുഴമണ്ണില്‍ തുരുമ്പിച്ച ചൂണ്ടക്കൊളുത്ത് പോലെ ഞാന്‍ പൂണ്ടുകിടന്നു.

ചില കുട്ടികള്‍ സഹതാപത്തോടെ എന്നെ നോക്കി. മറ്റു ചിലര്‍ കളിയാക്കി ചിരിച്ചു. അപമാനവും പേറി തലകുമ്പിട്ട് പൈപ്പിൻചുവട്ടിലേയ്ക്ക് മുടന്തി നടന്നു. മൂത്രം വീണു നനഞ്ഞ പാവാടയും തുടയും സോക്സും ഷൂസും കഴുകി തിരികെ ക്ലാസ്സിലെത്തുമ്പോഴേയ്ക്കും അടുത്ത പീരീഡ്  തുടങ്ങിയിട്ടുണ്ടാവും. ക്ലാസ്സിലിരിക്കുമ്പോള്‍ എന്നില്‍ നിന്നും വമിക്കുന്ന മൂത്രമണം കാരണം കുട്ടികളെല്ലാം ഒഴിഞ്ഞുമാറിയിരുന്നു. ഉച്ചഭക്ഷണ സമയത്ത്  കുട്ടികളെല്ലാം എന്റെയടുക്കല്‍ നിന്നും അകന്ന് മറ്റൊരിടത്ത് ഇരുന്നു. അവഗണനയാലും അപമാനത്താലും എന്റെ ഹൃദയം പല കഷ്ണങ്ങളായി നുറുങ്ങി. നാലാം ക്ലാസ്സിലെ എന്റെ വിജയകുമാരി ടീച്ചറെ പോലെ ഒരു ടീച്ചറും എന്റെ രക്ഷയ്‌ക്കെത്തിയില്ല. പല അധ്യാപകരും സ്‌നേഹത്തോടെയോ സഹതാപത്തോടെയോ എന്നോട് സംസാരിക്കുമായിരുന്നെങ്കിലും എന്റെ വേദനകളും അവഗണനകളും അവര്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ പറഞ്ഞിട്ടുമില്ലായിരുന്നു. മൂത്രപ്പുരയിലേയ്ക്കുള്ള ദൂരം ഭയന്ന് എത്ര ദാഹിച്ചാലും വെള്ളം കുടിക്കാതെയായി. പല തരത്തിലുള്ള അസുഖങ്ങള്‍ എന്നെ പിടികൂടി. ഓരോ ദിവസവും അപകര്‍ഷതാബോധം കൂടിക്കൂടി വന്നു. ആരോടും സംസാരിക്കാതെയായി. സ്‌കൂളില്‍നിന്ന് തിരികെ വീട്ടിലേയ്ക്കുള്ള നടത്തത്തില്‍ ചിലരൊക്കെ ബാഗ് പിടിക്കാന്‍ സഹായിക്കുമായിരുന്നെങ്കിലും എന്നോടൊപ്പം മെല്ലെ നടക്കാനുള്ള ക്ഷമ അവര്‍ക്കുണ്ടായിരുന്നില്ല. കുട്ടികളല്ലേ. നടത്തവും ഒരു മത്സരം തന്നെയായിരുന്നു അവര്‍ക്ക് പലപ്പോഴും. ഒന്നാമതെത്താനുള്ള അവരുടെ മത്സരത്തിനിടയില്‍ പലപ്പോഴും എന്നെ മറന്നു. എന്റെ വേദനയെ മറക്കാന്‍ ഇല്ലാത്ത പുഴയെയും മലകളെയും കിളികളെയും സങ്കല്പത്തില്‍ നിര്‍മിച്ചുകൊണ്ട് ഞാന്‍ വേദനയോട് പൊരുതികൊണ്ട് ആ സങ്കല്പങ്ങളുടെ അകമ്പടിയോടെ ഞാന്‍ മെല്ലെ മെല്ലെ നടന്നു. 

നാലാം ക്ലാസ് വരെ പഠിച്ചിരുന്ന സ്‌കൂളില്‍ യുവജനോത്സവങ്ങള്‍ നടത്തിയിരുന്നില്ല. അവിടെ ശിശുദിനത്തിലായിരുന്നു കലാകായിക മത്സരങ്ങള്‍ നടത്തിയിരുന്നത്. ഞാനൊരിക്കല്‍പോലും അതില്‍ പങ്കാളിയായിരുന്നില്ല. പുതിയ സ്‌കൂളിലെ യുവജനോത്സവം പേരുപോലെ തന്നെ ഒരുത്സവമായിരുന്നു. ക്ലാസിലെ ഓരോ കുട്ടികളും പലപല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. എല്ലാവരോടുമെന്നപോലെ എന്നോടും ടീച്ചര്‍ ചോദിച്ചു. 'രമ്യ പാടുകയോ വരയ്ക്കുകയോ വല്ലതും ചെയ്യുമോ? അങ്ങനെയുണ്ടെങ്കില്‍ മത്സരങ്ങള്‍ക്ക് പേരുകൊടുക്കണം' ഞാനതുകേട്ട് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടുക മാത്രം ചെയ്തു. സത്യത്തില്‍ എനിക്കെന്തെങ്കിലും കഴിവുണ്ടോ എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. പാട്ട് കേള്‍ക്കുന്നത് വളരെ ഇഷ്ടമായിരുന്നെങ്കിലും എനിക്ക് പാടാനുള്ള കഴിവുണ്ടായിരുന്നെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

സ്‌കൂളിന്റെ മുന്നിലെ വിശാലമായ ഗ്രൗണ്ടിലാണ് കായികമത്സരങ്ങള്‍ നടത്തിയിരുന്നത്. കുട്ടികളെല്ലാവരും ഓടുന്നതും ചാടുന്നതും നോക്കി ക്ലാസ്മുറിയിലെ ജനലരികില്‍ ഞാനിരുന്നു. ഇതെഴുതുന്ന ഈ നിമിഷത്തില്‍ അത്ഭുതത്തോടെ ഞാനോര്‍ക്കുന്നത് ജനലുകളും ഞാനുമായുള്ള ബന്ധത്തെക്കുറിച്ചാണ്. ഒരുപക്ഷേ, എന്റെ ബാല്യകൗമാരങ്ങളില്‍ ഞാനേറ്റവും കൂടുതല്‍ ചെലവഴിച്ച ഇടം ജനലരികായിരുന്നു. അതിലൂടെയായിരുന്നു ഞാന്‍ പുറംലോകത്തെ നോക്കിക്കണ്ടത്. എന്റെ ഭാവനയെ വിശാലമാക്കിയ, എന്റെ വിഷാദങ്ങളേറ്റുവാങ്ങിയ ഇടം വീട്ടിലേയും എന്റെ ക്ലാസ് മുറികളിലേയും ജനലരികുകളായിരുന്നു. തുറന്നിട്ട വാതിലുകളോ വിശാലമായ പുറംലോകമോ എനിക്ക് നല്‍കാത്ത കാഴ്ചകളായിരുന്നു ജനലരികുകള്‍ എനിക്ക് തന്നിരുന്നത്. 

ക്ലാസ് മുറിയിലെ ജനലരികിലിരുന്ന് പുറത്തേക്ക് നോക്കുമ്പോള്‍ സ്‌കൂള്‍വളപ്പിലെ ചില്ലിത്തെങ്ങിന്റെ നെറുകയില്‍ കാക്ക കൂടുകൂട്ടുന്നതും മതിലിനരികിലെ വാകമരവും അതിലെ രക്തവര്‍ണമാര്‍ന്ന പൂക്കളും മരത്തില്‍ പറന്നെത്തുന്ന പലതരം കിളികളും പതിവ് കാഴ്ചയായിരുന്നു. സ്‌കൂള്‍ ഗ്രൗണ്ടില്‍ പലപല കായികയിനങ്ങളില്‍ മത്സരിച്ച് കുട്ടികള്‍ ഓടുന്നതും ചാടുന്നതുമൊക്കെ നോക്കി ജനലരികില്‍ ഞാനിരിക്കുമായിരുന്നു. നൃത്തം ചെയ്യുന്നവരോട് എനിക്ക് അസൂയയായിരുന്നു. അവരുടെ ദ്രുതഗതിയിലുള്ള പദചലനങ്ങളെ നോക്കി എത്രനേരം വേണമെങ്കിലും ഞാനിരിക്കും. യുവജനോത്സവ വേദികളില്‍ നൃത്തം ചെയ്യുന്നവരുടെ കാല്‍പാദങ്ങളും അതില്‍ ചുറ്റിവളഞ്ഞുകിടക്കുന്ന ചിലങ്കയും കൊലുസ്സുമൊക്കെ എന്നെ വല്ലാതെ മോഹിപ്പിക്കുമായിരുന്നു. തെല്ലസൂയയും കടുത്ത അപകര്‍ഷതാബോധവും ഉരുണ്ടുകൂടി സദസ്സിന്റെ ഒരരികത്ത് അവശനായ വണ്ടിക്കാളയെപോലെ ഞാനിരുന്നു. ഇടയ്ക്കിടെ ഞങ്ങളുടെ ഡ്രില്ല് മാഷ് സ്‌കൂള്‍ വരാന്തയിലൂടെയും, സ്റ്റേജിന് മുന്നിലൂടെയുമൊക്കെ കുട്ടികളെ നോക്കി ചിരിച്ചുകൊണ്ട് നടക്കുമായിരുന്നു. മാഷിന്റെ ആ ചിരിക്ക് ഒരു കാരണവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്‍നിരയിലുള്ള നാലാമത്തെ പല്ല് സ്വര്‍ണം പൂശിയതായിരുന്നു. ഏതോ വലിയ രാജ്യത്തെ വിഡ്ഢിയായ ഭരണാധികാരിയെപോലെ ചിരിച്ചുകൊണ്ടുള്ള പോക്ക് കണ്ട് കുട്ടികളൊക്കെ ഊറിച്ചിരിക്കുന്നതും പതിവായിരുന്നു.

പതിയാത്ത കാല്‍പ്പാടുകള്‍ ഇതുവരെയുള്ള അധ്യായങ്ങള്‍ ഇവിടെ വായിക്കാം.

അച്ഛനുമമ്മയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങിയ കാലമായിരുന്നു അത്. രണ്ടുപേരും വിദ്യാസമ്പന്നരായിരുന്നു. ഞാന്‍ ജനിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് ഗവണ്‍മെന്റ് ജോലിയില്‍ നിയമനം ലഭിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിരുന്നു. എന്റെ അസുഖവും ഓപ്പറേഷനുമൊക്കെ കാരണം അമ്മയത് ഉപേക്ഷിക്കുകയാണുണ്ടായത്. പില്‍ക്കാലത്ത് കഷ്ടപ്പാടും ദാരിദ്ര്യവും അലട്ടുമ്പോഴും നഷ്ടപ്പെട്ട അവസരത്തെക്കുറിച്ചോര്‍ത്ത് അമ്മ കരഞ്ഞു. പഠിപ്പുണ്ടായിട്ടും ജോലി ലഭിച്ചിട്ടും ഞാന്‍ കാരണം അതൊക്കെ നഷ്ടപ്പെട്ടതിന്റെ ദേഷ്യവും സങ്കടവും ദേഷ്യവും ശാപവാക്കുകളായി അമ്മ എനിക്കുമേല്‍ ചൊരിഞ്ഞിട്ടുണ്ടെങ്കിലും അമ്മയനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും നിസ്സഹായതയുമാണ് അവരെ അത് പറയാന്‍ പ്രേരിപ്പിച്ചതെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. കഷ്ടപ്പാടിന്റെ കാഠിന്യത്താല്‍ കൊയ്യാനും മറ്റുനാട്ടുപണിക്കൊക്കെ പോകുമ്പോഴും നഷ്ടപ്പെട്ട അവസരത്തെയോര്‍ത്ത് അമ്മ ദുഃഖിക്കുന്നത് എന്നെയും അസ്വസ്ഥയാക്കിയിരുന്നു.

കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അച്ഛന്റെ ഉള്ളില്‍ നിറയെ കലയും കലാപ്രവര്‍ത്തനങ്ങളുമായിരുന്നു. നാടകമെഴുതിയും പാട്ടെഴുതിയും തബല വായിച്ചും അച്ഛന്റെ കലാജീവിതം കൊണ്ടുപോകുന്നതിനിടയില്‍ പൊലിഞ്ഞുപോയ വര്‍ഷങ്ങള്‍ അച്ഛനെ എവിടെയും എത്തിച്ചില്ല എന്ന ചിന്ത അച്ഛന്റെ ഉള്ളിലും കിടന്നുതിളച്ചു. രണ്ടുപേരും അവരുടെ ജീവിതത്തില്‍ തികഞ്ഞ അതൃപ്തരായിരുന്നു. അമ്മയെ വിവാഹം ചെയ്തശേഷം കുടുംബം പുലര്‍ത്താന്‍ പല പല ജോലികള്‍ ചെയ്തെങ്കിലും അച്ഛന്റെ ഉള്ളിലെ കലാകാരന്‍  മോക്ഷം കിട്ടാതെ അലഞ്ഞു. എന്റെ ജനനവും തുടര്‍ന്നുണ്ടായ അനുഭവങ്ങളും അമ്മയേയും അച്ഛനേയും അത്രമാത്രം തളര്‍ത്തിയിരിക്കാം. ദിവസം കഴിയുന്തോറും അവര്‍ക്കിടയിലെ പൊരുത്തക്കേടുകളും സംഘര്‍ഷങ്ങളും കൂടിക്കൂടിവന്നു. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും ശാപവാക്കുകളും എന്റെ പതിവ് കാഴ്ചയും കേള്‍വിയുമായി. അതിനിടയില്‍ ഞാനെന്ന മനുഷ്യജീവി ആ വീട്ടിലുണ്ടെന്നത് പോലും അവര്‍ ഇരുവരും മറന്നു. അവരുടെ കലഹങ്ങള്‍ക്കിടയില്‍ പകച്ചും ഭയന്നും കരഞ്ഞും ആ വീട്ടില്‍ മുള്‍ച്ചെടികള്‍ മാത്രം വളരുന്ന ഒറ്റപ്പെട്ട തുരുത്തുപോലെ ആയിത്തീര്‍ന്നിരുന്നു ഞാന്‍. ചില ദിവസങ്ങളില്‍ അച്ഛന്‍ അമ്മയെ ക്രൂരമായി ഉപദ്രവിക്കുമ്പോള്‍ നിസ്സഹായയായി നോക്കിനില്‍ക്കേണ്ടിവന്നിട്ടുണ്ട്. എനിക്ക് ചുറ്റും നടക്കുന്നതെന്താണെന്നറിയാതെ കുട്ടിമ്മയുടെ (അമ്മയുടെ അമ്മ) മടിയിലേക്ക് ഭയത്തോടെ ചായുമ്പോള്‍ അവരെന്നെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിക്കുമായിരുന്നു. രാത്രിയില്‍ എനിക്കൊപ്പമിരുന്ന് കഥകള്‍ പറഞ്ഞും, പാട്ടുകള്‍ പാടിത്തന്നും അവരെന്റെ അരക്ഷിതാവസ്ഥയെ ലഘൂകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മൂന്നോ നാലോ കഥകള്‍ മാത്രമേ കുട്ടിയമ്മയ്ക്ക് അറിയാമായിരുന്നുള്ളൂ. എന്റെ മുടിയില്‍ തലോടി ആ കഥകള്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍ ഇടയ്ക്കിടെ അവര്‍ കരയും. തന്റെ മകളുടെ ദുര്‍വിധിയോര്‍ത്ത് കുട്ടിയമ്മ നെടുവീര്‍പ്പിടും. 'നീ നന്നായി പഠിച്ച് വലുതായി അമ്മയെ പൊന്നുപോലെ നോക്കണം' എന്ന് എന്നോട് എപ്പോഴും പറയുമായിരുന്നു.

സാഹിത്യസംബന്ധമായ വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും ഈ ഗ്രൂപ്പില്‍ അംഗമാവൂ

വടക്കുദേശത്തുള്ള ഒരമ്പലത്തില്‍ പൂജാരിയായിരുന്ന ഒരു ബ്രാഹ്‌മണന്‍ അന്നാട്ടിലെ താഴ്ന്ന ജാതിക്കാരിയായ ഒരു സ്ത്രീയില്‍ അനുരക്തനാവുകയും അയാള്‍ അവളുമായി മറ്റൊരു ദേശത്തേക്ക് ഓടിപ്പോകുകയും ചെയ്ത കഥ കുട്ടിയമ്മ പറയുമ്പോള്‍ ബാക്കിയറിയാനുള്ള വ്യഗ്രതയില്‍ ഞാന്‍ ഓരോന്നും ചോദിച്ചുകൊണ്ടേയിരുന്നു. സത്യത്തില്‍ ബാക്കി കഥ കുട്ടിയമ്മയ്ക്കും അറിയില്ലായിരുന്നു. അത് നടന്നതാണോ? അല്ലെങ്കില്‍ അവരുടെ ഭാവനയില്‍ നിന്ന് ഉണ്ടായതാണോ എന്ന് ഇന്നും എനിക്കറിയില്ല. എന്നാലും ഉറക്കമില്ലാത്ത എന്റെ പല രാത്രികളിലും ആ കഥയ്ക്ക് ഉപകഥകളുണ്ടാക്കി ഞാന്‍ സമയം തള്ളിനീക്കി. കുട്ടിയമ്മയ്ക്ക് അറിയാമായിരുന്ന മൂന്നോ നാലോ കഥകളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ഞാനും ജീവിച്ചു.

ആയിടയ്ക്കാണ് മറ്റേമ്മ (അപ്പൂപ്പന്റെ രണ്ടാം ഭാര്യ) അസുഖ ബാധിതയാകുന്നത്. ശ്വാസകോശത്തിനേറ്റ കടുത്ത അണുബാധ അവരെ അവശയാക്കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റേമ്മയെ ശുശ്രൂഷിക്കാന്‍ പോയത് കുട്ടിയമ്മയായിരുന്നു. അതുവരെയുണ്ടായിരുന്ന എല്ലാ പിണക്കങ്ങളും മറന്ന് സ്വന്തം മകളെയെന്നപോലെ അവരെ പരിചരിച്ചു. കുട്ടിയമ്മയുടെ ഹൃദയവിശാലത പലരിലും അത്ഭുതമുളവാക്കി. പില്‍ക്കാലത്ത് ഞാന്‍ കുട്ടിയമ്മയോട് മറ്റേമ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ ആശുപത്രിവാസത്തിനിടയിലൊരിക്കല്‍ കുട്ടിയമ്മയുടെ കൈപിടിച്ച് അവര്‍ ക്ഷമചോദിച്ച കാര്യം വേദനയോടു കൂടി പറഞ്ഞു. മറ്റേമ്മ അനുഭവിച്ച ഒറ്റപ്പെടലും വേദനയും അവര്‍ക്ക് അപ്പൂപ്പനില്‍ നിന്ന് ലഭിക്കാതെ പോയ കരുതലിനേയും സ്നേഹത്തെയും കുറിച്ചോര്‍ത്ത് കുട്ടിയമ്മ കരഞ്ഞത് ഇന്നും മറക്കാനാവാത്ത ഒരു ചിത്രമാണ്. നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍രൂപം ധരിച്ച ദൈവാംശമാണ് കുട്ടിയമ്മയെന്ന് എനിക്ക് തോന്നി.

മറ്റേമ്മയെ ശുശ്രൂഷിക്കാന്‍ കുട്ടിയമ്മ പോയതോടുകൂടി ഞാന്‍ തികച്ചും ഒറ്റപ്പെട്ടു. ഒന്ന് മിണ്ടാനോ ആശ്വസിപ്പിക്കാനോ ആരുമില്ലാതായി അച്ഛന്റെയും അമ്മയുടെയും നിരന്തരമുള്ള കലഹങ്ങള്‍ക്കിടയില്‍ സ്വസ്ഥതയും ഉറക്കവും നഷ്ടപ്പെട്ട് കുട്ടിയമ്മ പറഞ്ഞൊരു കഥയിലെ ആഭിചാരക്രിയകള്‍ മറന്നുപോയൊരു ദുര്‍മന്ത്രവാദിനിയെപ്പോലെ ഞാന്‍ മുറിയ്ക്കുള്ളില്‍ അലഞ്ഞുനടന്നു.

മറ്റേമ്മ മരിച്ച് ആറുമാസം തികയുന്നതിനുമുന്‍പേ അപ്രതീക്ഷിതമായി അപ്പൂപ്പന്‍ മരണപ്പെട്ടു. അതിരാവിലെ കുളികഴിഞ്ഞ് ഏതോ പൂജാകര്‍മത്തിന് പോകുന്നവഴിക്ക് ഹൃദയസ്തംഭനമുണ്ടായാണ് മരണപ്പെട്ടത്. അപ്പൂപ്പന് തന്റെ മരണം മുന്‍കൂട്ടി അറിയാമായിരുന്നു എന്ന് മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയമ്മ കരഞ്ഞുകൊണ്ട് പറഞ്ഞതായോര്‍ക്കുന്നു. അന്നേദിവസം രാവിലെ പൂജാസാമഗ്രികളുമായി വീട്ടില്‍നിന്ന് പുറപ്പെടുന്നതിന് മുമ്പായി 'കുട്ട്യേ ഞാന്‍ പോകുവാടീ' എന്ന് പതിവിലും വിപരീതമായി കുട്ടിയമ്മയുടെ കൈപിടിച്ചുകൊണ്ട് അപ്പൂപ്പന്‍ പറഞ്ഞിരുന്നുവത്രെ!' ദൈവത്തിനോട് അത്രയും അടുത്ത് നില്‍ക്കുന്ന ആളല്ലേ. സ്വന്തം മരണംപോലും മുന്‍കൂട്ടി അറിയുവാനുള്ള സിദ്ധി കാണാതിരിക്കില്ലല്ലോ' കേട്ടുനിന്നവരെല്ലാം പരസ്പരം പറഞ്ഞു. ഇനിയങ്ങോട്ട് ജീവിതമില്ലെന്ന മട്ടില്‍ അപ്പൂപ്പന്റെ തലയ്ക്കല്‍ തളര്‍ന്നിരുന്ന് കുട്ടിയമ്മ അവ്യക്തമായി എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. അപ്പൂപ്പന്റെ മരണം നല്‍കിയ ആഘാതത്തില്‍ കുട്ടിയമ്മ ദിവസങ്ങളോളം മുറിക്ക് പുറത്തിറങ്ങാതെ, ഭക്ഷണം പോലും കഴിക്കാതെയിരുന്നു. അവര്‍ തമ്മിലുള്ള ആത്മബന്ധം അത്ര കരുത്തുറ്റതായിരുന്നു. അപ്പൂപ്പൻ മരിച്ചതിന് ശേഷം നാളുകളോളം കുട്ടിയമ്മ വീടിനു പുറത്തിറങ്ങാതിരുന്നു.ആരോടും ഒന്നും മിണ്ടാതെ ദിവസങ്ങൾ നീക്കി..എല്ലാ ദിവസവും അപ്പൂപ്പൻ്റെ പൂജാ പാത്രങ്ങൾ കഴുകി തുടച്ചും ചാണക്കല്ലിൽ ചന്ദനമരച്ചും അപ്പൂപ്പൻ ജീവിച്ചിരിക്കുന്നുണ്ടെന്ന മട്ടിൽ തന്നെ പെരുമാറി.അപ്പൂപ്പൻ്റെ മരണം അമ്മയെയും വല്ലാതെ തളർത്തിയിരുന്നു. സ്നേഹ നിധിയായ തൻ്റെ അച്ഛൻ ഈ ഭൂമിയിലില്ലെന്ന സത്യം അംഗീകരിക്കാനമ്മയ്ക്കും കഴിഞ്ഞിരുന്നില്ല ..ഈ രണ്ടു സ്ത്രീകളുടെ വിഷാദ കാലങ്ങൾക്കുള്ളിൽ ഞാൻ തികഞ്ഞ മൗനിയായി.പുസ്തകങ്ങളെ മാത്രം ആശ്രയിച്ച് ഓരോ ദിവസവും കഴിച്ചു കൂട്ടി.