
റാമിന്റെ അച്ഛന്റെ മരണശേഷം വീട്ടിനകത്തും പുറത്തും ഏകാന്തത തങ്ങിക്കിടന്നു. അതുവരെ അച്ഛന്‍ പറഞ്ഞുകൊണ്ടിരുന്ന ഓര്‍മകളും അതിനുള്ളിലെ മനുഷ്യരും എന്നോ ഈ ഭൂമിയിലുരിഞ്ഞിട്ട രൂപം എടുത്തണിഞ്ഞുകൊണ്ട് ഓരോരുത്തരായി അച്ഛന്റെ മുറി വിട്ടിറങ്ങി പോകുന്നതായെനിക്ക് തോന്നി. പകലൊക്കെ വീട്ടുജോലികള്‍ ചെയ്തും കുഞ്ഞിനോടൊപ്പം ഇരുന്നു ഞാന്‍ സമയം ചെലവഴിച്ചു. റാം ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമ്പോഴൊക്കെ മദ്യലഹരിയില്‍ ആയിരുന്നു. റാം ഏറെക്കുറെ മദ്യത്തിന് അടിപ്പെട്ടു കഴിഞ്ഞിരുന്നു. ഞങ്ങള്‍ തമ്മിലുള്ള സംസാരം പോലും വിരളമായി. പല രീതിയില്‍
പിന്തിരിപ്പിക്കാന്‍ നോക്കിയിട്ടും അതൊക്കെ വിഫലമായി. കുഞ്ഞുമായുള്ള അവിടത്തെ ജീവിതം തീര്‍ത്തും അരക്ഷിതമായി. രാത്രി ഏതോ സമയത്ത് കയറിവരുന്ന റാമിനെ ഭയത്തോടെ മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. കുട്ടിക്കാലത്ത് എന്റെ അച്ഛനമ്മമാരുടെ വഴക്കുകള്‍ എന്റെ ഉള്ളിലെ
ഭീതിപ്പെടുത്തുന്ന ഓര്‍മയായിരുന്നതിനാല്‍ അങ്ങനെ ഒരു മാനസികാവസ്ഥ എന്റെ മോള്‍ അനുഭവിക്കേണ്ടി വരരുതെന്നു കരുതി അവളുടെ മുന്നില്‍വച്ച് ഒരു വാക്കുതര്‍ക്കത്തിനോ വഴക്കിനോ പലപ്പോഴും ഞാന്‍ മുതിര്‍ന്നില്ല.
കൊടിയ ദാരിദ്ര്യത്തിന്റെയും വേദനയുടെയും നാളുകള്‍. മദ്യപിക്കാനായി വരുത്തിവച്ച ഭീമമായ കടങ്ങള്‍ വീട്ടാനാവാതെ കടക്കാര്‍ എന്നെയും വളഞ്ഞിട്ടാക്രമിക്കാന്‍ തുടങ്ങി. അവരുടെ കടുത്ത അസഭ്യങ്ങള്‍ കേട്ട് ആത്മാഭിമാനത്തിനേറ്റ വലിയ മുറിവും പേറി ഞാന്‍ നടന്നു. ആത്മഹത്യയല്ലാതെ
മുന്നില്‍ മറ്റൊരു വഴി ഇല്ലാതായി. അല്ലെങ്കില്‍ ഇവിടത്തെ ജീവിതം മതിയാക്കി കുഞ്ഞുമായി എന്റെ വീട്ടിലേയ്ക്ക് പോന്നാലോ എന്ന് പലതവണ
ആലോചിച്ചു. അതിനായി ശ്രമിക്കുകയും ചെയ്തു. അതൊക്കെയും റാം തടഞ്ഞു. ഇനി ഒരിക്കലും ഇതാവര്‍ത്തിക്കില്ല എനിക്ക് നിങ്ങളെ
വേണമെന്ന് പറഞ്ഞുകൊണ്ട് മാപ്പിരന്നുകൊണ്ടിരുന്നു. ഒടുവില്‍ ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരവും അവരുടെ സഹായത്തോടെയുമാണ് ഞാന്‍ റാമിനെ തൃശ്ശൂരുള്ള ലഹരി വിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോകുന്നത്.
കുടുംബത്തോടൊപ്പം മാത്രമേ അവിടെ പ്രവേശനം ലഭിക്കുകയുള്ളൂ. രണ്ടര വയസ്സുള്ള എന്റെ മോളെയും ഒക്കത്തിരുത്തി പുനര്‍ജ്ജനി എന്ന് പേരായ സ്ഥാപനത്തിന്റെ പടികള്‍ കയറുമ്പോള്‍ ഞാന്‍ ജീവിച്ചിരിക്കുന്നു എന്നത് ഒരു നേര്‍ത്ത തോന്നല്‍ മാത്രമായിരുന്നു. അത്രത്തോളം ജീവച്ഛവം ആയിക്കഴിഞ്ഞിരുന്നു ഞാന്‍. തികച്ചും അപരിചിതമായ ലോകം ആദ്യമായി കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ഒരിടം. അതുവരെ ഈ സ്ഥാപനത്തെ കുറിച്ച് എനിക്കറിയില്ലായിരുന്നു.
ഒരു കുന്നിനു മുകളിലായി നില്‍ക്കുന്ന ഓടുമേഞ്ഞ കെട്ടിടങ്ങള്‍. നിറയെ മരങ്ങളും ചെടികളും നിറഞ്ഞ വിശാലമായ മുറ്റം വളരെ ശാന്തമായ
ഒരന്തരീക്ഷം. ആ സ്ഥാപനത്തിലെ പ്രധാന കെട്ടിടത്തിലേയ്ക്ക് കയറിച്ചെന്നപ്പോള്‍ അവിടവിടെയായി നിന്ന് സ്ത്രീകളും പുരുഷന്മാരും
ഞങ്ങളെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. ആ സ്ഥാപനത്തിലെ ജീവനക്കാരിലൊരാള്‍ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു ഓഫീസിലേയ്ക്ക് ചെല്ലാന്‍
ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന വലിയ കണ്ണുകളും ചുരുണ്ട മുടിയുമുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടി പുഞ്ചിരിയോടെ ഞങ്ങളെ
സ്വീകരിച്ചു. ഞങ്ങളുടെ പേരും വിലാസവും എഴുതിവെച്ചു. മുന്‍കൂറായി പണമടച്ച ബില്ല് എന്റെ കയ്യില്‍ തന്നിട്ട് ആ പെണ്‍കുട്ടി റാമിനെ ചികിത്സയ്ക്കായി വന്നിട്ടുള്ളവരെ താമസിപ്പിച്ചിരിക്കുന്ന കെട്ടിടത്തിലേയ്ക്കും എന്നെയും കുഞ്ഞിനേയും മദ്യപാനികളായവരുടെ ഭാര്യമാര്‍ താമസിക്കുന്ന മറ്റൊരു
കെട്ടിടത്തിലേയ്ക്കും കൊണ്ടുപോയി.അവിടെ ഒരു കട്ടില്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ആ പെണ്‍കുട്ടി പറഞ്ഞു:''ഇതാണ് നിങ്ങളുടെ കട്ടില്‍. ബാഗ് അവിടെ
വച്ചോളൂ. ' ഞാന്‍ ആ മുറിയാകെ നിരീക്ഷിച്ചു. ഏകദേശം ഇരുപതോളം കട്ടിലുകള്‍ നിരത്തിയിട്ടിരിക്കുന്ന ഒരു മുറിയായിരുന്നു അത്. ഈ മുറിയില്‍ ഞാന്‍ എങ്ങനെയാണ് ഇനിയുള്ള ദിവസങ്ങള്‍ കഴിയേണ്ടതെന്നോര്‍ത്തപ്പോള്‍ എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. എന്നെയും കുഞ്ഞിനേയും കണ്ടപ്പോള്‍
അവിടെയുണ്ടായിരുന്ന ചില സ്ത്രീകള്‍ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു പരിചയപ്പെട്ടു.
ഭര്‍ത്താക്കന്മാരുടെ മദ്യപാനം കൊണ്ട് ജീവിതം നെറുകെ പിളര്‍ന്ന സ്ത്രീകളുടെ നിസ്സഹായത അവരോരുത്തരുടെയും കണ്ണുകളില്‍ തുളുമ്പി നില്‍ക്കുന്നുണ്ടായിരുന്നു. ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള അവസാനത്തെ പ്രതീക്ഷയെന്നോണം അവിടെ എത്തിപ്പെട്ടവരാണെല്ലാവരും. തുണികളടങ്ങിയ ബാഗ് കട്ടിലിനരികില്‍ വച്ചശേഷം കുഞ്ഞിനെയുമെടുത്ത് ഞാന്‍ വരാന്തയിലെ കസേരയില്‍ വന്നിരുന്നു. എന്റെ ശരീരത്തിനും മനസ്സിനും താങ്ങാനാവുന്നതിലധികം ഭാരം എനിക്കനുഭവപ്പെട്ടു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്റെ ആ ഇരിപ്പ് കണ്ടിട്ടാവണം അതിസുന്ദരിയായ ഒരു സ്ത്രീ എന്റെ അടുത്തേയ്ക്ക് വന്നു. അവരുടെ പേര് സുനിത എന്നായിരുന്നു. കുഞ്ഞിന്റെ കവിളില്‍ പിടിച്ചും മുടിയില്‍ തലോടിയുംകൊണ്ട് അവരെന്നോട്
പറഞ്ഞു. ''സാരല്യ രമ്യ, ആദ്യത്തെ ദിവസം ഞാനും ഇതുപോലെയായിരുന്നു. പക്ഷെ എന്റെ ചേട്ടനിപ്പോള്‍ പൂര്‍ണമായും മാറി. പഴയ ജീവിതം
തിരിച്ചുകിട്ടിയപോലെ എനിക്ക് തോന്നുന്നുണ്ട്.''
അവരുടെ കണ്ണുകളിലെ തിളക്കം ഒരു നിമിഷം എന്നെ സന്തോഷിപ്പിച്ചു. ഞാനവരോട് ചോദിച്ചു ''എത്രനാളായി ഇവിടെ വന്നിട്ട്?''
''ഇന്നേയ്ക്ക് ഇരുപതു ദീസായി. ഇന്നിപ്പോ കഴിഞ്ഞ കാലങ്ങളെക്കുറിച്ചോര്‍ത്ത് ചേട്ടന് നല്ല സങ്കടണ്ട്. എന്നോട് പലയാവര്‍ത്തി ക്ഷമ പറയേം ചെയ്തു. ഞങ്ങളുടെ വീട് തൃശൂരാ. ചേട്ടനൊക്കെ വല്യ തറവാട്ടുകാരാ. പറഞ്ഞിട്ടെന്താ കൈവിട്ടു പോയില്ലേ. ബിസ്സിനസ്സ് തകര്‍ന്നത് കാരണം കടം കയറിയപ്പോള്‍ സങ്കടം മാറാന്‍ കള്ളുകുടി തുടങ്ങി. അങ്ങനെയാ ഇവിടെ എത്തിയത്. രമ്യക്കറിയോ കല്യാണം കഴിഞ്ഞു മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ തൊട്ട് തുടങ്ങിയ കുടിയാണ്. ഞങ്ങള്‍ക്കാണേല്‍ കുട്ട്യോളും ഇല്ല. എന്നുംവൈകിട്ട് കുടിച്ചിട്ട് വന്ന് എന്നോട് വഴക്ക് കൂടും. എന്നെ അടിക്കും. അടീന്ന് പറഞ്ഞാ മൂക്കീന്നും വായീന്നും ഒക്കെ ചോര ചീറ്റും. പലപ്രാവശ്യവും എന്നെ ആശുപത്രിയില്‍ കിടത്തിയിട്ടുണ്ട്. അങ്ങേരുടെ അടികൊണ്ട് ഒടിയാന്‍ ഒരെല്ലും കഷ്ണം എന്റെ ശരീരത്തിനി ബാക്കില്ല്യ. ഇതൊക്കെ കുടിച്ചു കഴിയുമ്പോഴേ ഉള്ളൂട്ടോ. അല്ലാത്തപ്പോ ആള് പാവമാ. ഞാന്‍ എന്ത് പറഞ്ഞാലും വാങ്ങിത്തരും. എന്നെ എല്ലാടത്തും കൊണ്ടോവും.''
അവരുടെ വാക്കുകള്‍ അതിശയത്തോടെയാണ് ഞാന്‍ കേട്ടിരുന്നത്. ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും എല്ലു നുറുകെ അടിച്ചിട്ടും ഇപ്പോഴും അവരയാളെ
സ്‌നേഹിക്കുന്നു, അയാള്‍ പാവമാണെന്നു പറയുന്നു. അവരുടെ വാക്കുകള്‍ ദഹിക്കാതെ എന്റെ ഉള്ളില്‍ കിടന്നു തികട്ടി. ഇതിലാരാണ് ശരിക്കുമുള്ള രോഗി?
മദ്യത്തിനടിമപ്പെട്ട അയാളാണോ അയാളോടുള്ള സ്‌നേഹത്തിനടിമപ്പെട്ട ആ സ്ത്രീയാണോ എന്ന് ഞാനോര്‍ത്തു.സത്യത്തില്‍ മദ്യം പോലെത്തന്നെ
സ്‌നേഹമെന്നതും ഒരു ലഹരിയാണല്ലോ. സ്വയം ഇല്ലാതായിക്കൊണ്ട് ഒരാള്‍ക്കുമേല്‍ അത്രയും അടിമപ്പെട്ടു പോകുന്നത്. അങ്ങനെയെങ്കില്‍
ഞാനും അതേ രോഗി തന്നെയാണല്ലോ. ഈ ഭൂമിയില്‍ സ്‌നേഹത്തിനടിപ്പെട്ട എല്ലാ സ്ത്രീകളും ചികത്സിക്കപ്പെടേണ്ടതുണ്ട്.
അതിനിടയില്‍ എന്നോട് ആരൊക്കെയോ വന്നു സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. അവശയായ എന്നെയും കൈക്കുഞ്ഞിനെയും കണ്ടതുകൊണ്ടാവും അവരെല്ലാവരും സഹതാപത്തോടെ നോക്കികൊണ്ടിരുന്നു. കുഞ്ഞിനെ മടിയിലിരുത്തിക്കൊണ്ട് ഞാനാ ചുറ്റുവട്ടമൊക്കെ നോക്കി. ഒരു കുന്നിന്റെ മുകളിലായാണ് ഈ കെട്ടിടമെല്ലാം സ്ഥിതിചെയ്തിരുന്നത് അതിനു മുന്നില്‍ മനോഹരമായ പൂന്തോട്ടവും താമരക്കുളവും ഉണ്ടായിരുന്നു. അവിടെ ഏറ്റവും കൂടുതലായുണ്ടായിരുന്നത് പാരിജാതച്ചെടിയും പനിനീര്‍ ചെമ്പകവും പലനിറങ്ങളിലുള്ള ഉഷമലരികളുമായിരുന്നു. പൂഴി വിരിച്ച മുറ്റത്തിന്റെ ഒത്ത നടുക്കായി ഒരു പേരാലുണ്ടായിരുന്നു. അതിനു താഴെ തടിയില്‍ തീര്‍ത്ത ഇരിപ്പിടങ്ങളുണ്ടായിരുന്നു. അതിനിടയിലൂടെ അരയന്നങ്ങളെപ്പേലെ നടന്നുനീങ്ങുന്ന വാത്തകള്‍. അതിമനോഹരമായിരുന്നു ആ കാഴ്ച. ലഹരി വിമുക്തകേന്ദ്രമെന്ന് കേള്‍ക്കുമ്പോഴുള്ള ഭീകരതയില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒരാശ്രമാന്തരീക്ഷമായിരുന്നു അത്.
സ്ത്രീകള്‍ക്ക് താമസിക്കാനുള്ള കെട്ടിടത്തിന്റെ വരാന്തയുടെ ഒരരികിലിരുന്നു സ്ത്രീകള്‍ പച്ചക്കറികള്‍ അരിഞ്ഞുകൊണ്ട് സംസാരിക്കുന്നുണ്ടായിരുന്നു. ഇനിയുള്ള കുറെ ദിവസങ്ങളില്‍ ഞാനിവരോടൊപ്പമാണ് ഉണ്ണുകയും ഉറങ്ങുകയും ചെയ്യേണ്ടത്. പല സ്ഥലങ്ങളില്‍നിന്നു വന്ന സ്ത്രീകള്‍ പലതരം
ശാരീരിക- മാനസികാഘാതങ്ങളും ഏറ്റുവാങ്ങേണ്ടി വന്നവര്‍ അവരുടെ ആത്മാവിന്റെ ചൂട് അവിടമാകെ കെട്ടിക്കിടന്നു.
റാം താമസിക്കുന്ന കെട്ടിടത്തില്‍ ഏകദേശം ഇരുപതോളം പുരുഷന്മാരായിരുന്നു ചികിത്സയ്ക്കായി ഉണ്ടായിരുന്നത്. അതിനരികിലായുള്ള മറ്റൊരു കെട്ടിടത്തിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ആ കെട്ടിടത്തിന്റെ വരാന്തയില്‍നിന്ന് കിഴക്കോട്ട് നോക്കിയാല്‍ പൂമല തടാകം കാണാം. അതിനു ചുറ്റുമുള്ള പൊന്തക്കാടുകളില്‍ മനോഹരമായ പേരറിയാ പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു. പ്രകൃതിഭംഗികൊണ്ട് ഏറെ ആകര്‍ഷണീയമായ സ്ഥലമായിരുന്നു അത്. അത്രയും ശാന്തമായ ഒരിടത്തിന്റെ ഭീകരമുഖം അന്ന് വൈകിട്ടായിരുന്നു എനിക്ക് മനസ്സിലായത്.
ഏകദേശം ഏഴുമണിയോടുകൂടി പ്രധാന കവാടത്തിന്റെ അരികിലായി കാണുന്ന വിശാലമായ ഹാളില്‍ ചികിത്സയ്‌ക്കെത്തിയ മദ്യപാനികളായ ആളുകളുടേയും അവരുടെ ഭാര്യമാരുടെയും ഒപ്പം ഞാനും റാമും ഇരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കറുത്ത മെലിഞ്ഞ് നല്ല പൊക്കമുള്ള ഏകദേശം അറുപത്
വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരാള്‍ ഹാളിനുള്ളിലേയ്ക്ക് പ്രവേശിച്ചു. വെള്ളമുണ്ടും ഷര്‍ട്ടുമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. അതിനു മുകളിലൂടെ തവിട്ടു നിറത്തിലുള്ള ഒരു ഷാളും പുതച്ചിരുന്നു. അദ്ദേഹമായിരുന്നു ആ സ്ഥാപനത്തിന്റെ ഉടമയായ ''ജോണ്‍സ് കെ. മംഗലത്ത്''. ജീവിതത്തിന്റെ നല്ലൊരു ഭാഗവും മദ്യത്തിനടിപ്പെട്ട് ജീവിച്ചു. ഒടുവില്‍ കരളിന് കാന്‍സര്‍ ബാധിച്ചശേഷം മനംമാറ്റം ഉണ്ടാവുകയും മദ്യപാനികളായ ആളുകളെ തിരികെ
ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനായി ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്തു. അതിനു പുനര്‍ജ്ജനി എന്ന് നാമകരണവും ചെയ്തു. ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ പല മദ്യപാനികള്‍ക്കും പുതിയ ജന്മം കൊടുക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ
ആത്മകഥയായ ''കുടിയന്റെ കുമ്പസാരം'' എന്ന പുസ്തകത്തെക്കുറിച്ചു കേട്ടിട്ടുണ്ടായിരുന്നെങ്കിലും വായിച്ചിട്ടില്ലായിരുന്നു.
അദ്ദേഹത്തെക്കണ്ടാല്‍ ഒരു കാന്‍സര്‍ രോഗിയുടെ അവശതകള്‍ ഒന്നുമില്ലായിരുന്നു. അത്രമാത്രം ഊര്‍ജ്ജസ്വലതയും ആത്മവിശ്വാസവും തുളുമ്പുന്ന
മുഖഭാവമായിരുന്നു. ഏകദേശം നാല്പത്തഞ്ചോളം ആളുകളിരിക്കുന്ന ആ വലിയ ഹാളിന്റെ ഏറ്റവും മുന്നില്‍ ഞങ്ങള്‍ക്കഭിമുഖമായി
അദ്ദേഹമിരുന്നു. അന്ന് പുതുതായി വന്നത് ഞങ്ങളും പാലക്കാട്ടുകാരായ മറ്റൊരു കുടുംബവുമായിരുന്നു. പുതിയ ആളുകളായിരുന്നതിനാല്‍ ഞങ്ങള്‍
മുന്‍നിരയിലായിരുന്നു ഇരുന്നത്. റാമിനോട് അദ്ദേഹം കുറെ ചോദ്യങ്ങള്‍ ചോദിച്ചു. റാം അതിനു എന്തൊക്കെയോ മറുപടി പറയുകയും ചില
ചോദ്യങ്ങളോട് മൗനം പാലിക്കുകയും ചെയ്തു. ഒരു മദ്യപാനിയേയും അയാളുടെ കൂടെ ജീവിക്കുന്ന മനുഷ്യരേയും അവരനുഭവിക്കുന്ന മാനസിക
സംഘര്‍ഷങ്ങളെയും കുറിച്ച് ജോണ്‍സണ്‍ മാഷ് വാചാലനായി.
മുന്‍കാലങ്ങളില്‍ അദ്ദേഹം ജീവിച്ച ഒരു കുടിയന്റെ ജീവിതത്തെയും അതുമൂലം നേരിടേണ്ടിവന്ന അനുഭവങ്ങളെയും ഉദാഹരണമായി വിവരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ആ നിമിഷം നെടുവീര്‍പ്പുകള്‍കൊണ്ട് നിര്‍മ്മിച്ച ഒരിടമായി എനിക്കാ മുറി അനുഭവപ്പെട്ടു. ഇതൊന്നുമറിയാതെ എന്റെ കുഞ്ഞ് എന്റെ നെഞ്ചോട് ചേര്‍ന്നുറങ്ങുകയായിരുന്നു. ആ സമയം പെട്ടൊന്നൊരലര്‍ച്ച കേട്ട് ഞങ്ങളെല്ലാവരും പുറത്തേയ്ക്ക് നോക്കി. നാലഞ്ചുപേര്‍ ചേര്‍ന്ന് ഒരാളെ കെട്ടിവരിഞ്ഞു കൊണ്ടുവരുന്നതായിരുന്നു കണ്ടത്. ഏകദേശം ഇരുപത്തൊന്നു വയസ്സ് തോന്നുന്ന ഒരാണ്‍കുട്ടിയെ കടുത്ത മദ്യലഹരിയില്‍ അക്രമാസ്‌കതനായതോടെ കെട്ടിയിട്ട് കൊണ്ടുവരികയായിരുന്നു.
അവന്‍ അലറിക്കരയുകയും കൈകാലിട്ടടിക്കുകയും ചെയ്തുകൊണ്ടിരുന്നു. മെലിഞ്ഞ ഒരു സ്ത്രീ അവന്റെ അടുത്തുനിന്ന് കരയുന്നുണ്ടായിരുന്നു.
അതവന്റെ അമ്മയായിരുന്നു. ജോണ്‍സണ്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരം അവന്റെ ശരീരത്തിലെ ലഹരി ഇറങ്ങുന്നത് വരെ അവനെ കൈകാലുകള്‍
ബന്ധിച്ചു മുറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു. അവന്റെ അലര്‍ച്ചയും അസഭ്യവര്‍ഷവും അവിടമാകെ മുഴങ്ങിക്കൊണ്ടിരുന്നു. ഞാന്‍ ഭയന്ന്
ചെവികള്‍ പൊത്തി കുനിഞ്ഞിരുന്നു. എനിക്ക് പിന്നിലിരുന്ന സ്ത്രീ എന്റെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു: ''രമ്യ ഇതാദ്യ ദിവസായതുകൊണ്ടാ ഇവിടെയിത് പതിവാ. ഞങ്ങളിതു സ്ഥിരം കാണുന്നതല്ലേ.''
അപ്പോഴാണ് ശരിക്കും ഞങ്ങള്‍ നില്‍ക്കുന്ന ആ അന്തരീക്ഷത്തിന്റെ ഭീകരത മനസ്സിലായത്. ലഹരിക്കടിപ്പെട്ട് പലതരത്തിലുള്ള മാനസിക വിഭ്രാന്തിയുള്ള മനുഷ്യരോടൊപ്പമാണ് ഇനിയുള്ള ദിവസങ്ങളില്‍ ഇടപെഴകേണ്ടതെന്ന് ഓര്‍ത്തപ്പോള്‍ എന്റെ ഭയം ഇരട്ടിച്ചു.
ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ജോണ്‍സണ്‍ സാറിന്റെ സംസാരത്തിനു ശേഷം. അദ്ദേഹം സ്ഥാപനത്തിനടുത്തുള്ള വീട്ടിലേയ്ക്ക് മടങ്ങിപ്പോയി. ഞങ്ങളെല്ലാവരും അത്താഴം കഴിഞ്ഞു ഞങ്ങളുടെ കട്ടിലുകളില്‍ ഉറങ്ങാന്‍ കിടന്നു. അന്ന് പുതുതായി വന്ന പാലക്കാട്ടുകാരനായ അലിയുടെ ഭാര്യ അവളുടെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞുമായി എന്റെ അടുത്ത കട്ടിലിലായിരുന്നു കിടന്നത്. അവള്‍ ഒരുപാട് സംസാരിക്കുന്ന പെണ്‍കുട്ടിയായിരുന്നു. എന്നെ പരിചയപ്പെട്ടുകൊണ്ട് നിര്‍ത്താതെ സംസാരിക്കുന്നതിനിടയില്‍ കട്ടിലിനരികില്‍ വച്ചിരിക്കുന്ന തൊട്ടില്‍ വിടര്‍ത്തി അവളുടെ കുഞ്ഞിനെ അതില്‍ കിടത്തി. എന്റെ കൂടെ കിടക്കുന്ന എന്റെ കുഞ്ഞിനെയും തൊട്ടിലില്‍ കിടക്കുന്ന അവളുടെ കുഞ്ഞിനേയും ഞാന്‍ മാറിമാറി നോക്കി. എത്ര നിര്‍ഭാഗ്യവതികളായ കുട്ടികളാണ് അവരെന്നോര്‍ത്ത് എന്റെ നെഞ്ച് വിങ്ങി.
കുഞ്ഞിനെ കിടത്തിയ ശേഷം കട്ടിലിലിരുന്ന് അവളെന്നെനോക്കി ചിരിച്ചു. കുട്ടിത്തം വിട്ടുമാറാത്ത മുഖവും നിഷ്‌കളങ്കമായ ചിരിയും കണ്ണുകളുമുള്ള അവളുടെ പേര് സജ്ന എന്നായിരുന്നു. അവളുടെ കൊഞ്ചിയുള്ള വര്‍ത്തമാനം ഞാന്‍ കൗതുകത്തോടെ കേട്ടിരുന്നു. എന്നാല്‍ ഈ ചെറുപ്രായത്തില്‍
അവളനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ കേട്ട് എന്റെ ഹൃദയം പൊട്ടിത്തെറിച്ചു. ഇരുപത്തിനാലു വയസ്സ് മാത്രം പ്രായമുള്ള അവള്‍ നാല് കുട്ടികളുടെ
അമ്മയായിരുന്നു. അവളുടെ നാലാമത്തെ കുഞ്ഞായിരുന്നു തൊട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന ഒന്‍പത് മാസം പ്രായമുള്ള പാത്തു. ചെറുപ്പത്തിലേ
ഉമ്മ നഷ്ട്ടപ്പെട്ട സജ്നയെ പ്രായപൂര്‍ത്തിയാകും മുന്‍പേ അവളുടെ ഉപ്പയും രണ്ടാനമ്മയും ചേര്‍ന്ന് വിവാഹം ചെയ്തുവിട്ടു. വിവാഹം കഴിഞ്ഞ്
കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണറിഞ്ഞത് അവളുടെ ഭര്‍ത്താവ് കടുത്ത മദ്യപാനിയാണെന്ന്. അതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങിയതോടെ
അയാള്‍ അവളെ ക്രൂരമായി ഉപദ്രവിക്കാന്‍ തുടങ്ങി. അവളുടെ ശരീരാവയവങ്ങളെ വേദനിപ്പിച്ചുകൊണ്ടും മുറിവുകള്‍ ഉണ്ടാക്കിക്കൊണ്ടുമായിരുന്നു അവള്‍ക്കു മേലുള്ള അയാളുടെ ലൈംഗിക വൈകൃതങ്ങള്‍ നടത്തിയിരുന്നത്. നിസ്സഹായയായ അവള്‍ ഒരു മിണ്ടാപ്രാണിയെപ്പോലെ എല്ലാം
സഹിച്ചുകൊണ്ട് അവിടെ കഴിഞ്ഞുകൂടി. അതിനിടയില്‍ നാല് കുട്ടികളെയും പ്രസവിച്ചു.
ലഹരിക്കടിമപ്പെട്ട അയാള്‍ കുട്ടികളെവരെ ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോഴാണ് അടുത്ത ചില ബന്ധുക്കളുടെ തീരുമാനപ്രകാരം ഈ സ്ഥാപനത്തിലേയ്ക്ക് കൊണ്ടുവരുന്നത് തന്റെ മൂന്ന് കുട്ടികളെ അയാളുടെ ഉമ്മയെ ഏല്‍പ്പിച്ചശേഷം അവളുടെ കൈക്കുഞ്ഞുമായി അയാളോടൊപ്പം വരികയായിരുന്നു. ഇങ്ങോട്ട് വരുന്നതിന്റെ തലേദിവസംവരെ അയാള്‍ മര്‍ദിച്ച പാടുകള്‍ അവളുടെ വെളുത്തു തുടുത്ത ശരീരത്തില്‍ അവിടിവിടെയായി തിണര്‍ത്തുകിടന്നിരുന്നത്
കണ്ണീരോടെ അവളെന്നെ കാണിച്ചുതന്നു. രക്തം കല്ലിച്ചുനീലിച്ച പാടുകള്‍കണ്ട് സങ്കടവും അതിലുപരി അയാളോടുള്ള ദേഷ്യവും എന്നില്‍ ഇരമ്പി. അന്ന് രാത്രി എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അടങ്ങാത്ത സങ്കടക്കടലില്‍ ഞാന്‍ മുങ്ങിത്താണുകൊണ്ടിരുന്നു. ഇനി അങ്ങോട്ടുള്ള രാത്രികളില്‍ എനിക്കുറങ്ങാനേ കഴിയില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ഈ മുറിക്കുള്ളില്‍ ഉറങ്ങുന്ന ഓരോ സ്ത്രീയും ഓരോ ദുരന്തം പേറുന്നവരാണ്.
(തുടരും)
Content Highlights: remya thuravoor autobiography pathiyatha kalppadukal alcohol deaddiction center
Published: 15 Apr 2025, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented