വിവാഹം കഴിഞ്ഞു നാലാമത്തെ ദിവസമാണ് എന്റെ വീട്ടില്‍ നിന്നും ഞങ്ങള്‍ തിരികെ റാമിന്റെ വീട്ടിലേയ്ക്ക് വരുന്നത്. അവിടെ കുടുംബവീട്ടില്‍ റാമിന്റെ സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും കുട്ടികളും ഒക്കെയുണ്ടായിരുന്നു. അവരെല്ലാവരും എന്നോട് സ്‌നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറി. എങ്കിലും എന്നിലെ ആശങ്ക മാറിയിരുന്നില്ല, അവര്‍ക്കാര്‍ക്കും എന്നെ ഇഷ്ടമായിരുന്നില്ല എന്നൊരു തോന്നല്‍ എന്നില്‍ക്കിടന്നു തിളച്ചുകൊണ്ടിരുന്നു. അവരോട് എന്ത് സംസാരിക്കണമെന്നോ എങ്ങനെ പെരുമാറണമെന്നോ എനിക്കറിയില്ലായിരുന്നു. ആ സമയം റാമിന്റെ ചിറ്റമ്മ (ചിറ്റപ്പന്റെ ഭാര്യ, എല്ലാവരും ആന്റി എന്നാണ് വിളിക്കുക.) അവര്‍ എനിക്ക് ചായയും പലഹാരങ്ങളും കൊണ്ടുവന്നു തന്നു. സ്‌നേഹവും കാരുണ്യവും നിറഞ്ഞു തുളുമ്പുന്ന മുഖം. മനോഹരമായ പുഞ്ചിരി. അവരെ കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. 

To advertise here,

റാമിന്റെ സഹോദരിമാരും കുട്ടികളുമൊക്കെ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ എന്റെ ശ്രദ്ധ പോയത് ആ കുടുംബത്തിലെ കാരണവര്‍ സ്ഥാനമുള്ള ചിറ്റപ്പന്‍ (റാമിന്റെ അച്ഛന്റെ അനിയന്‍) എന്നയാളിലേയ്ക്കായിരുന്നു. അദ്ദേഹമെന്നെ നോക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല മുഖത്ത് കടുത്ത ദേഷ്യം പ്രകടമായിരുന്നു. അതെന്നെ അസ്വസ്ഥയാക്കി. ഞാന്‍ മെല്ലെ ആ മുറിവിട്ട് പുറത്തേയ്ക്കിറങ്ങി. ആ പരിസരമാകെ നിരീക്ഷിച്ചു. വിശാലമായ മുറ്റവും പറമ്പും. വീടിനു മുന്‍വശത്തായി ഒരു കൂറ്റന്‍ കണിക്കൊന്ന മരമുണ്ട്. അതില്‍ കുലകുലയായി കിടക്കുന്ന കണിക്കൊന്ന പൂക്കള്‍ മുറ്റമാകെ പൊഴിഞ്ഞു തൂവി കിടക്കുന്നുണ്ടായിരുന്നു. ആ മരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന നന്ത്യാര്‍വട്ടചെടിയും മന്ദാരവും എന്റെ മനസ്സിനെ ആര്‍ദ്രമാക്കി.

കുട്ടിക്കാലത്തൊക്കെ കണ്ണ് ക്ഷീണം വരുമ്പോള്‍ നന്ത്യാര്‍വട്ടപൂക്കളുടെ ഇതളുകള്‍ പിഴിഞ്ഞ് അതിന്റെ നീര് കണ്ണിലിറ്റിക്കുന്നത് ഓര്‍മയിലേയ്ക്ക് വന്നു. അല്പം മാറി പറമ്പിന്റെ കിഴക്കേ അറ്റത്തായി നില്‍ക്കുന്ന നാരകമരത്തില്‍ നിറയെ അല്ലിനാരങ്ങാകള്‍ വിളഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അതിന്റെ ചോട്ടില്‍ അവിടിവിടെയായി കുറച്ചു നാരങ്ങകള്‍ പൊഴിഞ്ഞു കിടന്നിരുന്നു. ആ പറമ്പില്‍ പടര്‍ന്നു വളരുന്ന നിലം പാലയും പനിക്കൂര്‍ക്കയുമൊക്കെ നോക്കി നില്‍ക്കുമ്പോള്‍ ഒരു വിളികേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ റാമായിരുന്നു അത്.

പിന്നില്‍നിന്നെന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു: 'നിനക്കിഷ്ടമായോ ഇവിടൊക്കെ?'
'ഉം. ശരിക്കും ഇഷ്ടായി.' ഞാന്‍ പറഞ്ഞു.
'വാ ഒരു കൂട്ടം കാണിച്ചു തരാം.'എന്റെ കൈയില്‍ പിടിച്ചു കൊണ്ട് റാം എന്നെയൊരു കൊന്നത്തെങ്ങിന്റെ താഴെ കൊണ്ടുനിര്‍ത്തിയിട്ട് മുകളിലേയ്ക്ക് കൈ ചൂണ്ടി. അവിടെ തെങ്ങോലകളില്‍ നിറയെ തൂക്കണാം കുരുവികളുടെ കൂടുണ്ടായിരുന്നു. ഒരേ രൂപത്തിലും വലുപ്പത്തിലും താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന ധാരാളം കിളിക്കൂടുകള്‍. അതുകണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ വിടര്‍ന്നു. അത്ര ഭംഗിയായിരുന്നു ആ കാഴ്ച. മാവും പുളിയും ചാമ്പമരവും കാച്ചില്‍വള്ളികളും വാഴയും നിറഞ്ഞ പറമ്പില്‍നിന്നും തെക്കോട്ടുള്ള കല്‍പ്പടവില്‍ ഞങ്ങളിരുന്നു.

മുന്നിലെ വിശാലമായ പാടവും അവിടെ വരുന്ന പേരറിയാത്ത കിളികളേയും അലസമായി മേയുന്ന പശുക്കളേയും നോക്കി ഞങ്ങളിരുന്നു. റാമിന്റെ അച്ഛന്‍ കുറച്ചുവര്‍ഷങ്ങള്‍ മുന്‍പ് വരെ ആ പാടം പാട്ടത്തിനെടുത്തു വെള്ളരിക്കയും ചീരയും മത്തങ്ങയും പാവയ്ക്കയുമൊക്കെ കൃഷി ചെയ്യുമായിരുന്നു. അതായിരുന്നു അക്കാലത്തെ അവരുടെ വരുമാന മാര്‍ഗ്ഗവും. ആ പാടവും അതിനെ ചുറ്റിപ്പറ്റിയുള്ള അനുഭവങ്ങളും റാമിന്റെ ചെറുപ്പകാലത്ത് മരിച്ചുപോയ അമ്മയെയും കൂടെപ്പിറന്ന സഹോദരിമാരെക്കുറിച്ചുള്ള ഓര്‍മ്മകളൊക്കെ പറയുമ്പോള്‍ റാമിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുമായിരുന്നു. റാമിനെ കേട്ടുകൊണ്ട് ആ തോളില്‍ ചാരി ഇരിക്കുമ്പോള്‍ തുടര്‍ന്നുള്ള ജീവിതത്തിലെ മനോഹരമായ സങ്കല്പങ്ങള്‍ എന്റെയുള്ളില്‍ പൂത്തുലയുകയായിരുന്നു.

വീടിന്റെ പടിഞ്ഞാറു ഭാഗത്തായി ഒരു കുളമുണ്ടായിരുന്നു. അതിന്റെ അടുത്തുള്ള വീടിന്റെ വരാന്തയില്‍ ഏകദേശം എണ്‍പതോളം വയസ്സ് പ്രായം തോന്നിപ്പിക്കുന്ന വൃദ്ധയായ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അവര്‍ അവിടെനിന്നുമെഴുന്നേറ്റ് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. കൊയ്ത്തരിവാള് പോലെ വളഞ്ഞതായിരുന്നു അവരുടെ ശരീരം. നടക്കുമ്പോള്‍ അവരുടെ ശരീരം ആടിയുലയുന്നുണ്ടായിരുന്നു. അവരുടെ കാല്‍പാദങ്ങളും ശിരസ്സും തമ്മില്‍ അധികം അകലമുണ്ടായിരുന്നില്ല. ഇപ്പോഴടര്‍ന്നു നിലം പതിച്ചേക്കാവുന്ന തരത്തില്‍ തല ആട്ടിയാട്ടിയായിരുന്നു അവരുടെ നടപ്പ്. അവര്‍ ഞങ്ങളുടെ മുന്നില്‍ വന്നു ഒരു ചോദ്യചിഹ്നം പോലെ നോക്കിയിരുന്നു. കുഞ്ഞുങ്ങളുടേതുപോലെ നിഷ്‌കളങ്കമായ മുഖം, പല്ലില്ലാത്ത മോണകാട്ടിയുള്ള ചിരി. എനിക്കവരോട് ഏറെ ഇഷ്ടവും അതിലുപരി വാത്സല്യവും തോന്നി. ഞാനവരുടെ ചുളിവ് വീണ കൈകളില്‍ പിടിച്ചും
കവിളുകളില്‍ തടവിയും സംസാരിക്കാന്‍ തുടങ്ങി. സരസ്വതി എന്നായിരുന്നു അവരുടെ പേരെങ്കിലും എല്ലാവരും അവരെ 'വയ്യാമ്മ' എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. അത്രയും കൂനുള്ളതുകൊണ്ടായിരിക്കാം അവരെ അങ്ങനെ വിളിക്കുന്നതെന്ന് ഞാനൂഹിച്ചു. റാം അവരുടെ മുടിയില്‍ തലോടിയും കവിളില്‍ നുള്ളിയും അവരെ കൊഞ്ചിക്കുന്നത് ഞാന്‍ കൗതുകത്തോടെ നോക്കി ഇരുന്നു.

റാമിന്റെ അച്ഛന്‍ പൊതുവെ ആരോടും അധികം സംസാരിക്കാത്ത ആളായിരുന്നു. നല്ല വെളുത്ത നിറം. ഉറച്ച ശരീരം ഇടതൂര്‍ന്ന മുടി. അച്ഛനെ കണ്ടാല്‍ അറുപത് വയസ്സിനപ്പുറം തോന്നുമായിരുന്നില്ല. അദ്ദേഹത്തെ കണ്ടതും ഞാന്‍ അടുത്തേയ്ക്ക് ചെന്ന് സംസാരിക്കാന്‍ ശ്രമിച്ചു. എന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചുകൊണ്ട് അച്ഛനെന്നോട് സംസാരിച്ചു. ആ മുഖത്ത് നിറഞ്ഞുനിന്ന സ്‌നേഹവും പുഞ്ചിരിയും എന്റെ മനസ്സിനെ അല്പം തണുപ്പിച്ചു. എനിക്കച്ഛനെ ഒരുപാടിഷ്ടായി. അച്ഛനും ഞാനും റാമുമടങ്ങുന്ന ലോകം സന്തോഷം നിറഞ്ഞതാകുമെന്നു ഞാന്‍ കരുതി. റാമൊഴികെ ആ കുടുംബത്തിലെ എല്ലാവരും കടുത്ത ഈശ്വര വിശ്വാസികളായിരുന്നു. എന്നും രാവിലെ കുളിച്ചു വീടിനടുത്തുള്ള അമ്പലത്തില്‍ പോകുന്നതോടെയാണ് അവരുടെ ഒരു ദിവസം ആരംഭിക്കുന്നതുതന്നെ. ഈശ്വര വിശ്വാസി അല്ലാത്ത എന്നെ അവരെങ്ങനെ ഉള്‍ക്കൊള്ളും എന്നതില്‍ എനിക്ക് നല്ല ആശങ്കയുണ്ടായിരുന്നു. റാം കൂടെയുണ്ടല്ലോ എന്നതായിരുന്നു ആകെയുണ്ടായിരുന്ന ധൈര്യം. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ ഞങ്ങളുടെ പ്രണയവും 'പിക്കാസോ' എന്ന് പേരിട്ട ഞങ്ങളുടെ ഇന്റര്‍നെറ്റ് കഫെയും ഞങ്ങളുടെ ചെറിയ വീടും അച്ഛനും അടങ്ങിയ ലോകത്തില്‍ ഞാന്‍ സന്തോഷവതിയായിരുന്നു.

ഒഴിവു ദിവസങ്ങളില്‍ ഞാന്‍ വീട്ടുജോലികള്‍ ചെയ്തും പറമ്പിലൊക്കെ ചുറ്റി നടന്നും മുറ്റത്തെ തേന്‍വരിക്ക പ്ലാവിന്റെ ചോട്ടിലിരുന്നു പുസ്തകം വായിച്ചും കവിതകളെഴുതിയും സമയം തള്ളി നീക്കി. ചിലപ്പോഴൊക്കെ തെക്കേ മുറ്റത്ത് പാടത്തിലേയ്ക്ക് നോക്കി വയ്യാമ്മ ഇരിക്കുന്നുണ്ടാവും. അവരുടെ അടുത്തു ചെന്നിരുന്ന് എന്തെങ്കിലും ചോദിക്കുമ്പോഴൊക്കെ 'ദേ അവിടെ നില്‍ക്കുന്ന എന്റെ കൊമ്പിപ്പശുവിനെ കണ്ടില്ലേ അവള്‍ പുല്ല് തിന്നോ വെള്ളം കുടിച്ചോ എന്നൊക്കെ നോക്കിയിരിക്കേണ്. എന്തൊരു നിഷേധിയാണെന്നോ ഞാനല്ലാതെ വേറാരും കറക്കാന്‍ ചെന്നാല്‍ മുലയില്‍ തൊടീക്കില്ലവള്‍.' എന്നു പറഞ്ഞുകൊണ്ട് അവര്‍ ഉറക്കെ ചിരിക്കുമായിരുന്നു. സത്യത്തില്‍ അങ്ങനൊന്നില്ലെന്നും എല്ലാം അവരുടെ പണ്ടത്തെ ജീവിതത്തിന്റെ ഓര്‍മയില്‍നിന്നു പറയുകയാണെന്നും എനിക്കറിയാമായിരുന്നു. എന്നോ പൊഴിച്ചിട്ട പടത്തിലേയ്ക്ക് തന്നെ തിരിച്ചുകയറുന്ന ഇഴജന്തുവിനെ പോലെ ഓര്‍മകള്‍ക്കുള്ളില്‍  ആ വൃദ്ധ ചുരുണ്ടു വളഞ്ഞിരുന്നു. 

അവരുടെ കാത്തിരിപ്പിന്റെ ചിത്രം കണ്ട് എന്റെയുള്ളില്‍ വിഷാദത്തിന്റെ തിരകളിരമ്പി. തിരിച്ചു കിട്ടില്ലന്നുറപ്പുണ്ടായിട്ടും കാത്തിരിപ്പ് തുടരുന്ന നിത്യവ്യര്‍ത്ഥതയുടെ പേരാണല്ലോ ജീവിതമെന്ന് ഞാനോര്‍ത്തു.

വിവാഹം കഴിഞ്ഞുകുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ എന്നോടുള്ള അനിഷ്ടം കുടുംബത്തിലുള്ളവര്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. അവര്‍ക്കുള്ളില്‍ ഉണ്ടായിരുന്ന ജാതിബോധത്തിനും എന്റെ ശാരീരികാവസ്ഥയ്ക്കും ഉപരി ഞാന്‍ വിശ്വാസി അല്ലാത്തതിനാലും കുടുംബത്തിലെ മറ്റു സ്ത്രീകളെ പോലെ ആകാത്തതുകൊണ്ടും എന്നോടുള്ള ദേഷ്യം പതിന്മടങ്ങായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കോണ്‍ഗ്രസുകാരായ കുടുംബക്കാര്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റുകാരനായ റാം. പത്രമോ വാര്‍ത്തയോ വായിക്കാതെയും കാണാതെയും സീരിയലുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കിടയില്‍ വായനയയെയും എഴുത്തിനെയും കൂട്ടുപിടിച്ചു റാം എന്നും അവര്‍ക്കിടയില്‍ ഭ്രഷ്ടനാക്കപ്പെട്ട ആളായിരുന്നു. അതിനു പുറമെ ആയിരുന്നല്ലോ എന്നെപ്പോലെ ഒരുവളെ ജീവിതത്തിലേയ്ക്ക് കൂട്ടാന്‍ തീരുമാനിച്ചതും. അതവരുടെ കുടുംബത്തിനേല്‍പ്പിച്ച ആഘാതം അത്ര വലുതാണെന്ന് അവര്‍ വിശ്വസിച്ചു. എന്നോടുള്ള വെറുപ്പ് ദിനം പ്രതി കൂടി വന്നു.

അവിടുത്തെ കാരണവര്‍ സ്ഥാനമുള്ള ചിറ്റപ്പന്‍ എന്നെക്കുറിച്ചു അയല്‍പക്കക്കാരോടും ബന്ധുക്കളോടും നടത്തിയ പരാമര്‍ശങ്ങള്‍ എന്റെയും റാമിന്റെയും
ചെവിയിലെത്തി. കുത്തുവാക്കുകള്‍ കൊണ്ടും ആക്ഷേപങ്ങള്‍ കൊണ്ടും അയാളെന്നെ മുറിപ്പെടുത്തികൊണ്ടിരുന്നു. അതെന്നെയും റാമിനെയും ഒരുപോലെ വേദനിപ്പിച്ചു.ഓരോ ദിവസം ചെല്ലുംതോറും എന്നോടുള്ള വെറുപ്പ് അയാളില്‍ കൂടിക്കൊണ്ടിരുന്നു. എനിക്ക് നേരെയുള്ള ആക്രമണങ്ങളൊക്കെ എനിക്ക് മുന്നില്‍ ഒരു പരിചപോലെ നിന്നുകൊണ്ട് റാം ചെറുത്തുകൊണ്ടിരുന്നു.

രാവിലെ എന്നെ കാണുന്നത് തന്നെ ദുശ്ശകുനമാണെന്ന് അയാള്‍ വിശ്വസിച്ചു. അതിനാല്‍ ഞാന്‍ വീട്ടുമുറ്റത്തോ പരിസരത്തോ ഇല്ലെന്നു ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ അയാള്‍ ഉറക്കമുണര്‍ന്ന് പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ. കുടുംബത്തോ ബന്ധുവീടുകളിലോ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഒരന്യഗ്രഹ ജീവിയായിത്തന്നെ ഞാന്‍ തുടര്‍ന്നു. സഹതാപവും വെറുപ്പും നിറഞ്ഞ കണ്ണുകള്‍ക്കിടയില്‍ കപടമായ സ്‌നേഹപ്രകടനങ്ങള്‍ക്കിടയില്‍ എനിക്ക് ശ്വാസംമുട്ടി. റാമല്ലാതെ ആ വീട്ടില്‍ എന്നോട് മിണ്ടാന്‍ ആരുമില്ലായിരുന്നു. ഇടയ്ക്കിടെ ആന്റി മാത്രം എന്നോട് എന്തെങ്കിലും സംസാരിക്കുമായിരുന്നു പിന്നീട് ചിറ്റപ്പനെന്ന ആളുടെ സ്വാധീനം കാരണം അതും ഇല്ലാതായി.

അയല്‍വീട്ടിലെ വരാന്തയില്‍ ഓര്‍മ്മകള്‍ തെളിഞ്ഞും മറഞ്ഞുമിരിക്കുന്ന വൃദ്ധയുടെ കനത്ത ഏകാന്തതയെന്നെ വലിഞ്ഞു മുറുക്കി. അവരുടെ കണ്ണുകളിലെ ഭൂതകാലത്തിന്റെ മിന്നലുകള്‍ അന്നത്തെ പകലിനെ ഇളം നീലനിറമാക്കിയപോലെ എനിക്കു തോന്നി. എനിക്കെന്റെ കുട്ടിയമ്മയെ ഓര്‍മവന്നു. എന്റെ വിവാഹം നടന്നു കാണണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അവരായിരുന്നു. എന്റെ ഒറ്റപ്പെടലില്‍ അവരോളം വേദനിക്കാന്‍ എനിക്ക് വേറാരുമില്ലായിരുന്നു. മറ്റൊരു ലോകത്തിരുന്നു അവരെന്നെ കാണുന്നുണ്ടാകുമോ? ഉണ്ടെങ്കില്‍ 'ഞാന്‍ എന്നെക്കാള്‍ സ്‌നേഹിക്കുന്ന എന്റെ സ്ത്രീയേ... ഈ വിഷാദിയായവള്‍ക്ക് ഒരു കൂട്ടുണ്ടായിരിക്കുന്നു പക്ഷെ ഈ സന്തോഷത്തിനു എന്തുപേരിട്ടു വിളിക്കണമെന്ന് എനിക്കറിയില്ല എന്നാലും. ഞാന്‍ ഇപ്പോഴും ഏകയാണ്. നിങ്ങളുടെ മടിത്തട്ടു പോലെ സ്വസ്ഥമായൊരിടം എനിക്ക് കിട്ടില്ല.' അവരുടെ ഓര്‍മകളില്‍ കുരുങ്ങി ഞാന്‍ ഏറെ നേരമിരുന്നു. ഓരോ വൃദ്ധരും ഉണങ്ങിയ വൃക്ഷങ്ങളും പുല്‍ച്ചെടികളും നിറഞ്ഞ ജീവിതാസക്തികളുടെ നിറം മങ്ങിയ തുരുത്താണെന്നു എനിക്ക് തോന്നി. ചിലപ്പോഴൊക്കെ ആ തുരുത്തില്‍ മേയുന്ന സന്ദേഹിയായ നാല്‍ക്കാലിയെപ്പോലെ ഞാന്‍ അലഞ്ഞുനടന്നു.

വിവാഹം കഴിഞ്ഞ് അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഗര്‍ഭിണിയാവുന്നത്. കുട്ടിക്കാലം തുടങ്ങി എന്റെ ചില ബന്ധുക്കളില്‍ നിന്നും ഞാന്‍ കേട്ട് എന്റെ ഉള്ളില്‍ ആണ്ടുകിടന്ന ഒന്നായിരുന്നു എനിക്കൊരിക്കലും അമ്മയാകാന്‍ കഴിയില്ലെന്ന്. അവര്‍ എന്ത് ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്ന് പിന്നീട് ഞാന്‍ ചിന്തിച്ചിരുന്നെങ്കിലും അനാവശ്യമായ ഒരു ഭയമായി ആ വാക്കുകള്‍ എന്നില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. പക്ഷെ അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് ഞാന്‍ അമ്മയാകുന്നു എന്ന തിരിച്ചറിവ് എന്റെയുള്ളില്‍ സന്തോഷത്തിന്റെ കടലായിരമ്പി.പറഞ്ഞറിയിക്കാനാവാത്ത ആനന്ദം എന്നില്‍ നിറഞ്ഞു. എന്റെ ഉള്ള് കുളിര്‍ത്തു. എന്നെക്കാളധികം റാം സന്തോഷിച്ചു. എന്നെ സ്‌നേഹിക്കുന്നവരൊക്കെയും സന്തോഷിച്ചു. ആദ്യത്തെ മൂന്ന് മാസങ്ങളില്‍ എനിക്ക് പരിപൂര്‍ണമായ വിശ്രമം ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്റെ നട്ടെല്ലിന് ഇത് താങ്ങാനുള്ള കരുത്തുണ്ടാകുമോ എന്ന ആശങ്ക എന്നെ ഉലച്ചു. എന്നാലും ഡോക്ടര്‍ എനിക്ക് ആത്മവിശ്വാസം തന്നു. ഏറ്റവും സന്തോഷത്തോടെ എന്റെ ഉള്ളിലെ ജീവന്റെ വളര്‍ച്ചയെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. എന്റെ ഓരോ ചുവടും അതീവ ശ്രദ്ധയോടെ ഞാന്‍ നടന്നു. അമ്മേ എന്ന വിളികേള്‍ക്കാന്‍ എന്റെ മനസ്സ് തുടിച്ചു.

ആ വര്‍ഷം വിഷുക്കാലത്ത് എല്ലാവരും ചേര്‍ന്ന് കുടുംബവീട്ടില്‍ വിഷു ആഘോഷിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഞങ്ങളെയും ക്ഷണിച്ചു. റാമിന്റെ കുഞ്ഞ് ഉള്ളിലുള്ളതുകൊണ്ട് എന്നോടുള്ള ദേഷ്യമൊക്കെ മാറി എന്ന് ഞാനും കരുതി. എല്ലാവരോടുമൊപ്പം വിഷു ആഘോഷിക്കാന്‍ ഞങ്ങളും കൂടി.  റാമിന്റെ സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും മക്കളുമടങ്ങുന്ന വലിയൊരു കൂട്ടം ഉണ്ടായിരുന്നു അവിടെ. അവര്‍ പറയുന്ന തമാശയ്ക്കും കളിചിരികള്‍ക്കുമിടയില്‍ അയല്‍രാജ്യത്ത് കുടിയേറിയ അഭയാര്‍ഥിയെപ്പോലെ ഞാനിരുന്നു. ഏകദേശം ഉച്ചയോട് അടുത്തപ്പോള്‍ ഗര്‍ഭിണിയായ എനിക്ക് ആദ്യം ഭക്ഷണം കൊടുക്ക് എന്ന് എന്ന് ചിറ്റപ്പന്‍ പറയുന്നത് കേട്ടു. അതനുസരിച്ചുകൊണ്ട് അവരെന്നെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. മുറിയിലെ ഡൈനിങ് ടേബിളിനടുത്തേയ്ക്ക് ഞാന്‍ നടന്നപ്പോള്‍ റാമിന്റെ ഇളയ പെങ്ങള്‍ പറഞ്ഞു: 'അവിടെയല്ല രമ്യാ.. ഇവിടെ.' ഞാന്‍ നോക്കുമ്പോള്‍ അവരുടെ വീട്ടുസാധനങ്ങളും പഴയ പാത്രങ്ങളുമൊക്കെ വെക്കുന്ന മുറിയുടെ പൊടിപിടിച്ച ഭിത്തിയലമാരയില്‍ ഇലയിട്ട് എനിക്കവിടെ ചോറ് വിളമ്പിയിരിക്കുന്നു.

അവിടെയിട്ട കസേരയില്‍ എന്നെ ഇരുത്തി. എന്റെ ഹൃദയത്തിലൂടെ ഒരു മിന്നല്‍ പാഞ്ഞു. പണ്ട് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ക്ക് കൊടുത്ത ഭക്ഷണത്തിനൊപ്പം എനിക്ക് മാത്രം വളര്‍ത്തു നായയുടെപാത്രത്തില്‍ ചോറ് തന്ന ഓര്‍മ എന്റെ തലച്ചോറിനുള്ളിലൂടെ തുളഞ്ഞിറങ്ങി. ഒരു മനുഷ്യജീവിക്ക് പകരം ജന്തുവിനോടെന്നപോലെ എനിക്ക് നേരെ ചിറ്റപ്പന്‍ എന്നയാളുടെ ഉള്ളിലെ ജാതിബോധത്തിന്റെയും സ്‌നേഹരാഹിത്യത്തിന്റെയും പ്രതികാരത്തിന്റെയും തേറ്റകള്‍ നീണ്ടുവരുന്നതായി തോന്നി. ചുറ്റും നിന്നവര്‍ ഒരു ഭാവമാറ്റവുമില്ലാതെ എന്നോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്  എനിക്ക് കറികള്‍ വിളമ്പിക്കൊണ്ടിരുന്നു. കണ്ണ് നിറഞ്ഞിട്ട് എനിക്കൊന്നും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. 

ആ സമയം റാമിന്റെ മൂത്ത പെങ്ങളുടെ ഭര്‍ത്താവ് അജിയേട്ടന്‍ അങ്ങോട്ടുവന്നു. എന്നെ കണ്ടതും ചേട്ടന്‍ എന്നോട് ചോദിച്ചു:'കൊച്ചെന്താ ഇവിടെയിരുന്ന് കഴിക്കുന്നത്?' എനിക്കെന്റെ സങ്കടം നിയന്ത്രിക്കാനായില്ല. എന്നോട് സ്‌നേഹത്തോടെയും കരുണയുടെയും പെരുമാറിയിരുന്ന ഏക മനുഷ്യനായിരുന്നു അത്. പലപ്പോഴും എന്നെ ഒരു മോളെപ്പോലെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കുമായിരുന്നു. എന്നെ മനസ്സിലാക്കിയിട്ടെന്നപോലെ ചേട്ടന്‍ എന്റെ മുടിയില്‍ തലോടി. പക്ഷെ ആ കുടുംബത്തില്‍ ചിറ്റപ്പന് നേരെ ശബ്ദമുയര്‍ത്താന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല (റാമിനൊഴികെ).

എനിക്കെന്റെ സങ്കടം നിയന്ത്രിക്കാനായില്ല. എല്ലാവരുടെയും ക്രൂരവും കഠിനവുമായ മൗനത്തിനിടയിലൂടെ ഞാന്‍ ഇലയുമെടുത്ത് പുറത്തേയ്ക്കിറങ്ങി. വീട്ടിലേയ്ക്ക് പോയി മുറിയടച്ചിട്ടിരുന്നു കരഞ്ഞു. എനിക്ക് നേരിട്ട അനുഭവം റാമിനെ അങ്ങേയറ്റം രോഷാകുലനാക്കി. എല്ലാവരും സന്തോഷിക്കുന്ന ആ ദിവസം അവിടെയൊരു സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കേണ്ട എന്ന് കരുതി പ്രതികരിക്കുന്നതില്‍ നിന്ന് ഞാന്‍ റാമിനെ തടഞ്ഞു. ജീവിതത്തില്‍ നിന്നും കാല്‍ വഴുതി കവിതയിലെയ്ക്കായിരുന്നല്ലോ ഞാന്‍ വീണുകൊണ്ടിരുന്നത്. അന്ന് രാത്രി ഹൃദയം പൊട്ടുന്ന വേദനയയോടെ ഞാന്‍ എഴുതിവെച്ചു. 

'അവളോട് സന്ധി ചെയ്യാത്ത
വേദനകളില്‍നിന്നും
പാതിപൊട്ടിയൊരു ഘടികാരം
ജീവിതമേ...
എന്നലറി വിളിച്ചുകൊണ്ട്
അവളില്‍നിന്നിറങ്ങി ഓടുന്നുണ്ട്.
'

(തുടരും)

പതിയാത്ത കാല്‍പ്പാടുകള്‍ ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാം